Gentle Dew Drop

ഏപ്രിൽ 14, 2021

ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു

കുറവുകളില്ലാത്ത മനുഷ്യരുണ്ടാവില്ല, എന്നാൽ കുറവുകൾ മാത്രമേയുള്ളു എന്ന് ധരിച്ച് അതിനെ ആത്മീയവത്കരിക്കുന്നത് കപടമായ ഭക്തിയും ശുഷ്ക്കമായ 'എളിമ'യുമാണ്. ഓരോരുത്തരുടെയും ഉത്ഭവങ്ങളിൽ നിന്നുതന്നെ ഒഴുകുന്ന അനുഗ്രഹങ്ങൾ ഉണ്ട്. ആ അനുഗ്രഹങ്ങൾക്കായി പ്രപഞ്ചം കൊതിക്കുന്നുമുണ്ട്. ഏതൊക്കെ ഹൃദയ വാതിലുകൾ അടയുന്നുവോ അത്രയും അനുഗ്രഹ സമ്പന്നത നമുക്ക് നഷ്ടമാകും. പാപം വർധിക്കുന്നു എന്ന് വിലപിക്കുമ്പോൾ, അടഞ്ഞിരിക്കുന്ന ഹൃദയ വാതിലുകൾ എന്തേ അടയപ്പെട്ടു എന്ന ഒരു ചോദ്യം കരുണയോടും സഹാനുഭൂതിയോടും കൂടെ ഉയരേണ്ടതുണ്ട്.

... കാരണം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
... എങ്കിലും, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു

ഗ്രാഹ്യവും അഗ്രാഹ്യവുമായ രഹസ്യങ്ങൾ നമുക്കെല്ലാമുണ്ട്. എന്നാൽ രഹസ്യങ്ങളിലേക്കു അടയപ്പെടുമ്പോൾ നമുക്ക് ജീവിക്കാനാവില്ല. നമ്മിലെ മനുഷ്യരഹസ്യവും, ക്രിസ്തുരഹസ്യവും വെളിപ്പെടുത്തപ്പെടേണ്ടതാണ്. നമ്മിലെ അറിവും, അജ്ഞതയും, സൗമ്യതയും, കാർക്കശ്യവും, കനിവും നീറ്റലുമെല്ലാം നമ്മളോട് തന്നെയും ലോകത്തോടും സംസാരിക്കുന്ന ഉത്ഭവ രഹസ്യങ്ങൾ അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ.

... കാരണം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
... എങ്കിലും, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ