Gentle Dew Drop

മാർച്ച് 17, 2023

നവീകരണത്തിന് തടസ്സമാകുന്നത്

 ഇറ്റാലിയൻ ചരിത്രകാരനും തത്വചിന്തകനുമായിരുന്ന Giambattista Vico ചരിത്രത്തെ, ദൈവത്തിന്റെ കാലം വീരന്മാരുടെ കാലം, മാനവിക സംവിധാനങ്ങളുടെ കാലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലേക്കു തരം തിരിച്ചു കാണാൻ ശ്രമിച്ചു. ദൈവഭരണത്തിൽ നിന്നും രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും പിന്നീട് ജനാധിപത്യ സാമൂഹികക്രമങ്ങളിലേക്കും ജീവിതശൈലി വഴിമാറിയപ്പോൾ ദൈവവും രാജാക്കന്മാരും ഇല്ലാതായി എന്ന് അവകാശപ്പെടുന്നവരുണ്ട്. യഥാർത്ഥത്തിൽ ഈ രാജാക്കന്മാരും പുരോഹിതരും പിന്നീടുണ്ടായ ഘടനകളും സ്വയം സർവ്വാധികാരമുള്ള ദൈവങ്ങളായി എന്നതാണ് സത്യം. അത്തരം പരമാധികാരം നിലനിർത്തപ്പെടാനുള്ള ശ്രമം സംഘർഷങ്ങളുണ്ടാക്കുന്നവയാണ്. ഏതാനം ചിലരോ, സംവിധാനങ്ങളോ ദൈവതുല്യമാകുമ്പോൾ ദൈവമക്കളുടെ സമതയിലെ സ്വാതന്ത്ര്യം അന്യമാണ്. ചിലർ ഭരിക്കാനും ചിലർ വിധേയപ്പെടാനുമുള്ള ഒരു സംവിധാനം പവിത്രത സ്വയം കല്പിച്ചുകൊണ്ട് സ്വയംപ്രതിരോധസംവിധാനങ്ങളുണ്ടാക്കുന്നു. സത്യത്തിൽ കുമിളയുടെ സുരക്ഷിതത്വമാണ് അവ സൃഷ്ടിക്കുന്നത്.


ദൈവങ്ങളുടെ കാലം തുടങ്ങും മുമ്പേ പ്രപഞ്ചത്തിന്റേതായ ഒരു കാലം ഏതാനം ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാകൃതം എന്ന് വിളിക്കപ്പെടുന്ന ആചാരരീതികളിലേക്കു പോവുക എന്നതല്ല അതിനർത്ഥം, പ്രകൃതിയിൽ ഒന്നായി സ്വയം കണ്ടുകൊണ്ട്, ദൈവപരിപാലനയെയും പരസ്പര രൂപീകരണവും ആത്മീയ ശൈലിയാക്കുകയും കൃതജ്ഞതയിൽ ജീവിക്കുകയുമാണ് അതിന്റെ അർത്ഥം. Laudato Si ഒക്കെ 'ലൗകിക'മെന്ന അവജ്ഞക്കിരയായതിന് ആശ്ചര്യപ്പെടാനെന്തിരിക്കുന്നു.

നവീകരണമെന്നാൽ ഉറവിടങ്ങളിലേക്കു മടങ്ങുക എന്ന് പറയാറുണ്ട്. എന്നാൽ, ഉറവിടങ്ങൾ പുനരുജ്ജീവനം നേടുന്നത് പുതിയ മണ്ണിലും പുതിയൊരു കാലത്തുമാണെന്നത് നമ്മൾ മറന്നു പോകുന്നു. അതുകൊണ്ടാണ്, ഉറവിടങ്ങൾ എന്നത് ഒരു കാലത്തെ ചില സമ്പ്രദായങ്ങളിലും സാമൂഹികഘടനകളിലും ചെന്ന് ഉടക്കി നിൽക്കുന്നത്. തനിമയുടെയും, അധികാരത്തിന്റെയും പ്രതാപത്തിന്റെയും സുരക്ഷകൾ തന്നെയാണ് അവിടെയും ആകർഷണീയമാകുന്നത്. ഉറവിടവും ലക്ഷ്യവും ക്രിസ്തുവാണ്. ഒരു വിശ്വാസിയാവട്ടെ, സന്യസ്‌തരാവട്ടെ പുരോഹിതരാവട്ടെ, നവീകരണം അനിവാര്യമെന്ന് തോന്നുന്നില്ലെങ്കിൽ, മാത്രമല്ല ആ നവീകരണം ക്രിസ്‌തുവാൽ പ്രേരകമായതും ക്രിസ്തുവിലേക്കെത്തേണ്ട ദർശനം ഉൾക്കൊള്ളുന്നതുമല്ലെങ്കിൽ മണൽപ്പുറത്തു വീടുപണിയുകയാണ് നമ്മൾ. നിലനിൽപിന് വേണ്ടി, അധികാരങ്ങളോട് സമരസപ്പെടാനും, അപ്പോൾ കൊല്ലപ്പെടുന്ന നീതിയും നന്മയും ന്യായീകരിക്കപ്പെടേണ്ടതിനായി ആവശ്യമായ വ്യാഖ്യാനങ്ങളും പുതിയ ശരികളും നിർമ്മിക്കപ്പെടും. ദൈവത്തെ മാറ്റിനിർത്തിക്കൊണ്ട് ദേവാലയങ്ങളെ പൂജ്യവസ്തുവാക്കാൻ ആരാധകർക്ക് സാധിക്കുന്നതും ആ ശരികൾ കൊണ്ടാണ്.

ആത്മീയമായും, സാമൂഹിക-സാംസ്‌കാരിക തലങ്ങളിലും വ്യക്തമായ നിരീക്ഷണങ്ങളുള്ള അനേകർ നമുക്കിടയിലുണ്ട്. അവർ ആത്മാർത്ഥമായ രീതിയിൽ തുറന്നു പറയാറുമുണ്ട്. നമ്മുടെ സ്വയം-നീതീകരണമാണ് ആവശ്യമായ നവീകരണത്തിന് തടസ്സമാകുന്നത്. സഭയും അതിന്റെ സ്ഥാപനങ്ങളും ചെയ്തിട്ടുള്ള ചെയ്തുകൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ച് ആർക്കെങ്കിലും സംശയമുള്ളതായി തോന്നുന്നില്ല. വിരോധത്തിൽ നിന്ന് ആരോപണങ്ങൾ ഉയർത്തുന്നത് തിരിച്ചറിയാവുന്നതാണ്. അല്ലാത്തവ അതിന്റെ മൂല്യങ്ങളിൽ സ്വീകരിച്ചേ മതിയാകൂ. അത് രീതികളെക്കുറിച്ചാവാം, മൂല്യങ്ങളെക്കുറിച്ചാവാം, ഘടനകളെക്കുറിച്ചാവാം. സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത, സൗമ്യത, പാവങ്ങളോടുള്ള പരിഗണന, ജനത്തിന്റെ യഥാർത്ഥ ജീവിതാവസ്ഥകളെ മനസ്സിലാക്കി കാർക്കശ്യങ്ങളെ ഒഴിവാക്കാനുള്ള വെല്ലുവിളി ഇതൊക്കെയും ന്യായമായ കാര്യങ്ങളാണ്. ഒരു സഭാസംവിധാനത്തിൽ, മനുഷ്യാന്തസ്സിനെ മാനിക്കാത്ത വിധമുള്ള പെരുമാറ്റത്തെ, സഹനമായി സ്വീകരിക്കാനോ ദൈവം പ്രതിഫലം തരുമെന്ന് ആശ്വസിക്കാനോ പറയുന്നത് സുവിശേഷമൂല്യങ്ങൾക്കൊത്തതാണെന്നു കരുതാനാവില്ല. ഒറ്റപ്പെട്ടത് എന്ന് പറഞ്ഞ് ഒഴിവാക്കാവുന്നതല്ല അവ. ആത്മാർത്ഥത തേടുന്ന വലിയ വെല്ലുവിളി അധികാര ഘടനയുടെ സുഖത്തെ അത് ചിതറിക്കും എന്നതാണ്. അതുകൊണ്ട് ആ ഘടനകളെ കൂടുതൽ പവിത്രതയാരോപിച്ചു സംരക്ഷിക്കുക എന്നതാണ് പ്രതിരോധരീതി. അവിടെ നിഷേധിക്കപ്പെടുന്ന പോരായ്മകൾ വഴി തകർക്കപ്പെടുന്നവരും മുറിവേൽക്കപ്പെടുന്നവരും അദൃശ്യരായി നില്കുന്നു എന്നതാണ് ദയനീയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ