ഏപ്രിൽ 14, 2021
ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
... കാരണം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
... എങ്കിലും, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
ഗ്രാഹ്യവും അഗ്രാഹ്യവുമായ രഹസ്യങ്ങൾ നമുക്കെല്ലാമുണ്ട്. എന്നാൽ രഹസ്യങ്ങളിലേക്കു അടയപ്പെടുമ്പോൾ നമുക്ക് ജീവിക്കാനാവില്ല. നമ്മിലെ മനുഷ്യരഹസ്യവും, ക്രിസ്തുരഹസ്യവും വെളിപ്പെടുത്തപ്പെടേണ്ടതാണ്. നമ്മിലെ അറിവും, അജ്ഞതയും, സൗമ്യതയും, കാർക്കശ്യവും, കനിവും നീറ്റലുമെല്ലാം നമ്മളോട് തന്നെയും ലോകത്തോടും സംസാരിക്കുന്ന ഉത്ഭവ രഹസ്യങ്ങൾ അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ.
... കാരണം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
... എങ്കിലും, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
ഏപ്രിൽ 13, 2021
ഒരേ ഹൃദയത്തോടും ഒരേ ആത്മാവോടും കൂടി
സുവിശേഷത്തിലെ ഓരോ സംഭവവും ദൃഷ്ടാന്തവും നമുക്ക് നൽകുന്ന ഉൾകാഴ്ചകളിൽനിന്നാണ് നമ്മിൽ ക്രിസ്തുരൂപീകരണം സംഭവിക്കുന്നത്. തങ്ങൾക്കുള്ളതെല്ലാം പങ്കു വച്ച് അവർ ഒരേ ഹൃദയത്തോടും ഒരേ ആത്മാവോടും കൂടി ജീവിച്ചു എന്നത്, തങ്ങൾ ആയിത്തീർന്ന ക്രിസ്തുശരീരത്തിന്റെ ആന്തരികത കാണിക്കുകയാണ്. നിങ്ങൾ ഇത് വാങ്ങി ഭക്ഷിക്കുവിൻ എന്ന് പറഞ്ഞ ഗുരുവാക്യം അപ്പം മാത്രമാക്കാതെ ജീവിതം കൂടിയായത് അവർ കണ്ടതാണ്. അതുപോലെതന്നെയാകുമ്പോഴേ ക്രിസ്തുസമൂഹത്തിനും ക്രിസ്തുവുമായുള്ള താദാത്മ്യതയുണ്ടാകൂ. സുവിശേഷത്തിന്റെ സന്ദേശങ്ങൾ, മുന്നോട്ടു നയിക്കുകയും, ജീവൻ പകരുകയും ചെയ്യുന്ന സ്വപ്നമാകുമ്പോൾ അവ നമ്മെയും രൂപാന്തരപ്പെടുത്തും. ക്രിസ്തു നമുക്ക് പകർന്നുനൽകിയ ജീവൻ അതിന്റെ പൂർണതയിൽ സ്വീകരിക്കുവാനും ജീവിക്കുവാനുമുള്ള ദാഹത്തിന്റെ ആത്മാർത്ഥത നമ്മിലുണ്ടെങ്കിൽ ഒരു ഹൃദയവും ഒരു ആത്മാവുമുള്ള ഏകശരീരമായി നമുക്കും ജീവിക്കുവാനാകും.
ഏപ്രിൽ 11, 2021
ഞാൻ ജീവിക്കുന്നു എന്ന് അറിയുക
ഉത്ഥിതനായ ക്രിസ്തു ശിഷ്യർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രമാണ് കരുണയുടെ യേശു. കരുണയും കൃപയും അനസ്യൂതമായി ഒഴുക്കിത്തരുന്ന ക്രിസ്തുഹൃദയം നമ്മെ ആശ്വസിപ്പിക്കുന്നു, സമാധാനിപ്പിക്കുന്നു, തന്നിലേക്ക് ക്ഷണിക്കുന്നു. എന്റെ മുറിവുകൾ നീ കാണുക, നിന്റെ കൈകൾ അവയോടു ചേർത്തുവയ്ക്കുക, ഞാൻ ജീവിക്കുന്നു എന്ന് അറിയുക.
ദൈവത്തിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കാവുന്ന ഗുണഗണങ്ങൾ എടുത്തണിയുന്ന പ്രലോഭകൻ ശിഷ്യരുടെ അടുത്തെത്തിയിരുന്നെങ്കിൽ അവർ എങ്ങനെ അവനെ തിരിച്ചറിയുമായിരുന്നു? നമുക്ക് വേണ്ടി സ്വീകരിച്ച മുറിവുകൾ വ്യാജക്രിസ്തുവിനും പ്രലോഭകനും ഉണ്ടാവില്ല എന്നതാണ് തിരിച്ചറിവിന്റെ അടയാളം. മുറിവുകളെ വ്രണങ്ങളാക്കി കൊലച്ചിരി ചിരിക്കുന്നവനാണ് പ്രലോഭകൻ. മുറിവുകളെ തുറന്നു വച്ച് പകയും പ്രതികാരവും ഉണർത്താനാണ് വ്യാജക്രിസ്തു ശ്രമിക്കുക. ദുരഭിമാനവും അഹങ്കാരവും ഒരിക്കലും മുറിവുകളുടെ സൗഖ്യം അനുവദിക്കില്ല, മാത്രമല്ല, ആ മുറിവുകളിൽ സ്നേഹമോ സാന്ത്വനമോ ഇല്ല. ക്രിസ്തുവിന്റെ മുറിവുകളിൽ ജ്വലിക്കുന്ന സ്നേഹമുണ്ട്, ജീവൻ പകരാവുന്ന തുറവിയുണ്ട്.
ഭക്തിക്കപ്പുറം, ദിവ്യകരുണയുടെ യേശുവിനെ നമ്മൾതന്നെയും ലോകവും തിരിച്ചറിയുന്നതും അനുഭവിച്ചറിയുന്നതും നമ്മിൽ തെളിയുന്ന കരുണയിലൂടെയാണ്, അതും ജീവൻ പകരാവുന്ന മുറിവുകളിലൂടെ തന്നെ. തിരുഹൃദയഭക്തി, സമാധാനത്തിന്റെ രാജാവ്, കരുണയുടെ യേശു എന്നിവയൊക്കെ നമ്മിൽ ജീവിക്കുന്ന ക്രിസ്തുവിനെ ബോധപൂർവം ജീവിക്കുവാൻ പ്രേരകമാവുന്നവയാണ്. ഭക്തിയിൽ നിന്നും, ജീവിതത്തിലേക്കുള്ള ഒരു കടന്നു പോകൽ അതിനു അനിവാര്യവുമാണ്. അനീതിയിൽ നിന്ന് വന്നു ചേർന്ന ഓരോ മുറിവിലും ക്രിസ്തു എത്രയോ ജീവൻ നിറച്ചിരുന്നോ അതുപോലെ നമ്മിലെ മുറിവുകളും ഇനിമേൽ ജീവിക്കട്ടെ. ദൈവത്തിന്റെ മുഖം കരുണയാണെന്ന് ലോകം അറിയേണ്ടത് നമ്മിലെ കരുണയുടെ മുഖങ്ങളിൽ നിന്നാണ്. കാരണം നമ്മൾ ക്രിസ്തുവിൽ ഒന്നായതിനാൽ, ഒരു സമൂഹമായി നമ്മൾ കരുണയുടെ ശരീരമാണ്.
സാന്ത്വനത്തിന്റെയും കരുണയുടെയും സ്വീകാര്യതയുടെയും ദിവസങ്ങളാണ് ശിഷ്യർ കടന്നു പോയത്. തള്ളിപ്പറഞ്ഞവരും ഓടിപ്പോയവരും പരസ്പരം ബലപ്പെടുത്തുന്ന ക്രിസ്തുഹൃദയം പതിയെ സ്വന്തമാക്കിയെന്നു കാണാം. അവരുടെ സങ്കല്പങ്ങളിലും ഒരു വ്യാജക്രിസ്തുവുണ്ടായിരുന്നെങ്കിലും ക്രിസ്തു കുരിശിന്റെ വഴിയേ നിറഞ്ഞു ജീവിച്ചത് കണ്ട ശിഷ്യർ അവന്റെ ജീവിതത്തെ പുതുതായി വായിച്ചെടുത്തു. ആദിമ ക്രിസ്തുസമൂഹത്തെ പീഢിപ്പിച്ച സാവൂൾ അനനിയാസിന്റെ സാന്ത്വനസ്പര്ശത്തിൽ ക്രിസ്തുമുഖം കരുണയുള്ളതാണെന്ന് അനുഭവിച്ചറിയുന്നു. യാത്രാമധ്യേ തന്നെ നേരിട്ട പ്രതിയോഗിയായല്ല, തന്റെ (ജീവിത)യാത്രയിലുടനീളം തന്റെ കൂടെ നടന്ന ജീവനും സത്യവുമായി ക്രിസ്തു തിരിച്ചറിയപ്പെട്ടു.
നമ്മെ ഒരുമിച്ചു ചേർത്ത് ഒരു ശരീരമാക്കി നമ്മിൽ വസിക്കുന്ന ക്രിസ്തുവിനെ, നമ്മിൽ പ്രവഹിക്കുന്ന കൃപയുടെയും സത്യത്തിന്റെയും ഉറവിടമായി, ആത്മാവിലുള്ള ആരാധന തന്നെയായി സ്പര്ശിക്കുമ്പോഴേ ക്രിസ്തുരൂപീകരണവും കരുണയുടെ ജീവിതവും സാധ്യമാകൂ. നമ്മിൽ ജീവിക്കുന്നവനെ ഒരു സാങ്കല്പിക രൂപമായി നമുക്ക് പുറത്തു പ്രതിഷ്ഠിച്ചുകൊണ്ട് നമ്മൾ നഷ്ടപ്പെടുത്തുന്ന ജീവന്റെ ആഴങ്ങളെ തിരിച്ചു നേടുവാൻ ഒരു സമൂഹമായിത്തന്നെ അവനെ കണ്ടറിയണം. സഭ, കുടുംബം, സമൂഹം, വ്യക്തി എന്നിങ്ങനെ ഓരോ അവസ്ഥയിലും ഞാൻ വിശ്വസിക്കില്ല എന്ന് ശാഠ്യത്തോടെ പറയുന്നിടത്തൊക്കെ അവന്റെ മുറിവുകളിൽ ജീവൻ കാണാൻ എനിക്ക് കഴിയുന്നില്ലെന്ന് തന്നെയാണ് നമ്മൾ ആവർത്തിക്കുന്നത്. ജീവന്റെയും കരുണയുടെയും മുഖങ്ങളെ നമ്മിൽ നിന്ന് അകറ്റി നിർത്തുന്നതും അതുതന്നെ.
നിന്റെ സന്ദേഹങ്ങളും പരാതികളും ഇവിടെ കൊണ്ട് വരൂ, എന്റെ മുറിവിൽ വയ്ക്കൂ, ഞാൻ ജീവിക്കുന്നെന്നറിയൂ. നീയും ജീവിക്കും.
ഏപ്രിൽ 08, 2021
ഉത്ഥാനത്തിന്റെ ജീവൽസ്പർശം
ഉയിർപ്പിന്റെ സാക്ഷ്യങ്ങളിലെല്ലാം ജീവന്റെയും സാന്ത്വനത്തിന്റെയും നിറവുണ്ട്. ക്രിസ്തു തന്നെ ശിഷ്യരുടെ അടുത്തെത്തുമ്പോഴും ശിഷ്യർ പരസ്പരം ഏറ്റുപറയുമ്പോഴും ജീവൽപകർച്ചയും സാന്ത്വനവും കാണുവാൻ കഴിയും. ഞാൻ കർത്താവിന്റെ കണ്ടു, യേശു ജീവിക്കുന്നു എന്ന് ഏറ്റു പറയുന്ന ആ സാക്ഷ്യങ്ങളിൽ മറുവശത്ത് മറ്റൊരു പ്രഘോഷണവുമുണ്ട്: ഞാനും ജീവിക്കുന്നു; ക്രിസ്തുവിൽ കൃപയിൽ, എന്റെ തന്നെ സ്വാഭാവികഗുണങ്ങളിൽ.
അനേകം തിന്മകളാൽ പീഢിതയായിരുന്നു മഗ്ദലേനാ മറിയം. യേശു പകർന്ന ജീവൻ അവളിലെ ക്ഷതങ്ങളിലും ജീർണ്ണതകളിലും ജീവൻ നിറച്ചു. അവൾക്കു പകരമായുണ്ടായിരുന്ന സ്നേഹം വലുതാണ്. അത്തരം സ്നേഹം കൊണ്ടേ നമുക്ക് ആ ജീവസാന്നിധ്യം സ്പർശ്യമാകൂ. നമ്മുടെ ജീവിതങ്ങളുമായുള്ള നേർസ്പർശം അവിടെയുണ്ട്. അതുകൊണ്ടാണ് അത്തരം ഒരു പ്രത്യേക നിമിഷത്തിൽ അവർ കർത്താവിനെ തിരിച്ചറിഞ്ഞു എന്ന് ദിവ്യഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്.
ഉത്ഥിതനെ നേരിട്ടറിയുന്നതും, ജീവനുള്ളതായിരിക്കുന്നതും ജീവിതത്തിന്റെ ആഴങ്ങളിലുള്ള ഒരു വിളിയും ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയുമാണ്; അത് ഒരേ സമയം ഒരു സ്വപ്നവും കൃപയുമാണ്. എങ്ങോട്ടു നയിക്കപ്പെടുന്നെന്നോ, നമ്മെ എങ്ങനെ പ്രശോഭിപ്പിക്കുന്നെന്നോ നമുക്കറിയില്ല. എങ്കിലും ഓരോ വേളയിലും അനുഭവവേദ്യമാകുന്ന ക്രിസ്തുസാന്നിധ്യം പ്രഘോഷിക്കാതിരിക്കുക എന്നത് അസാധ്യമാണ്. പ്രഭാതസവാരിയിൽ, ഓഫീസിൽ, ഒരു രോഗിക്കരികിൽ സാന്ത്വനവും ജീവസാന്നിധ്യവുമായി നിൽക്കുമ്പോഴെല്ലാം അവർ ഉത്ഥിതനെ അറിയുന്നുണ്ട്. ഭയപ്പെടേണ്ട! സമാധാനം! ഇത് ഞാനാണ്! ലളിതമായ ഇത്തരം വാക്കുകൾ ഉത്ഥാനമുണർത്തുന്ന വാക്കുകളാണ്.
ഉത്ഥാനത്തിന്റെ ജീവൽസ്പർശം നമ്മിലുമുണ്ടാവട്ടെ.
ഏപ്രിൽ 05, 2021
ഉത്ഥിതന്റെ ആശ്വാസസാന്നിധ്യം
അവന്റെ ഓർമ്മകളും അവന്റെ വാക്കുകളും അവർ കൂടെക്കൂടെ ഓർത്തു. ഇടക്ക് ചെറുതും വലുതുമായ തേങ്ങലുകളിലേക്കും ആ ഓർമ്മകൾ മാറ്റപ്പെട്ടു. ഓരോരുത്തരും ഹൃദയത്തിലറിഞ്ഞതിനനുസരിച്ച് അവരുടെ വേദനകൾക്കും തേങ്ങലുകൾക്കും ആഴമുണ്ടായിരുന്നു. പരസ്പരം ആശ്വസിപ്പിച്ചപ്പോളൊക്കെയും ഇടക്കിടെ സമാധാനസാന്നിധ്യമായി അവൻ തങ്ങൾക്കിടയിൽ ഉണ്ടെന്നു അവർ തിരിച്ചറിഞ്ഞു.
ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
പരസ്പരം സാന്ത്വനിപ്പിക്കാനും, ജീവൻ പകരാനും കഴിയുമ്പോഴാണ് സമൂഹം ക്രിസ്തുശരീരമാകുന്നത്. ഉത്ഥിതൻ സ്വയം വെളിപ്പെടുന്നതും, ജീവിക്കുന്ന സാന്നിധ്യമായി നമുക്കിടയിൽ അനുഭവവേദ്യമാകുന്നതും അപ്പോഴാണ്. ഉയിർത്തെഴുന്നേറ്റ മിശിഹായെ തേടേണ്ടത് കല്ലറയുടെ പരിസരത്തല്ല, ജീവിക്കുന്നവർ ജീവിക്കുന്ന വീട്ടിലും, നാട്ടിലും, സൗഹൃദങ്ങളിലും, അയൽക്കൂട്ടങ്ങളിലുമാണ്. ആ ക്രിസ്തുസാന്നിധ്യത്തിലാണ് നമ്മൾ നമ്മെത്തന്നെ കണ്ടെത്തുന്നത്.
ഏപ്രിൽ 02, 2021
നാം സംസ്കരിക്കപ്പെടുമ്പോൾ വിതക്കപ്പെടുന്നത്
ഉറങ്ങുമ്പോഴും ഉണർവുള്ളവന് നമ്മിലെ നിശ്ചലതകളെ കാണുവാൻ കഴിയും. സകലത്തിന്റെയും ആന്തരികജ്ഞാനവും അന്തരാത്മാവുമായവൻ സ്വരൂപമില്ലാത്തവനായി. ജീവൻ പരിപൂർണമായി പകർന്നു നൽകി ജീവന്റെ പൂർണത നൽകി. നന്മയെ തുറന്നുകൊണ്ടു തിന്മയെ ഇല്ലാതാക്കി.
ക്രിസ്തു വിലാപങ്ങളിലും കണ്ണുനീരിലും പ്രാർത്ഥിച്ചു. നമ്മുടെ വിലാപങ്ങളിലും കുരിശിലെ ദാഹത്തിന്റെ ആഴമുണ്ടാവട്ടെ. "എനിക്ക് ദാഹിക്കുന്നു ... ഞാൻ ആഗ്രഹിക്കുന്നു!" എന്താണ് അവൻ കുരിശിൽ ആഗ്രഹിച്ചത്? സകലരിലും ജീവനുണ്ടാവണം എന്ന തിരുഹിതം. വ്യക്തിപരവും സാമൂഹികവുമായ ജീവൻ സമഭാവനയും സ്വതന്ത്രതയും ആദരവും ഉൾകൊള്ളുന്നു. ക്രിസ്തു അത് ജീവിച്ചിരുന്നു. നിറയുന്ന നന്മകളാൽ മനുഷ്യഹൃദയങ്ങളിലും ലോകത്തും വന്നുചേരുന്ന സമാധാനം.
നന്മ ആഗ്രഹിക്കപ്പെടാത്തിടത്ത് തിന്മയും ജീർണ്ണതകളും വന്നു ചേരും. ദൈവം ആഗ്രഹിക്കപ്പെടാത്തിടത്ത് വികലദൈവങ്ങൾ രൂപമെടുക്കും, അങ്ങനെ ദൈവത്തെ അകറ്റി നിർത്തുന്ന ഹൃദയങ്ങളിൽ പിറക്കുന്ന തിന്മയുടെ സ്വത്വമാണ് പിശാച്.
ജീവിതത്തിന്റെ പര്യവസാനമായി മണ്ണിലലിഞ്ഞു ചേരുംവരെ അവസാന ദാഹമായി നമ്മിൽ എന്തായിരിക്കും? നമ്മിൽനിന്നുയിർത്തു വീണ്ടും ജീവിക്കുന്നത് ആ ദാഹം തന്നെയാവും. ക്രിസ്തുവിനോടൊപ്പം സംസ്കരിക്കപ്പെടുമ്പോൾ നമുക്ക് ധ്യാനിക്കാം, നമ്മൾ വിതയ്ക്കുന്നത് എന്താണ്?
ഏപ്രിൽ 01, 2021
നിന്റെ ഇഷ്ടം ഞാൻ പൂർത്തിയാക്കി
ഞാൻ അങ്ങയുടെ ഹിതം പൂർത്തിയാക്കി.
ആത്മാർത്ഥതയോടും ജീവത്യാഗത്തോടും കൂടെ കടന്നുപോയ ജീവിതങ്ങളിൽ വലിയ ആത്മാർപ്പണവുമുണ്ട്.
പരാജയങ്ങളെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ അല്ല, തികഞ്ഞ ആത്മാർത്ഥത മാത്രം നോക്കിയാൽ മതിയാകും ഒരാളുടെ കുരിശിന്റെ വഴിയിലെ ധന്യത കണ്ടെത്തുവാൻ. "നീ എനിക്ക് തന്നവരെ" എന്ന് ക്രിസ്തു പ്രാർത്ഥിച്ചതു പോലെ നമുക്ക് നല്കപ്പെട്ടവരും ഇനി മേൽ സംരക്ഷിക്കപ്പെടുന്നത് ദൈവപരിപാലനയിൽത്തന്നെയാണെന്നത് വലിയ സാന്ത്വനസന്ദേശമാണ് പകരുന്നത്.
ഞാൻ ഹൃദയപരമാർത്ഥതയോടെ ജീവിച്ചു, ഇനിയെന്ത്? എങ്ങനെയാണെന്നോ എന്താവുമെന്നോ വ്യക്തമല്ലെങ്കിലും ദൈവപരിപാലനയിൽത്തന്നെയാവും എന്റെ നാളെകളിൽ എനിക്ക് വന്നു ഭവിക്കുന്ന രൂപാന്തരങ്ങൾ എന്ന് ധ്യാനിക്കാം, മരണത്തിന്റെ നിമിഷങ്ങൾ കടന്നാൽക്കൂടിയും.
സ്നേഹത്തിനു വിലയിടാൻ ആർക്കു കഴിയും? ഒരുവൻ തന്റെ സ്നേഹത്തിന് ജീവന്റെ വില നൽകുമ്പോൾ, മറ്റൊരുവൻ ആ ജീവന് വെറും മുപ്പതു വെള്ളിക്കാശിന്റെ വിലയിടുന്നത് സ്നേഹമറിയാത്തതു കൊണ്ടോ ജീവനില്ലാതിരുന്നത് കൊണ്ടോ? യൂദാസിന്റെ നാണയക്കിലുക്കം അകലും മുമ്പേ കുപ്പായത്തിന്റെ അവകാശത്തിനു വേണ്ടി കുറേപ്പേർ കുരിശിൻ ചുവട്ടിൽ നറുക്കിടുന്നു, ഉയിർപ്പു മറച്ചുവയ്ക്കാൻ കാവൽക്കാർക്ക് കൈക്കൂലി നൽകപ്പെടുന്നു.
പിതാവേ, നിന്റെ ഇഷ്ടം ഞാൻ പൂർത്തിയാക്കി, എന്നെത്തന്നെ പരിപൂർണ്ണസ്നേഹത്തിൽ ഞാൻ പകർന്നു നൽകി. ഇതാ നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.
കുഞ്ഞാട് വധിക്കപ്പെടണം എന്നത് നിയമപ്രകാരമുള്ള പാപമോചനത്തിന്റെ ആവശ്യമാണ്. അവൻ കൊല്ലപ്പെടണമെന്നത് ശത്രുക്കളുടെ ഗൂഢാലോചനയുടെ ഫലം. എന്നാൽ തന്റെ ജീവൻ അനേകർക്ക് ജീവനായി നല്കണമെന്നത് നിയമം ഉള്ളതുകൊണ്ടല്ല, ക്രിസ്തു കല്പിച്ച സ്നേഹം സ്വയം ഉൾച്ചേർക്കുന്ന ശൂന്യവത്കരണമാണത്.
നിയമിതമായതു മാത്രം ചെയ്യുന്നതിലെ അടച്ചിടലുകൾ നമ്മിലെ മനുഷ്യപുത്രനെ ചുരുക്കി നിർത്തുകയാണ്. ക്രിസ്തുവിന്റെയത്രയും വിശാലതയോടെ സ്വയം ശൂന്യമാകാൻ നമുക്കാവില്ല, എന്നാൽ ആവുന്നത്ര ആത്മാർത്ഥതയും നന്മയും ഉണ്ടെങ്കിൽ മിശിഹായുടെ അഭിഷിക്തചര്യ നമ്മിലുമുണ്ട്. കുരിശിനെ ജീവന്റെ വൃക്ഷമാക്കിയതുപോലെ, നമ്മിലെ മനുഷ്യരഹസ്യങ്ങളെ സ്പർശിക്കുന്ന ദൈവകൃപ അതിനെയും ഫലദായകമാക്കും.