Gentle Dew Drop

ഓഗസ്റ്റ് 24, 2025

നഷ്ടങ്ങൾ

ഒരു ദിവസം കൂടി കടന്നുപോയിരിക്കുന്നു. ചെലവഴിച്ചു തീർത്ത ഈ സമയം മുഴുവൻ ഹൃദയത്തിലേറ്റിയത് എന്തായിരുന്നു? ഏതാനം മങ്ങിയ ചിത്രങ്ങൾ ബാക്കിയാവുകയാണ്; ചിലപ്പോൾ നീറുന്ന കനലും പുകയും ... അമൂല്യമായ എന്തോ നഷ്ടപ്പെട്ടിരിക്കുന്നതിന്റെ ശൂന്യത ജീവിതത്തിന്റെ വലിയ ഒരു അംശം തന്നെ നീക്കിക്കളഞ്ഞിരിക്കുന്നു. പ്രകാശത്തെ തല്ലിക്കെടുത്തിയ ആ നഷ്ടങ്ങൾ വർണ്ണങ്ങളെ സ്വപ്നം കാണാൻ പോലും ഭയപ്പെടുത്തുന്നു. വഞ്ചനയോ ആഴത്തിലുള്ള തിരസ്‌കരണമോ ആഴത്തിൽ വേദനിപ്പിക്കുണ്ടാകാം. നയിക്കുവാനായി ഒരു മേഘത്തൂണോ ഉണ്ടായിരുന്നില്ല, ഇരുട്ടിൽ അഗ്നിസ്തംഭമോ ഉണ്ടായിരുന്നില്ല. നമ്മളുടെ സുരക്ഷിതത്വങ്ങളും, ഉറപ്പുകളും, ആശ്വാസങ്ങളുമെല്ലാം വെല്ലുവിളിക്കപ്പെടുന്നു, കാരണം നമ്മുടെ ജീവിക്കുന്നതിന്റെ അർത്ഥവും മൂല്യവും സ്വന്തമെന്ന അനുഭവവും, ഈ നഷ്ടപ്പെട്ടുപോയവയോടു ഒരിക്കൽ ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. നമ്മുടെ വ്യക്തിപരമായ ലോകത്തെ പുനർനിർമ്മിക്കാൻ നഷ്ടത്തിന്റെ ഈ അനുഭവം നമ്മളെ നിർബന്ധിക്കുന്നു. നമ്മളുടെ ഓർമ്മകളെ വീണ്ടെടുക്കാനും, ആ കഥയെ കൃപയോടെ വീണ്ടും പറഞ്ഞ് തുടങ്ങാനും ഇത് നമ്മളെ സഹായിക്കുന്നു. കൂടുതൽ മുറിവേല്പിക്കുന്നതാവാതെ, ആ നഷ്ടങ്ങളോട് സംസാരിക്കാനും അവയെ കേൾക്കാനും കഴിയട്ടെ. സാന്ത്വനവും സമാധാനവും നൽകുന്ന ആത്മസംഭാഷണങ്ങൾ...

എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ കൂടെ നടന്നു അവരുടെ നഷ്ടങ്ങളുടെ വേദനയെ ക്രിസ്തു പുനർവ്യാഖ്യാനിച്ചു. വൈകുന്നേരങ്ങളിൽ നമ്മുടെ ചിന്തകളുമായി നമ്മൾ ഒറ്റയ്ക്കാകുമ്പോൾ, കൂടെ നിൽക്കാൻ അവനോട് നമുക്ക് പറയാൻ കഴിയും. നഷ്ടത്തിനൊപ്പം രൂപപ്പെടുന്ന ആത്മനിന്ദയെയും സ്വയമുള്ള കുറ്റപ്പെടുത്തലുകളെയും നമ്മൾ മറികടക്കണം. അങ്ങനെ ആത്മാവിൻ്റെ ആശ്വാസം അനുഭവിച്ചറിയാനും, നമ്മോടുതന്നെ കരുണ വളർത്താനും നമുക്ക് കഴിയും. ദൈവത്തിൽ ആശ്രയിച്ച്, കൃപയിലേക്ക് സ്വയം നൽകുമ്പോൾ നമ്മുടെ വേദനകളെ പതിയെ ആശ്വാസതൈലം നൽകി കരുതാനാകും. ഉള്ളിലൊതുക്കുന്നതിന് പകരം, നഷ്ടത്തെ നമ്മുടെ ജീവിതകഥയുടെ ഭാഗമാക്കാൻ നമ്മെ സഹായിക്കുന്നു. നമ്മുടെ ഭയങ്ങൾ, മുറിവുകൾ, പ്രലോഭനങ്ങൾ, അതുപോലെ നമ്മുടെ പാപങ്ങൾ പോലും ഹൃദയത്തിൽ നിന്നുള്ള ഏറ്റവും ആത്മാർത്ഥമായ പ്രാർത്ഥനകളായി രൂപാന്തരപ്പെടാൻ സാധിക്കും. ഒപ്പം, സഹാനുഭൂതി, ആത്മാവബോധം, ദയ എന്നിവയ്ക്കുള്ള ആഴത്തിലുള്ള കഴിവ് നമ്മിൽ വളരുന്നു. നഷ്ടത്തിൽ നിന്ന് രക്ഷപ്പെടുന്നതിലുപരി, ഒരു പുതിയ ദർശനത്തോടെ ഉയിർത്തെഴുന്നേൽക്കുന്നതിനെക്കുറിച്ചാണ് കൃപകൾ നിറഞ്ഞുകഴിഞ്ഞ മുറിവുകളിൽനിന്നുള്ള ഈ ആഴം.

ഓഗസ്റ്റ് 19, 2025

നവ്യത

സന്ധ്യയാകുന്നെങ്കിലും തിരക്കുകൾ കഴിഞ്ഞിട്ടുണ്ടാവില്ല. എവിടെയെങ്കിലും പോകാനുള്ള തിരക്കിലും ആകാം. ഒരുപാട് ചിന്തകൾ കൂടുവയ്ക്കുന്ന സമയമായിരിക്കാം. ചില കാര്യങ്ങൾ നിശ്ചയമായും മറ്റുള്ളവ തീർത്തും ഒരുറപ്പുമില്ലാതയുമാണ് മുമ്പിലുള്ളത്. എന്നാലും പലപ്പോഴും, പല കാര്യങ്ങളെക്കുറിച്ചും - ദൈവം എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് പോലും - അങ്ങേയറ്റം ഉറപ്പോടെയാണ് നമ്മൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും. ദൈവത്തിൻ്റെ വാക്കുകളെയോ പ്രവൃത്തികളെയോ നിയന്ത്രിക്കാൻ നമുക്ക് കഴിയുമെന്ന് തോന്നുംവിധം ഉറപ്പോടെയാണത്. ഒന്നോർത്തു നോക്കൂ. നീതിമാന്മാരെന്നും എല്ലാം അറിയാമെന്നും അവകാശപ്പെടുന്നവർക്ക് പലപ്പോഴും ദൈവത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നില്ലേ?   ദൈവത്തെക്കുറിച്ചുള്ള അവരുടെ മുൻധാരണകൾ എന്നെന്നും യാഥാർത്ഥ്യമായി നിലനിർത്തണമെന്ന് മാത്രമായിരിക്കാം അവരുടെ ആഗ്രഹം. അവർ യഥാർത്ഥത്തിൽ ദൈവത്തെ അന്വേഷിക്കുന്നുണ്ടാവില്ല. അറിയാതെയാണെങ്കിലും, സ്വന്തം വിഗ്രഹങ്ങൾ സൃഷ്ടിക്കുകയല്ലേ അവർ ചെയ്യുന്നത്?

രാത്രി ഇരുട്ടിലേക്ക് ആഴുന്നതനുസരിച്ച്, നാം ജീവിതത്തിന്റെ അർത്ഥത്തിനും ആർദ്രമായ സ്നേഹത്തിനും തഴുകുന്ന വിശ്രമത്തിനും സത്യമുള്ള ബന്ധങ്ങൾക്കും വേണ്ടി ആഴത്തിൽ തിരയുകയാണ്. ആ ആഴങ്ങളിൽ വെളിപ്പെട്ടു തിരിച്ചറിയേണ്ടതാണ് യഥാർത്ഥ ദൈവസാന്നിധ്യം. ഹൃദയത്തിൻ്റെ നിശ്ശബ്ദതയിലോ ശൂന്യതയിലോ, ജീവിതത്തിൽ കൃപയുടെ ആവശ്യകത നമ്മൾ തിരിച്ചറിയുന്നു. നമ്മുടെ ബലഹീനതകളും ദുർബലതകളും നാം കാണുന്നു. നമ്മെത്തന്നെ തുറന്നു കൊടുക്കുമ്പോൾ, അനസ്യൂതമായ ഒരു പുതുമ നമ്മിൽ നിറഞ്ഞു വരുന്നത് കാണാം. ദൈവത്താൽ പൂർണ്ണമായി സ്വീകരിക്കപ്പെടുന്ന അനുഭവമാണ്. സ്നേഹത്തിൻ്റെയും നന്മയുടെയും നിരന്തരമായ നവ്യതയുടെ നിറവാണ് ജീവദാതാവായ ദൈവം. തീരാത്ത ജോലികളും മടുപ്പിക്കുന്ന മനസ്സും നാളെയുടെ തിരക്കുകളും രാത്രിയുടെ ശൂന്യതയിൽ ആ നന്മയുടെ നിറവിൽ ലയിച്ചുചേരട്ടെ. ഹൃദയത്തിന്റെ ശാന്തതയിൽ വിശ്രമിക്കാൻ കഴിയട്ടെ. 


📺

ഓഗസ്റ്റ് 15, 2025

വചനാവസ്ഥ

പരിശുദ്ധ മറിയം വചനത്തെ ഉദരത്തിൽ വഹിച്ചു. അവതരിച്ച വചനത്തിന്റെ മാതാവായി. ജീവന്റെ ഉറവിടവും വികാസവും പൂർത്തീകരണവും വചനത്തിലാണ്. സകലത്തിന്റെയും സൗന്ദര്യം വചനത്തിലാണ്. ജീവാവസ്ഥയിൽനിന്നു വചനാവസ്ഥയിലേക്കുള്ള വികാസം സകലസൃഷ്ടിയുടെയും ലക്ഷ്യമാണ്. ഉദരത്തിൽ വഹിച്ച വചനത്തിലേക്കു പൂർണ്ണമായി മറിയം പങ്കുചേരുന്നു. സകല സൗന്ദര്യവും അവളുടെ ഉടയാടയാകും. ജീവംശങ്ങളിലേക്കും, ജനതകളിലേക്കും ചരിത്രത്തിലേക്കും വചനത്തിന്റെ ലയം അവൾ നിരന്തര പ്രാർത്ഥനയാക്കുന്നു.

ഓഗസ്റ്റ് 12, 2025

ഒരുക്കം

ഒരാളെ വിശ്വസിക്കാൻ കഴിയുകയെന്നത്, അയാളിലെ വിശ്വസ്തതയെ ഹൃദയത്തിന്റെ ആഴത്തിൽ നാം അറിഞ്ഞിട്ടുണ്ടെന്നതിന്റെ അടയാളമാണ്. അതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ ഹൃദയത്തിൽ അറിയാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് ദൈവത്തിൽ  വിശ്വസിക്കാനാവില്ല. ദൈവത്തോടുള്ള സ്നേഹം എന്നത് നിബന്ധനയോ വ്യവസ്ഥയോ അല്ല, ദൈവത്തെ അറിയുന്ന ഒരാളിൽ സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണത്. ദൈവികജീവൻ തീർച്ചയായും നമ്മിൽ ഉണ്ട്. ആ വിശ്വസ്തതയെക്കുറിച്ചു വാചാലരായതുകൊണ്ട് മാത്രമായില്ല, ആ ജീവന്റെ മൃദുലമായ സ്പർശം സ്വീകരിക്കാൻ നമ്മെത്തന്നെ തുറന്നിടേണ്ടതുണ്ട്.

ദൈവത്തിനു നമ്മോടുള്ള ഹൃദയബന്ധത്തെ വിശ്വസിക്കാൻ കഴിയണമെങ്കിൽ നമ്മൾ നമ്മോടുതന്നെ ഹൃദയത്തിന്റെ ആർദ്രതയിൽ എത്ര ബന്ധപ്പെട്ടു നില്കുന്നു എന്നതുകൂടി പരിശോധിക്കണം. ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തതയും  പരിപൂർണ്ണമായിക്കൊള്ളണമെന്നില്ല. അങ്ങനെ സ്നേഹിക്കാനും വിശ്വസ്തരാകുവാനും നമ്മൾ പരിശീലിച്ചിട്ടില്ല, കാരണം  നമ്മുടെ വേദനകളും ഭാരങ്ങളും കവചങ്ങളായി നിന്ന് കൊണ്ട് അത് ദുഷ്കരമാക്കുന്നുണ്ടാകാം. ദൈവസ്പര്ശമേല്ക്കാത്ത ഈ നൊമ്പരങ്ങൾ അവയെ കൂടുതൽ ദൃഢപ്പെടുത്തുന്ന ദൈവരൂപങ്ങളും നമുക്ക് നൽകും. കുറ്റപ്പെടുത്താനും ദോഷമേൽക്കാനും ആഗ്രഹിക്കുന്ന മനസിനായി അത് നൽകുന്ന ദൈവസ്വഭാവം നിർമ്മിക്കപ്പെടും. അതുകൊണ്ടാണ് സ്നേഹത്തോടും വിശ്വസ്തതയോടും ഒപ്പം ഒരുക്കം ആവശ്യമാകുന്നത്. ഈ ഒരുക്കവും, വ്യവസ്ഥയായല്ല, തുറവിയായാണ് പരിശീലിക്കേണ്ടത്. നമ്മുടെ വളർച്ചയും അതിലെ ജീവന്റെ അനുഭവങ്ങളും, അതിനോടൊപ്പം നന്മയായ ദൈവം തന്റെ വാഗ്ദാനങ്ങളിൽ ഉറപ്പു നൽകുന്ന ജീവനും സ്വാതന്ത്ര്യവും, നമ്മിൽ സ്വന്തമാക്കിത്തീർക്കുന്ന ദൈവബന്ധമാണ് വിശ്വാസം. ഹൃദയത്തിൽ ആഴത്തിൽ പുൽകുന്ന ആ ദൈവാനുഭവത്തിന്റെ വാതിൽ ഒരുക്കമെന്ന തുറവിയാണ്. അനന്തമായ നന്മയും വിശ്വസ്തതയും, 'ഇതാണ് ഞാൻ' എന്ന നഗ്നഭാവം, അവിടെ ദൈവം കാണുന്നതും അറിയുന്നതുമായ എന്നിലെ സത്യം, അവിടെ ഒഴിക്കപ്പെടുന്ന കരുണ, തരളിതമായ ആത്മഭാവത്തിൽ നട്ടെടുക്കപ്പെടുന്ന നന്മ, അതിലേക്കു വേണ്ട കരുത്ത് അതേ വിശ്വസ്തതയിൽ തേടുന്ന പുതുഹൃദയം ഇവയെ ഒരുമിച്ചു വേണം ഒരുക്കമെന്നും ദൈവഭയമെന്നും വിളിക്കാൻ. ഭീതിപ്പെടുത്തുന്ന വിറയലല്ല ദൈവഭയം, പുളകമണിയിക്കുന്ന ജീവസ്പന്ദനമാണത്.

📺

വചനം മനുഷ്യനിൽ

വിശുദ്ധ ഡൊമിനിക് ഗുസ്മാൻ തന്റെ രാപകലുകൾ ദൈവത്തോടൊപ്പം പങ്കുവെച്ചു. ക്രൂശിതനായ ക്രിസ്തുവിന്റെ ജീവിക്കുകയും ജീവൻ പകരുകയും ചെയ്യുന്ന രൂപം മനുഷ്യരുടെ ദുരിതങ്ങളിലും ശാരീരികവും ആത്മീയവുമായ ശോഷണത്തിലും ഒരു ദിവ്യഗ്രന്ഥത്തിൽനിന്നെന്നപോലെ അദ്ദേഹം വായിച്ചെടുത്തു. അവിടെ വെളിപ്പെട്ട വചനം കരുണയോടും ദയയോടും കൂടെ ധ്യാനിക്കാനും പ്രഘോഷിക്കാനും ഉള്ളതായിരുന്നു.

 എല്ലാ മനുഷ്യർക്കും പ്രകാശമേകിയ മനുഷ്യാവതാര രഹസ്യം പോലെ, ദാരിദ്ര്യം, ഞെരുക്കങ്ങൾ, മനുഷ്യന്റെ ദുർബലത അവർ സഹിക്കുന്ന ചൂഷണം എന്നിവ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലാണ് അദ്ദേഹം ഈ സത്യത്തെ ധ്യാനിച്ചത്. രാത്രികാലങ്ങളിൽ, അദ്ദേഹം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നില്ല, മറിച്ച് അവരെ തന്റെ ഹൃദയത്തിൽ വഹിച്ചുകൊണ്ട്, അവരുടെ യഥാർത്ഥ ജീവിത സാഹചര്യം ദൈവത്തിന്റെ സത്യത്തെക്കുറിച്ച് തനിക്കുള്ള ധ്യാനത്തെ പ്രകാശപൂരിതമാക്കാൻ അദ്ദേഹം അനുവദിച്ചു. ലോകത്തിന്റെ ദുരിതത്തിൽ വചനം മാംസമായി അവതരിക്കുന്നതും അവരെ പൂർണ്ണരാക്കുന്നതും കണ്ടു. വിധിക്കാതെ, കീഴ്‌പ്പെടുത്താതെ, കുറ്റം വിധിക്കാതെ, ശപിക്കാതെ, അവരുടെ ആഴമേറിയ നിലവിളികൾക്ക് ഉത്തരമായി ക്രിസ്തുവിന്റെ ജീവനുള്ള സത്യത്തെക്കുറിച്ചുള്ള അവിടുത്തെ വചനം അദ്ദേഹം അവരോട് കരുണയോടെ സംസാരിച്ചു. 

📺

ഓഗസ്റ്റ് 07, 2025

മഹിമ

ദൈവമഹിമയെന്നത് അവിടുത്തെ സൗന്ദര്യമാണ്. നന്മയാണ് ആ സൗന്ദര്യത്തിന്റെ ആന്തരികസത്ത. സൃഷ്ടിയുടെ വൈവിധ്യങ്ങളും അവയുടെ സങ്കീർണ്ണമായ കൂട്ടായ്മയും അവയുടെ രൂപക്രമങ്ങളും പരിണാമങ്ങളും കടന്നുപോകുന്ന ജ്ഞാനത്തിന്റെ സൗന്ദര്യമാണ് വചനം. ആ വചനം മനുഷ്യനായി നമുക്കിടയിൽ നടക്കുന്നു. ദൈവസത്തയോടൊപ്പം മനുഷ്യപ്രകൃതിയും അവന്റെ സ്വഭാവമാകുമ്പോൾ, സകല സൃഷ്ടികളുടെയും, കാലത്തിന്റെയും, സംസ്കാരങ്ങളുടെയും, ദൈവചിന്തകളുടെയും കാതൽ അവനിലുണ്ട്. അവ ഒരുമിച്ചു കാണുവാൻ നമ്മുടെ ഹൃദയങ്ങൾക്ക് വിശാലത കുറവാണ്. എങ്കിലും, ആ വെളിപാടിലേക്കു നമ്മെ തുറന്നിടാൻ കഴിയുക എന്നത് പ്രധാനമാണ്. വചനം വാക്കുകൾക്കപ്പുറം, പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന ജീവകണ്ണികളിലെ സൗന്ദര്യമാണ്. പരസ്പരം പുൽകുന്ന അഗ്രാഹ്യമായ ആ ആനന്ദത്തിൽ കൂടാരമുണ്ടാക്കി വസിക്കാൻ നമ്മൾ ആഗ്രഹിച്ചേക്കാം. എങ്കിലും ആ ആനന്ദം നൽകുന്ന സ്വാതന്ത്ര്യം താഴ്വാരങ്ങളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഒരു സമയം, നമ്മിലോരോരുത്തരിലും, ഓരോ അണുവിലും പല മാത്രയിൽ രൂപപ്പെട്ട ക്രിസ്തുസ്വഭാവം, സകലർക്കും, സകലത്തിനുമായി വെളിപ്പെട്ടുകിട്ടുമ്പോൾ, നവ്യമായ ഈ പ്രകാശം തിരിച്ചറിയുകയും, അതിസുന്ദരമായ പൂർണ്ണത പ്രകടമാവുകയും ചെയ്യും. പിന്നീട് ധ്യാനിക്കേണ്ടതില്ല, ലയനം പുതുജീവനാണ്.

ഓഗസ്റ്റ് 05, 2025

മുഖം

മുഖങ്ങൾ കൂടുതൽ അടുത്തടുത്തുവരുമ്പോൾ ചിലപ്പോഴെങ്കിലും നമ്മെത്തന്നെ സ്വയം കടന്നുപോകുന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം. മുഖം മനസ്സിന്റെ കണ്ണാടിയെന്നാണ് പറയാറ്. മറക്കപ്പെടുന്ന മുഖങ്ങൾ മുഖംമൂടികളാണ്. ആർദ്രതയിൽ അലിയാത്ത മുഖങ്ങൾ വരണ്ടു സ്വയം നഷ്ടപ്പെടും. എന്നാൽ ഓരോ മുഖവും നമ്മുടെ ആന്തരികതയിൽ ഉണ്ടാക്കുന്ന സ്പന്ദനങ്ങളെ അറിയേണ്ടതുണ്ട്. നടക്കുന്ന പാതകളിലും അലച്ചിലുകളിലും ആയിത്തീരേണ്ട ഒരു രൂപമായി നമ്മുടെ ജീവിതാവസ്ഥകളിലേക്ക് അലിഞ്ഞുചേരുകയും   പതിയെ തെളിഞ്ഞുകിട്ടുകയും ചെയ്യുന്ന ഒരു ക്രിസ്തുമുഖമുണ്ട്. നമ്മുടെ മുഖം അതിൽ കാണുമ്പോൾ നമുക്കായുള്ള ഒരു പുതിയ രൂപവും വ്യാഖ്യാനവും നമുക്ക് ലഭിക്കും.  ചിതറിക്കപ്പെട്ടുപോകുന്ന മുഖചിത്രങ്ങളെ കൂട്ടിവെച്ചുകൊണ്ട് ക്രിസ്തു നമ്മോടു പറയാറുണ്ട് "ഭയപ്പെടേണ്ട, ഇത് ഞാനാണ്." അത് ഒരു ആഴമാണ്, വരച്ചെടുക്കാവുന്ന ഒരു ആകാരത്തിനപ്പുറം ഹൃദയത്തിന്റെ ഒരു ജീവാനുഭവം. അതുകൊണ്ട് ക്രിസ്തുമുഖം മനോഹരമായ ഒരു ചിത്രത്തിനപ്പുറം സകലത്തിലേക്ക് നമ്മെ ചേർത്തുനിർത്തുന്ന വചനാംശമാണ്. നമ്മുടെയും മുഖങ്ങൾ അലിഞ്ഞു ചേരുന്നതാകുമ്പോഴാണ് വചനാംശമുള്ളതാവുന്നത്. 

പാത

സ്വയം തിരിച്ചറിയാനുള്ള തീവ്രമായ അന്വേഷണമാണ് ഒരു തീർത്ഥാടകന്റെ പാത. നടക്കുന്ന വഴിപോലും പതിയെ വെളിപ്പെട്ടുകിട്ടുന്ന സത്യമാണ്. "എന്നിലെ യഥാർത്ഥ 'ഞാൻ' ഇനിയും ജനിച്ചിട്ടില്ല" എന്ന ബോധ്യത്തിൽ നിന്നാണ് ഈ യാത്രയുടെ ആരംഭം. ജീവിതത്തിന്റെതന്നെ അർത്ഥം ഒന്ന് ചോദിയ്ക്കാൻ പോലും തരപ്പെടാത്ത പാതകളും പലർക്കുമുണ്ടാകാം. നമ്മുടെ സൗന്ദര്യവും കുറവുകളും നമ്മൾ കാണുന്നത് ദൈവസ്നേഹം സാന്ത്വനമായി ഒരു വിതുമ്പലുണ്ടാക്കുമ്പോഴാണ്. ഈ തിരിച്ചറിവ് കൃതജ്ഞതയും ആശ്വാസവുമാണ് നൽകുന്നത്.

 ഈശ്വരസ്പർശത്തിൻ്റെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നമ്മുടെ ആന്തരികസത്ത പതിയെ തെളിഞ്ഞുവരുന്നത്. "ഞാൻ എത്രമാത്രം ഒരു ക്രിസ്തുവായിരിക്കുന്നു? ഇനിയും എത്ര ദൂരം നടക്കാനുണ്ട്?"   ഉള്ളിലെ വചന മന്ത്രണം പതിയെ ജീവൻ പ്രാപിക്കുമ്പോൾ, നമ്മിലെ ക്രിസ്തു ഉണരുന്നു. ക്രിസ്തുവിനെ ഉൾക്കൊണ്ട ഹൃദയത്തിൻ്റെ ഫലമാണ് ആന്തരിക സമാധാനം. വേദനകൾ സൃഷ്ടിക്കുന്ന അകൽച്ചകളെ ഭേദിച്ച്, നമ്മളെ തുറന്നിടാൻ ഈ സമാധാനം നമുക്ക് കരുത്ത് നൽകുന്നു. ഈ സമാധാനവും സാന്ത്വനവും അറിഞ്ഞുകൊണ്ടുതന്നെ സ്വീകരിക്കുമ്പോൾ, സത്യവും, ദയയും നന്മയും ധീരതയും നമ്മിൽ രൂപമെടുക്കുമ്പോൾ പതിയെ യാത്രയുടെ ലക്‌ഷ്യം നമ്മൾ അറിയുന്നു, പാത കൂടുതൽ തെളിഞ്ഞു പ്രകാശിക്കുകയും ചെയ്യുന്നു.

ഓഗസ്റ്റ് 04, 2025

അരികെ

 പതിയെ സന്ധ്യ ഇരുളുകയും രാത്രി ആഴമുള്ളതാവുകയും ചെയ്യുമ്പോൾ, നമ്മുടെ അരികെ നമ്മൾ ആഗ്രഹിക്കുന്ന സാന്നിധ്യത്തെക്കുറിച്ച് ധ്യാനിക്കാം. ക്രിസ്തുവിന്റെ സന്ധ്യകൾ ആഴമേറിയ അടുപ്പത്തിന്റെ നിമിഷങ്ങളായിരുന്നു. സൗഖ്യങ്ങളുടെയും, വിരുന്നുകളുടെയും, കണ്ടുമുട്ടലുകളുടെയും, പരാജയങ്ങളുടെയും, വിതുമ്പലിന്റെയും നിമിഷങ്ങൾ. ഇതുപോലുള്ള സാധാരണ നിമിഷങ്ങളിലെ ദാഹവും സ്നേഹവും മരണവും ശൂന്യതയും നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചും പറയാറുണ്ട്.  നമ്മിൽ അവിടുന്ന് പങ്കുചേരുന്ന മാനുഷിക അവസ്ഥകളിൽ അവിടുന്ന് നമുക്കരികെയുണ്ടെന്നു നാം ഓർമ്മിപ്പിക്കപ്പെടുന്നു. പലപ്പോഴും അഗ്രാഹ്യമായ പ്രകാശത്തിൽ നമ്മൾ ദൈവത്തെ തേടുന്നു, എന്നാൽ ഒരു നേർത്ത തിരിനാളമാണ് ഇരുട്ടിൽ ആശ്വാസം നൽകുന്നത്. നമ്മുടെ നിശബ്ദമായ ഞെരുക്കങ്ങളിലും, വേദനകളിലും, പ്രലോഭനങ്ങളിലും, നമ്മുടെ പാപങ്ങളിൽ പോലും, ദൈവത്തിന്റെ ഒരു മൃദുലവിലാപം നമ്മെത്തേടിയെത്തുന്നു, അവയിലൊക്കെയും   അവിടുത്തെ സ്വന്തം സൗന്ദര്യത്തെ തേടുകയും ചെയ്യുന്നു.

 ധൈര്യമായിരിക്കുക, നമുക്കായി ഒരു സാന്ത്വനാനുഭവം ദൈവത്തിലുണ്ട്. ദൈവം നമ്മളോട് മന്ത്രിക്കുന്നു: "സംശയിക്കരുത്, വിശ്വസിക്കുക; ഭയപ്പെടരുത്, ധൈര്യമായിരിക്കുക; ദുഃഖിക്കരുത്, ആനന്ദിക്കുക." ഇത് ഹൃദയത്തിൽ ഏറ്റുവാങ്ങാനായാൽ, നമ്മുടെ ജീവിതയാത്രയിൽ, പ്രത്യേകിച്ച് ഇരുൾ പരക്കുന്ന സമയം, ദൈവത്തെ നിരന്തര സാന്നിധ്യമായി നാം തിരിച്ചറിയും. എല്ലാ നിമിഷങ്ങളിലും അത്ഭുതങ്ങളുണ്ടാവണമെന്നില്ല, എന്നാൽ മുടന്തനോടൊപ്പം മുടന്തിയും അന്ധനോടൊപ്പം തപ്പിത്തടഞ്ഞും മാനുഷികയാത്ര അവൻ ഏറ്റെടുക്കുന്നു. നമുക്കായി ഒരു വഴിയും ദർശനവും അവിടുത്തെ ഹൃദയം തുറന്നുവയ്ക്കുന്നു. നിർബലരായ നമ്മുടെ പരിമിതികളെ ആലിംഗനം ചെയ്തുകൊണ്ട് ദൈവം തന്നെത്തന്നെ നമുക്കായി വെളിപ്പെടുത്തുന്നു. മറ്റൊരാളുടെ കരുതലുള്ള സാന്നിധ്യം നമുക്ക് ആവശ്യമായി വരുന്നിടത്ത് അവിടുന്ന് സന്നിഹിതനാണ്, ഒരുപക്ഷേ എപ്പോഴും എല്ലായിടത്തും ഈ ആശ്രിതത്വത്തെ അവിടുന്ന് സന്തോഷത്തോടെ അനുവദിക്കുന്നു. ഇരുളിൽ, കണ്ണുകളിൽ കാഴ്ചയകലുമ്പോൾ, മറ്റൊരാളോടുള്ള നമ്മുടെ കരുതൽ അവരെ നമ്മുടെ ഹൃദയത്തോട് കൂടുതൽ അടുപ്പിക്കുമ്പോൾ, ഇരുളിന് മറയ്ക്കാനാവാത്ത കാഴ്ച്ചയിൽ അവരെ അടുത്ത് കാണാം. അങ്ങനെ സന്ധ്യ കൂടുതൽ ഇരുളുമ്പോൾ, അവിടുത്തെ ശാശ്വതമായ കരുതലിൽ നമ്മെത്തന്നെ ഭരമേൽപ്പിക്കുകയും ചെയ്യാം.

ജൂലൈ 26, 2025

നന്ദി

ഒരു നല്ല ദിവസത്തിനായി ആഗ്രഹിച്ചുകൊണ്ടാണ് ഓരോ പ്രഭാതവും തുടങ്ങുന്നത്. ഒരുപക്ഷേ ആഗ്രഹിച്ചതുപോലെ തന്നെ നല്ലൊരു ദിവസം നമുക്ക് ലഭിച്ചിരിക്കാം. അല്ലെങ്കിൽ, വേദനയും, അപമാനവും, ആഴത്തിൽ മുറിവേൽപ്പിച്ച മൂർച്ചയേറിയ വാക്കുകളും നിറഞ്ഞ ഭാരമുള്ള ഒരു ദിവസമായിരുന്നിരിക്കാം ഇത്.  ഈ സന്ധ്യയിൽ, നമ്മുടെ ജീവിതത്തെ ഒരു രാത്രിയിലേക്ക് കൊണ്ടുവരികയാണ്. പ്രാർത്ഥനയുടെ ഒരു ഹൃദയത്തിൽ, എല്ലാം ഞാൻ പൂർണ്ണമായി സമർപ്പിക്കുന്നു എന്ന് പറയുന്നെങ്കിൽ, ശരിക്കും എല്ലാത്തിനും ഞാൻ കൃതജ്ഞതയുള്ളവനാണ് എന്നാണ് ഞാൻ പറയുന്നത്. ജീവിതത്തിൽ നടന്നതൊക്കെയും അതിലുൾപ്പെട്ടിട്ടുള്ള വ്യക്തികളെയും സ്വീകരിക്കാൻ കൃതജ്ഞത നമ്മെ പ്രാപ്തരാക്കുന്നു. ഓരോ ദിവസവും  കടന്നുപോകുമ്പോഴും, നമ്മുടെ ശൂന്യതയിലും വേദനയിലും ആശ്വസിക്കുവാനും നമുക്ക് കഴിയും. സമർപ്പണത്തിന്റേതായ രാത്രികളിലൂടെ കടന്നുപോകുമ്പോൾ നിരാശയുടെയും ഭീതിയുടെയും നിഗൂഢതകളല്ല, തിരിച്ചറിവുകളിലെ പ്രകാശമാണുള്ളത്. നമ്മുടെ നോവുകളിലെ പരാതികൾ കുറയുകയും ചെയ്യും. നന്ദി പറയാൻ മാത്രം നമ്മുടെ ഹൃദയം പാകപ്പെടുമ്പോൾ, ഭാരങ്ങൾ ലഘുവാകുകയും, സമാധാനത്താലും സന്തോഷത്താലും നമ്മൾ നിറയുകയും ചെയ്യും.

നന്ദിയുള്ള ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന കൃപാസമൃദ്ധിയാണ് ഉള്ളിലെ ദൈവരാജ്യം. അത് സമാധാനത്തിന്റെയും, സൗമ്യതയുടെയും, ശക്തിയുടെയും അനുഭൂതിയാണ്. ഇവിടെ നിന്നാണ് വിശുദ്ധിയുടെ എല്ലാ മാനങ്ങളും മുളച്ച് വളരുന്നത്. അതൊരു സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ്, വയലിലെ പൂവായി അലങ്കരിക്കപ്പെടുന്നതിന്റെ ആനന്ദം, കരുതലോടെ പരിപാലിക്കപ്പെടുന്നതിന്റെ ആ  ചെറിയ കുരുവിയുടെ തൃപ്തി, ആശ്വസിപ്പിക്കപ്പെടുന്ന കുഞ്ഞിന്റെ ശാന്തത സ്വീകാര്യതയിലേക്കു തുറക്കുന്ന കൃതജ്ഞതയിലാണ് അവയുടെ ഉത്ഭവം. ഈ പുണ്യനിമിഷത്തിൽ, പകൽ രാത്രിക്ക് വഴിമാറുമ്പോൾ, ദൈവത്തിന്റെ അളവറ്റ സ്നേഹത്തിന്റെ ആശ്വാസം നമുക്കും  അനുഭവിക്കാൻ കഴിയും.

ജൂലൈ 22, 2025

ദാഹം

 നമ്മിലെ ചില ആഴമേറിയ ആഗ്രഹങ്ങൾ ചിലപ്പോൾ ശൂന്യവും തീവ്രവുമായേക്കാം, കടുത്ത വരൾച്ചയോ ഇരുട്ടോ നിറഞ്ഞതാകാം. തീക്ഷ്ണമായ ഈ തേങ്ങലുകൾ നമ്മുടെ കുറവുകളിൽ നിന്നോ, മുറിവുകളിൽ നിന്നോ, വഹിക്കുന്ന ഭാരങ്ങൾ നൽകുന്ന തളർച്ചയിൽ നിന്നോ ആകാം. നമ്മെ മറയ്ക്കുന്ന നിയന്ത്രിക്കുന്ന നിഴലുകളിൽ നിന്നോ ആയേക്കാം. അതുമല്ലെങ്കിൽ, നമ്മുടെ ഹൃദയത്തിന്റെ നിർമ്മലവും മൃദുലവും ഏറ്റവും ദുർബലവുമായ ദാഹങ്ങളിൽ നിന്നോ ആകാം. നമ്മെ പൂർണ്ണരാക്കുന്ന ഒന്നിനായി നമ്മെത്തന്നെ കടന്ന് മുന്നോട്ട് പോകുന്ന ഒരു ദാഹം.  പറയാനാവാത്ത ഒരു കുറവായോ തീരാത്ത എന്തോ നഷ്ടമായോ അപൂർണ്ണതയായോ നമ്മുടെ ഉള്ളിൽ നിൽക്കുന്ന  അസ്വസ്ഥമായ ഒരു വേദന. ഈ ദാഹങ്ങളിൽ ചിലത് നമ്മെ വല്ലാതെ തളർത്തി ഇല്ലാതാക്കാം, നമ്മളിൽ ഒന്നും തന്നെ അവശേഷിപ്പിക്കാതെ നമ്മളെ കാർന്നുതിന്നാം. എങ്കിലും ഇതേ ദാഹത്തിനു തന്നെ നമ്മെ ഉയർത്താനും, കൂടുതൽ ഉയരങ്ങളിലേക്ക് നമ്മെ പ്രചോദിപ്പിക്കാനും ശക്തിയുണ്ട്.

 കാരണം, കേൾക്കാതെ പോകുമ്പോഴും, നമ്മുടെ നിലവിളികൾക്കിടയിൽ തിരയുന്ന ഒരു സ്നേഹമുണ്ട്, ആഴമേറിയതും നിസ്സഹായവുമായ നമ്മുടെ നെടുവീർപ്പുകളെ അത് ശ്രദ്ധിക്കുന്നു. നമ്മുടെ ഉള്ളിന്റെ ആഴങ്ങളിൽ മൃദലമായ ശബ്ദമായി അത് ചോദിക്കുന്നു, “നീ എന്തിനാണ് കരയുന്നത്?” ആ ശബ്ദം നമ്മുടെ അസ്തിത്വത്തിന്റെ ഓരോ അണുവിലും ചെന്നെത്തുന്നു,  ജീവന്റെ സമൃദ്ധിയുള്ള കൊച്ചരുവിയായി ദാഹങ്ങളെ അവയുടെ വേരുകളിൽ തൊട്ടുതഴുകുന്നു. നമ്മുടെ സത്യത്തിന്റെയും മൂല്യത്തിന്റെയും ഹൃദയത്തെ സ്പർശിക്കുന്നു. ആ സ്പർശനത്തിൽ, ആ അഗാധമായ ബന്ധത്തിൽ, മനോഹരമായ എന്തോ നമ്മളിൽ രൂപമെടുത്തു തുടങ്ങുന്നു. ഒരു സുഗന്ധം, ഒരു പുതിയ ജീവസത്ത, നമ്മുടെ ജീവിതങ്ങളിൽ നിന്ന് ഉയരുന്നു, ഒരു പുതിയ അഭിഷേകത്തിനും പുതുക്കിയ ദർശനത്തിനും സമാധാനത്തിനുമായി നമ്മെ ഒരുക്കുന്നു.

ജൂലൈ 20, 2025

ഭവനം

സന്ധ്യയാകുമ്പോൾ പക്ഷികൾ കൂടുകളിലേക്കു മടങ്ങുന്നു. സന്ധ്യയോടെ നമ്മളും വീട്ടിലേക്ക് മടങ്ങുന്നു. വീട് നമ്മളെ ഓരോരുത്തരെയും പരസ്പരം മുഖാമുഖം കൊണ്ടുവരുന്നു. വീട്ടിലാണെങ്കിലും അവിടെയും അതിരുകളും അപരിചിതത്വവും ഉണ്ടായേക്കാം. ചിലപ്പോൾ  അകന്ന് ഏകാന്തതയിൽ അഭയം തേടിയേക്കാം.  സന്ധ്യാസമയത്തിന്റെ ദാഹമാണ് വീട്; നമ്മുടെ ശരീരങ്ങൾക്കും മനസ്സിനും ഹൃദയങ്ങൾക്കും ആശ്വാസമായി  സന്ധ്യകൾ ഒരു വീടിനായി കൊതിക്കുന്നു.

നമ്മൾ ഒരു പുതിയ ദിവസത്തിലേക്ക് പുനർജനിക്കുന്ന ഉദരമാണ്  ഭവനം. അതുകൊണ്ട്, ഓരോ സന്ധ്യയിലും നമ്മുടെ രാത്രിക്കായി ഒരു വിളക്ക് കൊളുത്തേണ്ടത് പ്രധാനമാണ്. നമ്മൾ കൂടെ ജീവിക്കുന്ന ജീവിതങ്ങളെ ആ കൊച്ചു വെളിച്ചത്തിൽ നമ്മൾ കാണണം. നമ്മൾ ചെലവഴിച്ച ദിവസത്തെ ഓർത്തെടുത്ത്, അതിന്റെ എല്ലാ ക്ഷീണവും ഭാരവും സഹിച്ച്, പരസ്പരം പറയണം: "നിങ്ങളുടെ ജീവിതത്തിനായി മുറിക്കപ്പെട്ട ശരീരമാണിത്." ഒരുപക്ഷേ, ഏറ്റവും ആഴമേറിയ ഇരുട്ടിൽ, നിങ്ങളുടെ ഹൃദയം മറ്റുള്ളവരുടെ വിയർപ്പിലും കണ്ണീരിലും ആഴത്തിൽ അലിഞ്ഞിറങ്ങട്ടെ. ഇരുട്ടിലും നിശ്ശബ്ദതയിലും, ഒരു അർപ്പണമായി, ഒരു നെടുവീർപ്പായി, സ്നേഹത്തിന്റെയും കൃപയുടെയും ആലിംഗനമായി ആഴ്ന്നിറങ്ങട്ടെ. നമ്മുടെ മേൽ ജീവന്റെ ശ്വാസം തഴുകുന്നതും  അത് ജീവിതം മുഴുവനും നിറയ്ക്കുന്നതും അനുഭവിക്കുക. രാത്രി ശാന്തമായി ആശ്വസിപ്പിക്കട്ടെ.

മേയ് 22, 2025

മനുഷ്യാവസ്ഥ - സുവിശേഷം

 ലിയോ പതിമൂന്നാമൻ മാർപാപ്പയിൽനിന്നും ഫ്രാൻസിസ് മാർപാപ്പയിൽനിന്നും വ്യക്തമായ തുടർച്ച ലിയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശങ്ങളിൽ കാണാൻ കഴിയും. അവരവരുടെ ആദര്ശകൂടാരങ്ങളിലേക്കു മാർപാപ്പയെ ചേർത്തുകെട്ടുവാനുള്ള വലിയ ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ എല്ലായിടത്തുമുണ്ട്. എന്നാൽ, ഐക്യം, സമാധാനം, സ്നേഹം എന്നിവയാണ് ആവർത്തിച്ചു പരാമർശിക്കപ്പെടുന്ന കാര്യങ്ങൾ. ഏതെങ്കിലും  ആദർശങ്ങളുടെ വരമ്പുകൾക്കുള്ളിൽ നിർത്തി ഇവ സാധ്യമാക്കാനാവില്ല. 

സമാധാനം ഹൃദയങ്ങളെ ഭരിക്കുന്ന ലോകത്തിന് വേണ്ടി ഒരുമിച്ചു നടക്കാനാണ് (സിനഡൽ പാത) മാർപ്പാപ്പ പറയുന്നത് - സഹോദരീ സഭകളോടൊത്ത്, വ്യത്യസ്തമായ വിശ്വാസധാരകളിലുള്ളവരോടൊത്ത്, ദൈവത്തെ തേടുന്ന സകലരോടുമൊത്ത്, നന്മയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവരോടുമൊത്ത്.  "മാർപാപ്പയുടെ സിംഹഗർജ്ജനം" എന്നതുപോലുള്ള ശീർഷകങ്ങളിൽ വീഡിയോയും ലേഖനവും നിർമ്മിക്കുന്നവർ ഈ ആഹ്വാനം  ഉൾക്കൊള്ളുന്ന ആഴവും അത് വിശ്വാസത്തിനു നൽകുന്ന മാനവും മനസിലാക്കുന്നുണ്ടോ എന്ന് സംശയമാണ്. ഞാനല്ലാതെ മറ്റാരും തികഞ്ഞ ഭക്തനോ ക്രിസ്ത്യാനിയോ അല്ല എന്നതാണ് സാമാന്യം നമ്മൾ പരിശീലിച്ചിട്ടുള്ള  മതശൈലി. എന്നേക്കാൾ വലിയ പാപി ആരുമില്ലെന്ന എളിമയുടെ അഹങ്കാരത്തിനുവേണ്ടി മത്സരിക്കുന്നവരുമുണ്ട്.

പാരമ്പര്യവാദിയോ പുരോഗമനവാദിയോ എന്നതല്ല വിശ്വാസത്തിന്റെ തീക്ഷ്ണതയോ സത്യമോ മനസ്സിലാക്കാനുള്ള മാനദണ്ഡം. ഒരു വ്യക്തിയോ സമൂഹമോ (സഭ) ആയിരുന്നുകൊണ്ട് മാനുഷിക (ഇന്ന് ഭൂമി മുഴുവന്റെയും) തകർച്ചയും വിലാപവും സുവിശേഷത്തിന്റെ വെളിച്ചത്തിൽ അടുത്തറിയാനും അതിനോട് സംസാരിക്കുവാനും കഴിയുക എന്നതാണ് സഭയുടെ വിശ്വാസ സാക്ഷ്യം. "ആര് ലോകത്തെ സൃഷ്ടിച്ചു? = ദൈവം" എന്ന പോലെ ലളിതമായ സൂത്രവാക്യങ്ങളല്ല വിശ്വാസം. അങ്ങനെ ആവണമെന്ന് ശാഠ്യം പിടിക്കുന്നത്  ക്രിസ്തുവിന്റെ സത്യത്തിന്റെ വഴിയല്ല. സുവിശേഷത്തിന്റെ സത്യം ജീവിക്കാനാവുന്ന ഫലദായകത്വത്തിന്റെ വിത്താണ്. മനുഷ്യാവസ്ഥയുടെ ഞെരുക്കത്തിലാണ് ആ വിത്ത് രൂപപ്പെടുന്നത്, സുവിശേഷത്തിന്റെ കാമ്പ് ഉള്ളിൽ വഹിച്ചുകൊണ്ട്. 

വ്യാവസായിക വിപ്ലവത്തിന്റെ വെല്ലുവിളികൾ സഭയുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു ആഴത്തിൽ ചിന്തിക്കുവാനുള്ള  പശ്ചാത്തലമായി. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെയും  നവോത്ഥാനത്തിന്റെയും മതേതര പ്രത്യയശാസ്ത്രങ്ങളുടെയും സ്വാധീനത്തിൽ, സഭയും വിശ്വാസവും അതിന്റെ സത്യവും കാലഹരണപ്പെട്ടു എന്ന് പൊതുബോധമായി മാറിയപ്പോൾ മനുഷ്യാവസ്ഥയെ നേരിട്ട് കാണുന്ന സുവിശേഷ വെളിച്ചമായാണ് രേറും നോവാരും അവതരിപ്പിക്കപ്പെട്ടത്. 

ജീവിക്കുന്നതും ജോലിചെയ്യുന്നതും പരസ്പറും ഇടപഴകുന്നതുമായ എല്ലാ അവസ്ഥകളും സാങ്കേതികവിദ്യയുടെ പുരോഗതിയിൽ മാറ്റപ്പെട്ടുകഴിഞ്ഞു എന്ന നമുക്കറിയാം. ഊർജ്ജസ്രോതസുകളിലും സാങ്കേതികവിദ്യകളുടെ സ്വഭാവത്തിലും വന്ന പുരോഗതി 'വളർച്ച' ധ്രുതഗതിയിലാക്കിയെങ്കിലും നഗരവൽകരണം, അസമത്വം, ദാരിദ്ര്യം, ചൂഷണം, തുടങ്ങി നിരവധി വെല്ലുവിളികൾ ഉയർത്തി. ആട്ടിപ്പായിക്കപ്പെടുന്ന, അലയുന്ന, ഉപേക്ഷിക്കപ്പെടുന്ന, ഉപയോഗിക്കപ്പെടുന്ന, മനുഷ്യൻ കാണപ്പെടേണ്ട മാംസംധരിക്കപ്പെടേണ്ട ദൈവവിലാപമായി. ഡിജിറ്റൽ ടെക്‌നോളജി വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും മനുഷ്യനടക്കം വിവരസ്രോതസുകൾ മാത്രമായി ചുരുങ്ങി.  അകൽച്ചകളുടെയും  വേര്പാടുകളുടെയും അന്യതാബോധത്തിന്റെയും പുതിയ സാമൂഹികതലങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.

നാലാം വ്യവസായികവിപ്ലവം എന്ന് വിളിക്കപ്പെടുന്ന നമ്മുടെ കാലഘട്ടം നിർമ്മിതബുദ്ധിയടക്കമുള്ള വിവരസാങ്കേതികവിദ്യയേയും ന്യൂറോസയൻസിനെയും ജൈവപ്രക്രിയകളെയും റോബോട്ടിക്‌സ്‌നെയും ഒരുമിച്ചുകൊണ്ടുവരുന്നു. മെച്ചപ്പെട്ട ജീവിതാവസ്ഥയും ജീവിതാനുഭവവും അത് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മനുഷ്യന്റെ മാത്രമല്ല പ്രകൃതിയുടെ മുഴുവന്റെയും മൂല്യത്തെ മുന്നിൽ നിർത്തിയല്ലാതെ രൂപപ്പെടുന്ന സാങ്കേതികവിദ്യകൾ വിനയായിത്തീരുമെന്നു ശാസ്ത്രരംഗത്തുള്ളവർ തന്നെ മുന്നറിയിപ്പ് നൽകുന്നു. പുതിയസാങ്കേതികവിദ്യകൾ സ്വന്തമാക്കാൻ കഴിയുന്ന മെച്ചപ്പെട്ട മനുഷ്യരുടെ നിരയും 'ചിന്താശേഷി'യുടെ സാങ്കേതികത്വം ഇല്ലാത്ത 'കുറഞ്ഞ' മനുഷ്യരും ഇതിനോടകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. 

സങ്കീർണ്ണമായ അവസ്ഥകളിൽ സുവിശേഷം സൂത്രവാക്യങ്ങളാക്കിയതുകൊണ്ട് ഫലമില്ല, മാത്രമല്ല, സുവിശേഷം നേരിട്ട് തുറക്കുന്നത് ഞെരുക്കപ്പെടുന്നവരുടെ രോദനങ്ങളിലേക്കാണെന്നതുകൊണ്ട് ലാഭക്കൊതിയരായവർ സുവിശേഷത്തിന്റെ വെളിച്ചത്തെ ലൗകികമായ താല്പര്യങ്ങളെന്നു വിധികല്പിക്കുകയും സ്വയം ഒഴിവാവുകയും ചെയ്യും.

സാമൂഹ്യനീതി സുവിശേഷഭാഗ്യങ്ങളുടെ നേരനുഭവത്തിനായുള്ള വിളിയും കടപ്പാടും പ്രതിബദ്ധതയുമാണെന്നു  ചേർത്തെഴുതാൻ സഭക്ക് കഴിഞ്ഞത് മനുഷ്യാവസ്ഥയുടെ തകർച്ചയിൽ ലഭിച്ച വെളിപാടില്നിന്നല്ല വെല്ലുവിളിയിൽനിന്നാണ്. സുവിശേഷവെളിച്ചം സഭയെ നയിക്കുകയും കാലോചിതമായ പരിവർത്തനങ്ങളിലേക്കു സഭയെ ക്ഷണിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവ് സമാനമായ കാഴ്ചകൾക്കും പ്രതികരണങ്ങൾക്കും അനിവാര്യമാണ്. മനുഷ്യാവസ്ഥയെ ഒരിക്കൽക്കൂടി അടുത്തുകാണാൻ സഭ ശ്രമിക്കേണ്ടതുണ്ട് എന്നുകൂടിയാണ് ലിയോ എന്ന പേര് സ്വീകരിച്ചതിനു കാരണമായി നിർമ്മിതബുദ്ധിയുടെ പശ്ചാത്തലം പരാമര്ശിക്കപ്പെട്ടത്. 

വത്തിക്കാനിൽനിന്നു മാർപാപ്പ പറഞ്ഞതുകൊണ്ടോ,  അങ്ങകലെ എന്തോ വലിയ ധൂമകേതുപോലെ നിർമ്മിതബുദ്ധിയെ കണ്ടത്കൊണ്ടോ മാർപാപ്പയുടെ വീക്ഷണം ഫലമണിയില്ല. തികച്ചും പ്രാദേശികമായ തലങ്ങളിൽ അവയെ  കണ്ടറിയുകയും പ്രാദേശികമായ തലങ്ങളിൽ കർമ്മപദ്ധതികൾ രൂപപ്പെടുത്തുകയും വേണം. സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ചു താക്കീതു  നൽകാനും വിധിക്കാനും 'ഞെട്ടിക്കുന്ന' പ്രസംഗങ്ങൾ നൽകാനും നമുക്കാകും. എന്നാൽ ആവിർഭവിക്കുന്ന പുതിയ മനുഷ്യാവസ്ഥയെ ഒരു കാലഘട്ടം മുന്നേ കാണുവാനും  സുവിശേഷം ദീപമായി വഴിതെളിച്ചു കാണിക്കുവാനുമാണ് സഭയുടെ പ്രവാചകദൗത്യം. അവിടെ വൈകിയിട്ടുണെങ്കിൽ മനുഷ്യാവസ്ഥകളെ കുറ്റം വിധിക്കാതെ  ആ വേദനകളെ ആശ്വസിപ്പിക്കുവാനുള്ള സുവിശേഷതൈലം ഉണ്ടായിരിക്കുക എന്നതാണ് വെല്ലുവിളി. അതിനു കഴിയാത്ത പാപബോധനങ്ങൾ  നിസഹായരായ മനുഷ്യരുടെ വേദനകൾക്ക് നേരെ പല്ലിളിച്ചു കാണിക്കലാണ്.

മേല്പറഞ്ഞ സുവിശേഷവെളിച്ചമാണ്‌ പാരമ്പര്യവാദത്തിന്റെയും പുരോഗമനവാദത്തിന്റെയും അളവുകോൽ.  ഞെരുക്കങ്ങളും വിലാപങ്ങളും വ്യാഖ്യാനം ചെയ്തെടുക്കാനും അതിലെ ദൈവസ്വരം കേൾക്കാനും  അതിന്റെ സ്വാന്ത്വനം അറിയാൻ മാത്രം കെല്പുള്ളതാക്കാനുമുള്ള ഉൾക്കാമ്പ് ഉണ്ടെങ്കിൽ വഹിക്കുന്ന പാരമ്പര്യങ്ങൾക്കും  കുതിക്കുന്ന നവചിന്തകൾക്കും അർത്ഥമുണ്ടാകും. 

ഏപ്രിൽ 21, 2025

Pope Francis

ഈ മനുഷ്യൻ ക്രിസ്തുവിനോട് കൂടിയാണ് ജീവിച്ചത്,
തീർച്ചയായും അയാൾ ക്രിസ്തുവിനോടുകൂടെയായിരിക്കും.

ആ ഹൃദയത്തിനു കരുണയുടെ മുഖമുണ്ടായിരുന്നു,
താൻ വാതിലാണെന്നു പറഞ്ഞ ക്രിസ്തുവിന്റെ തുറവിയും.
ആ ഹൃദയം നീതിക്കും സമാധാനത്തിനും വേണ്ടി വിശന്നു,
ദൈവത്തിന്റെ ആനന്ദം പടർത്തി.
ആ മനുഷ്യൻ യുദ്ധങ്ങളെ അപലപിച്ചു,
അതിനെ പാപമായി വിധിച്ചു.
കണ്ണുനീരണിഞ്ഞ അഭയാർത്ഥികളുടെ പക്ഷം ചേർന്നു
ദൈവരാജ്യം ഹൃദയത്തിൽ സംവഹിച്ചു
കൂടാരത്തിന്റെ അതിരുകൾ വിസ്തൃതമാക്കി തുറന്നു,
എല്ലാവരെയും സ്വീകരിച്ചു.
ആ ഹൃദയം ഭൂമിയെ സ്നേഹിച്ചു,
എല്ലാവരുടെയും പൊതുഭവനമെന്നു വിളിച്ചു
ഭൂമിയുടെ സകല കുഞ്ഞുങ്ങളെയും സ്നേഹിച്ചു.

അതുകൊണ്ടുതന്നെ അയാൾ കുറ്റാരോപിതനായി
അവിശ്വാസിയായും ദൈവദൂഷകനായും,
പിശാചിന്റെ ദൂതനായും വിഗ്രഹാരാധകനായും വിളിക്കപ്പെട്ടു.
 
ഈ മനുഷ്യൻ ക്രിസ്തുവിനോട് കൂടിയാണ് ജീവിച്ചത്,
തീർച്ചയായും അയാൾ ക്രിസ്തുവിനോടുകൂടെയായിരിക്കും.

ദൈവരാജ്യത്തിൽ ആരുടെ കൂടെ പോപ്പ് ഫ്രാൻസിസ് നിൽക്കും .
ആരുമില്ലാത്തവരുടെ കൂടെയുണ്ടാകും

ഏപ്രിൽ 18, 2025

അവൻ ഉപേക്ഷിക്കപ്പെട്ടത്

 "നീ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തത് എപ്പോൾ?

ആരാണ് അത് ചെയ്തത്? യൂദാസല്ലാതെ മറ്റാരാണ്?
ഗലീലിയിലെ സിനഗോഗിൽ അവൻ ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു?
അവന്റെ സൗഖ്യങ്ങളിൽ ദൈവസ്‌നേഹം കാണാതിരുന്നത് എന്തുകൊണ്ടായിരുന്നു?
മോശയുടെ നിയമത്തോടുള്ള കണിശമായ പ്രതിബദ്ധത, അധികാരഘടനകളെ ഉറപ്പിച്ചുനിർത്തുന്ന വിധം ദിവ്യഗ്രന്ഥത്തിന്റെ വ്യാഖ്യാനം, മതവും ദൈവവുമെല്ലാം അമിതമായ പരിചിതത്വം മൂലം കാര്യമാക്കപ്പെടാത്ത അവസ്ഥ അങ്ങനെ പലതായിച്ചേർത്ത ഒരു സംവിധാനം മിശിഹായെ തള്ളിക്കളഞ്ഞു. കാലാകാലങ്ങളായി രൂപപ്പെട്ടു വരുന്ന ആ സംവിധാനത്തിലെ പിഴവുകൾ അറിയാൻ പോലും ആവാത്ത വിധം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരുത്തരും ആ സംവിധാനത്തിന്റെ ഭാഗമാണ്. ക്രിസ്തുവിനെ ഉൾക്കൊള്ളാനാവാത്തതിന്റെ കാരണം അതാണ്.

ക്രിസ്തുവിന്റെ സ്നേഹസമ്പന്നത അവനെ വ്യത്യസ്തനാക്കി. അതിൽനിന്ന് അവൻ നീതിയെ വ്യാഖ്യാനിച്ചു. അവൻ നീതിക്കുവേണ്ടി ദാഹിക്കുന്നവായി, അന്യായമായി വിധിക്കപ്പെട്ടവനായി.

ക്രിസ്തു വീണ്ടും ക്രൂശീകരിക്കപ്പെടുന്ന വഞ്ചിക്കപ്പെടുന്ന ഉപേക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. എങ്കിലും, ക്രിസ്തു ഉപേക്ഷിക്കപ്പെട്ടത് 'ന്യായമായത്' എങ്ങനെയോ അങ്ങനെ തന്നെ അവയും ന്യായീകരിക്കപ്പെടും. രാഷ്ട്രീയവിലപേശലിനുള്ള കരുക്കൾ മാത്രമാണ് ആവർത്തിക്കപ്പെടുന്ന ക്രിസ്തുമാർ. ക്രിസ്തു ഉപയോഗിക്കപ്പെടും ഉപേക്ഷിക്കപ്പെടുകയും ചെയ്യും.

സത്യവും നീതിയും ധാർമ്മികതയും ക്രിസ്തുശരീരത്തിന്റെ വചനസാരമായിരുന്നെങ്കിൽ ലാഭങ്ങൾക്കു വേണ്ടിയല്ലാതെ ക്രിസ്തുവിന്റെ വെളിച്ചത്തിൽ കാലത്തെയും വെല്ലുവിളികളെയും നോക്കിക്കാണുവാൻ നമുക്ക് കഴിയുമായിരുന്നു. നീതിയും ധാർമ്മികതയും നൽകുന്ന ആധികാരികതയുണ്ടായിരുന്നെങ്കിൽ 'തെറ്റിദ്ധരിപ്പിക്കപ്പെടുന്ന' വാഗ്ദാനങ്ങളിൽ വീണുപോകുമായിരുന്നില്ല. വ്യാജപ്രവാചകരുടെ കപടഭക്തിയിലും സഭാസ്നേഹത്തിലും വ്യാഖ്യാനങ്ങളിലും ഭ്രമചിത്തരാകുമായിരുന്നില്ല. ക്രിസ്‌തുവിനേക്കാൾ വിലയില്ലാതായി നമ്മൾ കണ്ടെത്തിയത് എന്താണ്? സത്യം അന്വേഷിക്കാൻ സ്വയം മടിക്കുമ്പോൾ തിരസ്കരിക്കപ്പെട്ടത് ക്രിസ്തുവാണ്. നിലപാടുകളിൽ നീതിയില്ലെന്നറിഞ്ഞുകൊണ്ടും ജനത്തെ വഞ്ചിക്കുന്ന പ്രസ്താവനകൾ നല്കിയപ്പോഴും പ്രസംഗങ്ങൾ നടന്നപ്പോഴും ഒറ്റിക്കൊടുക്കപ്പെട്ടത് ക്രിസ്തുവാണ്.

"രാഷ്ട്രീയക്കാർ ജനത്തെ വഞ്ചിച്ചു."
നമ്മൾ അവരിലുള്ള ക്രിസ്തുവിനെയും.


ഇവർ ചെയ്യുന്നതെന്തെന്ന് പൂർണ്ണമായും ഇവർ അറിയുന്നു; അവരെ പിന്താങ്ങുന്നവർ അതറിയുന്നുമില്ല. പാദം കഴുകലും, കുരിശിന്റെ വണക്കവും, പൂവിട്ടു നിറച്ച അടക്കശുശ്രൂഷയും ഭക്തിപൂർണ്ണവും മഹിമാമയവുമായിരുന്നു. ആ ദിനങ്ങളിലെ അവമാനത്തെയും ശൂന്യതയെയും അവ മറച്ചുകളയുന്നുണ്ട്. അത് ഒരു നഷ്ടമാണ്. ക്രിസ്തു സ്വീകരിച്ച ആ അവമാനത്തെയും ശൂന്യതയെയും ധ്യാനിക്കേണ്ടതാണ്. ---------------------------------------------------------- ഒരു മാരക പാപത്തിനു പോലും അർഹമായേക്കാം എന്നവിധം കുർബാനസ്വീകരണത്തിനു വിലക്ക് കല്പിച്ചത് എന്തിനാണ്? ദൈവശാസ്ത്രപരമായ കാരണങ്ങളോ തനതായ പാരമ്പര്യങ്ങളോ ഉണ്ടാവാം. മരണവും ശൂന്യതയും ധ്യാനിക്കുന്ന ദിവസം കൂദാശയുടെ സാന്നിധ്യം അപ്രധാനമാവാം, വിലാപത്തിന്റെ ദിവസം ക്രിസ്തുവിന്റെ മരണത്തോടും ജനതകൾ സഹിക്കുന്ന അവമാനവും നുറുങ്ങിയ ഹൃദയവും ചേർത്തുവെച്ച് 'അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം' കൂടുതൽ അർത്ഥപൂര്ണമാകാം. എന്നാൽ ഇവയെ വേണ്ടവിധം വിശദീകരിക്കേണ്ട അജപാലനപരമായ വിവേകം ഒരു അറിയിപ്പിലുണ്ടാവേണ്ടതില്ലേ? വിലാപത്തിന്റെ ദിവസം, ക്രിസ്തുവിന്റെ മരണത്തോടും ജനതകൾ സഹിക്കുന്ന അവമാനവും നുറുങ്ങിയ ഹൃദയവും ചേർത്തുവെച്ചുകൊണ്ടുള്ള ആത്മവിചിന്തനങ്ങളിലേക്കോ നവീകരണസാധ്യതകളിലേക്കോ കടക്കുന്നില്ലെന്നത് വൈരുധ്യതയും. ആശയക്കുഴപ്പത്തിലേക്കും തർക്കങ്ങളിലേക്കും തള്ളിയിട്ടുകൊണ്ട് കെട്ടിയുയർത്തുന്ന സഭ ആരുടേതാണ്? കുർബാനയുടെ ദിശയെക്കുറിച്ചുള്ള കലഹം ഇനിയും തീർന്നിട്ടില്ല, ഏതൊക്കെ ദിവസം കുർബാനയുണ്ടാവരുത് എന്നതിനെക്കുറിച്ചാവും അടുത്ത കലഹം. അജഗണങ്ങളെ മുറിപ്പെടുത്തുന്ന ചിതറിച്ചു കളയുന്നവരിൽ എവിടെയാണ് വിശ്വാസികൾ ക്രിസ്തുവിനെ കാണേണ്ടത്?

കടന്നുപോകലിന്റെ രഹസ്യം

കടന്നുപോകലാണ് പെസഹാ. കടന്നുപോകലിന്റെ രഹസ്യം ധ്യാനമാക്കിയെങ്കിലേ സഭയുടെയും വി. കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സത്യങ്ങളെ അടുത്തറിയാനാകൂ. ക്രിസ്തുവിനെ ധ്യാനിക്കുമ്പോൾ അവന്റെ ആധികാര്യതയും വിശ്വാസ്യതയും കൂടി വെളിപ്പെടുത്തുന്ന സത്യങ്ങളാണവ. മനുഷ്യന്റെ വേദനകൾക്കും ഭാരങ്ങൾക്കും സ്വയം അനുരൂപനാക്കിയത് സ്നേഹത്തിന്റെ പരിപൂർണ്ണതയിലാണ്. ക്രിസ്തുവിന്റെ വിശ്വാസ്യത ഹൃദയത്തിന്റെ അറിവിലാണ്. പിതാവിൽ നിന്നു വന്ന, പിതാവിനാൽ അയക്കപ്പെട്ട, പിതാവിന്റെ ഇഷ്ടം പൂർത്തിയാകാൻ വന്ന പുത്രൻ കൃപയുടെ ഉറവിടവും സത്യത്തിന്റെ പരിപൂര്ണതയുമാണ്. മാംസമായിത്തീർന്ന വചനം സകല മനുഷ്യരെയും തന്നോട് അനുരൂപരാകേണ്ടതിനാണ് അത്. ക്രിസ്തുവിന്റെ ആധികാരികതയാണത്.

ക്രിസ്തു തുടർന്ന് ജീവിക്കുകയാണ് സഭയിൽ. ക്രിസ്‍തുവിന്റെ മൂല്യങ്ങളും തത്വങ്ങളും പാലിക്കാൻ സ്ഥാപിതമായ സ്ഥാപിക്കപ്പെട്ട കമ്പനിയല്ല സഭ. തന്റെ ജീവിതത്തിലൂടെ, നിലപാടുകളിലൂടെ, സൗഖ്യങ്ങളിലൂടെ ക്രിസ്തു ജനത്തെ ഒരുക്കി. ആ ജീവിതം ജനം തുടരുന്നു എന്നല്ല, ജനത്തിലൂടെ ക്രിസ്തു തുടർന്ന് ജീവിക്കുന്നു എന്നതാണ് ആ ജീവന്റെ സാരം. 

 ക്രിസ്തുവിന്റെ പൂർണത നമുക്കില്ല. അപൂർണ്ണരായ മനുഷ്യർ പരസ്പരം പൂർണ്ണരാക്കുന്ന ക്രിസ്‍തുശരീരമാണ് സഭ. പരസ്പരം പൂർണരാക്കേണ്ടതിനായുള്ള സേവനവും ത്യാഗവുമാണ് കടന്നുപോകലിന്റെ ലാവണ്യം. 

സ്വയം ശൂന്യവൽക്കരിച്ചു കൊണ്ടാണ് ക്രിസ്തു ജീവൻ പകർന്നു നൽകിയത്. ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ സ്വായത്തമാക്കണതും വളർത്താനും നമ്മിലെ ശരീരരക്തങ്ങൾ പരസ്പരം നൽകാനാണ് ക്രിസ്തുപാഠം. ക്രിസ്തുവിന്റെ ജീവിതവും മരണവും നിലപാടുകളും ക്രിസ്തു യാഥാർത്ഥ്യമാക്കിയ അനുരഞ്ജനവും മാത്രമല്ല, ആ ശരീരനിർമ്മിതിക്കായി സ്വയം ശൂന്യരാക്കുന്ന ഓരോരുത്തരുടെയും പ്രയത്നവും, പരാജയങ്ങളും കഷ്ടാനുഭവങ്ങളും ശൂന്യതകളും കൂദാശയായി ഉയർത്തപ്പെടുന്നതാണ് മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന അപ്പം. അപ്പത്തിന്റെ വാഴ്വും ആഘോഷവുമാക്കി  ആ സത്യത്തിൽ നിന്ന് ഒളിച്ചോടുവാൻ എളുപ്പമാണ്. അർത്ഥം മാനിക്കാതെ ആഘോഷമാക്കുമ്പോൾ അപ്പം മുറിക്കൽ ആചാരം മാത്രമാകും. സത്യമില്ലാത്ത അനുഷ്ഠാനങ്ങൾ വിഗ്രഹങ്ങളാണ്.

'എന്റെ ഓർമ്മക്കായി ചെയ്യുവിൻ,' വെറുമൊരു അനുസ്മരണമാണ്, ജീവിക്കലാണ്. ഇടയനും പ്രവാചകനും പുരോഹിതനായി ക്രിസ്തുവിന്റെ ശുശ്രൂഷയും ശൂന്യവൽക്കരണവും ആവർത്തിക്കലാണ്. സ്വയം ജീവൻ അർപ്പിക്കുന്ന ഇടയത്തവും, സത്യത്തിന്റെ സ്വരവും ദൈവരാജ്യസമ്പർക്കം ഉറപ്പാക്കുന്ന പൗരോഹിത്യവും ജീവിക്കുന്ന ക്രിസ്‌തുശരീരമാണ് സഭ. ഈ ഓർമ്മപ്പെടുത്തലും സ്വീകരണവും സമ്പുഷ്ടതയുമാണ് കുർബാന. ഈ അടയാളത്തിന്റെ ശുശ്രൂഷക്കായാണ് ശുശ്രൂഷാപൗരോഹിത്യം.

ക്രിസ്തു പ്രാർത്ഥിച്ചു: "സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ." ക്രിസ്തുവിന്റെ സത്യത്താൽ സ്വയം അറിയുകയും ആത്മശോധന ചെയ്യേണ്ടതും യോഗ്യതയുടെ അപ്പം ഭക്ഷിക്കാനും രണ്ടോ മൂന്നോ പേര് അവന്റെ നാമത്തിൽ ഒരുമിച്ചു ചേരാനും ജീവിക്കുന്ന പുരോഹിത ശുശ്രൂഷ ചെയ്യാനും അനിവാര്യമാണ്. സഭയുടെ ആധികാരികതയും വിശ്വാസ്യതയും അവിടെയാണ്. സമൂഹത്തിന്റെ വേദനയും ഭാരവും ശൂന്യതയും അനുരൂപപ്പെടേണ്ട സത്യങ്ങളായി സ്വീകരിക്കാതെ വിഭാഗീയതയുടെ ദുരാത്മാവിനെ കൊണ്ടുനടക്കുവോളം സഭക്ക് വിശ്വാസ്യതയുണ്ടാവില്ല. ദൈവത്തിന്റെ ഇഷ്ടം തേടുന്ന, ദൈവത്താൽ അയക്കപ്പെട്ട ദൗത്യം പൂർത്തിയാക്കുന്ന, നീതിക്കുവേണ്ടി ദാഹിക്കുന്ന, മുറിവുകൾക്കു സാന്ത്വനവും സൗഖ്യവുമാകുന്ന സഭക്കാണ് ആധികാരികതയുണ്ടാവുക. അതിലാണ് കുർബാന ജീവദായകമാവുകയും പൗരോഹിത്യം ഫലദായകവും സാക്ഷ്യവുമാകുന്നതും.

ഏപ്രിൽ 16, 2025

ഒരു 'ഭൂതോച്ചാടന പ്രക്രിയ'യും തിന്മയെ അകറ്റില്ല

 മനുഷ്യന്റെ വിയർപ്പിനെയും മാംസരക്തത്തെയും ഉൾപ്പെടുത്തിയുള്ള സ്വർഗ്ഗരാജ്യമാണ് ക്രിസ്തു പഠിപ്പിച്ചത്. അതായിരുന്നു ക്രിസ്തു അനുഭവിച്ച ദൈവരാജ്യം. രക്തശരീരങ്ങളിലും വൈകാരിക പകർച്ചകളിലും അനുഭവ്യമല്ലാത്ത ദൈവരാജ്യം വഞ്ചിക്കുന്ന മൂഢസ്വർഗ്ഗമാണ്. ആ സ്വർഗ്ഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന നിയമങ്ങളും സമ്പ്രദായങ്ങളും ചൂഷണവ്യവസ്ഥിതി മാത്രമാണ്. സഹനവും അഭിഷേകവും വെളിപാടും അനുഭവിക്കുന്നതും തിരിച്ചറിയുന്നതും ജീവദായകമായ കുരിശിനെ സാക്ഷാൽക്കരിക്കുന്നതും പരസ്പരമുള്ള കണ്ടുമുട്ടലിലും ശുശ്രൂഷയിലുമാണ്.

കുരിശിലെ ആത്മശൂന്യവൽക്കരണത്തിലെ ത്യാഗസമാനമായ ജീവദായകത്വത്തിലാണ് മുറിവുകൾ ഉണങ്ങുന്നതും തിന്മകൾ അകലുന്നതും. ഹൃദയകാഠിന്യം, കയ്പ്പ്, അസൂയ, മാത്സര്യം, അധികാരമോഹം, സംശയം, പക, ഗൂഢാലോചന, പുച്ഛഭാവം അങ്ങനെ അനേകം പ്രിയങ്കരമായ മനോഘടനകൾ തിന്മയെ ജനിപ്പിക്കുന്നതും ആഘോഷിക്കുന്നതുമാണ്. അവയെ ഉപേക്ഷിക്കാൻ മനസ്സാകാതെ നടത്തുന്ന ഒരു 'ഭൂതോച്ചാടന പ്രക്രിയ'യും തിന്മയെ അകറ്റില്ല. സ്വന്തം ഭക്തിയെയും വിശ്വാസത്തെയുംകുറിച്ചുള്ള പരിഹാസ്യം മാത്രമാവും അത്തരം നാടകീയ പ്രകടനങ്ങൾ.

നീതിയാണ് യഥാർത്ഥ പരിഹാരപ്രവൃത്തിയെന്നു നോമ്പുകാല ധ്യാനങ്ങൾ പലയാവർത്തി പറഞ്ഞുതന്നു. എന്നാൽ ഭക്തിയിൽ മതിമറന്നു ദൈവനീതിയെ മാറ്റിനിർത്താൻ നമ്മൾ പരിശീലിക്കപ്പെട്ടു കഴിഞ്ഞു. സത്യത്തിന്റെ സംഭാഷണങ്ങൾ പോലും നമുക്ക് അന്യമായിത്തീർന്നത് അതുകൊണ്ടാണ്. ഭക്തിലഹരി തീർത്തും സ്വകാര്യവും സ്വാർത്ഥവുമാക്കിക്കളഞ്ഞ ക്രിസ്തീയശൈലി അക്രിസ്തീയമാണ്. എന്നാണ് സഭയും സഭാസംഘടനകളും കുടുംബങ്ങളും കൃപയുടെയും ജീവന്റെയും സംഘാതമായ അസ്തിത്വവും ജീവിതശൈലിയും സ്വന്തമാക്കുക? തുറവിയും സ്വീകാര്യതയും ത്യാഗവും സഹഭാഗിതയുമെല്ലാം തുടർച്ചയായി പാലിക്കാവുന്ന മൂല്യങ്ങളായെങ്കിലേ അത് സാധ്യമാകൂ. മതത്തിന്റെ തൊങ്ങലുകളണിയിച്ച ദൈവത്തെ അവിടെ കൊണ്ട് വരരുത്.

തിന്മക്കു സംസ്കാരങ്ങൾ നൽകുന്ന ഏതാനം അടയാളങ്ങൾ ശപിതമായി തിന്മയുടെ മുദ്രനൽകുമ്പോൾ സ്വയം വഹിക്കുന്ന യഥാർത്ഥ തിന്മകളെ ഉപേക്ഷിക്കാൻ കഴിയാത്തത് അതിന്റെ സുഖം നുകരുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ആ ഉദ്യമങ്ങളിൽ പോലും സ്വാർത്ഥമോഹങ്ങൾ ഉള്ളതുകൊണ്ടാണ്. ദൈവരാജ്യത്തിന്റെ നിലനില്പിനുവേണ്ടി രാഷ്ട്രീയക്കാരുടെ സഹായം ആവശ്യമെന്നു തോന്നിത്തുടങ്ങുന്ന 'ആത്മീയജീർണ്ണത' ചെറിയ കുറവല്ല. ദൈവരാജ്യ അനുഭവത്തിനായി ഒരുമിച്ചു ചേർക്കേണ്ടിയിരുന്ന സമൂഹത്തെ പാടെ മാറ്റിനിർത്തുകയും ചെയ്തു. അത് കുടുംബത്തകർച്ചകളാവട്ടെ, മദ്യവും മയക്കുമരുന്നുമാവട്ടെ, രാഷ്ട്രീയഅനീതികളാവട്ടെ മതങ്ങൾ അവരവരുടെ രക്ഷാപദ്ധതികൾ മറ്റുള്ളവരെ മാറ്റിനിർത്തുന്ന രീതിയിൽ വിഭാവനം ചെയ്യുന്നു. മതങ്ങൾ എന്തുകൊണ്ടാണ് സമൂഹത്തിന്റെ നന്മയെ ഭയക്കുന്നത്? അവ രാഷ്ട്രീയ നിർമ്മിതികളായി അധഃപതിക്കുന്നതുകൊണ്ടു തന്നെ.

തുറന്ന സംഭാഷണങ്ങൾ അന്യമായിത്തീർന്നു എന്നത് മറ്റൊരു തകർച്ചയാണ്. അത് നാട്ടിന്പുറ ചർച്ചയാവട്ടെ, മാധ്യമങ്ങളിലെ ചർച്ചയാവട്ടെ. കുടുംബത്തിനുള്ളിലെ സംഭാഷണങ്ങളാവട്ടെ, മതങ്ങൾക്കിടയിലുള്ളതാവട്ടെ, സത്യത്തിനും സമൂഹ നന്മക്കുമുപരി ജയവും അധികാരവുമാണ് മുന്നിൽ നിൽക്കുന്നത്. ക്രിസ്തു സ്വയം ശൂന്യനായി എന്ന് പ്രഘോഷിക്കപ്പെടുന്നതിലല്ല സുവിശേഷം; സ്വയം ശൂന്യവൽക്കരണം ഓരോരുത്തരുടെയും സഭയുടെയും ജീവിതശൈലിയാകുന്നതാണ് സുവിശേഷം.

സങ്കേതങ്ങൾ

 'ചെറിയ അജഗണം' യാഥാർഥ്യബോധമുള്ളതും വെല്ലുവിളിയുള്ളതുമായ ഒരു ദൈവരാജ്യഭാവനയാണ്. 

ഓൺലൈൻ ലോകത്തിന്റെ ആശ്വാസവും സുരക്ഷയും ഭക്തിയുടെയും ഒളിത്താവളമാണ്; ചെറിയ അജഗണം  അടുത്ത് ഉണ്ടാകാവുന്ന  അപായം ഒഴിവാക്കാൻ കഴിയുന്ന സങ്കേതങ്ങളിൽ ദൈവരാജ്യം ഉറപ്പാക്കിക്കഴിഞ്ഞവർ. 

ജനക്കൂട്ടത്തിന്റെ മാസ്മരികതയിൽ സ്വയം കാണപ്പെടാതാകാൻ കഴിയുന്ന ഭക്തിപ്രകടനങ്ങളും ചെറിയ അജഗണങ്ങളുടെ വിളിയെ അകറ്റി നിർത്തുന്നു. 

രണ്ടോ മൂന്നോ പേരുടെ കൂട്ടായ്മയിൽ സത്യമായും സ്പർശ്യമാകുന്ന ക്രിസ്തുസാന്നിധ്യം ഒഴിവാക്കപ്പെടാൻ കഴിയുന്ന സങ്കേതങ്ങൾ അലങ്കരിക്കപ്പെട്ടിരിക്കുന്നത് ഭക്തിയുടെ നിറങ്ങളിൽത്തന്നെയാണ്.


ഏപ്രിൽ 07, 2025

സർപ്പശാസ്ത്രം

സർപ്പശാസ്ത്രം പറഞ്ഞുകൊണ്ട് യഹോവയുടെ മാടപ്രാവിന്റെ നിഷ്കളങ്കതയെ അവർ ഇല്ലായ്മ ചെയ്തു.

സർപ്പശാസ്ത്രത്തിന്റെ ന്യായങ്ങൾ ചേർത്ത് കാർക്കോടകന്റ വിഷം അവർ കാസയിലെടുത്തു.

ആകാശങ്ങളിൽ അവർ അടയാളങ്ങൾ കാണുന്നു, അന്ധകാരത്തിന്റെ മറവിൽ ചിഹ്നങ്ങൾ തേടിക്കണ്ടെത്തുന്നു. പുണ്യങ്ങൾ മരിക്കുന്നു, തന്ത്രങ്ങൾ ഫലിക്കുന്നു. ആട്ടിൻതോൽ ധരിച്ച ചെന്നായയിലുള്ള  ആശ്രിതത്വം സുരക്ഷാതന്ത്രമാക്കപ്പെടുന്നത് പുതിയദൈവങ്ങൾ നിർമ്മിക്കപ്പെട്ടതുകൊണ്ടുതെന്നയാണ്. അധാർമ്മികതയുടെ കമനീയ തിളക്കത്തിൽ മെനഞ്ഞെടുക്കപ്പെട്ടവ ...

ഏപ്രിൽ 05, 2025

ചായ്‌വുകൾ

 ഇടയന്മാരേ, പ്രസംഗങ്ങളെ ഗൗരവമായി എടുക്കുന്നവർ വിശുദ്ധവാരത്തേക്കുള്ള സന്ദേശങ്ങൾക്കായി ഒരുങ്ങുന്നുണ്ടാകും. ആറേഴു വർഷങ്ങളായി, നിലപാടുകളിലും, വാക്കുകളിലും സമീപനരീതികളിലും തെളിഞ്ഞു നിന്നത് ക്രിസ്തീയ മൂല്യങ്ങൾക്ക് വിലനഷ്ടപ്പെട്ടിരിക്കുന്നെന്നും അവ കാലഹരണപ്പെട്ടതും അപ്രായോഗികമാണെന്നുമാണ്. ലാഭകരമെന്നു വയ്ക്കുന്ന രാഷ്ട്രീയ ചായ്‌വുകൾ, സമരസപ്പെട്ടുകഴിഞ്ഞ അധാർമ്മികതകളെ വെളിപ്പെടുത്തുന്നതുമാണ്. അധികാരവും മാധ്യമങ്ങളും ഉപയോഗിച്ച് ഇഴചേർത്തെടുക്കുന്ന പുതിയ സുവിശേഷം നിങ്ങളെ ശ്രദ്ധാർഹമാക്കിയിട്ടുണ്ട്. എന്നാൽ നിങ്ങളിൽ ക്രിസ്തുവിനെ കാണാൻ കഴിയാത്തതു കൊണ്ട് നിങ്ങളിൽ വിശ്വാസ്യത അർപ്പിക്കാൻ സങ്കടപ്പെടുന്ന ഒരു വിശ്വസിഗണമുണ്ട്. നിങ്ങളുടെ സന്ദേശങ്ങളിൽ ക്രിസ്തുവും അവന്റെ ജീവനുമുണ്ടാകുമോ?

മാർച്ച് 05, 2025

ഉപവാസം

 ഉപവാസം ഭക്താനുഷ്ഠാനമല്ല,

നീതി നിഷേധിക്കപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.