Gentle Dew Drop

ഏപ്രിൽ 28, 2021

പരാതികളോടുള്ള സംഭാഷണം: കൃപാവഴി

പരാതികളില്ലാത്തവരില്ല; എന്നാൽ ഈ പരാതികൾ പറഞ്ഞുതരുന്ന നമ്മിലെ സത്യങ്ങളെ മനസ്സിലാക്കാൻ ചിലപ്പോൾ നമുക്ക് കഴിയാറില്ല. ദൈവം അവയെല്ലാം അറിയുന്നു എന്ന അനുഭവം വലുതാണ്. ആ ബോധ്യത്തിൽ നിന്ന് വരുന്ന പ്രതികരണങ്ങൾ നന്ദിയുടെയോ, നിറവിന്റെയോ ആനന്ദത്തിന്റെയോ  ആശ്വാസത്തിന്റെയോ ഒക്കെയാകാം. എന്നെ അറിയുന്നതിന്, കൂടെയുള്ളതിന് ഒത്തിരി നന്ദി എന്ന ചില ആത്മാർത്ഥ പ്രതികരണങ്ങളിലാണ് പ്രാർത്ഥന. അത് വാക്കുകളിലോ ചെറുപുഞ്ചിരിയിലോ കണ്ണുനീരിലോ ആകാം. പ്രാർത്ഥനയുടെ ആഴം എന്നതും ഇത്തരം അനുഭവം ആണ്. നമ്മളും ദൈവവും ഒരുമിച്ചു പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന അവസ്ഥ. അപ്പോൾ അനുദിന പ്രവൃത്തികളിലും പ്രാർത്ഥനയുണ്ടാകും. ഏകാന്തതയിലും വേദനയിലും നിരാശയിലും ദൈവസ്പർശം അനുഭവവേദ്യമാവുകയും ചെയ്യും.

ദൈവത്തിന്റെ സ്നേഹം ഓരോ ദിവസവും പുതുതാണെന്നതു പോലെതന്നെ  ഈ അനുഭവവും അനുദിനപ്രക്രിയയാണ്. ജീവന്റെ അവസ്ഥ നമ്മിലുണ്ടെങ്കിലും പല ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ കൃപാനിറവിൽ എല്ലാം നേരിടുവാൻ എപ്പോഴും കഴിഞ്ഞെന്നു വരില്ല, വ്യക്തിപരമായ കുറവുകളും, വിങ്ങലുകളുമാവാം കൂടുതൽ അവയുമായി സമ്പർക്കത്തിലാവുന്നത്.  അതുകൊണ്ട്  നീരസം, ദുഃഖം, നിരാശ തുടങ്ങിയവ അവ പുറപ്പെടുവിച്ചേക്കാം. കൃപാപ്രവൃത്തികളെ അനുവദിക്കുന്നതിനപ്പുറത്തേക്ക് ഇവയുടെ പ്രതിഫലനങ്ങൾ നമ്മെ സ്വാധീനിച്ചേക്കാം. അവയെ നമ്മൾ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ശ്രദ്ധ ഈ വിങ്ങലുകളിലേക്കാവും, കൃപ നമ്മിൽ പ്രകടമാകാതിരിക്കുകയും ചെയ്യും. കൃപയില്ലാത്തതുകൊണ്ടല്ല. 

ദൈവസ്പർശത്തിലുള്ള നിറവിന്റെ പ്രകടരൂപമായാണ് സ്തുതിയും ആരാധനയും വരേണ്ടത്,  എന്നാൽ ആ നിറവിന് നമ്മിലെ വേദനകളെ ആശ്വസിപ്പിക്കുന്ന ദൈവജീവൻ നമ്മിൽ കണ്ടെത്തണം. നമ്മുടെ പരാതികളെ നമുക്ക് മുമ്പിൽ അഴിച്ചു വെച്ച് ആത്മവിചിന്തനം നടത്തണം. സഹായവും ശക്തിയും ആവശ്യമായിരിക്കുന്ന മേഖലയിൽ അവ ആഗ്രഹിക്കാം, തിരുത്തലുകൾ വേണമെന്ന് തിരിച്ചറിയുന്നവ തിരുത്താൻ സഹായം തേടാം, ക്ഷമിക്കേണ്ടതായവ ക്ഷമിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കാം. അപ്പോൾ ദൈവവും നമ്മളും ഒരുമിച്ച് നമ്മെത്തന്നെ പുനർനിർമ്മിക്കുവാനുള്ള ഒരു പ്രവർത്തനം നമ്മുടെ ആത്മീയതയിൽ നമുക്ക് ലഭിക്കും. അത് വലിയ നിറവ് നൽകുകയും ചെയ്യും. സമർപ്പണവും വിട്ടുകൊടുക്കലും ഒക്കെ അതിലെ ആഴമാണ്. അതിൽ ലഭിക്കുന്ന ജീവസ്പർശത്തിലേ ഉള്ളിൽ ആനന്ദവും സമാധാനവും നിറയൂ. അതാണ് സ്തുതിക്കാനും ആരാധിക്കാനും ഉൾപ്രേരണ നൽകുന്നത്. അവയില്ലാത്ത സ്തുതികൾ വാക്കുകൾ മാത്രമാണ്. എന്നാൽ അവ ഹൃദയത്തിന്റെ പ്രകാശമാകുമ്പോൾ അത് നമ്മെ നയിക്കുന്ന വെളിച്ചമാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ