Religious illiteracy എന്നത് ഒരു വിശ്വാസപ്രശ്നമായല്ല, ഒരു സാമൂഹികപ്രശ്നമായാണ് കരുതേണ്ടത്. സ്വയം നിലനിൽപിന് വേണ്ടിയോ ലാഭങ്ങൾക്കു വേണ്ടിയോ അധികാരവർഗ്ഗത്തെയോ മറ്റോ പ്രീതിപ്പെടുത്താനായി വിശ്വാസത്തിലും നിലപാടുകളിലും സന്ധി ചെയ്യുന്നതിനെ വിശ്വാസതകർച്ചയേക്കാൾ ശുഷ്കമായ രാഷ്ട്രീയ അടിയറവായി കാണണം. അതിൽനിന്നു വ്യത്യസ്തമായി, വിവിധ മതങ്ങൾ തമ്മിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന സംവാദത്തിന്റെ ലക്ഷ്യങ്ങൾ നിലനിൽപ്പോ ലാഭങ്ങളോ അല്ല. സ്വന്തം വിശ്വാസത്തിൽ ഉറച്ചു നില്കുന്ന ബോധ്യങ്ങൾ ആഴപ്പെടും വിധം വിവിധകോണുകളിൽ നിന്ന് സ്വന്തം വിശ്വാസത്തെയും മതത്തെയും അറിയുക, മറ്റു മതങ്ങളുടെ ഉത്ഭവപ്രചോദനങ്ങളും മൂല്യങ്ങളും ദർശനങ്ങളും എപ്രകാരം നമ്മെ സ്വന്തം വിശ്വാസത്തിൽ ദൃഢപ്പെടുത്താനാകും എന്ന് ധ്യാനിക്കുക, പൊതുനന്മയും സൗഹാർദ്ദവും വളർത്താൻ പൊതുവായ പ്രയത്നങ്ങളിൽ ഒരുമിച്ചു പങ്കാളികളാവുക, മതാത്മകമായ അജ്ഞത ഇല്ലാതാക്കാൻ ശ്രമിക്കുക എന്നിവ പരിഗണിക്കാം.
നിങ്ങളൊക്കെ വടക്കേന്ത്യയിൽ ജോലി ചെയ്യുന്നവരല്ലേ? ഒത്തിരി പൂജകളൊക്കെ നടക്കുന്നതു കൊണ്ട് തിന്മകളുടെ സ്വാധീനം ഏറെയുള്ളതുകൊണ്ടാണ് നിരവധി പ്രശ്നങ്ങളും രോഗങ്ങളും എന്ന് പറഞ്ഞിരുന്ന ധ്യാനകേന്ദ്ര കൗൺസിലർമാരുണ്ട്. ചര്മരോഗങ്ങളും, വയറിലെ മാറാത്ത അസ്വസ്ഥതയും, മുഖത്തെ വെള്ളപ്പാണ്ടും വന്നത് ഗണപതി ഉത്സവത്തിനു ശേഷം കൂട്ടുകാർ കൊണ്ടുവന്ന ലഡു കഴിച്ചതുകൊണ്ടാണെന്നും വെളിപാട് സ്വീകരിച്ച പലരെയും കേട്ടിട്ടുണ്ട്. മുൻപുണ്ടായിരുന്ന വാടകക്കാർ ദുർഗാപൂജ ചെയ്തതിന്റെ പുകക്കറ ഭിത്തിയിൽ ഉള്ളതിനാൽ പ്രശ്നങ്ങൾ വരുന്നതു കൊണ്ട് ഭിത്തിയുടെ തേപ്പു മുഴുവൻ മാറ്റാൻ ആത്മീയ ഉപദേശം സ്വീകരിച്ച ദൗർഭാഗ്യരുണ്ട്. സഭയിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം കാരണം സഭക്കെതിരെ ആരൊക്കെയോ ശിവപൂജ നടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് എന്ന് പറഞ്ഞ പ്രശസ്തനായ പ്രഘോഷകനുണ്ട്. ഇപ്പോൾ ഏതായാലും ഒന്നാം പ്രമാണം ഹിന്ദു ദൈവങ്ങളെ മാറ്റി നിർത്തിയെന്നു തോന്നുന്നു. ദുർവ്യാഖ്യാനിച്ചു വിഗ്രഹമാക്കപ്പെട്ട ഒന്നായിരുന്നു ഒന്നാം പ്രമാണം. അജ്ഞത, കപടത, വരണ്ടുണങ്ങിയ സ്ഥാപനഘടന സൃഷ്ടിക്കുന്ന നിർജ്ജീവാവസ്ഥ, നഷ്ടപ്പെടുന്ന ദൈവാശ്രയബോധം മൂലം ഉണ്ടാകുന്ന പരിഭ്രാന്തി, വേണ്ടവിധം സാംസ്കാരികഘടകങ്ങളെ വിലയിരുത്താനുള്ള കഴിവില്ലായ്മ, പുനർനിർമ്മിതിക്കായുള്ള അടയാളങ്ങളെ കാണാനും കേൾക്കാനുമുള്ള മനസില്ലായ്മ എന്നിവയൊക്കെയാണ് ഇന്നുള്ള പ്രശ്നങ്ങൾക്ക് യഥാർത്ഥ കാരണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ