Gentle Dew Drop

ഫെബ്രുവരി 11, 2023

നിങ്ങൾ എനിക്ക് വേണ്ടിയാണ് ചെയ്തത്

 ക്രിസ്തു എന്നത് ഒരു 'ദൈവനാമത്തേ'ക്കാൾ വിസ്തൃതമാണ് എന്ന് കരുതാവുന്നതാണ്. ഒരാൾ തനിക്കു വേണ്ടിയല്ലാതെ പ്രവർത്തിച്ചു തുടങ്ങുന്ന നന്മയിൽ തകർക്കപ്പെടുന്ന സ്വാർത്ഥമതിൽ തുറക്കുന്ന ചക്രവാളം അങ്ങനെയുള്ള ഓരോ നന്മയിലും വികസിക്കുന്നതാണ്. അങ്ങനെ, നിങ്ങൾ എനിക്ക് വേണ്ടിയാണ് ചെയ്തത് എന്നതിന് പരോപകാരപ്രവൃത്തികളെക്കാൾ നിലപാടുകളെയും മൈത്രീഭാവങ്ങളെയും കൂടി ഉൾക്കൊള്ളുന്നു. വ്യത്യസ്തതകൾ (വൈരുദ്ധ്യങ്ങൾ പോലും)  സംഘർഷങ്ങളാവാതെ ഉൾക്കൊള്ളുന്ന ക്രിസ്തുഭാവം ദൈവരാജ്യത്തിന്റെ സൗന്ദര്യമാണ്. ചെയ്യേണ്ടത് എന്നതിനുപരി ഉൾക്കൊണ്ടിരിക്കേണ്ടതായ ഹൃദ്യത.

ക്രിസ്തുവിനെ എത്രമാത്രം ചുരുക്കിക്കളഞ്ഞു എന്നാണ് മറ്റൊരു ചിന്ത. മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ക്രിസ്തുവാണ് ഭക്തിയിലും വിശ്വാസത്തിലും ഭാവനയിലുമെല്ലാം. അതിനു മുമ്പും ശേഷവുമുള്ള ക്രിസ്തുവിന്റെ സാന്നിധ്യം എങ്ങനെയെന്ന് ഓർക്കുന്നത് നല്ലതല്ലേ. ക്രിസ്തുധ്യാനത്തിന്റെ സാധ്യതകൾ എത്രയോ കൂടുതൽ തലങ്ങളിൽ കാണുവാൻ കഴിയും! സർഗ്ഗസൗന്ദര്യത്തിൽ, പ്രപഞ്ചപരിണാമത്തിൽ, സാംസ്കാരികനന്മകളിൽ, ഹൃദയനൈര്മല്യങ്ങളിൽ വചനം ജീവഗന്ധമായി എന്നുമുണ്ട്. ആ ധ്യാനം ഹൃദയങ്ങൾ വിസ്തൃതമാക്കുകയും ആർദ്രതയണിയിക്കുകയും ചെയ്യും.

ഫെബ്രുവരി 10, 2023

വിശുദ്ധരുടെ കൂട്ടായ്മയും നേർച്ചകാഴ്ചകളും

"ഇത് ഏഴു തവണ ചൊല്ലിയാൽ കടബാധ്യതകൾ മാറും," "ഇത് ഏഴു തവണ ചൊല്ലിയാൽ ബന്ധനങ്ങൾ അകലും" തുടങ്ങിയ അത്യാധുനിക ആത്മീയതയുള്ളപ്പോൾ പുണ്യവാന്മാരുടെ ഐക്യത്തിനും ദൈവപരിപാലനക്കും സിനഡൽ പാതക്കുമൊക്കെ പ്രസക്തി എന്താണ്? 

വിശുദ്ധരുടെ ഐക്യം, ക്രിസ്തുവിൽ ഒന്നായിരുന്ന സകലരുടെയും കൂട്ടായ്മയാണ്. ഓരോരുത്തരുടെയും നന്മ മറ്റുള്ളവരിലേക്ക് പകരപ്പെടുന്നു. ക്രിസ്തു തന്നെയാണ് ഏറ്റവും വലിയ നന്മ. ആ നന്മ സ്വീകരിക്കുവാനും ആ നന്മരൂപത്തിലേക്കു രൂപാന്തരപ്പെടുവാനുമാണ് കൂട്ടായ്മ.  വിശ്വാസത്തിലും, കൂദാശകളിലും പങ്കുചേരുന്നതുപോലെ, വരദാനങ്ങളും പരസ്പരം പടുത്തുയർത്താനുള്ളതാണ്. അനേകരെങ്കിലും വിവിധമായ വരങ്ങളിലൂടെ ഒരേ ആത്മാവ് പ്രവർത്തിച്ചുകൊണ്ട് ക്രിസ്തുരൂപം സ്വായത്തമാക്കുവാൻ ആത്മാർത്ഥമായ പ്രയത്നം നമ്മിലുമുണ്ടാവണം. ചുറ്റുമുള്ളവരെ ആവശ്യങ്ങളിൽ സഹായിക്കുന്നതും വിശുദ്ധരുടെ ഐക്യത്തിന്റെ അടയാളമാണ്. സഹനവും മഹത്വവും എല്ലാവരുടേതുമാണ്. വിശുദ്ധഗണത്തിലേക്കു ഉയർത്തി വാഴ്ത്തപ്പെട്ടവർ മാധ്യസ്ഥം വഹിക്കുന്നതും ക്രിസ്തുവിലുള്ള ഐക്യത്തിലാണ്. എല്ലാവരും ആ കൂട്ടായ്മയിൽ ഒന്നാകുന്നതാണ് ഓരോ വിശുദ്ധരുടെയും പരിപൂർണ്ണ സ്വർഗ്ഗീയാനന്ദം.

വാഴ്ത്തപ്പെട്ടവരുടെ ജീവിതമാതൃകകളും പാലിച്ചു പോന്ന പുണ്യങ്ങളും സ്വജീവിതങ്ങളിൽ അനുവർത്തിക്കപ്പെടേണ്ടതിനാണ് പ്രത്യേക മധ്യസ്ഥരായും മറ്റും അവർ കാണപ്പെടുന്നത്. അവരുടെ സഹായം ക്രിസ്തുവിലുള്ള കൂട്ടായ്മയിൽ പൊതുവായുള്ള നന്മയെക്കരുതിയാണ് നൽകപ്പെടുന്നത്. നമ്മളോരോരുത്തരുടേയും ആഗ്രഹങ്ങളും പ്രാർത്ഥനകളും അർപ്പിക്കുന്നത് ദൈവപരിപാലനയിലുള്ള സമ്പൂർണ വിശ്വാസത്തിൽ നിന്നാണ്. അവർക്കു മുമ്പിൽ പൂക്കളോ അർച്ചനകളോ കാഴ്ചകളോ അർപ്പിക്കുന്നത് കൃതജ്ഞതയിൽ നിന്നാണ്. പണമായോ ഭോജനമായോ അർപ്പിക്കുന്നപ്പെടുന്നവ നിരാലംബർക്ക് നീതിയായി തയ്യാറാക്കപ്പെടേണ്ടതാണ്. അത് ദൈവപ്രസാദത്തിനായുള്ളതല്ല. നിരാലംബരും നിർധനരും അദൃശ്യമായ വിഭാഗമാണ് ആധുനിക സംസ്കൃതികൾക്കും, ഭരണകൂടങ്ങൾക്കും, മതങ്ങൾക്കും. നമുക്കിടയിൽ പാവങ്ങൾ ഉണ്ട് എന്ന അവബോധം ദൈവരാജ്യത്തിന്റെ പൂർണ്ണത വരെ സഭാദര്ശനത്തിലെയും വിശുദ്ധരുടെ ഐക്യത്തിലെയും വെല്ലുവിളിയാണ്.

വിശുദ്ധർ കാര്യലാഭത്തിനായുള്ള മാര്ഗങ്ങളാണെന്നതിൽ നിന്നും മാറി അവരുടെ മാതൃക ഏറ്റെടുക്കുന്നത് എപ്പോഴാണ്? പുണ്യങ്ങൾക്കും ആത്മീയ വരങ്ങൾക്കും അവിടെ പ്രാധാന്യമെവിടെയാണ്? നാനാതുറകളിലുള്ളവരെ അവരുടെ ആശയങ്ങളിലും സാഹചര്യങ്ങളിലും സഹനങ്ങളിലും അറിയാനും കേൾക്കാനും കൂടെ നടക്കാനും കഴിയുക എന്നത് വിശുദ്ധരുടെ കൂട്ടായ്മയുടെ ഭാഗമാണെന്നു വിശ്വസിക്കാനാകുമോ? മാന്ത്രികമായ അത്ഭുതസിദ്ധികൾ കുടികൊള്ളുന്ന ധ്യാനകേന്ദ്രങ്ങളും ചാനലുകളും മാതാവുമാരും ഉണ്ണീശോമാരും, സുവിശേഷ മൂല്യങ്ങൾ ജീവിതക്രമമാക്കുന്ന ദൈവകൃപയുടെ ജീവിതത്തിലേക്ക് എന്ന് വഴിമാറും. ഉപകാരങ്ങൾക്കായുള്ള നേർച്ചകാഴ്ചകൾക്കപ്പുറം, സഹാനുഭൂതിയും സാഹോദര്യവും പരോപകാരപ്രവൃത്തികളും വിശുദ്ധരുടെ ഐക്യത്തിലും വിശുദ്ധരോടുള്ള വണക്കത്തിലും ഭാഗമാകും?  അർപ്പിക്കപ്പെട്ട കാഴ്ചകളിലും നേർച്ചകളിലും സംപ്രീതരായി, നിക്ഷേപിച്ചിട്ടുള്ള പണത്തെ കണക്കാക്കി അനുഗ്രഹങ്ങൾ നൽകുന്ന ദൈവവും വിശുദ്ധരും ക്രിസ്തുവുമായി ബന്ധമുള്ളതല്ല. ഭക്തി പുണ്യമാണ്. എന്നാൽ ഭക്തിയെന്ന വണ്ണം പാലിക്കപ്പെട്ടു പോരുന്ന പ്രതിഫല ദൈവശാസ്ത്രം ദൈവരൂപത്തെ വികലമാക്കുകയും  ലോഭനും പ്രതികാരദാഹിയും കർക്കശനും പുകഴ്ചകളിൽ രമിക്കുന്നവനുമാക്കും. ദൈവജ്ഞാനത്തെ ഭോഷത്തമാക്കുന്ന ഭക്തിമാർഗ്ഗങ്ങൾ സെക്കുലർ പ്രവണതകളും പുതിയ വാണിജ്യതന്ത്രങ്ങളും വിശുദ്ധരെ അത്ഭുതസിദ്ധികളുള്ള മൂർത്തികളാക്കി.  പ്രാർത്ഥനകൾക്കും ബൈബിൾ വാക്യങ്ങൾക്കും അത്ഭുതശക്തികൾ ആരോപിച്ച് അളന്നും തൂക്കിയും അനുഗ്രഹിക്കുന്ന സ്വർഗ്ഗങ്ങളുണ്ടാക്കി. പ്രത്യേക നിയോഗങ്ങൾക്കായി ഉടമ്പടികളും നേർച്ചകളുമായി.  

സങ്കീർണ്ണതകൾ ഏറിവരുന്ന സാംസ്‌കാരിക പശ്ചാത്തലത്തിൽ അഴിക്കുവാനുള്ള താക്കോലുകളാണ് ആരും അന്വേഷിക്കുന്നത്. ഭക്തിയും വിശ്വാസങ്ങളും അങ്ങനെ ആയി മാറുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യക്തിപരമായും വിശ്വാസപരമായും സഭയെയും അത് എപ്രകാരം ശിഥിലതയുണ്ടാക്കുന്നു എന്നത് വിശകലനം ചെയ്യേണ്ടതാണ്.  

ഫെബ്രുവരി 08, 2023

മനുജർ

മണ്ണിൽ നിന്നുള്ളവരാണ് മനുജർ. ഫലഭൂയിഷ്ഠമായ മണ്ണ് എന്ന് തന്നെയാണ് ബൈബിൾ ധ്യാനിക്കുന്നത്, നിർജ്ജീവമായ പൊടിയല്ല. മണ്ണിനെ അറിയാത്തവരാണ് മണ്ണിന് അശുദ്ധി കല്പിക്കുന്നത്. മതത്തിന്റെ ചട്ടക്കൂടുകൾ തീർത്ത ആത്മീയ പാരമ്യത്തിലെ പവിത്രത തീർച്ചയായും മണ്ണിനെ അശുദ്ധമെന്നു വിധിക്കും. എത്ര നാളുകളായി മണ്ണിന്റെ അഴുക്കെന്ന പുറം ചട്ട ധരിച്ചവരെന്ന പൈശാചികആത്മീയത നമ്മെ നയിക്കുന്നു!

ജീവന്റെ നിർമ്മിതികൾ  മണ്ണിന്റെ ലാവണ്യമാണ്‌.  മണ്ണിനെ അപൂര്ണതയായി കരുതി, പൂർണ്ണതകളിൽ സ്വയം അവരോധിച്ചവരാണ് സ്വർഗ്ഗങ്ങളുടെ പ്രതീക്ഷയിൽ ദൈവരാജ്യത്തെ നിരാകരിച്ചത്. മണ്ണും പ്രകൃതിയും ബലഹീനരും അവർക്കു അവകാശങ്ങളായി. മണ്ണിനെ സ്പർശിക്കാതെ എളിമയുണ്ടാവില്ല. ജീവന്റെ നിർമ്മലതകൾ  തൊട്ടറിയുവാൻ നമുക്കാവണം. ദൈവത്തിന്റെ ജീവശ്വാസം സുഗന്ധമായും, സൗന്ദര്യമായും, വർണങ്ങളായും സംഗീതമായും മനുഷ്യനിലേക്ക് വന്നെത്തിയതും മണ്ണിന്റെ ജീവപ്രക്രിയകളിലൂടെ തന്നെ.

മണ്ണിൽ നിന്ന് ആയതു കൊണ്ട് ഒരാൾ എങ്ങനെ അപൂര്ണതയിലോ അശുദ്ധിയിലോ ആകും? പവിത്രമാണ് മണ്ണ്. അശുദ്ധമാക്കണമോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണ്. മനുഷ്യരിൽ നിന്ന് പുറപ്പെടുന്നതെന്തോ അതാണ് അവരെ അശുദ്ധരാക്കുന്നത്. 

ഉല്പ 2:4-9,15-17; മർക്കോ 7:14-23

ഫെബ്രുവരി 07, 2023

... ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു

വാക്ക്-സൃഷ്ടി എന്ന ക്രമത്തിൽ ക്ഷണനേരം കൊണ്ടുള്ള സൃഷ്ടി മാസ്മരികമാണ്. വാക്ക്-ജീവൻ-സൃഷ്ടി-വളർച്ച എന്ന ക്രമം ധ്യാനം, ഭാവന, കൃതജ്ഞത എന്നിവ കൂടുതൽ ആവശ്യപ്പെടുന്നു. സൃഷ്ടി ജനിച്ചതും വളർന്നതും പുഷ്പിച്ചതും പെരുകിയതും എല്ലാം നല്ലതെന്നു ദൈവം കണ്ടതുമാണ്. എങ്കിലും സാബത്താനുഷ്ഠാനത്തിന്റെ സാധുതക്കായി ഏഴാം ദിവസത്തെ 'പരിശുദ്ധ' ദിനമാക്കി. നിരന്തരം പ്രവർത്തിക്കുന്നവനായ ദൈവത്തിനു വിശ്രമ ദിനമൊരുക്കി. തുടർന്നു പോകുന്ന സൃഷ്ടിപ്രക്രിയയെ ആറാം ദിനത്തിൽ നിശ്ചലമാക്കി. 'പരിശുദ്ധി' ചേർക്കപ്പെടുന്ന ദിനങ്ങളും അതിന്റെ പ്രത്യേക പ്രവൃത്തികളും മറ്റു ദിനങ്ങളെയും അവയിലെ പ്രവൃത്തികളെയും 'സാധാരണമാക്കും,' അശുദ്ധമാക്കും, അപൂർണ്ണമാക്കും. 

നിങ്ങളുടെ പാരമ്പര്യം പാലിക്കുവാൻ വേണ്ടി നിങ്ങൾ കൗശലപൂർവ്വം ദൈവത്തിന്റെ നന്മകൾ പോലും  അവഗണിക്കപ്പെടുന്നു.

ദൈവകല്പനയെ അവഗണിക്കുവാൻ ആരെങ്കിലും മനഃപൂർവ്വം ശ്രമിക്കുന്നുണ്ടാവില്ല. പാരമ്പര്യങ്ങളെ നിലനിർത്തുവാനായി ആദ്യം ചെയ്യപ്പെടുന്നത് ഒരു 'പ്രപഞ്ച'സൃഷ്ടിയാണ്. ആ പ്രപഞ്ചത്തെയും അതിന്റെ പ്രക്രിയകളെയും എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പാരമ്പര്യങ്ങൾ ഉറപ്പിച്ചു നിർത്തുന്നത്. പ്രതീകങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അർത്ഥം നൽകുന്നതും ഈ പ്രപഞ്ചമാണ്. അത് കാലത്തെയോ, സംഭവങ്ങളെയോ, പ്രതിഭാസങ്ങളെയോ, സാമൂഹികപ്രവണതകളെയോ പുതിയ വിവരണങ്ങൾ  നൽകി വ്യാഖ്യാനിച്ചു കൊണ്ടാകാം.

സൃഷ്ടിയുടെ മാസ്മരികത, ഭക്തിയിലും മാസ്മരികത പ്രതീക്ഷിക്കാവുന്ന ദൈവത്തെ സൃഷ്ടിക്കുന്നു. കൃപയുടെ, വാക്ക്-ജീവൻ-സൃഷ്ടി-വളർച്ച എന്ന ക്രമം മാറ്റി നിർത്തുന്നു. അനുദിനജീവിതത്തിന്റെ നൈർമല്യങ്ങളെ 'വെറും സാധാരണവും' 'അശുദ്ധ'വുമാക്കുന്നു. 'പരിശുദ്ധമായ' അനുഷ്ഠാനങ്ങൾക്കു വേണ്ടി ദൈവസാന്നിധ്യം മറച്ചു കളയുന്നു. 

... ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.

ഫെബ്രുവരി 06, 2023

ഭവനം, വിരുന്ന്, ബലി

സകല സൃഷ്ടികളെയും തന്നിൽ ഒരുമിച്ചു ചേർക്കുന്നവനായതു കൊണ്ട് ക്രിസ്‌തുതന്നെയാണ് ദൈവഭവനം, ദേവാലയം. നമ്മളോരോരുത്തരെയും ചേർത്തുവെച്ചാണ് അവൻ ബലിപീഠം രൂപപ്പെടുത്തുന്നത്. ഓരോരുത്തരിലെയും നിസ്വാർത്ഥ ത്യാഗവും ജീവനും വഴിയാണ് അവൻ തന്റെ ബലി തന്റെ ശരീരത്തിൽ ആവർത്തിക്കുന്നത്. അവന്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോഴും, ത്യാഗാർപ്പണത്തിനുള്ള ഇച്ഛയില്ലാതെ ബലിയാകാനോ, ബലി അർപ്പിക്കാനോ, ബലിപീഠമാകാനോ നമുക്കാവില്ല. ഒരുമിച്ചു ചേർക്കപ്പെട്ട നമ്മളിൽ (സഭയിൽ) തിളങ്ങി നിൽക്കേണ്ട പരിശുദ്ധിയുടെ തെളിവാണ് സമാധാനം.

വിരുന്ന്, സുഭിക്ഷമായ ഭക്ഷണം കഴിക്കലല്ല. വിരുന്നൊരുക്കിയവന്റെ ആനന്ദത്തിൽ പങ്കു ചേരുകയാണത്. സുവിശേഷം വിരുന്നിനെക്കുറിച്ചു പറയുന്നിടത്തെല്ലാം ഉയർത്തിപ്പിടിക്കുന്ന ദൈവരാജ്യഗുണങ്ങളും സുവിശേഷ മൂല്യങ്ങളും വിരുന്നിൽ പങ്കു ചേരുന്നതിലെ ആനന്ദവും ഉത്തരവാദിത്തവും അർത്ഥവുമാണ്. കാനായിലെ വിരുന്ന്, ആനന്ദത്തോടൊപ്പം, അപമാനഭാരം നീക്കിക്കളയപ്പെട്ട ദൈവാനുഭവം കൂടിയാണ്. ബലിപീഠവും ദേവാലയും ബലിയർപ്പണവുമില്ലാത്ത ജനത്തിന് മിശിഹായുടെ സാന്നിധ്യത്തിന്റെ ഉല്ലാസ അനുഭവം. ശിമയോന്റെ വീട്ടിലെ വിരുന്നിൽ ആഘോഷവും വെല്ലുവിളിയും ക്ഷമയുടെ അനുഭവമാണ്. അത് സ്വീകാര്യതയുടെ രുചി കൂടിയാണ്. പ്രമാണിയുടെ വീട്ടിൽ വിരുന്ന്, സ്ഥാനങ്ങൾക്കായി മത്സരിക്കാതെ ദൈവമക്കളുടെ സമത്വാനുഭവത്തിന്റെ സ്വാതന്ത്യം അനുഭവിക്കുന്നതിലാണ്. ലാസറിന്റെ ഭവനത്തിലെ വിരുന്ന് പരസ്പരം കേൾക്കുന്നതിനെക്കുറിച്ചാണ്. അന്ത്യത്താഴ വിരുന്ന്, അനേകരുടെ ജീവനായി സ്വയം നല്കുന്നതിനെക്കുറിച്ചാണ്. അപ്പമെടുത്തതും കൃതജ്ഞത പറഞ്ഞതും മുറിച്ചതും നൽകിയതും, ക്രിസ്തുവോളം വിശാലമായ വിരുന്നാണ്. ആ മേശയുടെ വിസ്തൃതിയാണ് വിരുന്നുകളിലെ പാഠങ്ങളിൽ പറഞ്ഞു വെച്ചത്. അനുരഞ്ജനം, ക്ഷമ, സമാധാനം, ത്യാഗം, കരുണ, നീതി, ഉദാരത, തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം അങ്ങനെ വിരുന്നിന്റെ അർത്ഥവ്യാപ്തി ആഴമുള്ളതാണ്. ചുരുക്കത്തിൽ, ക്രിസ്തുവിന്റേതായ ഈ മനോഭാവങ്ങൾ സ്വന്തമാക്കുവാൻ ആഗ്രഹിക്കുകയെങ്കിലും ചെയ്യാതെ ക്രിസ്തുവിന്റെ വിരുന്നിൽ പങ്കുചേരാനാകില്ല.

ബലി ക്രിസ്തുവിന് ഒരു മനോഭാവമായിരുന്നു, അനുഷ്ടാനത്തിന്റെ അർത്ഥത്തിലായിരുന്നില്ല. ജീവൻ പകരാനായി സ്വയം നൽകുന്ന സ്നേഹത്തിന്റെ സമൃദ്ധിയാണ് ക്രിസ്തുവിന്റെ ബലിയിൽ. പാപം മോചിക്കേണ്ടതിനായി, അനുഗ്രഹം നൽകേണ്ടതിനായി ബലികൾ ആവശ്യപ്പെടുന്ന ഒരു ദൈവത്തിനു മുമ്പിൽ അർപ്പിക്കുന്ന ബലി, ക്രിസ്തുവിന്റെ ബലിയുടെ അർത്ഥത്തെയോ ആഴത്തെയോ ഉൾക്കൊള്ളുന്നില്ല. ജീവൻ പകരാനായി സ്വയം നൽകുന്ന സ്നേഹത്തിന്റെ സമൃദ്ധിയാണ് ക്രിസ്തുവിന്റെ ബലിയിൽ. അവന്റെ പേരിൽ അനുസ്മരിക്കപ്പെടുന്ന ബലിയും, ജീവദായകമായ സ്വയം ദാനത്തിന് ഉറവിടവും പ്രേരകവുമാവണം.

ഫെബ്രുവരി 05, 2023

ആൾദൈവമാകണമെങ്കിൽ

രാജാവിന് വെഞ്ചാമരം വീശുന്ന ആർക്കെങ്കിലും ആൾദൈവമാകണമെങ്കിൽ പ്രമാണപത്രത്തിന് ഒരു തടസ്സവുമില്ല. ബൈബിൾ ഏതു അഴുക്കിലിട്ടു മുക്കി വ്യാഖ്യാനിച്ചാലും അതെല്ലാം അംഗീകരിക്കപ്പെടും. അപ്പോൾ 'പരിശുദ്ധമായത് നായ്കൾക്കോ, വിലയുള്ളത് പന്നികൾക്കോ' ആയി നല്കപ്പെടുന്നതിലെ ഒരു ആശങ്കയുമില്ല. രക്ഷയുടെ ആവശ്യമില്ലെന്നു ധരിച്ച പരിശുദ്ധരായ ഫരിസേയരേക്കാൾ കഷ്ടമാണ് ഇന്ന് നമ്മുടെ കാര്യം. സുവിശേഷമൂല്യം എന്നത് മതതീക്ഷ്ണതയിലും അപരവത്കരണം ഉൾകൊള്ളുന്ന പരിശുദ്ധിയിലുമല്ല. അത്തരം സുവിശേഷങ്ങളെയാണ് സൂക്ഷിക്കേണ്ടത്.

ഫെബ്രുവരി 02, 2023

മാനവിക സൗഹാർദ്ദങ്ങൾ

മാനവസഹോദര്യത്തെ നിർവ്വാഹമില്ലാതെയുള്ള അവസാന പോംവഴിയായിട്ടാണ് കാണുന്നതെങ്കിൽ അതൊരു പരാജയമാണ്. മാറ്റി നിർത്തപ്പെട്ട, എന്നാൽ തിരികെ നേടേണ്ട ആന്തരികവെളിച്ചമായാണ് മാനവികസാഹോദര്യത്തെ കാണേണ്ടത്. സുഖകരമായ സമ്മേളനവേദികൾ കൊണ്ടോ ദീപം തെളിക്കുന്നതിൽ നിന്നോ പ്രാപ്യമായ ഒരു കാര്യമല്ല ഇന്നത്. 

വേദികൾ പങ്കിടുകയും ദീപം തെളിക്കുകയും ചെയ്യുന്നവർ സ്വയം അംഗീകരിക്കേണ്ടതും തങ്ങളുടെ ജനത്തിന് പറഞ്ഞു കൊടുക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. സാഹോദര്യവും സഹവർത്തിത്വവും വിട്ട് അകൽച്ചകളെ സ്വീകരിക്കാനായുള്ള കാരണങ്ങളും സാഹചര്യങ്ങളും എന്തൊക്കെയാണ്? സാഹോദര്യം ആഗ്രഹിക്കുന്നെങ്കിൽ അത് യാഥാർത്ഥ്യമാണെന്നും അതിന്റെ അനുഭവ തലങ്ങൾ കർമ്മപഥങ്ങളാകാവുന്ന ഏതൊക്കെ മേഖലകളാണെന്നും അന്വേഷിക്കുവാനും അതിനെ ആത്മീയ പാതയായിക്കാണാനും ഉതകും വിധം സംഭാഷണങ്ങളും ഉത്ബോധനങ്ങളും എന്ന് നടക്കും?

പല സംസ്കാരങ്ങളിലായി രൂപപ്പെട്ട മതങ്ങളിലെ ആചാരങ്ങളും സമ്പ്രദായങ്ങളും, പല ജനതകൾ ഒരുമിച്ചു വരുന്ന കാലഘട്ടത്തിൽ അകൽച്ചകൾ സൃഷ്ടിക്കുന്നതാണെങ്കിൽ അവ കാലഹരണപ്പെട്ടിരിക്കുന്നെന്നും, എന്നാൽ അടിസ്ഥാന വിശ്വാസത്തെ നിലനിർത്തിക്കൊണ്ടുതന്നെ കൂടെ ഒരുമിച്ചു നടക്കാനാവും വിധമുള്ള പ്രതീകങ്ങളും അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും രൂപപ്പെടുത്താനുള്ള ഭാവനയും ക്രിയാത്മകതയും ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും മനസ്സിലാക്കികൊണ്ട് കൂട്ടായ ഒരു ശ്രമം നടത്താൻ മതനേതൃത്വങ്ങൾക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്? 

സാമുദായിക ചിന്തകളിൽ നിന്ന് രൂപപ്പെടുന്ന ഐക്യം ഒരു മതത്തിനുള്ളിലോ പൊതു സമൂഹത്തിലോ ഒരുമയോ സഹോദര്യമോ നിർമ്മിക്കുന്നതല്ല. സാമുദായിക സങ്കുചിതത്വങ്ങൾ മാനസിക വൈകല്യമായും പകർന്നു പിടിക്കുന്ന രോഗമായും നമ്മുടെ സമൂഹങ്ങളിൽ കണ്ടു തുടങ്ങുമ്പോൾ അതിനെ ആ സമൂഹങ്ങൾ തന്നെ അപലപിക്കുകയാണ് ആ തിന്മയെ ചെറുക്കാനുള്ള ആദ്യ പടി. ഒരു സമൂഹവും ഈ രോഗാവസ്ഥയിൽ നിന്ന് ഇന്ന് വിമുക്തമല്ല. ഞങ്ങളിൽ വലിയ ലക്ഷണങ്ങൾ കാണുന്നില്ല എന്നത് രോഗത്തെ മറച്ചു പിടിക്കുന്നതാണ്. പരിഹാസവും പുച്ഛവും നിറഞ്ഞ അക്രമങ്ങളും പ്രതിരോധങ്ങളും സാമുദായിക സങ്കുചിതത്വത്തിന്റെ ബീഭത്സമായ ഭാവമാണ്. മതമെന്ന വികാരം ഉപയോഗപ്പെടുത്തി വെറുപ്പ് പടർത്തുകയാണവിടെ.

മാനവികസഹോദര്യം ദൈവികമാണോ? അത് മാനവിക വാദത്തിൽ നിന്ന് ഉടലെടുത്ത ദൈവവിരുദ്ധ പ്രവണതകളല്ലേ? ഇതര മതവിഭാഗങ്ങളിലെ ആളുകളോടൊത്തു നടക്കാനും പ്രവർത്തിക്കാനും ശ്രമിക്കുന്നത് ഒന്നാം പ്രമാണത്തിനു വിരുദ്ധമല്ലേ? ഒരു കാര്യം ചെയ്തിട്ടു കിട്ടേണ്ട ക്രെഡിറ്റ് നമുക്ക് കിട്ടാതെ പോവില്ലേ? നന്മയ്ക്കായി ഒരുമിച്ചു ചേരുന്നവരിൽ ഉള്ള പൊതുനന്മക്കായുള്ള ആഗ്രഹവും ഹൃദയൈക്യവും ദൈവസാന്നിധ്യമല്ലേ? അല്ല എന്ന് കരുതുന്ന മത നിർവ്വചനങ്ങൾ ഇതിനോടകം തന്നെ പുതിയ തലമുറയെ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. 

മാനവിക സാഹോദര്യം യഥാർത്ഥമാണെങ്കിൽ അതിൽ അതിരുകൾക്കു സ്ഥാനമില്ല. വേർതിരിവുകളെയും സംശയങ്ങളെയും രൂപപ്പെടുത്തുന്ന മതിലുകളെ തുറന്നു കാട്ടുവാൻ, അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കാനും സാമൂഹികവും സാംസ്കാരികവുമായ പ്രവണതകളിലേക്കു ചേർത്തുവെച്ചുകൊണ്ട് ചൂണ്ടിക്കാണിക്കാനും വേദിയിലുള്ളവർക്കു ആത്മാർത്ഥതയുണ്ടെങ്കിൽ അത് സമൂഹത്തിന് മുതൽക്കൂട്ടാകും. 

നേർച്ചകാഴ്ചകളും ഉടമ്പടികളും പ്രാർത്ഥനകളും ധ്യാനങ്ങളും, ബലിപീഠത്തിന്മേൽ താണ്ഡവമാടാനുള്ള തരം തീക്ഷ്ണതയാകുമ്പോൾ അത് വെറും രോഗലക്ഷണങ്ങൾ മാത്രമല്ല. ആൾദൈവങ്ങളോടുള്ള ആരാധനയും വിധേയത്വവും ദൈവത്തെ മറച്ചുകളയും. വേദികളിൽ സൗഹാർദം ഉയർത്തിപ്പിടിക്കുമ്പോഴും സത്യം അജ്ഞമാകും. സത്യം നീതി നന്മ എന്നിവ നയിക്കുന്ന വെളിച്ചമാകാത്ത മാനവിക സൗഹാർദ്ദങ്ങൾ ശിഥിലമാണ്. വേദികൾക്കപ്പുറത്തേക്കു അതിന് എത്താൻ  കഴിയില്ല.