Gentle Dew Drop

മാർച്ച് 04, 2023

ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണോ ...

 "ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭക്കുനേരെയുള്ള  ആക്രമണം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മരണത്തിനു ശേഷം കൂടുതൽ ശക്തമാക്കുന്നു:" 'സഭയുടെ നന്മക്കുവേണ്ടി മാത്രം' വിശ്വാസം കാത്തു സൂക്ഷിക്കാൻ വേണ്ടി മാത്രം നിലകൊള്ളുന്ന യൂട്യൂബ് ചാനലിലെ ഒരു സന്ദേശത്തിന്റെ ഭാഗമാണ്.  ബെനഡിക്ട് മാർപാപ്പയുടെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടനവധി പുസ്തകങ്ങളും ലേഖനങ്ങളും ഫ്രാൻസിസ്-പേപ്പസിയെ നേരിട്ടും പരോക്ഷമായും അക്രമിക്കുന്നവയുമായിരുന്നു. ഏതാണ്ട് കഴിഞ്ഞ  ഇരുപത് വർഷങ്ങളിൽ ആഗോളതലത്തിൽ, യാഥാസ്ഥിതിക പാരമ്പര്യ വാദത്തിന്റെ ഇത്തരത്തിലുള്ള ധ്രുവീകരണം ഇന്റർനെറ്റ് വഴിയായി കൂടുതൽ സാധ്യമാക്കി. സത്യവിശ്വാസവും പരിശുദ്ധ സഭയുമായി ഒരാൾക്ക് മുന്നിലെത്തുന്ന ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പ്രാദേശികമായി ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നത്? എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ്, എന്തിനുവേണ്ടിയാണ് എന്നൊക്കെ വിശകലനം ചെയ്യുക എന്നത് ശ്രമകരമാണെങ്കിലും അത്യാവശ്യമാണ്. 


സഭയുടെ നാശത്തിനു കാരണമാകുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ തെറ്റുകളിൽ നിന്ന് സഭയെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥന ചോദിക്കുന്ന മധ്യസ്ഥപ്രാർത്ഥനാ ഗ്രൂപ്പുകളുണ്ട്. പ്രാർത്ഥനയെന്ന വ്യാജേന, ഫ്രാൻസിസ് മാർപാപ്പ സഭക്കെതിരാണെന്നും നാശകാരണമാണെന്നും പിശാചിനാൽ നയിക്കപ്പെടുകയാണെന്നും കൂടി 'പ്രാർത്ഥനക്കാരെ' ബോധ്യപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശ്യം. ആത്മാർത്ഥമായി 'പ്രാർത്ഥിക്കുന്ന' അവരെ കുറ്റപ്പെടുത്താനാവില്ല. ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ യാത്രകൾ അർത്ഥശൂന്യമാണെന്നും അഭിപ്രായമുള്ള പ്രഘോഷകരും സെമിനാരി അധ്യാപകരുമുണ്ട്. 


വിശ്വാസസംരക്ഷകരുടെ വിശ്വാസപാരമ്പര്യങ്ങൾ പതിനാറാം നൂറ്റാണ്ടിനുമപ്പുറം എന്തുകൊണ്ടോ നടന്നുനീങ്ങുന്നില്ല. നിർവ്വചനങ്ങളുടെ നിശ്ചിതത്വങ്ങൾ നൽകുന്ന സുരക്ഷയെ എക്കാലത്തേക്കുമുള്ള വിശ്വാസരീതിയാക്കി  നിലനിർത്താനുള്ള ശ്രമങ്ങൾ പ്രചോദനാത്മകമല്ല. വിശ്വാസത്തെ പ്രത്യയശാസ്ത്രമാക്കുന്ന രാഷ്ട്രീയമാണത്. സാംസ്കാരികമാറ്റങ്ങളെ അപഗ്രഥിക്കാനും പഠിക്കാനും, അതിന്റെ സങ്കീർണ്ണതകളിൽ വെളിച്ചം തേടാനും വിശ്വാസത്തിനു സാധ്യമാകും വിധം പ്രാപ്യമാക്കുവാൻ തികഞ്ഞ കാഴ്ചയും തുറവിയും കാലഘട്ടത്തിനു മുമ്പിൽ സുതാര്യതയും ആവശ്യമാണ്. പകരം വിശ്വാസസംരക്ഷകർ നടത്തിപ്പോരുന്ന പൈശാചികവത്കരണം വിശ്വാസത്തിന്റെ പാതയേ അല്ല. വ്യത്യസ്തമായ എന്തിനെയും തിന്മയെന്നും പിശാചെന്നും വക തിരിക്കുന്ന 'വിശ്വാസം' സ്വന്തം അജ്ഞതയെയാണ് പലപ്പോഴും ദൈവികമാകുകയും, അതുവഴി വാതിലുകൾ അടയ്ക്കുകയും ചെയ്യുന്നത്.


ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണോ വൈരക്രിസ്തുവിന്റെ കൂട്ടുകാരനാണോ എന്നതിനെക്കുറിച്ച് വിധി പറയേണ്ടത് ക്രിസ്തുവാണ്. എന്നാൽ, വിശ്വാസം, സഭ, ക്രിസ്തു, ദൈവരാജ്യം മനുഷ്യൻ തുടങ്ങിയവയൊന്നും നിർവചനങ്ങളിലേക്കോ ഞാൻ-അവർ = നന്മ-തിന്മ = ദൈവം-പിശാച് ഫോർമുലകളിലേക്കോ ചുരുക്കാനാവും വിധം ഉപരിപ്ലവ സത്യങ്ങളാണെന്നു ചിന്തിക്കുന്ന ഒരാളല്ല ഫ്രാൻസിസ് എന്നത് വ്യക്തമാണ്. മാത്രമല്ല, ദൈവനീതിയുടെ വ്യക്തമായ ചിത്രത്തിലാണ് സാഹോദര്യവും, സഹവർത്തിത്വവും, കാരുണ്യപ്രവൃത്തികളും യാഥാർത്ഥ്യമാകുന്നതെന്നും, ക്രിസ്തുസത്യം ജീവിക്കപ്പെടുന്നതെന്നും അദ്ദേഹത്തിന് തികഞ്ഞ ബോധ്യവുമുണ്ട്. വിജയഭേരിക്കുതകുന്ന ആദർശമോ സിദ്ധാന്തമോ അല്ല അദ്ദേഹത്തിന് ക്രിസ്തുവിലുള്ള രക്ഷയും ക്രിസ്തുനാമവും. കോവിഡ് കാലഘട്ടത്തിലും, തുടർന്ന്  റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിലും മാർപാപ്പ നൽകിയ ആഹ്വാനങ്ങളിലെ ദൈവരാജ്യമൂല്യങ്ങൾ ഉദാഹരണങ്ങളാണ്. അവയെയും Global pact for education, Economy of Francisco തുടങ്ങിയവയെ ലൗകികം എന്ന് കുറ്റപ്പെടുത്തുന്നവർ, അടയാളങ്ങളന്വേഷിച്ച ഫരിസേയരെപ്പോലെയാണ്. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ മാതാവിന്റെ വെളിപാടുകളോ, ദർശനങ്ങളുടെ വ്യാഖ്യാനങ്ങളോ ആക്കുന്ന സഭാസംരക്ഷകരുമുണ്ട്. 

ഇതേഗണത്തിലുള്ള സഭാസംരക്ഷകർ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള സിനഡ് സഭയെ തകർക്കുന്നു എന്ന് ആക്ഷേപമുന്നയിച്ചിരുന്നു. ആ പ്രക്രിയയ്ക്കായി നല്കപ്പെട്ടിരുന്ന   മാർഗ്ഗരേഖകളിൽ എന്തായിരുന്നു സഭ വിരുദ്ധമെന്നോ വിശ്വാസവിരുദ്ധമെന്നോ മനസിലാക്കാനാവില്ല. അപ്പോൾ, ഹയരാർക്കിക്കലിസം പുരോഹിതമേൽക്കോയ്മ തുടങ്ങിയവ മൂലസ്വഭാവമായി സ്ഥാപനവത്കരിക്കപ്പെടുന്ന ഒരു സംവിധാനമാണ് അവർ സംരക്ഷിക്കുന്ന സഭയും വിശ്വാസവും. അനുഷ്ഠിക്കപ്പെടുന്ന പൗരോഹിത്യം, കയ്യപ്പസിന്റെയോ അതോ ക്രിസ്‌തുവിന്റെയോ എന്ന് ഓരോ കാലത്തും ആത്മാർത്ഥ വിചിന്തനത്തിനു വിധേയമാക്കേണ്ടത് സ്വയം സഭാസ്നേഹവും വിശ്വാസസംരക്ഷണവുമേറ്റെടുക്കുന്ന ആളുകൾ തന്നെയാണ്. അല്ലെങ്കിൽ അവരെ വിശ്വസിക്കുന്ന വിശ്വാസികളാണ്. തീക്ഷ്ണത അന്ധമാക്കിയേക്കാം. മറ്റുള്ളവരെയൊക്കെ, വ്യത്യസ്തതകളെയൊക്കെ, പൈശാചികമാക്കുന്ന പഴിചൊല്ലലുകളിൽ തീർക്കപ്പെടുന്ന സ്വർഗ്ഗരാജ്യം ക്രിസ്തുവിന് അന്യമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ