Gentle Dew Drop

ഏപ്രിൽ 01, 2021

നിന്റെ ഇഷ്ടം ഞാൻ പൂർത്തിയാക്കി

ഞാൻ അങ്ങയുടെ ഹിതം പൂർത്തിയാക്കി. 

ആത്മാർത്ഥതയോടും ജീവത്യാഗത്തോടും കൂടെ  കടന്നുപോയ ജീവിതങ്ങളിൽ വലിയ ആത്മാർപ്പണവുമുണ്ട്.

പരാജയങ്ങളെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ അല്ല, തികഞ്ഞ ആത്മാർത്ഥത മാത്രം നോക്കിയാൽ മതിയാകും ഒരാളുടെ കുരിശിന്റെ വഴിയിലെ ധന്യത കണ്ടെത്തുവാൻ. "നീ എനിക്ക് തന്നവരെ" എന്ന് ക്രിസ്തു പ്രാർത്ഥിച്ചതു പോലെ നമുക്ക് നല്കപ്പെട്ടവരും ഇനി മേൽ സംരക്ഷിക്കപ്പെടുന്നത്  ദൈവപരിപാലനയിൽത്തന്നെയാണെന്നത് വലിയ സാന്ത്വനസന്ദേശമാണ് പകരുന്നത്. 

ഞാൻ ഹൃദയപരമാർത്ഥതയോടെ ജീവിച്ചു, ഇനിയെന്ത്? എങ്ങനെയാണെന്നോ എന്താവുമെന്നോ വ്യക്തമല്ലെങ്കിലും ദൈവപരിപാലനയിൽത്തന്നെയാവും എന്റെ നാളെകളിൽ എനിക്ക് വന്നു ഭവിക്കുന്ന രൂപാന്തരങ്ങൾ എന്ന് ധ്യാനിക്കാം, മരണത്തിന്റെ നിമിഷങ്ങൾ കടന്നാൽക്കൂടിയും. 

സ്നേഹത്തിനു വിലയിടാൻ ആർക്കു കഴിയും? ഒരുവൻ തന്റെ സ്നേഹത്തിന് ജീവന്റെ വില നൽകുമ്പോൾ, മറ്റൊരുവൻ ആ ജീവന് വെറും മുപ്പതു വെള്ളിക്കാശിന്റെ വിലയിടുന്നത് സ്നേഹമറിയാത്തതു കൊണ്ടോ ജീവനില്ലാതിരുന്നത് കൊണ്ടോ? യൂദാസിന്റെ നാണയക്കിലുക്കം അകലും മുമ്പേ കുപ്പായത്തിന്റെ അവകാശത്തിനു വേണ്ടി കുറേപ്പേർ കുരിശിൻ ചുവട്ടിൽ നറുക്കിടുന്നു, ഉയിർപ്പു മറച്ചുവയ്ക്കാൻ കാവൽക്കാർക്ക് കൈക്കൂലി നൽകപ്പെടുന്നു. 

പിതാവേ, നിന്റെ ഇഷ്ടം ഞാൻ പൂർത്തിയാക്കി, എന്നെത്തന്നെ പരിപൂർണ്ണസ്നേഹത്തിൽ ഞാൻ പകർന്നു നൽകി. ഇതാ നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

കുഞ്ഞാട് വധിക്കപ്പെടണം എന്നത് നിയമപ്രകാരമുള്ള പാപമോചനത്തിന്റെ ആവശ്യമാണ്. അവൻ കൊല്ലപ്പെടണമെന്നത് ശത്രുക്കളുടെ ഗൂഢാലോചനയുടെ ഫലം. എന്നാൽ തന്റെ ജീവൻ അനേകർക്ക് ജീവനായി നല്കണമെന്നത് നിയമം ഉള്ളതുകൊണ്ടല്ല, ക്രിസ്തു  കല്പിച്ച സ്നേഹം സ്വയം ഉൾച്ചേർക്കുന്ന ശൂന്യവത്കരണമാണത്. 

നിയമിതമായതു മാത്രം ചെയ്യുന്നതിലെ അടച്ചിടലുകൾ നമ്മിലെ മനുഷ്യപുത്രനെ ചുരുക്കി നിർത്തുകയാണ്. ക്രിസ്തുവിന്റെയത്രയും വിശാലതയോടെ സ്വയം ശൂന്യമാകാൻ നമുക്കാവില്ല, എന്നാൽ ആവുന്നത്ര ആത്മാർത്ഥതയും നന്മയും ഉണ്ടെങ്കിൽ മിശിഹായുടെ അഭിഷിക്തചര്യ നമ്മിലുമുണ്ട്. കുരിശിനെ ജീവന്റെ വൃക്ഷമാക്കിയതുപോലെ, നമ്മിലെ  മനുഷ്യരഹസ്യങ്ങളെ സ്പർശിക്കുന്ന ദൈവകൃപ അതിനെയും  ഫലദായകമാക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ