ഉറങ്ങുമ്പോഴും ഉണർവുള്ളവന് നമ്മിലെ നിശ്ചലതകളെ കാണുവാൻ കഴിയും. സകലത്തിന്റെയും ആന്തരികജ്ഞാനവും അന്തരാത്മാവുമായവൻ സ്വരൂപമില്ലാത്തവനായി. ജീവൻ പരിപൂർണമായി പകർന്നു നൽകി ജീവന്റെ പൂർണത നൽകി. നന്മയെ തുറന്നുകൊണ്ടു തിന്മയെ ഇല്ലാതാക്കി.
ക്രിസ്തു വിലാപങ്ങളിലും കണ്ണുനീരിലും പ്രാർത്ഥിച്ചു. നമ്മുടെ വിലാപങ്ങളിലും കുരിശിലെ ദാഹത്തിന്റെ ആഴമുണ്ടാവട്ടെ. "എനിക്ക് ദാഹിക്കുന്നു ... ഞാൻ ആഗ്രഹിക്കുന്നു!" എന്താണ് അവൻ കുരിശിൽ ആഗ്രഹിച്ചത്? സകലരിലും ജീവനുണ്ടാവണം എന്ന തിരുഹിതം. വ്യക്തിപരവും സാമൂഹികവുമായ ജീവൻ സമഭാവനയും സ്വതന്ത്രതയും ആദരവും ഉൾകൊള്ളുന്നു. ക്രിസ്തു അത് ജീവിച്ചിരുന്നു. നിറയുന്ന നന്മകളാൽ മനുഷ്യഹൃദയങ്ങളിലും ലോകത്തും വന്നുചേരുന്ന സമാധാനം.
നന്മ ആഗ്രഹിക്കപ്പെടാത്തിടത്ത് തിന്മയും ജീർണ്ണതകളും വന്നു ചേരും. ദൈവം ആഗ്രഹിക്കപ്പെടാത്തിടത്ത് വികലദൈവങ്ങൾ രൂപമെടുക്കും, അങ്ങനെ ദൈവത്തെ അകറ്റി നിർത്തുന്ന ഹൃദയങ്ങളിൽ പിറക്കുന്ന തിന്മയുടെ സ്വത്വമാണ് പിശാച്.
ജീവിതത്തിന്റെ പര്യവസാനമായി മണ്ണിലലിഞ്ഞു ചേരുംവരെ അവസാന ദാഹമായി നമ്മിൽ എന്തായിരിക്കും? നമ്മിൽനിന്നുയിർത്തു വീണ്ടും ജീവിക്കുന്നത് ആ ദാഹം തന്നെയാവും. ക്രിസ്തുവിനോടൊപ്പം സംസ്കരിക്കപ്പെടുമ്പോൾ നമുക്ക് ധ്യാനിക്കാം, നമ്മൾ വിതയ്ക്കുന്നത് എന്താണ്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ