Gentle Dew Drop

ജനുവരി 21, 2024

ശിഷ്യത്വത്തിൽ പരിശീലിക്കപ്പെടേണ്ടത്

അക്രമവും അധിനിവേശവും ഇല്ലാത്ത, സ്വാതന്ത്യവും സമാധാനവും നിറഞ്ഞ ഒരു സമയത്തേക്ക് മിശിഹായുടെ ആഗമനം വഴി വയ്ക്കുമെന്നും അതിനായി തങ്ങളെത്തന്നെ ഒരുക്കണമെന്നും യേശുവിന്റെ കാലത്തെ യുവത്വം വിശ്വസിച്ചിരുന്നു. അതിനൊത്ത ഒരു ഗുരുവിനെ അവർ തേടിയതും അതേ പ്രതീക്ഷയിലാണ് (മിശിഹാ ലോകം മുഴുവൻ കീഴടക്കുമെന്ന അഹന്ത അതിരുവിട്ട രാഷ്ട്രീയമോഹത്തിൽ വിരിഞ്ഞ സങ്കല്പമാണ്). നിയമങ്ങൾ പഠിക്കുകയും സമ്പ്രദായങ്ങളും അനുഷ്ടാനങ്ങളും കണിശമായി പാലിക്കുകയും ചെയ്തുകൊണ്ട് 'ധാർമ്മിക'രായിരിക്കുക എന്നതായിരുന്നു വഴി. 

ദൈവത്തെ അറിയുകയും, ദൈവേഷ്ടം മനസിലാക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് ശിഷ്യത്വത്തിന്റെ പ്രാഥമിക ലക്‌ഷ്യം. 'നിന്റെ വഴികൾ എന്നെ പഠിപ്പിക്കേണമേ' എന്ന സങ്കീർത്തനവും അതിന്റെ പ്രതിഫലനമാണ്. അതിദയാലുവും സ്നേഹസമ്പന്നനും കരുണാമയനും ആയ ദൈവമെന്ന് ദൈവത്തെക്കുറിച്ചുള്ള തത്വസംഹിതകൾ ആവർത്തിക്കുകയും എന്നാൽ അത് ദൈവത്തിന്റെ സ്വഭാവമായി  പ്രതീക്ഷിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നത് ധാർമ്മിക വഴിയിലെ പരാജയമാണ്. കരുണാമയനായ ദൈവം നിനവേ നശിക്കാതിരിക്കാൻ പശ്ചാത്താപത്തിനു വേണ്ടി വിളിക്കുന്നെന്ന് പ്രസംഗിക്കുമ്പോഴും നിനവേ കത്തിയെരിയുന്നതാണ് യോനാ പ്രതീക്ഷിച്ചത്. സമറിയാ കത്തിയെരിയുന്ന കാണാൻ തിടുക്കം കൂട്ടിയ ശിഷ്യരും ചെയ്തത് അതുതന്നെയാണ്.

സത്യത്തിന്റെ വെളിച്ചത്തിലേക്ക് ശിഷ്യരെ നയിക്കുകയാണ് ഗുരു ചെയ്യുന്നത്. സത്യം സ്വാതന്ത്രമാക്കുന്നതുപോലെ, സത്യത്തിന്റെ വഴി മൃദുലവുമാണ്. സത്യം പരിശീലിക്കുന്ന ശിഷ്യൻ സൃഷ്ടികാരകമാണ്, നാശകരകമല്ല. സത്യത്തിലേക്കും അത് നൽകുന്ന സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്നത് കൃപയാണ്.  അഗ്നിസമാനമായി കൃപയെ സങ്കൽപ്പിക്കുന്നത് ആവേശവും ഉത്സാഹവുമുണ്ടാക്കുന്നതാണ്. എന്നാൽ കൃപ പ്രവർത്തിക്കുന്നത് ആന്തരികമായി നിർഗ്ഗളിക്കുന്ന നീരുറവ പോലെയാണ്. ശിഷ്യൻ തന്നെത്തന്നെ തുറക്കേണ്ടതും ഈ നീരുറവയെ തുറന്നു വിടാനായാണ്.

ഗുരുവിൽ നിന്ന് പാഠങ്ങൾ പഠിക്കുന്ന ശിഷ്യത്വമല്ല യേശു ആഗ്രഹിച്ചത്. ശിഷ്യത്വത്തിൽ പരിശീലിക്കപ്പെടേണ്ടത് പിതാവിനെ അറിയുക എന്നതാണ്. പിതാവിൽ നിന്ന് കേൾക്കുക, പിതാവ് ചെയ്യുന്നതെല്ലാം കാണുക എന്നതെല്ലാം പിതാവിന്റെ ഇഷ്ടമറിയാൻ പഠിക്കുന്ന പരിശീലന പ്രക്രിയയാണ്. അത് ലക്ഷ്യമാക്കാത്ത ശിഷ്യത്വം മതപഠനം മാത്രമാണ് അതിൽ ദൈവാന്വേഷണമില്ലാതാവുന്ന അപകടമുണ്ട്. നിയമിതമായ ശരികളിൽ പൗരോഹിത്യവും ബലിയും സാധൂകരിക്കപ്പെട്ടേക്കാം. എന്നാൽ ദൈവേഷ്ടം തേടാത്ത ആ ശിഷ്യത്വങ്ങളിൽ ദൈവികജീവൻ ഉണ്ടാവില്ല.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ