Gentle Dew Drop

ഏപ്രിൽ 21, 2021

ക്രിസ്തുവിലേക്കുള്ള തന്മയത്വം

.. പരീക്ഷിക്കപ്പെടേണ്ടതിനായി ആത്മാവ് അവനെ ഒരു കൂടാരത്തിലേക്കു കൂട്ടികൊണ്ടു പോയി. ജലസ്രോതസുകളെയും വായുപ്രവാഹങ്ങളെയും രൂപം നൽകി നയിക്കുന്നവന്റെ ചെവിയിൽ പ്രലോഭകന്റെ മന്ത്രണം: വലിയൊരു സാധ്യതയാണ് ഇപ്പോഴുള്ളത്. നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനം; അസ്സീറിയ, ബാബിലോൺ, ഗ്രീക്കുകാർ, ഇപ്പോൾ റോമാക്കാർ... ഉണരണം, പ്രതികരിക്കണം, നീ അവർക്ക് രാജാവിനെപ്പോലെയാവണം.
... ജീവൻ നൽകാൻ വന്ന ഞാൻ മരണത്തെ പകരണം, ദാസനെപ്പോലെയാകേണ്ട ഞാൻ രാജാവാകണം, ഇടയനാവേണ്ട ഞാൻ വഴക്കിനു കാരണക്കാരനാകണം, ശൂന്യമാകേണ്ടവൻ സ്വയം അവരോധിക്കുന്നവനാകണം, വചനമായവൻ പൊള്ളവാക്കുകളാവണം ...
ചിന്തയിൽ നിന്നുണർന്ന് അവൻ പ്രലോഭകനോട് ചോദിച്ചു: വിശക്കുന്നവരും അവശരുമായ ഇവർക്ക് 'വേണ്ടതായ അപ്പം' അവർക്കു ലഭിക്കുന്നുണ്ടോ? പീഡിതരെന്നു പറഞ്ഞുകൊണ്ട് തന്നെ അവരെ ചൂഷണം ചെയ്യുന്നത് അവരെ എങ്ങനെ രക്ഷിക്കും? ഒരു സമൂഹമായി എങ്ങനെ അവർ വളരും? ദൈവരാജ്യം അവർക്ക് എങ്ങനെ അനുഭവവേദ്യമാകും? അസ്സീറിയാക്കാരും ബാബിലോൺ നിവാസികളും യവന ചിന്തയും റോമൻ നയങ്ങളുമാണോ ദൈവരാജ്യം തടസ്സപ്പെടുത്തുന്നത്? ബാബിലോണിന്റെയും ഈജിപ്തിന്റെയും ദൈവങ്ങളാണ് ആദ്യം അവർ പറഞ്ഞു, ഇപ്പോൾ പറയുന്നത് റോമൻ ആധിപത്യത്തെക്കുറിച്ചും!സ്വന്തം അനീതികളെ താക്കീതു ചെയ്യുവാൻ ഹൃദയം അനുവദിക്കാത്തത് കൊണ്ട്? ദൈവരാജ്യം നിങ്ങളിൽത്തന്നെ! ദൈവമക്കൾക്കു ചേർന്ന ഫലം പുറപ്പെടുവിക്കുവിൻ.
പ്രലോഭകന്റെ മുഖം ഇരുണ്ടു. നിനക്ക് ബേൽസബുൽ ഉണ്ട്. റോമാക്കാർക്ക് കൂലിവേല ചെയ്യുകയാണ് നീ. നീയും നിന്റെ പിതാവെന്ന് നീ വിളിക്കുന്ന ആ വിഡ്ഢി ദൈവവും നശിക്കട്ടെ. കൂടാരത്തിനു പുറത്താണ് നിങ്ങൾക്ക് സ്ഥാനം.

........................

ദരിദ്രരേ, വിശക്കുന്നവരേ, കരയുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ... ചഞ്ചല ഹൃദയരാകാമെങ്കിലും ആത്മാർത്ഥഹൃദയത്തോടെ അവർ ദൈവത്തെ തേടുന്നു. അതാണ് അവരുടെ ധന്യത; പരസ്പരം ഉറപ്പാക്കുന്ന അനുഗ്രഹീയത. വിശക്കുന്നവനു ആഹാരവും, വീടില്ലാത്തവന് ഭവനവും,സ്നേഹിക്കാൻ കഴിയാത്തവന് അതിനു പ്രോത്സാഹനവും നൽകാൻ കഴിയുന്ന ധന്യത. ദാരിദ്ര്യവും, വിശപ്പും, വിലാപവും, പീഡനവും പുകഴ്ത്തപ്പെടേണ്ടവയല്ല. എന്നാൽ, അവ ശാപവും തിക്തതയും പ്രതികാരചിന്തയും ഹൃദയാന്തരാളങ്ങളിൽ നിറയുന്നതിന് കാരണമാവരുത്. ആരെയും മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു സ്നേഹവിപ്ലവം സാധ്യമല്ല. തിന്മയെ എതിർക്കുമ്പോഴും ദുഷ്ടർക്കും നന്മ ഭവിക്കുവാൻ ആഗ്രഹമുള്ള ഹൃദയമാണ് ക്രിസ്തുവിലേക്കുള്ള തന്മയത്വം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ