Gentle Dew Drop

ജൂൺ 11, 2020

ആത്മാവുള്ള വാക്ക്

ഓരോരുത്തർക്കും അവരവരല്ലാതായി തീരുന്ന നിമിഷത്തെക്കുറിച്ചാണ് ഏറ്റവുമധികം ജാഗ്രതയുണ്ടാവേണ്ടത്. ആരെയൊക്കെയോ പ്രീണിപ്പിക്കാനും അനുമോദന വാക്കുകൾ നേടുവാനും സ്വന്തം ആഴങ്ങളെ കുരുതി കൊടുക്കുന്നത് ത്യാഗമല്ല, ആത്മഹത്യയാണ്. പ്രീണിതമാകുന്ന സമൂഹത്തിന്റെ മൂല്യ നിർണ്ണയത്തിനനുസരിച്ച് സ്വന്തം വാക്കുകളും പ്രവൃത്തികളും രൂപപ്പെടുത്തുമ്പോൾ സ്വന്തം തളിരുകൾ മുരടിപ്പിക്കുകയും വിഷക്കനികൾ പുറപ്പെടുവിക്കുകയും ചെയ്യും. അത് സത്യം, വിശ്വാസം, പുരോഗമനം, പാരമ്പര്യം തുടങ്ങി എന്തുമാവട്ടെ. സ്വന്തം ആഴങ്ങളിലെ ശൂന്യതയിൽ തിരഞ്ഞുകൊണ്ട് അവിടെ ചലിക്കുന്ന ആത്മപ്രേരണകളാവട്ടെ നമ്മിലെ ശബ്ദം. ആ ശബ്ദം അറിയാനാവുന്നില്ലെങ്കിൽ ആരുടെയൊക്കെയോ താല്പര്യങ്ങളിൽ കൊളുത്തി വലിക്കപ്പെടുന്നവരായി മാറുന്നത് നമ്മൾ തന്നെ അറിഞ്ഞെന്നു വരില്ല.

കയ്യാഫാസിനും പീലാത്തോസിനും ചെയ്യാമായിരുന്ന പാദസേവയും, ശിഷ്യർക്ക് നൽകിയ പാദശുശ്രൂഷയും തമ്മിലുള്ള അകലം അടിമ നൽകപ്പെട്ട സ്വാതന്ത്ര്യവും സ്വയം പകർന്നു നൽകുന്ന ധീരതയും തമ്മിലുള്ള അകലമാണ്. പരസ്പരം പഴി ചാരുമ്പോൾ സ്വയം ചൂഴ്ന്നു നോക്കേണ്ട സത്യമാണ് സ്വയം അറിയേണ്ടത്.  

ജൂൺ 08, 2020

ദൈവനീതി

ദൈവനീതി എങ്ങനെയാണ് അനുഭവത്തിലാവുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുക? ദൈവനീതി ക്രിസ്തുവിൽ ഒന്നായിരിക്കുന്നവരുടെ പരസ്പരമുള്ള കൂട്ടുത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിലേക്കുള്ള പ്രതിബദ്ധതയാണ് ദൈവരാജ്യത്തിന്റെ താക്കോലുകൾ. ആത്മാവിൽ ഒന്നായ പ്രയത്നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ദൈവരാജ്യം നമ്മുടെ ഇടയിൽത്തന്നെ അനുഭവവേദ്യവുമാണ്. അപ്പോഴാണ് കർത്താവിന്റെ മഹത്വം നമ്മുടെ പിന്നിൽനിന്നും, നമ്മുടെ നീതി മുന്നിൽനിന്നും നമുക്ക് സംരക്ഷണമാവുന്നത്.

ദൈവത്തിനു മുമ്പിലെ അർച്ചനകൾ നീതിയുടെ പ്രവൃത്തികളിലേക്ക് നമ്മെ നയിക്കുന്നുണ്ടോ? അർച്ചനകൾ ദൈവനീതിയിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള എളുപ്പവഴിയായി മാറുന്നുണ്ടെങ്കിൽ അത് അനീതിയാണ്. ദരിദ്രർ ഭാഗ്യവാന്മാരാകുന്നതും, കരയുന്നവർ ആശ്വസിപ്പിക്കപ്പെടുന്നതും, കഴിവില്ലാത്തവർക്കു ഭൂമി അവകാശമായി ലഭിക്കുന്നതും ദൈവനീതിയുടെ പ്രവൃത്തികൾ ഉത്തരവാദിത്തത്തോടെ ചെയ്തുതുടങ്ങുമ്പോഴാണ്. ദരിദ്രന് ദൈവരാജ്യം ഉറപ്പു വരുത്തേണ്ടത് മറ്റുള്ളവരാണ്. നമ്മിലൂടെ പ്രവർത്തിക്കുന്ന കൃപകളിലൂടെതന്നെയാണ് കരുണയും ആശ്വാസവും ലഭിക്കുന്നതും. മനുഷ്യർ നിങ്ങളുടെ സത്‌പ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

ലഭിച്ച നീതിയെ ഓർമ്മിച്ചെടുക്കുകയെന്നതും പ്രധാനമാണ്. ഈ കോവിഡ് ദിനങ്ങളിൽ അജ്ഞാതരായ എത്രയോ പേരുടെ കരുതലിലൂടെയാണ് ഓരോരുത്തരും കടന്നു പോയത്. വീണ്ടുമൊരിക്കൽ പോലും കാണാൻ ഇടയില്ലാത്ത പലരുടെയും സാമീപ്യം. സമീപത്തല്ലാതെതന്നെ, ഈ കാലത്തിലൂടെ കടന്നു പോകാൻ സാഹചര്യമൊരുക്കിയ പല ആളുകൾ. പൈലറ്റോ ശുചീകരണക്കാരോ, ഇന്റർനെറ്റ് കേബിൾ ഓപ്പറേറ്ററോ, പാചകക്കാരോ ആരുമാവട്ടെ അവർ. എന്നിട്ടും മലമുകളിൽ ധൂപമർപ്പിച്ച ഏതോ താപസന്റെ പ്രാർത്ഥനകളാണ് നമുക്ക് സുരക്ഷ നൽകിയതെന്ന് കരുതുന്നെങ്കിൽ നമ്മുടെ ദൈവരാജ്യ സങ്കൽപം തീരെ ഇടുങ്ങിയതാണ്. അറിയപ്പെടാതെ നൽകപ്പെട്ട അനേകം നന്മകൾ തിരിച്ചറിയാനും വിലമതിക്കാനും കനിവുണ്ടെങ്കിൽ ഒരു ദൈവപ്രമാണം പോലുമില്ലാതെ മുമ്പോട്ട് ദൈവനീതിക്കായുള്ള ഉത്തരവാദിത്തമായി അവ മാറും. അങ്ങനെ ദൈവനീതി വരും തലമുറകളോട് പോലും വിളമ്പരം ചെയ്യപ്പെടുന്നു. അവരുടെ പ്രവൃത്തിപഥങ്ങളിൽ പ്രകാശവും പാദങ്ങൾക്ക് വെളിച്ചവുമായി ദൈവനീതി പകരപ്പെടുകയും ചെയ്യുന്നു.
ref സങ്കീ 22: 31, 119: 105; ഏശയ്യ 58: 6, 7, 8; മത്താ 5: 3-12, 16

ജൂൺ 02, 2020

മാനസാന്തരം

മാനസാന്തരം/ പശ്ചാത്താപം എന്നത് അനുവർത്തിക്കേണ്ട പരിഹാരപ്രവൃത്തികളെ ബന്ധപ്പെടുത്തിയാണ് ചിന്തിക്കാറ്. പരിഹാരപ്രവൃത്തിയിൽ ഒതുക്കിത്തീർക്കാവുന്ന മാനസാന്തരങ്ങൾ കൊടുക്കൽ വാങ്ങലുകളിലെ കച്ചവടശീലങ്ങളാണ്. അവ ഭക്തചിട്ടകളിൽ ഒതുങ്ങിനില്കുന്നവയാണ്. മാനസാന്തരം നിർബന്ധമായും ചേർത്തുവയ്ക്കുന്ന ഉത്തരവാദിത്തങ്ങളുണ്ട്. ഇത്തരം ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള അവബോധം ദൈവാരാജ്യനിർമിതിയിലേക്കുള്ള ആത്മാർത്ഥതയാണ്. കുടുംബത്തോടും, സമൂഹത്തോടും, പ്രകൃതിയോടും സ്വന്തം വ്യക്തിയോടുമുള്ള ഉത്തരവാദിത്തങ്ങൾ മാനസാന്തരസങ്കല്പങ്ങളിൽ ഇടം പിടിക്കാത്തതുകൊണ്ടാണ് ദൈവരാജ്യവും അകന്നു നില്കുന്നത്. അത്തരം ഉത്തരവാദിത്തങ്ങളിലൂടെയേ മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവാനും സാധിക്കൂ. 

മേയ് 31, 2020

ആത്മാവിന്റെ വെളിച്ചത്തിലെ കാഴ്ച

ശൂന്യതക്കും അന്ധകാരത്തിനും മീതേ ദിവ്യപ്രകാശം ചലിച്ചിരുന്നു. ആ വെളിച്ചത്തിൽ നോക്കിയാൽ, സൃഷ്ടിയുടെ നിമിഷം തന്നെ സഭയുടെ ജനനമാണ്. അതിമൃദുലമായ കരങ്ങളാൽ പൂക്കളിലെ കാസയിൽ ജീവന്റെ അംശം എടുത്തു വയ്ക്കുന്ന തേനീച്ചകൾ ... ജീവന്റെ ബഹുലത വിതരണം ചെയ്ത് കാലാന്തരങ്ങളായി വിത്തുവിതക്കുന്ന പക്ഷിമൃഗാദികൾ ... ഓരോ ദിനത്തിന്റെയും സദ്വാർത്തകൾ പറഞ്ഞുകൊണ്ട് ഓരോ ഇലയും മണൽത്തരിയും ... ആത്മസഞ്ചാലിതരായി പ്രപഞ്ചത്തിലെ ജീവകർമങ്ങൾ ശ്രദ്ധയോടെ അനുഷ്ഠിക്കുന്ന പുരോഹിതരാണവർ. ആത്മാവ് നമ്മെ പുതുസൃഷ്ടിയാക്കുന്നു, നമ്മുടെ തന്നെ ഉറവിടങ്ങളുടെ പുതിയ പാഠങ്ങൾ പഠിക്കാൻ.  

മേയ് 30, 2020

എന്റെ നാമത്തിൽ ഒരുമിച്ചു ചേരുമ്പോൾ

"നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചു ചേരുമ്പോൾ എന്റെ ഓർമക്കായി ഇത് ചെയ്യുവിൻ."

സൗകര്യപൂർവം അവഗണിച്ചു കളയുന്ന ചില കാര്യങ്ങൾ ഇവിടെയുണ്ട്.

ഒരുമിച്ചു ചേരുമ്പോൾ - ഒരേ മനസോടെയും ഹൃദയത്തോടെയുമാണ് അവർ ജീവിച്ചു തുടങ്ങിയത്. അനഗ്നെ ഒന്ന് ചേരുമ്പോഴാണ് അവന്റെ ഓർമക്കായി ആത്മാർത്ഥമായി അപ്പം മുറിക്കാനാവുക. ഒന്നിച്ചു ചേരുന്നതിൽ നിന്ന് തടസപ്പെടുത്തുന്ന ചെറുതും വലുതുമായ കടുംപിടുത്തങ്ങളെ ഉപേക്ഷിച്ചു കളഞ്ഞേ മതിയാകൂ.

എന്റെ നാമത്തിൽ - ഹുങ്കും പെരുമയും കാണിക്കുവാനുള്ള ഒരുമിച്ചു ചേരലിൽ അവന്റെ നാമത്തിനല്ല പ്രാധാന്യം, അവിടെ അവന്റെ ഓർമ്മ വെറും മേൻപൊടിയാണ്, അവിടെ അപ്പം മുറിക്കലില്ല.

ഇത് ചെയ്യുവാനായി നിങ്ങൾ ഒരുമിച്ചു ചേരുവിൻ എന്നല്ല, നിങ്ങൾ ഒരുമിച്ചു ചേരുമ്പോൾ ഇത് ചെയ്യുവിൻ എന്നാണ് അവൻ പറഞ്ഞത്.

ഇത് ചെയ്യുവിൻ - ഒരു അപ്പമെടുത്ത് ആശീർവദിച്ചു മുറിക്കുകയായിരുന്നില്ല അവൻ ചെയ്തത്. കൈകളിൽ അപ്പമെടുത്തു പറഞ്ഞവ വെറും വാക്കുകളല്ല, സ്വന്തം ജീവിതബലിയാണ്. "എന്റെ ഓർമക്കായി ഇത് ചെയ്യുവിൻ" എന്നത് വാക്കുകളിലും അപ്പത്തിലും ഒതുക്കാനുമാകില്ല. സ്വയം ശൂന്യമാകുന്ന ബലിയാണ് "എന്റെ ഓർമ്മക്കായി" ചെയ്യപ്പെടേണ്ടത്.

അത് ആത്മാർത്ഥമാണെങ്കിൽ ഒരുമിച്ചു ചേരൽ സത്യമാകും, അത് അവന്റെ നാമത്തിലുള്ള ഒത്തുചേരലുമാകും.
അത് ആത്മാർത്ഥമല്ലെങ്കിൽ കൈകളിൽ അപ്പവും ശൂന്യമായ വാക്കുകളുമായി ആത്മവഞ്ചന ചെയ്യുകയാണ്.

പള്ളികൾ തുറക്കും മുമ്പ്, ബലിപീഠങ്ങൾ ഒരുക്കും മുമ്പ് പുളിമാവില്ലാത്ത (കലർപ്പില്ലാത്ത പെസഹാ അപ്പം, ഫരിസേയരുടെ പുളിമാവ് മനസ്സിൽ വയ്ക്കാം) ജീവിതത്തിന്റെ അപ്പം ഒരുക്കാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ.

മേയ് 29, 2020

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,...

ഓരോ പിടി ചോറുണ്ണുമ്പോഴും ഇന്ന് വലിയ കൃതജ്ഞതയുണ്ടാവണം,
വിശന്നു മരിക്കുന്നവരുണ്ടെന്ന് ഓർക്കുകയും കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കുകയും വേണം.
വഴിയിൽ തളർന്നു വീഴുന്നവരെ വാർത്തകളിൽ കാണിച്ചു കൊടുക്കണം.
ആ സഹതാപമില്ലാതെ "അന്നന്ന് വേണ്ട ആഹാരം നൽകണമേ" എന്ന് പ്രാർത്ഥിക്കാനാവില്ല.

ഭക്ഷണം തിരഞ്ഞെടുക്കാൻ കഴിയുന്നവർ, ഒരു പൊതിച്ചോറ് നൽകപ്പെടുന്ന കരുണയായി സ്വീകരിക്കുന്നവരെ ഓർത്തേ മതിയാകൂ.
വിശന്നുമരിക്കാൻ വിട്ടുകൊടുക്കപ്പെട്ട അവരെ കാണുമ്പോൾ കുഞ്ഞുങ്ങളോട് പറയണം: "അവരെ സഹായിക്കുവാൻ ആരുമില്ലാത്തതുകൊണ്ടും, മനപ്പൂർവം അവരെ അവഗണിച്ചു കൊണ്ട് തെറ്റ് ചെയ്യുന്നത് കൊണ്ടുമാണ് അവർക്ക് ഒന്നുമില്ലാത്തത്."
പ്രാർത്ഥിക്കാം, "തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ."

കുഞ്ഞുങ്ങളിൽ നന്മ നിറയട്ടെ, കരുണയും അലിവും വളരട്ടെ,
കുറവുകളിലും പ്രത്യാശയുടെ കണ്ണുകളോടെ ഒരുമിച്ചു വിളിക്കാൻ അവർക്കു കഴിയട്ടെ,
"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,..."
പരസ്പരം കരുതുന്ന നന്മ പ്രവൃത്തികളിൽ "അങ്ങയുടെ നാമം പൂജിതമാകണമേ."

അതിനുശേഷം നമുക്ക് ബലിപീഠമുയർത്താം,
ആരാധനാഗീതികൾ പാടാം.

മേയ് 21, 2020

"...എനിക്ക് ഇന്ന് നിന്റെ വീട്ടിൽ താമസിക്കണം."

സക്കേവൂസ്,.... എനിക്ക് ഇന്ന് നിന്റെ വീട്ടിൽ താമസിക്കണം.

പത്രോസിന്റെയും ലാസറിന്റെയും വീട്ടിൽ താമസിച്ച യേശു നമ്മുടെയും വീടുകളിൽ വന്നിട്ടുണ്ട്. എങ്ങനെയാവും നമ്മൾ അവനോട് ഇടപെടുന്നത്? അവനും അറിയാവുന്ന നമ്മുടെ സുഖദുഃഖങ്ങൾ കുറേക്കൂടെ ആഴങ്ങളിൽ തുറന്നു പറയില്ലേ? വീട്ടിൽ രോഗിയായ ഒരാളെക്കുറിച്ച് പരസ്പരം സംസാരിക്കില്ലേ? സ്വയം രോഗിയാണെങ്കിൽ, അവൻ അടുത്ത് വരുമ്പോൾ എങ്ങനെയാവും നമ്മുടെ രോഗാവസ്ഥയെക്കുറിച്ച് പറയുന്നത്? 'അനുഗ്രഹത്തിന് വേണ്ടി' മാത്രമാണോ അവന്റെ അടുത്ത് പോവുക? അവനോടു സംസാരിക്കാൻ പുസ്തകങ്ങളുടെ ആവശ്യമുണ്ടോ?

ക്രിസ്തു വീട്ടിലുള്ളപ്പോൾ അവൻ ഒരു വിരുന്നുകാരനായി നിൽക്കില്ല. അടുക്കളയിൽ പാചകം ചെയ്യാനും, വീട് വൃത്തിയാക്കാനും, കൂടെ പഠിക്കാനും, കൃഷി ചെയ്യാനും അവനുണ്ടാകും. പള്ളിയിൽ പോകുമ്പോൾ പള്ളിയിലേക്കും അവൻ വരും. മടുത്തിരിക്കുമ്പോഴും നമ്മുടെ കൂടെ ആയിരിക്കുന്നതിൽ അവന് ആനന്ദമുണ്ട്.

ഈ യാഥാർത്ഥ്യങ്ങൾ കുടുംബമായി ഒരുമിച്ച് ചെയ്യുമ്പോൾ ഗാർഹികമായ ആരാധനയായി മാറും. പേനയും, പങ്കായവും, തൂമ്പയും, ലാപ്ടോപ്പും, തൂക്കുകട്ടയും വാക്കത്തിയും ഒക്കെ ആരാധനയിൽ പ്രതീകങ്ങളാകാം. നെഞ്ചകം ചേർത്ത് ഒരു നിമിഷം. അച്ചടിച്ച പ്രാർത്ഥനകളുടെ ആവശ്യമില്ല.

ക്രിസ്തു കൂടെയുള്ളപ്പോൾ ഏറെ നന്മയുടെ ക്രമങ്ങളിലൂടെ നടക്കാൻ തീർച്ചയായും നമ്മൾ ശ്രമിക്കും. കാർക്കശ്യം, അലസത, അസൂയ എന്നിവയൊക്കെ വഴിമാറിക്കൊടുക്കും. വിട്ടുകൊടുക്കാനും, വിതുമ്പലിൽ ആശ്വാസം തേടാനും കഴിയും. പുതിയൊരു നീതി പ്രാവർത്തികമാവുകയും ചെയ്യും.

ഇവിടെ ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് നമ്മുടെ തന്നെ സാധാരണ ജീവിതത്തിലെ ദൈനംദിനപ്രവൃത്തികളിൽ ഉൾപ്പെട്ടിരിക്കുന്ന വിശുദ്ധിയും ആരാധനാമൂല്യവും. രണ്ട് പ്രാർത്ഥനാസമയത്ത് നമുക്ക് പരിചിതമായ അനുഭവങ്ങളും, പ്രതീകങ്ങളും ക്രിയാത്മകമായരീതിയിൽ പ്രാർത്ഥനാപൂർണ്ണമായി ഉയർത്തുന്ന രീതി. ഉദാ. പരീക്ഷ തുടങ്ങുമ്പോഴോ, കഴിയുമ്പോഴോ കുടുംബം മുഴുവൻ ചില പുസ്തകങ്ങളോ എഴുത്തുപകരണങ്ങളോ എടുത്തുവെച്ച് കുഞ്ഞുങ്ങൾക്കായി ഒത്തുചേർന്നു പ്രാർത്ഥിക്കാം. ഒരു വാഴക്കുല വെട്ടിയ ദിവസം ഏതാനം പഴം പ്രാർത്ഥനാ സമയത്തു എടുത്തു വെച്ച് നന്ദി പറയാം. അങ്ങനെ പല സാധ്യതകൾ. ചുരുക്കം ഇതാണ്, ചുറ്റുപാടുകളിൽ സ്പർശനീയമായിത്തീരാവുന്ന ദൈവാനുഭവം.