Gentle Dew Drop

ജനുവരി 15, 2024

അനുസരണവും ബലിയും

 ഉദ്ധരിച്ചും തെറ്റായി ഉദ്ധരിച്ചും ദുർവ്യാഖ്യാനം ചെയ്തും അർത്ഥം നഷ്ടപ്പെട്ട വാക്യമാണ് "അനുസരണം ബലിയെക്കാൾ ശ്രേഷ്ഠ"മെന്നത്. ഇവിടെ ഉൾപ്പെട്ടിട്ടുള്ള അനുസരണവും ബലിയും പരിശോധിക്കപ്പെടേണ്ടതാണ്. ദൈവത്തോട് അനുസരണക്കേടു കാട്ടിയ ഒരു രാജാവിന് നൽകപ്പെട്ട സന്ദേശമാണത്. യുദ്ധത്തിൽ അപഹരിക്കപ്പെട്ട മികച്ച ആടുമാടുകളുടെ ബലിയിൽ കൊഴുപ്പ് തീയിൽ ദഹിക്കുന്ന ഗന്ധം സ്വീകാര്യമായ ബലിയായി കരുതപ്പെടുമെന്നാണ് രാജാവ് കരുതിയത്. കൊള്ളമുതൽ എടുക്കരുതെന്നതാണ് സാവൂൾ അനുസരിക്കാതിരുന്നത്. 'ദൈവത്തിനു വേണ്ടിയാകുമ്പോൾ' എല്ലാം സ്വീകരിക്കപ്പെടുമെന്നും അയാൾ കരുതിയിട്ടുണ്ടാവണം. ബലിയർപ്പിക്കുന്നതിനേക്കാൾ ശ്രേഷ്ഠം അനുസരിക്കുകയെന്നതാണെന്നത് ദൈവഹിതത്തിനു കേൾവി നൽകുമ്പോഴാണ്. ജനം സാവൂളിനെ അനുസരിക്കണമോ ദൈവത്തെ അനുസരിക്കണമോ? ബലിയുടെ പേരിൽത്തന്നെയാണ് അനുസരണം ചോദ്യമായത് എന്നും ധ്യാനിക്കാവുന്നതാണ്.


എല്ലാ അനുസരണവും പുണ്യമല്ല. അനുസരണത്തെ സർക്കാർ ഉദ്യോഗങ്ങളോടും പട്ടാളച്ചിട്ടകളോടും താരതമ്യപ്പെടുത്തി സാധൂകരിക്കുന്നവർ ക്രിസ്തു പഠിപ്പിച്ച അധികാരം-അനുസരണം ബന്ധം അത്തരത്തിലുള്ളതല്ലെന്ന ധാരണ സ്വന്തമാക്കേണ്ടതുണ്ട്. അധികാരവും അനുസരണവും തേടേണ്ട ദൈവനീതി പട്ടാളച്ചിട്ടകളിൽ പാലിക്കപ്പെടുന്നവയല്ല. ദൈവത്തിന്റെ പേരിൽ വക്രവൽക്കരിക്കപ്പെടുന്ന കുതന്ത്രങ്ങൾക്ക് വിധേയപ്പെടുന്നത് അനുസരണമല്ല.

മണവാളൻ കൂടെയുള്ളപ്പോഴുള്ള ആനന്ദത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ക്രിസ്തു പറഞ്ഞു. സൗകര്യപ്രദമായ അനുസരണ-അധികാര വ്യാഖ്യാനങ്ങളിലൂടെ പകരക്കാരൻ-ക്രിസ്തു നിർമ്മിക്കപ്പെടുകയും സുഖപ്രദമായ ആനന്ദം ആസ്വദിക്കുകയും ചെയ്യാം. കൃപയും സത്യവും ക്രിസ്തുവിലൂടെ നൽകപ്പെട്ടു എങ്കിൽ, വിശ്വാസവും ക്രിസ്തുവും തങ്ങളിലൂടെ നൽകപ്പെടുന്നു എന്ന് നിർമ്മിത ക്രിസ്തുവിന്റെ പ്രചാരകർ അവകാശപ്പെടുന്നു. ആ ക്രിസ്തുവിനെ തിരിച്ചറിയേണ്ടത്, ശിഥിലമാക്കപ്പെടുന്ന വിശ്വാസത്തെയും ശൂന്യമാകുന്ന ഹൃദയങ്ങളെയും അറിയാൻ അത്യാവശ്യമാണ്. സ്വർഗം അവകാശപ്പെട്ടുകൊണ്ട് അവർ നരകം സൃഷ്ടിക്കുന്നു. അവർക്ക് ദൈവവും, സാന്മാർഗികതയും, ക്രിസ്തുവും, വിശ്വാസവും, സഭയും ആകർഷണീയത നൽകുന്ന ഭാഷ മാത്രമാകുന്നു.
1 Sam 15:16-23 Mark 2:18-22

ജനുവരി 14, 2024

ക്രിസ്തുവിനൊത്ത ഗുരു

 മതം പറഞ്ഞു പഠിപ്പിക്കുന്ന ഗുരുക്കന്മാർ വിശ്വാസത്തിലേക്കും ദൈവിക ജീവനിലേക്കും നയിക്കുന്നവരാവണമെന്നില്ല. മതം ഒരു ആസക്തിയായി പടർന്നു കയറാൻ അന്തരീക്ഷമൊരുക്കുന്ന ഗുരുക്കന്മാരാണ് ഏറെയും. അസഹിഷ്ണുതയുടെ ചെങ്കോൽ ചുമക്കുന്ന മതതീക്ഷ്ണരായ പ്രസിദ്ധീകരണങ്ങളും ചാനലുകളും തങ്ങളുടെ അറിവിന്റെ പ്രധാന ഉറവിടങ്ങളാക്കിയവരുണ്ട്. (ദുർ)വ്യാഖ്യാനങ്ങളെ മാത്രം തിരഞ്ഞെടുത്തു സ്വയം ഞാൻ-മാത്രം-സത്യക്രിസ്ത്യാനി ആകുന്ന ഗുരുക്കന്മാരുമുണ്ട്.


'ഗുരു' എവിടെ വസിക്കുന്നെന്ന് അടുത്ത് ചെന്നു കാണുക എന്നത് ഗുരു ദൈവത്തിൽ നിന്നുള്ളവനാണോ എന്ന് തിരിച്ചറിയാൻ സഹായിച്ചേക്കും. സുവിശേഷം തുറന്നു വെച്ച സ്വാതന്ത്ര്യം ആനന്ദം സമാധാനം നന്മ കൃപ സ്നേഹം തുടങ്ങിയവയാണ് ക്രിസ്തുവിനൊത്ത ഗുരുവിന്റെ ഗുണം. മതം പഠിപ്പിക്കുന്ന ഗുരു അസഹിഷ്ണുവാണ്. സാധാരണക്കക്കാരും ലൗകികരുമായ നിങ്ങളെ ഞങ്ങൾ പഠിപ്പിക്കുകയും ഞങ്ങൾ നിങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം എന്നാണ് മതത്തിന്റെ ഗുരുക്കൾ പറയുന്നത്. രക്ഷ 'അവർ' നൽകുന്ന വാഗ്ദാനമാണ്. അതുകൊണ്ടുതന്നെ ഭീതിയുടെയും നാശത്തിന്റെയും ശിക്ഷയുടെയും പിശാചുക്കളുടെയും ലോകമാണ് അവർക്കു പകർന്ന് നൽകാനുള്ളത്.

ജീവിതവും വിശ്വാസവും ദൈവത്തിൽ ഭവനം തീർക്കുമ്പോൾ ഗുരുവിന്റെ വാസസ്ഥലം ശിഷ്യൻ അടുത്തറിയുന്നു. കേൾക്കുന്നവൻ എന്നർത്ഥമുള്ള ശിമയോനിൽ വളർന്ന് പാറയുടെ ഉറപ്പുള്ള വിശ്വാസത്തിലേക്ക് അനുയാത്രയാകുമ്പോൾ മാത്രം ക്രിസ്തുവിൽ തിരിച്ചറിയപ്പെടുന്ന സത്യമാണ് ദൈവത്തിന്റെ കുഞ്ഞാടിന്റെ ബലി. ദൈവത്തിൽ ഭവനം തീർത്ത് ഉള്ളു കണ്ടറിഞ്ഞവർക്കു അത് ജീവന്റെ സമൃദ്ധിയാണ്. മതം പഠിപ്പിക്കുന്ന ഗുരുക്കൾക്ക് അത് പാപപരിഹാരത്തിനായി നൽകപ്പെടുന്ന കുരുതിയാണ്. വ്യക്തികളും ചാനലുകളും ചിത്രങ്ങളുമായി നിറഞ്ഞു കൊഴുക്കുന്ന ആ ഗുരുക്കന്മാർ വിശ്വാസത്തിന്റെയും ദൈവികജീവന്റെയും സാദ്ധ്യതകൾ അടച്ചുകളയുകയാണ്.

ഗുരു ദൈവഹൃദയമറിയുന്നവനാണ്, അവൻ ജീവന്റെ സമൃദ്ധിയെക്കുറിച്ചു സംസാരിക്കുന്നു. ഉയർച്ചയും തകർച്ചയും സുഖവും ദുഃഖവും നോക്കാതെ ആ ജീവനിൽ പ്രത്യാശ വയ്ക്കുവാൻ അവൻ പഠിപ്പിക്കുന്നു. അവനിലെ അഭിഷേകം പകരുന്ന സാന്ത്വനം അവനിലെ ക്രിസ്തുവിനെ അടുത്തറിയാൻ ഒരുവന് കഴിയുന്നു.

ജനുവരി 11, 2024

ശുശ്രൂഷകർ

നല്ലിടയൻ ആടുകൾക്ക് വേണ്ടി ജീവൻ നൽകുന്നു എന്നത് വെച്ചാണെങ്കിൽ മാത്രം ഇടയന്റെ പ്രതീകം ക്രിസ്തീയ നേതൃത്വത്തിനു യോജിച്ചതാകും. 'ഇടയനും രാജാവും' രൂപകങ്ങൾ 'ശുശ്രൂഷകർ' എന്ന അടിസ്ഥാന സ്വഭാവത്തിന് വഴി മാറേണ്ടത് അനിവാര്യമാണ്. അവിടെയെ പ്രവാചകത്വവും പൗരോഹിത്യവും രൂപപ്പെടുന്ന സത്യത്തെയും വിശ്വാസത്തെയും നന്മയെയും സൗന്ദര്യത്തെയും അറിയാനാവുന്ന നവീകരണ രീതികൾ ക്രിസ്തുചൈതന്യത്തിൽ സ്വീകരിക്കുവാൻ കഴിയൂ. ധ്രുവീകരണ സ്വഭാവമുള്ള ദൈവചിത്രങ്ങളും യാഥാസ്ഥിതിക സഭാരൂപങ്ങളും മൗലികമായ വിശ്വാസശൈലികളുമാണ് ഗ്രീക്ക് തത്വശാസ്ത്രത്തിലെ നരവംശശാസ്ത്രത്തിലൂന്നിയ സാന്മാര്ഗികതയും വിടുതൽ പ്രവണതകളുമാണ് നവീകരണമായി ചേർത്തുപിടിക്കപ്പെട്ടത്. നന്മ, പരസ്പര ശുശ്രൂഷ, ദൈവിക സൗന്ദര്യം, അവ നൽകുന്ന വിശാലതയുടെ സ്വാതന്ത്ര്യം എന്നിവ സഭയുടെ (എന്നാൽ നമ്മുടെ) സ്വഭാവമായി കണ്ടുകൊണ്ട് അതാഗ്രഹിക്കാനും യാഥാർഥ്യമാക്കുവാനും പോന്ന നവീകരണ ശ്രമങ്ങൾ ആവശ്യമാണ്. 'സ്വയം' ത്യജിക്കുക എന്നത് ഇതിലെ വലിയ അപകടമാണ്. 'സ്വയം' ഏല്പിച്ചു തരുന്ന അധികാരങ്ങളും, സുഖങ്ങളും, 'പാരമ്പര്യങ്ങളും,' സംസ്കാരങ്ങളും  പ്രത്യയശാസ്ത്രങ്ങളും ദൈവരാജ്യത്തിനു അതിര് നിശ്ചയിക്കുന്നവയാണ്. ഈ സ്വയമൊന്നും തന്നെ ശുശ്രൂഷക്ക് ഇടം നൽകാത്തതാണ്. 'സിംഹാസനം' പോലെ ക്രിസ്തീയ നേതൃത്വത്തിന് അനുചിതമായ മറ്റൊരു വാക്കുണ്ടോ എന്നത് സംശയമാണ്. എങ്കിലും ആ വാക്കു തന്നെ ആവർത്തിക്കപ്പെടുന്നത് ക്രിസ്തുവിനെ മനസിലാക്കാൻ ഒരു സഭയായിത്തന്നെ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളമായി കാണണം.

ജനുവരി 10, 2024

ഗുരുപാത

അത്ഭുതങ്ങളും പ്രബോധനങ്ങളും സൗഖ്യവും അടുത്തു കാണാൻ, ക്രിസ്തുവിന്റെ കൂടെയായിരിക്കാൻ സുവിശേഷപാഠങ്ങളിലൂടെ ഒരു യാത്ര അനിവാര്യമാണ്. 'അധികാരമുള്ളവനെപ്പോലെ അവൻ പഠിപ്പിച്ചു' എന്നത് സ്വരഗാംഭീര്യമോ ശ്രദ്ധ നേടാനുള്ള പാടവമോ ആയിരുന്നില്ല. സ്നേഹത്തിലൂടെ പകർന്നു നൽകിയ ജീവന്റെ സമൃദ്ധിയായിരുന്നു അവന്റെ അധികാരം. അതുകൊണ്ടാണ് ദൈവ'രാജ്യം' അധികാരമേല്പിക്കുന്നതല്ലാതെ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റേതുമായത്.

"ആടുമേയിച്ചു നടന്ന ദാവീദിനെ രാജാവാക്കിയ ദൈവം" 2 Samuel 7:8 സ്വയമടക്കുന്ന സാമ്രാജ്യ സ്വപ്നങ്ങളിലേക്ക് ശിരസുയർത്തുന്ന ഇസ്രയേലിനെ കണ്ടു. ആ നാട്ടുരാജ്യ അഹന്തയിൽ നിന്ന് ദൈവരാജ്യത്തിലേക്കുള്ള സ്വാതന്ത്ര്യം നന്മയുടെയും സ്നേഹത്തിന്റേതുമായ ഒരു ക്രിസ്ത്വാനുകരണത്തിലൂടെയേ സാധ്യമാകൂ.

ക്രിസ്തുവാണ് ഗുരു. ഗുരുപാതയിലേ ഭൂമി നവീകരിക്കപ്പെടൂ.

ജനുവരി 02, 2024

അനുസരണവും അധികാരവും

സർവ്വാധികാരമുള്ള ഒരു ചക്രവർത്തിക്ക് സ്വന്തം അധികാരം സ്വതേഷ്ടം നിയമങ്ങൾ ഉണ്ടാക്കാനും ജനത്തെ അനുസരിപ്പിക്കാനും ഉപയോഗിക്കുവാനും കഴിയും. സഭയിലെ ഒരു അധികാരത്തിന്റെയും സ്വഭാവം നിയന്ത്രണാധീതമായ പരമാധികാരം എന്ന നിലയിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല. ആരെങ്കിലും സ്വയം ചക്രവർത്തിയാകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, അതിനൊത്ത അനുസരണമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് ക്രിസ്തീയമല്ല. 

അധികാരം നല്കപ്പെട്ടിരിക്കുന്നത് ദൈവത്തിൽ നിന്നാണെങ്കിൽ ആ അധികാരത്തിന്റെ ലക്‌ഷ്യം ദൈവേഷ്ടം നിറവേറ്റുക എന്നതാണ്. എല്ലാവര്ക്കും ജീവനുണ്ടാവുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടമെന്ന് യേശു പഠിപ്പിച്ചു. ദൈവികമായി നല്കപ്പെട്ടിട്ടുള്ള അധികാരം ജീവനിൽ ഉറവിടമുള്ളതും, ജീവൻ പകരുന്നതും, ജീവനെ ലക്‌ഷ്യം വയ്ക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതുമാണ്.  കലഹം വിതക്കുകയും നാശം സൃഷ്ടിക്കുകയും ചെയ്യുന്ന അധികാരം ദൈവികമല്ല. എന്നാൽ അധികാരം സ്വയം ന്യായം കണ്ടെത്തുകയും ദൈവികതയും പരിശുദ്ധിയും അധികാരസംവിധാനത്തിലേക്കു ചേർത്തുനിർത്തുകയും ചെയ്യും. ശരികൾ എപ്പോഴും അവിടെയായിരിക്കുകയും ചെയ്യും.

രണ്ടാമതൊരു രീതിയിൽ നൽകപ്പെടുന്ന അധികാരം സഭ നൽകുന്ന അധികാരമാണ്. സഭയെന്നാൽ ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണെന്ന അടിസ്ഥാന ബോധ്യം ഇവിടെ ആവശ്യവുമാണ്. സഭയുടെ സത്ത, അസ്തിത്വം ചൈതന്യം, ആത്മാവ്, എന്നിവയൊക്കെ ഒരുമിച്ചു വെച്ച് കൊണ്ട് വേണം സഭ നൽകുന്ന അധികാരത്തെ മനസിലാക്കാൻ. 'അഭിഷിക്തൻ' ആയതിനു പിറ്റേന്ന് നാട്ടുരാജാവും പിന്നീട് പതിയെ ചക്രവർത്തിയുമാകുന്ന അധികാരം സഭ നല്കുന്നതോ ആഗ്രഹിക്കുന്നതോ ആയ അധികാരമില്ല. അധികാരത്തെയും പൗരോഹിത്യത്തെയും, സാക്ഷ്യത്തെയും പ്രേഷിതവേലയെയും കുറിച്ച് വലിയ വീഴ്ചവരാനുള്ള കാരണം ക്രിസ്തു ശരീരമെന്ന യാഥാർത്ഥ്യത്തെ മാറ്റിനിർത്തി  അധികാരമെന്ന പിച്ചളസർപ്പത്തെ ഉയർത്തിനിർത്തിയതാണ്. അടയാളമാകേണ്ടിയിരുന്ന പിച്ചളസർപ്പം ഭരണം നടത്തുമ്പോൾ അത് വീണ്ടും ജനത്തെ നശിപ്പിക്കും.

അനുസരണവും അധികാരവും, സത്യവും നീതിയും ജീവനും സേവനവും ചേർത്ത് നിർത്തി മനസിലാക്കുന്നെങ്കിലേ അതിന്റെ ലക്‌ഷ്യം പ്രാപിക്കാനാകൂ. അധികാരം സഭയുടെ യഥാർത്ഥ സത്തയിൽ നിന്ന് കൊണ്ട് ദൈവഹിതം തേടുന്നെങ്കിലെ  അത് അതിൽത്തന്നെ ആധികാരികത നേടുന്നുള്ളു. ആ അധികാരത്തിനേ അനുസരണം ആവശ്യപ്പെടാനുള്ള അർഹതയുള്ളൂ. അല്ലാത്ത അധികാരവും അനുസരണവും മൃതമാണ്. 

ഡിസംബർ 30, 2023

നിയമപാലനം

 പക്വമായ ഒരു ജീവിതക്രമത്തിലേക്കു നയിക്കുന്നതിനാണ് നിയമം. നിയമപാലനം പതിയെ, അതിന്റെ ഉദ്ദേശ്യത്തിലേക്ക് സ്വതസിദ്ധമായ ഒരു മാർഗ്ഗം സ്വീകരിക്കുവാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതുമാവണം. സമൂഹത്തിലും മതത്തിലും സന്യാസത്തിലും നിയമം അതിൽത്തന്നെ ലക്ഷ്യമല്ല. അതുകൊണ്ടു തന്നെ നിയമവും അതിന്റെ പാലനവും ദൈവികമോ പരിശുദ്ധമോ ആകണമെന്നില്ല. നിയന്ത്രണാധികാരം നിലനിർത്തുവാൻ ഏറ്റവും നന്നായി വളച്ചൊടിച്ചുപയോഗിക്കുവാൻ കഴിയുന്നതാണ് നിയമം. നൈയാമികമായിത്തന്നെ തിന്മയെ 'പരിശുദ്ധ'മാക്കാൻ കഴിയും. സാമൂഹിക സംവിധാനങ്ങളുടെ നിലനില്പിനും സാംസ്കാരികമൂല്യങ്ങളുടെ സാധൂകരണത്തിനും നിയമത്തിന്റെ ദൈവിക-കല്പിത സ്വഭാവം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.


ലേവായ നിയമങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമായ കാഴ്ചപ്പാടാണ് നിയമാവർത്തനഗ്രന്ഥത്തിനുള്ളത്. സന്മാർഗ്ഗികവും ദാര്ശനികവുമായ കാഴ്ചപ്പാടുകളിൽ നിയമം ദൈവത്തിന്റെ കണ്ണുകളെ നമുക്ക് നൽകുന്നതാണ്. പുണ്യങ്ങളിൽ വളരുന്ന മനുഷ്യന്റെ ഉദാത്തഭാവങ്ങളിൽ ദൈവത്തിന്റെ മഹത്വമാണ് അവിടെ ലക്‌ഷ്യം വയ്ക്കുന്നത്. അവയിലെത്തിക്കാത്ത നിയമങ്ങളുടെ നൈയാമികതയുടെ മഹത്വവത്കരണവും ദൈവികവത്കരണവും നീചമാണ്. അത് സംരക്ഷിക്കുന്ന അധികാരശക്തിയെ പുകഴ്ത്തുക മാത്രമാണ് അത് ചെയ്യുന്നത്.

ദൈവവുമായി ഉടമ്പടി ചെയ്യാവുന്ന (ഉപകാരങ്ങൾക്കുവേണ്ടിയുള്ള നിയോഗ അർപ്പണ ഉടമ്പടിയല്ല) ഒരു സൗഹൃദബന്ധം യഹൂദചിന്തയിലുണ്ടായിരുന്നു. പക്വവും ഉത്തരവാദിത്തപൂര്ണവുമായ സൗഹൃദത്തിൽ പാലിക്കപ്പെടുന്ന ദൈവിക ഇച്ഛ പിതാവ്-മക്കൾ ബന്ധത്തിൽ അറിയുകയും പാലിക്കുകയും ചെയ്യുന്ന തലത്തിലേക്ക് തന്നു. പൂജനീയമായ നിയമങ്ങളുടെ മഹത്വത്തിലല്ല ആ ബന്ധത്തിന്റെ തെളിമയും സൗന്ദര്യവും. ആരാധനയിലെ ആത്മാവും സത്യവും ഈ ബന്ധവും ദൈവേഷ്ടത്തിന്റെ അറിവുമാണ്.

ദൈവത്തിന്റെ അറിവ് നന്മയും സ്നേഹവുമാണെന്നതുപോലെ, സൃഷ്ടിയെ അറിയുന്നതും നന്മയിലും സ്നേഹത്തിലുമാണ്. ദൈവത്തെ അറിയുന്നതും സ്നേഹത്തിലൂടെയാണ്. ആ സ്നേഹം പരസ്പരമുള്ളതുമാണ്. അതുകൊണ്ടാണ്, ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുന്നവൻ 'നിയമം' പാലിക്കുന്നില്ലെങ്കിൽ നുണ പറയുന്നവനാകുന്നത്. ആദി മുതലേയുണ്ടായിരുന്ന നിയമം സ്നേഹിക്കുക എന്നതാണെന്ന് ഊന്നിപ്പറയുന്നു. നിയമത്തെക്കുറിച്ചു വാചാലരാവുകയും കടുംപിടുത്തം പിടിക്കുകയും ചെയ്യുന്നവർ നിയമമെന്നാൽ എന്തെന്ന് ക്രിസ്തു പഠിപ്പിച്ചത് സഹോദരരെ സ്നേഹിക്കുകയാണെന്നത് സൗകര്യപൂർവം മാറ്റി നിർത്തി അധിക്ഷേപത്തിലേക്കും കുറ്റാരോപണത്തിലേക്കും തിരിയുന്നത് ക്രിസ്തുസ്നേഹത്തെ ഒറ്റിക്കൊടുക്കുന്നതു തന്നെയാണ്.

പരിശുദ്ധാത്മാവിലുള്ള സ്വാതന്ത്ര്യത്തെ പ്രകീർത്തിച്ചു തുടങ്ങിയിട്ട് നിയമത്തിന്റെ ബന്ധനത്തിന്റെ സുരക്ഷയെ സ്തുതിക്കുന്ന അവസ്ഥയിലേക്കാണ് നവീകരണം എത്തിച്ചേർന്നിരിക്കുന്നത്. നിയമങ്ങളുടെ പൂർത്തീകരണമായി വന്ന ക്രിസ്തുവിലാണ് കൃപയും സത്യവും വെളിച്ചമായി തെളിഞ്ഞത്. ആ വെളിച്ചമില്ലാത്ത നിയമത്തിന്റെ കണിശത പരിശുദ്ധിയുൾക്കൊള്ളുന്നതല്ല. അങ്ങനെയുള്ള നിയമങ്ങൾ വഴി പരിരക്ഷിക്കപ്പെടുന്ന സംവിധാനങ്ങൾ ജീവൻ നല്കുന്നവയുമല്ല. സൗകര്യപൂർവ്വം ഒരുക്കിയെടുക്കുന്ന നിയമങ്ങൾ ദൈവികനിയമങ്ങളാണെന്നോ ദൈവത്തിന്റെ ഇഷ്ടം അതിലുണ്ടെന്നോ എത്രമാത്രം സാധൂകരിച്ചാലും അത് ജീവദായകമാവില്ല. അതിന്റെ നൈയാമികതയെ പരിശുദ്ധിയണിയിച്ചു കലഹിക്കാനും കുറേപ്പേറെ നിയമലംഘകരെന്നു ചാപ്പയടിക്കാനുമേ അതുപകരിക്കൂ.

രക്ഷ എന്നത് ദൈവം ഇറങ്ങി വന്നു ചെയ്ത ദയാകർമ്മമാണെന്നും അത് ദയനീയമായ ഒരു ബലിയിലൂടെയാണെന്നും ആവർത്തിച്ചു പറഞ്ഞുറപ്പിച്ചവരാണ് നമ്മൾ. നിയമം അതിന്റെ ഉദ്ദേശ്യം സാധിച്ചിരുന്നെങ്കിൽ മനുഷ്യാവതാരത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. രക്ഷയെന്നാൽ, ദൈവത്തെപ്പോലെ സ്നേഹവും കരുണയും ക്രോധത്തിൽ വിലംബവും ആവും വിധം പാലിക്കുവാൻ ശ്രമിക്കുവാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്നത് വിസ്മരിക്കപ്പെടുന്നു. എന്നാൽ കർക്കശനായ ഭരണകർത്താവിന്റെ രൂപം രക്ഷകനിലും സൃഷ്ടാവിലും അണിയിച്ചു കൊടുക്കുവാൻ മടിയുമില്ല. അതുകൊണ്ടു കൂടിയാണ് നിയമം മൃതമാകുന്നത്.

ഡിസംബർ 24, 2023

നക്ഷത്രവിളക്ക്

തിരുപ്പിറവിയുടെ ആനന്ദത്തെക്കുറിച്ചു ഒരുപാട് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ ആനന്ദമെന്നാൽ പൊട്ടിച്ചിരിക്കലല്ല. സത്യത്തിന്റെ സ്വാതന്ത്ര്യമില്ലാതെ ആനന്ദമുണ്ടാവില്ല. സത്യത്തെ തുറന്നു കാണാൻ മനസ്സാവാതെ എങ്ങനെ തിരുപ്പിറവിയുടെ സമാധാനവും ആനന്ദവും നമ്മിലും സഭയിലുമുണ്ടാകും? 

നിർമ്മിതസത്യങ്ങൾ ഉത്തരവുകളാക്കിയും ദൈവകല്പനയാക്കിയും ബെത്ലെഹെമിന്റെ സ്വാതന്ത്ര്യത്തിലേക്ക് നടക്കാനാവില്ല. വീഴ്ച വരുത്തപ്പെട്ട സത്യാവസ്ഥകളെ ആത്മാവിന്റെ വെളിച്ചത്തിൽ തുറന്നു വയ്ക്കുകയെന്നതാണ് നിർമ്മിതസത്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിശുദ്ധകർമ്മങ്ങളെക്കാൾ പ്രധാനം. 

രക്ഷകൻ എവിടെ പിറക്കുമെന്നു തിരുവെഴുത്തുകൾ തുറന്നു  ഗണിച്ചെടുത്തവർക്ക് ജ്ഞാനികൾ പിന്തുടർന്ന് വന്ന  പ്രകാശത്തിന്റെ പൊരുൾ ഗ്രഹിക്കാനായില്ല. വാർത്തയറിഞ്ഞ ജനത്തിന് വേണ്ടി ഹേറോദേസിന്റെ കൊട്ടാരത്തിൽ അവർ നക്ഷത്രവിളക്ക് തെളിച്ചു. വേറൊരു താരവും ഒരിടത്തും ഉദിച്ചിട്ടില്ല. നയിക്കാത്ത താരശോഭയിൽ രമിച്ചു നിന്ന് അവർ പുകഴ്ചയുടെ പാട്ടുപാടി, കല്പനകളിറക്കി. ആവർത്തിക്കുന്ന വായ്ത്താരികളായ കല്പനകളിൽ സത്യത്തിന്റെ സൗന്ദര്യമായിരുന്നില്ല, തന്ത്രങ്ങളുടെ കൂർമ്മതയായിരുന്നു. രാജത്വത്തിന്റെയും ദൈവത്വത്തിന്റെയും മോടികൾ കൊണ്ട് അലംകൃതമായിരുന്നു അവ.  നിർമ്മിതനക്ഷത്രങ്ങളിൽ സത്യമില്ലെന്നറിയാത്ത വിഡ്ഢികളായിരുന്നില്ല തിരുവെഴുത്തുകളറിയാത്ത ജനം.