Gentle Dew Drop

ഡിസംബർ 20, 2023

സ്വവർഗ്ഗാനുരാഗികൾക്കു വേണ്ടി പ്രാർത്ഥിക്കാമോ?

സ്വവർഗ്ഗാനുരാഗികൾക്കു വേണ്ടി പ്രാർത്ഥിക്കാമോ? ഒരു ശുശ്രൂഷകന് അവർക്കു ആശീർവാദം നൽകാമോ? അവരിൽ ജീവിതപങ്കാളികളായവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ആശീർവാദം നൽകുകയും ചെയ്യാമോ? ചെയ്യാമെന്നാണ് കത്തോലിക്കാ സഭ പുതുതായി നൽകിയ പ്രസ്താവനയിലുള്ളത്. എന്നാൽ, അവരുടെ ബന്ധത്തെ സാധൂകരിക്കാനോ അതിനെ ആശീര്വദിക്കാനോ ഉള്ളതല്ല ഈ പ്രസ്താവന. അവരുടെ വിവാഹമോ അങ്ങനെ തോന്നിപ്പിക്കാവുന്ന ചടങ്ങുകളുടെ സാഹചര്യമോ ഈ ആശീർവാദങ്ങൾക്കു പശ്ചാത്തലമാവരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ വിവാഹമോ ശാരീരിക ബന്ധമോ ഈ പ്രസ്താവന വഴി സാധുത നല്കപ്പെടുന്നില്ല. 

സഭയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും ഭിന്നിപ്പുണ്ടാകുമെന്നും അഭിപ്രായമുള്ളവർ, സഭയിൽ പാപം അംഗീകരിക്കാനാവില്ല എന്ന തത്വമാണ് ഉയർത്തിപ്പിടിക്കുന്നത്. പാപത്തെ ഉദാത്തവൽക്കരിക്കുകയല്ല ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു മനുഷ്യാവസ്ഥയെ മനസിലാക്കാനും മനുഷ്യരായി സ്വീകരിക്കാനും ക്രിസ്തുശരീരത്തിൽ അവരുടെയും അംഗത്വം അംഗീകരിക്കാനുമുള്ള ആഹ്വാനമാണിത്. സഭക്ക് അവരോടുള്ള 'അടുപ്പത്തിന്റെ' അടയാളമായിട്ടാണ് ഒരു ശുശ്രൂഷകന് അവർക്ക് ആശീർവാദം നൽകാമെന്ന് അനുവദിച്ചത്. 

ഏറ്റവുമധികം  അശുദ്ധമായ രാഷ്ട്രീയ താല്പര്യങ്ങൾ സ്വാധീനിക്കുന്നതുകൊണ്ടാണ് സ്വവർഗാനുരാഗികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഒരിടത്തുമെത്താതെ പരസ്പരം ഏറ്റുമുട്ടുന്ന വാളുകളായി നില്കുന്നത്. ഈ രാഷ്ട്രീയം ഈ വിഷയത്തിലുള്ള എല്ലാ നിലപാടുകളെയും വളരെയധികം നിയന്ത്രിക്കുന്നുമുണ്ട്. വിവാഹമോചിതരായവരിൽ വീണ്ടും വിവാഹിതരായവർ, അവിവാഹിതരായ എന്നാൽ കുഞ്ഞുങ്ങളുള്ള അമ്മമാർ,  തങ്ങൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ആശീർവാദമോ കുർബാന സ്വീകരണമോ തേടുമ്പോൾ അകറ്റി നിർത്തപ്പെടേണ്ട പാപികളാണ് അവർ എന്ന് കണിശം പറയുന്ന ധാർമ്മികത അധാർമ്മികതയാണ്. Transgenders പൈശാചിക സ്വാധീനമുള്ളവരാണെന്നു കരുതപ്പെട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു.

സ്വവർഗാനുരാഗമുള്ള ഒരാൾ അകറ്റി നിർത്തപ്പെടണം എന്ന് അഭിപ്രായമുള്ളവർ, സ്വവര്ഗാനുരാഗത്തിലെ 'പാപത്തെ' കണ്ടുകൊണ്ടാവണം  അങ്ങനെ ചെയ്യുന്നത്. പാപത്തെക്കുറിച്ചു ഗൗരവമുണ്ടാവുമ്പോൾ അതേ  ഗൗരവം, അഴിമതിയുടെയും കൊള്ളപ്പലിശയുടെയും, യുദ്ധങ്ങളുടെയും പാപങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ആശീർവാദം നല്കപ്പെടരുത്  എന്ന് ന്യായമായും ആവശ്യപ്പെടേണ്ടതാണ്. ഒരു ലൈംഗികത്തൊഴിലാളി അനുഗ്രഹത്തിനായി കടന്നു വന്നാൽ വ്യക്തി സ്വീകരിക്കുന്ന ആശീർവാദവും അംഗീകരിക്കാനാവാത്ത തൊഴിലും ഉണ്ട്. പാപത്തെ കാരണമായെടുക്കുന്ന വാദഗതികളിൽ, ലൈംഗികതയുടെ ലക്ഷ്യത്തിനും അർത്ഥത്തിനും യോജിച്ചതല്ലാത്ത ഏതു പ്രവൃത്തിയിൽ ഏർപ്പെടുന്നവരും ഒരു ആശീർവാദത്തിനും അർഹരല്ല എന്ന തലത്തിലേക്ക് വരുന്നുമില്ല. 

കുടുംബത്തിന്റെ സ്ഥാപനത്തിലും കുഞ്ഞുങ്ങളുടെ ജനനത്തിനുമല്ലാതെ നടക്കുന്ന വിവാഹങ്ങൾ അതിന്റെ ഉദ്ദേശ്യത്തിന്റെ വികലത കൊണ്ടു തന്നെ അസാധുവാണ്. വിദേശത്തു പോകാനും കടം തീർക്കാനും മറ്റുമായി നടത്തുന്ന വിവാഹങ്ങൾ വിവാഹങ്ങളല്ലെന്നും, അവരുടെ ബന്ധങ്ങൾ നിയമരഹിതമാണെന്നും സാരം. അവർക്ക് ആശീർവാദം സ്വീകരിക്കാമോ?  പ്രകൃത്യാ ഉള്ളതും സാന്മാര്ഗികമായതും എന്ന തത്വം എല്ലാവര്ക്കും ബാധകമാകേണ്ടതാണ്.  

അശ്ലീലതയും അധാർമ്മികതയും അങ്ങനെ തന്നെയാണ്. പാപത്തെ പരിഗണിക്കുന്നത് അറിവ് സ്വാതന്ത്ര്യം, ഇച്ഛ എന്നിവയെ കണക്കിലെടുത്തുകൊണ്ടാണ്. പ്രകൃത്യാ ഉള്ള ഒരു അവസ്ഥയെ അതിന്റെ ധാർമ്മിക വശത്തോട് ഒത്തു ചേർത്തുനിർത്തി പരിശോധിക്കാൻ വലിയ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. അതാണ്, ഗവേഷങ്ങൾ സുതാര്യമായല്ല നടക്കുന്നത് എന്ന പരാമർശം കൊണ്ട് ഉദ്ദേശിച്ചത്. പാപത്തെ പ്രവൃത്തിയിൽ നിന്നും വ്യത്യസ്തമായി കൃപയെ ബോധപൂർവ്വം അകറ്റി നിർത്തുന്ന ഒരു അവസ്ഥയായി ഇന്ന് കാണുന്നുണ്ട്. കാലത്തോടൊപ്പം മനുഷ്യപ്രകൃതിയും വളരെ സങ്കീർണ്ണമാവുകയാണ്. അരിസ്റ്റോട്ടിൽ ന്റെയും പ്‌ളേറ്റോയുടെയും മറ്റും നരവംശ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്  മാനുഷികവ്യവഹാരങ്ങളെ വിവരിക്കാനും അവയിലെ ശരിതെറ്റുകളെ കാണാനും ഇന്നുമുപയോഗിക്കുന്നത്. ജീവശാസ്ത്രം ജനിതക ശാസ്ത്രം മനഃശാസ്ത്രം തുടങ്ങിയവയുടെ സംഭാവനകൾ ഈ ശരിതെറ്റുകളുടെ അവലോകനത്തിൽ തഴയപ്പെടുന്നു എന്നത് ദൗർഭാഗ്യകരമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ