ഓരോ സമർപ്പണവും അതിന്റെ ഫലദായകത്തിന്റെ അടയാളങ്ങൾ ദൃശ്യമാക്കുന്നെങ്കിലേ സമർപ്പണത്തിന് സത്യമുള്ളൂ; ഒരു കുടുംബത്തിലോ സന്യാസത്തിലോ സഭയിലോ ആവട്ടെ. ആത്മാർത്ഥമായ സമർപ്പണമുണ്ടെങ്കിൽ പരിശുദ്ധാത്മാവ് നിറഞ്ഞ വ്യക്തികളെയും കുടുംബങ്ങളെയും സഭയെയും കാണുവാൻ നമുക്ക് കഴിയും. സമർപ്പണം ഒരു ഹൃദയബന്ധമാണ്. യേശു തന്നെത്തന്നെ സമർപ്പിച്ചത് പിതാവിന്റെ ഇഷ്ടം പൂർത്തിയാക്കുന്നതിനായാണ്. അവൻ നൽകിയ സൗഖ്യവും അത്ഭുതങ്ങളും സന്ദേശവും ഈ സമർപ്പണത്തിന്റെ അടയാളങ്ങളായിരുന്നു. ദൈവരാജ്യത്തിന്റെ ആനന്ദം സൗജന്യമായി തുറക്കുക കൂടിയാണ് സമർപ്പണത്തിന്റെ സത്യം.
ദേവാലയ ശുശ്രൂഷകളുടെയോ മതാനുഷ്ടാനത്തിന്റെയോ സംതൃപ്തിയോ കടപ്പാടോ സമർപ്പണമാകുന്നില്ല. ദേവാലയകേന്ദ്രീകൃതമായ അനുഷ്ഠാനങ്ങളും സന്യാസവും ദൈവേഷ്ടത്തിനു പകരം സംതൃതി പകരുന്ന ഭക്തിപ്രക്രിയകളാകുമ്പോൾ സമർപ്പണത്തിന്റെ അടയാളങ്ങൾ ഉണ്ടാവില്ല. സമർപ്പണ-നിർവ്വചനങ്ങൾ സ്വയം ചുരുക്കുന്നത് അത്തരം ആശ്വാസങ്ങളിലേക്കാണ്. സമർപ്പണം അതിൽ സംതൃപ്തിയടയുകയുകയും ചെയ്തുപോരുന്നു.
സമർപ്പണം ദൈവവുമായുള്ള ബന്ധമാണ്; സമർപ്പണം എല്ലാവരോടുമൊത്തു ക്രിസ്തുവിൽ ഒന്നായിരിക്കുക എന്നതാണ്. ആത്മാർത്ഥമായ തുറവിയുണ്ടെങ്കിൽ പരിശുദ്ധാത്മാവ് ചെയ്യുന്ന പ്രവൃത്തിയാണത്.
ആത്മാർത്ഥമായ സമർപ്പണമുണ്ടെങ്കിൽ, ജീവിക്കുന്ന വചനസാന്നിധ്യത്തെ നമ്മുടെ കാലഘട്ടത്തിൽ അടുത്തറിയാൻ കഴിയും വിധമുള്ള അന്തരീക്ഷമുണ്ടാകും. അവിടെയെ ചരിത്രം അതിന്റെ വേദനകളിലും ഭാരങ്ങളിലും വിശുദ്ധീകരണം പ്രാപിക്കൂ. സമർപ്പണത്തെ മതാനുഷ്ഠാനമാക്കുമ്പോഴാണ് വചനം നിർമ്മിതവ്യാഖ്യാനങ്ങളിലേക്ക് അടക്കപ്പെടുന്നത്. ആത്മാർത്ഥമായ സമർപ്പണം, കാലഘട്ടത്തോട് സത്യം പുലർത്തുകയും സത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതുമായ പ്രബോധനപ്രക്രിയ തുറന്നു നൽകും; നിഷ്കളങ്കവും ദർപ്പണശോഭയുള്ളതുമായ ആത്മീയത്തിലേക്കും അത് നയിക്കും. സമർപ്പണം ആത്മാർത്ഥമാണെങ്കിൽ വിശുദ്ധിയുടെയും ആത്മസൗന്ദര്യത്തിന്റെയും പ്രവൃത്തികളും നമ്മിലും സഭയിലുമുണ്ടാകും. യഥാർത്ഥ സമർപ്പണം ക്രിസ്ത്വാഗമനം യഥാർത്ഥവും ജീവിക്കുന്ന അനുഭവവുമാക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ