Gentle Dew Drop

ജനുവരി 29, 2024

സർഗ്ഗസൗന്ദര്യം

ക്രിസ്തു അധികാരത്തോടെ സംസാരിച്ചു എന്നത് ഒരു പദവിയുടെ പ്രബലതയോ ഒരു വിഷയത്തിലെ ഗഹനമായ അറിവോ ആയിരുന്നില്ല. ആ അധികാരം സർഗ്ഗസൗന്ദര്യത്തിന്റേതാണ്. അവന്റെ ശബ്ദത്തിൽ, കേൾക്കുന്നവരുടെ ജീവിതങ്ങളെക്കുറിച്ചുള്ള സത്യമുണ്ടായിരുന്നു. പാപം മാത്രം ചികഞ്ഞറിയുന്ന നിയമപാലകരുടെ അധികാരം അവരെ ചൂഷണം ചെയ്തപ്പോൾ, ഭാരം വഹിക്കുന്നവർക്കു ആശ്വാസമാകുന്ന നല്ല വചനം അവരുടെ സത്യത്തിലേക്ക് അവരെ തുറന്നു കാട്ടുന്നതായിരുന്നു. 

സത്യത്തിന്റെ സ്പർശനമേൽക്കുമ്പോഴേ, സത്യം തെളിഞ്ഞു നില്കുമ്പോഴേ, സത്യം ആഗ്രഹികുമ്പോഴേ നന്മ മുളപൊട്ടാൻ  ആവശ്യമായ സ്വാതന്ത്ര്യം ഉണ്ടാകൂ. ആ സത്യത്തിലേക്കും നന്മയിലേക്കും നയിക്കുന്ന അധികാരത്തിലേ സർഗ്ഗസൗന്ദര്യമുണ്ടായിരിക്കൂ. അതിനേ ജീവൻ നൽകാനാവൂ. യഥാർത്ഥ സ്നേഹമെന്തെന്ന് അറിയണമെങ്കിലും ഈ സർഗസൗന്ദര്യം ഗ്രഹിക്കണം. 

ദൈവം സ്നേഹമെന്ന് അറിയുമ്പോഴും ഈ സൃഷ്ടിപ്രക്രിയ സമൂഹവും വ്യക്തിയും മനസ്സിലാക്കേണ്ടതാണ്. ദൈവം ഒരു വ്യക്തിയാണ് എന്ന്  ഊന്നിപ്പറയുമ്പോഴും ബിംബവൽക്കരിക്കപ്പെട്ട ഒരു ദൈവസങ്കല്പമല്ല അതിലുള്ളത്. വചനമായ ക്രിസ്തുവിനെയും ബിംബവത്കരിച്ചു അർത്ഥനഷ്ടം വരുത്തിവെച്ച അവസ്ഥയുണ്ട്. സൃഷ്ടിക്കുകയും നവീകരിക്കുകയും  പുനരുദ്ധരിക്കുകയും ചെയ്യുന്ന വചനത്തെ പുസ്തകവും വാചകങ്ങളുമാക്കി ചുരുക്കി ഒതുക്കിയത് മതപ്രസംഗകരാണ്. അപ്പോൾ അത് രാജാക്കന്മാരുടെയും അധിനിവേശത്തിന്റെയും കഥയാണ്. ദൈവവും ക്രിസ്തുവും രാജാവിന്റെ വേഷം ചാർത്തപ്പെട്ടവരാണ്. ദൈവത്തിന്റെ പ്രതിപുരുഷർക്ക്  രാജപരിവേഷം ഉചിതമാകുന്നത് അങ്ങനെയാണ്. പക്ഷേ ഇല്ലാതാവുന്നത് സത്യവും നന്മയും സൗന്ദര്യവുമാണ്. 

നന്മ പുറപ്പെടുവിക്കുന്ന സത്യം വെളിവാക്കുന്ന വിശ്വാസി സമൂഹത്തിലേ  ദൈവസൗന്ദര്യം  നിർവചനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായി തെളിഞ്ഞു നിൽക്കൂ. അനേകമായ തിന്മകളെ അകറ്റാൻ വേണ്ടതായ ആന്തരിക നന്മ അപ്പോൾ ആ സമൂഹത്തിനുണ്ടാകും. തിന്മയേല്പിച്ച വ്യഥകളെ നന്മയുടെ സൗന്ദര്യത്തെ കൊണ്ട്  ആശ്വസിപ്പിക്കാം. സത്യം അതിന്റെ കൂടുതൽ ആഴങ്ങളിലേക്ക് നമ്മെ, സഭയെ, സമൂഹത്തെ നയിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ