Gentle Dew Drop

ഡിസംബർ 30, 2023

നിയമപാലനം

 പക്വമായ ഒരു ജീവിതക്രമത്തിലേക്കു നയിക്കുന്നതിനാണ് നിയമം. നിയമപാലനം പതിയെ, അതിന്റെ ഉദ്ദേശ്യത്തിലേക്ക് സ്വതസിദ്ധമായ ഒരു മാർഗ്ഗം സ്വീകരിക്കുവാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതുമാവണം. സമൂഹത്തിലും മതത്തിലും സന്യാസത്തിലും നിയമം അതിൽത്തന്നെ ലക്ഷ്യമല്ല. അതുകൊണ്ടു തന്നെ നിയമവും അതിന്റെ പാലനവും ദൈവികമോ പരിശുദ്ധമോ ആകണമെന്നില്ല. നിയന്ത്രണാധികാരം നിലനിർത്തുവാൻ ഏറ്റവും നന്നായി വളച്ചൊടിച്ചുപയോഗിക്കുവാൻ കഴിയുന്നതാണ് നിയമം. നൈയാമികമായിത്തന്നെ തിന്മയെ 'പരിശുദ്ധ'മാക്കാൻ കഴിയും. സാമൂഹിക സംവിധാനങ്ങളുടെ നിലനില്പിനും സാംസ്കാരികമൂല്യങ്ങളുടെ സാധൂകരണത്തിനും നിയമത്തിന്റെ ദൈവിക-കല്പിത സ്വഭാവം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.


ലേവായ നിയമങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമായ കാഴ്ചപ്പാടാണ് നിയമാവർത്തനഗ്രന്ഥത്തിനുള്ളത്. സന്മാർഗ്ഗികവും ദാര്ശനികവുമായ കാഴ്ചപ്പാടുകളിൽ നിയമം ദൈവത്തിന്റെ കണ്ണുകളെ നമുക്ക് നൽകുന്നതാണ്. പുണ്യങ്ങളിൽ വളരുന്ന മനുഷ്യന്റെ ഉദാത്തഭാവങ്ങളിൽ ദൈവത്തിന്റെ മഹത്വമാണ് അവിടെ ലക്‌ഷ്യം വയ്ക്കുന്നത്. അവയിലെത്തിക്കാത്ത നിയമങ്ങളുടെ നൈയാമികതയുടെ മഹത്വവത്കരണവും ദൈവികവത്കരണവും നീചമാണ്. അത് സംരക്ഷിക്കുന്ന അധികാരശക്തിയെ പുകഴ്ത്തുക മാത്രമാണ് അത് ചെയ്യുന്നത്.

ദൈവവുമായി ഉടമ്പടി ചെയ്യാവുന്ന (ഉപകാരങ്ങൾക്കുവേണ്ടിയുള്ള നിയോഗ അർപ്പണ ഉടമ്പടിയല്ല) ഒരു സൗഹൃദബന്ധം യഹൂദചിന്തയിലുണ്ടായിരുന്നു. പക്വവും ഉത്തരവാദിത്തപൂര്ണവുമായ സൗഹൃദത്തിൽ പാലിക്കപ്പെടുന്ന ദൈവിക ഇച്ഛ പിതാവ്-മക്കൾ ബന്ധത്തിൽ അറിയുകയും പാലിക്കുകയും ചെയ്യുന്ന തലത്തിലേക്ക് തന്നു. പൂജനീയമായ നിയമങ്ങളുടെ മഹത്വത്തിലല്ല ആ ബന്ധത്തിന്റെ തെളിമയും സൗന്ദര്യവും. ആരാധനയിലെ ആത്മാവും സത്യവും ഈ ബന്ധവും ദൈവേഷ്ടത്തിന്റെ അറിവുമാണ്.

ദൈവത്തിന്റെ അറിവ് നന്മയും സ്നേഹവുമാണെന്നതുപോലെ, സൃഷ്ടിയെ അറിയുന്നതും നന്മയിലും സ്നേഹത്തിലുമാണ്. ദൈവത്തെ അറിയുന്നതും സ്നേഹത്തിലൂടെയാണ്. ആ സ്നേഹം പരസ്പരമുള്ളതുമാണ്. അതുകൊണ്ടാണ്, ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുന്നവൻ 'നിയമം' പാലിക്കുന്നില്ലെങ്കിൽ നുണ പറയുന്നവനാകുന്നത്. ആദി മുതലേയുണ്ടായിരുന്ന നിയമം സ്നേഹിക്കുക എന്നതാണെന്ന് ഊന്നിപ്പറയുന്നു. നിയമത്തെക്കുറിച്ചു വാചാലരാവുകയും കടുംപിടുത്തം പിടിക്കുകയും ചെയ്യുന്നവർ നിയമമെന്നാൽ എന്തെന്ന് ക്രിസ്തു പഠിപ്പിച്ചത് സഹോദരരെ സ്നേഹിക്കുകയാണെന്നത് സൗകര്യപൂർവം മാറ്റി നിർത്തി അധിക്ഷേപത്തിലേക്കും കുറ്റാരോപണത്തിലേക്കും തിരിയുന്നത് ക്രിസ്തുസ്നേഹത്തെ ഒറ്റിക്കൊടുക്കുന്നതു തന്നെയാണ്.

പരിശുദ്ധാത്മാവിലുള്ള സ്വാതന്ത്ര്യത്തെ പ്രകീർത്തിച്ചു തുടങ്ങിയിട്ട് നിയമത്തിന്റെ ബന്ധനത്തിന്റെ സുരക്ഷയെ സ്തുതിക്കുന്ന അവസ്ഥയിലേക്കാണ് നവീകരണം എത്തിച്ചേർന്നിരിക്കുന്നത്. നിയമങ്ങളുടെ പൂർത്തീകരണമായി വന്ന ക്രിസ്തുവിലാണ് കൃപയും സത്യവും വെളിച്ചമായി തെളിഞ്ഞത്. ആ വെളിച്ചമില്ലാത്ത നിയമത്തിന്റെ കണിശത പരിശുദ്ധിയുൾക്കൊള്ളുന്നതല്ല. അങ്ങനെയുള്ള നിയമങ്ങൾ വഴി പരിരക്ഷിക്കപ്പെടുന്ന സംവിധാനങ്ങൾ ജീവൻ നല്കുന്നവയുമല്ല. സൗകര്യപൂർവ്വം ഒരുക്കിയെടുക്കുന്ന നിയമങ്ങൾ ദൈവികനിയമങ്ങളാണെന്നോ ദൈവത്തിന്റെ ഇഷ്ടം അതിലുണ്ടെന്നോ എത്രമാത്രം സാധൂകരിച്ചാലും അത് ജീവദായകമാവില്ല. അതിന്റെ നൈയാമികതയെ പരിശുദ്ധിയണിയിച്ചു കലഹിക്കാനും കുറേപ്പേറെ നിയമലംഘകരെന്നു ചാപ്പയടിക്കാനുമേ അതുപകരിക്കൂ.

രക്ഷ എന്നത് ദൈവം ഇറങ്ങി വന്നു ചെയ്ത ദയാകർമ്മമാണെന്നും അത് ദയനീയമായ ഒരു ബലിയിലൂടെയാണെന്നും ആവർത്തിച്ചു പറഞ്ഞുറപ്പിച്ചവരാണ് നമ്മൾ. നിയമം അതിന്റെ ഉദ്ദേശ്യം സാധിച്ചിരുന്നെങ്കിൽ മനുഷ്യാവതാരത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. രക്ഷയെന്നാൽ, ദൈവത്തെപ്പോലെ സ്നേഹവും കരുണയും ക്രോധത്തിൽ വിലംബവും ആവും വിധം പാലിക്കുവാൻ ശ്രമിക്കുവാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്നത് വിസ്മരിക്കപ്പെടുന്നു. എന്നാൽ കർക്കശനായ ഭരണകർത്താവിന്റെ രൂപം രക്ഷകനിലും സൃഷ്ടാവിലും അണിയിച്ചു കൊടുക്കുവാൻ മടിയുമില്ല. അതുകൊണ്ടു കൂടിയാണ് നിയമം മൃതമാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ