Gentle Dew Drop

ഏപ്രിൽ 23, 2021

അവന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്

പുതിയ ലോകത്തിന്റെ നേട്ടങ്ങളുണ്ടെങ്കിലും ഒരു മ്യൂസിയത്തിലെ കൗതുകങ്ങൾ പ്രത്യേകതയുള്ളതു തന്നെയാണ്. പുതിയതോ പഴയതോ ആവട്ടെ, പലപ്പോഴും നമ്മൾ ചോദിക്കാറുള്ളതാണ് "ഇത് ഓടുന്നതാണോ? പ്രവർത്തിക്കുന്നതാണോ?" ..

യേശു യഹൂദരോട് പറഞ്ഞു "നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു എങ്കിലും അവർ മരിച്ചു. ഞാൻ നിങ്ങൾക്ക് നൽകുന്ന അപ്പം എന്റെ ശരീരമാണ്, ഇത് ഭക്ഷിക്കുന്നവർ ജീവിക്കും." എന്റെ ശരീരം യഥാർത്ഥ, ഭക്ഷണവും രക്തം യഥാർത്ഥ പാനീയവുമാണ്." ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക എന്നത് ഒരു ജീവൽപ്രക്രിയയിലെ ഭാഗമാകേണ്ടതാണ്. ക്രിസ്തുശരീരം ഭക്ഷിക്കുന്നവർ, വ്യക്തികളായും സമൂഹമായും, അവിടുന്നു പകർന്നു നൽകിയ ജീവന്റെ സമ്പന്നതയിൽ പ്രവർത്തനപരമാകുന്നുണ്ടോ എന്നത് ധ്യാന വിഷയമാക്കാം.

ആ ശരീരരക്തങ്ങൾ ഒരു കൂദാശയായി വി കുർബാനയിൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ നമുക്ക്  ലഭ്യമാകുന്നു. ക്രിസ്തുവുമായി ഒന്നായി ചേരാനും, ക്രിസ്തുവായി മാറുവാനുമുള്ള കൃപ ഭക്ഷിക്കുന്നതിലൂടെയും പാനം ചെയ്യുന്നതിലൂടെയും നമുക്ക് ലഭിക്കുന്നു.

വാങ്ങി ഭക്ഷിക്കേണ്ടതായ മറ്റൊരു ശരീരം ക്രിസ്തുവിൽ ഒന്നായിരിക്കുന്ന സമൂഹം തന്നെയാണ്. ഓരോരുത്തരുടെയും സുഖദുഃഖങ്ങളും മഹിമയും അപമാനവും ആ ശരീരത്തിൽ പരസ്പരം പങ്കു വയ്ക്കപ്പെടുന്നു. വി. പൗലോസ് ക്രിസ്തുവിനെ അറിഞ്ഞതും തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനശൈലിയാക്കിയതുമായ സത്യം അതായിരുന്നു. നമ്മൾ ഭാഗമായിരിക്കുന്ന ജീവിക്കുന്ന ക്രിസ്തുവിന്റെ ശരീരമാണത്. ജീവിക്കുന്ന ക്രിസ്തു തന്നെയാണ് വിശുദ്ധിയോടും ഭക്തിയോടും കൂടെ സ്പർശിക്കുന്ന മാംസരക്തങ്ങളിൽ. ആ ശരീരത്തോട് ചേർന്ന് നില്കാനാവുന്നില്ലെങ്കിൽ ജീവദായകമായ മരണത്തെ പ്രഖ്യാപിക്കുന്നെങ്കിലും, ജീവൻ നമ്മിൽ ഇല്ലാതെ നില്കുന്നു. ജീവൻ നിറയേണ്ടിയിരുന്ന നമ്മിൽ അപ്പം ഭക്ഷിച്ച ശേഷവും ജീവരാഹിത്യം നിലനിൽക്കുന്നു.

മനുഷ്യ സമൂഹം മാത്രമല്ല, സൃഷ്ടസമൂഹം മുഴുവനും ഭക്തിയോടെ ഉൾച്ചേരേണ്ടതും അടുത്തുചെല്ലേണ്ടതുമായ  ക്രിസ്തുശരീരമാണ്. സകലതിനും അതതിന്റേതായ  ആന്തരിക മൂല്യമുണ്ട്‌. ഒരു പക്ഷെ ദൈവത്തിനു മാത്രം അറിയാവുന്നതുമാകാം അത്. സകലതും ദൈവത്തെ വെളിപ്പെടുത്തുകയും അവിടുത്തെ മഹത്വം വിളംബരം ചെയ്യുകയും ചെയ്യുന്നു. ഓരോരുത്തരുടെയും മഹിമയും വർണ്ണങ്ങളും സുഖദുഃഖങ്ങളും  ചൂഷണവും കണ്ടറിയുവാനും പങ്കു ചേരുവാനും കഴിഞ്ഞെങ്കിലെ ക്രിസ്തുശരീരത്തിലെ ജീവനും മരണവും ഒരേ പോലെ 'ഭക്ഷിക്കുവാനും പാനം ചെയ്യുവാനും' കഴിയൂ.

ദൈവത്തിൽ ജീവിക്കുന്നവരാകാൻ ക്രിസ്തുവുമായുള്ള ബന്ധത്തിൽ നിന്ന് സ്വീകരിക്കാവുന്ന ക്രിസ്തു മനോഭാവങ്ങളെ നമ്മുടെ സ്വഭാവമാകാൻ ആഗ്രഹിക്കണം. ക്രിസ്തു ശരീരത്തിന്റെ സാന്നിധ്യം ജീവ സാന്നിധ്യമാണ്. ക്രിസ്തു അപ്പമെന്ന ഒരു വസ്തുവാകുകയായിരുന്നില്ല. തന്നെത്തന്നെ നൽകുകയായിരുന്നു. (കൂദാശപരമായും, അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്റെ ശരീരരക്തങ്ങൾ നൽകുന്നു). ജീവന്റെ ആ അപ്പത്തെ അസ്വഭാവിക ശക്തിയുള്ള ഏതോ മെഡലോ ഒക്കെപ്പോലെ കണ്ട്, കാന്തിക ശക്തി കടന്നു വരും പോലെയുള്ള സങ്കല്പങ്ങളിൽ അർത്ഥശൂന്യമാക്കരുത്. ആയുധങ്ങളെപ്പോലെയുള്ള സങ്കൽപ്പങ്ങൾ ക്രിസ്തു ശരീരത്തിലെ ജീവനെ മനസിലാക്കാൻ ഉപയുകതമല്ല. ഒരു സസ്യത്തിന്റെ വളർച്ചയെ, പൂക്കളുടെ വികാസമോ, പഴങ്ങളുടെ രൂപപ്പെടലോ ഒക്കെ ധ്യാനിച്ച് നോക്കാം. ക്രിസ്തു തന്റെ ശരീരം നൽകിക്കൊണ്ട് തന്ന ജീവനെ കുറേക്കൂടി വ്യക്തതയിൽ അറിയാനായേക്കും.   മനുഷ്യരോടും സഹജീവികളോടും അരികെ നിൽക്കാൻ നമ്മുടെ ശരീരങ്ങളും ജീവദായകമായ യഥാർത്ഥ ഭക്ഷണവും പാനീയവുമാകണം. മരണത്തെ വിലപേശലിനുള്ള കരുവാക്കുന്ന പ്രവാചകരുള്ള ഇതേ കാലത്ത്, അതിലും വളരെയേറെപേർ  ത്യാഗത്തിന്റെയും സേവനത്തിന്റെയും വീഥിയിൽ മരണപ്പെടുന്നവരുണ്ടെന്നത് ജീവനിലുള്ള പ്രത്യാശ തന്നെയാണ്. 

നമ്മുടെതന്നെ ജീവിതങ്ങളും സമൂഹവും ജീവദായകവും, പ്രവർത്തനപരവുമാകുന്നെങ്കിൽ രോഗാവസ്ഥയിലും, തകർച്ചയിലും നിരാശയിലും, മരണക്കിടക്കയിലും പോലും നമുക്ക് ജീവിക്കുന്നവരാകുവാൻ കഴിയും. വാങ്ങി ഭക്ഷിക്കുവിൻ എന്നതിനോട് കൂടെ നമ്മൾ കേൾക്കേണ്ടതായ മറ്റൊന്നാണ് ഞാൻ നിങ്ങളോടു കൂടെയുണ്ട് എന്ന്. തുണയില്ലാത്തവർക്കും, വിശക്കുന്നവർക്കും, രോഗികൾക്കും, ആശ നശിച്ചവർക്കുമായി "വാങ്ങി ഭക്ഷിക്കുവിൻ," "ഞാൻ നിങ്ങളോടു കൂടെയുണ്ട്" എന്നിവ  നമ്മിൽ ജീവിക്കുന്ന അടയാളങ്ങളാകുമെങ്കിൽ അവന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണെന്ന്  ലോകവും അറിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ