എല്ലാം പരിഹരിക്കപ്പെടുമോ?
പരിഹരിക്കപ്പെടാവുന്നതാണ്.
എന്നാൽ മേജർ ആർച്ച്ബിഷപ്പിന്റെ രാജിയിലൂടെയും, എറണാകുളം-അങ്കമാലി അതിരൂപത ഏകീകൃത കുർബാന അർപ്പിക്കാൻ സമ്മതിക്കുന്നതിലൂടെയും സീറോ മലബാർ സഭയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?
കലഹങ്ങൾ നിർമ്മിക്കപ്പെട്ടവയാണ്. അതിന് സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ അഹന്തയുടെയും അപമാനിക്കലിന്റെയും താഴ്ത്തിക്കെട്ടലിന്റെയും പുച്ഛത്തിന്റെയും ചരിത്രവഴികളുണ്ട് എന്നത് അംഗീകരിക്കാതിരിക്കാനാവില്ല. ഒരു സ്ഥാനത്യാഗവും, ആരാധനാക്രമത്തിലെ ഐക്യരൂപവും കൊണ്ട് സുഖപ്പെടുത്താവുന്ന ഒന്നല്ല അത്. ഈ നാളുകളിലൊക്കെയും, അനുരഞ്ജിതരായി തീർന്നീടാം എന്ന് പാടിത്തന്നെയാണ് കുർബാനകൾ തുടങ്ങിയത്. ചൊല്ലുന്നതിൽ അർത്ഥവും ആത്മാർത്ഥതയും ആവശ്യമില്ലായെങ്കിൽ ഏകീകൃത രൂപങ്ങളിൽ എന്ത് നവീകരണമാണ് കൈവരിക്കാനാവുന്നത്? നേതൃത്വത്തിലുള്ളവർ തന്നെ നവീകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും ഒരു ഘട്ടം തങ്ങൾക്കായി അനുവദിച്ചു ആത്മാർത്ഥതയോടെ പൂർത്തിയാക്കേണ്ടതുണ്ട്. ആരാണ് വലിയവൻ എന്ന തർക്കം ശിഷ്യന്മാരുടെ അനുകരണത്തിൻറെ അടയാളമല്ല. സാമൂഹിക പ്രതിച്ഛായക്കും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി ക്രിസ്തുവിന്റെ സത്യത്തെ സഭയിൽ നിന്ന് മാറ്റിനിർത്തി മുതലെടുപ്പ് നടത്തിക്കൊണ്ട് നേടിയെടുക്കുകയും നിലനിർത്തപ്പെടുകയും ചെയ്യുന്ന സ്ഥാനങ്ങൾ സഭയുടെ അടിത്തറ പുനഃനിർമ്മിക്കുന്നവയല്ല. അനുരഞ്ജനം യാഥാർത്ഥ്യമാകുന്നില്ലെങ്കിൽ അധികാരവും മേല്കോയ്മയും ഭരണവും വീണ്ടും പ്രധാനതാല്പര്യങ്ങളാവുകയും, ലാഭകരമായ കലഹങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ആത്മാർത്ഥമായ തുടർച്ചയായ സംഭാഷണങ്ങൾ തുടങ്ങിയെങ്കിലേ ശാശ്വതമായ പരിഹാരത്തിലെത്തുകയുള്ളു. നീതിയും ധാർമ്മികതയും സൗഖ്യവും എല്ലാഭാഗത്തും നിന്നും അനുഭവമാകുന്നെങ്കിലേ അനുസരണം സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും അനുഭവമാകൂ. ക്രമപ്പെടുത്തലിനു വേണ്ടി മാത്രമുള്ള ഉദ്യമങ്ങൾ ദീർഘകാലം നിലനിൽക്കില്ല.
തങ്ങളേറ്റതും ഏൽപ്പിച്ചതുമായ അപമാനങ്ങളും നഷ്ടങ്ങളും വിഷമങ്ങളും, അനുരഞ്ജനവും സമാധാനവും ലക്ഷ്യമാക്കിക്കൊണ്ടുതന്നെ തുറന്നു പറയാനും കേൾക്കാനും ഗ്രഹിക്കാനും സാധിക്കുന്ന അന്തരീക്ഷങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. ആ തുറന്നു പറച്ചിലുകൾ സമൂഹം കേൾക്കുകയും മനസ്സിലാക്കുകയും പകർത്തുകയും ചെയ്യണം. പ്രതിരോധിച്ചുകൊണ്ടോ നിഷേധിച്ചുകൊണ്ടോ, ന്യായീകരിച്ചുകൊണ്ടോ തള്ളിക്കളഞ്ഞുകൊണ്ടോ ഐക്യത്തിലേക്കു കടക്കാൻ കഴിയില്ല. സൗഹാർദ്ദപരമായ പരസ്പരബന്ധങ്ങളിലൂടെയേ കാലങ്ങളായി പരസ്പരമേല്പിച്ച മുറിവുകളെ പരസ്പരം ആശ്വസിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യാനാകൂ. വിശ്വാസത്തിന്റെ പേരിൽ, പ്രാദേശിക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ പക്ഷം ചേർന്ന് കലഹിച്ചപ്പോൾ മാറ്റി നിർത്തിയ ക്രിസ്തുശീലങ്ങൾ പുതിയ വഴിയാകണം. തിരഞ്ഞെടുത്ത ജീര്ണതകളെക്കുറിച്ചു ലജ്ജിക്കുകയും പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും വേണം. അത് മെത്രാന്മാരാവട്ടെ, വൈദികരാവട്ടെ, അത്മായരാവട്ടെ. ക്രിസ്തുവിൽ, സത്യം സ്വാതന്ത്ര്യം നൽകുമെന്ന പ്രത്യാശ അനുരഞ്ജനത്തിന്റെ പ്രേരണയാവണം.
ആരു മുൻകൈയെടുക്കും? ആർക്കുമാകാം. വരുവിൻ നമുക്ക് രമ്യതപ്പെടാം എന്ന ദൈവിക വിളി നമുക്കുമുണ്ടാവണം. ശരികളുടെ കൂട്ടിമുട്ടലും വിധേയത്വങ്ങളുമല്ല രമ്യതയുടെ ഭാഷ. പരസ്പരം സ്വീകരിക്കുകയെന്നതാണ്. ആത്മീയനേതാക്കളും പ്രഘോഷകരും നേതൃത്വപാടവമുള്ളവരും നന്മ ആഗ്രഹിക്കുന്നവരുമായ ആർക്കും അത് തുടങ്ങി വയ്ക്കാം.
ദൈവരാജ്യം നൽകുന്ന വിളിയോട് ആത്മാർത്ഥതയുണ്ടെങ്കിൽ, സഭയുടേതെന്ന പേരിൽ സഭക്കുവേണ്ടിയെന്ന പേരിൽ വിഷം നിറഞ്ഞ ധ്രുവീകരണം നടത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ തള്ളിപ്പറയാൻ ഇനിയെങ്കിലും സിനഡ് തയ്യാറാകണം. അവയിലാണ് സിനഡ് ഇനിയും വിശ്വാസമർപ്പിക്കുകയും പിന്താങ്ങുകയും ചെയ്യുന്നതെങ്കിൽ സിനഡ് ഐക്യമോ ഒരുമയോ ആഗ്രഹിക്കുന്നില്ലെന്നും കലഹങ്ങളിലെ ലാഭമാണ് തേടുന്നതെന്നും കരുതേണ്ടി വരും.
സ്വയം ഉയർത്താനുള്ള ശ്രമങ്ങളാണ് പരസ്പര വൈരാഗ്യങ്ങളിലേക്കു നയിച്ചത്. തന്നെത്തന്നെ പരിത്യജിച്ചു കൊണ്ടല്ലാതെ ഒരു അനുരഞ്ജന ആഹ്വാനവും ഫലമണിയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ