Gentle Dew Drop

ഏപ്രിൽ 24, 2021

ഹൃദയത്തിലെ കനിവിന്റെ കരുത്ത്

പണമുള്ളവരേ ജീവിക്കൂ എന്ന അവസ്ഥ മനുഷ്യന്റെ നേട്ടങ്ങളുടെ പരാജയമാണ്; ശാസ്ത്രത്തിന്റെയും മതത്തിന്റെയും. തീരുമാനം എടുക്കാൻ ശക്തിയുള്ളവർ ജീവനും മീതെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിലെ അപകടം കോവിഡ് ദുരന്തത്തിന്റെ ആരംഭകാലം മുതലേ പലരായി സൂചിപ്പിക്കുന്നതാണ്. കൽഹൃദയങ്ങളിൽ ബധിരതയേ നിലനിൽക്കൂ. 

അനേകർ മരിക്കുന്ന സത്യം, കാണാതിരുന്നത് കൊണ്ട് പരിഹരിക്കാവുന്നതല്ല. ആ സത്യത്തെ നേർക്ക് നേർ കണ്ടുകൊണ്ടു തന്നെ പ്രത്യാശ സൂക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ. മനുഷ്യന്റെ നന്മയിലൂടെയും കൂട്ടായ്മയിലൂടെയും മാത്രമേ നമുക്ക് പിടിച്ചു നില്കുവാനാകൂ. പദ്ധതികൾ രൂപീകരിക്കുന്നതിലും ആളുകളെ ഏകോപിക്കുന്നതിലും, മരുന്നും മറ്റു അവശ്യസാധനങ്ങളുടെ വിതരണത്തിലും ഈ നന്മയും കൂട്ടായ്മയും വളരെ പ്രധാനമാണ്. അധികാരവും  സമ്പത്തും ഏതാനം പേരിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന ഒരു സാമൂഹിക ക്രമത്തിന് ജനങ്ങളുടെ പൊതുവായ നന്മ ആഗ്രഹിക്കാൻ പോലുമാകില്ല. ചിതയെരിയുമ്പോഴും ലാഭസാധ്യത തേടുന്നത് നമ്മൾ മുമ്പിൽ കാണുന്നത് അതു കൊണ്ടാണ്.

നമ്മുടെ മതിലുകൾ തീർക്കുന്ന അരക്ഷിതാവസ്ഥകളെ നേരിടുവാൻ വലിയതുക മുതൽ മുടക്കുള്ള   ആയുധങ്ങൾ നമുക്കുണ്ട്. അവ നമ്മുടെ ജീവനെ നിലനിർത്താൻ ഉപകരിക്കില്ലെന്ന് അടിവരയിട്ടുറപ്പിക്കുന്ന പാഠമാണ് ഈ കാലം നമ്മെ പഠിപ്പിക്കുന്നത്. രോഗത്തിന്റെ യാഥാർത്ഥ്യവും അതിന്റെ സാമൂഹിക സാമ്പത്തിക സ്വാധീനങ്ങളെയും കുറിച്ചുള്ള വ്യക്തത അജണ്ടകൾക്കു വിധേയമാകാതെ ശാസ്ത്രം നൽകട്ടെ. ഹൃദയത്തിലെ കനിവിന്റെ കരുത്ത്  മതങ്ങളും ഉറപ്പിക്കട്ടെ. മരിച്ചാലും അവശരായാലും നമ്മെ പരസ്പരം താങ്ങാൻ നമ്മിലെ നന്മക്കേ  കഴിയൂ.അതിനു കഴിയുന്നില്ലെങ്കിൽ ഓരോരുത്തരുടെയും സുരക്ഷാ ഉറപ്പാക്കാൻ ഓക്സിജൻ സിലണ്ടറുകളും മരുന്നുകളും വാങ്ങിക്കൂട്ടാനും ഒളിപ്പിച്ചു വയ്ക്കാനും നമ്മൾ പ്രേരിതരായേക്കാം. പകരം, നമ്മുടെ കരങ്ങളും  ഹൃദയങ്ങളും ഈശ്വരതുല്യമാകട്ടെ. ആ ലക്ഷ്യത്തിലേക്ക് ജനത്തെ പ്രചോദിപ്പിക്കുവാൻ മതങ്ങളിലെ സ്വാധീന ശക്തിയുള്ള നേതാക്കൾക്ക് കഴിഞ്ഞിരുന്നെങ്കിൽ! ദൈവത്തെ ഒരു മാന്ത്രികനെപ്പോലെ പ്രതീക്ഷിച്ചുകൊണ്ട് ദുരന്തത്തെ അഭിമുഖീകരിക്കാനാവില്ല. ആ മാന്ത്രിക ദൈവം മറഞ്ഞിരിക്കുകയേയുള്ളു. സൃഷ്ടികളിൽ നല്കിയിട്ടുളള നന്മകളിലൂടെയാണ് ദൈവം പ്രവർത്തനനിരതനാകുന്നത്.   

ഓരോ പുതിയ വാർത്തയിലും ഒരു ഉത്തരം വ്യക്തമാകുന്നുണ്ട്: ഏതൊക്കെ, ആരുടെയൊക്കെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. അവ നന്മയുടേതാവട്ടെ എന്ന് മാത്രം ആഗ്രഹിക്കാൻ നമുക്ക് കഴിയണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ