പകരക്കാരൻ ക്രിസ്തുവിനെ വച്ചുകൊണ്ട് എന്തൊക്കെ നിലനിർത്താൻ ശ്രമിക്കുന്നുവോ അവയൊന്നും നിലനിൽക്കില്ല. വരുംതലമുറയ്ക്ക് വച്ചുകൊടുക്കുന്ന കയ്‌പേറിയ ഭാരമാകും ആ ക്രിസ്തു. ചരിത്രത്തിൽ എപ്പോഴൊക്കെ അത്തരം ക്രിസ്തുവിനെ വാർത്തെടുത്ത് ആധിപത്യശ്രമം നടത്തിയിട്ടുണ്ടോ അപ്പോഴൊക്കെ തകർച്ചയും ജീർണ്ണതയുമായിരുന്നു ഫലം.
അതിമാനുഷശക്തികളിലല്ല ക്രിസ്തു ദൈവികത വെളിവാക്കിയത്. മാനുഷിക സമ്പർക്കങ്ങളുടെ അനുദിനയാഥാർത്ഥ്യങ്ങളിലാണ് ക്രിസ്തു ദൈവസാന്നിധ്യം പകർന്നത്. വെല്ലുവിളികളുണ്ടാകുമ്പോൾ പോലും, അത്തരം ലാവണ്യങ്ങളെ ചേർത്തുപിടിക്കാൻ കഴിയുക എന്നതാണ് സ്ഥിരതയുടെയും സഹനശീലതയുടെയും അർത്ഥം. ആ നിലനിൽപിന് വേണ്ടിയുള്ള ഒരുക്കവും ഉറപ്പുമാണ് വി. പൗലോസ് പടയാളിയുടെ (ഭടന്റെ) രൂപകത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ആരുടേയും കീഴടങ്ങൽ ആഗ്രഹിക്കുന്ന/ സകലരെയും മുട്ട് മടക്കിക്കുന്ന പട്ടാളരീതി അവിടെ അർത്ഥമാക്കുന്നില്ല. യേശു പറഞ്ഞ 'സർപ്പത്തിന്റെ വിവേകത്തെ' വിഷം നിറക്കാനുള്ള ആഹ്വാനമായി എഴുതിച്ചേർക്കുന്നവർ ക്രിസ്തുവിന് നൽകുന്നത് ഒരു വിഷജീവിയുടെ മുഖമാണ്. അത് നമ്മെത്തന്നെ വിഷലിപ്തമാക്കും.
സ്നേഹമെന്നാൽ നന്മ കാണുകയും നന്മ തേടുകയുമാണ്. കരുണ, സൗഖ്യം, സഹാനുഭൂതി, സഹവർത്തിത്വം, ക്ഷമ തുടങ്ങിയവ സ്നേഹത്തിന്റെ പല ഭാവങ്ങളായി തെളിയുന്നവയാണ്. ഇവയൊക്കെയും ആവശ്യപ്പെടുന്ന നഷ്ടങ്ങൾ ജീവനെ നേടുന്നവയാണ്. ഇവയില്ലാതെ നേടുന്നെന്ന് കരുതപ്പെടുന്നവ ക്ഷയിക്കുന്നവയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ