Gentle Dew Drop

ഏപ്രിൽ 24, 2021

ഇടയന്റെ ജീവസ്പർശം

ജീവിതവുമായി സംവദിക്കാത്ത വിശ്വാസം നിർജ്ജീവമാണ്. ജീവിതവും, അതിന്റെ സന്തോഷങ്ങളും പ്രാരാബ്ധങ്ങളും ഒരു വശത്തും വിശ്വാസവും ആചാരങ്ങളും ഭക്തിക്രിയകളും വേറൊരു വശത്തുമായി നിൽക്കുമ്പോൾ ജീവന്റെ ഊർജ്ജം അവ രണ്ടിലുമുണ്ടാവില്ല. ഇവ എങ്ങനെ പരസ്പരം കാണുന്നുവെന്നും പരസ്പരം പരിപോഷിപ്പിക്കുന്നുവെന്നും പരിശോധിക്കേണ്ടത് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും ശരിയായ ദിശയിലെന്ന് ഉറപ്പാക്കാനും ആവശ്യമാണ്. നമ്മളെന്താണോ, അതിൽ എഴുതപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ചു ധ്യാനിക്കുവാൻ നമുക്ക് കഴിയണം. അത് ഹൃദ്യവും വൈകാരികവും ബൗദ്ധികവുമായി ഈ ധ്യാനത്തിലേക്ക് നയിക്കുന്നതാണ്‌ ക്രിസ്തു ഇടയനായി നമ്മുടെ ജീവിതത്തിൽ വരുന്ന അനുഭവം.

മനുഷ്യന് ലഭിക്കാവുന്ന ചേർത്ത് പിടിക്കലിന്റെ വലിയ ഒരു അടയാളമാണ് ഇടയസങ്കല്പത്തിലെ ബന്ധം. ആശങ്കകളും ഭീതിയും ഒറ്റപ്പെടലും മരണഭയവുമെല്ലാം ചേർത്തുവയ്ക്കപ്പെടുന്നു, ആശ്വസിപ്പിക്കപ്പെടുന്നു. അത് ജീവന്റെ ഉറപ്പാണ്. ആ ഉറപ്പു ലഭിക്കുമ്പോഴേ നമ്മിൽ സമാധാനം നിറയൂ. ജീവഗന്ധിയായ ആ സമാധാനത്തിലേ എന്റേത്
എന്നെയും ഞാൻ എന്റേതിനേയും അറിയുന്നു എന്ന അനുഭവം നമുക്കുണ്ടാകൂ.

ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നവനാണ് നല്ല ഇടയൻ. ഓരോ ത്യാഗവീഥിയിലും ഈ ജീവാർപ്പണമുണ്ട്. അവിടെയാണ് ജീവനുള്ള ദൈവം അനുഭവവേദ്യമാകുന്നതും. അവിടെയെ യഥാർത്ഥ ദൈവാരാധനയും ഉണ്ടാകൂ. ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവർ ഒന്നായിച്ചേരുന്ന തന്റെ ശരീരം തന്നെയാണ് ദേവാലയം എന്ന് ക്രിസ്തുവിനു പറയാൻ കഴിഞ്ഞത് ജീവന്റെ ഉത്സവം അവനിൽ ഉണ്ടായിരുന്നത് കൊണ്ടാണ്.

നമ്മൾ രൂപപ്പെടുത്തിയ മന്ത്രികദൈവങ്ങൾ അകന്നു പോകുമ്പോൾ, മരണസമയത്തും സമാധാനവും പ്രത്യാശയും പകരാൻ ജീവിക്കുന്ന ദൈവമേ നമ്മുടെ അടുത്ത് നിൽക്കൂ. നല്ല ഇടയൻ തന്റെ ജീവൻ പകർന്നു നൽകുന്നു. മരണം നാശം എന്നതിനപ്പുറം സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും ജീവസ്പര്ശമായി അറിയാൻ നമുക്കാകും. മരണത്തെ അങ്ങനെ പകർന്നു നൽകുന്ന ഒരു കടന്നു പോകലാക്കാൻ ഇടയൻ കരുത്ത് നൽകും.

ദൈവം ജീവിക്കുന്നു, അവിടുന്ന് ജീവൻ പകർന്നു നൽകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ