Gentle Dew Drop

ഫെബ്രുവരി 20, 2024

ആസന്നമായ ദുരന്തം

അടുത്തിടെ മാർപ്പാപ്പാ-പ്രേമികളായവർത്തന്നെ മാർപ്പാപ്പ ലൗകികനാണെന്നു പറയാൻ കാരണമാക്കിയ ചാക്രികലേഖനമാണ് ലൗദാറ്റോ സി. നിത്യജീവിതത്തെക്കുറിച്ചു ധ്യാനിക്കേണ്ട നമ്മൾ പ്രകൃതിയെക്കുറിച്ചു വ്യഗ്രത കാണിക്കുന്നത് ലൗകികമാണെന്ന് ആത്മീയർ വാദിക്കുന്നുണ്ടായിരുന്നു. ആമസോൺ സിനഡ് പ്രകൃതിയെക്കുറിച്ചുള്ള കരുതൽ മാനസാന്തരത്തിന്റെ ഒരു മാനമായി പരിഗണിച്ചു. ആ കരുതൽ അനേകം കൊള്ളമോഹങ്ങളെ  എതിർക്കുന്നതിനാൽ പച്ചാമാമയിൽ വിഗ്രഹാരാധന ചാർത്തി മാർപ്പാപ്പയെ വിഗ്രഹാരാധകനാക്കി. പ്രാദേശികമായ സാംസ്‌കാരിക വീക്ഷണങ്ങൾ പാശ്ചാത്യ-മുഖ്യധാരാ സംവിധാനങ്ങളിൽ നിന്ന് അകലുന്ന പ്രവണതകളുള്ളപ്പോൾ ആ പ്രാദേശിക സംസ്കാരങ്ങളിൽത്തന്നെ വിശ്വാസത്തെ  അനുഭവമായും അനുഷ്ഠാനമായും കണ്ടെത്തുവാനും ആമസോൺ സിനഡ് പ്രയത്നിച്ചു. പേഗനിസത്തിന്റെയും വിഗ്രഹാരാധനയുടെയും ഒന്നാം പ്രമാണത്തിന്റെയും പേരിൽ  അതും എതിർക്കപ്പെട്ടു. വെളുപ്പിന്റെ വിശുദ്ധിയുടെ പുകഴ്ചയെ ദൈവവൽക്കരിക്കുന്ന വിശ്വാസപ്രമാണങ്ങൾ സത്യദൈവത്തോടുള്ള പൂര്ണവിശ്വസ്തതയായി വാഴ്ത്തപ്പെടുന്നു.

ലൗദാത്തോ സി പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ളതായിരുന്നില്ല. അത്  മനുഷ്യനെക്കുറിച്ചതെന്നയുള്ള ഒരു പുതിയ ദൈവശാസ്ത്രവീക്ഷണവും, അതുകൊണ്ടുതന്നെ ഒരു ക്രിസ്തുദർശനവും സഭാദർശനവും നൽകുന്നു. പ്രകൃതിയുടെ മേൽ ആധിപത്യം പുലർത്തുന്ന അധികാരിയായല്ല, പ്രകൃതിയിൽ അതിന്റെ ഭാഗമായാണ് മനുഷ്യനെ നോക്കിക്കാണേണ്ടത്. പ്രപഞ്ചത്തിലെ സകല അംഗങ്ങളും ക്രിസ്തുശരീരത്തിലെ അംഗങ്ങളാണ്. ഈ ശരീരയാഥാർത്ഥ്യത്തിൽ നിന്നും കൊണ്ട് പ്രകൃതിയെയും, അതിനോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങളെയും പുനർനിർവചിക്കാനാവണം. 

ലൗദാത്തോ സി യുടെ തുടർച്ചയെന്നവണ്ണം ലൗഡാത്തെ ദേയോ അവതരിപ്പിച്ചത് പരിസ്ഥിതി വന്നെത്തിയിരിക്കുന്ന ദുരന്താവസ്ഥയെക്കുറിച്ചാണ്. എങ്കിലും, പ്രകൃതിയുടെ പുനരുദ്ധാരണത്തെക്കാൾ  പരസ്പരം ഉത്തരവാദിത്തത്തോടും സഹവർത്തിത്തത്തോടും കൂടി ദുരന്തമുഖത്ത് എങ്ങനെ മനുഷ്യരായിത്തീരാൻ കഴിയും എന്നതാണ് ധ്യാനം. രാഷ്ട്രീയവും, സാമൂഹികക്രമങ്ങളും നയപരിപാടികളും അതിൽ ഉൾപ്പെടുന്നു. 

മനുഷ്യർ ഒന്നായിച്ചേർന്നു നടക്കുന്ന കാലഘട്ടത്തിന്റെ വെളിച്ചതിനായാണ് പ്രാർത്ഥനായജ്ഞങ്ങളും മാനസാന്തരങ്ങളും ആഹ്വാനം ചെയ്യപ്പെടേണ്ടത്. അത് വലിയൊരു വിളി തന്നെയാണ്. രഹസ്യങ്ങളുടെ 'വെളിപാടുലോകത്തു' നിന്ന് കൊണ്ട് പ്രവചനങ്ങൾ നടത്തുന്നവർ യാഥാർത്ഥ്യങ്ങളുടെ ലോകത്തു മനുഷ്യരെ കാണാൻ കഴിയാത്തവരാണ്. ഒരു 'കടന്നു പോകൽ' പ്രക്രിയയെ മാറ്റിനിർത്തിക്കൊണ്ട് ഒരു ദുരന്തകാലവും 'വെളിപാടിന്റെ' നവീകരണ അനുഭവം പകരില്ല. മന്ത്രധ്വനികൾ കൊണ്ട് ഒരു പുതുലോകം സാധ്യമാക്കാൻ കഴിയില്ല. നീതിയെ ആഗ്രഹിക്കാനും അതിനൊത്ത മാനസാന്തരം 'സ്വയം' അർപ്പണബോധമാകുവാനും കഴിയണം. ദൈവം സൃഷ്ടിച്ച ക്രമങ്ങളെ കൊള്ളലാഭത്തിനായി മനുഷ്യൻ തകർത്തിട്ടുണ്ടെങ്കിൽ, അതിന്റെ ക്രമരാഹിത്യം കൊണ്ട് വരുന്ന ക്ഷോഭങ്ങൾ സ്വാഭാവികമായ പ്രകൃതിനിയമം മാത്രമാണ്. അതിനെ അതിസ്വാഭാവിക ആത്മീയതകൊണ്ട്  മാറ്റി നിർത്താമെന്ന മോഹം അതിമോഹമാണ് നിരുത്തരവാദപരമാണ്. പുനരുദ്ധരിക്കുകയോ പരിഹരിക്കുകയോ ചെയ്യാനാകുന്ന സമയം  അതിക്രമിച്ചു കഴിഞ്ഞു. പാരിസ്ഥിതികമായ മാനസാന്തരം,  പരസ്പരം കൈകോർത്തുപിടിക്കാൻ എങ്ങനെ നമ്മെ ഒരുക്കേണ്ടതുണ്ട് എന്ന മാനവിക ചിന്തയാണ് മുന്നോട്ടു വയ്ക്കുന്നത്. അത് ഒരു സുവിശേഷ ആഹ്വാനമായി സ്വീകരിക്കുവാൻ നമുക്ക് കഴിയണം. 

ആദർശങ്ങളുടെയും മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും അതിരുകളിൽ സുരക്ഷ കണ്ടെത്തുന്നവർ സുവിശേഷത്തിന്റെ വിളിയെ നിരാകരിക്കുന്നവരാണ്. ഈ അതിരുകളെ ഉപേക്ഷിക്കുവാനുള്ള മാനസാന്തരത്തിലേക്ക്  ദുരന്തങ്ങളെക്കുറിച്ചു വെളിപാട് നൽകുന്ന ദൈവപുരുഷർ നയിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. അകൽച്ചകളെ ആഘോഷിക്കുകയും വിശുദ്ധമാക്കുകയും ചെയ്യുന്ന അനേകം ഘടകങ്ങൾ ശക്തമാകുമ്പോൾ, അവർ ദൈവത്തിന്റെ പേരിൽ വെറുപ്പ് പ്രോത്സാഹിപ്പിക്കുമ്പോൾ ഈ ദൈവപുരുഷർ സൗകര്യപൂർവം മൗനമായിരിക്കുന്നു എന്നത് ദൈവികസ്വഭാവത്തിലുള്ളതല്ല.

മിഥ്യകളുടെ വെളിപാടുകളിൽ യഥാർത്ഥത്തിലുള്ള പ്രശ്നപരിഹാരങ്ങളില്ല. അത്തരം വെളിപാടുകൾ ദൈവനാമത്തെ അപഹസിക്കുകയാണ്. സത്യാവസ്ഥകളിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ട് രൂപപ്പെടുത്തുന്ന മിത്തുകളെ  വിശ്വാസ്യമാക്കിത്തീർത്തുകൊണ്ട്, സംരക്ഷിക്കേണ്ട സ്ഥാപനസംവിധാനങ്ങളെ സംരക്ഷിച്ചു നിർത്തുകയും, എന്നാൽ അതേ മിത്തുകളുടെ ഘടകങ്ങളിൽ വിശ്വാസികളെ കോർത്തിണക്കി അതിനുള്ളിൽ ചുറ്റിത്തിരിക്കുകയും ചെയ്യുന്നു. 

ദുരന്തകഥകൾ ഭീതിമാത്രമല്ല ആശ്വാസവുമാണ്. പ്രതിസന്ധികളുടെ സങ്കീർണതകൾ രൂപപ്പെടുത്തുന്ന ഭയത്തെത്തന്നെ ബാഹ്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന കഥകൾ ഓരോ കാലഘട്ടത്തിലും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. സത്യങ്ങളെ നേരിട്ട് കാണാനും പുതുസൃഷ്ടിയായി നാളെകളിലേക്കു നടക്കാനും കഴിയുന്നെങ്കിലെ അതിൽ വെളിപാടുകളുള്ളൂ. സത്യങ്ങളെ മറച്ചുനിർത്തിക്കൊണ്ട്, ആത്മീയതയുടെയും ഭക്തിയുടെയും മയക്കത്തിലേക്ക് വിശ്വാസികളെ അടച്ചുപിടിക്കുന്ന കഥകൾ  പുതിയ പ്രഭാതങ്ങൾ തുറന്നു നൽകില്ല. 

സഭയിലെ തകർച്ചകളെക്കുറിച്ച് വിനാശത്തിന്റെ ആശങ്ക പാകുകയല്ല വേണ്ടത്. പ്രബോധനവും അജപാലനവും എവിടെ പരാജയപ്പെട്ടുവോ അവിടെ മാതൃത്വ-സമീപനത്തിന്റെയും പിതൃത്വ-പരിപാലനയുടെയും  സത്യത്ത്തിന്റെ പ്രബോധനത്തിന്റെയും സ്വയം നവീകരിക്കാനുള്ള ധീരതയുടെയും മനോഭാവങ്ങൾ കൊണ്ട് വരുവാൻ ആവശ്യമായ മാനസാന്തരത്തിനു വഴികൾ തേടുകയാണ് വേണ്ടത്. സിനഡൽ പാതയുടെ ഭോഷത്തം കുരിശിന്റെ ഭോഷത്തമെന്ന പോലെ സ്വീകരിക്കാൻ പുരോഹിതരെയും മെത്രാന്മാരെയും ആഹ്വാനം ചെയ്ത ധ്യാനഗുരുക്കന്മാർ ആരെങ്കിലുമുണ്ടാകുമോ? പ്രശ്നങ്ങളെ തമസ്കരിക്കുവാൻ, ഏതെങ്കിലും കൂട്ടത്തെ പൈശാചികവൽക്കരിച്ചുകൊണ്ട് വിമതർ നിരീശ്വരവാദികൾ സുഡാപ്പികൾ തുടങ്ങിയ പേര് കൊടുക്കുകയാണ് സഭാസംരക്ഷകർ ചെയ്തുപോന്നത്. ഈ സഭാസംരക്ഷകരും 'ഭക്ത'ജനങ്ങളും തീർക്കുന്ന സമൂഹത്തെക്കൊണ്ട് സംതൃപ്തമാകുന്ന 'സഭ' ഈ അടുത്ത കാലത്തു മാത്രം അകന്നു പോയവരെക്കുറിച്ചോ ആ അകൽച്ചയുടെ പ്രതിഭാസത്തെക്കുറിച്ചോ  വിചിന്തനം ചെയ്യുന്നു പോലുമില്ല. പ്രധാനമായും അത് തങ്ങളെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തും എന്നുള്ളതുകൊണ്ടുതന്നെ. മൗലികതയും കപടഭക്തിയും അസഹിഷ്ണുതയും പോഷിപ്പിക്കുവാൻ നിർമ്മിതമായ സംവിധാനങ്ങൾ ഉപേക്ഷിക്കുകയാണ് സഭയിൽ ആസന്നമായിരിക്കുന്ന ദുരന്തത്തെ അഭിമുഖീകരിക്കുവാൻ ആവശ്യമായിട്ടുള്ളത്. ആസന്നമായ ദുരന്തം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ