എല്ലാം ദൈവേഷ്ടമാണെന്ന് കരുതുന്നത് ദൈവേഷ്ടം ആവണമെന്നില്ല. അത് അനീതികളെ സംരക്ഷിക്കുകയും ദുഷ്ടതയെ നീതീകരിക്കുകയും ചെയ്തേക്കാം. അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ, ബലഹീനരെ ഇരയാക്കുന്ന സംവിധാനങ്ങളെ സംരക്ഷിക്കുന്നു. അത്തരം തിന്മകൾ ദൈവം അനുവദിക്കുന്നു എന്ന് പറയുന്നതും ദൈവസ്വഭാവത്തിന് യോജിച്ചതല്ല. അവ സ്ഥാപനവൽകരിക്കപ്പെട്ട തിന്മയുടെ രൂപങ്ങളാണ്. ദൈവപുത്രനെ അനീതിക്കിരയാക്കി കൊന്നുകളഞ്ഞതും അത്തരം സംസ്ഥാപിത ഘടനകളാണ്. തിന്മകൾ, അവ എത്ര പവിത്രരൂപങ്ങളിലാണെങ്കിലും എതിർക്കപ്പെടേണ്ടതാണ്. അത് കൃപയുടെ പ്രവൃത്തിയാണ്. കൃപയുടെ അടയാളങ്ങൾ അവയിലുണ്ടാവുകയും വേണം. എന്നു വെച്ചാൽ ഫലമായി, സമാധാനവും ജീവനും നല്കുന്നവ. സ്നേഹിക്കപ്പെടുന്ന സംവിധാനങ്ങളിൽ കാണപ്പെടുന്ന തിന്മകളെ പ്രതിരോധിച്ചു വിശുദ്ധമാക്കുന്നത് ദൈവികമല്ല. അത് അത്തരം സംവിധാനങ്ങളെ സംരക്ഷിക്കുന്നുമില്ല. അത് തിന്മക്കെതിരായുള്ള പോരാട്ടത്തിലെ കപടതയാണ്. അത് ദൈവവിരുദ്ധം തന്നെയാണ്. സ്വന്തമെന്നു കരുതുന്ന സംവിധാനങ്ങളെ സംരക്ഷിക്കുവാനായി അതിലെ തിന്മകളെ പ്രതിരോധിക്കുകയൂം അത്തരം തിന്മകൾ വഴിയായി വേദനിക്കുന്നവരെ ചേർത്തുപിടിക്കാനോ അവരെ കാണണോ കഴിയാതെ പോകുന്നത് കൃപാരാഹിത്യമാണ് കാണിക്കുന്നത്, മാത്രമല്ല ക്രൂരമായ അനീതികൂടിയാണ്.
തീവ്രവികാരങ്ങൾ കൊണ്ട് ദൈവരാജ്യം കൊണ്ടുവരുവാനും ദൈവത്തെയും ദൈവജനത്തെയും സംരക്ഷിക്കുവാനും വെല്ലുവിളിയും വാളും ഏറ്റെടുത്തവനാണ് ബറാബ്ബാസ്. അയാൾ പല ഘട്ടത്തിലും ക്രിസ്ത്യാനികൾക്കും എളുപ്പം മാതൃകയാകാവുന്നവനുമാണ്. ക്രിസ്തുവിനെ രാജാവും മഹാപുരോഹിതനുമാക്കിയത് പ്രതാപവും അധികാരവും ഉയർത്തിക്കാണിച്ചുകൊണ്ടായിരുന്നപ്പോഴൊക്കെ അത് സംഭവിച്ചിട്ടുണ്ട്. "നീ എന്നെ എന്തിന് അടിച്ചു?" എന്ന് ചോദിച്ച ക്രിസ്തുവിനെ അനുഗമിക്കുന്നെന്നു പറഞ്ഞു കൊണ്ട് വെറുപ്പുനിറച്ചു പദ്ധതികൾ മെനയുന്നവർ സത്യത്തിൽ ബറാബ്ബാസിന്റെ കൂട്ടരാണ്. ബറാബ്ബാസിനെ പിഞ്ചെല്ലുന്ന സമൂഹത്തെ നന്നായി ഉപയോഗിക്കുന്ന കയ്യപ്പസും പീലാത്തോസും ചവറ്റുകൊട്ടയിലെറിയുന്നത് ദൈവത്തെയാണ്, ക്രിസ്തുവിനെയാണ്. അത് കൊണ്ട് തന്നെയാണ് തങ്ങളായിരിക്കുന്ന സംവിധാനങ്ങളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ നിലനില്പിന്റെ കാര്യമാണെന്നത് അവരെ നിയന്ത്രിക്കുന്നതും അതിനായി ആളുകളുടെ വിശ്വാസത്തെ ഉപയോഗിക്കുന്നതും.
ചിലർക്ക് മാത്രം നേട്ടമുണ്ടാക്കുന്ന നിയമങ്ങൾ ദൈവരാജ്യത്തിൻ്റെ സമാധാനം സ്ഥപിക്കുന്നതല്ല. അത്തരം നിയമസംവിധാനങ്ങളിൽ ദൈവിക സാന്നിധ്യമോ ദൈവത്തിന്റെ സംപ്രീതിയോ ഇല്ല. നിയമത്തിൻ്റെ പരിപൂർണ്ണത സ്നേഹമാണെന്നത്, നിയമം അതിൻ്റെ ഉറവിടം കാണുന്നതും ലക്ഷ്യമാക്കുന്നതും സ്‌നേഹം തന്നെയാകുമ്പോഴാണ്. എത്ര പൂർണ്ണമായി നിയമം സമൂഹത്തിൽ ക്രമീകരണങ്ങളുണ്ടാക്കുന്നു എന്നതിനേക്കാൾ നിയമപാലനം ദൈവസാന്നിധ്യം അനുഭവവേദ്യമാക്കാൻ വഴിതുറക്കുന്നോ എന്നതാണ് പ്രധാനം. 'നിയമങ്ങളെ പൂർത്തിയാക്കാൻ' വന്ന ക്രിസ്തുവിന് ആ സത്യമായിരുന്നു ദൈവരാജ്യം. പരലോകത്തു മാത്രം യാഥാർത്ഥ്യമാകുന്ന സ്വർഗ്ഗം ക്രിസ്തുവിന്റെ സ്വർഗ്ഗമാവില്ല. വിശക്കുന്നവരും ദാഹിക്കുന്നവരും, ദരിദ്രരും കാരാഗൃഹത്തിലുള്ളവരും യഹൂദപാരമ്പര്യത്തിൽ അനുഗ്രഹങ്ങൾക്കു യോഗ്യരായവരല്ല, പാപവും ശാപവും പേറുന്നവരാണ്. എന്നാൽ ആ അപരരുടെ മുഖത്താണ് ദൈവമുഖം ക്രിസ്തു പരിചയപ്പെടുത്തിയത്. പക്ഷെ, അത് പാലിച്ചു പോയാൽ, ലാഭകരമായ ഏറെ കുകർമ്മങ്ങളെ മാറ്റിനിർത്തേണ്ടതായി വന്നേക്കാം, മാത്രമല്ല, തിന്മകളുടെയും അനീതിയുടെയും സാന്നിധ്യത്തിനെതിരെ നിലപാടുകളെടുക്കേണ്ടതായും വന്നേക്കാം. സ്വന്തം കാര്യം വരുമ്പോൾ സൗഭാഗ്യങ്ങൾ ദൈവാനുഗ്രഹവും അപരരുടെ ദയനീതത ദൈവത്തിനു പ്രീതികരമായ സഹനവുമാകും. അവർക്കു സ്വർഗം കല്പിതമാകുന്നത് വരും ലോകത്താണ്. എന്നിലെ അനുഗ്രഹങ്ങളുടെ ദൈവം വേദനിക്കുന്നവരിലെ അപമാനിതനായ ദൈവത്തെ കാണാത്തതെന്തു കൊണ്ട്? കൃപയുടെ നിറവിന്റെ അളവാണ് സ്വർഗ്ഗം. അതിന്റെ അളവറിഞ്ഞെങ്കിലെ ഉള്ളിലെ തീക്ഷ്ണതയുടെ വിശുദ്ധി അറിയാനാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ