Gentle Dew Drop

ഏപ്രിൽ 26, 2021

ജീവസ്പർശം

ജീവനു വേണ്ടിയും ദൈവസാന്നിധ്യത്തിനു വേണ്ടിയും ആഗ്രഹിക്കുന്നവരുടെ അടുത്ത് പടം ഷെയർ ചെയ്‌താൽ വഴി തുറക്കുന്ന ദൈവങ്ങൾഎത്താറില്ല, കാരണം അവർ വാഗ്ദാനം ചെയ്യുന്നത് വിലകെട്ട കൃപയാണ്. ജീവസ്പർശം നൽകാൻ വിലകെട്ട കൃപകൾക്കു കഴിയില്ല. കൃപക്ക് ദൈവാശ്രയത്തിന്റെ ആഴം എന്ന വലിയ വിലയുണ്ട്. തകർച്ചയിലും രോഗത്തിലും മരണസമയത്തും ജീവസ്പർശവും ആശ്വാസവും നൽകാൻ ജീവിക്കുന്ന ദൈവത്തിനേ കഴിയൂ.

ഒരു ഹീറോയെപ്പോലെ വന്നിടപെടുന്ന ഒരു മാന്ത്രിക ദൈവസങ്കൽപ്പം ആകർഷകമാണ്. എന്നാൽ ആ വിധത്തിലല്ല ദൈവം പ്രവർത്തിക്കുന്നത്. സൃഷ്ടികളുടെ സ്വതസിദ്ധമായ ഗുണങ്ങളിലൂടെയും പ്രക്രിയകളിലൂടെയുമാണ് ദൈവം തന്റെ പ്രവൃത്തി തുടരുന്നത്. മനുഷ്യർക്ക് മനുഷ്യസഹജമായ ഗുണങ്ങളിലൂടെയും പരസ്പരമുള്ള കരുതലിലൂടെയുമാണ് ദൈവസാന്നിധ്യവും പ്രവൃത്തിയും നമ്മൾ അറിയുന്നത്.

ദൈവപ്രവൃത്തിയെയും ആ ജീവനെയും നന്ദിയോടുകൂടെ വിശ്വാസത്തോടെ വ്യക്തിജീവിതത്തിലേക്കു കൊണ്ട് വരികയെന്നതാണ് സംരക്ഷണയുടെയും പരിപാലനയുടെയും അനുഭവം. ചില പ്രാർത്ഥനകൾക്കും ചിത്രങ്ങൾക്കും സംരക്ഷണ ശക്തിയുണ്ടെന്ന ധാരണ ദൈവികമല്ല. പ്രാർത്ഥിക്കണം, ദൈവത്തിലാശ്രയിക്കണം, ജീവൻ നൽകുന്നത് ദൈവമാണ് പ്രാർത്ഥനാമന്ത്രങ്ങളല്ല.

"തിരുരക്തം കൊണ്ട് ഞാൻ എന്നെ കുത്തി വയ്ക്കുന്നു " എന്ന് കഴിഞ്ഞ വർഷം ഫിലിപ്പീൻസിൽ ആരോ പ്രചരിപ്പിച്ചത് 'ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്' എന്ന പേരിൽ വളരെയേറെ പ്രചരിപ്പിക്കപ്പെട്ടു തെറ്റിദ്ധാരണ പരത്തുന്നുണ്ട്. തിരുരക്തം നമ്മിലേക്ക് ചൊരിയപ്പെട്ട ദൈവികജീവന്റെ അടയാളമാണ്. അത് ഇൻജെക്ഷൻ പോലെ കടന്നു വന്നു അണുനശീകരണം നടത്തുമെന്നത് ഭാവനപരമാണ്. അത്തരം ഭക്തി രൂപങ്ങൾ വിശ്വാസത്തിനെന്നു മാത്രമല്ല ദൈവപ്രവൃത്തികൾക്കും തടസ്സമാവുകയാണ്. അറിവും സാമൂഹികബോധവും പകർന്നു നൽകുന്ന ഓരോ നിർദ്ദേശവും പ്രധാനമാണ്, ദൈവഹിതമാണ്. ദൈവം അത്തരത്തിൽ നൽകുന്ന പ്രചോദനങ്ങളെ മാറ്റി നിർത്തുന്നത് ഏതു ഭക്തിയുടെ പേരിലാണെങ്കിലും ശരിയായതല്ല.ദൈവം ആഗ്രഹിക്കുന്നെങ്കിൽ ഞാൻ എങ്ങേനെയാണെങ്കിലും ജീവിക്കും എന്ന് കരുതുന്നതും വിശ്വാസത്തിന്റെ അടയാളമല്ല.

ദൈവം നമുക്ക് അരികെയുണ്ട്, ജീവിച്ചാലും മരിച്ചാലും. ആ ജീവസ്പർശം നമുക്ക് കരുത്തും സാന്ത്വനവുമാണ്. ജീവൻ ദൈവത്തിൽ സുരക്ഷിതമെന്ന ബോധ്യത്തിൽ നമ്മുടെ ചോദ്യങ്ങൾ അകലും. ഒരു പക്ഷെ ക്രിസ്തുവിനെപ്പോലെ ജീവദായകമായ ഒരു സ്വയംശൂന്യവത്കരണം നമുക്കുമാകും.

"ദുരിതകാലത്തു ഞാൻ കർത്താവിനെ വിളിച്ചു...
കർത്താവേ കരുണ തോന്നണമേ, എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ"
ദൈവം പറഞ്ഞു: അധികാര ലാഭങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കുമായി നിങ്ങൾ സാമൂഹികക്രമങ്ങളുമായി ഇഴചേർത്തിരിക്കുന്ന അനീതികൾ തിരുത്തുക എന്നതാണ് മാനസാന്തരം. അവയില്ലാതെ എന്റെ മുമ്പിലെ അർച്ചനകൾ  ഫലം തരില്ല. ഞാൻ സ്നേഹവും കരുണയും ചൊരിയുമ്പോഴും അത് നിങ്ങൾക്ക് അപ്രാപ്യമായിരിക്കും. നിസ്സഹായതയിൽ അനേകർ ഇരകളാകുന്നു എന്നതിൽ ഞാനും നിസ്സഹായനാകുന്നു. അനീതിയുടെ മാർഗ്ഗങ്ങളിൽ നിങ്ങൾ കെട്ടിയിടുന്നത് എന്റെ കരുണ പ്രവർത്തിക്കേണ്ട നിങ്ങളുടെ കരങ്ങളും ഹൃദയങ്ങളുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ