ദൈവത്തിനു മതമുണ്ടോ എന്ന ചിന്തയേക്കാൾ ഇന്ന് പ്രസക്തമാവുന്നത് പിശാചിന് മതമുണ്ടോ എന്നതാവും. പിശാച് ഒരു അന്യമതക്കാരനാണോ? അന്യമതങ്ങളിലെ എല്ലാവരും പിശാചിനാൽ സ്വാധീനിക്കപ്പെട്ടവരും തിന്മ ചെയ്യുന്നവരുമാണോ? അവർ ചെയ്യുന്ന നന്മകൾ ഞാൻ ചെയ്യുന്ന നന്മകളേക്കാൾ വില കുറഞ്ഞവയാണോ? ഞാൻ ചെയ്യുന്നത് കൃപയിലുള്ളവയും മറ്റുള്ളവരുടെ നന്മകൾ വെറും മാനുഷികവുമാണോ? എന്റെ കൂട്ടരിൽ തിന്മ ചെയ്യുന്നവരില്ലേ?
ആരാണ് ഈ ഞങ്ങളും മറ്റുള്ളവരും? ലാറ്റിൻ അമേരിക്കക്കാരും ആഫ്രിക്കക്കാരും ഏഷ്യക്കാരും വിഗ്രഹാരാധകരും അജ്ഞരുമാണ്, മറ്റുള്ളവർ നിരീശ്വരരാണ്. ഞങ്ങൾ ക്രിസ്ത്യാനികളും, മറ്റുള്ളവർ അന്യമതക്കാരും മതരഹിതരും ഫ്രീമേസൺകാരും ആണ്. ഈ മറ്റുള്ളവർ വഞ്ചകരും ഞങ്ങളെ കീഴ്പ്പെടുത്താൻ തക്കം പാർത്തിരിക്കുന്നവരുമാണ്. ഞങ്ങൾ പാരമ്പര്യ കത്തോലിക്കരും അവർ ലൗകികചിന്തകളാൽ നയിക്കപ്പെടുന്നവരുമാണ്. ഞങ്ങൾ പ്രയർ ഗ്രൂപ്പുകളിൽ സജീവമാണ് അവർ വെറും ഞായറാഴ്ച ക്രിസ്ത്യാനികളാണ്. ഞങ്ങൾ ശരിയായ വിശ്വാസം സംരക്ഷിക്കുന്ന ഗ്രൂപ്പാണ് മറ്റുള്ളവർ തീർത്തും ശരിയല്ല. ഞാൻ മാത്രമാണ് ദൈവവിശ്വാസി, വേറെ ഒരാളും ശരിയല്ല. തിരഞ്ഞെടുപ്പ് കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന വിശ്വാസസംരക്ഷകരുമുണ്ട്.
ഈ അസംബന്ധങ്ങളെ വിശ്വാസമായിക്കരുത്തുവാൻ മാത്രം അവിശ്വാസികളായിത്തീർന്നിരിക്കുന്നു ഏറെപ്പേരും. സ്വർഗ്ഗം പല മതക്കാർക്ക് വ്യത്യസ്തമാണോ? വെവ്വേറെ സ്ഥലങ്ങളാണോ ഉണ്ടാവുക? സംശയിച്ചുപോന്നവരെ അവിടെ കണ്ടാൽ അവിടെയും അകൽച്ച പാലിക്കാൻ കഴിയുമോ? അവരിൽ നിന്നൊഴിഞ്ഞു മാറാൻ അല്ലേലൂയാ പാടാൻ തിരക്ക് കാണിച്ചു ദൈവത്തിനു മുമ്പിലെത്തുമ്പോൾ അത് സമ്മതിക്കപ്പെടുമോ?
നന്മതിന്മകളെന്നു വിഭജിക്കപ്പെടുന്ന ഏറ്റവും കൂർത്ത മതിലിന്മേലാണ് ചിലർക്ക് സ്വർഗ്ഗരാജ്യം കാണപ്പെടുന്നത്. എന്റെ ഭാഗത്തല്ലാത്തതെല്ലാം തെറ്റും പിശാചിന്റേതുമാണെന്നതിൽ സത്യമുണ്ടോ? ചിലരുടെ ഭക്തിപ്രകാരം പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നില്കുന്നത് തന്നെ പിശാചാണ്. ഉപ്പ്, ജലം തുടങ്ങിയവ എവിടെയൊക്കെ എപ്പോഴൊക്കെ വിതറണം തളിക്കണം എന്നതാണ് വ്യഗ്രത നിറഞ്ഞ അവരുടെ ആത്മീയ നിഷ്ഠ. സമാധാനത്തിലിരിക്കുന്ന വീടുകളിൽ പോലും കടന്നു ചെന്ന് അസ്വസ്ഥത സൃഷ്ട്ടിക്കുന്ന അവർ എന്ത് സുവിശേഷമാണ് പ്രഘോഷിക്കുന്നത്. പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത കപട വിശ്വാസികൾ രൂപപ്പെടുത്തുന്ന മതസ്പർദ്ധകളെ വിശ്വാസമെന്ന വിളിക്കുന്നതിൽ പ്രീതിപ്പെടുത്തുന്ന ദൈവം ഏതാണ്. തീവ്രഭക്തി, പരിഹാരങ്ങൾ, കുരിശിൻ്റെ വഴി ഇങ്ങനെയൊക്കെ ഒരുപാട് കർമ്മങ്ങൾ നടത്തപ്പെടുന്നെങ്കിലും, അവസാനം പിശാചാണ് പ്രധാന ധ്യാനവിഷയം.
ദൈവം-കൃപ-ജീവൻ-സൃഷ്ടി-മനുഷ്യൻ എന്നീ ബന്ധങ്ങളിൽ ഗ്രഹിക്കാവുന്നതേയുള്ളു ക്രിസ്തീയവിശ്വാസത്തിന്റെ എന്തും. ദ്വന്തസ്വഭാവങ്ങളിലേക്കു വേർതിരിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തിന്മയായി ചാർത്തപ്പെടുന്നവയിൽ ഏറെയും അഭിമുഖീകരിക്കാൻ തയ്യാറെടുപ്പില്ലാത്ത/ ധൈര്യമില്ലാത്ത/ കെൽപ്പില്ലാത്ത സങ്കീർണ്ണതകളും, മായ്ക്കാൻ മനസ്സില്ലാത്ത അജ്ഞതകളുമാണ്.
ദൈവരാജ്യത്തിന്റെ ആദ്യ അനുഭവം എല്ലാവരും ദൈവമക്കളാണെന്നു ഗ്രഹിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാൽ ഈ അവബോധത്തിൽ കൂടുതൽ വളർന്നു കൊണ്ടാണ് ദൈവാരാജ്യത്തിലുള്ള ജീവിതം സാധ്യമാകുന്നത്. പകരം, തന്നിൽ നിന്ന് വ്യത്യസ്തമായ സകലതിനെയും മറുഭാഗത്തു നിർത്തി പൈശാചികവത്കരിച്ച് സ്വയം ശുദ്ധി കല്പിക്കുന്നതിൽ ദൈവരാജ്യമില്ല. മതങ്ങളുടെ കർക്കശമായ നിർവചനങ്ങളിലേക്ക് സ്വർഗത്തെ അടക്കുന്നവർക്ക് എല്ലാവരും ദൈവമക്കളാണെന്ന് കരുതാൻ കഴിയുമോ? സാധിക്കുന്നില്ലെങ്കിൽ ഏത് സുവിശേഷത്തിലാണ് അവർ പ്രത്യാശ വയ്ക്കുന്നത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ