ഉദ്ധരിച്ചും തെറ്റായി ഉദ്ധരിച്ചും ദുർവ്യാഖ്യാനം ചെയ്തും അർത്ഥം നഷ്ടപ്പെട്ട വാക്യമാണ് "അനുസരണം ബലിയെക്കാൾ ശ്രേഷ്ഠ"മെന്നത്. ഇവിടെ ഉൾപ്പെട്ടിട്ടുള്ള അനുസരണവും ബലിയും പരിശോധിക്കപ്പെടേണ്ടതാണ്. ദൈവത്തോട് അനുസരണക്കേടു കാട്ടിയ ഒരു രാജാവിന് നൽകപ്പെട്ട സന്ദേശമാണത്. യുദ്ധത്തിൽ അപഹരിക്കപ്പെട്ട മികച്ച ആടുമാടുകളുടെ ബലിയിൽ കൊഴുപ്പ് തീയിൽ ദഹിക്കുന്ന ഗന്ധം സ്വീകാര്യമായ ബലിയായി കരുതപ്പെടുമെന്നാണ് രാജാവ് കരുതിയത്. കൊള്ളമുതൽ എടുക്കരുതെന്നതാണ് സാവൂൾ അനുസരിക്കാതിരുന്നത്. 'ദൈവത്തിനു വേണ്ടിയാകുമ്പോൾ' എല്ലാം സ്വീകരിക്കപ്പെടുമെന്നും അയാൾ കരുതിയിട്ടുണ്ടാവണം. ബലിയർപ്പിക്കുന്നതിനേക്കാൾ ശ്രേഷ്ഠം അനുസരിക്കുകയെന്നതാണെന്നത് ദൈവഹിതത്തിനു കേൾവി നൽകുമ്പോഴാണ്. ജനം സാവൂളിനെ അനുസരിക്കണമോ ദൈവത്തെ അനുസരിക്കണമോ? ബലിയുടെ പേരിൽത്തന്നെയാണ് അനുസരണം ചോദ്യമായത് എന്നും ധ്യാനിക്കാവുന്നതാണ്.
ജനുവരി 15, 2024
അനുസരണവും ബലിയും
ജനുവരി 14, 2024
ക്രിസ്തുവിനൊത്ത ഗുരു
മതം പറഞ്ഞു പഠിപ്പിക്കുന്ന ഗുരുക്കന്മാർ വിശ്വാസത്തിലേക്കും ദൈവിക ജീവനിലേക്കും നയിക്കുന്നവരാവണമെന്നില്ല. മതം ഒരു ആസക്തിയായി പടർന്നു കയറാൻ അന്തരീക്ഷമൊരുക്കുന്ന ഗുരുക്കന്മാരാണ് ഏറെയും. അസഹിഷ്ണുതയുടെ ചെങ്കോൽ ചുമക്കുന്ന മതതീക്ഷ്ണരായ പ്രസിദ്ധീകരണങ്ങളും ചാനലുകളും തങ്ങളുടെ അറിവിന്റെ പ്രധാന ഉറവിടങ്ങളാക്കിയവരുണ്ട്. (ദുർ)വ്യാഖ്യാനങ്ങളെ മാത്രം തിരഞ്ഞെടുത്തു സ്വയം ഞാൻ-മാത്രം-സത്യക്രിസ്ത്യാനി ആകുന്ന ഗുരുക്കന്മാരുമുണ്ട്.
ജനുവരി 11, 2024
ശുശ്രൂഷകർ
നല്ലിടയൻ ആടുകൾക്ക് വേണ്ടി ജീവൻ നൽകുന്നു എന്നത് വെച്ചാണെങ്കിൽ മാത്രം ഇടയന്റെ പ്രതീകം ക്രിസ്തീയ നേതൃത്വത്തിനു യോജിച്ചതാകും. 'ഇടയനും രാജാവും' രൂപകങ്ങൾ 'ശുശ്രൂഷകർ' എന്ന അടിസ്ഥാന സ്വഭാവത്തിന് വഴി മാറേണ്ടത് അനിവാര്യമാണ്. അവിടെയെ പ്രവാചകത്വവും പൗരോഹിത്യവും രൂപപ്പെടുന്ന സത്യത്തെയും വിശ്വാസത്തെയും നന്മയെയും സൗന്ദര്യത്തെയും അറിയാനാവുന്ന നവീകരണ രീതികൾ ക്രിസ്തുചൈതന്യത്തിൽ സ്വീകരിക്കുവാൻ കഴിയൂ. ധ്രുവീകരണ സ്വഭാവമുള്ള ദൈവചിത്രങ്ങളും യാഥാസ്ഥിതിക സഭാരൂപങ്ങളും മൗലികമായ വിശ്വാസശൈലികളുമാണ് ഗ്രീക്ക് തത്വശാസ്ത്രത്തിലെ നരവംശശാസ്ത്രത്തിലൂന്നിയ സാന്മാര്ഗികതയും വിടുതൽ പ്രവണതകളുമാണ് നവീകരണമായി ചേർത്തുപിടിക്കപ്പെട്ടത്. നന്മ, പരസ്പര ശുശ്രൂഷ, ദൈവിക സൗന്ദര്യം, അവ നൽകുന്ന വിശാലതയുടെ സ്വാതന്ത്ര്യം എന്നിവ സഭയുടെ (എന്നാൽ നമ്മുടെ) സ്വഭാവമായി കണ്ടുകൊണ്ട് അതാഗ്രഹിക്കാനും യാഥാർഥ്യമാക്കുവാനും പോന്ന നവീകരണ ശ്രമങ്ങൾ ആവശ്യമാണ്. 'സ്വയം' ത്യജിക്കുക എന്നത് ഇതിലെ വലിയ അപകടമാണ്. 'സ്വയം' ഏല്പിച്ചു തരുന്ന അധികാരങ്ങളും, സുഖങ്ങളും, 'പാരമ്പര്യങ്ങളും,' സംസ്കാരങ്ങളും പ്രത്യയശാസ്ത്രങ്ങളും ദൈവരാജ്യത്തിനു അതിര് നിശ്ചയിക്കുന്നവയാണ്. ഈ സ്വയമൊന്നും തന്നെ ശുശ്രൂഷക്ക് ഇടം നൽകാത്തതാണ്. 'സിംഹാസനം' പോലെ ക്രിസ്തീയ നേതൃത്വത്തിന് അനുചിതമായ മറ്റൊരു വാക്കുണ്ടോ എന്നത് സംശയമാണ്. എങ്കിലും ആ വാക്കു തന്നെ ആവർത്തിക്കപ്പെടുന്നത് ക്രിസ്തുവിനെ മനസിലാക്കാൻ ഒരു സഭയായിത്തന്നെ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളമായി കാണണം.
ജനുവരി 10, 2024
ഗുരുപാത
അത്ഭുതങ്ങളും പ്രബോധനങ്ങളും സൗഖ്യവും അടുത്തു കാണാൻ, ക്രിസ്തുവിന്റെ കൂടെയായിരിക്കാൻ സുവിശേഷപാഠങ്ങളിലൂടെ ഒരു യാത്ര അനിവാര്യമാണ്. 'അധികാരമുള്ളവനെപ്പോലെ അവൻ പഠിപ്പിച്ചു' എന്നത് സ്വരഗാംഭീര്യമോ ശ്രദ്ധ നേടാനുള്ള പാടവമോ ആയിരുന്നില്ല. സ്നേഹത്തിലൂടെ പകർന്നു നൽകിയ ജീവന്റെ സമൃദ്ധിയായിരുന്നു അവന്റെ അധികാരം. അതുകൊണ്ടാണ് ദൈവ'രാജ്യം' അധികാരമേല്പിക്കുന്നതല്ലാതെ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റേതുമായത്.
ജനുവരി 02, 2024
അനുസരണവും അധികാരവും
സർവ്വാധികാരമുള്ള ഒരു ചക്രവർത്തിക്ക് സ്വന്തം അധികാരം സ്വതേഷ്ടം നിയമങ്ങൾ ഉണ്ടാക്കാനും ജനത്തെ അനുസരിപ്പിക്കാനും ഉപയോഗിക്കുവാനും കഴിയും. സഭയിലെ ഒരു അധികാരത്തിന്റെയും സ്വഭാവം നിയന്ത്രണാധീതമായ പരമാധികാരം എന്ന നിലയിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല. ആരെങ്കിലും സ്വയം ചക്രവർത്തിയാകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, അതിനൊത്ത അനുസരണമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് ക്രിസ്തീയമല്ല.
അധികാരം നല്കപ്പെട്ടിരിക്കുന്നത് ദൈവത്തിൽ നിന്നാണെങ്കിൽ ആ അധികാരത്തിന്റെ ലക്ഷ്യം ദൈവേഷ്ടം നിറവേറ്റുക എന്നതാണ്. എല്ലാവര്ക്കും ജീവനുണ്ടാവുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടമെന്ന് യേശു പഠിപ്പിച്ചു. ദൈവികമായി നല്കപ്പെട്ടിട്ടുള്ള അധികാരം ജീവനിൽ ഉറവിടമുള്ളതും, ജീവൻ പകരുന്നതും, ജീവനെ ലക്ഷ്യം വയ്ക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതുമാണ്. കലഹം വിതക്കുകയും നാശം സൃഷ്ടിക്കുകയും ചെയ്യുന്ന അധികാരം ദൈവികമല്ല. എന്നാൽ അധികാരം സ്വയം ന്യായം കണ്ടെത്തുകയും ദൈവികതയും പരിശുദ്ധിയും അധികാരസംവിധാനത്തിലേക്കു ചേർത്തുനിർത്തുകയും ചെയ്യും. ശരികൾ എപ്പോഴും അവിടെയായിരിക്കുകയും ചെയ്യും.
രണ്ടാമതൊരു രീതിയിൽ നൽകപ്പെടുന്ന അധികാരം സഭ നൽകുന്ന അധികാരമാണ്. സഭയെന്നാൽ ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണെന്ന അടിസ്ഥാന ബോധ്യം ഇവിടെ ആവശ്യവുമാണ്. സഭയുടെ സത്ത, അസ്തിത്വം ചൈതന്യം, ആത്മാവ്, എന്നിവയൊക്കെ ഒരുമിച്ചു വെച്ച് കൊണ്ട് വേണം സഭ നൽകുന്ന അധികാരത്തെ മനസിലാക്കാൻ. 'അഭിഷിക്തൻ' ആയതിനു പിറ്റേന്ന് നാട്ടുരാജാവും പിന്നീട് പതിയെ ചക്രവർത്തിയുമാകുന്ന അധികാരം സഭ നല്കുന്നതോ ആഗ്രഹിക്കുന്നതോ ആയ അധികാരമില്ല. അധികാരത്തെയും പൗരോഹിത്യത്തെയും, സാക്ഷ്യത്തെയും പ്രേഷിതവേലയെയും കുറിച്ച് വലിയ വീഴ്ചവരാനുള്ള കാരണം ക്രിസ്തു ശരീരമെന്ന യാഥാർത്ഥ്യത്തെ മാറ്റിനിർത്തി അധികാരമെന്ന പിച്ചളസർപ്പത്തെ ഉയർത്തിനിർത്തിയതാണ്. അടയാളമാകേണ്ടിയിരുന്ന പിച്ചളസർപ്പം ഭരണം നടത്തുമ്പോൾ അത് വീണ്ടും ജനത്തെ നശിപ്പിക്കും.
അനുസരണവും അധികാരവും, സത്യവും നീതിയും ജീവനും സേവനവും ചേർത്ത് നിർത്തി മനസിലാക്കുന്നെങ്കിലേ അതിന്റെ ലക്ഷ്യം പ്രാപിക്കാനാകൂ. അധികാരം സഭയുടെ യഥാർത്ഥ സത്തയിൽ നിന്ന് കൊണ്ട് ദൈവഹിതം തേടുന്നെങ്കിലെ അത് അതിൽത്തന്നെ ആധികാരികത നേടുന്നുള്ളു. ആ അധികാരത്തിനേ അനുസരണം ആവശ്യപ്പെടാനുള്ള അർഹതയുള്ളൂ. അല്ലാത്ത അധികാരവും അനുസരണവും മൃതമാണ്.
ഡിസംബർ 30, 2023
നിയമപാലനം
പക്വമായ ഒരു ജീവിതക്രമത്തിലേക്കു നയിക്കുന്നതിനാണ് നിയമം. നിയമപാലനം പതിയെ, അതിന്റെ ഉദ്ദേശ്യത്തിലേക്ക് സ്വതസിദ്ധമായ ഒരു മാർഗ്ഗം സ്വീകരിക്കുവാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതുമാവണം. സമൂഹത്തിലും മതത്തിലും സന്യാസത്തിലും നിയമം അതിൽത്തന്നെ ലക്ഷ്യമല്ല. അതുകൊണ്ടു തന്നെ നിയമവും അതിന്റെ പാലനവും ദൈവികമോ പരിശുദ്ധമോ ആകണമെന്നില്ല. നിയന്ത്രണാധികാരം നിലനിർത്തുവാൻ ഏറ്റവും നന്നായി വളച്ചൊടിച്ചുപയോഗിക്കുവാൻ കഴിയുന്നതാണ് നിയമം. നൈയാമികമായിത്തന്നെ തിന്മയെ 'പരിശുദ്ധ'മാക്കാൻ കഴിയും. സാമൂഹിക സംവിധാനങ്ങളുടെ നിലനില്പിനും സാംസ്കാരികമൂല്യങ്ങളുടെ സാധൂകരണത്തിനും നിയമത്തിന്റെ ദൈവിക-കല്പിത സ്വഭാവം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഡിസംബർ 24, 2023
നക്ഷത്രവിളക്ക്
തിരുപ്പിറവിയുടെ ആനന്ദത്തെക്കുറിച്ചു ഒരുപാട് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ ആനന്ദമെന്നാൽ പൊട്ടിച്ചിരിക്കലല്ല. സത്യത്തിന്റെ സ്വാതന്ത്ര്യമില്ലാതെ ആനന്ദമുണ്ടാവില്ല. സത്യത്തെ തുറന്നു കാണാൻ മനസ്സാവാതെ എങ്ങനെ തിരുപ്പിറവിയുടെ സമാധാനവും ആനന്ദവും നമ്മിലും സഭയിലുമുണ്ടാകും?
നിർമ്മിതസത്യങ്ങൾ ഉത്തരവുകളാക്കിയും ദൈവകല്പനയാക്കിയും ബെത്ലെഹെമിന്റെ സ്വാതന്ത്ര്യത്തിലേക്ക് നടക്കാനാവില്ല. വീഴ്ച വരുത്തപ്പെട്ട സത്യാവസ്ഥകളെ ആത്മാവിന്റെ വെളിച്ചത്തിൽ തുറന്നു വയ്ക്കുകയെന്നതാണ് നിർമ്മിതസത്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിശുദ്ധകർമ്മങ്ങളെക്കാൾ പ്രധാനം.
രക്ഷകൻ എവിടെ പിറക്കുമെന്നു തിരുവെഴുത്തുകൾ തുറന്നു ഗണിച്ചെടുത്തവർക്ക് ജ്ഞാനികൾ പിന്തുടർന്ന് വന്ന പ്രകാശത്തിന്റെ പൊരുൾ ഗ്രഹിക്കാനായില്ല. വാർത്തയറിഞ്ഞ ജനത്തിന് വേണ്ടി ഹേറോദേസിന്റെ കൊട്ടാരത്തിൽ അവർ നക്ഷത്രവിളക്ക് തെളിച്ചു. വേറൊരു താരവും ഒരിടത്തും ഉദിച്ചിട്ടില്ല. നയിക്കാത്ത താരശോഭയിൽ രമിച്ചു നിന്ന് അവർ പുകഴ്ചയുടെ പാട്ടുപാടി, കല്പനകളിറക്കി. ആവർത്തിക്കുന്ന വായ്ത്താരികളായ കല്പനകളിൽ സത്യത്തിന്റെ സൗന്ദര്യമായിരുന്നില്ല, തന്ത്രങ്ങളുടെ കൂർമ്മതയായിരുന്നു. രാജത്വത്തിന്റെയും ദൈവത്വത്തിന്റെയും മോടികൾ കൊണ്ട് അലംകൃതമായിരുന്നു അവ. നിർമ്മിതനക്ഷത്രങ്ങളിൽ സത്യമില്ലെന്നറിയാത്ത വിഡ്ഢികളായിരുന്നില്ല തിരുവെഴുത്തുകളറിയാത്ത ജനം.