Gentle Dew Drop

മാർച്ച് 09, 2023

ഭക്തി ശൂന്യവും കപടവുമാകുന്നത്

പടിവാതുക്കൽ കരുണ തേടുന്ന അനേകർ നമ്മുടെ കൂടെയുണ്ട്. വീട്ടിനുള്ളിലുള്ളവരോ പുറമെയുള്ളവരോ ആകാം അവർ. അവഗണിക്കപ്പെടുന്നവരും, മറക്കപ്പെടുന്നവരും, വിധിക്കപ്പെടുന്നവരും, അവരിലുണ്ട്. ദൈവം മാത്രം സഹായമായുള്ളവരെ (ലാസറിന്റെ അർത്ഥം) പാപികളെന്ന് വിളിച്ചുകൊണ്ട് നമ്മുടെ മാറ്റിനിർത്തൽ  പ്രക്രിയയെ വിശുദ്ധീകരിക്കുകയുമാകാം. മനുഷ്യരെന്ന നിലയിൽ തുല്യരായവരെ ദയാദാക്ഷീണ്യം പോലെ പരിഗണന നൽകി ധാർമ്മികരാകുന്നവരും ഉണ്ട്. ലാസറിന്റെ നേരെ മുഖം തിരിച്ച ധനികനെ മറച്ചത് ധനത്തിന്റെ മഹിമകൾ മാത്രമാണോ? അയാളുടെ വർണ്ണന, തെരുവുകളിൽ പ്രാർത്ഥിക്കുകയും സ്തുതികൾ ആഗ്രഹിക്കുകും ചെയ്ത ഫരിസേയരുടെ വർണ്ണനകളിലെ വസ്ത്രത്തിന് സമാനമാണ്. 

ഭക്തി ശൂന്യവും കപടവുമാകുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് അതിനെ ദേവാലയാങ്കണത്തിലേക്കും, ജപം, പൂജ, അർച്ചന, നേർച്ച തുടങ്ങിയ പ്രവൃത്തികളിലേക്കും ചുരുക്കിക്കൊണ്ടാണ്. രണ്ടാമത്, ദൈവികപുരുഷരിലേക്കും താരപരിവേഷയുള്ളവരിലേക്കും അന്ധമായ വിശ്വാസം അർപ്പിക്കുക എന്നതാണ്.  അവരിൽ വാഴ്ത്തപ്പെടുന്ന രാജാക്കന്മാരും പുരോഹിതരും ദൈവഹിതം തേടുന്നവരാവണമെന്നില്ല. അത്തരം രാജകീയതയും പൗരോഹിത്യവും ക്രിസ്തുവിലേക്കാരോപിച്ചു കൊണ്ടാണ് ഏകരക്ഷകത്വവും ഏകദൈവവുമെല്ലാം വിജയഭേരിയുള്ള മുദ്രാവാക്യങ്ങളാകുന്നത്. ദൈവഹൃദയത്തിന്റെ നീതിയും സ്നേഹവും ജീവിച്ചു ചുറ്റിലും യാഥാർത്ഥ്യമാക്കിയ ക്രിസ്തു സ്വയം വിളിച്ചത് മനുഷ്യപുത്രൻ എന്നാണ്. ദൈവരാജ്യം, നീതി, ഭക്തി എന്നിവയൊക്കെ സത്യത്തിൽ നമ്മൾ കണ്ടറിയുന്നത് ക്രിസ്തുവിലാണെങ്കിൽ ലൗകികാമെന്നു വിളിക്കപ്പെടുന്ന, ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന 'ദൈവവിളികൾ' യഥാർത്ഥത്തിൽ കൃപയുടെ ക്ഷണമാണെന്നു മനസ്സിലാക്കാം. 

നിങ്ങൾക്കിടയിലാണെന്ന് ക്രിസ്തു ഉറപ്പു നൽകിയ ദൈവരാജ്യം അലൗകികമാക്കിത്തീർത്തതും, 'വരാനിരിക്കുന്നത്' മാത്രമാക്കിയതും വിശ്വാസത്തിലെയും  ആത്മീയതയിലേയും കാഴ്ചപ്പാടുകളിലെ ചില  പോരായ്മകൾ മൂലം കൂടിയാണ്. ആത്മീയത, സ്വർഗ്ഗരാജ്യം, രക്ഷ എന്നിവയെ അതിലൗകികമാക്കിതീർത്തുകൊണ്ട് മനുഷ്യനെ പ്രകൃതിയിൽ നിന്ന് വ്യത്യസ്തമായി മാറ്റിനിർത്തി. യൂറോപ്പിനെ ആകമാനം ബാധിച്ച പ്ളേഗ് ലോകത്തെക്കുറിച്ച് ഭീതിയും അവജ്ഞയും രൂപപ്പെടുത്തി. അവയെ സാധൂകരിക്കുന്ന ആത്‌മീയ വീക്ഷണങ്ങൾ രൂപപ്പെടുത്തി, ഭൂമിയും ശരീരവും വെറുക്കപ്പെടേണ്ടതാക്കി. വചനം മനുഷ്യനായി മാംസരൂപം സ്വീകരിച്ചത് സൃഷ്ടപ്രപഞ്ചത്തിന്റെ സകലയാഥാർത്ഥ്യങ്ങളിലേക്കു കൂടിയാണ്. രക്ഷയുടെ ആ അനുഭവത്തെ മനുഷ്യന്റേത് മാത്രമാക്കി പ്രകൃതിയും, ജൈവ സംവിധാനങ്ങളുമായി മനുഷ്യനുള്ള ബന്ധവും, അവയെ പവിത്രമായി കരുതാനും നിലനിർത്താനുമുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങളും,  അവയിൽ ദൈവത്തിന്റെ പരിപാലനയുടെ അടയാളങ്ങളും കാണേണ്ടതില്ലാതായി. സാമൂഹികമാനത്തിനു  ഊന്നൽ കുറയുകയും വ്യക്തിപരമായ രക്ഷക്ക് പ്രാധാന്യമേറുകയും ചെയ്തു. രക്ഷയുടെ സമഗ്രമായ അനുഭവത്തിൽ നിന്ന് മാറി അത് ആത്മീയം മാത്രമായി. അങ്ങനെ രക്ഷയുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക തലങ്ങളിലെ വിളിയും ദൗത്യവും വെല്ലുവിളികളും ഒഴിച്ചുനിർത്തി നമ്മൾ 'ഭക്തി' അഭ്യസിച്ചു. 'ദൈവിക' കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നവരായി. പ്രപഞ്ചത്തിൽ നിന്ന് അകറ്റി തീർത്തും വ്യക്തിപരവും മനുഷ്യരുടേതു മാത്രവുമായ രക്ഷ പ്രാപഞ്ചികമായി  ക്രിസ്തുവുമായി ഒന്ന് ചേരുന്ന രക്ഷാനുഭവത്തെ പാടെ ഉപേക്ഷിച്ചു.  ഇവയോരോന്നിനും വിശ്വാസിസമൂഹത്തിനുള്ളിലും പൊതുരംഗത്തും, സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥവ്യാപ്തിയുണ്ട്.

ദുഷ്ടത പ്രവർത്തിക്കുന്നവരുടെ ബലികൾ ദൈവത്തിനു അപമാനവും മ്ലേച്ഛവുമാണെന്ന് സുഭാഷിതങ്ങൾ പറയുന്നു. ഭക്തിയുടെ പുറം ചട്ടകളിൽ യഥാർത്ഥ ദൈവഭക്തിയെ ലൗകികമെന്ന് വിളിക്കുന്നവരുണ്ട്. വിദ്യാഭാസം, സാമൂഹിക സേവനം, നീതിക്കു വേണ്ടിയുള്ള പ്രവൃത്തികൾ എന്നിവയൊക്കെ വെറും ലൗകികമൂല്യങ്ങളാണത്രെ. "ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടു കൂടെ" എന്നത് നമ്മിലെ കൃപാപ്രവൃത്തികൾ കൂടാതെ എന്താണ്? ഗിരിപ്രഭാഷണത്തിലെ വാഗ്ദാനങ്ങൾ നിവർത്തിയാക്കേണ്ടത് ദൈവരാജ്യത്തിന്റെ മക്കളായതുകൊണ്ടല്ലേ, ക്രിസ്തുസദൃശ്യത കണ്ടുകൊണ്ട് പരപസ്പരം ശുശ്രൂഷിക്കുവാൻ അവിടുന്നു പറഞ്ഞത്? ഈ ധർമ്മമാണ് ഫരിസേയകപടത ഭക്തികൊണ്ട് അവഗണിച്ചു കളയുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ