Gentle Dew Drop

മാർച്ച് 06, 2023

മുറിവവബോധം

 "ഏതൊരു ക്രിസ്ത്യാനിക്കും നോവും," ആദ്യഭാഗം സാമാന്യവത്കരണവും, രണ്ടാമത്തെ ഭാഗം ഒരു വൈകാരിക ബിന്ദുവുമാണ്. അതിലെ യുക്തിയും സത്യവും അന്വേഷിക്കുന്നതിനും മീതേ, ആ നൊമ്പരം ഒരു സാമാന്യ പ്രതികരണമായി എന്നിലും ഉണ്ടാവുക എന്നത്  ക്രിസ്ത്യാനി ആയിരിക്കുന്നതിൽ പ്രധാന ഘടകമാണ് എന്നതാവും ചിന്തിക്കുക. "ക്രിസ്തീയ സഹോദരങ്ങളെല്ലാം 'കോമക്കുറുപ്പിന്റെ' പക്ഷത്തു ചേരുന്നു," എന്നതിൽ കോമക്കുറുപ്പിന്റെ ആദർശങ്ങളോ അവയിലെ സത്യങ്ങളോ ന്യായങ്ങളോ എന്നതിനേക്കാൾ, ആ പക്ഷത്തു ചേരുന്നതിലെ ന്യായങ്ങളാവും മുന്നിൽ നിൽക്കുക. 

സഭാസ്നേഹവും, സമുദായസ്നേഹവും, വിശ്വാസസംരക്ഷണവും, അപരവിദ്വേഷത്തിൽ പൊതിഞ്ഞു നൽകപ്പെടുന്ന കാലാവസ്ഥയാണ്‌ വരുന്നത്. മലിനമായ പുക ശ്വസിക്കുന്ന അസ്വസ്ഥത നമുക്ക് ഉണ്ടാവില്ല എന്നതാണ് ആ വിഷത്തിന്റെ ആകർഷണീയത. സഭയുടെയും വിശ്വാസത്തിന്റെയും കാതൽ, ഭക്തിയുടെയും യാഥാസ്ഥിതികതയുടെയും വിദ്വേഷത്തിന്റെയും പേരിൽ ചിതലരിച്ചു പോയിട്ടും ഒരു കുഴപ്പവുമില്ലാത്ത 'വിശ്വാസത്തെ' നൊമ്പരങ്ങൾ കൂടുതൽ തങ്ങളുടെ ചക്കിലിട്ടു പിഴിയും. ആശ്വാസവും സൗഖ്യവും പകരേണ്ട മതങ്ങൾ, കൂടുതൽ മുറിവവബോധം ആണ് വിശ്വാസതീക്ഷ്ണതയായി അവതരിപ്പിക്കുന്നത്. സംരക്ഷണത്തിനായുള്ള വാളും പരിചയും, ചുറ്റികയും, കുതിരകളും ഒരുങ്ങുന്നുണ്ട്. പരിഗണിക്കപ്പെടേണ്ടതില്ലാത്തതായി ഒന്നു മാത്രമേയുള്ളു, ക്രിസ്തു.

മാർച്ച് 05, 2023

തിന്മക്ക് മതമുണ്ടോ?

ദൈവത്തിനു മതമുണ്ടോ എന്ന ചിന്തയേക്കാൾ ഇന്ന് പ്രസക്തമാവുന്നത് പിശാചിന് മതമുണ്ടോ എന്നതാവും. പിശാച് ഒരു അന്യമതക്കാരനാണോ? അന്യമതങ്ങളിലെ എല്ലാവരും പിശാചിനാൽ സ്വാധീനിക്കപ്പെട്ടവരും തിന്മ ചെയ്യുന്നവരുമാണോ? അവർ ചെയ്യുന്ന നന്മകൾ ഞാൻ ചെയ്യുന്ന നന്മകളേക്കാൾ വില കുറഞ്ഞവയാണോ? ഞാൻ ചെയ്യുന്നത് കൃപയിലുള്ളവയും മറ്റുള്ളവരുടെ നന്മകൾ വെറും മാനുഷികവുമാണോ? എന്റെ കൂട്ടരിൽ തിന്മ ചെയ്യുന്നവരില്ലേ? 

ആരാണ് ഈ ഞങ്ങളും മറ്റുള്ളവരും? ലാറ്റിൻ അമേരിക്കക്കാരും ആഫ്രിക്കക്കാരും ഏഷ്യക്കാരും വിഗ്രഹാരാധകരും അജ്ഞരുമാണ്, മറ്റുള്ളവർ നിരീശ്വരരാണ്. ഞങ്ങൾ ക്രിസ്ത്യാനികളും, മറ്റുള്ളവർ അന്യമതക്കാരും മതരഹിതരും ഫ്രീമേസൺകാരും ആണ്. ഈ മറ്റുള്ളവർ വഞ്ചകരും ഞങ്ങളെ കീഴ്പ്പെടുത്താൻ തക്കം പാർത്തിരിക്കുന്നവരുമാണ്. ഞങ്ങൾ പാരമ്പര്യ കത്തോലിക്കരും അവർ ലൗകികചിന്തകളാൽ നയിക്കപ്പെടുന്നവരുമാണ്. ഞങ്ങൾ പ്രയർ ഗ്രൂപ്പുകളിൽ സജീവമാണ് അവർ വെറും ഞായറാഴ്ച ക്രിസ്ത്യാനികളാണ്. ഞങ്ങൾ ശരിയായ വിശ്വാസം സംരക്ഷിക്കുന്ന ഗ്രൂപ്പാണ് മറ്റുള്ളവർ തീർത്തും ശരിയല്ല. ഞാൻ മാത്രമാണ് ദൈവവിശ്വാസി, വേറെ ഒരാളും ശരിയല്ല. തിരഞ്ഞെടുപ്പ് കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന വിശ്വാസസംരക്ഷകരുമുണ്ട്. 

ഈ അസംബന്ധങ്ങളെ വിശ്വാസമായിക്കരുത്തുവാൻ മാത്രം അവിശ്വാസികളായിത്തീർന്നിരിക്കുന്നു ഏറെപ്പേരും. സ്വർഗ്ഗം പല മതക്കാർക്ക് വ്യത്യസ്തമാണോ? വെവ്വേറെ സ്ഥലങ്ങളാണോ ഉണ്ടാവുക? സംശയിച്ചുപോന്നവരെ അവിടെ കണ്ടാൽ അവിടെയും അകൽച്ച പാലിക്കാൻ കഴിയുമോ?  അവരിൽ നിന്നൊഴിഞ്ഞു മാറാൻ അല്ലേലൂയാ പാടാൻ തിരക്ക് കാണിച്ചു ദൈവത്തിനു മുമ്പിലെത്തുമ്പോൾ അത് സമ്മതിക്കപ്പെടുമോ?

നന്മതിന്മകളെന്നു വിഭജിക്കപ്പെടുന്ന ഏറ്റവും കൂർത്ത മതിലിന്മേലാണ് ചിലർക്ക് സ്വർഗ്ഗരാജ്യം കാണപ്പെടുന്നത്. എന്റെ ഭാഗത്തല്ലാത്തതെല്ലാം തെറ്റും പിശാചിന്റേതുമാണെന്നതിൽ സത്യമുണ്ടോ? ചിലരുടെ ഭക്തിപ്രകാരം പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നില്കുന്നത് തന്നെ പിശാചാണ്. ഉപ്പ്, ജലം തുടങ്ങിയവ എവിടെയൊക്കെ എപ്പോഴൊക്കെ വിതറണം തളിക്കണം എന്നതാണ് വ്യഗ്രത നിറഞ്ഞ അവരുടെ ആത്മീയ നിഷ്ഠ. സമാധാനത്തിലിരിക്കുന്ന വീടുകളിൽ  പോലും കടന്നു ചെന്ന് അസ്വസ്ഥത സൃഷ്ട്ടിക്കുന്ന അവർ എന്ത് സുവിശേഷമാണ് പ്രഘോഷിക്കുന്നത്. പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത കപട വിശ്വാസികൾ രൂപപ്പെടുത്തുന്ന മതസ്പർദ്ധകളെ വിശ്വാസമെന്ന വിളിക്കുന്നതിൽ പ്രീതിപ്പെടുത്തുന്ന ദൈവം ഏതാണ്. തീവ്രഭക്തി, പരിഹാരങ്ങൾ, കുരിശിൻ്റെ വഴി ഇങ്ങനെയൊക്കെ ഒരുപാട് കർമ്മങ്ങൾ നടത്തപ്പെടുന്നെങ്കിലും, അവസാനം പിശാചാണ് പ്രധാന ധ്യാനവിഷയം.

ദൈവം-കൃപ-ജീവൻ-സൃഷ്ടി-മനുഷ്യൻ എന്നീ ബന്ധങ്ങളിൽ ഗ്രഹിക്കാവുന്നതേയുള്ളു ക്രിസ്തീയവിശ്വാസത്തിന്റെ എന്തും. ദ്വന്തസ്വഭാവങ്ങളിലേക്കു വേർതിരിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തിന്മയായി ചാർത്തപ്പെടുന്നവയിൽ ഏറെയും അഭിമുഖീകരിക്കാൻ തയ്യാറെടുപ്പില്ലാത്ത/ ധൈര്യമില്ലാത്ത/ കെൽപ്പില്ലാത്ത സങ്കീർണ്ണതകളും, മായ്ക്കാൻ മനസ്സില്ലാത്ത അജ്ഞതകളുമാണ്. 

ദൈവരാജ്യത്തിന്റെ ആദ്യ അനുഭവം എല്ലാവരും ദൈവമക്കളാണെന്നു ഗ്രഹിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാൽ ഈ അവബോധത്തിൽ കൂടുതൽ വളർന്നു കൊണ്ടാണ് ദൈവാരാജ്യത്തിലുള്ള ജീവിതം സാധ്യമാകുന്നത്. പകരം, തന്നിൽ നിന്ന് വ്യത്യസ്തമായ സകലതിനെയും മറുഭാഗത്തു നിർത്തി പൈശാചികവത്കരിച്ച് സ്വയം ശുദ്ധി കല്പിക്കുന്നതിൽ ദൈവരാജ്യമില്ല. മതങ്ങളുടെ കർക്കശമായ നിർവചനങ്ങളിലേക്ക് സ്വർഗത്തെ അടക്കുന്നവർക്ക് എല്ലാവരും ദൈവമക്കളാണെന്ന് കരുതാൻ കഴിയുമോ? സാധിക്കുന്നില്ലെങ്കിൽ ഏത് സുവിശേഷത്തിലാണ് അവർ പ്രത്യാശ വയ്ക്കുന്നത്?

മാർച്ച് 04, 2023

ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണോ ...

 "ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭക്കുനേരെയുള്ള  ആക്രമണം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മരണത്തിനു ശേഷം കൂടുതൽ ശക്തമാക്കുന്നു:" 'സഭയുടെ നന്മക്കുവേണ്ടി മാത്രം' വിശ്വാസം കാത്തു സൂക്ഷിക്കാൻ വേണ്ടി മാത്രം നിലകൊള്ളുന്ന യൂട്യൂബ് ചാനലിലെ ഒരു സന്ദേശത്തിന്റെ ഭാഗമാണ്.  ബെനഡിക്ട് മാർപാപ്പയുടെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടനവധി പുസ്തകങ്ങളും ലേഖനങ്ങളും ഫ്രാൻസിസ്-പേപ്പസിയെ നേരിട്ടും പരോക്ഷമായും അക്രമിക്കുന്നവയുമായിരുന്നു. ഏതാണ്ട് കഴിഞ്ഞ  ഇരുപത് വർഷങ്ങളിൽ ആഗോളതലത്തിൽ, യാഥാസ്ഥിതിക പാരമ്പര്യ വാദത്തിന്റെ ഇത്തരത്തിലുള്ള ധ്രുവീകരണം ഇന്റർനെറ്റ് വഴിയായി കൂടുതൽ സാധ്യമാക്കി. സത്യവിശ്വാസവും പരിശുദ്ധ സഭയുമായി ഒരാൾക്ക് മുന്നിലെത്തുന്ന ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പ്രാദേശികമായി ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നത്? എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ്, എന്തിനുവേണ്ടിയാണ് എന്നൊക്കെ വിശകലനം ചെയ്യുക എന്നത് ശ്രമകരമാണെങ്കിലും അത്യാവശ്യമാണ്. 


സഭയുടെ നാശത്തിനു കാരണമാകുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ തെറ്റുകളിൽ നിന്ന് സഭയെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥന ചോദിക്കുന്ന മധ്യസ്ഥപ്രാർത്ഥനാ ഗ്രൂപ്പുകളുണ്ട്. പ്രാർത്ഥനയെന്ന വ്യാജേന, ഫ്രാൻസിസ് മാർപാപ്പ സഭക്കെതിരാണെന്നും നാശകാരണമാണെന്നും പിശാചിനാൽ നയിക്കപ്പെടുകയാണെന്നും കൂടി 'പ്രാർത്ഥനക്കാരെ' ബോധ്യപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശ്യം. ആത്മാർത്ഥമായി 'പ്രാർത്ഥിക്കുന്ന' അവരെ കുറ്റപ്പെടുത്താനാവില്ല. ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ യാത്രകൾ അർത്ഥശൂന്യമാണെന്നും അഭിപ്രായമുള്ള പ്രഘോഷകരും സെമിനാരി അധ്യാപകരുമുണ്ട്. 


വിശ്വാസസംരക്ഷകരുടെ വിശ്വാസപാരമ്പര്യങ്ങൾ പതിനാറാം നൂറ്റാണ്ടിനുമപ്പുറം എന്തുകൊണ്ടോ നടന്നുനീങ്ങുന്നില്ല. നിർവ്വചനങ്ങളുടെ നിശ്ചിതത്വങ്ങൾ നൽകുന്ന സുരക്ഷയെ എക്കാലത്തേക്കുമുള്ള വിശ്വാസരീതിയാക്കി  നിലനിർത്താനുള്ള ശ്രമങ്ങൾ പ്രചോദനാത്മകമല്ല. വിശ്വാസത്തെ പ്രത്യയശാസ്ത്രമാക്കുന്ന രാഷ്ട്രീയമാണത്. സാംസ്കാരികമാറ്റങ്ങളെ അപഗ്രഥിക്കാനും പഠിക്കാനും, അതിന്റെ സങ്കീർണ്ണതകളിൽ വെളിച്ചം തേടാനും വിശ്വാസത്തിനു സാധ്യമാകും വിധം പ്രാപ്യമാക്കുവാൻ തികഞ്ഞ കാഴ്ചയും തുറവിയും കാലഘട്ടത്തിനു മുമ്പിൽ സുതാര്യതയും ആവശ്യമാണ്. പകരം വിശ്വാസസംരക്ഷകർ നടത്തിപ്പോരുന്ന പൈശാചികവത്കരണം വിശ്വാസത്തിന്റെ പാതയേ അല്ല. വ്യത്യസ്തമായ എന്തിനെയും തിന്മയെന്നും പിശാചെന്നും വക തിരിക്കുന്ന 'വിശ്വാസം' സ്വന്തം അജ്ഞതയെയാണ് പലപ്പോഴും ദൈവികമാകുകയും, അതുവഴി വാതിലുകൾ അടയ്ക്കുകയും ചെയ്യുന്നത്.


ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണോ വൈരക്രിസ്തുവിന്റെ കൂട്ടുകാരനാണോ എന്നതിനെക്കുറിച്ച് വിധി പറയേണ്ടത് ക്രിസ്തുവാണ്. എന്നാൽ, വിശ്വാസം, സഭ, ക്രിസ്തു, ദൈവരാജ്യം മനുഷ്യൻ തുടങ്ങിയവയൊന്നും നിർവചനങ്ങളിലേക്കോ ഞാൻ-അവർ = നന്മ-തിന്മ = ദൈവം-പിശാച് ഫോർമുലകളിലേക്കോ ചുരുക്കാനാവും വിധം ഉപരിപ്ലവ സത്യങ്ങളാണെന്നു ചിന്തിക്കുന്ന ഒരാളല്ല ഫ്രാൻസിസ് എന്നത് വ്യക്തമാണ്. മാത്രമല്ല, ദൈവനീതിയുടെ വ്യക്തമായ ചിത്രത്തിലാണ് സാഹോദര്യവും, സഹവർത്തിത്വവും, കാരുണ്യപ്രവൃത്തികളും യാഥാർത്ഥ്യമാകുന്നതെന്നും, ക്രിസ്തുസത്യം ജീവിക്കപ്പെടുന്നതെന്നും അദ്ദേഹത്തിന് തികഞ്ഞ ബോധ്യവുമുണ്ട്. വിജയഭേരിക്കുതകുന്ന ആദർശമോ സിദ്ധാന്തമോ അല്ല അദ്ദേഹത്തിന് ക്രിസ്തുവിലുള്ള രക്ഷയും ക്രിസ്തുനാമവും. കോവിഡ് കാലഘട്ടത്തിലും, തുടർന്ന്  റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിലും മാർപാപ്പ നൽകിയ ആഹ്വാനങ്ങളിലെ ദൈവരാജ്യമൂല്യങ്ങൾ ഉദാഹരണങ്ങളാണ്. അവയെയും Global pact for education, Economy of Francisco തുടങ്ങിയവയെ ലൗകികം എന്ന് കുറ്റപ്പെടുത്തുന്നവർ, അടയാളങ്ങളന്വേഷിച്ച ഫരിസേയരെപ്പോലെയാണ്. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ മാതാവിന്റെ വെളിപാടുകളോ, ദർശനങ്ങളുടെ വ്യാഖ്യാനങ്ങളോ ആക്കുന്ന സഭാസംരക്ഷകരുമുണ്ട്. 

ഇതേഗണത്തിലുള്ള സഭാസംരക്ഷകർ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള സിനഡ് സഭയെ തകർക്കുന്നു എന്ന് ആക്ഷേപമുന്നയിച്ചിരുന്നു. ആ പ്രക്രിയയ്ക്കായി നല്കപ്പെട്ടിരുന്ന   മാർഗ്ഗരേഖകളിൽ എന്തായിരുന്നു സഭ വിരുദ്ധമെന്നോ വിശ്വാസവിരുദ്ധമെന്നോ മനസിലാക്കാനാവില്ല. അപ്പോൾ, ഹയരാർക്കിക്കലിസം പുരോഹിതമേൽക്കോയ്മ തുടങ്ങിയവ മൂലസ്വഭാവമായി സ്ഥാപനവത്കരിക്കപ്പെടുന്ന ഒരു സംവിധാനമാണ് അവർ സംരക്ഷിക്കുന്ന സഭയും വിശ്വാസവും. അനുഷ്ഠിക്കപ്പെടുന്ന പൗരോഹിത്യം, കയ്യപ്പസിന്റെയോ അതോ ക്രിസ്‌തുവിന്റെയോ എന്ന് ഓരോ കാലത്തും ആത്മാർത്ഥ വിചിന്തനത്തിനു വിധേയമാക്കേണ്ടത് സ്വയം സഭാസ്നേഹവും വിശ്വാസസംരക്ഷണവുമേറ്റെടുക്കുന്ന ആളുകൾ തന്നെയാണ്. അല്ലെങ്കിൽ അവരെ വിശ്വസിക്കുന്ന വിശ്വാസികളാണ്. തീക്ഷ്ണത അന്ധമാക്കിയേക്കാം. മറ്റുള്ളവരെയൊക്കെ, വ്യത്യസ്തതകളെയൊക്കെ, പൈശാചികമാക്കുന്ന പഴിചൊല്ലലുകളിൽ തീർക്കപ്പെടുന്ന സ്വർഗ്ഗരാജ്യം ക്രിസ്തുവിന് അന്യമാണ്. 

മാർച്ച് 02, 2023

അശുദ്ധരെ സ്നേഹിക്കുകയോ?

യോനയെപ്പോലെ തന്നെ അടയാളമായി നിൽക്കുന്ന ഗ്രന്ഥമാണ് എസ്തേർ. ഒരു വിദേശ രാജാവിന് ഭാര്യയായിത്തീർന്ന യഹൂദസ്ത്രീ. അവൾ ഇസ്രായേലിന്റെ രക്ഷക്ക് ഉപകരണമായി എന്ന സന്ദേശം പ്രവാചകധീരതയുള്ള വെല്ലുവിളി ഉൾക്കൊള്ളുന്നു. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയ ജനത്തിൽ ബാബിലോൺകാരിൽനിന്ന് വിവാഹിതരായവർ തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ഉപേക്ഷിക്കണമെന്ന 'പരിശുദ്ധ' ആഹ്വാനം ശരിക്കും 'ദൈവികമാണോ' എന്ന് വഴിമാറി ചിന്തിച്ച വിമതക്കൂട്ടങ്ങളുടെ രചനകളാണ് ദൈവത്തിന്റെ സാർവത്രിക രക്ഷയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചത്. അതിരുകൾ തീർക്കാതെ സകലതിനെയും പരിപാലിക്കുന്ന ദൈവം ഇസ്രായേലിന്റെ മാത്രം ദൈവമല്ല സകലരോടും കരുണ കാണിക്കുകയും നീതി നടത്തുകയും ചെയ്യുന്ന ദൈവമാണെന്ന ബോധ്യത്തിൽ മാറി നടന്നവർ പുരോഹിതശ്രേണിയിലുള്ളവർ  ആയിരുന്നില്ല. ലേവായ - പുരോഹിത സംവിധാനത്തിന്റെ പുതിയ ഘടനകൾ കരുത്തുനേടിത്തുടങ്ങിയപ്പോഴേക്കും ഇത്തരം ചെറു സമൂഹങ്ങൾ നിയമത്തിന്റെ ഒരു പുനർവായനയെക്കുറിച്ച് ആലോചിക്കുവാൻ ധൈര്യം കാണിച്ചു. നിയമത്തിന്റെ ആവർത്തന വായനയിൽ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും അനാഥർക്കും, വിജാതീയർക്കും ദൈവനീതിയിൽ ഇടമുണ്ടായി. അത് ഉപവാസത്തിന്റെയും, ആരാധനയുടെയും, ഭക്തിയുടെയും യഥാർത്ഥ അർത്ഥമായി. റൂത്തും ജോബും തോബിത്തും ഇതേ ചെറുസമൂഹങ്ങളുടെ ധ്യാനമായി കാണപ്പെടുന്നു.

ഫെബ്രുവരി 27, 2023

എനിക്കുവേണ്ടിത്തന്നെയാണ് ചെയ്തത്

ദൈവം തന്റെ ജീവശ്വാസം നിവേശിപ്പിച്ച് ഉയർത്തിയ മനുഷ്യരിൽ ചിലർ നേടിയവരും, ചിലർ വിശക്കുന്നവരും, ദാഹിക്കുന്നവരും, നഗ്നരും, കാരാഗൃഹത്തിലടക്കപ്പെട്ടവരുമായത് ക്രിസ്തുവിന്റെ മുഖത്തെ മുറിവുകളാണ്. ആഹാരവും വെള്ളവും കൊടുക്കുന്നതും, വസ്ത്രം ഉടുപ്പിക്കുന്നതും, നീതി നിഷേധിക്കപ്പെട്ടവരുടെ കൂടെ നിൽക്കുന്നതും, പാപികളെ ക്ഷമിക്കപ്പെടേണ്ടവരായിക്കണ്ടു സ്വാഗതം ചെയ്യുന്നതും ക്രിസ്തുവിനു വേണ്ടിത്തന്നെയാകുന്നതും അതുകൊണ്ടുതന്നെ.

ഫെബ്രുവരി 26, 2023

പ്രലോഭകന്റെ ദിവ്യമുഖം - അവൻ പ്രശോഭിതനാണ്.

ക്രിസ്തീയതയുടെ വിജയങ്ങളും പരാജയങ്ങളും ക്രിസ്തു നേരിട്ട പ്രലോഭനങ്ങളോട് ബന്ധപ്പെടുത്തിത്തന്നെ വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. ബീഭത്സവും ഭീകരവുമായ മുഖത്തോടെ പ്രലോഭകൻ വരുന്നത് കലാകാരന്റെ ചിത്രീകരണം മാത്രം. പ്രലോഭകൻ ആകർഷണീയമായ വേഷത്തിലാണെന്ന് മാത്രമല്ല, ദൈവികരൂപത്തിലാണെന്നതാണ് നമ്മെ ധ്യാനത്തിലേക്ക് നയിക്കേണ്ടത്. ജാലവിദ്യക്കാരനായ ദൈവം പ്രലോഭകനാണ്. കല്ലിൽ നിന്ന് അപ്പം ഉണ്ടാക്കാൻ സിദ്ധി പകരുന്ന ദൈവം അപ്പത്തിന്റെ ജനനത്തിന്റെ കൃപാവഴികളെ മറികടക്കുന്നു. 'ദൈവസാന്നിധ്യത്തിന്റെ' അത്ഭുതങ്ങളും അനുഭൂതികളും തീർത്തുകൊണ്ട് വരണ്ട ഭൂമിയിൽ മരീചികകൾ സൃഷ്ടിക്കുന്നു. അപ്പമാക്കപ്പെടാവുന്ന എത്രയോ കല്ലുകളാണ് നമുക്ക് നൽകപ്പെടുന്നത്! അത്ഭുത പ്രാർത്ഥനകൾ, അത്ഭുത രൂപങ്ങൾ, ആമേൻ പറഞ്ഞു ഷെയർ ചെയ്ത അത്ഭുതം വാങ്ങേണ്ട ചിത്രങ്ങൾ, പത്രങ്ങൾ, അവയുടെ ഫോട്ടോയുടെ ഷെയറിങ്ങ്, സൗഖ്യം പകരുന്ന പ്രത്യേക അഭിഷേകമുള്ള ടെലിവിഷൻ പ്രോഗ്രാമുകൾ അങ്ങനെ എത്രയോ അപ്പങ്ങൾ!

വീണ്ടുമൊരു മായാജാല സിദ്ധി ദേവാലയഗോപുരത്തിൽ നിന്ന് താഴേക്കു ചാടുവാനാണ്. ആത്മീയ താരങ്ങളുടെ അഭൂതപൂർവ്വമായ വർദ്ധനവ് ഇന്നുണ്ട്. ദൈവം കല്ലുകളെ അപ്പമാക്കും എന്ന് ഉറപ്പു നല്കുന്നവരാണവർ. മാത്രമല്ല, മാലാഖമാർ താങ്ങി നിർത്തുന്ന സുരക്ഷ കണ്ടുകൊണ്ട്, ബുദ്ധി (അറിവ്, വിവേചനവരം, വിവേകം എന്നിവ ബുദ്ധിയോട് ചേർന്ന് നിൽക്കുന്ന പുണ്യങ്ങളാണെന്നു ഓർക്കണം) കൂടാതെ 'വിശ്വാസം' പരിശീലിക്കാനും അവർ പഠിപ്പിക്കുന്നു. പ്രലോഭകൻ 'ദൈവം' ആകുന്നതിന്റെ ഉദാഹരണമാണത്.

'ക്രിസ്തുരാജ്യം' അധികാരം ചെലുത്തുന്ന വിധം രാഷ്ട്രീയ സാമൂഹിക മേധാവിത്വം പുലർത്തിയ ഏതു കാലത്താണ് ക്രിസ്തീയത വിജയമായിരുന്നിട്ടുള്ളത്? രാഷ്ട്രീയ സാമൂഹിക ധ്രുവീകരണം, വിശ്വാസത്തിന്റെയും ധാര്മികതയുടേയുമൊക്കെ പേരിലുള്ള വൈകാരിക ചൂഷണം, ദൈവശാസ്ത്രത്തിന്റെയും ആരാധനാക്രമത്തിന്റെയുമൊക്കെ പേരിലുള്ള മർക്കടമുഷ്ടിയും മാത്സര്യങ്ങളുമെല്ലാം ദൈവത്തെ തന്നിലേക്ക് ചുരുക്കുകയും നിയന്ത്രണാധികാരം ദൃഢമാക്കുകയും ചെയ്ത്, പ്രലോഭകന്റെ മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുകയുമാണ്. പ്രലോഭകന്റെ ദിവ്യമുഖം എത്രയോ ഭവ്യമാണ്. ഭക്തിയുടെയും വിശ്വാസത്തിന്റെയുമൊക്കെ ഉടയാടകളിൽ അവൻ പ്രശോഭിതനാണ്.

.....................................

ക്രമരഹിതവും ശൂന്യവുമായിരുന്ന ഭൂമിയിൽ എങ്ങനെ അപ്പമുണ്ടായി?

അപ്പത്തിന്റെ ജനനത്തിനു വഴിവെച്ചതെല്ലാം കൃതജ്ഞതയുടെ ആർദ്രത ഉള്ളിൽ നിറക്കുന്നു. പ്രലോഭനങ്ങളിൽ കരുത്താവേണ്ട ആദ്യഗുണം കൃതജ്ഞതതന്നെയാണ്. എത്രയോ ഉദരങ്ങളിലും ഹൃദയങ്ങളിലും വഹിക്കപ്പെട്ടാണ് ധാന്യമണികൾ അപ്പമാകുന്നത്. കാത്തിരിപ്പ്, പരിപാലന, മൃദുലത എന്നിവയെല്ലാം പതിയെ ഗ്രഹിച്ചു ധ്യാനമാവേണ്ടവയും!

ഫെബ്രുവരി 24, 2023

എന്തിനു നീ ഉപവസിക്കുന്നു?

എന്തിനു നീ ഉപവസിക്കുന്നു?

നോമ്പ് ഒരു ധ്യാനവും തപസ്സുമാണ്. ധ്യാനമുൾക്കൊള്ളുന്നത് ഒരേ സമയം ഓരോരുത്തരുടെയും ജീവിതവും അതിലൊക്കെയുമുള്ള ദൈവസാന്നിധ്യവുമാണ്. പൊടിയും ചാരവുമായ നികൃഷ്ടജീവിയായി സ്വയം കാണുന്നതിനേക്കാൾ മണ്ണിൽനിന്നുയരുന്ന ജീവസാധ്യതയെ ധ്യാനിക്കേണ്ടതാണ് നോമ്പുകാലം.  ജീവന്റെ തിരുശേഷിപ്പുകളുടെ ലാവണ്യമാണ്‌ മണ്ണിലുള്ളത്. അതുകൊണ്ട്, മണ്ണ് നശ്വരതയെക്കുറിച്ചുള്ള ബോധ്യത്തെക്കാൾ കൃതജ്ഞതയാണ് ജനിപ്പിക്കേണ്ടത്. മണ്ണിൽനിന്നുയരുന്ന മനുഷ്യർ ക്രിസ്തുവായി രൂപാന്തരപ്പെടുന്നതാണ് ധ്യാനത്തിന്റെ ആത്മാർത്ഥതയും പ്രവൃത്തിചര്യയും. ഇന്നലെകളിലൂടെ രൂപപ്പെട്ട മനുഷ്യൻ കൃപയാൽ ആയിത്തീരുന്ന പുതിയ മനുഷ്യനെക്കുറിച്ചാണ് ആ ധ്യാനം. ദൈവകൃപയാൽ ഞാൻ ആരായിത്തീരും? ആ രൂപം എന്തായിരിക്കും? അതിലേക്കുള്ള പാതയെന്താണ്? പാത ക്രിസ്തുവാണ്. അതുകൊണ്ടുതന്നെ, നോമ്പാചരണത്തിന്റെ മാതൃകയും ഉദ്ദേശ്യവും ക്രിസ്‌തുതന്നെയാവണം. അതായത്, ഒരു ക്രിസ്തുരൂപമായിത്തീരാനുള്ള ആഗ്രഹവും, തന്റെ ജീവിതത്തിൽ ക്രിസ്തു ജീവിച്ച ആ ജീവിതമാതൃക പ്രാർത്ഥനയേയും ഉപവാസത്തെയും സമീപനങ്ങളെയും രൂപപ്പെടുത്തണമെന്നർത്ഥം.

ക്രിസ്തുവെന്ന സത്യത്തിലൂടെ നമ്മെത്തന്നെ നോക്കിക്കാണാൻ ശ്രമിക്കുന്നതാണ് തപസ്സ്. ആ സത്യം നമ്മിലെ ആന്തരികതയെ നേർക്കാഴ്ചയാക്കുമ്പോഴാണ് അത് നമ്മെ പൊള്ളിക്കുന്നത്. തപിപ്പിക്കുന്ന ആത്മാർത്ഥ ചിത്രത്തെ കൃപക്ക് മുമ്പിൽ തുറന്നു വയ്ക്കുകയാണ് തപസ്സിൽ. സ്വയവും മറ്റുള്ളവരെയും മുറിപ്പെടുത്തുന്ന മുള്ളുകൾ സൃഷ്ടിക്കുന്ന ആത്മനൊമ്പരങ്ങൾ കൃപയുടെ തെളിനീരാൽ സ്‌നാപനം ചെയ്യപ്പെട്ട് ക്രിസ്തുവായി ഉയരുന്ന പുതുമനുഷ്യൻ. അതുതന്നെയാണ് ജഡികമനുഷ്യനിൽ നിന്നും ആത്മീയമനുഷ്യനിലേക്കുള്ള മാറ്റം. ജഡികതയെ ശാരീരികം എന്ന് ചുരുക്കുന്നത് ശരീരത്തെ വെറുക്കാൻ പഠിപ്പിക്കുന്ന കാഴ്ചപ്പാടുകളിൽ നിന്നാവണം. അഹന്തയും അസൂയയും മാത്സര്യവുമെല്ലാം ജഡികതയാണ്. ഇവയൊക്കെ സ്വയം കേന്ദ്രീകൃതമായി ഒരാളെ അടച്ചുകളയുമ്പോൾ, പതിയെയാണെങ്കിലും ഒരാളെ മറ്റുള്ളവരിലേക്ക് തുറക്കാനായി ആത്മപരിത്യാഗം സഹായിക്കും. ശരീരത്തിന് അസ്വസ്ഥതയോ വേദനയോ നൽകുന്നതിൽ ദൈവത്തിനു സന്തോഷമില്ല, എന്നാൽ തന്നിലൊതുങ്ങാതെ പരസ്നേഹം പരിശീലിക്കുന്നവരിൽ ദൈവം കാണുന്നത് സ്വീകാര്യമായ ദൈവപുത്ര രൂപമാകും.

പിതാവുമായുള്ള ഗാഢബന്ധത്തിന്റെ പ്രയോഗികതലമായിരുന്നു ക്രിസ്തുവിന്റെ ഉപവാസം. "പിതാവ് എന്നിൽ വസിച്ചുകൊണ്ട് അവിടുത്തെ പ്രവൃത്തികൾ ചെയ്യുകയാണ്" എന്നതായിരുന്നു ഉപവാസത്തിന്റെ അർത്ഥം.  അതുകൊണ്ടാണ്, കരുണ കാണിക്കാനും, ആശ്വസിപ്പിക്കാനും, കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കാനും, ജീവനറ്റവരെ ഉയർത്താനും, പുറത്താക്കപ്പെട്ടവരെ അടുത്തുചെന്നു കാണാനും, വെറുക്കപ്പെട്ടവരെ സ്നേഹിക്കുവാനും ക്രിസ്തുവിനു കഴിഞ്ഞത്.  മണവാളൻ അകന്നു പോകുന്നതാണ് ഉപവാസപശ്ചാത്തലമാവേണ്ടത് എന്ന് യേശു പറഞ്ഞു. ഏകാന്തതയിൽ ഉപവസിച്ചു പ്രാർത്ഥിച്ച ക്രിസ്തുവിന്റെ ശിഷ്യർ എന്തുകൊണ്ട് ഉപവസിക്കുന്നില്ല എന്ന ചോദ്യം ഉയരുന്നത് ആചാരപരമായ ഉപവാസങ്ങളെകുറിച്ചാണ്. ഉപവാസം ആചാരമാകുന്നത് അതിനെ ശുഷ്കമാക്കുന്നു, മറിച്ച്, ഉപവാസം നീതിയുടെയും, സഹതാപത്തിന്റെയും കരുണയുടെയും അടയാളമാണ്. 

മണവാളന്റെ സാന്നിധ്യം, തിന്നുകുടിച്ചാനന്ദിക്കാനുള്ള വേളയല്ല, സുവിശേഷത്തിന്റെ ആനന്ദം അത് പ്രാപ്യമല്ലാത്തവർക്ക് ക്രിസ്തുവിന്റെ മനോഭാവത്തോടെ തുറന്നുകൊടുക്കുക എന്നതാണ്. അത് ഒരേ സമയം, ക്രിസ്തുവിൽ നിറഞ്ഞവരായി പെരുമാറുന്നതിനും ദൈവരാജ്യം അന്യമാക്കപ്പെട്ടവരുടെ വേദനയിൽ ഒന്നായി ചേർന്ന് യഥാർത്ഥ ഉപവാസമനുഷ്ഠിക്കാനും പ്രേരകമാകുന്നു. അന്ധർക്കു കാഴ്ചയും ബന്ധിതർക്കു മോചനവും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും നൽകാൻ,  ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുന്ന, മർദ്ദിതരെ സ്വതന്ത്രരാക്കുന്ന, വിശക്കുന്നവനുമായി പങ്കു വയ്ക്കുന്ന ഉപവാസം. 

പരിഹാരമായർപ്പിക്കുന്ന ഉപവാസങ്ങളും ത്യാഗങ്ങളും ഭക്തിരൂപങ്ങളായുണ്ട്. 'വിജാതീയ' കോടതികളുടെ നടപടിക്രമങ്ങളിലേക്കു ദൈവനീതിയെ ചേർത്തുവയ്ക്കുന്നതുകൊണ്ടാണ് ശിക്ഷക്കുമേൽ ശിക്ഷ വിധിക്കുന്ന ദൈവം പരിഹാരം തേടുന്നവനാക്കപ്പെടുന്നത്. നല്ലവരും ദുഷ്ടരും എല്ലാവരും ജീവന്റെ സമൃദ്ധി പ്രാപിക്കുകയെന്നതാണ് ദൈവനീതി. ദൈവം താങ്ങി നടത്തുകയും സൗഖ്യം നല്കുകയുമെല്ലാം ചെയ്യുന്നത് അതുകൊണ്ടുതന്നെ. ക്രിസ്‌തുപാലിച്ച ജീവിതക്രമവും ആ ദൈവനീതിയായിരുന്നു. ക്ഷമിക്കുകയെന്നത് സ്വീകാര്യതയായും കരുണയെന്നത് സ്നേഹത്തിന്റെ സാന്ത്വനസ്പർശമായും അറിഞ്ഞാൽ 'പിഴയടക്കേണ്ട' ഭക്തിരൂപങ്ങളെ തിരുത്താവുന്നതേയുള്ളു. വിധവയ്ക്ക് നീതി നടത്തിക്കൊടുക്കാതിരുന്ന ന്യായാധിപന്റെ ഉപമയിലൂടെ ക്രിസ്തു പഠിപ്പിച്ചതും, ദൈവം അതുപോലൊരു ന്യായാധിപനാണെന്നു ധരിക്കരുതെന്നല്ലേ?

പ്രാർത്ഥനയും, ഉപവാസവും ദാനധർമ്മവും ക്രിസ്തുവെന്ന സൗന്ദര്യത്തെ വ്യക്തിയിലും സമൂഹത്തിലും യാഥാർത്ഥ്യമാക്കുവാനാണ്. ഉപവാസങ്ങൾ, അത്ഭുതങ്ങളുടെ ഒരു മാസ്മരികകാലമായി നോമ്പുകാലത്തെ മാറ്റാനുള്ള ഉപാധിയല്ല. ഉപവാസത്തിന്റെ ശക്തി, അത് നീതിയുടെ പാതയിലേക്ക് ഉപവസിക്കുന്നവരെ നയിക്കുമ്പോഴാണ്. ദാനധർമ്മം ഫലമായിത്തീരാത്ത ഉപവാസമൊന്നും ദൈവമാഗ്രഹിക്കുന്ന ഉപവാസമല്ല. നോമ്പെടുക്കുന്നതും ഉപവസിക്കുന്നതും പ്രത്യേക ശക്തിക്കായും കാര്യസാധ്യങ്ങൾക്കായും അല്ല, മറിച്ച്, ഓരോരുത്തരിലും സഭയിലും ക്രിസ്തുരൂപം ഉണ്ടാകുവാനാണ്. ആ ലക്ഷ്യമില്ലാതെ, ഏതു പാരമ്പര്യമനുസരിച്ചു നോമ്പനുഷ്ഠിച്ചാലും അത് സ്വയം കൂടുതൽ ശിഥിലമാക്കുകയേയുള്ളു. 

ജീവിതത്തെയും അതിന്റെ സംഘർഷങ്ങളെയും അസ്വസ്ഥതകളെയും കൂടെ നിർത്തിക്കൊണ്ടാണ് നോമ്പും പ്രാർത്ഥനയുമെല്ലാമുള്ളത്. അവയെയൊന്നും കണ്ടില്ലെന്നമട്ടിൽ 'സ്വർഗ്ഗീയമായ' ആത്മീയയാത്ര നടത്തുന്നത് നീതിയുടെ നിലവിളി സ്വരത്തിൽ നിന്നും ഒഴിഞ്ഞു മാറി ശൂന്യമായ ഭക്തി പരിശീലിക്കലാണ്. അഹന്തയും കാർക്കശ്യവും ദൈവനാമത്തിൽ രൂപപ്പെടുത്തുന്ന ആഴമേറിയ മുറിവുകളെ അതിന്റെ തീവ്രതയിൽ ആത്മചൈതന്യത്തോടെ രക്ഷാകരമായ രീതിയിൽ ഓരോ ദിവസവും ധ്യാനിച്ചെങ്കിലേ, സമരസപ്പെട്ടു കഴിഞ്ഞ ക്രൂരതകളെ ക്രിസ്തുവിന്റെ പ്രവാചകധീരതയോടെ അഭിമുഖീകരിക്കാനാകൂ. എങ്കിലേ നോമ്പ് ഉയിർക്കുന്ന ക്രിസ്‌തുവിലുള്ള പ്രത്യാശയാൽ  പ്രേരിതമാകുന്ന കാലമാകൂ. 

ദേവാലയാങ്കണത്തിലെ പരിമളതകളിലേക്ക് ചുരുക്കപ്പെടുന്ന ഭക്ത്യാചാരങ്ങൾക്ക് 'നിങ്ങൾക്കിടയിലുള്ള' ദൈവരാജ്യം തിരയാനുള്ള ആർദ്രതയില്ല. ക്രിസ്തു നഷ്ടമായിട്ടും, ആ നഷ്ടം ഒരു തരത്തിലും ബാധിക്കാതെ പോകുന്ന നമ്മുടെ കാലഘട്ടത്തിന് ഉപവാസവും, പെസഹായും, ദുഃഖവെള്ളിയുമെല്ലാം ആചാരങ്ങളാണ്, ജീവിക്കുന്ന സംഭവങ്ങളല്ല. Event managers  വളരെ ഭംഗിയായി ചടങ്ങുകൾ നടത്തുന്നതുപോലെ ക്രമമായി എല്ലാം അനുഷ്ഠിക്കപ്പെടുന്നു.

അനാഥർക്ക് നീതി നടത്തിക്കൊടുക്കുകയും മർദ്ദിതരെ മോചിപ്പിക്കുകയും ചങ്ങലകൾ പൊട്ടിക്കുകയും ചെയ്യുന്ന പ്രവാചകധീരതയാണ് ഉപവാസത്തിന്റെ ചൈതന്യമെന്ന് ഗ്രഹിക്കുവാനാണ് വീണ്ടും ജനനമൊക്കെ നിത്യേന ആവശ്യമായുള്ളത്. ആത്മരോഷത്തിന്റെ തീജ്വാല, ഗുരുസ്വരത്തിനു നേരെ തിരിച്ചു വെച്ച കാതുകളിൽ കേൾക്കപ്പെടുന്ന വചനത്താൽ അലിവിന്റെ ഹൃദയവും ധീരതയുടെ ശബ്ദവും സ്വാംശീകരിക്കുന്നു. അങ്ങനെ ഒരാൾക്ക്  ക്രിസ്തുവിന്റേത് പോലെ ഉപവാസത്തിന്റെയും ധ്യാനത്തിന്റെയും വിലാപത്തിന്റെയും രാത്രികളും, സൗഖ്യത്തിന്റെയും ശുശ്രൂഷയുടെയും ദിനങ്ങളും സ്വന്തമാക്കാം.