Gentle Dew Drop

സെപ്റ്റംബർ 05, 2026

സ്ത്രീയെന്നാൽ

സ്ത്രീയെന്നാൽ ഒരു നിശ്ചയവുമില്ലാത്ത വികാരങ്ങളുടെ ആകെത്തുകയാണ് പ്രസിദ്ധനായ ഒരു ചിന്തകൻ പറഞ്ഞത്.

പുരുഷന്റെയും പുരുഷസമൂഹങ്ങളുടെയും സങ്കൽപ്പങ്ങൾ നിർവ്വചിച്ചിട്ടുള്ള സ്വത്വരൂപമാണ് സ്ത്രീക്ക് നൂറ്റാണ്ടുകളായുള്ളത്. ആ രൂപം ദൈവകല്പനയായും മതനിഷ്ഠയായും പാലിച്ചുപോരുന്ന സമൂഹങ്ങളാണ് നമ്മുടേത്. ദാർശനീയതയിലും രാഷ്ട്രീയ ബോധത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വന്നെങ്കിലും സ്ത്രീയെക്കുറിച്ചുള്ള പുരാതനമായ കാഴ്ചപ്പാടുകൾ തുടരുകതന്നെയാണ്. സ്ത്രീയുടെ ശരീരത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പഠിക്കാൻ തുടങ്ങിയതുതന്നെ അടുത്ത കാലത്തു വ്യക്തമായ വെല്ലുവിളികൾ ഉയർന്നുതുടങ്ങിയതിനു ശേഷം മാത്രമാണ്. 

ജീവിവർഗ്ഗങ്ങളിൽ മനുഷ്യനെ 'ചിന്താശേഷിയുള്ള മൃഗം' എന്നാണ് അരിസ്റ്റോട്ടിൽ നിർവ്വചിച്ചത്. യുക്തിസഹമായ സംവാദങ്ങളിലും ചർച്ചകളിലും ഏർപ്പെടുവാൻ കഴിയുകയെന്നതാണ് ചിന്താശേഷി നിർവചിക്കുന്ന സവിശേഷ  ഗുണം. മനുഷ്യന്റെ പരമമായ ആത്മസാക്ഷാത്കാരത്തിന് അത്യന്താപേക്ഷിതമാണ് ഈ ഗുണം. പെൺജാതി അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തിൽ ഏത് ജീവിവർഗ്ഗത്തിന്റെയും ആൺജാതിയുടെ വൈകല്യമുള്ള (അപൂർണ്ണമായ) ഒരു വകഭേദമാണ്.  ഒരു ജീവിയുടെ പൂർണ്ണമായ സത്തയും രൂപപ്പെടുവാനുള്ള ഊർജ്ജവും വഹിക്കുന്നത് പുരുഷബീജമാണെന്ന്  അരിസ്റ്റോട്ടിൽ കരുതി. സ്വാഭാവികമായും അത് ആ ജീവിവർഗ്ഗത്തിന്റെ ആൺജാതിയെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഈ രൂപത്തിന് ദ്രവ്യം നൽകുകയെന്നതാണ് പെൺജാതിയുടെ പങ്ക്. ദ്രവ്യത്തിനുള്ള എന്തെങ്കിലും കുറവോ പാകപ്പെടുത്തുന്നതിന് ആവശ്യമായ ജീവതാപത്തിയിലുള്ള കുറവോ  പെൺജാതി രൂപപ്പെടുന്നത്. പെൺരൂപത്തെ ആൺരൂപത്തിന്റെ ഒരു വികലഭാവമായിട്ടാണ് അരിസ്റ്റോട്ടിൽ വിശേഷിപ്പിച്ചത്. പെൺരൂപത്തെ പുരുഷന്റെ അപൂർണ്ണമായ വകഭേദമായി മുദ്രകുത്തിയപ്പോഴും, പ്രത്യുൽപ്പാദനത്തിലൂടെ വംശം നിലനിർത്തേണ്ടതിനായി  പ്രകൃതിക്ക് തന്നെ ഇത്തരം ഒരു വ്യതിയാനം അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ടിൽ വാദിച്ചു. 

സത്തയിൽ വികലതയുള്ളതിനാൽ മേല്പറഞ്ഞ ചിന്തയിലൂടെ നിർവ്വഹിക്കപ്പെടുന്ന സ്വാഭാവിക ആത്മസാക്ഷാത്കാരം  സ്ത്രീക്ക് സാധ്യമല്ല എന്നാണ് ന്യായമായും കരുതാവുന്നത്. കുടുംബത്തിന്റെ അകത്തളങ്ങളിലുള്ള ഉത്തരവാദിത്തങ്ങളാണ് അവരുടെ  സാധ്യതകൾക്കുള്ളിൽ അവൾക്കു ലഭിക്കാവുന്ന സഫലീകരണം പ്രാപ്തമാക്കുന്നത്. 

കാലം പുരോഗമിച്ചെങ്കിലും, വികാരം, ശാരീരിക ആവശ്യങ്ങൾ, പരിപാലനം, പ്രത്യുൽപ്പാദനം എന്നിവയെ സ്ത്രീഗുണങ്ങളായി കണ്ട് അവക്ക്  നേർവിപരീതമായി നിർവ്വചിച്ചുകൊണ്ടാണ് നൂറ്റാണ്ടുകളായി, 'യുക്തി' എന്നതിനെ നിർമ്മിച്ചെടുത്തത്.  ശരീരത്തിലും അതിന്റെ പ്രക്രിയകളിലും നിന്ന് ഉയർന്നതാണ് മനസ്സും യുക്തിയും എന്ന് ഉറപ്പിച്ച ചിന്തകൾ, പ്രകൃതിയോടും ശരീരത്തോടും ചേർത്തുനിർത്തിയ  സ്ത്രീസ്വഭാവം  താഴ്ന്ന നിലയിലുള്ളതായി.

പുരുഷന്മാരെ മാനവിക യുക്തിയുടെ മൂർത്തീഭാവമായി ചിത്രീകരിച്ചപ്പോൾ  സ്ത്രീകൾക്ക് അവരുടെ ചുറ്റുപാടുകളിൽ ചുരുങ്ങിയ ഇടപെടലുകൾ നടത്താൻ മാത്രമുള്ള കഴിവേ ഉണ്ടായിരുന്നുള്ളു എന്നാണ് കരുതപ്പെട്ടിരുന്നത്. അവരങ്ങനെ ആയിരുന്നാൽ മതി എന്ന സാമൂഹിക-മത നിയമങ്ങൾ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയുമാണ്. വസ്തുക്കൾക്ക് മേലോ സ്ഥലമിടപാടുകളിലോ കരാറുകളിൽ ഏർപ്പെടാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. സമ്മതിദാനാവകാശമുണ്ടായിരുന്നില്ല. നിയമപരമായ/സാമൂഹികമായ ആവശ്യങ്ങളെ പ്രകടിപ്പിക്കുവാൻ ഒരു പുരുഷ രക്ഷാധികാരി അവർക്ക് ആവശ്യമായിരുന്നു. 

ആധുനിക കാലത്തുപോലും,  സ്ത്രീയുടെ ജീവിതം പുരുഷസമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഉപകരണമാണ് എന്ന് കരുതിയിരുന്നു. സ്വാഭാവികതയിലും, വിദ്യാഭാസം വഴിയായും പുരുഷൻ സ്വതന്ത്രനായ വ്യക്തിയാകുന്നു. എന്നാൽ ഗാർഹികമായ അന്തരീക്ഷത്തിൽ  പുരുഷന്റെ സന്തോഷമൊരുക്കാനും അവരുടെ കുഞ്ഞുങ്ങളെ വളർത്താനും, അവരുടെ ജീവിതം മധുരതരമാക്കാനും  അവർ പരിശീലിക്കുന്നു. സാമൂഹിക വിപ്ലവങ്ങൾക്ക് കാരണമായ ചിന്തകൾ നൽകിയ ചിന്തകർ പോലും സ്ത്രീകളെ  ഇത്തരത്തിൽ നിർവ്വചിച്ചു എന്നത് ചിന്തനീയമായ വിരോധാഭാസമാണ്. 

പാലിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യപ്പെടുമ്പോൾ അവയൊക്കെയും കാഴ്ചപ്പാടുകൾക്കപ്പുറം സാധാരണവും പ്രകൃത്യാ നിയമിതവും ദൈവനിശ്ചിതവുമാകും. സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന കല്പനകളെക്കാൾ അവക്കായി നൽകപ്പെടുന്ന കാരണങ്ങളെ ആത്മാർത്ഥമായ വിചാരണക്കെടുക്കുക എന്നതാണ് അനിവാര്യം. കപടമായ ശാസ്ത്രം പോലും വാദങ്ങൾക്കൊത്ത് നിരത്തപ്പെടുന്നുണ്ട്.  

യുക്തിസാമർഥ്യം നിറഞ്ഞ മനുഷ്യൻ ദൈവസ്വഭാവത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നു എന്നാണ്. സ്ത്രീക്ക് ആ യുക്തി ഇല്ലാത്തതുകൊണ്ട്, പുരുഷനോട് ചേർന്ന് നിന്ന് കൊണ്ട് സ്ത്രീ ദൈവസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്നും. ചിന്തകളിൽ കണ്ടത് ആരോപിച്ചു വാർത്തെടുത്ത സ്ത്രീരൂപമാണ് ഇന്നും സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ നിറയുന്നത്. 

ശരീരത്തിന്റെ ഘടനയോ, പരിപാലനയുടെയും കരുതലിന്റെയുമായി സ്ത്രീ ഏറ്റെടുക്കുന്ന കാര്യങ്ങളോ അല്ല,  മറിച്ച് അവർക്കു സമൂഹം ചാർത്തിക്കൊടുക്കുന്ന അർത്ഥങ്ങളും നിയന്ത്രണങ്ങളുമാണ് സ്ത്രീയെ ഒരു 'വിധേയ'യാക്കുന്നത്. നിയമവും വിദ്യാഭാസവും അവബോധനങ്ങളും സ്ത്രീയെ ഉയർത്തുമ്പോഴും  'വികസിത'മായ സംസ്കാരങ്ങളിലും പ്രദീപ്തമായ ആത്മീയതകളിലും സ്ത്രീ വിധേയയും ഒതുങ്ങിക്കഴിയേണ്ടവളുമാണ്. അത് ഭക്തിയും മതാനുഷ്ടാനവുമായി പുരുഷന്റെ അധികാരഭാവത്തിന്റെയും സ്ത്രീയുടെ അനുഷ്ടാനഭാവത്തിന്റെയും  ഭാഗമാണ്. സന്തോഷം, ദുഃഖം, ആസ്വാദനം, സ്നേഹം, വികാരം, വേദന, നിർവൃതി  ഇവയൊക്കെ സ്ത്രീക്ക് എന്താണ് (എന്താവണം എന്ന് പോലും) എന്ന് പറഞ്ഞതും നിര്വചിച്ചതും പുരുഷന്മാരാണ്.

ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകുന്നതു തന്നെ തിരിച്ചറിവുകൾക്കു വഴിതുറക്കും. അവ സത്യാധിഷ്ഠിതമാണെങ്കിൽ ഫലപ്രദമായ സംഭാവനകൾ നൽകും. എന്താവണം എന്തരുത് എന്ന നിഗമനങ്ങൾക്കായി നൽകപ്പെടുന്ന കാരണങ്ങളെയാണ് സമൂഹം യുക്തിസഹമായി പരിശോധിക്കേണ്ടത്. 

ഏപ്രിൽ 15, 2026

ക്രിസ്തുവിന്റെ പാത ~ യുദ്ധത്തെക്കുറിച്ച്

 രാഷ്ട്രീയവൽക്കരിക്കപ്പെട്ട ക്രിസ്തീയതയിൽ ക്രിസ്തുവിനോ ദൈവരാജ്യത്തിന്റെ മൂല്യങ്ങൾക്കോ സ്ഥാനമില്ല എന്നാണ് യുദ്ധത്തെക്കുറിച്ച് ക്രിസ്ത്യാനികൾക്കിടയിൽ രൂപപ്പെടുന്ന ചർച്ചകൾ സൂചിപ്പിക്കുന്നത്. അധികാരവും ആധിപത്യവും ബിസിനസ്സുമാണ് അതിന്റെ താൽപ്പര്യങ്ങൾ.

ലോകം മുഴുവനും ഒരു ക്രിസ്തീയ വ്യവസ്ഥിതിയല്ല പാലിച്ചുപോരുന്നത്. 'ഞങ്ങൾ മാത്രം' എന്ന് ചിന്തിക്കുന്ന ക്രിസ്ത്യാനികൾ തങ്ങൾ തന്നെ മാറ്റിനിർത്തുന്ന മൂല്യങ്ങൾ ലോകം മുഴുവൻ പാലിക്കണമെന്ന് പ്രതീക്ഷിക്കുന്നു. തിന്മകൾ നിലവിലുണ്ട്, എന്നാൽ അവയെ നന്മ കൊണ്ട് മാത്രമേ അതിജീവിക്കാനാവൂ. തിന്മയെ നേരിടുന്നതിൽ ക്രിസ്തുവിന്റെ പാത പിന്തുടരുക എന്നതാണ് ഒരു ക്രിസ്ത്യാനിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതിനുപകരം, തിന്മയെ നേരിടാൻ അക്രമത്തിന്റെയും അധികാരത്തിന്റെയും, മനുഷ്യത്വരഹിതമായ തിന്മയുടെയും വഴി തിരഞ്ഞെടുക്കുന്നതിൽ സുവിശേഷത്തിന്റെ യുക്തിയില്ല. അതിനാൽ യുദ്ധം ഒരു കുറ്റകൃത്യമാണ്, അതൊരു മാരകപാപമാണ്; അതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല.

രക്ഷയും സമാധാനവും ~ ആണവായുധങ്ങൾ

ക്രൈസ്തവരിൽ ചിലർ കരുതുന്നത് കുരിശിന് രക്ഷ നൽകാൻ സാധിക്കില്ലെന്നും, രക്ഷയും സമാധാനവും യാഥാർത്ഥ്യമാകുന്നത് ആണവായുധങ്ങൾ സ്വരൂപിക്കുന്നതിലൂടെയുള്ള പ്രതിരോധശക്തിയിലൂടെയാണെന്നുമാണ്. വിചിത്രമെന്നു പറയട്ടെ, ഈ രക്ഷ സാക്ഷാത്കരിക്കപ്പെടുന്നത് 'നമുക്ക്' മാത്രം ആയുധശേഖരമുണ്ടാവുകയും മറ്റുള്ളവർ ആയുധശേഷിയില്ലാതാവുകയും ചെയ്യുമ്പോൾ മാത്രമാണ്, അതും 'നമുക്ക്' ആധിപത്യമുള്ളപ്പോൾ മാത്രം. ഇത്തരമൊരു സമാധാനവും രക്ഷയും സുവിശേഷത്തിന് തികച്ചും അന്യമാണ്. തിന്മകളെ എതിർക്കുന്നതുപോലെതന്നെ, അവയെ വളർത്തുന്ന സാഹചര്യങ്ങളെയും ഘടനകളെയും 'വിശുദ്ധീകരിക്കേണ്ടതുണ്ട്.' മിസൈൽ കച്ചവടത്തെയും അധിനിവേശങ്ങളെയും ആധിപത്യത്തെയും വിശുദ്ധമായി പ്രഖ്യാപിക്കുന്നതിന് മുമ്പ്, ലോകത്തിലെ തിന്മയുടെ ഘടനകളെ ചരിത്രപരമായി ആത്മപരിശോധന നടത്താനുള്ള ശരിയായ മനസ്സാക്ഷി ക്രൈസ്തവർ വളർത്തിയെടുക്കുകയാണ് വേണ്ടത്. ആയുധബലം കൊണ്ട് ഉറപ്പാക്കാമെന്ന് കരുതുന്ന സമാധാനം ക്രിസ്തു ആഗ്രഹിച്ച സമാധാനമല്ല; ദൈവരാജ്യപദ്ധതിയുടെ സ്വഭാവവുമല്ല അത്.

നവംബർ 07, 2025

വിശ്വസ്തരായ ദൈവജനത്തിന്റെ മാതാവ്

വിശ്വസ്തരായ ദൈവജനത്തിന്റെ മാതാവ് ('Mater Populi Fidelis') എന്ന പ്രയോഗം, സഭയിൽ മറിയത്തിനുള്ള ശരിയായ സ്ഥാനത്തെ വ്യക്തമാക്കുന്നതിൽ അനിവാര്യമാണ്. ഏതാനം  മരിയൻ നാമങ്ങൾ രക്ഷകനും മധ്യസ്ഥനുമായ ക്രിസ്തുവിൻ്റെ യാഥാർത്ഥ്യത്തെ വികലമാക്കിയേക്കാം എന്ന ആശങ്കകൾക്ക് മറുപടി നൽകുന്നതിനും ഈ സംജ്ഞ അത്യന്താപേക്ഷിതമാകുന്നു.

Fidelis എന്ന വാക്ക് വിശ്വസ്തതയെയും പൂർണ്ണമായ ആശ്രയബോധത്തെയും സൂചിപ്പിക്കുന്നു. കൃപയുടെ വഴിത്താരയിൽ, ഈ ഗുണത്തിന്റെ പൂർണ്ണമാതൃകയായി മറിയത്തെ കാണുന്നതിലൂടെ, ഈ നാമം മറിയത്തിന്റെ പ്രത്യേകമായ ധർമ്മത്തെ വ്യക്തമാക്കുന്നു. കൃപയിൽ സഞ്ചരിക്കാൻ അവൾ എടുത്ത ചുവടുകൾ, രക്ഷയെക്കുറിച്ചു ഗബ്രിയേലിൻ്റെ അറിയിപ്പ്, യേശുവിന്റെ ശുശ്രൂഷകളിലുള്ള അനുഗമനം, കുരിശിന്റെ മുമ്പിലെ സമർപ്പണം, ശിഷ്യരെ ഒരുമിച്ചു ചേർത്ത് പരിശുദ്ധാത്മാവിനായുള്ള കാത്തിരിപ്പ് ... അങ്ങനെ മാതാവിന്റെ ജീവിതം മുഴുവനും ദൈവഹിതത്തോടുള്ള സ്വതന്ത്രവും നിരന്തരവുമായ  സഹകരണത്താൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ദിവ്യപദ്ധതിയിലെ പൂർണ്ണമായ മനുഷ്യപങ്കാളിത്തമാണ് അവൾ സ്വന്തം ജീവിതത്തിലൂടെ നമുക്കായി മാതൃകയാക്കി നൽകിയത്. തൻമൂലം, ക്രിസ്തുവിനു ജന്മം നല്കുന്നതിനോടൊപ്പം, എല്ലാ മാനവരാശിക്കും വേണ്ടി കൃപയുടെ യോഗ്യമായ പാത്രമായി നിലകൊള്ളുകയും ചെയ്തവളായി സഭ അവളെ കാണുന്നു. അങ്ങനെ മറിയം ക്രിസ്തുവിൻ്റെ ശരീരത്തിലെ യോഗ്യമായ അംഗമായി   നിലനിൽക്കുമ്പോഴും, ക്രിസ്തുവിൻ്റെ കൃപയിൽ പങ്കുചേരുന്ന എല്ലാ അംഗങ്ങളിലേക്കും അവളുടെ അതുല്യമായ മാതൃത്വം വ്യാപിക്കുകയും ചെയ്യുന്നു. അതുപോലെ, കൃപയോട് സഹകരിച്ച് സന്മനോഭാവത്തിലും സമാധാനത്തിലും വർത്തിക്കുന്ന ഏതൊരാളും ദേശത്തിന്റേയോ ഭാഷായുടെയോ മതത്തിന്റേയോ വ്യത്യാസമില്ലാതെ ദൈവജനത്തിന്റെ വിശ്വസ്തത ജീവിക്കുന്നു.

മറിയത്തിനു മനുഷ്യരുമായുള്ള ബന്ധം അവളുടെ വ്യക്തിപരമായ ശക്തിയാലല്ല, കൃപയാലാണ്. മാതാവിനോടുള്ള ഭക്തിയുടെ ഫലങ്ങൾക്ക് യാന്ത്രികമായ ഒരു ധർമ്മമല്ല ഉള്ളത്. മറിയം നമ്മെ സഹായിക്കുന്നത് മാതൃസഹായത്തിലൂടെയും മധ്യസ്ഥതയിലൂടെയുമാണ്. ഇത് പൂർണ്ണമായും ദൈവകൃപയിൽ നിന്നും ക്രിസ്തുവിൻ്റെ അമ്മ എന്ന നിലയിൽ അവൾക്ക് ലഭിച്ച അതുല്യമായ സ്ഥാനത്തുനിന്നും ഒഴുകിയെത്തുന്നു.

'സഹരക്ഷക' (Co-redemptrix) എന്ന പ്രയോഗം പലരും ഉപയോഗിച്ചിരുന്നെങ്കിൽ പോലും, പല കാരണങ്ങളാൽ  ക്രിസ്തു രക്ഷയുടെ ഏക ഉറവിടമെന്ന സത്യത്തിനു  മങ്ങലേല്പിക്കുന്ന ഫലത്തിലേക്കു നയിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. ക്രിസ്തുവിൻ്റെ പൂർണ്ണതയുള്ള ബലിയെ പൂർത്തിയാക്കാൻ മറിയത്തിൻ്റെ പങ്ക് തീർത്തും  അനിവാര്യമായിരുന്നെന്ന രീതിയിൽ ഇതിനെ അതിശയോക്തിപരമായി ചിത്രീകരിക്കുമ്പോൾ, അത് ഗുരുതരമായ വൈകല്യം സൃഷ്ടിക്കുന്നു. ക്രിസ്തുവിൻ്റെ രക്ഷാകരപ്രവർത്തി പൂർണ്ണവും  ചേർക്കപ്പെടേണ്ടതായി ഒന്നും ആവശ്യമില്ലാത്തതുമായതിനാൽ, അത്തരം ഭാഷ സ്വീകരിക്കുന്നത് മറിയത്തെ കൃപ സ്വീകരിക്കുന്ന ഒരാളുടെ സ്ഥാനത്തുനിന്നും ക്രിസ്തുവിന് സമാനമായി കൃപാസ്രോതസ്സാക്കി മാറ്റാൻ സാധ്യതയുണ്ട്. ഇത് 'എല്ലാം അവനിൽ നിന്നാകുന്നു' എന്ന സത്യത്തെ ദുർബലപ്പെടുത്തുന്നതാണ്. രക്ഷാകരകർമ്മത്തിലുള്ള മറിയത്തിൻ്റെ പങ്ക് മുഴുവനായും ക്രിസ്തുവിനെ ആശ്രയിച്ചുള്ളതും അവിടുത്തെ കൃപയിൽ നിന്നും ഉരുത്തിരിഞ്ഞതുമാണ്. കൃപ നൽകാൻ മാതാവിന്  സ്വന്തമായ ശക്തിയില്ല.

രക്ഷയുടെ പൂർത്തീകരണം  ക്രിസ്തുവിലാണ്. മാതാവിന് ക്രിസ്തുവിനൊപ്പം തുല്യത നൽകാനാവില്ല. മറിയത്തിൻ്റെ സഹകരണം ക്രിസ്തു മനുഷ്യർക്കുവേണ്ടി നൽകിയ രക്ഷയിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. അതില്ലാതെ മാതാവിന്റെ സഹകരണം അസാധ്യമാണ്. മാതാവിന്റെ ഇടപെടലുകൾ  ക്രിസ്തുവിൻ്റെ  യാഗത്തെ അനിവാര്യമാക്കുകയോ, പൂർണ്ണത വരുത്തുകയോ ചെയ്യുന്നില്ല, എന്തെന്നാൽ ആ യാഗം തന്നിൽത്തന്നെ തികച്ചും മതിയായതായിരുന്നു. മാതാവിന്റെ ഇടപെടലുകൾ കൃപയെ ജനിപ്പിക്കുന്നവയല്ല, ദൈവത്തെ നിർബന്ധിതനാക്കാനാവില്ല. ദൈവജനത്തിന്റെ അമ്മയെന്ന നിലയിൽ മാതാവ് തന്റെ പുത്രന്റെ യോഗ്യതകളിൽ നിന്ന് നമുക്കായി കൃപ സ്വീകരിക്കുന്നു.

ക്രിസ്തുവിലല്ലാതെ കൃപയിൽ മറ്റൊരു മധ്യസ്ഥതയും ഇല്ലാത്തതിനാലാണ്, 'മധ്യസ്ഥ' (Mediatrix) എന്ന പ്രയോഗം പ്രശ്‌നകരമായി കരുതുന്നത്. ദൈവവും മനുഷ്യനുമെന്ന നിലയിലാണ് ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഏകമധ്യസ്ഥനായത്. മറിയത്തിൻ്റെ പങ്ക് ‘സഹകരണം, ‘മാതൃസഹായം, ‘നിരവധിയായ അനുഗ്രഹങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനാസഹായം എന്നീ സംജ്ഞകളാൽ വിശദീകരിക്കുന്നതാണ് ഉചിതം. 'മധ്യസ്ഥ' എന്ന പദം, ക്രിസ്തുവിൻ്റെ ഏക മധ്യസ്ഥതയെ നിരാകരിക്കുന്നില്ലെന്നും, അവൾ ക്രിസ്തുവിൻ്റെ ഏക പ്രവർത്തിയിൽ പങ്കുചേരുന്ന ഒരു മാദ്ധ്യമം മാത്രമാണെന്നും, വ്യക്തമായി നിർവചിക്കപ്പെടുന്നില്ലെങ്കിൽ, അത് ക്രിസ്തുവിൻ്റെ അതുല്യമായ സ്ഥാനത്തെ ചെറുതാക്കിയേക്കാം.

വിശ്വസ്തരായ ദൈവജനത്തിന്റെ മാതാവ് എന്ന ഈ മാർഗ്ഗ രേഖയുടെ  അനിവാര്യതയ്ക്ക് കാരണം, മറിയത്തിൻ്റെ ശക്തികളെയും സ്ഥാനത്തെയും അതിശയോക്തിപരമായി അവതരിപ്പിച്ച് 'ദേവതുല്യം' ആക്കാനുള്ള പ്രവണത ആഗോളതലത്തിൽ തന്നെ ദൈവശാസ്ത്രപരമായ ഒരു വൈകല്യമായി വ്യാപിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ്. ചില സാഹചര്യങ്ങളിൽ അത് വ്യാഖ്യാനങ്ങളിലാണെങ്കിൽ കൂടുതലും അത് ഭക്തിരൂപങ്ങളിലാണ് പ്രകടമായുള്ളത്.

മരിയഭക്തിയുടെ പേരിലുള്ള ചില ആചാരങ്ങൾ വഴി രക്ഷ  ക്രിസ്തുവിൻ്റെ പ്രബോധനത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയെ അപ്രധാനമാക്കി, ഏതെങ്കിലും പ്രത്യേക മരിയൻ ആചാരത്തിലൂടെയോ ഭക്തിയിലൂടെയോ ഉറപ്പിക്കാൻ ശ്രമിക്കുന്നത്  മാനവികസ്ഥിതിയെ സംബന്ധിച്ച (Anthropological Distortion) ഒരു വൈകല്യമായി ഈ മാർഗരേഖ കാണുന്നു. ഏതെങ്കിലും മരിയൻ രൂപങ്ങളും തീർത്ഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അത്ഭുതവാദങ്ങളും പ്രത്യേക പ്രാർത്ഥനകളും വിശ്വാസത്തിൻ്റെ കേന്ദ്രബിന്ദുവാകുമ്പോൾ, അത് ക്രിസ്തീയ വിശ്വാസത്തെ ക്ഷയിപ്പിക്കുകയും അവതരിച്ച പുത്രൻ്റെ കേന്ദ്രീകൃത സ്ഥാനത്തെ മറയ്ക്കുകയും ചെയ്യുന്നു. ക്രിസ്തുവിജ്ഞാനീയപരമായ (Christological Distortion) വൈകല്യമാണത്. സഭയുടെ ഐക്യത്തിലും കൂദാശ ജീവിതത്തിലുമുപരി മറിയത്തോടുള്ള ഭക്തി ക്രിസ്തീയ താദാത്മ്യതയുടെ പ്രാഥമിക അടയാളമായി മാറ്റപ്പെടുമ്പോൾ അതൊരു സഭാപരമായ വൈകല്യവും (Ecclesiological Distortion) ആണ്. മരിയൻ -ജപമാല പ്രദക്ഷിണങ്ങളും വിശ്വാസ റാലികളും ക്രിസ്തീയതയുടെ പ്രകടനമാണെന്നു കാണിക്കുന്നത് സാമൂഹികമായ ശക്തിപ്രകടനമായി തീരാറില്ലേ?  മേല്പറഞ്ഞ പശ്ചാത്തലങ്ങളിൽ ഒക്കെയും പ്രത്യക്ഷത്തിൽ ദിവ്യകാരുണ്യഭക്തിയും ആരാധനകളും, സുവിശേഷ പ്രഘോഷണങ്ങളും ഉണ്ടായിരിക്കാം. തങ്ങൾക്കൊരപഭ്രംശവും സംഭവിച്ചിട്ടില്ലെന്ന വാദവും അവർ ഉന്നയിച്ചേക്കാം. എങ്കിലും, ഭക്തികളോ ആചാരങ്ങളോ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയോ, അല്ലെങ്കിൽ സിദ്ധാന്തപരമോ ഭക്തിപരമോ ആയ അതിരുവിട്ട നിലയിലേക്ക് തള്ളിവിടപ്പെടുകയോ ചെയ്യുമ്പോൾ, അവ ഗൗരവപരമായ അസന്തുലിതാവസ്ഥകൾ സൃഷ്ടിക്കുന്നുണ്ട്. മരിയഭക്തി ആഗ്രഹപ്രാപ്തിക്കായുള്ള എളുപ്പവഴിയല്ല, മരിയഭക്തി മാതാവിനോടൊപ്പം ക്രിസ്തുവിനെ അനുഗമിക്കുന്നതാണ്. അതിനു സഹായിക്കേണ്ട പ്രാര്ഥനാധ്യാനമാണ് ജപമാല. ജപമാലയുടെ ശക്തി, അതും എഴുതവണയും ആയിരം തവണയും ചൊല്ലിയാലുള്ള ഫലം, നന്മനിറഞ്ഞ മറിയം എത്രയും ദയയുള്ള മാതാവേ തുടങ്ങിയ പ്രാർത്ഥനകൾ ആവർത്തിക്കുന്നതിന്റെയും എഴുതുന്നതിന്റെയും ശക്തി, കൊന്ത കെട്ടുന്നത് കൊണ്ടുള്ള പ്രത്യേക ശക്തി തുടങ്ങിയ ഭാഷ ഭക്തിയുടെ യന്ത്രികതയാണ്. ഭക്തി യന്ത്രികവത്കരിക്കപ്പെടുകയും മന്ത്രികവൽക്കരിക്കപ്പെടുകയും കാര്യസാധ്യങ്ങൾക്കായുള്ള ഉപാധിയായിത്തീരുകയും ചെയ്യുമ്പോൾ അവ മരിയഭക്തി പോലുമല്ല. അത്തരം പ്രവണതകൾ ഭക്തിയുടെ നിറത്തിലുള്ള മനോരഞ്ജകമായ വൈകാരിക അഭ്യാസങ്ങൾ മാത്രമാണ്.

അതുകൊണ്ട്, 'വിശ്വസ്തരായ ദൈവജനത്തിന്റെ അമ്മ ' എന്നതിൻ്റെ ലക്ഷ്യം മരിയൻ ഭക്തിയെ പരിമിതപ്പെടുത്തുകയല്ല, മറിച്ച് വചനത്തിലും പാരമ്പര്യത്തിലും ക്രിസ്തുവിരഹസ്യത്തിലും ഉറപ്പിച്ചുകൊണ്ട് മറിയത്തോടുള്ള സ്നേഹത്തെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ സമീപനം മറിയത്തിൻ്റെ സ്ഥാനം, അതുല്യമായ എന്നാൽ എന്നും തുറവിയുള്ള വിശ്വസ്തയുടെ സ്ഥാനമായി നിലനിർത്തുന്നു.

🎬

വീണ്ടെടുപ്പ് എന്നത് ദൈവത്തിനു മാത്രം സാധ്യമായതാണെന്നും, മറിയം ദൈവമല്ലാത്തതിനാൽ മറിയത്തിനു വീണ്ടെടുപ്പ് സാധ്യമല്ലെന്നും, എന്നാൽ, ഏറ്റവും ആത്മാർത്ഥമായും സമർപ്പണത്തോടെയും ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയിൽ മനുഷ്യവംശത്തിലെ ഏറ്റവും യോഗ്യയായി മറിയം സഹകരിച്ചുവെന്നും ഓർമ്മിപ്പിക്കുകയാണ് Mater Populi Fidelis. ദൈവ-മനുഷ്യ സ്വഭാവം കൊണ്ട് ക്രിസ്തുവിനു സാധ്യമായ മാധ്യസ്ഥം മറിയത്തിനു സാധ്യമല്ല, കാരണം മാതാവ് മനുഷ്യവംശത്തിലെ അംഗമാണ്.

അതിശയോക്തി അതിന്റെ പാരമ്യത്തിലേക്കു കൊണ്ടെത്തിച്ചു ഭക്തിയെ കാല്പനികമാക്കുന്ന അവസ്ഥ അത് മറിയത്തോടുള്ള ആദരവല്ല. മറിയം സത്യത്തിൽ എന്താണോ അതിനെ ഗ്രഹിക്കുകയും, ആ രഹസ്യത്തെ ജീവിക്കുകയും ചെയ്യുകയെന്നതാണ് കൃപയിൽ ഫലദായകമാകുന്നത്.
--------------------------------
"സമയത്തിന്മേലുള്ള അധികാരം മാതാവിന് നൽകപ്പെട്ടിരിക്കുന്നു" എന്നുള്ള പുതിയ പ്രബോധനം പ്രചാരത്തിലുണ്ട്. അനന്തതയിൽ വസിക്കുന്ന ദൈവം സമയതോട് ചേർന്നു വരുന്നത് സൃഷ്ടിയുമായി ബന്ധപ്പെടുത്തിയാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിയിൽത്തന്നെയാണ് സമയത്തിന്റെയും ഉത്ഭവം. ദിനരാത്രങ്ങളുടെയും വർഷഋതുക്കളുടെയും ചരിത്രപുരോഗതിയുടെ ഘട്ടങ്ങളെയും ക്രോണോസ് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. എന്നാൽ നിർണ്ണായകമായ പ്രധാന സംഭവങ്ങളെ സൂചിപ്പിക്കുന്നത് കൈറോസ് എന്ന പദം കൊണ്ടാണ്. രക്ഷാകരമായ സംഭവങ്ങളെ സൂചിപ്പിക്കാൻ വി യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത് ഹോറ എന്ന വാക്കാണ്. വിശ്വാസത്തിലേക്കു തുറക്കുന്ന സമയമായാണ് ശിഷ്യർക്ക് കാനായിലെ അത്ഭുതം അനുഭവമായത്. എന്നാൽ 'ആ മണിക്കൂറിനായി' വിശ്വാസത്തിന്റെ വഴിയേ പിന്നെയും നടക്കേണ്ടതായുണ്ട്. 'എന്റെ സമയം ഇനിയും ആയിട്ടില്ല' എന്നതിൽ ക്രിസ്തു തന്റെ മനസ്സിൽ കുറേക്കാലം കൂടിക്കഴിഞ്ഞായിരുന്നു തൻ ചെയ്യാനിരുന്നതെല്ലാം ചെയ്യാൻ പദ്ധതിയിട്ടിരുന്നതെന്ന അർത്ഥമില്ല. മാനവീയവും മാതൃസഹജവുമായ അനുകമ്പയാണ് മറിയം കാനയിൽ പ്രകടമാക്കുന്നത്. ആ മണിക്കൂറിനെക്കുറിച്ചുള്ളത് ദൈവത്തിന്റെ പദ്ധതിയാണ്. അത് നിർബന്ധിതമാക്കാൻ മാതാവിനാവില്ല.
എന്നാൽ ഇതൊന്നുമല്ല സമയത്തിന് അധികാരം നൽകപ്പെട്ടിരിക്കുന്ന മാതാവ് ചെയ്യുന്നത്. ഭക്തിരൂപങ്ങളിൽ സ്വാഭാവികമായും കാണപ്പെടുന്ന ആഗ്രഹസാധ്യങ്ങൾക്ക് സാധൂകരണമാകും വിധം ഈ വചനഭാഗത്തെ തെറ്റായ വ്യാഖ്യാനം നൽകി അവതരിപ്പിക്കുകയാണ്. കാലവിളംബം വന്നു പോകുന്ന കാര്യങ്ങൾക്കു സമയത്തിന്മേലാ അധികാരമുള്ള മാതാവ് തീർപ്പുണ്ടാക്കുന്നു എന്നത് വിശ്വസനീയമായ സൂത്രവാക്യമാണ്. എന്നാൽ വചനാടിസ്ഥാനത്തിലോ ദൈവശാസ്ത്രപരമായോ അത് ശരിയല്ല. ഉദ്ദിഷ്ടകാര്യപ്രാപ്തിയുടെ അതിസങ്കീർണ്ണമായ ഒരു സംവിധാനത്തിലാണ് ഈ പ്രത്യേക മരിയഭക്തി ഉരിത്തിരിഞ്ഞിട്ടുള്ളതും നിലനിൽക്കുന്നതും. പ്രത്യേകമായുള്ള ദൈവിക വെളിപാടുകൾ, പ്രത്യേക അർച്ചന വസ്തുക്കൾ, നിശ്ചിതമായ പ്രാർത്ഥനാ സമയങ്ങൾ, കണിശമായി പാലിക്കാത്തപക്ഷം നഷ്ടമായേക്കാവുന്ന അനുഗ്രഹങ്ങൾ, മാന്ത്രികത നിറഞ്ഞ ശൈലികളാണവ. വ്യക്തത ആവശ്യമായിവന്ന മാറിയ സംജ്ഞകളെക്കാൾ സങ്കീർണ്ണമാണ് പ്രകീർത്തിക്കപ്പെടുന്ന ഈ ഭക്തസംവിധാനം.

ഒക്‌ടോബർ 26, 2025

എന്റെ ശരികളും അവരുടെ ശരികളും

 എന്റെ ശരികളും അവരുടെ ശരികളും ഞാൻ കാണുന്ന തെറ്റുകളും അവർ കാണുന്ന തെറ്റുകളും അവകാശങ്ങളാക്കപ്പെടാൻ മത്സരിക്കുന്ന ക്രൂരരാഷ്ട്രീയം ഭയാനകമായ ഭാവിയെ ഇപ്പോൾത്തന്നെ കാണിച്ചുതരുന്നുണ്ട്. വെറുപ്പും അകൽച്ചയും ശത്രുതയും കൊണ്ട് സ്വയം നിലനിൽപ്പ് ഉറപ്പാക്കുന്ന മതസംവിധാനങ്ങൾ വരണ്ടു സ്വയം മുറിവേൽപ്പിക്കുന്ന വിഷമുള്ളുകളാണ്. മതചിഹ്നങ്ങളും പ്രാർത്ഥനകളും വേഷങ്ങളും അസ്വസ്ഥതയും ഭയവും ഉണ്ടാക്കിത്തുടങ്ങിയത് പെട്ടെന്നുണ്ടായ പ്രതിഭാസമല്ല. വളരെ വിദഗ്ദമായി നിർമ്മിച്ചെടുത്ത സാംസ്കാരികാന്തരീക്ഷത്തിൽ  ഉയർന്നു വരുന്ന സ്വാഭാവിക മാനസികാവസ്ഥകളാണവ. മതകേന്ദ്രങ്ങളും പ്രഭാഷണങ്ങളും, നേതാക്കളും, ആഘോഷങ്ങളും അതിനായി സമർത്ഥമായി ഉപയോഗിക്കപ്പെട്ടു. ദൈവത്തിന്റെയും മതത്തിന്റെയും പേരിലായിരുന്നതിനാൽ എല്ലാം വിശുദ്ധമായിരുന്നു. അശുദ്ധി നിറഞ്ഞു പുഴുത്തു നാറിത്തുടങ്ങി. വെറുപ്പും ശത്രുതയും തീവ്രവും ആഴവുമായ കീർത്തനങ്ങൾ  രൂപപ്പെടുത്തും. 'അവരെ' വെറുക്കുക സംശയിക്കുക ഭയക്കുക എന്നത് ദൈവസ്വരമായി മന്ത്രിക്കപ്പെടും. കാലത്തിനു തിരുത്തുവാൻ കഴിയാത്തവിധം അവർ ശരികളെ സൃഷ്ടിച്ചുകഴിഞ്ഞു. അത് 'അവരെ' അസ്വസ്ഥപ്പെടുത്തുന്ന ശരികളാവണമെന്ന നിർബന്ധം ഓരോരുത്തരെയും സ്വയം ഇരുമ്പു ഗോളങ്ങളിൽ അടക്കുകയാണ്. അതിനുള്ളിൽ സ്വാതന്ത്ര്യം, വിശുദ്ധി, സ്വർഗ്ഗലോകം, മതപാലനം എല്ലാം പൂർണ്ണവുമാണ്. ഈ ദുർഗന്ധത്തെ ചൂണ്ടിക്കാണിക്കുന്ന പ്രവാചകരുണ്ടാവട്ടെ ഓരോ മതത്തിലും. 

ഒക്‌ടോബർ 19, 2025

പ്രാർത്ഥന: ജീവിതശൈലി

നീതിരഹിതനായ ന്യായാധിപന്റെ കഥ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ എത്രയെളുപ്പം വികലമായേക്കാം എന്നതിനെക്കുറിച്ചുള്ള യേശുവിൻ്റെ അത്യധികം ഉൾക്കാഴ്ചയുള്ള ഉപദേശങ്ങളിൽ ഒന്നാണ്. വിധവയുടെ നിരന്തരമായ നിർബന്ധം ഇടവിടാതെ പ്രാർത്ഥിക്കണമെന്നതിനു നമുക്ക് മാതൃകയാണ്. എന്നാൽ ന്യായാധിപനെപ്പോലെ ദൈവത്തെ എളുപ്പത്തിൽ വഴങ്ങാത്ത, നിർബന്ധിതനാക്കപ്പെടേണ്ട ഒരാളായി ചിത്രീകരിക്കുന്നത് ശരിയല്ല. അത് സംഭവിക്കാറുണ്ടായിരുന്നതിനെ വിമർശിക്കുകകൂടിയാണ് ക്രിസ്തു.  "ചോദിച്ചുകൊണ്ടേയിരിക്കുക, മുട്ടിക്കൊണ്ടേയിരിക്കുക, ഒടുവിൽ ദൈവം വഴങ്ങും!" എന്ന രീതിയിൽ ഉപമ കേവലം നിരന്തരമായ പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമായി വ്യാഖ്യാനിക്കപ്പെടുന്നു.

 പ്രാർത്ഥനയിലെ സ്ഥിരോത്സാഹം ആവശ്യമാണെങ്കിലും, കഥയിലെ യേശുവിൻ്റെ ഉദ്ദേശ്യം അതിലും ആഴത്തിലുള്ളതാണ്. യേശു പറയുന്നത് ഇതാണ്: "ദൈവത്തെയോ മനുഷ്യനെയോ ഒട്ടും കാര്യമാക്കാത്ത ഒരു നീതിരഹിതനായ  ന്യായാധിപൻ പോലും നിരന്തരമായ അപേക്ഷകൾക്ക് വഴങ്ങുമെങ്കിൽ, നിങ്ങളുടെ നന്മയ്ക്കായി ആഗ്രഹിക്കുന്ന സ്നേഹവാനായ സ്വർഗ്ഗീയ പിതാവ് നിങ്ങൾക്ക് വേണ്ടി എത്രയധികം കേൾക്കുകയും പ്രവർത്തിക്കുകയും ചെയ്യും!"

ഫരിസേയ സമ്പ്രദായം, അതിൻ്റെ ഭക്തിപരമായ എല്ലാ കാര്യങ്ങളോടും കൂടി, ദൈവത്തെ പലപ്പോഴും ദൂരെയുള്ള ഒരു നിയമപരമായ ന്യായാധിപനായിട്ടാണ് നിലനിർത്തിയത്. അവൻ പുണ്യങ്ങളും പാപങ്ങളും സൂക്ഷ്മമായി തൂക്കിനോക്കുകയും, അനന്തമായ ആചാരങ്ങളും സങ്കീർണ്ണമായ നിയമങ്ങളോടുള്ള തികഞ്ഞ അനുസരണയും ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയുള്ള ഒരു സമ്പ്രദായത്തിൽ, പ്രാർത്ഥന ഒരു ഹൃദയബന്ധം എന്നതിലുപരി, ഒരാളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള ഇടപാടും, ദൈവാനുഗ്രഹം നേടുന്നതിനുള്ള ഒരു മാർഗ്ഗവുമായി മാറി. ഇത് ആളുകളിൽ വലിയ ആത്മീയ ഭാരവും, ഉത്കണ്ഠയും, കുറ്റബോധവും, തീർക്കാനാവാത്ത അയോഗ്യതയും എന്ന നിരന്തരമായ ഭയവും സൃഷ്ടിച്ചു.

ദൈവം നമുക്കായൊരുക്കിയിരിക്കുന്ന ഭവനത്തെ ക്രിസ്തു നമുക്ക് തന്നു. "ഞാനാകുന്നു വാതിൽ" എന്ന് യേശു പറഞ്ഞു. വീട്ടിൽ സംഭാഷണത്തിലേർപ്പെടാൻ നമ്മെ പരിചയപ്പെടുത്തുകയും ചെയ്തുപ്രാർത്ഥന വീട്ടിലെ ഒരു സംഭാഷണമാണ്. സ്നേഹമുള്ള ഒരു ഭവനാന്തരീക്ഷത്തിലല്ലാതെ മറ്റെവിടെയാണ് നമുക്ക് യഥാർത്ഥ നീതി കണ്ടെത്താൻ കഴിയുക? നമ്മൾ പറയുന്നതിനേക്കാളും ചെയ്യുന്നതിനേക്കാളും ഉപരിയായി, യഥാർത്ഥ പ്രാർത്ഥന ഒരു മനോഭാവവും വളർച്ചയുമാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, പ്രാർത്ഥന ദൈവത്തിൻ്റെ നീതിക്ക് വേണ്ടിയുള്ള ഒരു തുറവിയാണ്. നാം ദൈവത്തിൻ്റെ പ്രവർത്തിയെ തേടുമ്പോൾ, വ്യക്തിപരമായ ആവശ്യങ്ങൾക്കോ ആത്മീയ വളർച്ചയ്ക്കോ വേണ്ടി അപേക്ഷിക്കുമ്പോൾ, അത് ശൂന്യത നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ നീതിയുള്ള ക്രമം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനമാണ്.

യേശു നമ്മെ പഠിപ്പിച്ച പ്രാർത്ഥന ദൈവത്തിൻ്റെ നീതിയുള്ള ഭരണത്തെക്കുറിച്ചാണ്. "നിൻ്റെ രാജ്യം വരണമേ, നിൻ്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ," എന്നത് ഒരു അപേക്ഷ മാത്രമല്ല, നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിനുള്ള ഒരു തുറവിയാണ്. നീതിയും, തുല്യതയും, സത്യസന്ധതയുമുള്ള ഒരു ജീവിതക്രമത്തിനായുള്ള ആത്യന്തികമായ അപേക്ഷയാണിത്. അതുപോലെ, "അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് തരേണമേ" എന്നത് സാമ്പത്തിക നീതിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ആഗ്രഹവും, അതിനുവേണ്ടി പ്രവർത്തിക്കാനുള്ള മനസ്സും കാണിക്കുന്നു. "ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് കടപ്പെട്ടവരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ കടങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ" എന്നത് സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കാനുള്ള ആഗ്രഹവും, ക്ഷമിക്കാനും അനുരഞ്ജനപ്പെടാനുമുള്ള സന്നദ്ധതയും തേടുന്നു.

 പ്രാർത്ഥനയിൽ ദൈവഹിതം തേടുന്നത് സത്യത്തിലും നീതിയിലും വിശ്വാസത്തിലുമുള്ള വളർച്ചയിലൂടെയാണ് നമ്മെ നയിക്കുന്നത്. അത് യഥാർത്ഥ കൂട്ടായ്മയ്ക്ക് അത്യന്താപേക്ഷിതമായ ഒരന്തരീക്ഷമാണ്.  പ്രാർത്ഥന, ഒരു മറയുമില്ലാതെ ഒരാളുടെ സാഹചര്യങ്ങളെയും ആവശ്യങ്ങളെയും കുറവുകളെയും ആത്മാർത്ഥമായ ഉദ്ദേശങ്ങളെയും അംഗീകരിക്കുന്നു. ഭക്തിയുടെയോ, മതപരമായ ചിട്ടകളുടെയോ, സാമൂഹ്യപ്രവർത്തനങ്ങളുടെയോ പേരിൽ ഒളികേന്ദ്രങ്ങൾ തേടുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണത്.

പ്രാർത്ഥന നമ്മെ നമ്മളുമായി മുഖാമുഖം വരാൻ വെല്ലുവിളിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സത്യം നമുക്ക് മുമ്പിലായിരിക്കുമ്പോൾ, പ്രാർത്ഥനയിൽ നമുക്ക് ആത്മവിശ്വാസം നൽകുന്നത് ദൈവം നീതിമാനാണ് എന്ന നമ്മുടെ വിശ്വാസമാണ്. അവൻ നമ്മുടെ ആത്മാർത്ഥമായ അപേക്ഷകളോട് അവൻ്റെ തികഞ്ഞ ഇഷ്ടത്തിനനുസരിച്ച് പ്രതികരിക്കും.

അതിനാൽ, പ്രാർത്ഥന ഒരു വ്യക്തിപരമായ അപേക്ഷ മാത്രമല്ല, നമ്മുടെ ഇഷ്ടത്തെ ദൈവത്തിൻ്റെ നീതിയോട് ചേർത്തുനിർത്തുന്നതാണ്. പ്രാർത്ഥന ഒരിക്കലും ഒരു മതപരമായ പ്രവർത്തിയല്ല, അതൊരു ജീവിതശൈലിയാണ്.

ദൈവത്തെ സമീപിക്കാനുള്ള ഏറ്റവും നല്ല വഴി, കഠിനമായി യാചിക്കുകയും, അപേക്ഷിക്കുകയും, നിസ്സഹായത സഹിക്കുകയും ചെയ്യുകയാണെന്ന് എത്ര തവണ പല വിധത്തിൽ നമ്മൾ കേൾക്കുന്നു! ക്രിസ്തുവിൽ നമ്മെ വസിക്കാൻ ഒരുക്കിയ സ്നേഹവാനായ പിതാവായി നാം അവനെ സ്വീകരിക്കുമ്പോൾ, പ്രാർത്ഥനയുടെ മുഴുവൻ സ്വഭാവവും രൂപാന്തരപ്പെടുന്നു. പ്രാർത്ഥന വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിലെ ആത്മാർത്ഥമായ സംഭാഷണമായി മാറുന്നു.

നമ്മുടെ യഥാർത്ഥ സ്വത്വത്തെനമ്മുടെ ആവശ്യങ്ങൾ, നമ്മുടെ കുറവുകൾ, നമ്മുടെ ആഴമായ ഉദ്ദേശ്യങ്ങൾഭക്തിയുടെയോ പ്രവർത്തനത്തിൻ്റെയോ ഭാവങ്ങൾ ഇല്ലാതെ തുറന്നുകാട്ടുന്ന സമൂലമായ ഒരു ആശ്രയബോധമാണ്.

പ്രാർത്ഥിക്കുക എന്നാൽ നമ്മുടെ കാര്യങ്ങൾ ന്യായീകരിക്കേണ്ടിവരുന്ന, ദൈവത്തിൻ്റെ നിയമപരമായ  വിധിന്യായത്തെ ഭയപ്പെടുന്ന, സ്വയം-നീതിയുടെ ഒറ്റപ്പെട്ട കോടതിയിൽ സ്വന്തം യോഗ്യതകൾ ന്യായീകരിക്കേണ്ടിവരുന്ന പ്രക്രിയയല്ല.

പ്രാർത്ഥന "നിൻ്റെ രാജ്യം വരണമേ, നിൻ്റെ ഇഷ്ടം പൂർത്തിയാകണമേ" എന്ന ക്രിസ്തുവിൻ്റെ ആഗ്രഹത്തെ പൂർണ്ണമായി സ്വീകരിക്കുകയെന്നാണ്. നമ്മുടെ ഉത്കണ്ഠാകുലമായ, സ്വാർത്ഥപരമായ ഇഷ്ടത്തെ അവൻ്റെ സൗമ്യവും നീതിയും ജീവൻ നൽകുന്നതുമായ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്ന ദൈവത്തിൻ്റെ നീതിയിലുള്ള ഒരു തുറവിയാണിത്. 

🎬

സാമുദായിക വാദങ്ങൾ

കേരളത്തിലെ വാർത്തകളും വിവാദങ്ങളും അടുത്ത് കാണാൻ ആവശ്യമായത് അവ ഏത് കൂട്ടത്തിന്/പാർട്ടിക്ക് ലാഭമുണ്ടാക്കുന്നു എന്നതാണ്. അറിഞ്ഞോ അറിയാതെയോ തലവെച്ചുകൊടുക്കുന്ന ഓരോ സങ്കുചിത സമവാക്യവും നമ്മുടെ സാമൂഹിക പരിസ്ഥിതിയെ പുനർനിർവചിക്കുന്നയാവുകയാണ് ഈ കാലത്ത്. മാനുഷിക അവകാശങ്ങൾ, മതപരമായ അവകാശങ്ങൾ, സാമുദായിക അവകാശങ്ങൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവ കൂട്ടിക്കുഴക്കാനാവും വിധം നിർവചിക്കപ്പെടാതെ നിൽക്കുന്നവയാണോ? ആണെങ്കിൽ അവ പരിഹരിക്കപ്പെടണം.

സാമുദായിക വാദങ്ങൾ സാമൂഹികജീവിത സാധ്യതകളെ തടസ്സപ്പെടുത്തുന്നു എന്നത് സാമുദായികമായ അപക്വതകളാണ് സൂചിപ്പിക്കുന്നത്. വിശ്വാസങ്ങളും, മതവും, രാഷ്ട്രീയചിന്തകളും സമൂഹത്തിൻ്റെ വളർച്ചക്കായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നതിന് പകരം വിഭാഗീയമാവും വിധം ഉപയോഗിക്കപ്പെടുമ്പോൾ അവ സ്വയം നഷ്ടപ്പെടുകയാണ്. ഹ്രസ്വമായ ലാഭങ്ങൾക്കപ്പുറം , സമൂഹത്തിന് ആവശ്യമായിരുന്ന ഉൾക്കരുത്ത് പകരാൻ പരാജയപ്പെടുന്ന മതങ്ങളും രാഷ്ട്രീയചിന്തകളും സ്വയം പുനർനിർവചിക്കാൻ കഴിയേണ്ടതാണ്. വ്യത്യസ്തതകളെ ദൃഡീകരിക്കുന്ന സമുദായ സങ്കുചിതത്വങ്ങൾ ശിലാകവചങ്ങൾ തീർത്തു സ്വയം നശിക്കുകയാണ്. നിലനിൽപ്പിനായുള്ള അധികാരമത്സരങ്ങളെ വിശ്വാസത്തിൻ്റെയും സമ്പ്രദായങ്ങളുടെയും രാഷ്ട്രീയധാർമികതയുടേയും വിശുദ്ധവസ്ത്രങ്ങൾ അണിയിക്കാൻ എളുപ്പമാണ്.

സാമുദായികമായി നിൽക്കുമ്പോഴും എന്തുകൊണ്ടാണ് സമൂഹമായി ചിന്തിക്കാനും സംസാരിക്കാനും നമുക്ക് കഴിയാത്തത്?കോവിഡും പേവിഷബാധയും പോലെ എല്ലാവരും കരുതിയിരിക്കേണ്ട ഒരു സമയമാണിത്. സാമൂഹിക സാംസ്‌കാരിക എഞ്ചിനീറിങ് നടത്തുന്ന പൈശാചിക സത്വങ്ങൾ സകലതും മലിനപ്പെടുത്തുകയാണ്. രാഷ്ട്രീയപാർട്ടികളാവട്ടെ, മതങ്ങളാവട്ടെ, 'അവർക്കു' നോവുന്ന പോലെ നയങ്ങൾ രൂപപ്പെടുത്തിയെങ്കിലേ അവിടെ പ്രകോപിതരാവുന്നവരിൽ സാമൂഹിക മേൽക്കോയ്മ ഏല്പിക്കാൻ കഴിയൂ. ഒരു ബോഡ് വെയ്ക്കുന്നതും, വസ്ത്രം ധരിക്കുന്നതും, ഭക്ഷണശീലയുമെല്ലാം ഇതിൽ ഘടകങ്ങളാണ്. എളുപ്പം ഭയക്കുകയും വേദനിക്കുകയും ചെയ്യുന്ന ഏങ്ങലുകളും, ഞങ്ങളുടേതായ ചട്ടവട്ടങ്ങൾ എന്നും എവിടെയും വെള്ളവും വായുവും പോലെ ദൈവനിശിതങ്ങളാണ് എന്ന കടുംപിടുത്തങ്ങളും അധികാരത്തിനായുള്ള  സാമൂഹിക അധീശത്വങ്ങൾക്കായുള്ള മുറവിളികളാണ്. അകൽച്ചകൾക്കായുള്ള സാധൂകരണത്തിനായി ദൈവത്തെയും ദൈവത്തിന്റേതായി കല്പിക്കപ്പെട്ട സമ്പ്രദായങ്ങളെയും ഉയർത്തിക്കാണിക്കുന്നത് ദൈവദൂഷണമാണ്. സത്തയില്ലാതെ വിലപേശപ്പെടുന്ന മാനവിക/ജനാധിപത്യ/ മതേതര  മൂല്യങ്ങളും  അതിൽത്തന്നെ മൃതമാണ്. 

ഒക്‌ടോബർ 05, 2025

വ്യാകുല മാതാവിന്റെ ഭക്തി

മാതാവിന്റെ ഏഴു ദുഃഖങ്ങളെക്കുറിച്ചാണ് വ്യാകുല മാതാവിന്റെ ഭക്തിയനുസരിച്ച് ധ്യാനിക്കുന്നത്. മനുഷ്യരുടെ എക്കാലത്തെയും യാതനകൾ ക്രിസ്തുവിന്റെ മുറിവുകളാണെങ്കിൽ മാതാവിന്റെ ദുഖങ്ങളും പരിഹരിക്കപ്പെടാത്തതും ആശ്വസിപ്പിക്കപ്പെടാത്തതുമാകും. റാമായിൽ ബാബിലോണിന്റെ ക്രൂരതയിൽ തന്റെ മക്കളെക്കുറിച്ചു വിലപിക്കുന്ന റാഹേലും,  യേശു രക്ഷപ്പെട്ടെങ്കിലും ഹേറോദേസിന്റെ ക്രൂരതയിൽ അന്ന് കൊല്ലപ്പെട്ട ശിശുക്കളും മറിയത്തിന്റെ വേദനകളായിരുന്നില്ലേ?  മറിയത്തിന്റെ വേദനകളെ മനസ്സിലാക്കാനും വണങ്ങാനും മറിയത്തെ നമ്മുടെ അമ്മയായി സ്വീകരിക്കാനും അമ്മയിൽ നിന്നുള്ള വാക്കുകളെന്ന വണ്ണം കേൾക്കാനും തയ്യാറാവുക എന്നതാണ് ആവശ്യമായുള്ളത്.  ഇതാ നിന്റെ അമ്മ എന്നത് ദൈവശാസ്ത്രചർച്ചകൾക്കപ്പുറം ഈ കേൾവിയാണ്. വണക്കമാണ് എന്ന് പറയുമെങ്കിലും എന്തും ചെയ്യാൻ കഴിയുന്ന യുദ്ധം നയിക്കുന്ന വിജയിയായ സർവ്വശക്തയായ ഒരു ദൈവികഭാവം നമ്മുടെ ഭക്തികൾ പല കാലങ്ങളിലും മാതാവിന് നൽകിയിട്ടുണ്ട്. എഴ്വ്യാകുലങ്ങളെക്കുറിച്ചു പോലും അവയിൽനിന്ന് എന്ത് നമുക്ക് കിട്ടാനാകും എന്നാണ് ഘോഷിക്കപ്പെടുന്നത്.  അനിശ്ചിതത്വത്തിന്റെയും, വേര്പാടിന്റെയും മർദ്ദനത്തിന്റെയും കൊലയുടെയും അനുഭവമാണ് നേർക്കാഴ്ചകളായും ആ വ്യാകുലതകൾ മാതാവിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. മാതാവിനെ കേൾക്കാൻ ശ്രമിക്കാം, അന്ന് യേശുവിന്റെ സമയത്ത് സഹിച്ചതും, ഇന്ന് നമ്മുടെ സമയത്ത് അറിയുന്ന വേദനകളും ... ലോകത്തിന്റെ വ്യാകുലതകളെ കാണാതെ ഭക്തിയുടെ ആവരണങ്ങളിൽ മറയ്ക്കാനും  കുരിശിലേയോ മാതാവിന്റെയോ വേദനകളെക്കുറിച്ച് സ്വയം അപലപിക്കാനോ ലോകത്തെ കുറ്റം വിധിക്കാനും ശ്രമിക്കുന്ന ആത്മീയ ശൈലികളാണ് നമുക്ക് പരിചിതവും ആശ്വാസ്യവും. മാതാവിന്റെ കണ്ണുനീരിലും സുഗന്ധത്തിലും തൈലത്തിലും പ്രത്യക്ഷീകരണത്തിലും നമ്മൾ അത്ഭുതങ്ങൾ കാണാറുണ്ട്. അവയിലെ ആശ്വാസത്തെ സ്വീകരിക്കാനോ, വേദനകളെ കണ്ടറിഞ്ഞു സാന്ത്വനിപ്പിക്കാനോ നമ്മുടെ ഭക്തികൾ നമ്മുടെ ഹൃദയങ്ങളെ ഒരുക്കിയിട്ടുണ്ടോ? മാതാവിന്റെ രൂപത്തിന് ചുറ്റുമുള്ള ഭക്തികാര്യങ്ങൾ അമ്മക്കോ മക്കൾക്കോ സാന്ത്വനമാകുന്നില്ല. ഓർമ്മിക്കപ്പെടാനുള്ള ചരിത്രനിമിഷങ്ങളായി അവസാനിക്കുന്നവയല്ല മറിയത്തിന്റെ വ്യാകുലതകൾ, അവ ആവർത്തിക്കപ്പെടുന്നവയാണ്.  തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുന്ന അമ്മമാരുണ്ട്, വിശന്നു കരയുന്ന കുഞ്ഞുങ്ങളുണ്ട്, തീർത്തും അപരിചിതമായ ഒരു ലോകത്തേക്ക് ചിതറിക്കപ്പെടുന്ന കുഞ്ഞുങ്ങളുണ്ട്,  യുദ്ധവും സംഘർഷങ്ങളും പലായനവും നിർബന്ധിത കുടിയൊഴിപ്പിക്കലും ഇനിയൊരിക്കലും കണ്ടുമുട്ടാത്ത വിധം തകർത്തുകളയുന്ന കുടുംബങ്ങൾ, ആ വ്യാകുലതകൾ നമ്മുടേതാവുന്നുണ്ടോ, സഭയെന്ന നിലയിൽ അത് നമ്മൾ അറിയുന്നുണ്ടോ? അതോ കപട മതരാഷ്ട്രീയത്തിന്റെ കാസ നുകർന്ന് അവയെ പവിത്രീകരിക്കുകയാണോ? അമ്മയെ ആശ്വസിപ്പിക്കുകയെന്നാൽ മക്കൾക്ക് വേണ്ടി കരുതലുണ്ടാവുക എന്നാണ്.  നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുമ്പോൾ, ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോൾ മാതാവിന്റെ വ്യാകുലതകളെ ആശ്വസിപ്പിക്കുകയാണ്. പ്രത്യക്ഷീകരണങ്ങൾക്കും അടയാളങ്ങൾക്കും ഉപരിയായി കൺമുമ്പിലുള്ള കണ്ണീരണിഞ്ഞ മുഖങ്ങളെ കാണാനാണു വ്യാകുല മാതാവിന്റെ ക്ഷണം. ജീവനുള്ള വിശ്വാസം അറിയാൻ നമുക്ക് കഴിയും, ജീവിക്കുന്ന ദൈവത്തെയും. 

🎬

വിശ്വാസവഴിയേ

വിശ്വാസം എന്നത് ദൈവത്തോടൊപ്പമുള്ള ഒരു ജീവിതം നയിക്കാൻ എങ്ങനെ സാധിക്കുന്നു, നമ്മുടെ ദൈനംദിന യാഥാർത്ഥ്യങ്ങളിൽ ദൈവത്തിൻ്റെ ജീവൻ അനുഭവവേദ്യമാക്കാൻ എങ്ങനെ ശ്രമിക്കുന്നു എന്നിവയെക്കുറിച്ചാണ്. ദൈവത്തിൻ്റെ നന്മയിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് ദൈവത്തിൻ്റെ വഴികളെക്കുറിച്ച് ആഴമായി അറിയാൻ ശ്രമിക്കുന്നതും ആ പാതയിൽ നടക്കാൻ ആത്മാർത്ഥമായ പ്രയത്നങ്ങൾ നടത്തുന്നതും,  ആ പാതയിൽ നടക്കാൻ തയ്യാറാകുന്നതും വിശ്വാസത്തിന്റെ വളർച്ചയാണ്.


ദൈവം നമ്മുടെ ജീവിതത്തിൽ സത്യമായും ഉണ്ട് എന്ന് യഥാർത്ഥത്തിൽ അനുഭവിക്കാൻ കഴിയുമ്പോൾ വിശ്വാസം ആഴപ്പെടുന്നു. പലപ്പോഴും നമ്മുടെ വിശ്വാസം അഗ്രാഹ്യമായ ഏതാനം ചിന്തകളായി മാത്രം നിലനിൽക്കുന്നു. നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമായി ദൈവത്തിലേക്ക് ഉയർത്താൻ കഴിയേണ്ടത് പ്രധാനമാണ്. അതിനായി തികച്ചും മാനുഷികവും ഭൗമികവുമായ തലങ്ങളിൽ കൃപയുടെ സാന്നിധ്യത്തെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. നമ്മുടെ സന്തോഷങ്ങളോ, ദുഃഖങ്ങളോ, അഴുക്കുകളോ സൗന്ദര്യമോ, വൈരൂപ്യമോ എന്തുമാകട്ടെ, വിശ്വാസത്തിൻ്റെ പാതയിൽ വ്യക്തിപരമായ സ്പർശം പ്രധാനമാണ്, കാരണം നമ്മുടെ വേരുകൾ കൃപയുടെ സ്പർശം അറിയണം. നമ്മിലെ തീവ്രമായ വികാരങ്ങളും അവയിലെല്ലാം നമ്മൾ ദൈവത്തിൽ നിന്ന് ആഗ്രഹിക്കുന്നതൊക്കെയും,  നമ്മുടെ വികാരങ്ങളിലും ശരീരത്തിലേക്കും സ്വീകരിച്ച് , അത് ആഴത്തിൽ അനുഭവിക്കാൻ തയ്യാറായാൽ, നമ്മുടെ അഭിലാഷങ്ങൾക്ക് കൃപയുടെ സ്പർശം കണ്ടെത്താൻ കഴിയും. 


കൃപയുടെ ജീവിതം ഒരാളുടെ സ്വകാര്യമായ കാര്യമല്ല. ക്രിസ്തുവിൻ്റെ ശരീരത്തിൽ ആയിരിന്നുകൊണ്ടാണ്  നാം വിശ്വാസം അറിയുന്നതും അതിൽ വളരുന്നതും. ഈ ശരീരം നമ്മുടെ കുടുംബമോ, സമൂഹമോ, സൗഹൃദവലയമോ, ക്ലാസ് റൂമോ, ഒരു സ്ഥാപനമോ, ഒരു ഭരണസമിതിയോ അല്ലെങ്കിൽ മുഴുവൻ മനുഷ്യകുലമോ, അല്ലെങ്കിൽ മുഴുവൻ സൃഷ്ടി പോലുമോ ആകാം. ഒരു ശരീരമായിരുന്നു കൊണ്ട് നാം വിശ്വാസത്തിൽ വളരുകയും, പരസ്പരം സഹായിക്കുകയും, പൂർത്തീകരിക്കുകയും ചെയ്യുന്നു.


വിശ്വാസം എന്നത് അനുഗ്രഹങ്ങളുടെയും ദിവ്യാനുഭവങ്ങളുടെയും ഒരു മാന്ത്രിക ലോകത്തേക്ക് നമ്മെ നയിക്കുന്ന ഒരു വൈകാരിക പ്രക്ഷുബ്ദതയല്ല. കൃപയിൽ നിന്ന് ലഭിക്കുന്ന ശക്തിയിൽ ജീവിക്കുന്ന ഒരു ജീവിതമാണത്. സ്വർഗ്ഗീയ മണ്ഡലങ്ങളുടെ അപരിമേയതയിൽ  ജീവിക്കാൻ യേശു നമ്മളോട് ആവശ്യപ്പെടുന്നില്ല. യഥാർത്ഥ വിശ്വാസം നമ്മൾ നടക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന നിലത്തുതന്നെ ക്രിസ്തുവിനോടൊപ്പം നടക്കാൻ വേണ്ട ബലം തരുന്നു. വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ ക്രിസ്തുവിനൊപ്പം നടന്ന്  വിശ്വാസത്തിൽ പക്വത പ്രാപിക്കുവാൻ നമുക്ക് കഴിയുന്നു. ക്രിസ്തുവിൻ്റെ സാമീപ്യവും, ശക്തിയും, ആശ്വാസവും നാം കണ്ടെത്തുന്നു. ക്രിസ്തു നമ്മുടെ ജീവിതത്തെ വ്യാഖ്യാനിക്കുകയും നമ്മെ നയിക്കുകയും ചെയ്യുന്നു.


വിശ്വാസം ഒരു നിർവചനമോ പ്രത്യയശാസ്ത്രമോ അല്ല. ഈ ദിവസങ്ങളിൽ പലപ്പോഴും നാം ഇത്തരം  പ്രത്യയശാസ്ത്രങ്ങളാൽ തെറ്റിദ്ധരിക്കപ്പെടുന്നു. വിശ്വാസത്തിൻ്റെയും ക്രിസ്തീയ ഐക്യത്തിന്റെയുമൊക്കെ തീവ്രവികാരങ്ങളെ ഉപയോഗിച്ച് മനുഷ്യത്വരഹിതവും, അക്രൈസ്തവവും, ഭിന്നിപ്പുണ്ടാക്കുന്നതുമായ മനോഭാവങ്ങളെ അവ പ്രോത്സാഹിപ്പിക്കുന്നു. ചുട്ടെരിയപ്പെടുന്ന, കൈകാലുകൾ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കണ്ടുകൊണ്ട് അവർ ചത്തൊടുങ്ങുന്നത് ദൈവമഹത്വമാണെന്നു വിശ്വാസവ്യാഖ്യാനം നടത്താൻ കഴിയും വിധം ക്രിസ്‌തുശൂന്യതയിലേക്കു വിശ്വാസം അധഃപതിച്ചിട്ടുണ്ട്. വെറുപ്പുനിറഞ്ഞ അത്തരം രാഷ്ട്രീയസമവാക്യങ്ങളിലോ അവയെ ദൃഢപ്പെടുത്തുന്ന പ്രത്യയശാസ്ത്രങ്ങളിലോ വിശ്വാസാനുഭവം നേടാൻ നമുക്ക് കഴിയില്ല; ക്രിസ്തുവിൽ വളരാനും സാധ്യമല്ല. നമ്മൾ തിരഞ്ഞെടുക്കുന്നത് ക്രിസ്തുവിനെയോ അതോ രാഷ്ട്രീയം കലർന്ന മതവീക്ഷണങ്ങളെയോ എന്നത് യഥാർത്ഥത്തിൽ വിശ്വാസത്തിൻ്റെ ഒരു പരീക്ഷണമാണ്. അതിനാൽ, നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കാനുള്ള അപേക്ഷയോടൊപ്പം, ക്രിസ്തുവിലുള്ള യഥാർത്ഥ വിശ്വാസം മനസ്സിലാക്കാനുള്ള കൃപയ്ക്കായും ആ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള കൃപയ്ക്കായും നാം അപേക്ഷിക്കേണ്ടതുണ്ട്. 

🎬

സെപ്റ്റംബർ 30, 2025

ജീവിതചിത്രം

നമ്മുടെയോരോരുത്തരുടേയും ഉള്ളിൽ ജീവിതത്തിന്റേതായ ഒരു ചിത്രം നമ്മൾ വരച്ചുചേർക്കുന്നുണ്ട്. ഓർമ്മകളിൽ ചിലവ മങ്ങിയും ചിലവ തീർത്തും തെളിഞ്ഞും തീർത്തെടുത്ത ഒരു ചിത്രം. ആ ചിത്രത്തിലേക്ക് തീക്ഷ്ണമായ നിറങ്ങളും കറുപ്പും ഇരുട്ടുതന്നെയും നമ്മുടെ ചില വിധിവാചകങ്ങളിലൂടെ കൂട്ടിച്ചേര്ക്കുകയാണ് ഓരോ ദിവസവും. ഞാൻ എത്രയോ ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു, വളരെ കർക്കശമായി പരുഷമായി, ജീവിതം തുലച്ചു കളഞ്ഞിരിക്കുന്നു, സമൂഹം തീർത്തും അന്യമായി നില്കുന്നു, ഒരാളോട് പോലും നന്നായി ഇടപെടാൻ കഴിയുന്നില്ല ... നമ്മുടെ ചിത്രത്തിൽ വരച്ചു ചേർത്തിട്ടുള്ള കറുപ്പ് വരകൾ പലതാണ്.

ഈ ഇരുളിലും ദൈവം ഈ ചിത്രം കാണുന്നുണ്ടോ? ഓരോ വരകളുടെയും അർത്ഥവും വിങ്ങലുകളും ദൈവത്തിനറിയാമോ? സന്ധ്യയായി ഉഷസ്സായി, അത് നല്ലതാണെന്ന് ദൈവം കണ്ടു. ദൈവത്തിൻ്റെ ദിനക്രമത്തിന്റെ രീതി അതായിരുന്നു. നമ്മുടെ എല്ലാ കഥകളും, ചിത്രങ്ങളും ദൈവത്തിൻ്റെ ചരിത്രത്തോട് ചേർന്നതാണ്. ദൈവം തന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു ഈ ചിത്രങ്ങൾ ചിലതു വേദനയോടെതന്നെയാണ്. കാരണം അനേകരെ തകർത്തെറിഞ്ഞ കഥകളും അവയ്ക്കിടയിലുണ്ട്. ജീവൻ തേടുന്ന ഇഴകളിലേക്ക്, ജീവിതത്തിൻ്റെ വേരുകളിലേക്ക് ആഴത്തിലുള്ള കൃപ, ഇറങ്ങിവരുന്നത് കാണുക. കയ്പേറിയ വേദനകളെയും കണ്ണുനീരിനെയും ആശ്വസിപ്പിക്കുന്നതും ആശ്വാസം നൽകുന്നതുമായ കൃപ സ്പർശിക്കുന്നത് അനുഭവിക്കുക. നമ്മളുടെതന്നെ ഹൃദയത്തിൽ നിന്ന് നമ്മളുടെ വേദനകളിലേക്ക് ഒഴുകുന്ന ഒരു കരുണ അവിടെ മുളപൊട്ടും. ഹൃദ്യമായ ആ ആലിംഗനത്തിൻ്റെ രഹസ്യം ഈ സന്ധ്യ നമ്മുടെ നിഴലുകൾക്ക് നൽകട്ടെ. കൃപ അവയെ സമാധാനത്തിലേക്ക് ലയിപ്പിച്ചു ചേർക്കുന്നു. ജീവിതത്തെ ഒരു അഭിഷേകമുള്ള ഒരു പ്രത്യേക കൃപയാക്കി മാറ്റുന്നു.

സൗഖ്യം

 നമ്മുടെ ആന്തരിക അവസ്ഥകളിലേക്കു നമ്മെ കൂടുതൽ അടുത്തു കൊണ്ടുവരികയെന്നത്  സന്ധ്യാസമയത്തിന്റെ ഒരു പ്രത്യേകതയാണ്. നേട്ടങ്ങളുടെ നിർവൃതി ഒരു ആഘോഷാവസരം കൊണ്ടുവരാം. ചിന്തകളും കൂടുതൽ ആലോചനകളും വന്നേക്കാം. ഇരുളിലേക്ക് മയങ്ങുമ്പോൾ വേദനകളും സ്വകാര്യമായ ആന്തരികസംഘർഷങ്ങളും കൂടുതൽ തീവ്രമായേക്കാം. മറച്ചുവെച്ചിട്ടുള്ള ലജ്ജയും നിശബ്ദമായ പൊരുതലുകളും ... ആശങ്കകളും നിരാശകളും ഭയങ്ങളും ഏകാന്തതയും ചിലപ്പോൾ ഈ രാത്രി വർദ്ധിപ്പിക്കുന്നു.  കൈകളെയെടുത്തു ചേർത്തുപിടിക്കാൻ, ആശ്വസിപ്പിക്കുന്ന ഒരു സാന്നിധ്യം അടുത്തുണ്ടാകാൻ സുഖപ്പെടാൻ, പുതിയ ഒരു ബലം പ്രാപിക്കാൻ എത്രയോ തീവ്രമായി ആഗ്രഹിക്കുന്നു.  സമയം കടന്നുപോകാതെ തീരെ പതിയെയാവുന്നു. രാത്രിയുടെ നിശ്ചലത ഒരുപക്ഷേ നമ്മുടെ ആഴങ്ങളിലേക്ക് നയിച്ചേക്കാം. അസ്വാസ്ഥ്യതകളെ ഈ ഇരുളിൽ അടുത്ത് കാണാൻ ശ്രമിക്കാമോ അവയോടു സംസാരിക്കാമോ? എന്തിനെക്കുറിച്ചാണ് ഭയം, എന്തിനെക്കുറിച്ചാണ് നിരാശ? ആശ്വാസവും ശക്തിയും നല്കാൻ നമ്മുടെതന്നെ ഹൃദയത്തെ ബലപ്പെടുത്താം.

മരുന്നുകളും വിശ്രമവും മാത്രം ഉൾപ്പെടുന്നതല്ല സൗഖ്യം; വേദനയുടെയും സഹനത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നു പോകുവാനുള്ള ആന്തരികസമാധാനം കൂടിയാണത്. രോഗാതുരമായ നമ്മുടെ മനസും ശരീരവും ദൈവകൃപയുടെ ആഴങ്ങളിലേക്ക് നൽകുവാൻ ദൈവത്തിന്റെ സഹായം തേടാം.  വേദനയുടെ സമയത്ത്, നമ്മെ ചേർത്ത് പിടിക്കുന്ന ആ സ്നേഹത്തെ ആശ്രയിക്കാം, വിശ്വസിക്കാം. സ്വയം ശിക്ഷവിധിച്ച് സഹിക്കുന്നവരുണ്ട്. നമ്മോടുതന്നെയും ലോകത്തോടും ക്ഷമിക്കാനുള്ള ധൈര്യം തേടാൻ ശ്രമിക്കം. ചുറ്റും ഇരുളാണെങ്കിൽക്കൂടി ആ ഇരുട്ടിലൂടെ മുന്നോട്ടു നടക്കാനുള്ള പ്രത്യാശ സൂക്ഷിക്കാം. കടന്നുപോയ വേദനകളോടും തകർച്ചകളോടും അസുഖങ്ങളോടും തന്നെ ഒരുപക്ഷെ നമ്മൾ നമ്മെത്തന്നെ ബന്ധിച്ചിട്ടിട്ടുണ്ടാവാം. സുഖപ്പെടാനായി നമ്മെത്തന്നെ അനുവദിക്കുകയെന്നതും പ്രധാനമാണ്. ഞെരുക്കുന്ന  ഏകാന്തതയിലും വേദനകളിലും ഏറ്റവും തികഞ്ഞതും പരിപൂർണ്ണവുമായ സമർപ്പണവും ഭക്തിയും കൃപ നമ്മിൽനിന്ന് ആവശ്യപ്പെടുന്നില്ല.  നമ്മുടെമേൽ വരുന്ന സ്നേഹത്തിട്നെ ഊഷ്മളതയെ അനുവദിച്ചു നല്കുക. വേദനകളെ സ്വീകരിക്കാനും അവയിലൂടെ നടക്കാനും സുഖപ്പെടാനും ഈ സ്നേഹം പതിയെ നമ്മെ സ്വാതന്ത്രരാക്കും. മരണത്തെ മുഖാമുഖം കാണുമ്പോഴും വേദനകൾ തീവ്രമാകുമ്പോഴും പരിശുദ്ധമായ തീർത്ഥസ്ഥാനങ്ങളായി അവ മാറ്റപ്പെടാം. സ്വയം ശൂന്യമായി ജീവൻ പകരുന്ന വിസ്താരതയിലേക്കു നമ്മെ നൽകുന്ന ആഴത്തിനായുള്ള ശക്തിയും ധൈര്യവും നേടാം. ഇത് ഏതോ വിദൂരതയിലെ സ്വപ്നമായല്ല, നമ്മുടെ ഇരുട്ടിലൂടെ നമ്മോടൊപ്പം നടക്കുന്ന, നമ്മുടെ ഹൃദയത്തിൽ സമാധാനം നിറക്കുന്ന ഒരു ആശ്വാസസാന്നിധ്യമായി.

സെപ്റ്റംബർ 22, 2025

ക്രിസ്തുവിന്റെ വെളിച്ചം

വെളിച്ചം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ് എന്നും നമ്മുടെ ജീവിതത്തിന്റെ പ്രകാശമാണെന്നും തിരിച്ചറിയുന്ന മനുഷ്യൻ ആ വെളിച്ചം തെളിയിക്കുന്നതെങ്ങിനെയാണ്? തീർച്ചയായും, ഓരോരുത്തരിലും ആ പ്രകാശത്തിന്റെ നിർവൃതിയായും, അതുപോലെ, ആ പ്രകാശം കാണുന്നവരിലുള്ള തെളിമയായും പ്രകാശിക്കേണ്ടത് ക്രിസ്തു തന്നെയാണ്.

ക്രിസ്തുവിന്റെ പ്രകാശത്തെ നമ്മൾ സങ്കല്പിക്കുന്നതും ആഗ്രഹിക്കുന്നതും എങ്ങനെയാണ്? ക്രിസ്തുവിന്റേതായി ആഘോഷിക്കപ്പെടുന്നവയിൽ സത്യത്തിൽ  ക്രിസ്തുവിന്റെ വെളിച്ചമുണ്ടോ? ആ ക്രിസ്തുസ്വഭാവത്തിന് നമ്മൾ നൽകിയ വളർച്ചയും വികാസവും എത്രമാത്രമാണ്? രണ്ടായിരം വർഷത്തെ ചരിത്രവും പാരമ്പര്യവും കൊണ്ട് ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ക്രിസ്തു നമ്മിലേക്ക്‌ സന്നിവേശിപ്പിച്ച തന്റെ ചൈതന്യത്തിനു ക്രിസ്തു ആഗ്രഹിച്ച വികാസം നൽകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?

ക്രിസ്തുവിന്റെ വെളിച്ചം സ്വന്തമാക്കി എന്ന് അവകാശപ്പെടുന്നവർ പോലും ആ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചത് എന്തുകൊണ്ടാണ്? രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ മേല്കോയ്മകൾ ക്രിസ്തീയ ജീവിതത്തിന്റെ രൂപഘടനയായത് നമ്മുടെ വളർച്ചയെ തടസപ്പെടുത്തിയിട്ടില്ലേ? ഈ ഘടനകൾ നമ്മുടെ ജീവിതശൈലിയുടെയും സമീപനങ്ങളുടെയും സംവിധാനങ്ങളുടെയും ഭാഗമായി മാറുക മാത്രമല്ല അവ നമ്മുടെ അഭിമാനമായി മാറി എന്നതാണ് തിരിച്ചറിയേണ്ടത്. അന്ധകാരം സുഖപ്രദമായിരുന്നു. സ്വന്തം സംവിധാനങ്ങളും സമ്പ്രദായങ്ങളും സമ്പത്തും ആദരവും നിലനിർത്തുവാനായി ക്രിസ്തുവിനെ മാറ്റി നിർത്തി മേല്പറഞ്ഞ അധികാരവും ശക്തിയും സംപൂജ്യമാക്കിയില്ലേ? സുവിശേഷത്തിന്റെ സത്യത്തെ നിര്വചനങ്ങളിലേക്കു ചുരുക്കിയും അവയെ നിയമപരമായ വിധേയത്വങ്ങളുടെ ഉപകരണങ്ങളാക്കിയും ക്രിസ്തുസ്വരത്തെ മാറ്റിനിർത്തിയിട്ടില്ലേ?  സങ്കീർണ്ണതകളും സംഘർഷാവസ്ഥകളും മറികടക്കാൻ ആദർശങ്ങളും പ്രത്യയശാസ്ത്രങ്ങളും പരിഹാരമാക്കുന്ന കൗമാരശൈലി കടന്ന് വ്യക്തിപരമായ വിചിന്തനങ്ങളും കൂട്ടായ പങ്കുവയ്ക്കലുകളും നടക്കുന്ന അവസ്ഥകളിലേക്ക് ക്രിസ്തുരഹസ്യത്തെയും സഭാജീവിതത്തെയും കൊണ്ടുവരാൻ വേണ്ട വളർച്ച ഉണ്ടായെങ്കിലേ അന്ധകാരത്തെ പ്രാപിക്കാതെ പ്രകാശത്തിൽ നടക്കാനും പ്രകാശം തെളിയിക്കാനും നമുക്കാകൂ. ക്രിസ്തു നമ്മിൽ പ്രകാശിക്കേണ്ടതിനായുള്ള ഒരു അന്തരീക്ഷം, ഒരു സഭാസംസ്കാരം രൂപപ്പെടുത്തി വളർത്തുക എന്നതാണ് പ്രധാനം. അന്ധകാരത്തെ തിരിച്ചറിയാനും തിരസ്കരിക്കാനും, തെളിഞ്ഞു പ്രകാശിക്കാനും നമുക്ക് കഴിയട്ടെ. ക്രിസ്തുചൈതന്യത്തിന്റെ അന്തരീക്ഷം കൂടുതൽ പ്രകാശിക്കുവാനുള്ള സത്ത നൽകും.

🎬

ഓഗസ്റ്റ് 24, 2025

നഷ്ടങ്ങൾ

ഒരു ദിവസം കൂടി കടന്നുപോയിരിക്കുന്നു. ചെലവഴിച്ചു തീർത്ത ഈ സമയം മുഴുവൻ ഹൃദയത്തിലേറ്റിയത് എന്തായിരുന്നു? ഏതാനം മങ്ങിയ ചിത്രങ്ങൾ ബാക്കിയാവുകയാണ്; ചിലപ്പോൾ നീറുന്ന കനലും പുകയും ... അമൂല്യമായ എന്തോ നഷ്ടപ്പെട്ടിരിക്കുന്നതിന്റെ ശൂന്യത ജീവിതത്തിന്റെ വലിയ ഒരു അംശം തന്നെ നീക്കിക്കളഞ്ഞിരിക്കുന്നു. പ്രകാശത്തെ തല്ലിക്കെടുത്തിയ ആ നഷ്ടങ്ങൾ വർണ്ണങ്ങളെ സ്വപ്നം കാണാൻ പോലും ഭയപ്പെടുത്തുന്നു. വഞ്ചനയോ ആഴത്തിലുള്ള തിരസ്‌കരണമോ ആഴത്തിൽ വേദനിപ്പിക്കുണ്ടാകാം. നയിക്കുവാനായി ഒരു മേഘത്തൂണോ ഉണ്ടായിരുന്നില്ല, ഇരുട്ടിൽ അഗ്നിസ്തംഭമോ ഉണ്ടായിരുന്നില്ല. നമ്മളുടെ സുരക്ഷിതത്വങ്ങളും, ഉറപ്പുകളും, ആശ്വാസങ്ങളുമെല്ലാം വെല്ലുവിളിക്കപ്പെടുന്നു, കാരണം നമ്മുടെ ജീവിക്കുന്നതിന്റെ അർത്ഥവും മൂല്യവും സ്വന്തമെന്ന അനുഭവവും, ഈ നഷ്ടപ്പെട്ടുപോയവയോടു ഒരിക്കൽ ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. നമ്മുടെ വ്യക്തിപരമായ ലോകത്തെ പുനർനിർമ്മിക്കാൻ നഷ്ടത്തിന്റെ ഈ അനുഭവം നമ്മളെ നിർബന്ധിക്കുന്നു. നമ്മളുടെ ഓർമ്മകളെ വീണ്ടെടുക്കാനും, ആ കഥയെ കൃപയോടെ വീണ്ടും പറഞ്ഞ് തുടങ്ങാനും ഇത് നമ്മളെ സഹായിക്കുന്നു. കൂടുതൽ മുറിവേല്പിക്കുന്നതാവാതെ, ആ നഷ്ടങ്ങളോട് സംസാരിക്കാനും അവയെ കേൾക്കാനും കഴിയട്ടെ. സാന്ത്വനവും സമാധാനവും നൽകുന്ന ആത്മസംഭാഷണങ്ങൾ...

എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ കൂടെ നടന്നു അവരുടെ നഷ്ടങ്ങളുടെ വേദനയെ ക്രിസ്തു പുനർവ്യാഖ്യാനിച്ചു. വൈകുന്നേരങ്ങളിൽ നമ്മുടെ ചിന്തകളുമായി നമ്മൾ ഒറ്റയ്ക്കാകുമ്പോൾ, കൂടെ നിൽക്കാൻ അവനോട് നമുക്ക് പറയാൻ കഴിയും. നഷ്ടത്തിനൊപ്പം രൂപപ്പെടുന്ന ആത്മനിന്ദയെയും സ്വയമുള്ള കുറ്റപ്പെടുത്തലുകളെയും നമ്മൾ മറികടക്കണം. അങ്ങനെ ആത്മാവിൻ്റെ ആശ്വാസം അനുഭവിച്ചറിയാനും, നമ്മോടുതന്നെ കരുണ വളർത്താനും നമുക്ക് കഴിയും. ദൈവത്തിൽ ആശ്രയിച്ച്, കൃപയിലേക്ക് സ്വയം നൽകുമ്പോൾ നമ്മുടെ വേദനകളെ പതിയെ ആശ്വാസതൈലം നൽകി കരുതാനാകും. ഉള്ളിലൊതുക്കുന്നതിന് പകരം, നഷ്ടത്തെ നമ്മുടെ ജീവിതകഥയുടെ ഭാഗമാക്കാൻ നമ്മെ സഹായിക്കുന്നു. നമ്മുടെ ഭയങ്ങൾ, മുറിവുകൾ, പ്രലോഭനങ്ങൾ, അതുപോലെ നമ്മുടെ പാപങ്ങൾ പോലും ഹൃദയത്തിൽ നിന്നുള്ള ഏറ്റവും ആത്മാർത്ഥമായ പ്രാർത്ഥനകളായി രൂപാന്തരപ്പെടാൻ സാധിക്കും. ഒപ്പം, സഹാനുഭൂതി, ആത്മാവബോധം, ദയ എന്നിവയ്ക്കുള്ള ആഴത്തിലുള്ള കഴിവ് നമ്മിൽ വളരുന്നു. നഷ്ടത്തിൽ നിന്ന് രക്ഷപ്പെടുന്നതിലുപരി, ഒരു പുതിയ ദർശനത്തോടെ ഉയിർത്തെഴുന്നേൽക്കുന്നതിനെക്കുറിച്ചാണ് കൃപകൾ നിറഞ്ഞുകഴിഞ്ഞ മുറിവുകളിൽനിന്നുള്ള ഈ ആഴം.

ഓഗസ്റ്റ് 19, 2025

നവ്യത

സന്ധ്യയാകുന്നെങ്കിലും തിരക്കുകൾ കഴിഞ്ഞിട്ടുണ്ടാവില്ല. എവിടെയെങ്കിലും പോകാനുള്ള തിരക്കിലും ആകാം. ഒരുപാട് ചിന്തകൾ കൂടുവയ്ക്കുന്ന സമയമായിരിക്കാം. ചില കാര്യങ്ങൾ നിശ്ചയമായും മറ്റുള്ളവ തീർത്തും ഒരുറപ്പുമില്ലാതയുമാണ് മുമ്പിലുള്ളത്. എന്നാലും പലപ്പോഴും, പല കാര്യങ്ങളെക്കുറിച്ചും - ദൈവം എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് പോലും - അങ്ങേയറ്റം ഉറപ്പോടെയാണ് നമ്മൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും. ദൈവത്തിൻ്റെ വാക്കുകളെയോ പ്രവൃത്തികളെയോ നിയന്ത്രിക്കാൻ നമുക്ക് കഴിയുമെന്ന് തോന്നുംവിധം ഉറപ്പോടെയാണത്. ഒന്നോർത്തു നോക്കൂ. നീതിമാന്മാരെന്നും എല്ലാം അറിയാമെന്നും അവകാശപ്പെടുന്നവർക്ക് പലപ്പോഴും ദൈവത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നില്ലേ?   ദൈവത്തെക്കുറിച്ചുള്ള അവരുടെ മുൻധാരണകൾ എന്നെന്നും യാഥാർത്ഥ്യമായി നിലനിർത്തണമെന്ന് മാത്രമായിരിക്കാം അവരുടെ ആഗ്രഹം. അവർ യഥാർത്ഥത്തിൽ ദൈവത്തെ അന്വേഷിക്കുന്നുണ്ടാവില്ല. അറിയാതെയാണെങ്കിലും, സ്വന്തം വിഗ്രഹങ്ങൾ സൃഷ്ടിക്കുകയല്ലേ അവർ ചെയ്യുന്നത്?

രാത്രി ഇരുട്ടിലേക്ക് ആഴുന്നതനുസരിച്ച്, നാം ജീവിതത്തിന്റെ അർത്ഥത്തിനും ആർദ്രമായ സ്നേഹത്തിനും തഴുകുന്ന വിശ്രമത്തിനും സത്യമുള്ള ബന്ധങ്ങൾക്കും വേണ്ടി ആഴത്തിൽ തിരയുകയാണ്. ആ ആഴങ്ങളിൽ വെളിപ്പെട്ടു തിരിച്ചറിയേണ്ടതാണ് യഥാർത്ഥ ദൈവസാന്നിധ്യം. ഹൃദയത്തിൻ്റെ നിശ്ശബ്ദതയിലോ ശൂന്യതയിലോ, ജീവിതത്തിൽ കൃപയുടെ ആവശ്യകത നമ്മൾ തിരിച്ചറിയുന്നു. നമ്മുടെ ബലഹീനതകളും ദുർബലതകളും നാം കാണുന്നു. നമ്മെത്തന്നെ തുറന്നു കൊടുക്കുമ്പോൾ, അനസ്യൂതമായ ഒരു പുതുമ നമ്മിൽ നിറഞ്ഞു വരുന്നത് കാണാം. ദൈവത്താൽ പൂർണ്ണമായി സ്വീകരിക്കപ്പെടുന്ന അനുഭവമാണ്. സ്നേഹത്തിൻ്റെയും നന്മയുടെയും നിരന്തരമായ നവ്യതയുടെ നിറവാണ് ജീവദാതാവായ ദൈവം. തീരാത്ത ജോലികളും മടുപ്പിക്കുന്ന മനസ്സും നാളെയുടെ തിരക്കുകളും രാത്രിയുടെ ശൂന്യതയിൽ ആ നന്മയുടെ നിറവിൽ ലയിച്ചുചേരട്ടെ. ഹൃദയത്തിന്റെ ശാന്തതയിൽ വിശ്രമിക്കാൻ കഴിയട്ടെ. 


📺

ഓഗസ്റ്റ് 15, 2025

വചനാവസ്ഥ

പരിശുദ്ധ മറിയം വചനത്തെ ഉദരത്തിൽ വഹിച്ചു. അവതരിച്ച വചനത്തിന്റെ മാതാവായി. ജീവന്റെ ഉറവിടവും വികാസവും പൂർത്തീകരണവും വചനത്തിലാണ്. സകലത്തിന്റെയും സൗന്ദര്യം വചനത്തിലാണ്. ജീവാവസ്ഥയിൽനിന്നു വചനാവസ്ഥയിലേക്കുള്ള വികാസം സകലസൃഷ്ടിയുടെയും ലക്ഷ്യമാണ്. ഉദരത്തിൽ വഹിച്ച വചനത്തിലേക്കു പൂർണ്ണമായി മറിയം പങ്കുചേരുന്നു. സകല സൗന്ദര്യവും അവളുടെ ഉടയാടയാകും. ജീവംശങ്ങളിലേക്കും, ജനതകളിലേക്കും ചരിത്രത്തിലേക്കും വചനത്തിന്റെ ലയം അവൾ നിരന്തര പ്രാർത്ഥനയാക്കുന്നു.

ഓഗസ്റ്റ് 12, 2025

ഒരുക്കം

ഒരാളെ വിശ്വസിക്കാൻ കഴിയുകയെന്നത്, അയാളിലെ വിശ്വസ്തതയെ ഹൃദയത്തിന്റെ ആഴത്തിൽ നാം അറിഞ്ഞിട്ടുണ്ടെന്നതിന്റെ അടയാളമാണ്. അതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ ഹൃദയത്തിൽ അറിയാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് ദൈവത്തിൽ  വിശ്വസിക്കാനാവില്ല. ദൈവത്തോടുള്ള സ്നേഹം എന്നത് നിബന്ധനയോ വ്യവസ്ഥയോ അല്ല, ദൈവത്തെ അറിയുന്ന ഒരാളിൽ സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണത്. ദൈവികജീവൻ തീർച്ചയായും നമ്മിൽ ഉണ്ട്. ആ വിശ്വസ്തതയെക്കുറിച്ചു വാചാലരായതുകൊണ്ട് മാത്രമായില്ല, ആ ജീവന്റെ മൃദുലമായ സ്പർശം സ്വീകരിക്കാൻ നമ്മെത്തന്നെ തുറന്നിടേണ്ടതുണ്ട്.

ദൈവത്തിനു നമ്മോടുള്ള ഹൃദയബന്ധത്തെ വിശ്വസിക്കാൻ കഴിയണമെങ്കിൽ നമ്മൾ നമ്മോടുതന്നെ ഹൃദയത്തിന്റെ ആർദ്രതയിൽ എത്ര ബന്ധപ്പെട്ടു നില്കുന്നു എന്നതുകൂടി പരിശോധിക്കണം. ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തതയും  പരിപൂർണ്ണമായിക്കൊള്ളണമെന്നില്ല. അങ്ങനെ സ്നേഹിക്കാനും വിശ്വസ്തരാകുവാനും നമ്മൾ പരിശീലിച്ചിട്ടില്ല, കാരണം  നമ്മുടെ വേദനകളും ഭാരങ്ങളും കവചങ്ങളായി നിന്ന് കൊണ്ട് അത് ദുഷ്കരമാക്കുന്നുണ്ടാകാം. ദൈവസ്പര്ശമേല്ക്കാത്ത ഈ നൊമ്പരങ്ങൾ അവയെ കൂടുതൽ ദൃഢപ്പെടുത്തുന്ന ദൈവരൂപങ്ങളും നമുക്ക് നൽകും. കുറ്റപ്പെടുത്താനും ദോഷമേൽക്കാനും ആഗ്രഹിക്കുന്ന മനസിനായി അത് നൽകുന്ന ദൈവസ്വഭാവം നിർമ്മിക്കപ്പെടും. അതുകൊണ്ടാണ് സ്നേഹത്തോടും വിശ്വസ്തതയോടും ഒപ്പം ഒരുക്കം ആവശ്യമാകുന്നത്. ഈ ഒരുക്കവും, വ്യവസ്ഥയായല്ല, തുറവിയായാണ് പരിശീലിക്കേണ്ടത്. നമ്മുടെ വളർച്ചയും അതിലെ ജീവന്റെ അനുഭവങ്ങളും, അതിനോടൊപ്പം നന്മയായ ദൈവം തന്റെ വാഗ്ദാനങ്ങളിൽ ഉറപ്പു നൽകുന്ന ജീവനും സ്വാതന്ത്ര്യവും, നമ്മിൽ സ്വന്തമാക്കിത്തീർക്കുന്ന ദൈവബന്ധമാണ് വിശ്വാസം. ഹൃദയത്തിൽ ആഴത്തിൽ പുൽകുന്ന ആ ദൈവാനുഭവത്തിന്റെ വാതിൽ ഒരുക്കമെന്ന തുറവിയാണ്. അനന്തമായ നന്മയും വിശ്വസ്തതയും, 'ഇതാണ് ഞാൻ' എന്ന നഗ്നഭാവം, അവിടെ ദൈവം കാണുന്നതും അറിയുന്നതുമായ എന്നിലെ സത്യം, അവിടെ ഒഴിക്കപ്പെടുന്ന കരുണ, തരളിതമായ ആത്മഭാവത്തിൽ നട്ടെടുക്കപ്പെടുന്ന നന്മ, അതിലേക്കു വേണ്ട കരുത്ത് അതേ വിശ്വസ്തതയിൽ തേടുന്ന പുതുഹൃദയം ഇവയെ ഒരുമിച്ചു വേണം ഒരുക്കമെന്നും ദൈവഭയമെന്നും വിളിക്കാൻ. ഭീതിപ്പെടുത്തുന്ന വിറയലല്ല ദൈവഭയം, പുളകമണിയിക്കുന്ന ജീവസ്പന്ദനമാണത്.

📺

വചനം മനുഷ്യനിൽ

വിശുദ്ധ ഡൊമിനിക് ഗുസ്മാൻ തന്റെ രാപകലുകൾ ദൈവത്തോടൊപ്പം പങ്കുവെച്ചു. ക്രൂശിതനായ ക്രിസ്തുവിന്റെ ജീവിക്കുകയും ജീവൻ പകരുകയും ചെയ്യുന്ന രൂപം മനുഷ്യരുടെ ദുരിതങ്ങളിലും ശാരീരികവും ആത്മീയവുമായ ശോഷണത്തിലും ഒരു ദിവ്യഗ്രന്ഥത്തിൽനിന്നെന്നപോലെ അദ്ദേഹം വായിച്ചെടുത്തു. അവിടെ വെളിപ്പെട്ട വചനം കരുണയോടും ദയയോടും കൂടെ ധ്യാനിക്കാനും പ്രഘോഷിക്കാനും ഉള്ളതായിരുന്നു.

 എല്ലാ മനുഷ്യർക്കും പ്രകാശമേകിയ മനുഷ്യാവതാര രഹസ്യം പോലെ, ദാരിദ്ര്യം, ഞെരുക്കങ്ങൾ, മനുഷ്യന്റെ ദുർബലത അവർ സഹിക്കുന്ന ചൂഷണം എന്നിവ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലാണ് അദ്ദേഹം ഈ സത്യത്തെ ധ്യാനിച്ചത്. രാത്രികാലങ്ങളിൽ, അദ്ദേഹം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നില്ല, മറിച്ച് അവരെ തന്റെ ഹൃദയത്തിൽ വഹിച്ചുകൊണ്ട്, അവരുടെ യഥാർത്ഥ ജീവിത സാഹചര്യം ദൈവത്തിന്റെ സത്യത്തെക്കുറിച്ച് തനിക്കുള്ള ധ്യാനത്തെ പ്രകാശപൂരിതമാക്കാൻ അദ്ദേഹം അനുവദിച്ചു. ലോകത്തിന്റെ ദുരിതത്തിൽ വചനം മാംസമായി അവതരിക്കുന്നതും അവരെ പൂർണ്ണരാക്കുന്നതും കണ്ടു. വിധിക്കാതെ, കീഴ്‌പ്പെടുത്താതെ, കുറ്റം വിധിക്കാതെ, ശപിക്കാതെ, അവരുടെ ആഴമേറിയ നിലവിളികൾക്ക് ഉത്തരമായി ക്രിസ്തുവിന്റെ ജീവനുള്ള സത്യത്തെക്കുറിച്ചുള്ള അവിടുത്തെ വചനം അദ്ദേഹം അവരോട് കരുണയോടെ സംസാരിച്ചു. 

📺

ഓഗസ്റ്റ് 07, 2025

മഹിമ

ദൈവമഹിമയെന്നത് അവിടുത്തെ സൗന്ദര്യമാണ്. നന്മയാണ് ആ സൗന്ദര്യത്തിന്റെ ആന്തരികസത്ത. സൃഷ്ടിയുടെ വൈവിധ്യങ്ങളും അവയുടെ സങ്കീർണ്ണമായ കൂട്ടായ്മയും അവയുടെ രൂപക്രമങ്ങളും പരിണാമങ്ങളും കടന്നുപോകുന്ന ജ്ഞാനത്തിന്റെ സൗന്ദര്യമാണ് വചനം. ആ വചനം മനുഷ്യനായി നമുക്കിടയിൽ നടക്കുന്നു. ദൈവസത്തയോടൊപ്പം മനുഷ്യപ്രകൃതിയും അവന്റെ സ്വഭാവമാകുമ്പോൾ, സകല സൃഷ്ടികളുടെയും, കാലത്തിന്റെയും, സംസ്കാരങ്ങളുടെയും, ദൈവചിന്തകളുടെയും കാതൽ അവനിലുണ്ട്. അവ ഒരുമിച്ചു കാണുവാൻ നമ്മുടെ ഹൃദയങ്ങൾക്ക് വിശാലത കുറവാണ്. എങ്കിലും, ആ വെളിപാടിലേക്കു നമ്മെ തുറന്നിടാൻ കഴിയുക എന്നത് പ്രധാനമാണ്. വചനം വാക്കുകൾക്കപ്പുറം, പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന ജീവകണ്ണികളിലെ സൗന്ദര്യമാണ്. പരസ്പരം പുൽകുന്ന അഗ്രാഹ്യമായ ആ ആനന്ദത്തിൽ കൂടാരമുണ്ടാക്കി വസിക്കാൻ നമ്മൾ ആഗ്രഹിച്ചേക്കാം. എങ്കിലും ആ ആനന്ദം നൽകുന്ന സ്വാതന്ത്ര്യം താഴ്വാരങ്ങളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഒരു സമയം, നമ്മിലോരോരുത്തരിലും, ഓരോ അണുവിലും പല മാത്രയിൽ രൂപപ്പെട്ട ക്രിസ്തുസ്വഭാവം, സകലർക്കും, സകലത്തിനുമായി വെളിപ്പെട്ടുകിട്ടുമ്പോൾ, നവ്യമായ ഈ പ്രകാശം തിരിച്ചറിയുകയും, അതിസുന്ദരമായ പൂർണ്ണത പ്രകടമാവുകയും ചെയ്യും. പിന്നീട് ധ്യാനിക്കേണ്ടതില്ല, ലയനം പുതുജീവനാണ്.

ഓഗസ്റ്റ് 05, 2025

മുഖം

മുഖങ്ങൾ കൂടുതൽ അടുത്തടുത്തുവരുമ്പോൾ ചിലപ്പോഴെങ്കിലും നമ്മെത്തന്നെ സ്വയം കടന്നുപോകുന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം. മുഖം മനസ്സിന്റെ കണ്ണാടിയെന്നാണ് പറയാറ്. മറക്കപ്പെടുന്ന മുഖങ്ങൾ മുഖംമൂടികളാണ്. ആർദ്രതയിൽ അലിയാത്ത മുഖങ്ങൾ വരണ്ടു സ്വയം നഷ്ടപ്പെടും. എന്നാൽ ഓരോ മുഖവും നമ്മുടെ ആന്തരികതയിൽ ഉണ്ടാക്കുന്ന സ്പന്ദനങ്ങളെ അറിയേണ്ടതുണ്ട്. നടക്കുന്ന പാതകളിലും അലച്ചിലുകളിലും ആയിത്തീരേണ്ട ഒരു രൂപമായി നമ്മുടെ ജീവിതാവസ്ഥകളിലേക്ക് അലിഞ്ഞുചേരുകയും   പതിയെ തെളിഞ്ഞുകിട്ടുകയും ചെയ്യുന്ന ഒരു ക്രിസ്തുമുഖമുണ്ട്. നമ്മുടെ മുഖം അതിൽ കാണുമ്പോൾ നമുക്കായുള്ള ഒരു പുതിയ രൂപവും വ്യാഖ്യാനവും നമുക്ക് ലഭിക്കും.  ചിതറിക്കപ്പെട്ടുപോകുന്ന മുഖചിത്രങ്ങളെ കൂട്ടിവെച്ചുകൊണ്ട് ക്രിസ്തു നമ്മോടു പറയാറുണ്ട് "ഭയപ്പെടേണ്ട, ഇത് ഞാനാണ്." അത് ഒരു ആഴമാണ്, വരച്ചെടുക്കാവുന്ന ഒരു ആകാരത്തിനപ്പുറം ഹൃദയത്തിന്റെ ഒരു ജീവാനുഭവം. അതുകൊണ്ട് ക്രിസ്തുമുഖം മനോഹരമായ ഒരു ചിത്രത്തിനപ്പുറം സകലത്തിലേക്ക് നമ്മെ ചേർത്തുനിർത്തുന്ന വചനാംശമാണ്. നമ്മുടെയും മുഖങ്ങൾ അലിഞ്ഞു ചേരുന്നതാകുമ്പോഴാണ് വചനാംശമുള്ളതാവുന്നത്. 

പാത

സ്വയം തിരിച്ചറിയാനുള്ള തീവ്രമായ അന്വേഷണമാണ് ഒരു തീർത്ഥാടകന്റെ പാത. നടക്കുന്ന വഴിപോലും പതിയെ വെളിപ്പെട്ടുകിട്ടുന്ന സത്യമാണ്. "എന്നിലെ യഥാർത്ഥ 'ഞാൻ' ഇനിയും ജനിച്ചിട്ടില്ല" എന്ന ബോധ്യത്തിൽ നിന്നാണ് ഈ യാത്രയുടെ ആരംഭം. ജീവിതത്തിന്റെതന്നെ അർത്ഥം ഒന്ന് ചോദിയ്ക്കാൻ പോലും തരപ്പെടാത്ത പാതകളും പലർക്കുമുണ്ടാകാം. നമ്മുടെ സൗന്ദര്യവും കുറവുകളും നമ്മൾ കാണുന്നത് ദൈവസ്നേഹം സാന്ത്വനമായി ഒരു വിതുമ്പലുണ്ടാക്കുമ്പോഴാണ്. ഈ തിരിച്ചറിവ് കൃതജ്ഞതയും ആശ്വാസവുമാണ് നൽകുന്നത്.

 ഈശ്വരസ്പർശത്തിൻ്റെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നമ്മുടെ ആന്തരികസത്ത പതിയെ തെളിഞ്ഞുവരുന്നത്. "ഞാൻ എത്രമാത്രം ഒരു ക്രിസ്തുവായിരിക്കുന്നു? ഇനിയും എത്ര ദൂരം നടക്കാനുണ്ട്?"   ഉള്ളിലെ വചന മന്ത്രണം പതിയെ ജീവൻ പ്രാപിക്കുമ്പോൾ, നമ്മിലെ ക്രിസ്തു ഉണരുന്നു. ക്രിസ്തുവിനെ ഉൾക്കൊണ്ട ഹൃദയത്തിൻ്റെ ഫലമാണ് ആന്തരിക സമാധാനം. വേദനകൾ സൃഷ്ടിക്കുന്ന അകൽച്ചകളെ ഭേദിച്ച്, നമ്മളെ തുറന്നിടാൻ ഈ സമാധാനം നമുക്ക് കരുത്ത് നൽകുന്നു. ഈ സമാധാനവും സാന്ത്വനവും അറിഞ്ഞുകൊണ്ടുതന്നെ സ്വീകരിക്കുമ്പോൾ, സത്യവും, ദയയും നന്മയും ധീരതയും നമ്മിൽ രൂപമെടുക്കുമ്പോൾ പതിയെ യാത്രയുടെ ലക്‌ഷ്യം നമ്മൾ അറിയുന്നു, പാത കൂടുതൽ തെളിഞ്ഞു പ്രകാശിക്കുകയും ചെയ്യുന്നു.