Gentle Dew Drop

ഒക്‌ടോബർ 30, 2019

ഇടുങ്ങിയ വാതിൽ

അലിവായും സ്നേഹമായും മൈത്രിയായും കരുണയായും ശാന്തിയായും മനുഷ്യനുള്ളിൽ വെളിപ്പെടുന്നത് ഇടുങ്ങിയ വാതിലിലൂടെ പുറത്തേക്ക് പ്രവേശിക്കുന്ന ക്രിസ്‌തുചൈതന്യം തന്നെയാണ്. ശരിയായ ആന്തരികത ഉണ്ടെങ്കിലേ ഈ പ്രവേശം സാധ്യമാകൂ. ക്രിസ്തുരൂപീകരണത്തിലേക്കുള്ള ഈ ഞെരുക്കം ഓരോ സൃഷ്ടവസ്തുവിന്റെയും ധർമമാണ്. മനുഷ്യനും മനുഷ്യന്റെ സാമൂഹികസംവിധാനങ്ങളും ഈ പ്രക്രിയക്ക് വിധേയമായേ തീരൂ.

ഉള്ളിലുള്ള ക്രിസ്തു ആന്തരിക വികാസമാണ്. യഥാർത്ഥ ക്രിസ്തു ആദര്ശമായി സ്വയം ഉള്ളിലേക്ക് ചുരുങ്ങിയിരിക്കില്ല, അങ്ങനെയിരുന്നാൽ അവൻ തിരിച്ചു പോയി എന്നും കല്ലറയിൽ തന്നെ കഴിയുമായിരുന്നു. കല്ലറയിലേക്കുള്ള വാതിൽ വിസ്തൃതമാണ്, ജീവനിലേക്കുള്ള പ്രവേശം ഞെരുക്കമുള്ളതാണ്.

ആർക്കാണ് പ്രവേശനം അസാധ്യമായത്? സ്വയം പ്രവേശനം ഉറപ്പാക്കിയവർക്കു തന്നെ. അവർ കല്ലറയ്ക്കുള്ളിൽ ഉത്ഥാനത്തിന്റെ പ്രഖ്യാപനം തുടരുകയാണ്. അവനോ തന്നെ സ്നേഹിക്കുന്നവരോടുകൂടെ ഗലീലിയിൽ അവരുടെ കുറവുകളോടൊത്ത് ജീവിക്കുന്നു.

ഒക്‌ടോബർ 24, 2019

ലോകാവസാനം വെളിപാടും നവീകരണവും

പ്രപഞ്ചത്തിന്റെ പരിണാമങ്ങൾക്ക് വ്യക്തതയുള്ള വർണ്ണനകൾ ഇനിയും നമുക്ക് ലഭിച്ചു വരുന്നതേയുള്ളു. പഴയ ധാരണകളിൽ നിന്ന് പടിപടിയായുള്ള വളർച്ചയായേ അതിനെ കാണാൻ കഴിയൂ. പഴയതിനെ പരിഹസിക്കേണ്ടതില്ല. എന്നാൽ അതിൽ ഉടക്കി കിടക്കുകയും അരുത്. ഇന്ന് അത്യാധുനികം എന്ന് വിളിക്കപ്പെടുന്നവയ്ക്ക് നാളെ വിലകെട്ട കെട്ടുകഥയുടെ മൂല്യമായിരിക്കാം.

പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചും അതിന്റെ അന്ത്യത്തെക്കുറിച്ചും നമ്മുടെ ധാരണകൾ പലതാണ്. നമ്മുടെ അഹങ്കാരങ്ങളെ അകറ്റിക്കളയാൻ ക്ഷണിക്കുന്നവയാണ് ഇന്ന് ലഭ്യമായ നമ്മുടെ അറിവുകൾ. നിലവിൽ ഏറ്റവും വിശ്വാസ്യത നേടിയിട്ടുള്ള മഹാവിസ്പോടനസിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം തുടർച്ചയാണ് അതിവേഗത്തിലും വികസിക്കുന്നതാണ്. അതിനുള്ളിൽ ഉരുത്തിരിയപ്പെടുന്ന പുതിയ അസ്തിത്വഘടനകളും രൂപങ്ങളും ഉണ്ട്. ഇന്ന് നമുക്ക് നിരീക്ഷിക്കാവുന്ന പ്രപഞ്ചാവസ്ഥയെക്കുറിച്ചേ നമുക്കെന്തെങ്കിലും പറയാനാകൂ. നമുക്കറിയാവുന്ന പ്രപഞ്ചനിയമങ്ങൾ ബാധകമല്ലാത്ത ഒരാവസ്ഥയെക്കുറിച്ച് പറയാൻ നമുക്കാവില്ല. കോടാനുകോടി വർഷങ്ങൾക്കപ്പുറം പ്രപഞ്ചം അതിന്റെ ഊർജ്ജഭാവത്തിലേക്കോ അതിലും സ്ഥൂലമായ അവസ്ഥയിലേക്കോ പരിണമിക്കുമോ എന്ന് നമുക്കറിയില്ല. അത് എങ്ങനെ ആയിരുന്നാലും അതിന് കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പേ മനുഷ്യർ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ടാവും എന്നാണ് നിഗമനം.

ലോകാന്ത്യത്തെക്കുറിച്ച് മതപരമായ വർണ്ണനകൾ വിശ്വാസത്തിന്റെ വ്യാപ്തിയോടെയാണ് കാണേണ്ടത്. മതത്തിന്റെ വർണ്ണനകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതീകങ്ങളെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയും അവ അവതരിപ്പിക്കപ്പെട്ട പശ്ചാത്തലങ്ങളിലൂടെയും സമീപിക്കേണ്ടതുണ്ട്. അതില്ലാതെപോകുമ്പോഴാണ് ഇടിമുഴങ്ങുമ്പോഴേ ലോകാവസാനമാണെന്നു ആരെങ്കിലും പറഞ്ഞാൽ നമുക്ക് അത് വിശ്വസിക്കേണ്ടി വരുന്നത്.

യുഗാന്ത്യം എന്ന പ്രയോഗം ഒരു സാംസ്കാരിക അവതരണമാണ്. അത് മനസ്സിലാക്കാൻ ഒരു സംസ്കാരം കാലത്തെ എങ്ങനെ മനസിലാക്കുന്നു എന്നറിയണം. ഒട്ടനേകം പ്രാചീന സംസ്കാരങ്ങളിൽ ചക്രഗതിയിലാണ് സമയം സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് 'കാലചക്രം' ഉരുളുന്നത്. അതുകൊണ്ട് സംഭവങ്ങളുടെയും ജനനമരണ പ്രക്രിയകളുടെയും ആവർത്തനം സ്വാഭാവികമാണ്. മറ്റു ചില സംസ്കാരങ്ങൾ രേഖീയമായി നീണ്ടുപോകുന്ന രീതിയിലാണ് കാലത്തെ കാണുന്നത്. തുടർച്ചയായ ഒരു പുരോഗതി ഈ രേഖ ഉൾപ്പെടുത്തുന്നുണ്ട്. പുതിയ രൂപഭാവങ്ങളെ ഈ പ്രയാണം അനുവദിക്കുകയും ചെയ്യും. ആരംഭത്തെക്കുറിച്ച് ആയാസത്തോടെ പറയാൻ കഴിയുമെങ്കിലും അവസാനത്തെക്കുറിച്ചു പറയുക പ്രയാസമാണ്. അനന്തമായി നീണ്ടു പോകുന്ന ഒന്നിനെക്കുറിച്ച് നമുക്ക് തീർച്ചയില്ലാത്തതിനാൽ, അവസാനമുണ്ട് എന്ന് പറയുകതന്നെയാണ് നമ്മുടെ സങ്കല്പത്തിന് വ്യക്തത നൽകുന്നത്. പുറപ്പാട്, ക്രിസ്തുവിന്റെ വരവ് തുടങ്ങിയവ ഈ പ്രയാണത്തിൽ ഒരു അതിപ്രധാന ബിന്ദുവാകുന്നുണ്ട്. ആദിയും അന്ത്യവും അവയ്ക്കിടയിലെ സംഭവങ്ങളും ഇനി മുതൽ ഇത്തരം ബിന്ദുക്കലോട് ബന്ധപ്പെടുത്തിയാണ് അവയുടെ മൂല്യം തേടുക. ക്രമാനുഗതമായി മുമ്പോട്ട് പോകുമ്പോഴും ചക്രഗതിയിൽ അനുസ്മരിക്കപ്പെടുന്ന സംഭവങ്ങളെ ഉൾച്ചേർത്തുകൊണ്ട് സർപ്പിളമായ രീതിയിലാണ് യഹൂദ-ക്രിസ്ത്യൻ യുഗസങ്കല്പം.

പ്രപഞ്ചാന്ത്യത്തെയും യുഗാന്ത്യത്തെയും വിശ്വാസപരമായി സമീപിക്കുമ്പോഴേ ക്രിസ്തുവിന്റെ രണ്ടാം വരവെന്ന അനുഭവത്തെ മനസിലാക്കാനാകൂ. രണ്ടാം വരവ് സമയബന്ധിതമായി കാണുന്നതിനേക്കാൾ പ്രപഞ്ചത്തിന്റെ പ്രകൃതഗുണങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതാവും കൂടുതൽ ഉചിതം. സമയത്തിന് ആദ്യ അവസാന ബിന്ദുക്കൾ എന്നതിനേക്കാൾ അൽഫയും ഒമേഗയും യഥാക്രമം ഉറവിടവും പൂർണ്ണമാക്കപ്പെടേണ്ട ലക്ഷ്യവുമാണ്. പ്രപഞ്ചത്തിന്റെ രൂപാന്തരണപ്രക്രിയ വചനത്തിന്റെ വഴിത്താരയാണ്. കാരണം വചനമാണ് സൃഷ്ടിമുതൽ ആന്തരികമായി പല രൂപഭാവങ്ങളിലൂടെ അതിനെ നയിക്കുന്നത്. പൂർത്തീകരിക്കപ്പെടേണ്ട, എത്തിപ്പെടേണ്ട രൂപവും വചനം തന്നെയാണ്. അതുകൊണ്ടാണ് അൽഫയും ഒമേഗയും ക്രിസ്‌തുതന്നെയാവുന്നത്.

ആന്തരികമായി പ്രവർത്തിക്കുന്ന ഈ ദൈവികജ്ഞാനം തിരിച്ചറിയപ്പെടുന്ന വെളിപാട് സമയത്തിന്റെ പൂർത്തീകരണമാവും. പ്രപഞ്ചം അതിന്റെ പ്രയാണത്തിൽ, മനുഷ്യചേതനയിലൂടെ സ്വയം അറിയുന്നു എന്ന് ചിലർ ധ്യാനിക്കുന്നു. പ്രപഞ്ചം തന്നെ ഒരു ക്രിസ്‌തുശരീരമായും സഭയുടെ വിശാലമായ രൂപമായും ധ്യാനിക്കുന്നവരും ഉണ്ട്. പ്രകൃതിയുടെ പുരോഗതിയിൽ, അതിന്റെ ഭാവങ്ങളിൽ, അതിലെ പരിണാമങ്ങൾ ഉൾകൊള്ളുന്ന ജനിമൃതികളിൽ, സംസ്കാരങ്ങളിലും ചരിത്രത്തിലുമുള്ള ആവിർഭാവങ്ങളിൽ ആന്തരികമായി പ്രവർത്തിക്കുന്നത് വചനംതന്നെയാണ് എന്നത് തിരിച്ചറിയപ്പെടണം. കാലത്തിന്റെ പ്രയാണവും പ്രപഞ്ചത്തിന്റെ ഭിന്നരൂപങ്ങളിലുള്ള ആവിർഭാവങ്ങളും വ്യത്യസ്തമെങ്കിലും വെളിപ്പെടുത്തുന്നത് വചനത്തിന്റെ ജ്ഞാനം തന്നെ. പ്രപഞ്ചലക്ഷ്യം തന്നെ ഈ സ്വയാവബോധമാണ്. മനുഷ്യനിൽ അത് സാധ്യമാകേണ്ടതാണ്. പ്രപഞ്ചം ഒരു കുടുംബമെന്നും, വ്യത്യസ്തതകളെല്ലാം സഹോദരഗുണങ്ങളെന്നും ബോധ്യമാകുമ്പോൾ നമ്മുടെ തന്നെ നവീകരണം സത്യമാകും. രണ്ടാം വരവ് ഈ യാഥാർത്ഥ്യത്തിന്റെ തെളിമയുള്ള ബോധ്യമാണ്. സകല പ്രപഞ്ചത്തിന്റെയും പൊതുവായ ഉറവിടസ്ഥാനവും, നമുക്കുള്ള പരസ്പര ബന്ധവും നമുക്ക് ജ്ഞാനമാകുമ്പോൾ വചനം യഥാർത്ഥ വെളിച്ചമാകും.
ലോകാവസാനം വെളിപാടും നവീകരണവുമാണ്.

ഒക്‌ടോബർ 21, 2019

പുതിയ സുവിശേഷത്തിന്റെ ഭാഷ

സ്വയം വായിച്ചു രസിക്കുന്ന കെട്ടുകഥകളും ജനപ്രിയ വിദേശപ്രസംഗങ്ങളും ദൈവികവെളിപാടുകളായി അവതരിപ്പിച്ച് കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന ഉപദേശകർ കൂടിവരുന്നു.
"പുരുഷനിലും സ്ത്രീയിലുമുള്ള രണ്ടു പിശാചുക്കൾ പരസ്പരം ബന്ധത്തിലാകുമ്പോഴാണ് രണ്ടു പേർ പ്രണയത്തിലാവുന്നത്. അതുകൊണ്ട് പ്രണയ വിവാഹങ്ങൾ ദൈവികമല്ല, അതിൽ ഉണ്ടാകുന്ന കുട്ടികൾ കുട്ടിഭൂതങ്ങളാണ്." എന്തൊരു സാന്മാർഗിക ബോധം!
ഗന്ധർവ്വന്മാരുടെയും അപ്സരസുകളുടെയും കഥകളാണോ ഇന്ന് സഭയുടെ സന്മാർഗ്ഗപാഠത്തിന്റെ അടിസ്ഥാനം?
വിശ്വാസത്തിന്റെ ഘടകമാണോ എന്നത് ഒരു കാര്യം, ഇങ്ങനെയുള്ള സാന്മാര്ഗികബോധനത്തിലൂടെ ഇവർ എന്താണ് പറയാൻ ശ്രമിക്കുന്നത്? ഒരു തലമുറയുടെ ബോധ്യങ്ങളെയാണ് അവർ രൂപപ്പെടുത്തുന്നത് എന്ന് വേണ്ടപ്പെട്ടവർ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്?
ഇത്തരത്തിലുള്ള മാർഗ്ഗദര്ശനങ്ങൾ ഒരു മതത്തിന്റെ സമീപനങ്ങൾ എന്നതിനേക്കാൾ മാനുഷികമൂല്യങ്ങളുടെമേലുള്ള ആക്രമം ആയി കാണപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള അബദ്ധധാരണകളെ അടിസ്ഥാനപ്പെടുത്തി ജീവിതക്രമവും ഉത്തരവാദിത്തങ്ങളും വ്യാഖ്യാനിക്കുകയാണവർ. അരിസ്റ്റോട്ടിൽ മനസിലാക്കിയിരുന്ന മാനസിക-വൈകാരിക ഘടനകളിൽ നിന്ന് മാറി ലഭ്യമായ പുതിയ അറിവുകളിലേക്ക് നോക്കുവാൻ തയ്യാറായിട്ടില്ലെന്നത് ഒരു നിമിഷം മാറ്റി നിർത്താം. ഏതൊക്കെയോ നാട്ടുകഥകളെ അടിസ്ഥാനപ്പെടുത്തി, ഓരോരുത്തരിലും അനേകം പിശാചുക്കളും മാലാഖമാരും വസിക്കുന്നുണ്ടെന്നും അവയാണ് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതെന്നും മറ്റുമുള്ള ബോധനങ്ങൾ ഏതുതരത്തിലുള്ള വ്യക്തിത്വങ്ങളെയാണ് സമൂഹത്തിനു വേണ്ടിയും സഭക്കു വേണ്ടിയും രൂപപ്പെടുത്തുന്നത്? ഇവയെ ദൈവികവെളിപാടുകളെന്ന് വിളിക്കുന്നതിലെ വിവേകരാഹിത്യം അപലപനീയം തന്നെ. പക്ഷെ ഇവ അനുവദനീയമാകുന്നത് എങ്ങനെയാണ്?
സ്വന്തം ജീവിതത്തിന്റെ നിരാശകളിൽനിന്നുണ്ടാകുന്ന അമർഷം അസഹിഷ്ണുതയായി മാറുകയും അതിനു ആത്മീയഭാഷനൽകി പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയിൽ വേദനയേൽക്കുന്നത് വിശ്വാസത്തോടെ അവരെ കേൾക്കുന്ന സാധാരണ ആളുകളാണ്.
"ആത്മീയവഴികളിൽ നടക്കുന്ന 'ഞങ്ങൾക്കേ' ഈ കാര്യങ്ങൾ മനസിലാക്കാനാകൂ, 'നിങ്ങൾ' ലോകത്തിന്റെ വഴികളിൽ ആയതിനാൽ നിങ്ങൾക്ക് ഇതെല്ലാം സാധാരണവും നിസ്സാരവും ആയി തോന്നിയേക്കാം.
മക്കളില്ലാതെ ഓടിനടക്കുമ്പോൾ നിനക്കൊക്കെ മനസിലാകും..." 
പുതിയ സുവിശേഷത്തിന്റെ ഭാഷ.

ഇടയന്മാരേ, വാക്കുകൾക്കുവേണ്ടി ഞങ്ങൾ കൊതിക്കുന്നു

ഞങ്ങൾ അവിടെയെത്തിപ്പെട്ടു - ചന്തയിലാണ്
ബഹളമുണ്ട് വിലപേശലുകളുണ്ട്,
ആകെ കുഴങ്ങി, ആശങ്കയിലായി.
ഉള്ളിലെ തേങ്ങലുകൾക്കും ആശങ്കകൾക്കും വാക്കുകൾ കൊടുക്കാൻ കഴിഞ്ഞെങ്കിൽ!
അത് കഴിയുന്നുമില്ല, ഞങ്ങൾക്ക് വാക്കുകൾ അറിയില്ല.
പല വാക്കുകൾ ചുറ്റും കേൾക്കുന്നുണ്ട്
ഞങ്ങൾ ആർക്ക് ചെവി കൊടുക്കും?
ഇടയന്മാരെ, വാക്കുകൾക്കുവേണ്ടി ഞങ്ങൾ കൊതിക്കുന്നു
അവരൊക്കെ പറയുന്നത് സത്യമാണോ?
അതാണോ ഞങ്ങൾ കേൾക്കേണ്ടത്?
അത് തന്നെയാണോ നിങ്ങളുടെയും സ്വരം?
അതോ നിങ്ങൾ നിശ്ശബ്ദരായതാണോ?
നിശബ്ദം
അവർ കുഴലൂതി ഞങ്ങൾ നൃത്തം ചെയ്തു
അവർ ചീത്ത പറഞ്ഞു ഞങ്ങൾ അത് ഏറ്റുപറഞ്ഞു
അവർ കല്ലെറിയാൻ പറഞ്ഞു ഞങ്ങൾ എറിഞ്ഞു
അവർ കുരിശിലേറ്റാൻ പറഞ്ഞു ഞങ്ങൾ അതും ചെയ്തു
അവർ വിലാപഗാനം ആലപിച്ചു ഞങ്ങൾ കരഞ്ഞു

ഇതായിരുന്നില്ലല്ലോ ഞങ്ങൾ ക്രിസ്തുവിൽ നിന്ന് പഠിച്ചത്.
ചീത്ത വിളിക്കാനും ശപിക്കാനും പോർവിളിക്കാനും ക്രിസ്തു ഒരിക്കലും പറഞ്ഞില്ലല്ലോ?

എന്നിട്ടും എങ്ങനെയാണ് അത് പുതിയ ശരികളാകുന്നത്? 
ക്രിസ്തീയത ഒരു ബ്രാൻഡ് കൾച്ചറും സഭ ഒരു ഫാൻ അസോസിയേഷനും ആയിരുന്നെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് അത് ശരിയായേക്കുമായിരുന്നു. പക്ഷേ നമുക്ക് തോന്നുംപോലെ മാറ്റിയെഴുതാമായിരുന്ന കഥയല്ലല്ലോ ആ ജീവിതം. നമ്മൾ രൂപപ്പെടുത്തിയ കഥാപാത്രമാണോ ക്രിസ്തു?
ചീത്തവിളികളിൽ സംരക്ഷിക്കപ്പെടുന്ന ക്രിസ്തുവിനെ ആരാധിക്കാൻ മനസാക്ഷി അനുവദിക്കാത്ത  വിശ്വാസികളെ കണ്ടില്ലെന്നു ഭാവിക്കരുത്. 



ഒക്‌ടോബർ 20, 2019

ദൈവം പലിശക്കാരനല്ലല്ലോ!

ന്യായമറിയാത്ത ന്യായാധിപന്റെ ഉപമയിൽ, ദൈവത്തെ അങ്ങനെ കാണരുതെന്നാണ് യേശു പറഞ്ഞത്. നിയമാധിഷ്ഠിത ഫരിസേയ മനോഭാവം രൂപപ്പെടുത്തിയിരുന്നത് അത്തരം ഒരു ദൈവത്തെയാണ്. ദൈവം സ്നേഹവും കരുണയും ആണെന്ന് പറയുമ്പോഴും ഇത്തരം ഒരു ദൈവത്തിന് പൂജനീയമായ ഒരു ഇടം നമ്മൾ നൽകിയിട്ടുണ്ട്.
കോടതി വളപ്പ് കഴിഞ്ഞാൽ മറ്റൊരു മുറിയിൽ വേറൊരു ദൈവമുണ്ട്. കിട്ടുന്നതിനനുസരിച്ച് സന്തോഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവം. നിക്ഷേപങ്ങൾക്ക് പലിശ കൊടുക്കുന്ന, വ്യവസ്ഥകളോടെ കൊടുത്ത ഉപകാരങ്ങൾക്ക് എത്രയും വേഗം തിരിച്ചടവ് പ്രതീക്ഷിക്കുന്ന ഒരു ദൈവത്തെയാണോ ക്രിസ്തു പിതാവെന്ന് വിളിക്കാൻ പഠിപ്പിച്ചത്?

ദശാംശവും കാഴ്ചകളും കാണുമ്പോൾ ഏഴ് നിലാവിന്റെ ശോഭയിൽ പ്രസന്നനാവുന്ന ദൈവം ഒരു കോർപ്പറേറ്റ് ദൈവമാണ്. ആ ദൈവം ആരാധിക്കപ്പെടുന്ന സകല സംവിധാനങ്ങളിലും അത് ആഴത്തിൽ വേരിറക്കുകയും ചെറുതിനെയെല്ലാം ഞെരുക്കിക്കളയുകയും ചെയ്യും. ഈ ദൈവം പ്രചരിപ്പിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നിടത്തെല്ലാം ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങളും വളരുന്ന മേലാളപ്രഭുക്കന്മാരുമുണ്ടാകും (ബൈബിളിൽത്തന്നെയും ചരിത്രത്തിലും ഉദാഹരണങ്ങൾ കാണാം). മേല്പറഞ്ഞ ന്യായാധിപ ദൈവം ഈ ദൈവത്തിന്റെ സ്വന്തം അഭിഭാഷകനാണ്.
------------------------------------------
നേർച്ചകാഴ്ചകൾ കൃതജ്ഞതയുടെ അടയാളമാണ്, അത് വ്യവസ്ഥയല്ല ഹൃദയഭാഷയാണ്. അത് എത്രയെന്ന് പറയാനാവുന്ന അളവല്ല, നന്മകളിലേക്കുള്ള തത്പരതയാണ്.
ദശാംശവും സംഖ്യയിലല്ല മനോഭാവത്തിലാണ്; കൃതജ്ഞതാ ഭാവത്തോടെ സമ്പത്തോ സമയമോ കഴിവുകളോ നമുക്ക് നൽകാം, ദൈവഹൃദയം പ്രതിഫലിക്കുന്ന ഏതു നന്മകൾക്ക് വേണ്ടിയും എവിടെയും.

ഭഗ്നാശരാകാതെ ഇപ്പോഴും പ്രാർത്ഥിക്കണമെന്നു പഠിപ്പിക്കാൻ ... എന്ന് പറഞ്ഞു തുടങ്ങുന്ന ഉപമ (ലൂക്ക 18:1-8) 'മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ' എന്ന ചോദ്യത്തോടെയാണ് അവസാനിക്കുന്നത്. ഉപമയുടെ ഉള്ളടക്കവും സമീപനവും സൂചിപ്പിക്കുന്നത് ഒരു വിശ്വാസത്തകർച്ചയെക്കുറിച്ചല്ല, മറിച്ച് കാത്തിരിപ്പിനെക്കുറിച്ചാണ്. കാത്തിരിക്കാൻ മാത്രം ക്ഷമ നമുക്കുണ്ടാവുമോ എന്നതാണ് പരാമർശം. നല്കുന്നവന്റെ നന്മനിറഞ്ഞ ഹൃദയമറിഞ്ഞാലേ സമാധാനപൂർണമായ കാത്തിരിപ്പ് സാധ്യമാകൂ. 

ഒക്‌ടോബർ 17, 2019

അത്ഭുതങ്ങളിൽ ശാസ്ത്രം എന്ത് പറയും?

അത്ഭുതസാക്ഷ്യങ്ങൾ ശാസ്ത്രത്തെ സമീപിക്കുന്നത് ആധികാരികതക്കു വേണ്ടിയല്ല, വിശദീകരണത്തിനുവേണ്ടിയാണ്. അത്ഭുതമായി കാണപ്പെട്ട സംഭവം ഒരാളുടെ മാധ്യസ്ഥം വഴിയാണെന്ന് പരിഗണിക്കുന്നത് ആളുടെ വിശുദ്ധിയുടെ അടയാളമായാണ്. ഒരു വ്യക്തിയുടെ വിശുദ്ധിയെ സാക്ഷ്യപ്പെടുത്തുന്നത്, ആ വ്യക്തി ജീവിച്ചിരുന്ന സമൂഹമാണ്. എന്നുവെച്ചാൽ ജീവിതം തന്നെയാണ് സഭ വിശുദ്ധ പദവിയുടെ അർഹതയിലേക്ക് പരിഗണിക്കുന്നത്.

അത്ഭുതം അതിലേക്ക്‌ ഒരു അടയാളമാണ്. പ്രകൃതിവിരുദ്ധമായ ഒന്നല്ല അത്ഭുതം. സ്വാഭാവികമായി ഉണ്ടാവേണ്ടിയിരുന്ന ഒരു ഗുണത്തിന്റെ ന്യൂന്യത പരിഹരിക്കപ്പെടുകയാണ്, പ്രകൃതിയുടെ പൂർണ്ണാവസ്ഥയിലേക്ക് വരികയാണ് ഉദാ. ഒരു അസുഖം സുഖപ്പെടുന്നു. അതിലെ 'എങ്ങനെ' എന്നത് നമ്മുടെ വിശദീകരണങ്ങൾക്കതീതമായതിനാലാണ് അത്ഭുതമായി കണക്കാക്കപ്പെടുന്നത്. അത് പ്രകൃത്യാനുസരണമായ കാരണങ്ങളാൽ വിശദീകരിക്കാനുള്ള എല്ലാ സാധ്യതയും പരിഗണിക്കുക എന്നതാണ് ശാസ്ത്രസമീപനം. അതിൽ വിശദീകരണം നല്കപ്പെടാനാകുന്നില്ലെങ്കിൽ ശാസ്ത്രഗവേഷണത്തിന് അതീതമാണെന്ന് നിർണ്ണയിക്കാം. വിശുദ്ധരാലാണോ അത് സംഭവിച്ചത് എന്നത് ശാസ്ത്രത്തിന്റെ മേഖലയല്ല. (ഉത്തരം ലഭിക്കാത്ത സാഹചര്യങ്ങളിൽ അതിനെല്ലാം പിന്നിൽ ദൈവികപ്രവൃത്തി  ആണെന്ന് തീരുമാനിക്കുന്ന പ്രവണത (God of the gaps) തീർത്തും ഉപേക്ഷിക്കേണ്ടതാണ്. ഇന്നലെകളുടെ പല രഹസ്യങ്ങളും ഇന്ന് വിശദീകരിക്കപ്പെട്ടു, അതുപോലെ തന്നെ ഇന്ന് വിശദീകരണം അസാധ്യമായത് നാളെ ശാസ്ത്രം വിശദീകരിച്ചേക്കാം. അപ്പോൾ ദൈവം അകന്നു പോവുകയാണ്).

ശാസ്ത്രവും മതവും പരസ്പരം എതിരായതുകൊണ്ടല്ല അവയ്ക്കിടയിൽ സംഘർഷങ്ങൾ അനുഭവപ്പെടുന്നത്, മറിച്ച് അതാതിന്റെ മേഖല എന്തെന്ന് വേണ്ടവിധം നിജപ്പെടുത്താത്തതുകൊണ്ടാണ്.

വിശുദ്ധരുടെ അതീന്ദ്രിയാനുഭവങ്ങളിൽ തലച്ചോറിലും നാഡീവ്യൂഹങ്ങളിലും എന്ത് സംഭവിക്കുന്നു എന്ന് ശാസ്ത്രത്തിനു പരിശോധിക്കാനാകും, അവ ശരീരത്തിലാകമാനം വരുത്തുന്ന ഫലങ്ങളെ നിരീക്ഷിക്കാനുമാകും. ഇവയിലും അതിന്റെ സ്രോതസ്സായി പ്രകൃത്യാനുസൃതമായി എന്തെല്ലാം പരിഗണിക്കാമോ അതു മുഴുവൻ പരിശോധിക്കുകയാണ് ശാസ്ത്രം ചെയ്യേണ്ടത്. ദൈവപ്രവൃത്തി നടപ്പിലാവുന്നതും സ്വാഭാവികപ്രക്രിയകളിലൂടെ തന്നെയാണ്.

പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ ജീവിത വിശുദ്ധിയും, അത്ഭുതം പ്രാപിച്ച ആളുടെ വളർച്ചയും, ശാസ്ത്രപരിശോധനയുടെ രേഖകളും ഒത്തുചേർത്ത് സമഗ്രമായ നിരീക്ഷണത്തിനു ശേഷമാണ് മധ്യസ്ഥത കാരണമായിട്ടുണ്ടെന്നത് ഉറപ്പിക്കുന്നത്.

ഇതുപോലുള്ള പരിഗണന വർധിച്ചു വരുന്ന സാക്ഷ്യങ്ങൾക്കും നല്കപ്പെടേണ്ടതുണ്ട്. പല സാക്ഷ്യങ്ങളും മാസ്മരികതയിൽ ആളുകളെ വൈകാരികവലയത്തിലാക്കുകയാണ്. ഇത്തരം ശാസ്ത്രസമീപനം യഥാർത്ഥ സൗഖ്യങ്ങളുടെ ആധികാരികത വർധിപ്പിക്കുകയേയുള്ളു. മറിച്ച് സാക്ഷ്യങ്ങളുടെ അഭൂതപൂർവ്വമായ പെരുപ്പവും അവയിൽ ചിലതിലെ ചൂഷണതാല്പര്യവും യഥാർത്ഥ  ദൈവിക ഇടപെടലുകൾപ്പോലും അപഹാസ്യമാകുവാൻ ഇടം നൽകിയിട്ടുണ്ട്.

--------------------------------------- 
ഭൂതോച്ചാടകർക്കും സമാനമായ നിർദേശം നല്കപ്പെട്ടിട്ടുണ്ട് (എന്തിനും ഏതിലും പിശാചിനെ കാണുന്ന ജനപ്രിയ ഭൂതോച്ചാടകരെക്കുറിച്ചല്ല). ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും സാമൂഹിക സാംസ്‌കാരിക തലങ്ങൾ ഉൾപ്പെടുന്നതുമായ എല്ലാ മേഖലകളും പരിശോധിച്ചതിനു ശേഷമേ തിന്മയുടെ പ്രവൃത്തിയാണോയെന്ന് അവസാനവാക്ക് പറയാനാവൂ.

ഒക്‌ടോബർ 11, 2019

വ്യക്തിയും സമൂഹമനഃസാക്ഷിയും

ഒരു പ്രവൃത്തിയെ (അതിന്റെ ഉത്ഭവം, തീവ്രത, പരിണിത ഫലം ഉൾപ്പെടെയുള്ള കാര്യങ്ങൾ) വ്യക്തി കേന്ദ്രീകൃതമായി മാത്രം വിലയിരുത്തുന്നത് മതിയാവില്ല. സമൂഹമനഃസാക്ഷിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുവേണം ആ വിലയിരുത്തൽ.

വ്യക്തിരൂപീകരണത്തിൽ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തം പ്രവൃത്തിയിൽ ഉൾച്ചേർന്നിട്ടുള്ള പല മാനങ്ങളെ വ്യക്തമാക്കിയേക്കാം, അതുപോലെതന്നെ മുമ്പോട്ടുള്ള ഒരു വിചിന്തനത്തിനും വഴിവെച്ചേക്കാം.

പിടിക്കപ്പെടുന്ന തെറ്റുകൾ, കോരിത്തരിപ്പിക്കുന്ന വിധം ആഘോഷിക്കപ്പെടുന്നുണ്ട്. കുറ്റബോധമുള്ള സമൂഹമനഃസാക്ഷിക്ക് ഒരു ബലിയാടിൽ കുറ്റങ്ങൾ ഇറക്കി വയ്ക്കാൻ പറ്റിയതിലുള്ള സന്തോഷമാണത്. വ്യക്തിയുടെ ഉള്ള് സമൂഹമധ്യേ പ്രതിഫലിക്കുകയും, സമൂഹം വ്യക്തിക്കുള്ളിൽ ഒരു ഉള്ളിന്റെ നിർമിതി നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് സത്യമാണ്.

തെമ്മാടിയായാലും വിശുദ്ധനായാലും, 'ഞാൻ' ഞാൻ മാത്രമല്ല.