Gentle Dew Drop

ഓഗസ്റ്റ് 27, 2020

മൃഗത്തിന്റെ പ്രവൃത്തികൾ

വെളിപാടിലെ 'മൃഗ'ത്തിന്റെ സംഖ്യയും അടയാളവും കൃത്യമായി വ്യാഖ്യാനിക്കാനും തിരിച്ചറിയാനും കഴിയുന്നവരുണ്ട് (എന്ന് അവർ ഉറപ്പായിത്തന്നെ പറയുന്നു). എന്നാൽ നിർഭാഗ്യവശാൽ അവയിലൂടെ അന്ത്യകാലം എന്ന ഒരു പ്രതീതി ഉണ്ടാക്കുന്നതൊഴിച്ചാൽ അതിനെതിരെ, വ്യക്തിപരമായ മൂല്യങ്ങളിൽ ബോധ്യങ്ങൾ കൊണ്ടുവന്നുകൊണ്ട് സാംസ്കാരികമായ വെല്ലുവിളികൾ ഉണ്ടാക്കുവാൻ അവർ ശ്രമിക്കുന്നില്ല. അവരുടെ വ്യാഖ്യാനങ്ങൾ അനുസരിച്ച്തന്നെ 'മൃഗ'ത്തിന്റെ പ്രവൃത്തികളും ശക്തിയും കൺമുമ്പിൽ കാണുമ്പോൾ നിശബ്ദതയാണ് അവർക്കുള്ളത്.

പാവങ്ങളെയും അധഃകൃതരെയും ചൂഷണം ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥകളും അവയെ വളർത്തുന്ന ഭരണസംവിധാനങ്ങളും ആ 'മൃഗ'ത്തിന്റെ പ്രവൃത്തികളാണ്, ജീവനു മേൽ പണത്തിനു പ്രാധാന്യം നൽകുന്ന ലാഭക്കൊതികൾ 'മൃഗ'ത്തിന്റെ സ്വഭാവമാണ്, സാമ്പത്തികലാഭത്തിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കുകയും അത് വഴി ഇനി വരുന്ന തലമുറകൾക്ക് (അത് ഏതു ജീവി വംശവുമാകട്ടെ) ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നത് 'മൃഗ'ത്തിന്റെ പ്രവൃത്തികളാണ്, ഈ മഹാമാരിയുടെ സമയം പോലും ലാഭത്തിനുള്ള അവസരമാക്കിത്തീർക്കുന്ന ബിസിനസ് മേഖലകളും, രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന ആശുപത്രികളും പ്രാവർത്തികമാക്കുന്നത് 'മൃഗ'ത്തിന്റെ പ്രവൃത്തികളാണ്. പണമില്ലാത്തപ്പോഴും സാധാരണ നിക്ഷേപകരെ കൊള്ളചെയ്ത് കുത്തകസമ്പത്തികശക്തികൾക്ക് വായ്പ നൽകുന്ന ബാങ്കുകൾ ചെയ്യുന്നതും അതുതന്നെയാണ്. സ്വകാര്യവത്കരണം മൂലം, ചിലർ മുൻഗണനക്കർഹമാവുകയും ബാക്കിയാളുകൾ പാർശ്വവത്കരിക്കപ്പെടുകയും അനേകർ തൊഴിൽരഹിതരാക്കപ്പെടുകയും സാമ്പത്തിക അരാജകത്വം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നിടത്തും 'മൃഗ'ത്തിന്റെ ശക്തിയുണ്ട്. അടയാളങ്ങളോട് വിരോധം പ്രകടിപ്പിക്കുകയും എന്നാൽ പ്രവൃത്തികളോട് ചേർന്ന് നടക്കുകയും ചെയ്യുന്നവർ തങ്ങളുടെ നിലപാടുകളിൽ കാലത്തോട് വഞ്ചന ചെയ്യുകയാണ്. 

ഓഗസ്റ്റ് 25, 2020

ആജ്ഞാപിക്കുമ്പോൾ

വരൂ, പോകൂ, എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ പുണ്യങ്ങൾ/ദുർഗുണങ്ങൾ, ആരോഗ്യം/രോഗം തുടങ്ങിയവയെക്കുറിച്ച് ഉപയോഗിക്കുമ്പോൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രചാരത്തിലിരുന്ന ചിത്രകലാരീതികളെയും അതിനു പിൻപിലുണ്ടായിരുന്ന അന്നത്തെ മനഃശാസ്ത്രസങ്കല്പത്തെയും കൂടി മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്. ദൈവമുൾപ്പെടെ, സ്ഥിതി ചെയ്യുന്ന സകലയാഥാർത്ഥ്യങ്ങളെയും അവയുടെ ക്രമപ്പട്ടികയിലേക്ക് ചേർത്തുവയ്ക്കുമ്പോൾ പുണ്യങ്ങൾക്കും ദുർഗുണങ്ങൾക്കും വ്യക്തിഭാവം നല്കപ്പെട്ടിരുന്നു. അതുകൊണ്ട്, രാജഭരണം പ്രബലമായിരുന്ന ആക്കാലത്ത്, രാജാവിനേയോ രാജ്ഞിയേയോ അകമ്പടി ചെയ്യുന്ന ഗായകസംഘത്തെപ്പോലെ പുണ്യങ്ങളോ ദുർഗുണങ്ങളോ വ്യക്തികളെപ്പോലെ മനുഷ്യനിലും വന്നുചേരുന്നു എന്ന് സങ്കല്പിക്കപ്പെട്ടിരുന്നു.

ആ വ്യക്തിഭാവം രൂപകാത്മകമായി മനസിലാക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ, പ്രാർത്ഥനകളിലും ആത്മീയശുശ്രൂഷകളിലും അപ്രകാരം ഉപയോഗിക്കപ്പെടുമ്പോൾ ചിലപ്പോൾ നമ്മുടെ വൈകാരികവും ശാരീരികവും വ്യക്തിപരവുമായ അവസ്ഥകളിലേക്ക് കൃപയുടെ കടന്നു വരവിനു അത് തടസ്സം നിന്നേക്കാം. സ്വപ്നങ്ങളിൽ വലിയ കല്ല് തള്ളിനീക്കാൻ ശ്രമിക്കുന്ന അനുഭവം പോലെയേ അത് ഫലത്തിലേക്ക് വരികയുള്ളു. വൈകാരികവും ശാരീരികവും ബൗദ്ധികവുമായ യാഥാർത്ഥ്യങ്ങളെ അറിയാൻ പരിശ്രമിക്കാം, ഒപ്പം ഹൃദയം തുറന്നു ക്ഷമയോടെ പ്രാർത്ഥിക്കാം.  

ആത്മനിയന്ത്രണവും, അച്ചടക്കവും, വിശ്രമവും ആവശ്യമെങ്കിൽ മരുന്നും സൗഖ്യപ്രക്രിയയിലെ ദൈവേഷ്ടം തന്നെയാണ്.
__________

കൈയിൽ അഴുക്കു പറ്റിയാൽ 'പോകൂ' എന്ന് പറഞ്ഞത് കൊണ്ട് പോവില്ലല്ലോ.

ഓഗസ്റ്റ് 22, 2020

ആത്മീയസാധ്യത

നന്മ തിന്മകളുടെ രണ്ടു തത്വങ്ങളാണ് പ്രപഞ്ചയാഥാർത്ഥ്യമെന്നത് ഗ്രീക്ക് ചിന്തകരുടെ കാലം മുതലുള്ള സങ്കല്പമാണ്. അത് തത്വശാസ്ത്രത്തിലും ആത്മീയതയിലും പല രൂപങ്ങളിൽ ഇന്നും ആവർത്തിക്കുന്നുമുണ്ട്. പ്രകൃതിയും അവയിൽ കുറവെന്ന് തോന്നിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളും ജീർണ്ണതകളും രോഗങ്ങളും തിന്മയുടെ സൃഷ്ടിയും പൂർണ്ണവും പ്രകൃത്യാതീതവുമായവ നന്മയുടെ സൃഷ്ടിയുമെന്ന് മാറ്റിനിർത്തുന്നത് ഏറ്റവും എളുപ്പമുള്ള യുക്തിയാണ്. എന്നാൽ ആത്മീയതയാക്കപ്പെടുമ്പോൾ മനുഷ്യന്റെ ദയനീയാവസ്ഥകളെ ചൂഷണം ചെയ്യാൻ ഇത് പോലെ കഴിവുള്ള മറ്റൊന്നില്ല. മേല്പറഞ്ഞ യുക്തി ദൈവത്തിനും പിശാചിനും നന്മ തിന്മകളുടെ മുഖം നൽകുമ്പോൾ ആത്മീയതയുടെ സ്വഭാവവും അതിനൊത്തതാകും. തിന്മയായി കാണപ്പെടുന്നവയുടെ കാരണം പാപത്തിലേക്കു ചുരുക്കപ്പെടും അതിനുള്ള ഏക പരിഹാരം പ്രപഞ്ചത്തെയും ശരീരത്തെത്തന്നെയും തിന്മായായി കാണുകയും അതിൽ വേദന മാത്രം തേടുക എന്നതാവും. ശോഷിച്ച ശരീരത്തെക്കാൾ ദൈവത്തിനു പ്രീതികരമായി മറ്റൊന്നുമില്ല എന്നൊരു ആത്മീയ സമീപനം പോലുമുണ്ടായിരുന്നു മധ്യയുഗത്തിൽ. മനുഷ്യൻ ഭക്ഷണമുപേക്ഷിച്ചും മറ്റും സഹിക്കുന്നത് കാണുമ്പോൾ തന്നെ മനുഷ്യൻ സ്നേഹിക്കുന്നെന്നു കരുതുന്ന ദൈവം ദൈവമല്ല; അത്തരം വ്യവസ്ഥകളിൽ മാത്രം അനുഗ്രഹിക്കുന്ന ദൈവവും ദൈവമല്ല. മഹാമാരികൾ ഉണ്ടാകുന്നത് തിന്മയിൽ നിന്നാണെന്ന നിഗമനത്തിലെത്തുന്നത് മേല്പറഞ്ഞ യുക്തിയിൽ നിന്നാണ്. അത്തരം വ്യഥകളെക്കുറിച്ച് വ്യക്തതയില്ലാതിരുന്ന കാലത്തുണ്ടായിരുന്ന വ്യാഖ്യാനങ്ങൾക്കനുസരിച്ച് അന്ന് സ്വീകരിച്ചിരുന്ന ആത്മീയ സമീപനങ്ങൾ വിവേകമില്ലാതെ ഇന്ന് പിന്തുടരുന്നത് ദൈവം നൽകുന്ന ജ്ഞാനത്തെ അപമാനിക്കുന്നതാണ്.പ്രാർത്ഥിക്കുന്നതും ഉപവസിക്കുന്നതും ദൈവത്തെ പ്രീതിപ്പെടുത്താനല്ല (പ്രീതിപ്പെടുത്താൻ കഴിയുന്ന ദൈവം ബാലിശ സ്വഭാവം ഉള്ള വെറും മനുഷ്യ സങ്കല്പമാണ്), മറിച്ച് പ്രാർത്ഥനയും ത്യാഗപ്രവൃത്തികളും ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ, ദൈവസാന്നിധ്യത്തിലുള്ള വിശ്വാസത്തിന്റെ അടയാളമാണ്. അത് ഒരു ഹൃദയബന്ധത്തിലേക്കുള്ള വളർച്ചയാണ്. തിന്മകളിൽ നിന്ന് രക്ഷപ്പെടുവാൻ സ്വയം ദയനീയാവസ്ഥകൾ സൃഷ്ടിക്കുന്നതിലൂടെയുള്ള പ്രീണനം ദൈവം ആഗ്രഹിക്കുന്നില്ല. അത് ദൈവത്തിൽ പ്രത്യാശ വളർത്തുന്നതിന് പകരം ഭീതിയും നിരാശയും നിറക്കുകയും ചെയ്യും. മ്ലാനമായ മുഖവും ക്ഷീണിച്ച ശരീരവും ആത്മീയതയായി പഠിപ്പിക്കപ്പെട്ടേക്കാം. അത്തരം പ്രവണതകൾ ആത്മീയ ഉണർവിനും വളർച്ചക്കും പകരം, മുരടിപ്പുണ്ടാക്കുന്നെന്നു മാത്രമല്ല മറ്റുള്ളവരെക്കൂടി അസ്വസ്ഥരാക്കിയേക്കാം. യഥാർത്ഥ ആത്മീയത ശരീരത്തിനാവശ്യമായ ശ്രദ്ധയെക്കുറിച്ച് ബോധ്യം നൽകും. ആവശ്യമായ വിശ്രമവും, ആരോഗ്യകരമായ ഭക്ഷണവും, മാനസിക ഉല്ലാസവും ആത്മീയതയുടെ തന്നെ ഭാഗമാണ്. ഇവ തന്നെ എങ്ങനെ, എപ്പോൾ തിന്മയാകുന്നു വന്നു വിവേകം ആത്മനിയന്ത്രണം എന്നീ പുണ്യങ്ങൾ നമുക്ക് പറഞ്ഞു തരും. അങ്ങനെ നയിക്കപ്പെടുന്നില്ലെങ്കിൽ സ്വയം സംശയിക്കുന്ന വികലമായ 'ആത്മീയതയാവും നമ്മെ നയിക്കുന്നത്.

തിന്മകളുടെയും അധമവാസനകളുടെയും ഇരിപ്പിടവും ഉറവിടവും ശരീരമാണ് എന്ന കാഴ്ചപ്പാട് പണ്ടുണ്ടായിരുന്നു. എന്നാൽ ശരീരത്തിന്റെ നന്മകൾ അതിന്റെ തൃഷ്ണകളെക്കൂടി ഉൾപ്പെട്ടിട്ടുള്ളതാണ്. അവയുടെ നിജിതമായ ലക്ഷ്യങ്ങളിൽ നിന്ന് സ്വയം അകറ്റുന്നതിലാണ് തിന്മ ഉൾപ്പെടുന്നത്. എന്നാൽ ശരീരത്തെ തിരസ്കരിക്കുന്നതിലൂടെ പൂർണതയിലേക്ക് നടക്കാൻ സാധിക്കുക എന്നതാണ് ആത്മീയ വശം എന്ന് കരുതപ്പെടുന്നവയിൽ തെറ്റിദ്ധാരണകൾ ഉൾപ്പെടുന്നുണ്ട്. കൃത്യവും, വ്യക്തവും, യുക്തിപരവും ഉറപ്പുള്ളതുമൊക്കെ ആത്മീയവും എന്നാൽ വൈകാരികവും, ഭൗതികവും ലോലവും ദുർബലവുമായതൊക്കെ മറുവശത്തും മാറ്റിനിർത്തപ്പെട്ടിരുന്നു. ലോകം-ദൈവം, ശരീരം-ആത്മാവ്, പദാർത്ഥം-മനസ്സ് തുടങ്ങിയ വേർതിരിവും രണ്ടാമത്തിനു നൽകപ്പെടുന്ന മേൽക്കോയ്മ സങ്കല്പവുമാണ് അതിനു പിന്നിൽ.

ജീർണ്ണവും കുറവുകളുമെന്നു കരുതപ്പെടുന്ന യാഥാർത്ഥ്യങ്ങൾ ജീവന്റെ പുതുരൂപങ്ങൾക്ക് എത്രയോ പ്രധാനമാണെന്ന് തിരിച്ചറിയപ്പെടണം. അത്തരം ജീര്ണതകളും മാറ്റങ്ങളും, പ്രകൃതി അപൂർണ്ണമാണെന്നും എന്നാൽ പൂർണ്ണമായ ഏതോ യാഥാർത്ഥ്യം ഉണ്ടായേക്കാമെന്നുമുള്ള സങ്കൽപ്പങ്ങൾ സൃഷ്ടിച്ചു. സ്വാഭാവികമായും പൂര്ണതയെ പ്രാപിക്കാൻ അപൂര്ണമായവയിലേക്ക് നയിക്കുന്നവയെ തിരസ്കരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നത് തീർത്തും യുക്തിപരമായി. ആത്മീയ രൂപത്തിൽ ആ ദയനീയ അവസ്ഥ ദൈവത്തിനു പ്രീതികരമാണെന്ന വ്യാഖ്യാനം കൊണ്ട് വന്നു. യൂറോപ്പിലെ പ്ളേഗിന്റെ സമയത്ത് ഇതിന്റെ ഏറ്റവും ഭീകരമായ വ്യാഖ്യാനങ്ങൾ നല്കപ്പെട്ടിരുന്നു. അതിന്റെ തുടർച്ച ഇന്നും നമുക്കിടയിലുണ്ട്.

ദൈവത്തിന്റെ കൃപയിലേക്കുള്ള തുറവിയാണ് നമുക്കാവശ്യം. ആ തുറവിയെ തടസ്സപ്പെടുത്തുന്ന നമ്മിലെ യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ അവയെ പ്രത്യേകം ശ്രദ്ധയോടെ ആ കൃപയിലേക്കു തുറന്നു വയ്ക്കാൻ കഴിയും. ഏതൊരു ആത്മീയപ്രയത്നത്തിലുമെന്ന പോലെ നമ്മെത്തന്നെ അച്ചടക്കത്തിലേക്കു കൊണ്ടു വരേണ്ടത് ബലഹീനതകളിൽ നിന്നുള്ള ഉയർച്ചയിലും ആവശ്യമാണ്. അവിടെ ബുദ്ധിയും വികാരങ്ങളും മനസും കൃപയോട് സഹകരിക്കണം. ക്ഷമയോടെ കാത്തിരിക്കുകയും വേണം. കൃപ-[മനുഷ്യ]പ്രകൃതി-ജീവൻ എന്ന ഒരു ബന്ധത്തിൽ സൗഖ്യവും, പാപമോചനവും, അനുരഞ്ജനവും, സമാധാനവുമൊക്കെ മനസ്സിലാക്കാം. ഇവയെല്ലാം മുഴുവൻ വ്യക്തിയെയും ഉൾപ്പെടുന്നതാണ്. മനുഷ്യൻ എന്ന യാഥാർത്ഥ്യത്തെ 'ശരീരത്തിന്റെയും' 'ആത്മാവിന്റെയും' വ്യത്യസ്തമായ കഴിവുകളായി വേർതിരിച്ചു വയ്ക്കാൻ ഇന്ന് വിശ്വാസമോ ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല. ശരീരത്തോട് നിഷേധാത്മക സമീപനം സ്വീകരിച്ചിരുന്ന നാളുകളിൽ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ അവയുടെ പശ്ചാത്തലത്തിൽ വായിക്കുകയാണ് വേണ്ടത്. ശരീരത്തിന്റെ തിരസ്കരണമോ, ഇന്ദ്രിയനിഗ്രഹമോ അതിൽത്തന്നെ ആത്മീയതയല്ല. ദൈവകൃപയിലുള്ള വളർച്ചയാണ് ആത്മീയത. മിതത്വവും, സൗമ്യതയും, വികാരങ്ങളിലുള്ള ആത്മനിയന്ത്രണവുമൊക്കെ കൃപയുടെ അടയാളങ്ങളാണ്. അതുകൊണ്ടാണ് പരിശുദ്ധാത്മാവിന്റെ 'ഫല'ങ്ങളായി അവ കാണപ്പെടുന്നത്.

ത്യാഗങ്ങളോ പ്രാർത്ഥനകളോ കൃപ നിർമ്മിക്കുകയോ, തിന്മകളെ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. അവ നമ്മെ തുറവിയുള്ളവരാക്കുകയാണ്. കൃപയാൽ നിറയുമ്പോഴാണ് തിന്മകൾ അകലുന്നത്.

ഓഗസ്റ്റ് 21, 2020

നീതി

അന്യായക്കാർക്കെതിരെ ഒരുവനർഹമായ നീതി ലഭിക്കേണ്ടത് ന്യായമായ നീതിയാണ്. അന്യായക്കാർക്കിടയിൽ, തിരഞ്ഞെടുത്ത ശത്രുവിനെതിരെ മാത്രം നീതി തേടുന്നതിൽ നീതിബോധത്തിന്റെ കുറവുണ്ട്.

നമുക്കിടയിൽ ഉറപ്പാക്കേണ്ട നീതി നിർവ്വഹണം നടക്കുന്നുണ്ടോ എന്നതും പ്രധാനമാണ്. അല്ലെങ്കിൽ അന്യായക്കാർക്കെതിരെ നീതി തേടുന്നതിൽ ബലക്കുറവ് വരും.

അത്തരത്തിൽ അർഹമായ നീതി നമുക്കിടയിൽ ചിലർക്ക് നിഷേധിക്കപ്പെടുന്നുവെങ്കിൽ ആ നീതിബോധവും ശരിയല്ല. ആ നീതിനിഷേധം പ്രത്യേക മിത്രങ്ങളുടെ താല്പര്യസംരക്ഷണത്തിനാകുമ്പോൾ ആ നീതിബോധം തന്നെ അന്യായമാണ്.

ഓഗസ്റ്റ് 20, 2020

അതിരുകളില്ലാത്ത സ്വർഗ്ഗം

വേർതിരിവുകളില്ലാതെയാണ് ഞങ്ങൾ തോട്ടിലും കാട്ടിലും പറമ്പിലും വീടുകളിലും ഒരുമിച്ചു വളർന്നത്. കണ്ടതും പഠിച്ചതും തിരുത്തപ്പെട്ടതും ആ ഗ്രാമമെന്ന കുടംബത്തിൽ നിന്നാണ്. ആ വഴിയേ കനിവുകളുടെ കരങ്ങൾ എത്രയോ ഓർമ്മിക്കുവാനുണ്ട്! ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെയുണ്ടായിരുന്നു അയൽക്കാരായി. സ്‌കൂളിലേക്ക് കൈ പിടിച്ചു നടത്തിയവരും, കൂടെ കളിച്ചവരും, തിരികെ നടന്നു വരുന്ന മടുപ്പിൽ കുട്ടികൾക്ക് വെള്ളം നൽകിയവരും ഒന്നും അവ ചെയ്തത് മതങ്ങൾ നോക്കിയോ കണ്ടോ ആയിരുന്നില്ല. ആ കൊച്ചു ഗ്രാമത്തിന്റെ നന്മകളിൽ നിന്നാണ് സുവിശഷപാഠങ്ങൾ ഞാൻ ആദ്യം കണ്ടറിഞ്ഞു പഠിച്ചത്. അവരിൽ അധ്യാപകരും കൂലിപ്പണിക്കാരും കർഷകരും ബാങ്കുദ്യോഗസ്ഥരും തുന്നൽക്കാരും കടലവില്പനക്കാരും മീൻവില്പനക്കാരും ഒക്കെ ഉണ്ടായിരുന്നു. ആ ചുറ്റുപാടുകളും മനുഷ്യരും എന്റെ ചിന്തകളേയും സ്വർഗ്ഗസങ്കല്പങ്ങളെയും രൂപപ്പെടുത്തിയിട്ടുണ്ട്. അവരെപ്പോലുള്ളവർ ഇല്ലാതെയുള്ള സ്വർഗ്ഗത്തെ ഒരിക്കലും ഞാൻ സങ്കല്പിച്ചിട്ടില്ല. അവരിലെ നന്മകൾ ഒരുപാട് എന്നെ പഠിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വെറുപ്പിന്റെ ഭാഷ വിശ്വാസത്തിന്റെ ആവശ്യമാണെന്ന് ചിലരൊക്കെ പഠിപ്പിച്ചു തുടങ്ങിയിട്ടുള്ള ഇക്കാലത്ത് അത്തരം പൈശാചികസ്വർഗ്ഗങ്ങളിൽനിന്ന് എന്നെ പിന്തിരിപ്പിക്കുന്നതും നന്മകളുടെ ആ ബാല്യകളരിയാണ്. ഞാൻ കണ്ട ആ നല്ല മുഖങ്ങൾ അകറ്റപ്പെടണമെങ്കിൽ ഹൃദയത്തിൽ വലിയ വിടവുണ്ടാക്കാതെ, എന്നെത്തന്നെ നഷ്ടപ്പെടുത്താതെ അതാവില്ല.

"അടരുവാൻ വയ്യ
നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു
സ്വർഗ്ഗം വിളിച്ചാലും"  

ക്രിസ്തുവിന്റെ സ്നേഹത്തിനു പകരം അകൽച്ചയും വെറുപ്പും പഠിപ്പിക്കുന്നവർ ക്രിസ്തുവിന്റെ മുഖത്തിന് നേരെ കാർക്കിച്ചു തുപ്പിയവരാണ്. സ്വയരക്ഷക്കായി സ്വയം വിലങ്ങു തീർക്കുന്നവർ ക്രിസ്തുവിന്റെ രക്ഷയെ അവഗണിച്ചു കളഞ്ഞു. അവരുടെ അതിരുകൾക്കപ്പുറത്ത് ഒരുപക്ഷേ, കനിവുകളുടെ നല്ല കരങ്ങൾ അവർ കണ്ടിട്ടില്ലായിരിക്കാം. എന്നാൽ ആ വിഷം അമൃതായി ഇന്നത്തെ ഇളം തലമുറയ്ക്ക് നൽകപ്പെടരുത്. നീതിയുടെയും വിശ്വാസത്തിന്റെയും പേരിൽ ശീലിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്ന സംശയങ്ങളും വെറുപ്പും സുവിശേഷത്തിന്റെ ചൈതന്യമല്ല.  കുടുംബങ്ങളാണ് ജാഗ്രത കാണിക്കേണ്ടത്. ദൂരെയെങ്ങോ ഉയരുന്ന വിഷക്കാറ്റ് അരികെയെത്താൻ സമയമധികം വേണ്ട. വിശ്വാസസത്യങ്ങളും മതനേതൃത്വങ്ങളും രണ്ടു ചേരികളിലായി നേർക്കുനേർ നില്കുന്നത് കണ്ടാൽ സാധാരണ വിശ്വാസികൾ ഏതു പക്ഷം ചേരും? ദൈവം നയിക്കട്ടെ!

ബഹളവും തിരക്കും, എണ്ണവും കണക്കുകളും പ്രാധാന്യം നേടിയെടുത്ത അപ്രധാന ഘടകങ്ങളാണ് എല്ലാ കാലത്തും. രാജാവിന്റെ അന്തഃപുരത്തിൽ എലി ചത്ത് ചീഞ്ഞപ്പോൾ ഗ്രാമത്തിലെവിടെയൊക്കെയോ തീയെരിയിച്ചു നിർത്തുക എന്നതും പ്രധാനം. ബഹളങ്ങളില്ലാതെ ആരുമറിയാതെ ദൈവപുത്രർ ജനിച്ചു മരിക്കുന്നത് ജീവിതത്തിന്റെ സുകൃതം. രാജാക്കൾ പകിടകളി തുടരട്ടെ.

ഒരുപാട് പണ്ടത്തെ കഥയാണ്:

അയലത്തോട്ടു നോക്കി കൂവിപ്പരിഹസിക്കുന്ന കൊച്ചുമക്കളെ കണ്ടപ്പോൾ കാരണവർക്ക് നല്ല ഹരം,
തറവാട് വികാരം ഇങ്ങനെയാവണം
ഹരം പതിയെ ലഹരിയായി,
തലമുറകളായി ഉമ്മറത്തുണ്ടായിരുന്ന ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഊറിച്ചിരിച്ചു കാരണവർ.
തികച്ചും സമാധാനപൂർണ്ണമായ കൂവൽ.
അക്ഷരം പഠിച്ച ഒന്നുരണ്ടു കൊച്ചേട്ടന്മാർ കുറച്ചു കൂടി ഉച്ചത്തിൽ കൂവാൻ ചട്ടം കൂട്ടി.
കൂവലിനു വാശി കൂടിയതോടെ ചെറുമക്കൾ മൂർച്ചയുള്ള കരിങ്കൽച്ചീളുകൾ അതിരുകളിൽ ശേഖരിച്ചു, ഉണങ്ങിയ ചൂട്ടുകറ്റകളും.
ചെറുമക്കളുടെ വീര്യം കൊച്ചേട്ടന്മാർക്ക് വല്ലാതങ്ങു ബോധിച്ചു.
കാരണവർ ചാഞ്ഞു മയങ്ങി.
അതിരുകൾക്കു മീതെ ഒരു കരിമേഘം വന്നു നിന്നു.
ഇടിമിന്നലും കൊടുങ്കാറ്റും അതുണ്ടാക്കിയില്ല
ഒരു മിഴിനീർത്തുള്ളിയായി അത് കാരണവരുടെ പാദങ്ങളിൽ അപേക്ഷയായി വന്നു വീണു.
"ചെറുമക്കൾ ആലോചനയില്ലാതെ കുരുത്തക്കേട് കാട്ടിയേക്കാം."
മേഘത്തിന്റെ യാചന വിഫലമാകുമോ?
കാരണവർ ഉണരുമോ? അതോ പന്തങ്ങളെരിയുമ്പോഴും മയക്കം തുടരുമോ?

ദൃശ്യാവിഷ്കരണം ഉടൻ ........

ഓഗസ്റ്റ് 15, 2020

സ്വാതന്ത്ര്യം, മഹത്വം, ആനന്ദം

 

സ്വർഗ്ഗാരോഹണം - സ്വാതന്ത്ര്യ ദിനം

ഇവ രണ്ടും തരുന്ന ധ്യാന ചിന്തകൾ മഹത്വം ആനന്ദം എന്നിവയാണ്. എന്നാൽ
രണ്ടിനെയും തീർത്തും സംശയാസ്പദമാക്കുന്ന സാഹചര്യത്തിലാണ് ഇന്ന് നമ്മുടെ ജീവിതം. ഈ അവസ്ഥയിൽ ദൈവത്തിന്റെ സാന്നിധ്യത്തിൽ നടന്ന് മഹത്വത്തിലേക്കു പ്രവേശിക്കാനും ആനന്ദത്താൽ നിറയുവാനും പരി. മാതാവ് നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ.

മാതാവിനെ സ്നേഹിക്കുകയും ഭക്തിയോടെ അടുത്തെത്തുകയും ചെയ്യുന്നവരാണ് നമ്മളോരോരുത്തരും. മാതാവ് സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നത് ദൈവത്തിൽ ആശ്രയിക്കുവാനാണ്. ദുഃഖത്തിന്റെയും ദുരിതത്തിന്റെയും ഈ നാളുകളിൽ ദൈവത്തിൽ ആശ്രയിക്കുക എന്നത് ബുദ്ധിമുട്ടും വെല്ലുവിളിയുമാണ്. എന്നാൽ അതേ സമയം അത്തരം നിമിഷങ്ങളിലൂടെ ദൈവകൃപയോടെ കടന്നുപോവുക എന്നത് ഒരു വിശ്വാസപ്രക്രിയയുമാണ്. കോവിഡ് നാളുകളിലൊക്കെയും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശങ്ങളിലും നിറഞ്ഞു നിൽക്കുന്നത് പ്രത്യാശയോടെ ദൈവത്തോട് ചേർന്ന് നില്കുവാനുള്ള സന്ദേശങ്ങളാണ്. പ്രാർത്ഥനകളുടെ പെട്ടെന്നുള്ള അത്ഭുതഫലങ്ങൾ ആഗ്രഹിച്ചു നമ്മുടെ പ്രാർത്ഥനകളെ മന്ത്രതുല്യമാക്കി മാറ്റിയവരാണ് നമ്മിൽ പലരും. മാതാവ് മഹത്വത്തിലേക്ക് പ്രവേശിച്ചത് കുരിശിൽ മരിക്കുന്ന ഈശോയെ കാണുമ്പോഴും ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് രക്ഷാകര സംഭവങ്ങളിലൂടെ പ്രത്യാശയോടെ ശാന്തമായി നടന്നുകൊണ്ടാണ്. അവിടെയാണ് യഥാർത്ഥ സ്വാതന്ത്ര്യാനുഭവം നമുക്ക് കാണാൻ കഴിയുന്നത്..

യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ് സമാധാനം. വിശുദ്ധരുടെ മഹത്വം നമ്മുടെ വ്യക്തിജീവിതങ്ങളിൽ പകർന്നു നൽകുന്ന ഫലവും സമാധാനമാണ്. പരിശുദ്ധ അമ്മ ഓർമിപ്പിച്ചതുപോലെ, സമാധാനം ആന്തരികമായി അനുഭവവേദ്യമാകുന്നതിനുവേണ്ടിയും അത് വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും വളരുന്നതിനും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. മതരാഷ്ട്രീയ ഭിന്നതകൾ, ദേശീയ വംശീയ സംഘർഷങ്ങൾ തുടങ്ങിയവ നമുക്കിടയിലും വളർന്നു വരികയാണ്. സംശയങ്ങളും അകൽച്ചയും വളർത്താൻ ചിലർ ബുദ്ധിപൂർവം തന്നെ പ്രവർത്തിക്കുന്നുമുണ്ട്. അവരുടെ വ്യക്തിജീവിതത്തിലെ വെറുപ്പുകളും വിങ്ങലുകളും അവർ തങ്ങളുടെ സമൂഹത്തിനു മേൽ കെട്ടിയേല്പിക്കുകയാണ്. പലതും മതത്തിന്റെയും വിശ്വാസത്തിന്റെയും ദേശസ്നേഹത്തിന്റെയും മുഖംമൂടികൾക്കുള്ളിലായതിനാൽ തിരിച്ചറിയാതെ സാധാരണക്കാരായ ആളുകൾ വഞ്ചിക്കപ്പെടുന്നു. നമ്മുടെ ഓരോരുത്തരുടെയും മതത്തിലും ആദർശത്തിലും വിശ്വാസത്തിലും അത്തരം വെറുപ്പും ഭിന്നതകളും രൂപപ്പെടുന്നുണ്ടെങ്കിൽ അവ തിരിച്ചറിയപ്പെടേണ്ടത് ആത്യാവശ്യമാണ്. മറ്റുള്ളവരാണ് അങ്ങനെ ചെയ്യുന്നത് എന്ന ധാരണയിൽനിന്നു മാറി നമുക്കുള്ളിൽത്തന്നെ അത്തരം വിഷവിത്തുക്കളുണ്ടോ എന്ന് നോക്കുകയാണ് ഇന്നത്തെ ആവശ്യം. ഏതൊരു നിലപാടും സമാധാനത്തെ അല്പമെങ്കിലും അകറ്റുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുകയെന്നതാണ് ദൈവഹിതം. അതാണ് ആന്തരിക സമാധാനത്തിന്റെ അടയാളം; സ്വാതന്ത്ര്യത്തിന്റെയും.

പരി. മാതാവ് ആവർത്തിച്ചു നൽകിയ സന്ദേശമാണ് മാനസാന്തരം. ഒരു മാനസാന്തര പ്രക്രിയ എന്നത് ദൈവസ്വീകാര്യതയിൽ നിന്ന് ലഭിക്കുന്ന സമാധാനത്തിൽ ഉടലെടുക്കുന്നതും സമാധാനത്തിലേക്ക് നയിക്കുന്നതുമാണ്. നമ്മുടെ തെറ്റുകളെക്കുറിച്ചുള്ള വിലാപം മാത്രമല്ല മാനസാന്തരം. തെറ്റുകളെ മനസിലാക്കി, ആ തിരിച്ചറിവിൽ നിന്ന് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതാണ് മാനസാന്തരത്തിന്റെ ആത്മാർഥത. അല്ലെങ്കിൽ ഏതാനം പരിഹാരപ്രവൃത്തികളിൽ എളുപ്പവഴി തേടി, മാനസാന്തരത്തിന്റെ യഥാർത്ഥ ഫലങ്ങളിൽനിന്ന് രക്ഷപെട്ട് പഴയ കപടതകളിൽ നമ്മൾ ഇടം തേടിയേക്കാം.

സഭയായും സമൂഹമായും രണ്ടു തരത്തിലുള്ള മാനസാന്തരം ഇന്ന് നമുക്കാവശ്യമാണ്. ക്രിസ്തു ഉള്ളിലുള്ളതും ക്രിസ്തു പ്രതിഫലിക്കപ്പെടുന്നതുമായ കുടുംബങ്ങളും ഇടവകകളും സഭയും രൂപപ്പെടുന്നുണ്ടെങ്കിലേ ഇന്നത്തെ കാലത്തിലേക്ക് നമുക്ക് ക്രിസ്തുവിന്റെ സമാധാനവും പ്രത്യാശയും നൽകുവാൻ കഴിയൂ. പകരം, വിശ്വാസത്തെ സമുദായസംരക്ഷണവും പ്രതിരോധവുമാക്കി ക്രിസ്തീയചൈതന്യം സ്വയം നഷ്ടപ്പെടുത്തുന്ന നമ്മൾ ചെയ്യുന്നത് നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി നമ്മുടെ ഉള്ളിൽ തന്നെ ഭീതിയും സംശയവും സംഘർഷങ്ങളും അകൽച്ചകളും നിറക്കുകയെന്നതാണ്. അത്തരം അത്മനഷ്ടങ്ങൾ മൂലമാണ് അധാർമ്മികയുടെ ഉറവിടങ്ങളിൽ നമ്മൾ സുരക്ഷ അന്വേഷിച്ചു ചെല്ലുന്നത്. അവിടെ മഹിമയുടെ വെളിച്ചം പ്രകാശിക്കുകയോ സമാധാനം സാധ്യമാവുകയോ ഇല്ല. ദൈവാശ്രയവും അവിടെ നമുക്ക് നഷ്ടമാവുകയാണ്.

രണ്ടാമതായി, പാരിസ്ഥിതികമായ മാനസാന്തരമാണ്. ജീവന്റെ സംരക്ഷണത്തിന് സുവിശേഷ മൂല്യം നൽകുന്ന നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുക എന്നത്. പ്രകൃതിയുടെ പ്രക്രിയകളെ അറിയാൻ ശ്രമിച്ചെങ്കിലേ അവയുടെ വൈവിധ്യങ്ങളിലുള്ള മൂല്യങ്ങളെ തിരിച്ചറിയാനും അവയുടെ വിശുദ്ധിയെ ആദരിക്കാനും നമുക്ക് കഴിയൂ. അവിടിവിടെ മരങ്ങൾ നട്ടതുകൊണ്ടോ, പ്ലാസ്റ്റിക് നിമ്മാർജ്ജനയജ്ഞം നടത്തിയതുകൊണ്ടോ നമ്മുടെ ഉത്തരവാദിത്തം പൂർണ്ണമാകുന്നില്ല. മനോഭാവങ്ങളിൽ പരിസ്ഥിതിയോടു ചേർന്നുനിൽക്കുന്ന നമ്മുടെ വ്യക്തിജീവിതത്തിലെ പ്രാധാന്യവും മൂല്യവും മനസിലാക്കാൻ നമുക്ക് കഴിയണം. അവയെക്കുറിച്ചു സംസാരിക്കണം. അത്തരം ഉത്തരവാദിത്തമുള്ള ദൈവിക ദർശനത്തിലേക്കാണ് നമുക്കു സ്വതന്ത്രരാവേണ്ടത്. പുതിയ ആത്മീയലോകം ഭക്തിയിലും പ്രാർത്ഥനയിലും ചുരുക്കി നിർത്താനാവില്ല. അത് പുതിയൊരു കാഴ്ചയാവണം വെളിപാടാവണം.

ആ മഹത്വത്തിന്റെ പാത:
പ്രാർത്ഥന ചിട്ടയും നിഷ്ഠയും മാത്രമാവാതെ ഒരു പ്രവൃത്തിചര്യയാവട്ടെ. കേൾക്കുന്ന വാർത്തയും കാണുന്ന ദൃശ്യങ്ങളും, ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളും രോഗത്തെക്കുറിച്ചുള്ള ഭീതിയും എല്ലാം പ്രാർത്ഥനയുടെ ഭാഗമാവട്ടെ. ദൈവത്തിനു സ്വീകാര്യമായ ഒരു ബലി. ഹൃദയത്തിലെ ആ പ്രാർത്ഥനയുടെയും ത്യാഗങ്ങളുടെയും സഹായത്തിന്റെ പ്രവൃത്തികളുടെയും മൂലപ്രേരകമാണ് പ്രതിഫലേച്ഛയില്ലാത്ത സ്നേഹം. എങ്കിലേ നന്മ നന്മയായിത്തന്നെ പടരുകയുള്ളു. ബാനറുകളും സത്‌പേരും പ്രേരകമാകുമ്പോൾ അവയിൽത്തന്നെ അവ അവസാനിക്കും. സ്‌നേഹമുള്ളിടത്തേ അത് ബലിയാകൂ; എങ്കിലേ, ബലി അർത്ഥം വയ്ക്കുന്നതു പോലെ (sacra "sacred;" + facere "to make, to do"),  നമ്മുടെ ഇടപെടലുകൾ വിശുദ്ധീകരണത്തിനും മഹത്വീകരണത്തിനും കാരണമാകൂ.

മറ്റുള്ളവരുടെ കുറവുകൾ കണ്ടറിഞ്ഞു സഹായിച്ചവളാണ് പരി. മാതാവ്. അരികെയും അടുത്തുമുള്ളവർക്ക് സാധിക്കുന്ന എന്ത് സഹായമാണെന്ന് വിലയിരുത്തുകയും ഉചിതമായ രീതിയിൽ സഹായിക്കുകയും ചെയ്യാം. സ്നേഹവും സഹായവും പോലും സമുദായസങ്കല്പങ്ങളുടെ അതിരുകൾക്കുള്ളിൽ ചുരുങ്ങിപ്പോവുകയും പുകഴ്ച്ച തേടുകയും ചെയ്യുന്ന സമയത്താണ് നമ്മൾ ഇന്ന്. യഥാർത്ഥ ക്രിസ്തുസ്നേഹം പകർന്നു നൽകാൻ അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഉണ്ടെങ്കിലേ കഴിയൂ.

എങ്ങനെ സഹായിക്കുവാൻ നമുക്ക് സാധിക്കും? നല്ല മനോഭാവങ്ങൾ സൂക്ഷിക്കുക എന്നതാണ് ആദ്യ പടി. അതിൽനിന്ന് ആഴമുള്ള ഒരു വിശ്വാസപ്രക്രിയ രൂപപ്പെടട്ടെ. ചുറ്റുപാടുകളിൽനിന്നു ദൈവത്തെ തിരിച്ചറിയുക ... പ്രത്യാശ നിറക്കുക ... ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് വേദിയൊരുക്കുക ... വെറുപ്പ് പകർത്തുന്ന സന്ദേശങ്ങളെ പാടേ അവഗണിക്കുക ...

മാതാവ് നല്ല അമ്മയാണ്. ദുരിതകാലത്തു സാന്ത്വനിപ്പിക്കുന്നതോടൊപ്പം തന്റെ മക്കളിൽ നിന്ന് വിശ്വാസത്തിന്റെ പക്വതയുടെ പ്രവൃത്തികൾ അമ്മ ആവശ്യപ്പെടുന്നു. വിശ്വാസവും ഭക്തിയും വെറും നിഷ്ഠയും ആചാരവും ആയി ചുരുങ്ങുന്ന സമയത്ത് മാതാവ് ആവശ്യപ്പെടുന്നത് വിശ്വാസത്തിന്റെ പ്രവൃത്തികളാണ്. പ്രത്യാശയിൽ മുന്നോട്ടു പോകുവാൻ അമ്മ കരം പിടിച്ചു നടത്തും. ഭീതിക്ക്‌ മരുന്ന് ധൈര്യത്തോടെയുള്ള ആദ്യപടിയാണ്. നമുക്ക് ഉത്തരങ്ങളില്ല, നാളെകളെക്കുറിച്ച് ഉറപ്പില്ല. എങ്കിലും പത്രോസിനെപ്പോലെ സങ്കീർണതകളുടെ ഓളപ്പരപ്പിൽ മുന്നോട്ടു നടക്കുവാൻ ആഗ്രഹിച്ചു കൊണ്ട് യേശുവിനോടു പറയാം. അങ്ങ് അവിടെയുണ്ടെങ്കിൽ എന്നോടും വരാൻ പറയൂ. ക്രിസ്തു പറഞ്ഞില്ലേ? വരൂ. ഉറപ്പോടെ മുമ്പോട്ടു നടക്കാം. പാതകൾ നിശ്ചയമായതു കൊണ്ടോ, വ്യക്തമായ ഉത്തരങ്ങൾ ഉള്ളതുകൊണ്ടോ, രോഗത്തിന് അത്ഭുതകരമായ സൗഖ്യം ഉറപ്പാക്കിയോ അല്ല, ക്രിസ്തു കൂടെ ഉണ്ട് എന്ന ഉറപ്പുകൊണ്ട്.

ഇത് സാധിക്കുന്നെങ്കിൽ ഓരോ സുവിശേഷപുണ്യവും പറയുന്ന സൗഭാഗ്യങ്ങളെ അവയുടെ വലിയ സ്വാതന്ത്ര്യത്തിൽ അനുഭവവേദ്യമാക്കാൻ തീർച്ചയായും നമുക്ക് കഴിയും. ആ സൗഭാഗ്യങ്ങൾ ഉറപ്പാക്കാൻ ദൈവം നമ്മിലർപ്പിച്ചിരിക്കുന്ന പങ്കിനെക്കുറിച്ച് നമ്മൾ ബോധവാന്മാരാവുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യും. അവിടെ സ്വാതന്ത്ര്യത്തിലേക്കും മഹത്വത്തിലേക്കുമുള്ള യഥാർത്ഥ പ്രവേശമുണ്ട്.

"എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ഉള്ളം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു ...." പരിചിതമായ ഈ ഗീതം മുഴുവൻ ഒരു ഏറ്റു പറച്ചിലാണ്. ദൈവത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച്, അവിടുത്തെ കരുണയെക്കുറിച്ച്, അവിടുന്ന് തരുന്ന പ്രത്യാശയെയും ബലത്തെയും കുറിച്ച്.
നമുക്കും ഈ വാക്കുകൾ ആത്മാർത്ഥതയോടെ ആവർത്തിക്കുവാൻ കഴിയുന്നുവെങ്കിൽ നമുക്കും ആ മഹത്വവും സ്വാതന്ത്ര്യവും ആനന്ദവും സ്വന്തമാണ്.


ഓഗസ്റ്റ് 12, 2020

ശരീരം

ശരീരത്തിന്റെ വ്യാപ്തി ഒരു മെഴുകു മാതൃകയിൽ കാണിക്കപ്പെടാവുന്നതിനേക്കാൾ വിസ്തൃതമാണ്. പ്രതിമയുടെ പ്രതലങ്ങൾ അതിന് അതിര് നിശ്ചയിക്കുമ്പോൾ, ശരീരത്തിന്റെ കാണപ്പെടുന്ന പ്രതലങ്ങൾ അതിന് അതിരാവുന്നില്ല. ഓരോ ജീവശരീരവും ഒരു ആവാസവ്യവസ്ഥയിൽ നിലനിൽക്കുന്നു എന്നതുപോലെതന്നെ ഓരോ ശരീരവും (മനുഷ്യന്റെയോ, മറ്റു ജന്തുക്കളുടെയോ, മരങ്ങളുടെയോ ആവട്ടെ) അനേകം ജീവാണുക്കൾക്ക് ആവാസസ്ഥലമാവുന്നുമുണ്ട്. ശരീരത്തിന്റെ സുസ്ഥിതി നിലനിർത്തിയും ശുദ്ധിയാക്കിയും ത്വക്കിന്‌ മീതെയും രക്തത്തിലും വയറിലുമൊക്കെയായി എത്രയോ സൂക്ഷ്മജീവികൾ ഓരോ ശരീരത്തിനും ശുശ്രൂഷകരാണ്. ഓരോ വനപ്രദേശവും, ഭൂമിതന്നെയും അതുപോലെതന്നെ ഒരു ആവാസസ്ഥലവും ശരീരവുമാണ്. പാഴ്‌ചെടികളും വിഷച്ചെടികളും, ക്ഷുദ്രജീവികളും വൈറസും ബാക്റ്റീരിയയും കുമിളുകളും ഒന്നിച്ചു വസിച്ചു നിലനിർത്തുന്ന അവസ്ഥയിലാണ് ആരോഗ്യപരമായ പരിസ്ഥിതി. അവയ്ക്കുള്ളിൽ ചിലതിന് അനുകൂലനങ്ങളായ പ്രത്യേക ശരീരങ്ങളുണ്ടാവാം. അവ നഷ്ടപ്പെടുന്നുണ്ടെങ്കിൽ അവിടെ സൃഷ്ടിക്കപ്പെടുന്ന അസുന്തലിതാവസ്ഥയിൽ ചുറ്റുപാട് മുഴുവൻ അസ്വസ്ഥമാകും. 

ജൈവപ്രക്രിയകളിൽ ജൈവവൈവിധ്യം പ്രധാനമായതുകൊണ്ടാണ് ശരീരത്തിന്റെ വിസ്തൃതമായ യാഥാർത്ഥ്യം ബോധ്യപ്പെടേണ്ടത് പ്രാധാന്യമർഹിക്കുന്നത്. കൺപീലികൾക്കിടയിൽ വസിക്കുന്ന അസംഖ്യം സൂക്ഷ്മജീവികളെക്കുറിച്ച് ഒന്നോർത്തുനോക്കൂ. സമാനമായി, മരങ്ങളിലും ജന്തുക്കളിലും ഉള്ളവയെയും. ഒരുകണക്കിന്, ഒരുതരത്തിൽ അഭേദ്യമായിത്തന്നെ എല്ലാം പരസ്പരം ചേർക്കപ്പെട്ടിരിക്കുന്നു. അവയുടെ ജീവതന്തുക്കൾ കാണപ്പെടുന്നില്ല എന്നു മാത്രം. വൃക്ഷങ്ങളിലുള്ള പൂപ്പലും മറ്റും ഒത്തുപ്രവർത്തിച്ച്, അവയിൽ പടർന്നു വളരുന്ന സസ്യങ്ങൾക്കും ചുറ്റും വസിക്കുന്ന ജീവികൾക്കും ഭോജനം ഒരുക്കുന്നു.  ഒരു മരവും മരം മാത്രമല്ല, ഒരു ജീവിയും അതിന്റെ ആകാരം മാത്രവുമല്ല. വ്യത്യസ്തമായി കാണപ്പെടുന്ന ഓരോ ശരീരവും ഒരു സമൂഹമാണ്, വീണ്ടും പുറത്തേക്ക് തുറന്നിരിക്കുന്ന സമൂഹം. വ്യത്യസ്തമെങ്കിലും ഒരുമയിൽ സമന്വയത്തിലാണവ, സങ്കീര്ണതയിലേക്കു വളരുന്നെങ്കിലും അവ സമഗ്രതയിലാണ്.

"ആരല്ലെൻ ഗുരുനാഥ-
നാരല്ലെൻ ഗുരുനാഥർ ?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ"
_______
ഉയിർപ്പിൽ ഉയിർക്കുന്നത് എന്താണ്, ആരാണ്, എന്തിലേക്കാണ്? സ്വാതന്ത്ര്യമുള്ള ഒരു ആനന്ദം ആ ധ്യാനത്തിലുണ്ട്, ഉത്തരം വ്യക്തമല്ലെങ്കിലും.

ആത്മാവ് ഭൂമിയിൽ ശരീരമെടുത്തു രൂപപ്പെട്ടതല്ല മനുഷ്യൻ. കോടാനുകോടി വർഷങ്ങളിലൂടെ ഭൂമിയിലെ മണ്ണിലാണ് മനുഷ്യൻ മെനയപ്പെട്ടത്. ആ സൃഷ്ടികർമ്മത്തിൽ നക്ഷത്രസ്ഫോടനങ്ങളുടെയും അഗ്നിപർവ്വതങ്ങളുടെയും അഴുകിയ ഇലകളുടെയും ഒക്കെ പങ്കുണ്ട്. ജലവും മലകളും, വർണങ്ങളും സുഗന്ധവും നിറഞ്ഞ ഭൂമിയില്ലാതെ മനുഷ്യന് മനുഷ്യനാകാനാവില്ല. നമ്മൾ എന്താണോ എന്തിനുവേണ്ടിയാണോ രൂപപ്പെട്ടിരിക്കുന്നത്, അതിലേക്ക് നയിച്ച രഹസ്യാത്മകമായ പരിപാലനയിലെ വഴികളാണ് നമുക്ക് രൂപം നൽകിയത്. അഗ്രാഹ്യമായിരിക്കുന്ന ആ യാഥാർത്ഥ്യത്തെയാണ് ആത്മാവെന്നു പേരിട്ടു വിളിക്കുന്നത്. രൂപപ്പെട്ടതുപോലെതന്നെ പുനരുത്ഥാനത്തിലും ഏതു തരത്തിലുള്ള ശരീരമാണെന്നത് നമുക്കറിയില്ല. കണ്ണും കാലും നഖങ്ങളും ഒക്കെയുള്ള ഒരു രൂപം ആവശ്യവും ഇല്ല. വിശ്വാസത്തിനനുസരിച്ച് ഉയിർത്തെഴുന്നേൽക്കുന്നതു ക്രിസ്തു എന്ന ഏക ശരീരത്തിലേക്കാണ്. അതിന്റെ ഭൗതികരൂപം എന്തെന്ന് നമുക്കറിയില്ല. ഏതായാലും അത് കൈകാലുകളുള്ള ഒരു മനുഷ്യരൂപമാകില്ല. ഇപ്പോഴാണെങ്കിലും ശരീരമെന്നതു വളരെ ഇടുങ്ങിയ രീതിയിലാണ് നമ്മൾ മനസിലാക്കുന്നത്. എത്രയോ ജീവരൂപങ്ങളെ നമ്മൾ വഹിക്കുന്നുണ്ട്, എത്രയോ ജീവരൂപങ്ങൾ നമ്മിൽ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം ഉൾപ്പെടെയാണ് നമ്മൾ ശരീരമെന്ന പറയുന്നത്. കണ്ണുകൾ കൊണ്ട് കാണുന്നതിനേക്കാൾ എത്രയോ വ്യത്യസ്തമാണ് നമ്മുടെ യഥാർത്ഥ ശരീരഘടന.

Blood Vessels 
Face Mite

Face Mite

Head Louse on a hair

Intestinal Micro villi

Peacock Mite

Human Skin Cell

ഓഗസ്റ്റ് 11, 2020

നന്മയെ തടയുന്ന അതിരുകൾ

"ഞാൻ ഈ നിൽക്കുന്ന പാപിയെയോ തട്ടിപ്പുകാരനെയോ നിരീശ്വരനെയോ പോലെയല്ല

വാഗ്ദാനത്തിനു അവകാശിയും തെരഞ്ഞെടുക്കപ്പെട്ടവനുമാണ് ഞാൻ.
ഇവൻ വെറും ലൗകികനാണ്, ഞാൻ ഉപവസിക്കുന്നതും ദാനധർമ്മം ചെയ്യുന്നതും നീ കാണാറുണ്ടല്ലോ.
നിന്റെ പേരിലാണെന്ന് പ്രത്യേകം എടുത്തു പറയാൻ ഞാൻ ശ്രദ്ധിക്കാറുമുണ്ട്.
ഇവനെയൊക്കെ നീ മക്കളെന്നു വിളിക്കുമോ?
അങ്ങനെ ഇവനൊന്നും അങ്ങ് സുഖിക്കേണ്ട. ഞാൻ മാറ്റി നിർത്തിയവർ ഉള്ള സ്വർഗ്ഗം എനിക്ക് വേണ്ട.
സ്വർഗ്ഗം എന്റേതാണ് അത് ഞാൻ ഉറപ്പിച്ചതാണ്, നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും."

പ്രാർത്ഥിച്ച് അധിക്ഷേപിക്കേണ്ടതില്ല, ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിക്കുന്നെങ്കിൽ സ്നേഹമായിരിക്കണം പ്രേരണ. അവിവേകവും പുച്ഛവും പ്രാർത്ഥനയിൽ ഇടം നേടരുത്. 
_________________
നിലത്തുവീണ് അഴുകുന്ന ഗോതമ്പ് മണി ...
ആ ത്യാഗം, ശൂന്യവത്കരണം ആദരിക്കപ്പെടേണ്ടതല്ലേ?

ആ ഗോതമ്പുമണിയെടുത്ത് പൊന്നുപൂശി ചില്ലുകൂട്ടിൽ വയ്ക്കാം.
നൂറുമേനിയുടെ സ്വപ്നം?
അത് കൊയ്ത്തുകാലത്തല്ലേ? ഇന്നുള്ള തിളക്കങ്ങളാണല്ലോ പ്രധാനം.
പതിരുകൾ ധാന്യത്തിന്റെ പേരിൽ ഗർവ്വുകൊള്ളേണ്ടി വരുന്ന കാലം.

ഓഗസ്റ്റ് 10, 2020

ദൈവാശ്രയബോധം

ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ആത്മീയത ദൈവാശ്രയബോധമാണ്.
അവിടെയേ സമാധാനമുണ്ടാകൂ, ആത്മീയസ്ഥിരതയുണ്ടാകൂ.

സമീപനങ്ങളിൽ അത് വിവേകത്തിലേക്കു നയിക്കും.
വിവേകം ശാന്തമായ ജാഗ്രത വളർത്തുമ്പോൾ, വിവേകശൂന്യത സംശയം ജനിപ്പിക്കുകയും പതുക്കെ അരക്ഷിതാവസ്ഥ വളർത്തുകയും ചെയ്യും.

ദൈവാശ്രയബോധത്താൽ നയിക്കപ്പെടുന്ന ആളുടെ പ്രവൃത്തികളിൽ സ്വാതന്ത്ര്യം ഉണ്ടാവും, അതിരുകൾ തീർക്കാതെ നന്മയുടെ പ്രവൃത്തികൾ അവരിൽ ഉണ്ടാകും.  

ദൈവാശ്രയബോധമുള്ളവർ പ്രത്യാശയിൽ ജീവിക്കും, വിശ്വാസവും ഭക്തിയും തനിമയുടെ പുറം മോടിയാക്കുന്നവർ എങ്ങുമെവിടെയും തകർച്ച കാണും.

അവരുടെ പ്രാർത്ഥന സമഗ്രവും മിതത്വമുള്ളതുമായിരിക്കും, കാരണം അവർക്ക് അത് ഒരു ഹൃദയഭാഷയാണ് വ്യവസ്ഥയല്ല.

ഓഗസ്റ്റ് 09, 2020

വിശ്രമമില്ലാത്ത ഏഴാം ദിനം

ഭൗമപ്രക്രിയകളെ കാര്യമായിട്ടെടുക്കാത്ത പരിസ്ഥിതിവാദവും അതിവേഗപുരോഗതി പ്രവണതകളും ഉചിതമല്ല. കുടിയിറക്കം, പുനരധിവാസം തുടങ്ങിയവ മനുഷ്യനെക്കുറിച്ചു മാത്രമല്ല. വാസസ്ഥലം നഷ്ടപ്പെടുന്നത് വെറും വീട് നഷ്ടപ്പെടുന്നതിനേക്കാൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ്. പരിസ്ഥിതിവാദം കുറേപ്പേരെ ഇറക്കിവിടുകയും എന്നാൽ, അതേ ഇടങ്ങളിൽ പിന്നീട് മലകളും വനവും പുഴകളും തന്നെ കുടിയിറക്കപ്പെടുന്നതായും കാണുന്നത് മനുഷ്യത്വത്തോടും പ്രകൃതിയോടും കാണിക്കുന്ന കൊടിയ വഞ്ചനയാണ്. 

നമ്മുടെ ഭൗമമേഖലകളുടെ രൂപീകരണത്തിന്റെ രീതികൾ കുറെ പിറകോട്ടു  നോക്കി മനസിലാക്കുന്നത് കാലോചിതമാണ്. അതുപോലെതന്നെ ഏതുതരത്തിൽ മാറിയേക്കാം എന്ന് കുറെ മുൻകൂട്ടിക്കാണുന്നതും ഉചിതമാണ്. അതിനിടയിൽ, നമ്മുടെ ഇടപെടലുകൾ നൽകിയിട്ടുള്ള ഭാവപ്പകർച്ചകളും മനസിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. വികസന പദ്ദതികൾ ഇവയെ കാര്യമായെടുക്കുന്നില്ലെന്നുള്ളത് വിരോധാഭാസം. ഖനനമോ, അനധികൃതകെട്ടിടനിർമാണമോ, കരിങ്കൽ ക്വാറകളോ പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ അടയാളങ്ങൾ മാത്രമാണ്. ജൈവവൈവിധ്യങ്ങളെ നഷ്ടപ്പെടുത്തുന്ന വികസനസമീപനങ്ങളിലെല്ലാം ദൂരവ്യാപകമായ അപകടങ്ങൾ പതിഞ്ഞിരിപ്പുണ്ട്.
ആയിരമാണ്ടുകളിലേക്കുള്ള സമ്പത്തു സ്വന്തമാക്കിയും, നൂറ്റാണ്ടുകളുടെ വികസനം ഇന്ന് തന്നെ സാധ്യമാക്കിയും നിത്യതകളിലേക്ക് കൂടാരങ്ങളും ദേവാലയങ്ങളും കെട്ടിപ്പടുത്തും മനുഷ്യരിലെ ശക്തർ അധികാരമുറപ്പിക്കുന്നു. ജീവനം അപ്രാപ്യമാകുന്ന പാവങ്ങൾ എന്ന മനുഷ്യവിഭാഗവും മറ്റു മൃഗസസ്യജാലങ്ങളും നിലനില്പിനവകാശമില്ലാതെ ഇല്ലാതാവുന്നു. ഇവരുടെ സംരക്ഷണം എന്ന പേരിൽ പൊയ്‌മുഖവുമായി കൊള്ള ചെയ്യുന്നവരുടേത് മറ്റൊരു കഥ.

ഭൗമതലങ്ങളെ കാണിക്കുന്ന ഒരു മാപ്പ് ചെറിയ ഒരു വേളയിലേക്കെങ്കിലും ധ്യാനത്തിനെടുക്കാം. അതിലെ മടക്കും, ചെരിവും, ഒഴുക്കും, കുഴിവും, പിളർപ്പും അവയുടെ കഥകളും

ഏഴാം ദിനത്തിലെ സാബത്ത് ഇനിയും ആയിട്ടില്ല.