സർവ്വാധികാരമുള്ള ഒരു ചക്രവർത്തിക്ക് സ്വന്തം അധികാരം സ്വതേഷ്ടം നിയമങ്ങൾ ഉണ്ടാക്കാനും ജനത്തെ അനുസരിപ്പിക്കാനും ഉപയോഗിക്കുവാനും കഴിയും. സഭയിലെ ഒരു അധികാരത്തിന്റെയും സ്വഭാവം നിയന്ത്രണാധീതമായ പരമാധികാരം എന്ന നിലയിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല. ആരെങ്കിലും സ്വയം ചക്രവർത്തിയാകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, അതിനൊത്ത അനുസരണമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് ക്രിസ്തീയമല്ല.
അധികാരം നല്കപ്പെട്ടിരിക്കുന്നത് ദൈവത്തിൽ നിന്നാണെങ്കിൽ ആ അധികാരത്തിന്റെ ലക്‌ഷ്യം ദൈവേഷ്ടം നിറവേറ്റുക എന്നതാണ്. എല്ലാവര്ക്കും ജീവനുണ്ടാവുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടമെന്ന് യേശു പഠിപ്പിച്ചു. ദൈവികമായി നല്കപ്പെട്ടിട്ടുള്ള അധികാരം ജീവനിൽ ഉറവിടമുള്ളതും, ജീവൻ പകരുന്നതും, ജീവനെ ലക്‌ഷ്യം വയ്ക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതുമാണ്. കലഹം വിതക്കുകയും നാശം സൃഷ്ടിക്കുകയും ചെയ്യുന്ന അധികാരം ദൈവികമല്ല. എന്നാൽ അധികാരം സ്വയം ന്യായം കണ്ടെത്തുകയും ദൈവികതയും പരിശുദ്ധിയും അധികാരസംവിധാനത്തിലേക്കു ചേർത്തുനിർത്തുകയും ചെയ്യും. ശരികൾ എപ്പോഴും അവിടെയായിരിക്കുകയും ചെയ്യും.
രണ്ടാമതൊരു രീതിയിൽ നൽകപ്പെടുന്ന അധികാരം സഭ നൽകുന്ന അധികാരമാണ്. സഭയെന്നാൽ ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണെന്ന അടിസ്ഥാന ബോധ്യം ഇവിടെ ആവശ്യവുമാണ്. സഭയുടെ സത്ത, അസ്തിത്വം ചൈതന്യം, ആത്മാവ്, എന്നിവയൊക്കെ ഒരുമിച്ചു വെച്ച് കൊണ്ട് വേണം സഭ നൽകുന്ന അധികാരത്തെ മനസിലാക്കാൻ. 'അഭിഷിക്തൻ' ആയതിനു പിറ്റേന്ന് നാട്ടുരാജാവും പിന്നീട് പതിയെ ചക്രവർത്തിയുമാകുന്ന അധികാരം സഭ നല്കുന്നതോ ആഗ്രഹിക്കുന്നതോ ആയ അധികാരമില്ല. അധികാരത്തെയും പൗരോഹിത്യത്തെയും, സാക്ഷ്യത്തെയും പ്രേഷിതവേലയെയും കുറിച്ച് വലിയ വീഴ്ചവരാനുള്ള കാരണം ക്രിസ്തു ശരീരമെന്ന യാഥാർത്ഥ്യത്തെ മാറ്റിനിർത്തി അധികാരമെന്ന പിച്ചളസർപ്പത്തെ ഉയർത്തിനിർത്തിയതാണ്. അടയാളമാകേണ്ടിയിരുന്ന പിച്ചളസർപ്പം ഭരണം നടത്തുമ്പോൾ അത് വീണ്ടും ജനത്തെ നശിപ്പിക്കും.
അനുസരണവും അധികാരവും, സത്യവും നീതിയും ജീവനും സേവനവും ചേർത്ത് നിർത്തി മനസിലാക്കുന്നെങ്കിലേ അതിന്റെ ലക്‌ഷ്യം പ്രാപിക്കാനാകൂ. അധികാരം സഭയുടെ യഥാർത്ഥ സത്തയിൽ നിന്ന് കൊണ്ട് ദൈവഹിതം തേടുന്നെങ്കിലെ അത് അതിൽത്തന്നെ ആധികാരികത നേടുന്നുള്ളു. ആ അധികാരത്തിനേ അനുസരണം ആവശ്യപ്പെടാനുള്ള അർഹതയുള്ളൂ. അല്ലാത്ത അധികാരവും അനുസരണവും മൃതമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ