ഇനി ക്രിസ്തുമസിന്റെ ഒരുക്കങ്ങളാണ്. സാധിക്കുന്ന പ്രാർത്ഥനാ
ജീവിതവുമായി ഒരു വർഷത്തോളം കടന്നു പോയി. ഈ അനുഭവങ്ങളിലൂടെതന്നെ ക്രിസ്തു നമ്മിൽ ജനിക്കുവാനും,
നമ്മിലൂടെ ജനിക്കുവാനും വേണ്ട ആഴമായ ഒരു ഒരുക്കം നടത്തുവാൻ നമുക്ക് കഴിയുമോ?
മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക്
തിടുക്കത്തിൽ യാത്ര പുറപ്പെട്ടു: കണ്ണും കാതും തുറന്നിരിക്കുന്ന
വ്യക്തികളാണെങ്കിൽ നിസ്സഹായതയിൽ വേദനിക്കുന്ന അനേകരുടെ ജീവിതങ്ങൾ നമുക്ക് അറിയുവാൻ
കഴിയും. അവർ അരികെയോ ദൂരെയൊ ആവട്ടെ, അവരോടു ഹൃദയത്തോടെ അടുത്തായിരിക്കാൻ നമുക്കാവും.
അവരുടെ ജീവിതയാഥാർത്ഥ്യങ്ങളെ ധ്യാനിക്കുവാനും ആ സഹാനുഭൂതിയോടെ അവരെ പ്രാർത്ഥനയിലേക്കുയർത്തുവാനും
നമുക്ക് കഴിയും. യാത്രയിലോ ജോലിയിലോ ആവട്ടെ സ്മരിക്കപ്പെടുന്ന, കാണപ്പെടുന്ന ഓരോരുത്തരിലും
ഓരോ കാര്യത്തിലും ദൈവിക ഇടപെടലിന് വേണ്ടി ആഗ്രഹിക്കുക എന്നത് സ്വന്തം ജീവിതത്തിൽ തന്നെ
വലിയ അഭിഷേകം പകർന്നു നൽകും.
ഉൾക്കാഴ്ചകൾ തുറന്നുതരുന്ന വിചിന്തനങ്ങൾ നമുക്ക് വേണം.
ആത്മീയതയിലെ കണ്ണാണത്. അത്തരം ധ്യാനങ്ങൾക്കായുള്ള നൈപുണ്യം എങ്ങനെയോ നമ്മൾ മറന്നു കളഞ്ഞു എന്നതാണ് സത്യം.
പ്രകൃതിയോടും മനുഷ്യജീവിതയാഥാർത്ഥ്യങ്ങളോടും പോലും സർഗാത്മകമായ ഉണർവ് കാത്തുസൂക്ഷിക്കുവാൻ
ഈ വിചിന്തനം നമുക്ക് ആവശ്യമാണ്. അത് നഷ്ടപ്പെടുമ്പോഴാണ് അവയെ ദുരുപയോഗിക്കാനും ലാഭനഷ്ടങ്ങളുടെ
കണക്കുകളിൽ ചിന്തിക്കുവാനും നമുക്ക് പ്രേരണയാകുന്നത്. ഉപഭോഗതൃഷ്ണയുടെ ഒരു സംസ്‌കാരശൈലിയിൽ
ആണ് നമ്മൾ ജീവിക്കുന്നത്. അതിനെതിരെ നിൽക്കുന്ന തീരുമാനങ്ങൾക്ക് നമ്മെത്തന്നെ പ്രാപ്തരാക്കാൻ
പരിശീലിക്കുകയെന്നത് ആത്മീയതയിലെ പ്രയോഗികമാനത്തിലൊന്നാണ്. ഒരു സാധാരണ വസ്തു വാങ്ങുന്നതു
പോലും ഒരു ധാർമിക പ്രവൃത്തിയാകുന്നത് അങ്ങനെയാണ്. അത്തരം ആലോചനയോടും സൂക്ഷ്മതയോടും
ശ്രദ്ധയോടെയും ചെയ്യേണ്ടതാണ് കൊടുക്കൽ-വാങ്ങലുകൾ.
മനുഷ്യരെ ദൈവം അറിഞ്ഞതുകൊണ്ടാണ് നമ്മിലൊരുവനാകുവാൻ
ദൈവം ആഗ്രഹിച്ചത്. എലിസബത്തിന്റെ അടുത്തേക്ക് മറിയം ഓടിച്ചെല്ലുന്നതും അവളുടെ കുറവുകൾ
ഗ്രഹിച്ചുകൊണ്ടാണ്. അപമാനിതയാക്കപ്പെടാമായിരുന്നവളെ ദൈവമാതാവായി തിരിച്ചറിയാൻ എലിസബേത്തിനു
കഴിഞ്ഞതും വിശുദ്ധിയുടെ നിർവചനങ്ങൾ അതിലംഘിക്കുന്ന സ്നേഹമുണ്ടായിരുന്നതുകൊണ്ടാണ്. ദൈവവചനത്തെ
ഗർഭംധരിച്ചു മാംസരൂപം നൽകുന്ന ആരുടെയും ഹൃദയത്തിലും വാൾ കടന്നുപോകുന്ന വേദനയുണ്ടാകും
എന്ന ദീർഘദർശനം, ജീവിതത്തിന്റെ ലളിതമായ അവസ്ഥകളിൽ ദൈവത്തോടൊത്തു ജീവിച്ച അനേകരുടെ ജീവിതസത്യങ്ങളെ
ധ്യാനിച്ചതിന്റെ ഫലമാകാം. ഒരിക്കലും കാണാത്തവർ പോലുമായ ആർക്കൊക്കെയോ വേണ്ടി നന്മ ആഗ്രഹിച്ചു
പ്രാർത്ഥിക്കുന്ന അനേകരിലും പ്രകടമാകുന്ന ആഗ്രഹം മറിയം കാത്തിരുന്ന അതേ നന്മയാണ്. അഗ്രാഹ്യമെങ്കിലും
നിന്റെ വാക്കുകൾ എന്നിൽ ഭവിക്കട്ടെ എന്നത് ദൈവനന്മയിൽ അർപ്പിക്കപ്പെടുന്ന ആശ്രയത്തിൽ
നിന്ന് ലഭിക്കുന്ന ധീരത കൂടി പ്രതിഫലിപ്പിക്കുന്നു.
അത്യുന്നതന്റെ ശക്തി നിന്റെമേൽ വരും: മാനവികത, ദൈവികത, ദൈവത്വം, ചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ ജീവവഴികളിലോ ഉള്ള സത്യത്തിന്റെ നിർമ്മലതകൾ ഇവയെക്കുറിച്ചുള്ള ആത്മാർത്ഥമായ അന്വേഷണം വചനത്തിനു ശരീരഭാഷ നൽകാൻ ഓരോരുത്തർക്കും ആവശ്യമാണ്. സ്വയം ഇഷ്ടപ്പെടുന്ന മൂല്യങ്ങളും കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന വിവരങ്ങളാണ് നമ്മൾ ഇന്ന് സാധാരണ അന്വേഷിക്കുന്നത്. നമ്മുടെ നിഗമനങ്ങളെ സംതൃപ്തമാക്കുന്നവയെ സത്യമെന്നും, അല്ലാത്തവയെ വ്യാജവാർത്തകൾ എന്നും വേർതിരിക്കും. രാഷ്ട്രീയത്തിലും, മതങ്ങളിലും, വിശ്വാസങ്ങളിലും പോലും, ഇഷ്ടപ്പെടുന്ന തരത്തിലാണ് വിവരങ്ങൾ നൽകപ്പെടുന്നതും. ഇത്തരത്തിൽ നിബന്ധിതമായി മാറുന്ന കാഴ്ചപ്പാടുകൾ സാമൂഹികവും, ചരിത്രപരവുമായ യാഥാർത്ഥ്യങ്ങളെ അറിയുവാനുള്ള താല്പര്യക്കുറവുണ്ടാക്കുന്നു. സ്വതന്ത്രമാക്കുന്നതു സത്യമായതിനാൽ, അല്പസത്യങ്ങളിലും അർദ്ധസത്യങ്ങളിലും സത്യം ശൂന്യമാക്കപ്പെടുമ്പോഴും, സ്ഥാപിതതാല്‍പര്യങ്ങൾക്ക് വേണ്ടി 'സമാന്തരസത്യങ്ങൾ' സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ സമാധാനവും ആത്മീയതയും ഇല്ലാതാകും.
വിശേഷണങ്ങളില്ലാത്ത മനുഷ്യനെയും ദൈവത്തെയും തിരിച്ചറിയുകയാണ് ഇവിടെ തെളിയേണ്ട ആത്മീയത. സ്വയം അടച്ചുകളയുന്ന സമൂഹങ്ങളെയല്ല യഥാർത്ഥത്തിലുള്ള ആത്മീയത സൃഷ്ടിക്കുന്നത്; സ്വാതന്ത്ര്യമുള്ള സമൂഹങ്ങളെയാണ്. സത്യാനന്തരകാലത്തെ സമാന്തരസത്യങ്ങൾ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി വിവരണങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുമ്പോൾ മനുഷ്യനും ഭൂമിയും വലിച്ചു കീറപ്പെടുന്നു. മതം ഭാഷ വംശം സമുദായം തുടങ്ങിയവയെല്ലാം അതിനുപയോഗിക്കപ്പെടുന്ന ഉപകരണമായി മാറ്റപ്പെടുന്നു. ജനപ്രിയനായകർ വളർന്നു വരികയും, അവർ സമൂഹമെന്ന കുടുംബത്തെ വൈകാരികമായി ജ്വലിക്കുന്ന ജനക്കൂട്ടമാക്കുകയും ചെയ്യുന്നു. രാഷ്ട്രീയമായ ചേരിതിരിവ് സൃഷ്ടിക്കാനും വ്യക്തിപരമായ തീരുമാനങ്ങളെ സ്വാധീനിക്കുവാനും അവർക്കു കഴിയുന്നു. കേൾക്കാൻ ആഗ്രഹിക്കുന്നതു മാത്രം ശ്രദ്ധിക്കുക എന്നതിനപ്പുറം സത്യം എന്തെന്നറിയുവാൻ കാതോർക്കുകയെന്നത് ആത്മീയ തുറവിയാണ്.
യുദ്ധങ്ങളും ആയുധ വിപണനവും ലാഭമാര്ഗങ്ങളായി കാണുകയും, മറുവശത്ത് നന്മയെക്കുറിച്ചും
ലോകസമാധാനത്തെക്കുറിച്ചും വാചാലരാവുകയും ചെയ്യുന്നവരുടെ പ്രായോഗിക കപടതകൾ, ആദർശങ്ങളുടെ,
വിശ്വാസത്തിന്റെ പേരിൽ നമ്മൾ വഞ്ചിക്കപ്പെടാതിരിക്കണമെങ്കിൽ തിരിച്ചറിയേണ്ടതുണ്ട്.
അത്തരം പ്രചാരകരെയും, അവർ പടർത്തുന്ന വിഷത്തെക്കുറിച്ച് അറിഞ്ഞിട്ടും മൗനം പാലിക്കുന്നവരെയും,
കാലം, 'പന്തിയോസ് പീലാത്തോസിന്റെ കാലത്ത്' എന്ന് കൂട്ടിച്ചേർക്കുന്നതു പോലെ ഓർത്ത്
വ്യസനിക്കും. വിഭാഗീകതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന വിവരണങ്ങൾ, ബോധ്യപ്പെടുത്തുന്ന
കാരണങ്ങളോടെ തന്നെ, ഈ കാലത്ത് ആവർത്തിച്ചു കേൾക്കുന്നവയാണ് (വിങ്ങുന്ന ചില വികാരങ്ങളെയാണ്
ഇത് ബോധ്യപ്പെടുത്തുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്). എന്നാൽ, സംഘർഷം സൃഷ്ടിക്കുന്നവരുടെ
താല്പര്യങ്ങളെ തിരിച്ചറിയുകയും അത് എത്ര മാത്രം പ്രബലമായിക്കഴിഞ്ഞെങ്കിൽക്കൂടി, സമാധാനത്തിനു
വേണ്ടി പ്രയത്നിക്കുകയും ചെയ്യുകയെന്നതാണ് ആത്മീയ സമീപനം. യുദ്ധം ചെയ്യുന്നവരുടെയും
ആയുധം വില്കുന്നവരുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭങ്ങൾ കാണുകയും ചിലപ്പോൾ ന്യായീകരിക്കുകയോ
എതിർക്കുകയോ ചെയ്യുന്നവരാണ് നമ്മൾ. നമ്മിൽ ജ്വലിക്കുന്ന യുദ്ധമോഹങ്ങളെ അലിയിച്ചു കളയുക
എന്നത് ആത്മീയതയുടെ ആഴമാണ്. സംഘർഷങ്ങളുടെയും
അക്രമങ്ങളുടെയും എണ്ണം നിരത്തി പക ഊതിക്കത്തിക്കുന്നവർ ആഗ്രഹിക്കുന്നത് നമുക്കോ മൊത്തത്തിലോ
ഉള്ള നീതിയോ സമാധാനമോ അല്ല അവരവരുടെ അജണ്ടകളാണ്. അത്തരക്കാരായിരുന്ന ഹേറോദേസും അയാളെ
പ്രീണിപ്പിച്ചു കൊട്ടാരത്തിന്റെ സൗഭാഗ്യങ്ങളിൽ കഴിഞ്ഞ മതനേതാക്കളും തിരുവെഴുത്തിനെ
ഉപയോഗിച്ചത് പോലും തങ്ങളുടെ വഴിയിൽ വരുന്ന മനുഷ്യപുത്രനെ ഇല്ലാതാക്കാനാണ്. പ്രകൃതിയുടെ
നന്മകളിൽ പോലും അടയാളങ്ങൾ കണ്ട സത്യാന്വേഷികൾ തീർത്തും അപ്രതീക്ഷിതമായ രൂപത്തിൽ മനുഷ്യപുത്രനെ
ആരാധ്യനായി തിരിച്ചറിയുകയും ചെയ്തു. സത്യം നിഗൂഢമായ രഹസ്യമല്ല, വെളിപ്പെട്ടിട്ടുള്ള
രഹസ്യമാണ്. തുറന്ന ഹൃദയത്തോടെ അന്വേഷിക്കുന്നവർ അത് തിരിച്ചറിയുകതന്നെ ചെയ്യും.
നിന്നിൽനിന്നു ജനിക്കുന്നവൻ പരിശുദ്ധനായിരിക്കും: ജീവനുവേണ്ടി നിലനിൽക്കുകയെന്നതും ആത്മീയതയുടെ ഭാഗമാണ്. ‘ജീവൻ’ എന്നത് രാഷ്ട്രീയലാഭം കാണുന്ന ആദർശമായി മാറ്റപ്പെടുമ്പോൾ അതിന്റെ ആഴങ്ങളും അർത്ഥവ്യാപ്തിയും നഷ്ടപ്പെടുന്നു. ക്രിസ്തുസമാനമായതും, എന്നാൽ ഒരു മുന്നേറ്റത്തിന്റെ ഭാഗമാകുന്നതിനേക്കാൾ വെല്ലുവിളിയുയർത്തുന്നതും, എളിയ ചില സമീപനങ്ങളാണ്. ആശ്വസിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, മറ്റുള്ളവരുടെ ഭാരങ്ങൾക്ക് ഒരു കൈത്താങ്ങ് നൽകാനും കഴിയുന്നത് ജീവന്റെ ആത്മീയതയാണ്. മതങ്ങളും സംസ്കാരങ്ങളും ഒത്തുചേരുന്ന പുതിയ ലോകസമൂഹങ്ങളിൽ നമ്മൾ എല്ലാവരും സഹോദരങ്ങളാണെന്ന ബോധ്യവും, ആ സഹോദര്യം ജീവിക്കുന്നെന്ന് ഉറപ്പാക്കാനുള്ള പരിശ്രമങ്ങളും ജീവന്റെ പ്രവൃത്തികളാണ്. സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുകയും വെറുപ്പ് വളർത്തുകയും ചെയ്യുന്നവർ മരണത്തിന്റെ ദൂതരാണ്.
ഉത്ഭവം മുതൽ സ്വാഭാവിക മരണം വരെ ജീവൻ വിലപ്പെട്ടതാണ്. അതിന്റെ സുരക്ഷക്കായി നിലനിൽക്കണം. കുട്ടികളുടെ എണ്ണം എന്നതുപോലെതന്നെ, കുട്ടികളെ ദത്തെടുക്കുന്നതിലും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ വളർച്ചയിൽ സഹായിക്കുന്നതിലും ആവശ്യമായ ഊന്നൽ നൽകി അവയിലെ ആത്മീയതലം മനസിലാക്കുന്നതും ജീവന്റെ വളർച്ചയിലുള്ള തല്പരതയിലെ ആത്മാർത്ഥത കാണിക്കുന്നു. ഉള്ളവർ ഇല്ലാത്തവർക്ക് ഉദാരമായി നൽകുന്നതും ജീവന്റെ പ്രവൃത്തി തന്നെയാണ്. ആവശ്യമായ പോഷകാഹാരം ലഭിക്കാത്തതു മൂലം ഗർഭാവസ്ഥയിൽ മരിക്കുന്ന അനേകം കുഞ്ഞുങ്ങളുണ്ട്. അവരുടെ 'ജീവന്റെ' മൂല്യം കാണാൻ നമ്മുടെ നിലപാടുകൾ മടികാണിക്കുന്നുണ്ടോ എന്നതും ചിന്തിക്കണം. വിദ്യാഭാസത്തിനു കഴിയാത്തവർക്ക് അതിനു സൗകര്യമൊരുക്കുന്നതും, വരുമാനമാർഗത്തിനു വഴി തെളിക്കുന്നതും ജീവന്റെ വഴികളാണ്. കുടുംബാംഗങ്ങളോടു കൂടെ ആയിരിക്കാനും പരസ്പരം കേൾക്കാനും സാമീപ്യം പകരാനും കഴിയുന്നത് ജീവന്റെ ആത്മീയ അനുഭവമാണ്.
ഖനനത്തിനും മറ്റുമായി സ്വന്തം
വാസസ്ഥലങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നവരും, നിസ്സഹായരുമായ ഗോത്രവർഗക്കാരും തദ്ദേശീയ
വാസികളും ലോകമെങ്ങും കൂടുകയാണ്. ജീവൻ വേട്ടയാടപ്പെടുന്നവർക്കു വേണ്ടി നിലകൊള്ളേണ്ടത്
ജീവനെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. ജീവൻ നിലനിർത്താനാവശ്യമായ പരിതഃസ്ഥിതിയെ
കാത്തുസൂക്ഷിക്കുക എന്നതും അതിനായുള്ള പ്രയത്നങ്ങൾ നടത്തുക എന്നതും ജീവന് വേണ്ടിയുള്ള
നിലപാടുകളുടെ ഉരകല്ലാണ്. ആത്മാക്കൾ ഭൂമിയിൽ വന്നു ശരീരമെടുത്തവരല്ല മനുഷ്യർ. ഭൂമിയിലെ
മണ്ണിൽ നിന്ന് ജീവൻ പ്രാപിച്ചവരാണ് മനുഷ്യർ. ചുറ്റുപാടുകളെയും പ്രകൃതിയുടെ രഹസ്യങ്ങളെയും
ധ്യാനിക്കുവാനും അവയെ കരുതുവാനുള്ള ഉത്തരവാദിത്തം ദൈവം ഭരമേല്പിച്ചിരിക്കുന്നതായി ഏറ്റെടുക്കുവാനും
കഴിയുന്നത് ജീവന്റെ ആത്മീയതയാണ്. ഈ വഴികളിലോരോന്നിലും ജീവന്റെ മൂല്യവും മഹത്വവും മനുഷ്യാവതാരപ്രക്രിയയും അടങ്ങിയിരിക്കുന്നു എന്ന് ഗ്രഹിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മളും ദൈവ സന്നിധിയിൽ കൃപ കണ്ടെത്തിയവരാണ്.
സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല: ഹൃദയശുദ്ധിയുള്ളവർക്കേ വിലപിക്കുന്നവരെ കാണാനും അവരെ ആശ്വസിപ്പിക്കാനും
കഴിയൂ. സഹാനുഭൂതിയുടെ ശുശ്രൂഷകൾ പാവങ്ങൾക്ക് സഹായമെത്തിക്കുന്നതിലും വിസ്തൃതമാണ്. കാരുണ്യം
പകരുന്നവർ, ആശ്വസിപ്പിക്കുന്നവർ കഷ്ടപ്പാടനുഭവിക്കുന്നവരുടെ ദുരവസ്ഥയിലേക്കു നയിക്കുന്ന
സംവിധാനങ്ങളെ നിഷ്ക്രിയമാക്കുവാൻ ക്രിയാത്മകമായ പ്രയത്നങ്ങൾകൂടി നടത്തുന്നവരാണ്. വിലപിക്കുന്നവർ,
അവർക്കു നഷ്‌ടമായ പ്രിയപ്പെട്ടവരെ ഓർത്ത്, നഷ്‌ടമായ വാസസ്ഥലവും ചരിത്രവും സംസ്കാരവും
ഓർത്ത്, തകർക്കപ്പെട്ട ഭാവിയെ ഓർത്ത്, വിലപിക്കുന്നവരാണ്. അവരെത്തന്നെ നഷ്ടപ്പെടുന്നതിനെക്കുറിച്ചും
വിലപിക്കുന്നവരുണ്ട്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരായിരുന്നു സാധാരണയായി ഉപേക്ഷിക്കപ്പെടുന്നത്.
ഇന്ന് വിട്ടുകളയപ്പെടുന്നവർ രജിസ്റ്ററിൽ പേര് ചേർക്കപ്പെടാത്തവരോ ജീവിക്കാൻ സ്ഥലമില്ലാത്തവരോ
മാത്രമല്ല. സമ്പന്നശക്തികളുടെ പദ്ധതികൾക്കനുസരിച്ച് ആട്ടിയിറക്കപ്പെടുന്നവരാണ്. അവർ
ഈ ലോകത്ത് ആരുമല്ല എന്ന് അവർക്കറിയാം. ഇന്ത്യയിലോ അമേരിക്കയിലോ പാവങ്ങൾ 'കാണപ്പെടുന്നില്ല.'
പരിതാപകരമായ അവസ്ഥയിൽ മനുഷ്യക്കോലങ്ങൾ കാണപ്പെടുന്നെങ്കിൽ അവർ ജനത്തിന്റെ എണ്ണത്തിൽ പെടുന്നവരല്ല,
അവർ സാമ്പത്തികഘടനകളും സംസ്കാരവും ചവറ്റുകൂനയിൽ ഉപേക്ഷിച്ച മാലിന്യങ്ങളാണ്. സ്ഥാപനവത്കരിക്കപ്പെട്ട
അന്യായവ്യവസ്ഥിതികൾ അവർക്കുവേണ്ടി ശബ്ദമുയർത്താൻ ആരെയും അനുവദിക്കില്ല. ഈ വിലാപങ്ങളെ,
ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയോ മണ്ണിൽനിന്ന് മനുഷ്യനെ രൂപപ്പെടുത്തിയ രഹസ്യത്തിന്റെയോ
നേർത്തട്ടിൽ വച്ചുകൊണ്ട് നമ്മെ തീർത്തും അസ്വസ്ഥമാക്കുന്ന ധ്യാനചര്യ ശീലിച്ചെങ്കിലേ
ആ വിലാപങ്ങളിലുള്ള ക്രിസ്തു ശരീരവും രക്തവും നമുക്ക് തിരിച്ചറിയാനാകൂ. നീതിക്കുവേണ്ടി
വിശപ്പു സഹിക്കുന്നവർക്കേ ജീവന്റെ അപ്പത്തിന് അവകാശമുള്ളൂ.
ദൈവത്തിനു മഹത്വം; സന്മനസുള്ളവർക്കു സമാധാനം: പരസ്പരം കണ്ടില്ലെന്നു നടിക്കാനോ, അവഗണിച്ചു മുമ്പോട്ട് പോകാനോ ആത്മീയരെങ്കിൽ നമുക്ക് കഴിയില്ല. ഭവനരഹിതരും, രോഗികളും വിദ്യാഹീനരുമായ അനേകരെ അറിയാവുന്നവരാണ് നമ്മൾ. അവരുടെ വളർച്ചയും നല്ല ജീവിതവും ഉറപ്പാക്കാൻ വേണ്ട കരുതലുകൾ സ്വീകരിക്കാൻ നമ്മുടെ ആത്മീയത നമ്മെ പ്രേരിപ്പിക്കട്ടെ. ഉള്ളിൽ സ്വയം ഒരുക്കുന്ന ഭീതി, പരായനെന്നു കരുതി വെറുക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരെ വെറുക്കുവാനായി മനസുകളിൽ കരുതിയില്ലെങ്കിൽ കൂടുതൽ കൂടുതൽ പാകപ്പെടും. അന്നുവരെ അവർക്കെതിരെ കരിങ്കൽച്ചീളുകൾ കൂട്ടിവച്ചു സ്വയം വേദനിപ്പിച്ചുകൊണ്ടിരിക്കും. അനേകർക്കർഹമായ ഉള്ളിന്റെ നന്മയെ വരണ്ടുപോകാൻ അനുവദിക്കരുത്. അവർക്കു വേണ്ടി ഹൃദയം തുറക്കുന്നത് അവർക്കും നമുക്കും അഭിഷേകത്തിന്റെ അഗ്നിയാകും. കഠിനതകൾക്കിടയിൽ, ചിലപ്പോൾ നിശ്ച്ചയിച്ചുറപ്പിച്ചു ചെയ്യുന്ന നന്മകൾ സമ്മുടെ ഉള്ളിൽത്തന്നെ കണ്ണീരു നിറയ്ക്കും. നീറുന്ന അനേകം വേദനകളെയും പൊള്ളലുകളെയും അത് സാന്ത്വനപ്പെടുത്തുകയും ചെയ്യും. പകരം അത്തരം നീറ്റലുകളിൽ ലഹരി നുണയുന്നവരാണ് നമ്മിൽ പലരും. നന്മയുടെ ആർദ്രതയില്ലാത്ത ഒരു തീക്ഷ്ണതയും വിശ്വസ്തതയും ദൈവികമല്ല. ഒരു ക്രിസ്തുവും അതിൽ നിന്ന് സന്തോഷിക്കുന്നുമില്ല.
വ്യക്തിയോ, രാഷ്ട്രമോ ദേശമോ ആയി സ്വന്തം താല്പര്യങ്ങൾക്കപ്പുറം
പൊതുവായ നന്മയെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത് വളരെ ആവശ്യമാണ്. കൂട്ടിച്ചേർക്കേണ്ടവയെയൊക്കെ,
അറ്റുവീഴുന്ന കണ്ണികളാക്കി പരസ്പരം അകലുന്നതിൽ അഭിമാനിക്കാവുന്ന സ്വത്വബോധം ഒന്നും
തന്നെയില്ല. പ്രകൃതിദുരന്തങ്ങളും, നമ്മുടെ
തന്നെ പ്രവൃത്തികളുടെ പരിണിതഫലങ്ങളും എല്ലാവർക്കും അഭിമുഖീകരിക്കേണ്ടതായി വരുന്നു.
ഒരു കുടുംബമായി സ്വയം മനസ്സിലാക്കിക്കൊണ്ട് സഹവർത്തിത്തത്തോടെ മുന്നോട്ടു പോകാൻ ആയെങ്കിലേ
പഴയ ശത്രുതകളിലേക്ക് തിരികെ പോകാതിരിക്കാൻ നമുക്കു കഴിയൂ. ഒരുമിച്ചു ചിന്തിക്കുകയും
പ്രവർത്തിക്കുമ്പോഴും ചെയ്യുമ്പോഴേ ഓരോരുത്തരുടെയും ഉള്ളിലുള്ള നന്മകളെ നമുക്ക് തിരിച്ചറിയാനും
പരസ്പരമുള്ള സംശയങ്ങൾ ദൂരീകരിക്കുവാനുമാകൂ. ഇവക്കുവേണ്ടി പ്രതിദിനം നടത്താൻ
കഴിയുന്ന ചെറിയ പ്രയത്നങ്ങളാണ് ആത്മീയതയിൽ വളരെ ആഴത്തിൽ നമ്മെ ശക്തിപ്പെടുത്തുന്നത്.
ഭീകരമുഖങ്ങളിൽ പോലും, നന്മ ചെയ്യുവാൻ മനുഷ്യന് കഴിയുന്നു
എന്നതാണ് മനുഷ്യന്റെ ആഴം. മുറിപ്പെടുത്തിയവനെയും ഹൃദയത്തിൽ സ്വീകരിച്ചു ഭക്ഷണം നൽകുകയാണ്
മനുഷ്യനിലെ ദൈവികത - യഥാർത്ഥ മാനുഷികത. നന്മ വെളിവാകുന്നത് സാഹസത്തിലും പുകഴ്ത്തപ്പെടുന്ന
പ്രവൃത്തികളിലുമല്ല ജീവിതത്തിന്റെ ലളിതമായ സമീപനങ്ങളിലാണ്. ആ നൈർമ്മല്യങ്ങളിലാണ് ദൈവമഹത്വം
മനുഷ്യൻ അടുത്ത് കാണുന്നത്. ആ നിർമ്മലതകൾ സ്വന്തം വഴികളിൽ ഉറപ്പു വരുത്താതെ ഭക്തഗണത്തിന്റെ
വലുപ്പത്തിലും, യാഗബലിയുടെ പെരുമയിലും ഗാനങ്ങളുടെ ഈണത്തിലും കൊഴുക്കുന്നത് സ്വന്തം
മഹത്വവും അനുഭൂതികളുമാണ്. രാജകുമാരനുള്ള രത്നഭണ്ഡാരത്തെക്കുറിച്ചായിരുന്നില്ല മാലാഖയുടെ
സന്ദേശം. തങ്ങൾക്കായി "ഒരു ശിശു പിറന്നിരിക്കുന്നു," ആ ശിശുവിൽ ദൈവമഹത്വം
അവർ കണ്ടു. ആട്ടു മേയിച്ചു നടന്ന പാവപ്പെട്ടവർക്ക് എന്ത് ശുഭപ്രതീക്ഷയാണ് ആ ശിശു നൽകിയത്? അന്ന് ആ രാത്രിയിൽ ആ ശിശുവിന് വേണ്ട പരിചരണം ചെയ്തു കൊടുത്തത്, കണ്ണുതെറ്റിയാൽ കിട്ടിയത് തട്ടുന്ന, സ്ഥലവും കുടിയുമില്ലാത്ത ആട്ടിടയരാവാം. മരണസമയത്ത് മറ്റൊരു കള്ളൻ അവനായി നല്ല അയൽക്കാരനായി. അവനുവേണ്ടി ഹൃദയത്തിൽനിന്ന് പറുദീസാ തുറന്നു കൊടുക്കുവാൻ ക്രിസ്തുവും മനസ്സായി. സ്വയം നൽകാനും, മറ്റുള്ളവരിൽ കാണാനും കഴിയുന്ന നന്മകളിലാണ് മുന്നോട്ടുള്ള പ്രതീക്ഷ നിലകൊള്ളുന്നത്. ജെറുസലേമിന്റെ മോടികളെക്കാളും
കാലിത്തൊഴുത്തിന് ഹൃദ്യത പകരുന്നതും അവിടെയെത്തിയവരുടെ നന്മകളാണ്. ആ നന്മയാണ് സമാധാനഗീതമായി
ഉയർന്നു പൊങ്ങിയത്.
ഇതാ കർത്താവിന്റെ ദാസി: ഓരോ യാഥാർത്ഥ്യവും സംഭവവും നൽകുന്ന പ്രചോദനങ്ങളുണ്ട്. നമ്മെ മുമ്പോട്ട്
നയിക്കുന്നതോ, ഒരു തലമുറയെത്തന്നെ തകർത്തുകളയുന്നതോ ആയവ നമുക്ക് നേരിൽ കാണാവുന്നതാണ്. സ്ഫോടനങ്ങളുടെ
പ്രകമ്പനശബ്ദം, പൊള്ളിയും അവയവങ്ങൾ അറ്റുവീണും നീറിയും രക്തമൊലിപ്പിച്ചും ഞരങ്ങുന്ന
മനുഷ്യരും മൃഗങ്ങളും, കരയാൻ പോലുമാകാതെ പേടിച്ചു കണ്ണുതുറിച്ചിരിക്കുന്ന കൊച്ചു കുഞ്ഞുങ്ങൾ....
ഒരിക്കലും അത് ഒരു നല്ല ചിത്രമല്ല. നമ്മിൽ അത് ഒരു തേങ്ങലുണർത്തുന്നില്ലെങ്കിൽ രക്ഷകന്റെ
പരിത്രാണകർമ്മത്തിൽ നമുക്ക് പങ്കുചേരാനാവില്ല. അനീതികളിൽ നിന്നും സ്വാർത്ഥതയിൽ നിന്നും
ജനിക്കുന്ന ഇത്തരം വേദനകൾ ആവർത്തിക്കാതിരിക്കേണ്ടതിന് ഈ നിസ്സഹായ ചിത്രങ്ങൾ പകർന്നു
നൽകുന്ന പ്രേരണകൾക്കു ഹൃദയം തുറന്നു നൽകണം. നമ്മൾ അടുത്തുള്ളവരോട് ചെയ്യുന്നതിന്റെ
പ്രതിഫലനങ്ങൾ തന്നെയാണ് തോത് കുറഞ്ഞോ കൂടിയോ ദൂരെ നിന്നും കാണപ്പെടുന്നത്. തനിക്കു
എന്ത് ചെയ്യുവാൻ കഴിയുമെന്നോ താൻ എങ്ങനെ ഇതിൽ ഉത്തരവാദിയാണെന്നോ ഉള്ള ഉദാസീനത ആത്മീയമല്ല.
ബൗദ്ധികമായോ, കലാപരമായോ, സാമൂഹിക മുന്നേറ്റങ്ങളിലൂടെയോ ആന്തരിക പ്രചോദനങ്ങൾക്ക് കൃപയിൽ
നിറഞ്ഞ മനുഷ്യാവതാരം നൽകാം. അപ്പോൾ വേദനിക്കുന്ന ലോകത്തിനു ക്രിസ്തുസ്പർശം അനുഭവ വേദ്യമാകും.
ആത്മീയതയയുടെ അർത്ഥം നമ്മിലൂടെ പ്രവൃത്തികളാകുന്നത് കാണുവാനും കഴിയും.
ആൾബലം കൊണ്ടും അധികാരസ്വാധീനം കൊണ്ടും ക്രിസ്തു രൂപപ്പെടുന്നില്ല,
ക്രിസ്തുരൂപീകരണം കൃപയുടെ പ്രവൃത്തിയാണ്. സമൂഹം, ആചാരാനുഷ്ഠാനങ്ങൾ, ഭക്തി, പാരമ്പര്യം
എന്നിവയൊക്കെ ഈ രൂപീകരണത്തെ സാധ്യമാക്കേണ്ടവയാണ്. എന്താണ് നമ്മൾ രൂപപ്പെടുത്തുന്നത്
എന്നത് ആത്മശോധനക്ക് ഇടം നൽകുന്നതാണ്. മെച്ചപ്പെട്ട ഉത്പന്നങ്ങൾ തേടുന്ന ഉപഭോക്താക്കൾക്കു വേണ്ടിയെന്ന പോലെ, മെച്ചപ്പെട്ട അനുഭവങ്ങൾ സൃഷ്ടിക്കുന്ന ക്രിസ്തു-ഉത്പന്നങ്ങളെ സൃഷ്ടിച്ചു നൽകുവാൻ മികവ്
കാട്ടുന്നവർക്കാണ് ഇന്ന് ശ്രോതാക്കളേറെയും. അവിടെ യഥാർത്ഥ ക്രിസ്തു ഒരു വെല്ലുവിളി
തന്നെയാണ്.
തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും: ആധുനിക ലോകത്തിന്റെ രൂപങ്ങളും ദിശയും ഗതിവേഗങ്ങളും വളരെ സങ്കീർണ്ണമാണ്.
കോവിഡ് പോലെ, ആകസ്മികമായ അനിശ്ചിതത്വങ്ങൾ നമ്മൾ കൊണ്ട് നടക്കുന്ന ഒട്ടനവധി കപടതകളും പൊള്ളയായ അഹന്തകളും
പുറത്തു കൊണ്ടുവരുന്നു. ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും
പുതുമ കണ്ടെത്തുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ അനിശ്ചിതത്വങ്ങളിലും സങ്കീർണ്ണതകളിലും ഉലയാതെ,
നിരാശയിൽ സ്വയം അടച്ചു കളയാതെ പുതിയ ചക്രവാളങ്ങൾ തേടുവാനും പുതിയ വാതിലുകൾ തുറക്കുവാനും
നമുക്ക് കഴിയും. അനിശ്ചിതത്വങ്ങൾ നമ്മുടെ ചിന്തകളും സങ്കല്പങ്ങളും ഉടച്ചു കളയുമ്പോൾ
നമ്മൾ ചേർത്തുവച്ചിരിക്കുന്ന സങ്കല്പങ്ങളെ മറികടന്ന് ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ
സമീപനങ്ങളെ പുതുതായി കാണുവാൻ ഒരു അവസരമാണത്. ആ ഉൾക്കാഴ്ചകളിൽ നിന്ന് ഓടിയൊളിക്കരുത്;
കപടമായ 'ആത്മീയ' നിർവൃതികളിൽ പോലും.
'സെക്കുലർ' സാഹചര്യങ്ങളിൽ ദൈവസ്പര്ശമുണ്ട് എന്നത് തിരിച്ചറിയാൻ മടി കാണിക്കുന്നവരാണ് ഏറെയും. എന്നാൽ ജീവിക്കുന്ന സാധാരണ അവസ്ഥകളിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ വ്യക്തികളെയും കുടുംബങ്ങളെയും ബൈബിളിൽ ഉടനീളം കാണാം. നമ്മുടെ ഓരോ നിമിഷത്തിലെയും ഇടപെടലുകളിൽ നമുക്കരികെ വന്നുപോകുന്ന അനുദിനവിശുദ്ധരുടെ സാന്നിധ്യങ്ങളും അവർ പകർന്നു നൽകുന്ന ഉപകാരങ്ങളും ധ്യാനിക്കപ്പെടണം. കച്ചവടക്കാർ, തൊഴിലാളികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ അങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലായിരുന്നുകൊണ്ട് സ്വന്തം ആത്മാർത്ഥതയിൽ ദൈവമഹത്വം തെളിച്ചു കാട്ടുന്നവരാണവർ. ദൈവം പകരുന്ന പ്രത്യാശയെ 'വിശുദ്ധസ്ഥലങ്ങളി'ലേക്കു ഒതുക്കിനിർത്താവുന്നതല്ല. നമ്മൾ നിർവ്വചിച്ചിരിക്കുന്ന വിശുദ്ധസ്ഥലങ്ങൾ മാത്രമാണ് ദൈവകൃപയുടെ ഉറവിടങ്ങൾ എന്ന് അർത്ഥവുമില്ല. അത് അവയുടെ മതപരമായ പ്രാധാന്യം മൂലം അപ്രകാരം നിർവചിക്കപ്പെട്ടവയാണ്. എങ്ങനെയും എവിടെയും ദൈവം നമുക്ക് തന്നെത്തന്നെ നൽകാം. അപരിചിതവും അപ്രതീക്ഷിതവുമായവയെ സ്വീകരിക്കുവാൻ നമുക്ക് കഴിയണം. വിശ്വസനീയമായ ശാസ്ത്രത്തെ വിശ്വസിക്കുക എന്നതും ആത്മീയതയിലെ തുറവിതന്നെയാണ്. പൊതുനന്മയെ ലക്ഷ്യമാക്കുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുകതന്നെ വേണം. അവയെ അവഗണിച്ചുകൊണ്ടുള്ള വിശ്വാസപ്രകടനപരതയും അന്ധമായ ഭക്തിതീക്ഷ്ണതയും മതതീവ്രതയും ആത്മീയതയല്ല കാണിക്കുന്നത്, മറിച്ച് സങ്കുചിതാവസ്ഥയാണ്. വായന പ്രോത്സാഹിപ്പിക്കാനും, ക്രിയാത്മകവിമര്ശനത്തോടെ കാര്യങ്ങളെ നോക്കിക്കാണാനും, ചരിത്രത്തിനും, ശാസ്ത്രത്തിനും പ്രാധാന്യം നൽകുവാനും, സമൂഹത്തിനെ നന്മക്കു വേണ്ടി ആവശ്യമായ സഹകരണങ്ങൾ വളർത്തുവാൻ വഴികൾ ആലോചിക്കുവാനുമൊക്കെയുള്ള പ്രയത്നങ്ങൾ ആരോഗ്യമുള്ള ആത്മീയതക്ക് ആവശ്യമാണ്. പ്രായത്തിനും അഭിരുചികൾക്കും അനുസരിച്ച് എത്ര വേഗം ഒരു വ്യക്തിക്ക് ഇവ പ്രാപ്തമാക്കാമോ നല്ല ഒരു തലമുറയുടെ വളർച്ച നമുക്ക് ഉറപ്പാക്കാം.
ക്രിസ്തുകേന്ദ്രീകൃതമായ സമൂഹമാകുന്നതും ക്രിസ്തുരൂപത്തിലേക്കു
ഒരു സമൂഹമായി വളരാൻ നമ്മെ സഹായിക്കുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്. കാലഘട്ടത്തിന്റെ
സങ്കീര്ണതകളിൽ ആത്മാവ് തന്നെ ഘടനകളെയും ഹൃദയങ്ങളെയും അസ്വസ്ഥമാക്കിയെന്നു വരാം. ഭൂമുഖം
നവീകരിക്കുന്ന പരിശുദ്ധാത്മാവ് തന്റെ ദാനങ്ങളോട് സഹകരിക്കുന്നവരിലൂടെ ശാന്തതയും ഐക്യവും
പുതുസൗന്ദര്യങ്ങളിൽ പകർന്നു നൽകും. അവിടെ മറുതലിപ്പു കാണിക്കുന്ന ഘടനകൾ കാലഹരണപ്പെട്ടു
ജീർണ്ണത പ്രാപിക്കുകയേയുള്ളു. സ്ഥാപനവത്കൃതമാകുന്ന ഘടനകളിൽ പരിശുദ്ധാത്മ ചൈതന്യത്തിന്
ഇടം ഉറപ്പാക്കുകയെന്നത് ആത്മീയതയിൽ പ്രധാനമാണ്. വ്യക്തിപ്രഭാവത്തിലോ, സ്വയം ചുരുങ്ങുന്ന സമൂഹങ്ങളിലോ അവരവരിലേക്കു കേന്ദ്രീകൃതമാകുന്ന അവസ്ഥകളാണ്
അസ്വസ്ഥതകളും വിഭജനങ്ങളുമുണ്ടാക്കുന്നത്.
ദാവീദിന്റെ സിംഹാസനത്തിൽ എന്നേക്കും ഭരണം നടത്തുന്നവൻ, പരിശുദ്ധൻ, വലിയവനായവൻ ... സ്വപ്നങ്ങളും സങ്കല്പങ്ങളും മായികരൂപങ്ങളിൽനിന്ന് യാഥാർത്ഥ്യങ്ങളിലേക്കെത്തുമ്പോഴേക്കും ആ കൊച്ചു കുടുംബത്തിന് നിശബ്ദതയോടെ സ്വയം പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. രാജസൈന്യങ്ങളുടെ സുരക്ഷ ഇല്ലായിരുന്നു എന്ന് മാത്രമല്ല, അവർക്ക് രാജാവിന്റെ വാളിന്റെ ഭീതിയിലുമാകേണ്ടി വന്നു.മേഘങ്ങളിലും, പുകച്ചുരുളിലും വെളിപ്പെടുന്നവൻ പിള്ളക്കച്ചകൾ കൊണ്ട് പൊതിയപ്പെട്ട് ഒരു അമ്മയുടെ കൈയിൽ, പാവങ്ങളായ ആട്ടിടയരുടെ പരിചരണങ്ങൾ സ്വീകരിച്ച് കാണപ്പെട്ടു. അവനെ അന്വേഷിച്ചെത്തിയ ജ്ഞാനികൾ വിദേശികളായിരുന്നു. അവർക്ക് അന്യദേശത്ത് അഭയാർത്ഥികളാവേണ്ടി വന്നു. അതിവിശുദ്ധസ്ഥലത്തെ രഹസ്യങ്ങളുടെ തിരശ്ശീലയില്ലാതെ മിശിഹാ എല്ലാവരുടെയും അടുത്ത് ചെന്നു. ബലികളുടെയും കാഴ്ചകളുടെയും വ്യവസ്ഥകളില്ലാതെ ദൈവപുത്രൻ മടിയിലിരുന്നു. വിജാതീയരുടെ നഗരമായിരുന്ന ഗലീലി സ്വന്തം വാസസ്ഥലമാക്കി, പരിഗണിക്കപ്പെടാത്തവരെ കൂടെ നടത്തി. അവന്റെ അടുത്തെത്തിയവർ വന്നെത്തിയത് ഹൃദയവുമായാണ്, ധൂപാർച്ചനകളും കാഴ്ചകളും എന്നു വേണ്ട ഒരു വൈകാരികവിധേയത്വം പോലും അവൻ പ്രോത്സാഹിപ്പിച്ചില്ല.
ദൈവം പൂർണ്ണത നിത്യത തുടങ്ങി കുറെയേറെക്കാര്യങ്ങളിൽ കാഠിന്യമേറിയ ഭിത്തികളെ തകർത്തു പുറത്തു കടക്കുകയാണ് ആദ്യം വേണ്ടത്. സൂക്ഷിക്കുന്ന സങ്കല്പങ്ങൾക്കെല്ലാം ഒരിക്കൽ പുതിയ ഒരു വെളിച്ചം ആവശ്യമായി വന്നേക്കാം. ഭക്തിപരിവേഷങ്ങളുടെ പുറംമോടികളില്ലാതെ ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളുടെ ലാവണ്യത്തിൽ വചനം മാംസമാകുന്നത് നമ്മൾ തിരിച്ചറിയും. നന്മയിലും സ്നേഹത്തിലും, ഒരാളുടെ ജീവിതത്തിലേക്ക് ക്രിസ്തുവായി സ്വയം നൽകുവാൻ കഴിയുമെങ്കിൽ ആ നിമിഷം നൽകുന്ന പുളകം ആത്മാഭിഷേകം തന്നെയാണ്. വാക്കുകളിൽ പറയാത്ത "ഇതാ കർത്താവിന്റെ ദാസി" അതിലുണ്ട്. ആത്മനിർവൃതിയുടെ ഒരു നിമിഷത്തിനപ്പുറം മാലാഖമാരെയോ മുഴങ്ങുന്ന ദൈവസ്വരത്തെയോ പ്രതീക്ഷിക്കരുത്. പിന്നീട് എല്ലാം സാധാരണ ജീവിതത്തിന്റെ അനുദിന യാഥാർത്ഥ്യങ്ങളാണ്. വചനം മാംസമാകുന്നതും, വാക്കുകളിലും ചെയ്തികളിലും, സമീപനങ്ങളിലും, നിലപാടുകളിലും പിറക്കുന്നതും, ജ്ഞാനത്തിലും പ്രായത്തിലും കൂടുതൽ വളരുന്നതും നമുക്ക് കാണാം.
പിള്ളക്കച്ചകൾ കൊണ്ട് പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി:
ആ ആഗ്രഹങ്ങൾ ആത്മാർത്ഥമാണെങ്കിൽ, അവയിലേക്ക് വളരാനുള്ള
ദൈവസഹായത്തിലുള്ള ഉറപ്പ് 'ദൈവത്തിന്റെയും മനുഷ്യരുടെയും സത്യവും സ്നേഹവും അനുഭവിക്കുകയും
പരസ്പരം പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന' പ്രാർത്ഥനാനിമിഷങ്ങളിൽ നമുക്ക് ലഭിക്കും.
മനുഷ്യനെക്കുറിച്ചുള്ള സത്യം അറിയുകയും കേൾക്കപ്പെടുകയും ചെയ്യുന്നത് നമ്മെ സ്വതന്ത്രമാക്കും.
തളർച്ചകളും വീഴ്ചകളും വളർച്ചയും നേട്ടവും ഒക്കെ അവിടെ സ്നേഹത്തോടെ പങ്കുവയ്ക്കപ്പെടും.
സാന്ത്വനശബ്ദമായും പ്രോത്സാഹനമായും, കരുത്തായും ഉറപ്പായും, സ്വത്വബോധമായും നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും പല രീതികളിൽ
നമ്മോടു പറയുന്നത് ഇതാണ്, "ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ/പുത്രി."
പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പിൽ ശുശ്രൂഷ ചെയ്യാൻ വേണ്ട അനുഗ്രഹം നമുക്ക് നൽകാൻ (ലൂക്കാ 1: 74, 75 ): സൃഷ്ടിയിൽ നിറഞ്ഞു നിൽക്കുന്ന അനുഗ്രഹങ്ങൾ - അതിന്റെ രൂപവത്കരണപ്രക്രിയകളെക്കുറിച്ചുള്ള അറിവും, കണ്ടും കേട്ടും രുചിച്ചും സ്പര്ശിച്ചും ഗന്ധമറിഞ്ഞും കൊണ്ട് പ്രകൃതിയുമായി നമുക്കുള്ള നിരന്തര സമ്പർക്കവും - നമ്മുടെ ധ്യാനത്തിന്റെ ഭാഗമാകുന്നില്ലെങ്കിൽ ഇന്ന് മനുഷ്യൻ ഹൃദയത്തിൽ ഏറ്റം വളർത്തേണ്ട കൃതജ്ഞത എന്ന പുണ്യം എങ്ങനെ വളരും? നമ്മുടെ പ്രസംഗങ്ങളിലും, ലേഖനങ്ങളിലും, ചർച്ചകളിലും, പ്രകൃതിയോടുള്ള ആദരവ് ഉറപ്പു വരുത്തുന്നതും, ജീവനെ പരിപോഷിപ്പിക്കുന്നതും, കുടുംബങ്ങളെ സുസ്ഥിരമാക്കുന്നതും ജോലികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതും സാമൂഹിക സമത്വം ഉറപ്പാക്കുന്നതും, വരും തലമുറകളുടെ അവകാശങ്ങൾക്കുവേണ്ടി കരുതിവയ്ക്കുകയും ചെയ്യുന്ന കാഴ്ചപ്പാടുകളെയും മാതൃകകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ നമ്മിൽ പലരും ഈ കാര്യങ്ങളോട് ‘തിരഞ്ഞെടുക്കുന്ന’ ഒരുതരം ബധിരത കാത്തുസൂക്ഷിക്കുകയാണ്. ഈ മാതൃകകളെക്കുറിച്ചു ധ്യാനിക്കുകയും പങ്കുവയ്ക്കുകയും, ആശയങ്ങൾ തേടുകയും, ചെയ്യേണ്ടത് സമത്വത്തിലും സഹോദര്യത്തിലും വേരൂന്നിയ ഒരുമയുടെയും സ്നേഹത്തിന്റെയും സംസ്കാരം വളർത്തുവാൻ അത്യാവശ്യമാണ്. അത് സാധ്യമെങ്കിൽ നമ്മുടെ സാമൂഹിക സംവിധാനങ്ങളുടെ കീഴിൽ ഒരാൾ പോലും ഇരയാക്കപ്പെടുന്നില്ല എന്ന ഉറപ്പുള്ളപ്പോൾ നമുക്ക് ഒന്ന് ചേർന്ന് വിശ്വസാഹോദര്യത്തിന്റെ തിരുനാൾ ആഘോഷിക്കാം. ആ സമയം മനുഷ്യപുത്രന്റെ പിറവികളിൽ ‘സത്രത്തിൽ അവർക്കു ഒരു ഇടം ലഭിച്ചില്ല’ എന്ന ദൗർഭാഗ്യവും ഇല്ലാതാവും. അനിശ്ചിതത്വങ്ങളെ ലാഭങ്ങളിലേക്കു വഴിതിരിച്ചെടുക്കാനാണ് ഇന്നിന്റെ കൗശലങ്ങൾ. സമൂഹത്തിലെ മാത്സര്യങ്ങളും, പരാജയഭീതിയും, സ്നേഹരാഹിത്യവും, ഒറ്റപ്പെടലും, മാനസിക സമ്മർദ്ദങ്ങളും, സാമ്പത്തികപരാധീനതകളും മതങ്ങളും രാഷ്ട്രീയവും അവരുടെ ലാഭങ്ങളാക്കുകയാണ്. ബെത്‌ലെഹെമിലെ ഭവനങ്ങളും അത്തരം ഒരു സാധ്യത കണ്ടിരിക്കാം. ഭവനങ്ങളെ അവർ സത്രങ്ങളാക്കി. സത്രരൂപങ്ങളുള്ള നമ്മുടെ ബന്ധങ്ങളും ആലയങ്ങളും ഭവനങ്ങളാക്കപ്പെടുമ്പോൾ മാറ്റിനിർത്തപ്പെടേണ്ടവർക്കും അപരിചിതർക്കും വേണ്ടി പോലും അവ തുറന്നുകൊടുക്കുവാൻ നമുക്കാകും. ഒരുപക്ഷേ അവരിൽ നിന്ന് പിറക്കുന്നത് ദൈവപുത്രൻ ആവും. ആരുടെയൊക്കെ വിയർപ്പു വീണ പാടത്തു വിളഞ്ഞ അരിയാണ് ക്രിസ്മസിന് ചോറുവയ്ക്കാനിടുന്നത്. വേണ്ടത് കൃതജ്ഞതയാണ്. ആട്ടിടയരുടെ പരിചരണത്തിലാണ് ദൈവപുത്രനും അമ്മയും യൗസേപ്പും തിരുപ്പിറവിയുടെ രാത്രിയിൽ ആശ്വസിപ്പിക്കപ്പെട്ടത്. വിജാതീയ ജ്ഞാനികൾ കൊണ്ടുവന്ന സുഗന്ധ ദ്രവ്യങ്ങളും പൊന്നും മീറയും മാതാവ് സൂത്രത്തിൽ അടുക്കള വശത്തു പോയി എറിഞ്ഞു കളഞ്ഞുമില്ല. ഈജിപ്തിലെ ഭക്ഷണം കഴിച്ചാണ് നാളുകളോളം ദൈവപുത്രൻ വളർന്നത്.
‘ഇക്കോണമി ഓഫ് ഫ്രാൻസിസ്‌കോ’ എന്ന ദർശനം ജീവൻ പകരുന്ന, ആരെയും അവഗണിക്കാതെ എല്ലാവരെയും ഉൾപ്പെടുത്തുന്ന, കൂടുതൽ മാനവികമായ, പരിസ്ഥിതിക്കുവേണ്ടി കൂടുതൽ കരുതലുള്ള പുതിയ ഒരു മാതൃകക്കുവേണ്ടി ശ്രമിക്കുകയാണ്. കൂടാതെ, ഉയിർപ്പു ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ Urbi et Orbi സന്ദേശത്തിൽ, ഓരോരുത്തരുടെയും അവരവരുടെ കാര്യം മാത്രം നോക്കുന്ന, ചുറ്റും നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നവയല്ല എന്ന് കരുതുന്ന, സ്വയംകേന്ദ്രീകൃത മനോഭാവം വച്ച് പുലർത്തുന്ന, വിഭാഗീയ ചിന്ത വളർത്തുന്ന, അവഗണനയോടെ ബോധപൂർവം വിസ്മരിച്ചു കളയുന്ന (Indifference, self-centredness, division, and forgetfulness) സമീപനങ്ങൾ ഇനിയുള്ള ലോകത്ത് ഉണ്ടാവരുത് എന്ന് ഉറപ്പാക്കാം എന്ന ആഹ്വാനവുമുണ്ടായിരുന്നു. സുസ്ഥിതിയും ക്ഷേമവും ഉറപ്പുനൽകുന്ന വ്യവസ്ഥിതികളുടെ കപടഭാവങ്ങൾ നമുക്ക് മുമ്പിൽ അനാവരണം ചെയ്യപ്പെടുമ്പോൾ, അവരുടെ മുതലെടുപ്പിന് വിധേയമാക്കപ്പെടുന്ന സമൂഹത്തിനുമുമ്പിൽ ക്രിസ്തുചൈതന്യം നേര്കാഴ്ചയായി നൽകാൻ നമ്മെ പ്രാപ്തരാക്കാവുന്ന ദിശാബോധം നൽകുന്നവയാണ് അവ. ഒരു ക്രിസ്തുസമൂഹത്തിൽ സാക്ഷ്യമായി തെളിഞ്ഞു നിൽക്കേണ്ട മൂല്യബോധങ്ങൾ നമുക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവയെ കണ്ടെത്തി ധ്യാനിച്ച് പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതാണ് ആത്മീയത. ഇത്തരം ക്രിസ്തുസ്വഭാവത്തെ സൗകര്യപൂർവം മാറ്റിനിർത്തിക്കൊണ്ട് സാധ്യമാക്കാവുന്ന ക്രിസ്തീയത പ്രസംഗിക്കപ്പെടുകയും ധ്യാനിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാകാം മതാത്മകതയും ഭക്തിരൂപങ്ങളും പ്രാർത്ഥനായജ്ഞങ്ങളും ഏറുമ്പോഴും നമ്മിൽ (വ്യക്തിപരമായും സമൂഹമായും) കാണപ്പെടേണ്ട ക്രിസ്തു ലോകത്തിനു മുമ്പിൽ വെളിപ്പെടാത്തത്.
കുന്തുരുക്കത്തിന്റെയും വിശുദ്ധതൈലങ്ങളുടെയും പരിമളത്തോടെയല്ല
ദൈവപുത്രൻ നമുക്കിടയിൽ നടന്നത്. മാനുഷികബന്ധങ്ങളുടേയും ദൈവികപരിപാലനയുടെയും സൗരഭ്യം
അവൻ കാണിച്ചു തന്നു. പൂക്കളിലും കിളികളിലും
ശിശുക്കളിലും ആത്മീയരഹസ്യങ്ങളുടെ നിധി കാണിച്ചുതന്നു. അനുദിനജീവിതത്തിന്റെ നിർമ്മലതകളിൽ
ദൈവത്തിന്റെ ഹൃദയം അഭിഷേകം പകരുന്നത് നമുക്ക് കാണാം. സകലസൃഷ്ടജാലങ്ങളും ഒരു സമൂഹമായി
പരസ്പരം പരിപോഷിപ്പിക്കുമ്പോൾ വരാനിരിക്കുന്ന ക്രിസ്തുരൂപം അനുഭവവേദ്യമാകും.