ദൈവരാജ്യത്തിന്റെ മക്കളിലേക്കു അവതീർണ്ണനാകുവാൻ ക്രിസ്തുവിനു ഗോതമ്പ് മണിപോലെ വീണു അഴുകണമായിരുന്നു. സുവിശേഷഭാഗ്യങ്ങളുടെ ആളുകളാണ് ദൈവരാജ്യത്തിന്റെ മക്കൾ. അവരിലേക്ക് ഒന്നാവുക എന്നാൽ സ്വയം ഇല്ലാതാകുന്ന സ്നേഹത്തിലേ സാധ്യമാകൂ. ക്രിസ്തു എങ്ങനെയാണ് അവരെ സ്വന്തമാക്കിയത്, ദരിദ്രരെ, വിശക്കുന്നവരെ, വിലപിക്കുന്നവരെ, സമാധാനം സ്ഥാപിക്കുന്നവരെ, നീതിക്കു വേണ്ടി വിശന്നു ദാഹിച്ചു വലയുന്നവരെ. ഈ ശിശുക്കളിലൊരുവനെ നിങ്ങൾ സ്വന്തമാക്കുന്നെങ്കിൽ നിങ്ങൾ വലിയവരായിരിക്കും.
ജീവന്റെ സമൃദ്ധി നൽകുവാനാണ് ക്രിസ്തു വന്നത്. ദൈവമക്കളുടെ സ്വാതന്ത്ര്യവും ആ സമൃദ്ധിയിലുണ്ട്. അവൻ പകർന്നു നൽകിയ സൗഖ്യത്തിലും അവൻ പഠിപ്പിച്ചതിലും നീതിയും, സമാധാനവും സ്വാതന്ത്ര്യവും ലക്ഷ്യമായിരുന്നു. ചൂഷണസംവിധാനങ്ങൾക്കു സൗകര്യപ്രദമായിരുന്ന വിശ്വാസങ്ങൾക്കും സമ്പ്രദായങ്ങൾക്കും അത് ഒരു വലിയ വെല്ലുവിളിയായി. ക്രിസ്തു വിഭാവനം ചെയ്ത സ്വാതന്ത്ര്യം അധികാര സംവിധാനങ്ങൾക്ക് അസഹനീയമായ ഭാരമായിരുന്നു. ഈ സമീപനരീതിയും അതുണ്ടാക്കുന്ന സംഘർഷങ്ങളും ക്രിസ്തു ശിഷ്യത്വത്തെക്കുറിച്ചു നൽകുന്ന പ്രബോധനങ്ങളിലും നിർണ്ണായകഘടകമാണ്.
സുവിശേഷഭാഗ്യങ്ങളുടെ മനുഷ്യർക്കുവേണ്ടി, ഫലം പുറപ്പെടുവിക്കേണ്ട ഗോതമ്പ് മണിയായി അഴുകാൻ ഉറപ്പിക്കുന്നതിനാൽ ക്രിസ്തു അനേകരുടെ ശത്രുവായി. അവർക്കായി ദൈവരാജ്യത്തിൽ വിരുന്നൊരുക്കാൻ തയ്യാറാകുന്നോ എന്നതാണ് ശിഷ്യത്വത്തിലെ വലിയ വെല്ലുവിളി. സ്വയം ശൂന്യമാക്കിക്കൊണ്ട് ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുക എന്നതാണ് ക്രിസ്തുവിന്റെ വിളി. അനുദിനമായ കുരിശുകളുമെടുത്തു നടന്നു സമൃദ്ധമായ വിളവ് നൽകാനുള്ളതാണ് ആ വിളി. ഗുരുവിനെപ്പോലെ ജീവൻ സമൃദ്ധമായി ചൊരിയാൻ, സൗഖ്യവും ഐക്യവും സാഹോദര്യവും വളർത്താനാണ് ആ ശിഷ്യത്വം. ക്രിസ്തുവിനെ അനുയാത്ര ചെയ്യുന്നവനും ക്രിസ്തുരൂപമുള്ളവനുമാണ് ക്രിസ്തുശിഷ്യൻ. ക്രിസ്തുശിഷ്യനാകുവാൻ ഒരുവൻ ഹിന്ദുവിരോധിയോ മുസ്ലിംവിരോധിയോ ആവരുത്. ഹിന്ദുവിരോധിയോ മുസ്ലിംവിരോധിയോ ആയതുകൊണ്ട് ഒരാൾ ഒരിക്കലും ക്രിസ്തുശിഷ്യനാവില്ല.
"എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ." anti-Islam, anti-ഹിന്ദു ഒക്കെ ആയിക്കൊണ്ട് നിങ്ങൾ നിങ്ങളെ വാഴ്ത്തിക്കൊള്ളൂ. പക്ഷെ നിങ്ങൾക്ക് എന്നോടുകൂടെ പങ്കില്ല. മിശിഹായിൽ ആർക്കു പങ്കുചേരണം അല്ലേ ? സാരമില്ല. നീ ചെയ്യാനിരിക്കുന്നതു വേഗം പോയി ചെയ്യുക.
ദൈവത്തിന്റെ നീതിയെക്കുറിച്ചും പരിപാലനയെക്കുറിച്ചും കൃത്യമായി അറിയാവുന്നവർ നീതിമാനെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത് ദയനീയമാണ്. ഒരു പക്ഷേ അവരുടെ നീതിമാർഗ്ഗത്തിൽ അയാൾ സഞ്ചരിക്കാത്തതു കൊണ്ടാകാം. ദൈവം അവനെ രക്ഷിച്ചുകൊള്ളുമെന്ന വിശ്വാസത്തിൽ അവർ അവനെ കൊന്നു കളയാനും മടിക്കില്ല. അപരനാക്കി ശത്രുവാക്കിയവൻ സ്വന്തമാക്കപ്പെടേണ്ട 'എളിയവരിൽ ഒരുവനോ' 'ശിശുവോ' ആകാൻ യോഗ്യനല്ല. അവനോടൊത്തു നിൽക്കുന്ന ദൈവം പോലും വികൃതനാക്കപ്പെടും, കൊല ചെയ്യപ്പെടും. നീതിബോധത്തിന്റെ വാർപ്പുരൂപങ്ങൾതന്നെ സ്വയം സംരക്ഷിക്കുവാനും വധിക്കുവാനും വേണ്ട ഗൂഢാലോചന നടത്താനുള്ള മാർഗരൂപമാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ