Gentle Dew Drop

ഡിസംബർ 14, 2023

വേരുകൾ

ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക ......

ഏലിയായെക്കുറിച്ചുള്ള പ്രതീക്ഷ, വരാനിരുന്ന മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ പോലെതന്നെ അർത്ഥമുള്ളതായിരുന്നു. ഏലിയായോ പ്രവാചകനോ അത്ഭുതപ്രവർത്തകനോ ആയി ജനത്തിന് കാണപ്പെട്ടാലും ശിഷ്യരുടെ അടിത്തറയാവേണ്ടത് യേശു ക്രിസ്തുവാണ് എന്ന തികഞ്ഞ ബോധ്യമായിരുന്നു. തിരമാലകളിൽ മുങ്ങിത്താന്ന പത്രോസ് ക്രിസ്തുവിൽ കണ്ട അഭയശിലയാണ് ശാശ്വതമായ പാറ. അവനിൽ അർപ്പിക്കപ്പെടുന്ന വിശ്വാസത്തിന്മേലാണ് സഭ പണിയപ്പെടുന്നത്. (തീവ്ര-ഉത്സാഹികളായ അപ്പോളോജിസ്റ്റുകൾ പേപ്പസിയെ പ്രതിരോധിക്കുവാൻ ഈ സംഭവത്തെ പത്രോസെന്ന വ്യക്തിയിലേക്ക്  ചേർത്ത് വയ്ക്കാറുണ്ട്. സ്റ്റേറ്റ് പേപ്പൽ അധികാരത്തെ മാറ്റി നിർത്തിയ പശ്ചാത്തലത്തിൽ അത് പ്രസക്തമായിരുന്നിരിക്കാം. എന്നാൽ യാഥാർത്ഥമായതിനെ അവഗണിക്കാനാവില്ല).

ക്രിസ്തുവിൽ അർപ്പിക്കപ്പെടുന്ന ഈ വിശ്വാസത്തിലേക്കാണ്, ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക എന്നൊക്കെയുള്ള ആഹ്വാനങ്ങളിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ആഗ്രഹിച്ചത്. അനുഷ്ഠിക്കപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതുമായ ഉറവിടങ്ങളിലേക്ക് ആത്മാർത്ഥവും ആഴമേറിയതുമായ ഒരു മടക്കം. വിശ്വാസമായി ഹൃദയങ്ങൾ ഉയർത്തുന്നതിലും ആരാധനയായി അനുഷ്ഠിക്കുന്നവയിലും, ചരിത്രത്തിന്റെ നാൾവഴികളിലൂടെ സഭ അടുത്തറിഞ്ഞ ക്രിസ്തുവിലേക്കു ആഴ്ന്നിറങ്ങുവാൻ ശ്രമിക്കുകയാണ്.

വേരുകളിലേക്കു പോവുകയെന്നത്, പഴയതും പുതിയതുമായ നിധിശേഖരം പുറത്തേക്കു കൊണ്ടുവരുന്ന (Mt 13,52) ദൈവരാജ്യ ശിഷ്യന്റെ പ്രവൃത്തിയാണ്. കൈമാറി ലഭിച്ച പാരമ്പര്യളിൽ മറഞ്ഞിരിക്കുന്ന പുതിയ നിധികളെ തുടർച്ചയായ പുനർവായനയിലൂടെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരികയാണ്. സത്യത്തിന്റെ പ്രബോധകയെന്ന നിലയിൽ പാരമ്പര്യങ്ങളുടെ നിക്ഷേപങ്ങളോട് വിശ്വസ്തമായിരിക്കുന്നതു പോലെ, വിവേകപൂർവ്വം പുതിയതിനെ പുറത്തുകൊണ്ടു വരികയും ചെയ്യുന്നു. വി. ഗ്രന്ഥം, സഭാപിതാക്കന്മാർ, ആരാധനക്രമം ഉറവിടങ്ങൾ തുടങ്ങിയവ ചരിത്രത്തിൽ ഉറച്ചുപോയ സാക്ഷ്യങ്ങളല്ല. ജീവിക്കുകയും വളരുകയും ചെയ്യുന്ന സാക്ഷ്യങ്ങളാണവ. വേരുകളെ തേടുമ്പോൾ പുതിയ വേരുകൾക്ക് ഇറങ്ങാൻ ഇടം നൽകാതെ നില്കുന്നത് ആരോഗ്യകരമല്ല. പഴയ വേരുകളെ തിരയുകയെന്നാൽ അവയിലെ അടിസ്ഥാനസത്തയെ സ്വാംശീകരിക്കുകയും വളരുകയും ചെയ്യുകയെന്നതാണ്. വേരുകൾ പുറത്തെടുത്തു അലങ്കാരമാക്കി അഹങ്കാരമാക്കുമ്പോൾ വേരുകൾ ഉണക്കപ്പെടുകയാണ്. യാഥാസ്ഥിതികരും സങ്കുചിതമായ പാരമ്പര്യവാദികളും ഫലത്തിൽ കൊണ്ട് വരുന്നത് ഈ അവസ്ഥയാണ്.

ഐതിഹാസികമായ ഒരു ഭൂതകാലത്തിന്റെ സന്താനങ്ങളാവേണ്ടവരല്ല നമ്മൾ. വരാനിരിക്കുന്ന ക്രിസ്തുവിൽ പൂർത്തിയാകുന്ന കൃപാജീവിതത്തെ മുന്നിൽ കാണുന്നവരാണ് നമ്മൾ. ഒരു കാലത്തിന്റെയും സംസ്കാരത്തിന്റെയും നിർമ്മിതികളിൽ നമ്മെ ഉടക്കിക്കളയുന്നവയല്ല ക്രിസ്തുവിലുള്ള നമ്മുടെ വേരുകൾ. ക്രിസ്തുവെന്ന ഉറവിടം, ആത്മാവിന്റെ ചൈതന്യത്തിൽ ഓരോ കാലത്തിലും പുതുവേരുകൾ നൽകുന്നതാണ്. ക്രിസ്തുവിലേക്കെത്താത്ത വേരുകൾ ഫലം നൽകാത്ത മുന്തിരിച്ചെടികളെ രൂപപ്പെടുത്തിക്കൊണ്ടിരിക്കും, അവ മുള്ളുകളും പുളിപ്പുള്ള ഫലങ്ങളും നൽകും.

ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ