Gentle Dew Drop

ഏപ്രിൽ 11, 2021

ഞാൻ ജീവിക്കുന്നു എന്ന് അറിയുക

ഉത്ഥിതനായ ക്രിസ്തു ശിഷ്യർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രമാണ് കരുണയുടെ യേശു. കരുണയും കൃപയും അനസ്യൂതമായി ഒഴുക്കിത്തരുന്ന ക്രിസ്തുഹൃദയം നമ്മെ ആശ്വസിപ്പിക്കുന്നു, സമാധാനിപ്പിക്കുന്നു, തന്നിലേക്ക് ക്ഷണിക്കുന്നു. എന്റെ മുറിവുകൾ നീ കാണുക, നിന്റെ കൈകൾ അവയോടു ചേർത്തുവയ്ക്കുക, ഞാൻ ജീവിക്കുന്നു എന്ന് അറിയുക.

ദൈവത്തിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കാവുന്ന ഗുണഗണങ്ങൾ എടുത്തണിയുന്ന പ്രലോഭകൻ ശിഷ്യരുടെ അടുത്തെത്തിയിരുന്നെങ്കിൽ അവർ എങ്ങനെ അവനെ തിരിച്ചറിയുമായിരുന്നു? നമുക്ക് വേണ്ടി സ്വീകരിച്ച മുറിവുകൾ വ്യാജക്രിസ്തുവിനും  പ്രലോഭകനും  ഉണ്ടാവില്ല എന്നതാണ് തിരിച്ചറിവിന്റെ അടയാളം. മുറിവുകളെ വ്രണങ്ങളാക്കി കൊലച്ചിരി ചിരിക്കുന്നവനാണ് പ്രലോഭകൻ. മുറിവുകളെ തുറന്നു വച്ച് പകയും പ്രതികാരവും ഉണർത്താനാണ് വ്യാജക്രിസ്തു ശ്രമിക്കുക. ദുരഭിമാനവും അഹങ്കാരവും ഒരിക്കലും മുറിവുകളുടെ സൗഖ്യം അനുവദിക്കില്ല, മാത്രമല്ല, ആ മുറിവുകളിൽ സ്നേഹമോ സാന്ത്വനമോ ഇല്ല. ക്രിസ്തുവിന്റെ മുറിവുകളിൽ ജ്വലിക്കുന്ന സ്നേഹമുണ്ട്, ജീവൻ പകരാവുന്ന തുറവിയുണ്ട്. 

ഭക്തിക്കപ്പുറം, ദിവ്യകരുണയുടെ യേശുവിനെ നമ്മൾതന്നെയും ലോകവും  തിരിച്ചറിയുന്നതും അനുഭവിച്ചറിയുന്നതും നമ്മിൽ തെളിയുന്ന കരുണയിലൂടെയാണ്, അതും ജീവൻ പകരാവുന്ന മുറിവുകളിലൂടെ തന്നെ. തിരുഹൃദയഭക്തി, സമാധാനത്തിന്റെ രാജാവ്, കരുണയുടെ യേശു എന്നിവയൊക്കെ നമ്മിൽ ജീവിക്കുന്ന ക്രിസ്തുവിനെ ബോധപൂർവം ജീവിക്കുവാൻ പ്രേരകമാവുന്നവയാണ്. ഭക്തിയിൽ നിന്നും, ജീവിതത്തിലേക്കുള്ള ഒരു കടന്നു പോകൽ അതിനു അനിവാര്യവുമാണ്‌. അനീതിയിൽ നിന്ന് വന്നു ചേർന്ന ഓരോ മുറിവിലും ക്രിസ്തു എത്രയോ ജീവൻ നിറച്ചിരുന്നോ അതുപോലെ നമ്മിലെ  മുറിവുകളും ഇനിമേൽ ജീവിക്കട്ടെ. ദൈവത്തിന്റെ മുഖം കരുണയാണെന്ന് ലോകം അറിയേണ്ടത് നമ്മിലെ കരുണയുടെ മുഖങ്ങളിൽ നിന്നാണ്. കാരണം നമ്മൾ ക്രിസ്‌തുവിൽ ഒന്നായതിനാൽ, ഒരു സമൂഹമായി നമ്മൾ കരുണയുടെ ശരീരമാണ്.

സാന്ത്വനത്തിന്റെയും കരുണയുടെയും സ്വീകാര്യതയുടെയും ദിവസങ്ങളാണ് ശിഷ്യർ കടന്നു പോയത്. തള്ളിപ്പറഞ്ഞവരും ഓടിപ്പോയവരും പരസ്പരം ബലപ്പെടുത്തുന്ന ക്രിസ്തുഹൃദയം പതിയെ സ്വന്തമാക്കിയെന്നു  കാണാം. അവരുടെ സങ്കല്പങ്ങളിലും ഒരു വ്യാജക്രിസ്തുവുണ്ടായിരുന്നെങ്കിലും ക്രിസ്തു കുരിശിന്റെ വഴിയേ നിറഞ്ഞു ജീവിച്ചത് കണ്ട ശിഷ്യർ അവന്റെ ജീവിതത്തെ പുതുതായി വായിച്ചെടുത്തു. ആദിമ ക്രിസ്തുസമൂഹത്തെ പീഢിപ്പിച്ച സാവൂൾ അനനിയാസിന്റെ സാന്ത്വനസ്പര്ശത്തിൽ  ക്രിസ്തുമുഖം കരുണയുള്ളതാണെന്ന് അനുഭവിച്ചറിയുന്നു.  യാത്രാമധ്യേ തന്നെ നേരിട്ട പ്രതിയോഗിയായല്ല, തന്റെ (ജീവിത)യാത്രയിലുടനീളം തന്റെ കൂടെ നടന്ന ജീവനും സത്യവുമായി ക്രിസ്തു തിരിച്ചറിയപ്പെട്ടു.

നമ്മെ ഒരുമിച്ചു ചേർത്ത് ഒരു ശരീരമാക്കി നമ്മിൽ വസിക്കുന്ന ക്രിസ്തുവിനെ, നമ്മിൽ പ്രവഹിക്കുന്ന കൃപയുടെയും സത്യത്തിന്റെയും ഉറവിടമായി, ആത്മാവിലുള്ള ആരാധന തന്നെയായി സ്പര്ശിക്കുമ്പോഴേ ക്രിസ്തുരൂപീകരണവും കരുണയുടെ ജീവിതവും സാധ്യമാകൂ. നമ്മിൽ ജീവിക്കുന്നവനെ ഒരു സാങ്കല്പിക രൂപമായി നമുക്ക് പുറത്തു പ്രതിഷ്ഠിച്ചുകൊണ്ട് നമ്മൾ നഷ്ടപ്പെടുത്തുന്ന ജീവന്റെ ആഴങ്ങളെ തിരിച്ചു നേടുവാൻ ഒരു സമൂഹമായിത്തന്നെ അവനെ കണ്ടറിയണം. സഭ, കുടുംബം, സമൂഹം, വ്യക്തി എന്നിങ്ങനെ ഓരോ അവസ്ഥയിലും ഞാൻ വിശ്വസിക്കില്ല എന്ന് ശാഠ്യത്തോടെ പറയുന്നിടത്തൊക്കെ അവന്റെ മുറിവുകളിൽ ജീവൻ കാണാൻ എനിക്ക്  കഴിയുന്നില്ലെന്ന് തന്നെയാണ് നമ്മൾ ആവർത്തിക്കുന്നത്. ജീവന്റെയും കരുണയുടെയും മുഖങ്ങളെ നമ്മിൽ നിന്ന് അകറ്റി നിർത്തുന്നതും അതുതന്നെ. 

നിന്റെ സന്ദേഹങ്ങളും പരാതികളും ഇവിടെ കൊണ്ട് വരൂ, എന്റെ മുറിവിൽ വയ്ക്കൂ, ഞാൻ ജീവിക്കുന്നെന്നറിയൂ. നീയും ജീവിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ