ഉയിർപ്പിന്റെ സാക്ഷ്യങ്ങളിലെല്ലാം ജീവന്റെയും സാന്ത്വനത്തിന്റെയും നിറവുണ്ട്. ക്രിസ്തു തന്നെ ശിഷ്യരുടെ അടുത്തെത്തുമ്പോഴും ശിഷ്യർ പരസ്പരം ഏറ്റുപറയുമ്പോഴും ജീവൽപകർച്ചയും സാന്ത്വനവും കാണുവാൻ കഴിയും. ഞാൻ കർത്താവിന്റെ കണ്ടു, യേശു ജീവിക്കുന്നു എന്ന് ഏറ്റു പറയുന്ന ആ സാക്ഷ്യങ്ങളിൽ മറുവശത്ത് മറ്റൊരു പ്രഘോഷണവുമുണ്ട്: ഞാനും ജീവിക്കുന്നു; ക്രിസ്തുവിൽ കൃപയിൽ, എന്റെ തന്നെ സ്വാഭാവികഗുണങ്ങളിൽ.
അനേകം തിന്മകളാൽ പീഢിതയായിരുന്നു മഗ്ദലേനാ മറിയം. യേശു പകർന്ന ജീവൻ അവളിലെ ക്ഷതങ്ങളിലും ജീർണ്ണതകളിലും ജീവൻ നിറച്ചു. അവൾക്കു പകരമായുണ്ടായിരുന്ന സ്നേഹം വലുതാണ്. അത്തരം സ്നേഹം കൊണ്ടേ നമുക്ക് ആ ജീവസാന്നിധ്യം സ്പർശ്യമാകൂ. നമ്മുടെ ജീവിതങ്ങളുമായുള്ള നേർസ്പർശം അവിടെയുണ്ട്. അതുകൊണ്ടാണ് അത്തരം ഒരു പ്രത്യേക നിമിഷത്തിൽ അവർ കർത്താവിനെ തിരിച്ചറിഞ്ഞു എന്ന് ദിവ്യഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്.
ഉത്ഥിതനെ നേരിട്ടറിയുന്നതും, ജീവനുള്ളതായിരിക്കുന്നതും ജീവിതത്തിന്റെ ആഴങ്ങളിലുള്ള ഒരു വിളിയും ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയുമാണ്; അത് ഒരേ സമയം ഒരു സ്വപ്നവും കൃപയുമാണ്. എങ്ങോട്ടു നയിക്കപ്പെടുന്നെന്നോ, നമ്മെ എങ്ങനെ പ്രശോഭിപ്പിക്കുന്നെന്നോ നമുക്കറിയില്ല. എങ്കിലും ഓരോ വേളയിലും അനുഭവവേദ്യമാകുന്ന ക്രിസ്തുസാന്നിധ്യം പ്രഘോഷിക്കാതിരിക്കുക എന്നത് അസാധ്യമാണ്. പ്രഭാതസവാരിയിൽ, ഓഫീസിൽ, ഒരു രോഗിക്കരികിൽ സാന്ത്വനവും ജീവസാന്നിധ്യവുമായി നിൽക്കുമ്പോഴെല്ലാം അവർ ഉത്ഥിതനെ അറിയുന്നുണ്ട്. ഭയപ്പെടേണ്ട! സമാധാനം! ഇത് ഞാനാണ്! ലളിതമായ ഇത്തരം വാക്കുകൾ ഉത്ഥാനമുണർത്തുന്ന വാക്കുകളാണ്.
ഉത്ഥാനത്തിന്റെ ജീവൽസ്പർശം നമ്മിലുമുണ്ടാവട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ