നീ ശുദ്ധനായിരിക്കുന്നതിന് എനിക്ക് മനസുണ്ട് എന്ന് ക്രിസ്തു പറഞ്ഞത് 'കുഷ്ഠരോഗി ശുദ്ധരുടെ ഗണത്തിൽ ആയിരിക്കരുത് എന്ന് വരുത്തിത്തീർത്തവരുടെ പ്രമാണങ്ങൾക്ക് ഒരു വെല്ലുവിളികൂടിയാണ്. അതുകൊണ്ട് സൗഖ്യത്തിനായി നീ മനസാവുക എന്നതിനേക്കാൾ ശുദ്ധതയുടെ പ്രമാണങ്ങളെ തിരുത്തിയും നീ എന്നെ സ്വീകരിക്കുമോ എന്നുകൂടിയാണ് കുഷ്ഠരോഗി ക്രിസ്തുവിനോട് ചോദിച്ചത്.
ശുദ്ധത സാമൂഹികവും മതപരവുമായ ഒരു മുൻവിധിയാണ്. ആ വിധിയുടെ അടിസ്ഥാനത്തിൽ അശുദ്ധരാക്കപ്പെടുന്നവർ അനേകരാണ്. വിജാതീയനും, വിമതനും, രോഗിയും, പാപിയും അശുദ്ധിയുടെ കറ ഏല്പിക്കപ്പെട്ടവയാണ്. സത്യമില്ലാത്തതുകൊണ്ടും ശാപമേറ്റതുകൊണ്ടും പുറംനാട്ടുകാരനായതുകൊണ്ടും കറുത്തവരായതുകൊണ്ടും ശുദ്ധിയില്ലാത്തവരായി കാണപ്പെടുന്നവർ. മേൽക്കോയ്മയുള്ളവരും മേൽക്കോയ്മ തേടുന്നവരുമാണ് ശുദ്ധി-അശുദ്ധിയുടെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും.
അശുദ്ധിയുടെ ഒരു കറയും കാണാതെ സകലരെയും സ്വീകരിച്ചവനാണ് ക്രിസ്തു. വിധികൾ കൊണ്ട് ആർക്കെങ്കിലും അയിത്തം കല്പിക്കുന്ന ഒരാൾക്ക് ക്രിസ്തുവിന്റെ അനുയായി ആയിരിക്കാൻ കഴിയില്ല. ദൈവിക പരിശുദ്ധിയുടെ പരിമളതയിലാണ് അശുദ്ധികളുടെ വിധിവാചകം കല്പിക്കപ്പെടുന്നത് എന്നതാണ് ദുരന്തം. സ്വന്തം ഹൃദയകാഠിന്യത്തെ ശുദ്ധതയായി അവർ വാഴ്ത്തിപ്പാടും.
അശുദ്ധരായി ഗണിക്കപ്പെടുന്നവരെ സ്വീകരിക്കുവാൻ 'മനസാകുന്നവർ' അശുദ്ധരാക്കപ്പെടും എന്നത് അതിന്റെ സ്വാഭാവികമായുള്ള വിലയാണ്. ക്രിസ്തു അശുദ്ധരുടെ ഗണത്തിലേക്ക് മാറ്റപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ