ദൈവസങ്കല്പം ഏതുമാവട്ടെ നമ്മിലുള്ളത്. ഒരു പ്രത്യേക സങ്കല്പവും ഒരു പക്ഷെ പലർക്കും ഇല്ലായിരിക്കാം. എന്നിരുന്നാലും, പ്രശാന്തമായ ഒരു ആന്തരികത ഈ അവസരത്തിൽ നമുക്ക് എല്ലാവർക്കും ആവശ്യമാണ്. ഭീതിയും അനിശ്ചിതത്വവും നിസ്സഹായതയും അനുദിന ജീവിതത്തിന്റെ യാഥാർത്ഥ്യമാകുമ്പോൾ സമാധാനം നിറഞ്ഞ ഹൃദയവും പ്രത്യാശയും കാത്ത് സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന സമയം നമ്മുടെ തന്നെ ചില ഗുണങ്ങൾ നമ്മെ അനുയാത്ര ചെയ്യണം. അതിൽ പ്രധാനമായ ഒന്നാണ് സത്യം. യഥാർത്ഥ സ്ഥിതി മനസിലാക്കിക്കൊണ്ടേ വേണ്ട കരുതലുകൾ സ്വീകരിക്കുവാൻ കഴിയൂ. സത്യം മനസിലാക്കാൻ ഉൾക്കരുത്തും, അത് നൽകുന്ന മാർഗ്ഗനിര്ദേശങ്ങളുമായി മുന്നോട്ടു പോകുവാനുള്ള ധീരതയും നമുക്ക് വേണം. കുറവുകളേയും സാധ്യതകളെയും പ്രത്യേക താൽപര്യങ്ങൾക്കു വേണ്ടി മറച്ചു വെക്കുന്നത് സത്യവിരുദ്ധമാണ്. അതു പോലെ തന്നെ, നന്മ ആഗ്രഹിക്കാത്ത കുറ്റപ്പെടുത്തലുകൾ ഫലം തേടാത്ത ആക്രമണം മാത്രമാണ്. നന്മയെ മുന്നിൽ കണ്ടു കൊണ്ട് സത്യം തുറന്നു കാട്ടേണ്ടത് നീതിയുടെ പ്രവൃത്തിയുമാണ്. ഭയം യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്നില്ല, സത്യം ഉണ്ടെങ്കിലേ തികഞ്ഞ ജാഗ്രത പുലർത്താൻ കഴിയൂ.
ജാഗ്രത എന്നത് വിവേകവും ആത്മനിയന്ത്രണവും ഉൾകൊള്ളുന്നു. നമ്മെയും അനുദിന ജീവിതത്തെയും വിവേചിച്ചറിയാൻ കഴിഞ്ഞെങ്കിലേ അത് സാധ്യമാകൂ. മാസ്ക് ധരിക്കുന്നതിലും അകലം പാലിക്കുന്നതിലും കവലയോഗങ്ങൾ ഒഴിവാക്കുന്നതുമെല്ലാം ആന്തരികതയുടെ പക്വതയായി കാണാം. നമുക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിക്കൂടി.
എണീക്കുവാനും മുമ്പോട്ട് നടക്കുവാനുമുള്ള കരുത്ത് നേടുവാനും പകർന്നു കൊടുക്കുവാനും കഴിയേണ്ടതിന് സമചിത്തത, സമാധാനം, പ്രത്യാശ എന്നിവ വളരെ പ്രധാനമാണ്. മനുഷ്യന്റെ ആഴങ്ങളും ദൈവസാന്നിധ്യവും ഒരു പോലെ ഗ്രഹിക്കാൻ ഈ ഗുണങ്ങൾ (സമാധാനം, പ്രത്യാശ, ജാഗ്രത, വിവേകം, ആത്മനിയന്ത്രണം, വിവേചനശക്തി, സത്യം, സമചിത്തത) ആശങ്കയുടെ നാളുകളിൽ നമ്മിൽ ഇടം പിടിക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ