ഓരോ പാപവും ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിൽ തറക്കുന്നു എന്നത്, അത് വേണ്ട വിധം ഗ്രഹിക്കുന്നില്ലെങ്കിൽ, വികലമായ ദൈവശാസ്ത്ര കാഴ്ചപ്പാടാണ്. പാപം കൃപയുടെ രാഹിത്യമുണ്ടാക്കുന്നതിനാൽ അത് 'ക്രിസ്തുശരീരത്തിൽ' വേദനയുണ്ടാക്കുന്നു. കാരണം നമ്മൾ ഓരോരുത്തരും കൃപയാലാണ് പരസ്പരം ഒരുമിച്ചു ചേർക്കപ്പെട്ടിരിക്കുന്നത്. ഒരാളുടെ കൃപാശൂന്യത ശരീരം മുഴുവനെയും വേദനിപ്പിക്കുന്നു. ക്രൂശിക്കുന്നു എന്നത് രൂപകാത്മകമാണ്.
അഹന്തയും അസൂയയും മാത്സര്യവും പകയും തീർക്കുന്ന തിന്മകൾ അറിവോടെ തന്നെയാണ്. അവ ദൈവകൃപയെ തിരസ്കരിക്കുന്നു, ദൈവത്തിനെതിരെ നിൽക്കുന്നു. ബലഹീനതകളിൽ നിന്നുള്ള തിന്മകളിലെ നിസ്സഹായത ദൈവകരുണ അർഹിക്കുന്നു. ദൈവം അവയെ സാന്ത്വനിപ്പിക്കുകയും കൃപയുടെ ശക്തിയാൽ നിറക്കുകയും ചെയ്യും. എന്നാൽ, ആദ്യത്തെ വിഭാഗത്തെ പലവിധം ന്യായീകരിക്കാനുള്ള സാദ്ധ്യതകൾ കാണുകയും, എന്നാൽ രണ്ടാമത്തെ വിഭാഗത്തെ കുറ്റബോധം കൊണ്ട് നിറച്ചു സ്വയം പീഢിപ്പിക്കാനുമാണ് നമ്മൾ പരിശീലിക്കാറുള്ളത്. ചില സമൂഹങ്ങളുടെ ഇര-അവബോധത്തെ ഉറപ്പിച്ചു നിർത്താനും പലപ്പോഴും രക്തത്തിൽ കുളിച്ച പീഢിതക്രിസ്തുരൂപങ്ങൾ അവതരിപ്പിക്കപ്പെടാറുണ്ട്.
പീഢനമേല്കുന്ന സമൂഹം പീഢിപ്പിക്കപ്പെടുന്ന ക്രിസ്തുശരീരമാണെന്ന തിരിച്ചറിവ് പൗലോശ്ലീഹാക്ക് ക്രിസ്തുവിന്റെ വെളിപാടായിരുന്നു. പീഢനമേല്കുന്ന, അനീതി സഹിക്കുന്ന, വിശക്കുന്ന ആരുതന്നെയും ക്രിസ്തുശരീരത്തിന്റെ മുഴുവൻ വേദനയാണ്. അത്തരത്തിൽ കാണുവാൻ മാത്രം വെളിപാടുകൾ തുറന്നു തരാൻ നമ്മുടെ ഭക്തികൾക്കു ചൈതന്യം ഇല്ല എന്നതാണ് കാര്യം. അധർമ്മങ്ങളും അനീതിയും കപടതയും വഴിയാണ് ക്രിസ്തു പീഢനമേല്കുന്നത്. അത് എല്ലാവരുടെയും വേദനയാവുകയും വേണം. അത്തരം പീഡനങ്ങളെ, ക്രിസ്തുവിന്റെ ക്രൂശീകരണമായി കാണാൻ നമ്മുടെ ഭക്തി നമ്മെ നയിക്കാത്തതെന്തേ? അതോ അവയെ നിഷേധിക്കാനും മറച്ചു വെക്കാനും പ്രതിരോധിക്കാനും കൂടുതൽ മോശമാക്കാനുമാണോ ശ്രമം?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ