Gentle Dew Drop

മാർച്ച് 28, 2020

നിങ്ങളോടൊത്ത് ഈ പെസഹാ ഭക്ഷിക്കുവാൻ ഞാൻ എത്രയോ ആഗ്രഹിച്ചു

അപ്പമെടുത്ത് വാഴ്ത്തിയപ്പോൾ അവൻ ചൊല്ലിയത് കൃതജ്ഞതയുടെ സ്തോത്രം. 'നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന അപ്പം' എന്നാണ് ആ അപ്പത്തെക്കുറിച്ച്/മരണം മുമ്പിൽ കണ്ട സ്വന്തം ജീവനെക്കുറിച്ച് പറഞ്ഞത്.
കൃതജ്ഞത അർഹിക്കുന്ന അപ്പവും മുറിച്ചുനല്കിയിട്ടുള്ള ജീവിതവും ഒരിക്കൽക്കൂടി ഓർക്കാം.

ഇസ്രയേലിന്റെ പുറപ്പാട് വിവരണം പോലെ നമ്മുടെ ജീവിതങ്ങളിലും ത്യാഗങ്ങളും ബലികളുമുണ്ട്. അവിടെയൊക്കെ നമ്മിലൂടെ ക്രിസ്തു അപ്പമായതും ബലിയായതും, നിലനില്പിനും അതിജീവനത്തിനും ശക്തിയായതും വിവരിക്കപ്പെടണം. അവ വിളമ്പിനൽകുകയും കേൾക്കപ്പെടുകയും വേണം. വീടുകൾക്കുള്ളിലായിരിക്കുന്ന ഈ സമയത്ത് സ്വന്തം ബലികളെ ഒന്ന് തുറന്നുപറയുവാൻ, ആ ഓർമ്മകളെ അപ്പമായെടുത്തു വാഴ്ത്തുവാൻ പ്രാർത്ഥനയോടെ സ്വീകരിക്കുവാൻ സമയം കണ്ടെത്തുന്നത് നല്ലതാവും. ബലികൾ തിരിച്ചറിയപ്പെടേണ്ടത് ആവശ്യമാണ്.

ഓർമ്മയാചരണത്തിനായി ഒരുമിച്ചുകൂടുമ്പോൾ നമുക്കുവേണ്ടതും ഓർമ്മകളാണ്. നഷ്ടപ്പെട്ടുപോയതോ അറിയാതെപോയതോ ആണെങ്കിൽ ഒരു വിവരണം അത് സാധ്യമാക്കിയേക്കാം. ഓർമ്മകളിൽ ശേഷിക്കുന്നവ ഒന്നുകൂടി തെളിയിച്ചെടുക്കാം. അന്യസംസ്ഥാനങ്ങളിലും വിദേശത്തും തികച്ചും പരിമിതമായ അവസ്ഥകളിൽ ജീവിതം തുടങ്ങി വെച്ചവർ അനേകരുണ്ട്. മലബാർ കുടിയേറ്റസമയത്തെ സാഹചര്യങ്ങൾ ഇന്നത്തെ കൊച്ചുതലമുറക്ക് പരിചിതമല്ല.

വീടുകളിലും നമ്മുടെ ചുറ്റുപാടുകളിലും അത്തരം ഓർമ്മകളുടെ അടയാളങ്ങൾ കണ്ടേക്കാം; ഒരു മരമോ, പാറയോ, പഴയ ഒരു പാത്രമോ, മരപ്പെട്ടിയോ, പണ്ടത്തെ ഒരു ഫോട്ടോയോ തുണിയോ ഒക്കെ ആകാം ആ വിവരണം തുടങ്ങിവയ്ക്കാൻ. സ്വയം തകർന്ന കുരിശുകൾ വിവരിക്കപ്പെടട്ടെ, ഉത്ഥാനത്തിന് കരുത്തു ലഭിക്കാൻ.

അന്ന് ഇങ്ങനെയൊക്കെ ആയിരുന്നു... നമ്മുടെ ചാച്ചൻ, അമ്മച്ചി ... ജീവിച്ചത് ഇങ്ങനെയാണ് ... അധ്വാനിച്ചത് ... വഴിയും പാലവുമില്ലാതെ മലകളും കാടുകളും കടന്ന സമയം... കാട്ടാനയും പന്നിയും ഇറങ്ങി നശിപ്പിച്ച ചേനയും കാച്ചിലും ചേമ്പും (നല്കപ്പെട്ടിരുന്ന മന്നാ) ... തേനും പാലും അവർതേടിയില്ല, ഉണ്ടായിരുന്ന ചക്കയും കപ്പയും ജീവന്റെ ഭോജനമായി... അവരുടെ സ്വപ്‌നങ്ങൾ തെളിഞ്ഞു തുടങ്ങുമ്പോഴേക്കും പലരും വിടവാങ്ങിയിരുന്നു. ചിലർ ഇന്ന് ഓർമ്മ പോലും നഷ്ടപ്പെട്ടവരാണ്...

വികസിച്ചുകൊണ്ടിരുന്ന നഗരങ്ങളിലേക്ക് ആദ്യകാലത്ത് പോയവർ... ചേരികളിൽ തകരകൂരക്കടിയിൽ സ്വപ്നങ്ങൾ പാകിവെച്ചവർ ...

നിങ്ങൾക്കുവേണ്ടി വിഭജിക്കപ്പെട്ട ഞങ്ങളുടെ ജീവിതം - മീൻപിടുത്തതിനായി ദിവസങ്ങളായി കടലിലേക്ക് പോയവർ, അതിരാവിലെ റബ്ബർ ടാപ്പിങ്ങിനായി പോയവർ, തെങ്ങുകയറിയും, വിറകുപെറുക്കിയും പറമ്പൊരുക്കിയും അധ്വാനിച്ചവർ, മൈലുകൾ നടന്ന് സ്‌കൂളുകളിൽ പഠിപ്പിച്ചവർ ... കമ്പനികളിൽ അകാരണമായി ശകാരമേറ്റവർ, ജോലിനഷ്ടപ്പെട്ട് അലഞ്ഞു നടന്നവർ ... അറിയപ്പെടാത്ത വേദനകൾ ഉള്ളിൽ ഒരുപാടുണ്ട്...

ദൂരെയായ മക്കൾ മറച്ചു വെച്ച പരാതികളും ക്ഷീണവും, അവർ നേരിട്ട അതിക്രമങ്ങൾ, നഷ്ടപ്പെട്ട എന്നാൽ പതിയെ കുരുപ്പിടിപ്പിച്ച സ്വപ്‌നങ്ങൾ, അന്യനാട്ടിലെ ഏകാന്തത, രുചികെട്ട ഭക്ഷണം, ജോലിയിലായിരിക്കുന്നവരുടെ ആരുമറിയാത്ത ബലികൾ ...

ഓർമക്കായി നിങ്ങളിത് പറയണം ...
വീണപ്പോൾ പിടിച്ചെഴുന്നേല്പിച്ച കൂട്ടുകാരും ഒറ്റയായപ്പോൾ കൂടെനടന്ന അയൽക്കാരും ജീവിതത്തിന് അപ്പം നൽകിയവരാണ്. കൃതജ്ഞതാസ്തോത്രമായി നിങ്ങൾ ഉയർത്തുന്ന ജീവിതത്തിന്റെ അപ്പം അനേകരുടെ (കൂലിക്കു പണിയെടുത്തവരുടെയും, ഇന്ന് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെയും പോലും) ബലിയുടെ അപ്പമാണ്. ഉള്ളിൽ കൃതജ്ഞത ഉണ്ടെങ്കിലും കണ്ണുനീരിന്റെ ഉള്ളും വേദനകളുടെ കയ്പ്പും അതിലുണ്ട്. ബലികൾ ഏറ്റുപറയപ്പെടണം ... വാങ്ങി ഭക്ഷിക്കുവിൻ... ഇത് നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെട്ടവ.

ദുഃഖവെള്ളി
ആ ബലികൾ തിരസ്കരിക്കപ്പെട്ടതും തള്ളിക്കളഞ്ഞതും മറന്നുപോയതുമൊക്കെയാണ് ദുഃഖവെള്ളിയുടെ ബലി.
സ്വയം അർപ്പിച്ച ബലികളിലൂടെ ധ്യാനപൂർവം കടന്നു പോകാം...  കഴിയുമായിരുന്നെങ്കിൽ വീണ്ടുംഒരിക്കൽക്കൂടി  ജീവൻ നൽകാൻ... (നോർവിച്ചിലെ വി. ജൂലിയൻ ഈശോ പറയുന്നതായി ഒരു ദർശനത്തിൽ കേട്ടതാണ്: "അല്പം കൂടി സഹിക്കുവാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ നിന്നോടുള്ള സ്നേഹത്തെപ്രതി ഞാൻ അതുകൂടി സഹിക്കുമായിരുന്നു"). ഒരാൾ ജീവനർപ്പിക്കുമ്പോൾ മറ്റൊരാൾ ജീവൻ നേടുന്നുണ്ടല്ലോ!
സ്നേഹിതർ ജീവൻ പ്രാപിക്കുന്നതിനായുള്ള നിലപാടുകളിലും ആത്മാർത്ഥ പ്രയത്നങ്ങളിലുമാണ് സ്നേഹം.
അങ്ങനെ ജീവൻ നല്കപ്പെട്ടവരുടെ സമൂഹം: സഭ, അടിസ്ഥാന കൂദാശ.
ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ, ബലിയായി ജീവൻ പകരാൻ, അനേകർക്ക്‌ അപ്പമാകാൻ.

കാണാൻ വിട്ടുപോയ ബലികളെ ഓർത്ത് ശതാധിപനെപ്പോലെ ഏറ്റു പറയാം: "ഈ ബലിയർപ്പകർ സത്യമായും ദൈവത്താൽ നല്കപ്പെട്ടവരായിരുന്നു; എനിക്കായി ബലിയാകാൻ, എനിക്കായി അപ്പമാകാൻ." വെറുപ്പിൽ  അകറ്റിനിർത്തിയിട്ടുള്ള പലരെയും ഈ ബലിയർപ്പകരായി തിരിച്ചറിഞ്ഞേക്കാം. മരിച്ചുപോയവരും, രോഗക്കിടക്കയിലായവരും അവശേഷിപ്പിച്ചുപോയ തിരുശേഷിപ്പുകൾ ബലിയുടെ ഓർമ്മയായി നമ്മുടെ അരികെയൊക്കെത്തന്നെയുണ്ട്.
'വിശ്വാസങ്ങൾക്കുവേണ്ടി' മരിക്കുവാൻ പോലും നമ്മൾ തയ്യാറായേക്കാം,
എന്നാൽ ശൂന്യവത്കരണം മരണത്തേക്കാൾ കഠിനമാണ്,
അതില്ലാതെ കുരിശിലെ ബലിയോടടുക്കാനാവില്ല.
ക്രിസ്തു കുരിശിലേക്കു നടന്നടുത്ത ഓരോ പടിയും ജീവദായകമായിരുന്നു,
നിലപാടുകൾ,സൗഹൃദങ്ങൾ, ശകാരങ്ങൾ,  പ്രതികരണങ്ങൾ, വെല്ലുവിളികൾ ഒക്കെയും.

നമ്മുടെ ബലികൾ ജീവദായകമാകുന്നുണ്ടോ?

വചനം ഇന്ന് നിശബ്ദമാണ്, കാത്തിരിപ്പാണ്.
അവനോടുകൂടെ സംസ്കരിക്കപ്പെടുന്ന നമ്മിൽ രൂപാന്തരത്തിന്റെ വേദന തോന്നേണ്ടതില്ലേ?
പൂർണ്ണമായ സന്മനസിന്റെ ഒരു ഹൃദയത്തിലേക്ക്,
അങ്ങനെ സമാധാനത്തിന്റെ ഒരു മനുഷ്യനിലേക്ക്.
ശൂന്യതയിലേക്ക് ശാന്തമായി ഇറങ്ങേണ്ടത് ധന്യതകളെ പുൽകാൻ ആവശ്യമാണ്,
ശൂന്യതയെ നിലനിൽക്കാൻ അനുവദിക്കൂ, അതിലൂടെ കടന്നുപോകേണ്ടതുണ്ട്
ശീലമായ ശബ്ദങ്ങൾ കൊണ്ട് അതിനെ നിറക്കാതിരിക്കാം
ശൂന്യതയിൽ വചനം സംസാരിക്കട്ടെ.

ഉയിർപ്പ് 
ഒരു ബലിയും നഷ്ടമല്ല. കടന്നുപോയ വഴിയിലൊക്കെയും അതിജീവനത്തിന്റെ  നിമിഷങ്ങളുണ്ട്. ദൈവാശ്രയത്തോടെ പ്രത്യാശയിൽ ജീവിക്കുവാൻ കഴിഞ്ഞ ആ സമയത്തെയും ഈ വിവരണത്തിൽ നമുക്ക് ലഭിക്കണം. അപ്പോഴേ കല്ലറയുടെ ഇരുട്ടിൽ നിന്നു പുതുജീവനിലേക്ക് നടന്നിറങ്ങാൻ കഴിയൂ.

ഓർമ്മ ഒരു അകക്കാഴ്ചയാണ്; മനഃപൂർവ്വം മറന്നുകളയുന്ന പല നന്മകളെയും ആത്മാർത്ഥമായി വീണ്ടുമൊരിക്കൽക്കൂടി നോക്കിക്കാണാൻ. ഏറ്റം ശോഭനമല്ലെങ്കിലും നിലനിൽക്കുന്ന ജീവിതനിമിഷം തന്നെ എത്ര ബലികളുടെ ധന്യതയാണ്? എനിക്കുവേണ്ടി കാലുകഴുകിയവർ, കുരിശിലേറിയവർ, ജീവനർപ്പിച്ചവർ ആരൊക്കെയാണ്?

എന്റെ ഓർമ്മക്കായി നിങ്ങളും ഇത് ചെയ്യുവിൻ 
നമുക്കുമുമ്പിൽ വെളിപ്പെട്ടുകിട്ടിയ ബലഹീനനായ, അപൂർണ്ണരായ, ക്രിസ്തുമുഖങ്ങൾ... ഭാര്യ, ഭർത്താവ്, മകൻ, മകൾ, അപ്പൻ, അമ്മ...
എന്തൊക്കെയോ ദുർബലതകളും അരക്ഷിതാവസ്ഥകളും പേടിയും ദുരഭിമാനവും പിടിവാശിയും മൂലം എനിക്ക് കാണിച്ചുകൊടുക്കാൻ പറ്റാതെ പോയ ക്രിസ്തുമുഖം, അർപ്പിക്കാനാവാത്ത ബലികൾ ... പിതാവേ ഈ കാസ... അസാധ്യമെങ്കിലും മുറിപ്പെടുവാൻ ... കൃപ തരണം...

പരസ്പരം നൽകുന്ന ബലിയും സ്വീകാര്യതയും കൃതജ്ഞതയും ഓർമ്മയും ...
ആ മുറിപ്പാടുകളില്ലാതെ, മുറിക്കപ്പെടുന്ന അപ്പത്തിൽ കുരിശിൽ ജീവനർപ്പിച്ചവന്റെ ബലിയുടെ ഏറ്റുപറച്ചിലില്ല -- അകറ്റപ്പെട്ടിരിക്കുന്ന ഈ സമയത്ത് ഇത്തരം മുറിപ്പാടുകളുടെ ആഴമറിയാം; ഓർമ്മകൾ മരിക്കും മുമ്പേ ബലി ജീവിച്ചു തുടങ്ങട്ടെ.

വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ഈ പെസഹാ ആചരിക്കാം. സ്വീകരിച്ചിട്ടുള്ള നന്മകളുടെയും അർപ്പിക്കപ്പെട്ടിട്ടുള്ള ത്യാഗങ്ങളുടെയും ഓർമ്മയാചരണമാണ് ഈ പെസഹാ. അങ്ങനെ ഒരു ഓർമ്മ പോലുമില്ലാത്തവർ ആരുമുണ്ടാവില്ലല്ലോ. ഈ കാലത്ത് നമ്മുടെ ഓരോ അത്താഴവും ബലികളുടെ ഓർമ്മയാചരണത്തിന്റെ അത്താഴമാവട്ടെ.

മാർച്ച് 27, 2020

ദുരഭിമാനത്തിന്റെ കെണികൾ

സ്വയം തോന്നുന്ന കുറവുകൾ പലപ്പോഴും മറ്റുള്ളവരോട് തുലനം ചെയ്യുവാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.അങ്ങനെയുണ്ടാകുന്ന അപകർഷത അനിയന്ത്രിതമായ ദുരഭിമാനത്തിലേക്ക് നയിച്ചേക്കാം. എന്തൊക്കെയോ ആകാനും, എന്തൊക്കെയോ നേടാനും ഉള്ള വലിയ ആഗ്രഹം ഉള്ളിലെ സമാധാനം തന്നെ നശിപ്പിച്ചേക്കാം. ഏതാനം ഭീതികളോടും അസുരക്ഷിതത്വങ്ങളോടും ചേർത്ത് മറ്റുള്ളവരെ സംശയത്തോടെ നോക്കാനും അവരിൽ നിന്ന് അപായങ്ങളോ പരാജയങ്ങളോ ഭയപ്പെടാനും ഇത് കാരണമാക്കും. ചുരുക്കത്തിൽ, നിസാരമെന്നു തോന്നാമെങ്കിലും കൃപകളെ അന്യമാക്കാവുന്ന ശക്തമായ യാഥാർത്ഥ്യങ്ങളാണ് ഇവ രണ്ടും.

അന്യരുടെ പരാജയങ്ങളിൽ പലപ്പോഴും സന്തുഷ്ടരാകുന്നതിന്റെ  കാരണം അത്തരത്തിലെങ്കിലും അവർ തനിക്ക്  പ്രതിയോഗിയല്ലാതാവുകയാണ് എന്നതുകൊണ്ടാണ്. മറ്റുള്ളവരേക്കാൾ വലിയവരാകണം എന്ന ചിന്ത ഉള്ളപ്പോൾതന്നെ അവരെക്കുറിച്ച് തന്റെ നിലനില്പിനുള്ള ഭീഷണിയുള്ളതുകൊണ്ട് മറ്റുള്ളവരിൽ നിന്നെല്ലാം ഒളിക്കാൻ ശ്രമിക്കുന്ന പ്രവണത കാണിച്ചെന്നിരിക്കാം. അങ്ങനെയും ദൈവകൃപയുടെ വഴികളെ തടയുകയാണ്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആളുകളാണ് കൃപയുടെ ചാലുകൾ. നിർഭാഗ്യവശാൽ ഇത്തരത്തിൽ ചിലരെങ്കിലും ജീവിതപങ്കാളിയോ മക്കളോ പോലും മത്സരിക്കുന്ന പ്രതിയോഗികളാണെന്ന രീതിയിലാവാം ധാരണ വച്ച് പുലർത്തുന്നത്.

മാർച്ച് 25, 2020

കൃപയുടെ ഒരു വഴി @ കോവിഡ്- 19

1) കോവിഡ്-19 മഹാമാരിക്കെതിരെ നേരിട്ട് സേവനരംഗത്തായിരിക്കുന്ന ഒരാളാണോ?
തീർച്ചയായും നിങ്ങൾ മുഴുവനായും ഈ ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നു.
ഹൃദയത്തിൽ ഒരു സ്വരം മാത്രം മതിയാകും, "ദൈവമേ എന്നിലുണ്ടാകേണമേ, ഞങ്ങളുടെ കൂടെയുണ്ടാകേണമേ. അങ്ങയുടെ പ്രവൃത്തികൾ ഞങ്ങളിലൂടെ ഭവിക്കട്ടെ."

2) വീട്ടിനുള്ളിൽത്തന്നെ ആയിരിക്കേണ്ട അവസ്ഥയിലാണോ?
ഒരുപാടു സമയം കടന്നുപോകുവാനുണ്ട്.
തനിയെ, അകന്ന്, നിബന്ധനകൾക്കിടയിൽ, വ്യഗ്രചിത്തരായി...
അനുഗ്രഹപൂര്ണമായി ഈ സമയം കടന്നുപോകട്ടെ

a. നന്നായി കാണുക 
വാർത്തകൾ, നിർദ്ദേശങ്ങൾ, ഉത്തരവുകൾ ...
രോഗികൾ, ഉപേക്ഷിക്കപ്പെട്ടവർ, മരിക്കുന്നവർ, വിശക്കുന്നവർ, വീടുകളിലേക്കെത്താൻ ഓടിപ്പോകുന്നവർ, അവരുടെ കൈക്കുഞ്ഞുങ്ങൾ, ആരോഗ്യപരിപാലനരംഗത്തുള്ളവർ... ഓർക്കാം
അവരുടെ ഭീതി, വേദന, തളർച്ച, ആശങ്കകൾ മരണം ... ഹൃദയത്തിൽ കണ്ടറിയൂ.

സ്വന്തം ആളുകൾ - അടുത്തുള്ളവരും, അകലെയായിരിക്കുന്നവരും;
ജീവിതപങ്കാളി, മാതാപിതാക്കൾ, മക്കൾ, സുഹൃത്തുക്കൾ ...
തിരിച്ചറിയാതെ പോയ ഒരുപാട് കാര്യങ്ങൾ,
അവരിൽ നിന്ന് ശ്രദ്ധയോടെ വായിച്ചറിയാൻ ഒത്തിരിയുണ്ട്;
അവരുടെ സ്നേഹം, ഇഷ്ടങ്ങൾ, പരാതികൾ, ചിലപ്പോൾ മൗനം പോലും

ലോകത്തെത്തന്നെയും നന്നായി കാണാനുണ്ട്; സമൂഹം, പാവങ്ങൾ, സാമൂഹ്യപ്രവർത്തകർ, പോലീസ്, ഭരണകൂടം, വാർത്താപ്രവർത്തകർ ... 
ശ്രദ്ധയോടെ വായിച്ചറിയുക; പുല്ലുവില നൽകി അവഗണിച്ച ഒട്ടനേകം കരുതലുകൾ

പ്രകൃതിയെ നോക്കിക്കാണുക; സസ്യങ്ങളും, മൃഗങ്ങളും, വായുവും, ജലവും...
പരിശുദ്ധി തള്ളിക്കളഞ്ഞ അവയിലെ രഹസ്യങ്ങളെ വായിച്ചു ധ്യാനിക്കുക

b. ഹൃദയത്തിൽ തൊട്ടറിയുക
കാണാൻ ശ്രമിച്ചതും, ഗ്രഹിച്ചറിഞ്ഞതും ഹൃദയത്തിലേക്ക് കൊണ്ടുവരിക;
അവർ നടക്കുന്ന വഴികളും, അവരുടെ വേദനയും, തിരസ്കരണവും, സംഘർഷങ്ങളും, തളർച്ചയും, ഭീതിയും ..... ഒരു നിമിഷം നമ്മുടെ  ഹൃദയം ഏറ്റെടുക്കട്ടെ.

c. ഹൃദയത്തെ പ്രകടിപ്പിക്കാം 
കണ്ടതും അറിഞ്ഞതും ഹൃദയത്തിൽ തൊട്ടതും വാക്കുകളിലോ, നെടുവീർപ്പുകളിലോ പ്രകടിപ്പിക്കാം, കൈകൂപ്പിയോ, തലകുനിച്ചോ .... ഏതു തരത്തിൽ ആ വികാരങ്ങളെ പ്രകടമാക്കാമോ അത്തരത്തിൽ പ്രകടമാക്കാം 
അവയൊക്കെയും ഉൾകൊണ്ട ഹൃദയത്തിൽ ഈ മന്ത്രണം ഉണ്ടായിരിക്കട്ടെ "എന്റെ ദൈവമേ ... " അത്ര മാത്രം മതി.
ഭക്തിയുടെ സാധാരണ പ്രകടനങ്ങൾ ഒന്നും ഇവിടെ വേണ്ട, പച്ചയായ തിരിച്ചറിവുകൾ പ്രകടിപ്പിക്കാൻ പച്ചയായ ചില ശരീരഭാഷകൾ.
ഇത് നിങ്ങളുടെ ആത്മാർത്ഥമായ നിലവിളിയാണ്;
നിങ്ങൾ തിരിച്ചറിഞ്ഞവർക്കു വേണ്ടിയുള്ള പ്രാർത്ഥന, അവഗണിച്ചു കളഞ്ഞവയെക്കുറിച്ചുള്ള പശ്ചാത്താപം, സ്വീകരിച്ചവയെക്കുറിച്ചുള്ള കൃതജ്ഞത

d. കേൾക്കാം 
നിങ്ങളോടും, നിങ്ങൾ കണ്ടതും അറിഞ്ഞതും നിങ്ങൾ നെടുവീർപ്പുയർത്തിയതുമായ അവസ്ഥകളോടും ദൈവം സംസാരിക്കുന്ന സ്വരം കേൾക്കാൻ ശ്രമിക്കുക. 
ആ സാന്ത്വനവും ആശ്വാസവും അറിയുക, നിങ്ങൾക്കുവേണ്ടിയും ലോകത്തിനുവേണ്ടിയുമുള്ള ദൈവസാന്നിധ്യത്തെ കാണുക; ആശുപത്രികളിൽ, തെരുവുകളിൽ, രോഗികളോടും, മരണപ്പെടുന്നവരോടും കൂടെ, അവരെ ശുശ്രൂഷിക്കുന്നവരോടും ശാസ്ത്രജ്ഞരോടും കൂടെ, പോലീസിനോടും ഭരണകൂടത്തോടും കൂടെ ...
ആ സാന്നിധ്യത്തിൽ ആഴമായ വിശ്വാസം അർപ്പിക്കുക; നിങ്ങളുടെ മാത്രം പ്രതിരോധത്തിനോ സുരക്ഷക്കോവേണ്ടി മാത്രമല്ല, മറിച്ച് മരിക്കുന്നവരോടും രോഗബാധിതരോടും കൂടെയുമുള്ള ദൈവത്തെയും കാണാൻ കഴിയണം.
കാത്തുസുരക്ഷിതരാക്കപ്പെടുക  എന്നതല്ല ദൈവത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മരണക്കിടക്കയിലും ആ ആശ്വാസസാന്നിധ്യം ഉണ്ടായിരിക്കുക എന്നതാണ്.

ഒരു അതിഥിയായും വീട്ടുകാരനായും ദൈവം നമ്മുടെ കൂടെത്തന്നെ അടച്ചിട്ട വീടുകളിൽ ഉണ്ട്. 
ദൈവകൃപയോടെ ഈ ധ്യാനം പരിശീലിക്കാൻ ശ്രമിച്ചു നോക്കൂ; ലളിതമായതുകൊണ്ടുതന്നെ അല്പം ശ്രമകരവുമാണ്
ധൈര്യവും, അതോടൊപ്പംതന്നെ  സഹാനുഭൂതിയും അലിവും കൊണ്ട് ഇത് നമ്മെ  നിറച്ചേക്കും 
പുതിയൊരു പ്രാർത്ഥനാശൈലിയും.

മാർച്ച് 24, 2020

ജെറെമിയ പിന്നീട് നിശബ്ദനായി

ജെറെമിയ പിന്നീട് നിശബ്ദനായി...
ബന്ധിതനായിരുന്ന അയാളുടെ കണ്ണുനീരിന് ചിതറിക്കപ്പെട്ട അവരെ ആശ്വസിപ്പിക്കാനായില്ല..

ദൈവത്തിന്റെ ഒരു ഹൃദയബന്ധത്തിന്റെ ആഗ്രഹത്തെക്കുറിച്ച് അയാൾ പറയുമായിരുന്നു.
ജെറുസലേമിന്റെ പുണ്യതയായിരുന്നു അവർക്കിഷ്ടം.
ദേവാലയവും, അതിവിശുദ്ധസ്ഥലം പുറത്തു പ്രതിഫലിപ്പിച്ച ജനാലക്കണ്ണാടികളും തകർന്നു.
ദൈവത്തിനു അവർ ഭ്രഷ്ടു കല്പിച്ചിരുന്നിടത്തേക്ക് അവർക്കും മുമ്പേ ദൈവം നടന്നു.
ദേവാലയത്തിന്റെ ദിശയിലേക്കു തിരിഞ്ഞുനിൽക്കാൻ ചിലർ പറഞ്ഞു,
ഹൃദയപേശികളിൽ ദൈവസ്വരം ജ്വലിക്കുന്നു എന്ന് അയാൾ വിളിച്ചു പറഞ്ഞു.
അവർ അവനെ ഈജിപ്തിലേക്കുള്ള വഴിയിൽ കല്ലെറിഞ്ഞു കൊന്നു.

വഴിയിൽ അവർ വീണു തുടങ്ങിയപ്പോൾ ദേവാലയത്തിൽനിന്നുള്ള നദിയിലെ ജലമെവിടെ എന്ന് അവർ ഓർത്തു.
അപ്പോഴേക്കും ഹൃദയദേവാലയത്തിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നതായി അവർ കണ്ടു.
ജീവന്റെ അരുവികൾ തടഞ്ഞു നിർത്തിയത് ഏതാനം ബലിപീഠക്കല്ലുകൾത്തന്നെ എന്ന് അവർ തിരിച്ചറിഞ്ഞു.

മാർച്ച് 23, 2020

ഹൃദയത്തിലെ ബലി @ കോവിഡ് -19

വിശ്വാസത്തെയോ പ്രാർത്ഥനയെയോ വിലക്കുന്നതല്ല സമൂഹമായി ഒന്നിച്ചു വരുന്നതിനേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം. പുരോഹിതൻ തനിയെ ബലിയർപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ല. വൈദികൻ ബലിയർപ്പിക്കുന്നത് തനിക്കുവേണ്ടിയല്ല, താനുമുൾച്ചേർന്നിട്ടുള്ള സമൂഹത്തിനു വേണ്ടിയാണ്. ശാരീരികമായ സാന്നിധ്യം ഇല്ലെങ്കിലും സമൂഹം മുഴുവനുംവേണ്ടി ബലിയർപ്പിക്കപ്പെടുന്നുണ്ട്; വൈദികനിലൂടെ സമൂഹമാണ് ബലിയർപ്പിക്കുന്നതും.

ക്രിസ്തുവിന്റെ ശരീരമായ സമൂഹത്തിലാണ് ക്രിസ്തു ജീവിക്കുന്നത്. ഏകശരീരമായ ആ സമൂഹത്തിന്റെ ദൃശ്യമായ അടയാളമാണ് ഒരുമിച്ചുചേരുന്ന സമൂഹത്തിൽ കാണപ്പെടുന്നത്; പ്രാർത്ഥനയിലായാലും, സേവനങ്ങളിലായാലും. പരിശുദ്ധാത്മാവ് നൽകുന്ന ഐക്യമാണ് ദേവാലയത്തിന് പുറത്തും അകത്തും ആ ശരീരനിർമിതി സാധ്യമാക്കുന്നത്. പ്രത്യേക കാരണം മൂലം സമൂഹമായി ഒത്തുചേരൽ അസാധ്യം ആണെങ്കിലും ഈ ഏകതയും പ്രാർത്ഥനയും തുടരുന്നുണ്ട്.

കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, തിരുവോസ്തിയിലെ സത്യമായ സാന്നിധ്യവും ക്രിസ്തുവിന്റെ മൗതികശരീരമായ സഭാസമൂഹത്തിലും പ്രതിഫലിക്കുന്നുണ്ട്. പരിശുദ്ധകുർബാനയിലുള്ള ക്രിസ്തുസാന്നിധ്യത്തിന്, കുർബാനയിൽ മാത്രമാണ് ക്രിസ്തുസാന്നിധ്യമെന്ന അർത്ഥം നൽകുന്നില്ല. സമൂഹത്തിലും ഈ സാന്നിധ്യം ജീവിക്കുന്ന യാഥാർത്ഥ്യമാണെന്നതുകൊണ്ട് സമൂഹവും വേറൊരുതരത്തിൽ, ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ ദിവ്യരക്ഷയുടെ ഒരു കൂദാശയായിത്തന്നെ പ്രവർത്തിക്കുന്നു. വിശ്വാസികളിലും സമൂഹത്തിലും സന്നിഹിതനാണ് ക്രിസ്തു. ഒത്തുചേരലുകൾക്കപ്പുറം ഒരേ ഹൃദയമാകുന്നതിലാണ് ഈ സാന്നിധ്യം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ അനുഭവവേദ്യമാകുന്നത്.

മനുഷ്യാവതാരത്തിലൂടെ ക്രിസ്തു നൽകിയ ദിവ്യസാന്നിധ്യമാണ് അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ കൂദാശയായി നമുക്ക് ലഭിക്കുന്നത്. പരിശുദ്ധ കുർബാനയിൽ 'സത്യമായും സത്താപരമായും' ക്രിസ്തു സന്നിഹിതനാണെന്നതാണ് കത്തോലിക്കാ വിശ്വാസം. ഈ ദൈവശാസ്ത്ര നിർവചനം നല്കപ്പെട്ടിരിക്കുന്നതും ആ സാന്നിധ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുവാനാണ്. തിരുവോസ്തിയിലെ ക്രിസ്തുസാന്നിധ്യത്തിന്റെ സ്വഭാവം ഏതുതരത്തിലിന്നുള്ളതാണെന്നു പഠിപ്പിക്കുന്നതാണ് പ്രസ്തുത നിർവചനം. 'സത്യമായും' (really and truly) എന്നതുകൊണ്ട്, ആ സാന്നിധ്യം വെറുമൊരു പ്രാതിനിധ്യത്തെ അല്ല മറിച്ച് ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഒരു ക്രൂശിത രൂപമോ ചിത്രമോ പ്രാതിനിധ്യം (representation) മാത്രമേ നൽകുന്നുള്ളൂ. അതൊരു പ്രതീകം മാത്രമാണ്. എന്നാൽ, 'സത്താപരം' (substantial) എന്നത്‌, കാഴ്ചയിലും സ്പര്ശനത്തിലും അപ്പമാണെങ്കിലും സത്താപരമായി (സ്വഭാവത്തിൽ) അതിൽ ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് കത്തോലിക്കാവിശ്വാസം. ഇത് 'കൂദാശാപരമായ' സാന്നിധ്യമാണെന്നും ഓർക്കേണ്ടതുണ്ട് (reality given in sign). ദൃശ്യമായ അടയാളങ്ങളിൽ അനുഭവവേദ്യമാകുന്ന ദിവ്യസാന്നിധ്യം. കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയും തിരുവോസ്തിയിൽ പ്രതിഫലിക്കുന്നുണ്ട്.

തിരുവോസ്തിയിലുള്ള ക്രിസ്തു ഏതു രോഗത്തെയും നിർവീര്യമാക്കുമെന്നും, ഇനി അങ്ങനെ രോഗം വന്നു മരിക്കേണ്ടി വന്നാൽ അതിനും തയ്യാറാണെന്ന് പറയുന്ന വിശ്വാസം കൂദാശയെക്കുറിച്ചു വേണ്ടവിധം മനസിലാക്കാതെ സ്വന്തം ഭക്തനിഷ്ഠയെ ദൈവശാസ്ത്രമാക്കുകയാണ്. തിരുവോസ്തിയിൽ ആശീർവാദ സമയത്ത് സന്നിഹിതമാവുന്ന ക്രിസ്തു ഇനിമേൽ അനന്ത കാലത്തോളം ആ ഓസ്തിയിൽ ഉണ്ടാവും എന്നതല്ല വിശ്വാസം. തിരുവോസ്തി ഏതെങ്കിലും സാഹചര്യത്തിൽ കേടുവരികയോ അണുബാധയുണ്ടാവുകയോ ചെയ്‌താൽ ആ നിമിഷം മുതൽ അത് ഭക്ഷ്യയോഗ്യമായ അപ്പം അല്ലാതായി തീരുകയും അതുകൊണ്ടുതന്നെ ക്രിസ്തുസാന്നിധ്യത്തെ സംഭവ്യമാക്കുന്ന കൂദാശ അടയാളം ഇല്ലാതാവുകയും ചെയ്യുന്നതുകൊണ്ട് ആ നിമിഷം മുതൽ അതിൽ ക്രിസ്തുസാന്നിധ്യവും ഇല്ല എന്നതാണ് വിശ്വാസം.

ദൈവപ്രവൃത്തിയിലും ക്രിസ്തുസാന്നിധ്യത്തിലുമുള്ള നമ്മുടെ വിശ്വാസം ക്രിസ്തു കൂദാശഅപ്പത്തിൽ ഒതുങ്ങി നിൽക്കുന്നതുപോലുള്ള വിശ്വാസത്തിലേക്ക് നയിക്കരുത്. അങ്ങനെയുള്ള വിശ്വാസമാണ് ക്രിസ്തുവിനെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കാൻ, അനുഗ്രഹിപ്പിക്കാൻ, സൗഖ്യപ്പെടുത്താൻ ക്രിസ്തുവിനെ വഹിച്ചുകൊണ്ട് നടക്കേണ്ടതുണ്ട് എന്ന തരത്തിലുള്ള വിശ്വാസശൈലികളിലേക്കു നമ്മെ നയിക്കുന്നത്. സാങ്കല്പികധാരണകൾ വിശ്വാസത്തിന് വഴിമാറണം. അനുഗ്രഹങ്ങൾക്കും സൗഖ്യത്തിനുമായി അവിടുത്തെ കൊണ്ടുനടക്കേണ്ടതില്ല. തിരുവോസ്തിയുമായി ശുശ്രൂഷകനു ചെന്നെത്താൻ കഴിയാത്തിടത്ത് ക്രിസ്തു എത്തിച്ചേരില്ല എന്നും കരുതാനാവില്ലല്ലോ. ഉചിതമായ, വേണ്ട വണക്കത്തോടെയാണ്, തിരുവോസ്തിയിലെ ദിവ്യകാരുണ്യം ആരാധിക്കപ്പെടേണ്ടത്. നമ്മുടെ ഇടയിൽ ക്രിസ്തുവുണ്ട്, നമ്മിലായിരിക്കുന്ന അവനിലൂടെ നമ്മുടെ പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നുണ്ട്, ദൈവത്തിന്റെ ജീവിക്കുന്ന കൂദാശയായി.

പരിശുദ്ധകുർബാനയിലെ ക്രിസ്തുസാന്നിധ്യം ആരാധ്യമാണ്, എന്നാൽ ഒരു മന്ത്രികതുല്യമായ പ്രവർത്തനരീതിയല്ല ആ സാന്നിധ്യത്തിലൂടെ സഭാസമൂഹം പ്രതീക്ഷിക്കുന്നത്. ഉദാ: അണുനശീകരണം, യുദ്ധനിവാരണം, രോഗമുക്തി മുതലായവ തിരുവോസ്തി കാണുന്നതിലൂടെ സാധ്യമാകും എന്ന തരത്തിലുള്ള ചിന്ത. പകർച്ചവ്യാധികളുടെ സമയത്ത് ദേവാലയങ്ങളിൽ പ്രാർത്ഥിക്കുവാനായി വിശ്വാസികൾ ഒന്നിച്ചു ചേർന്ന ഏതാനം ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. എന്നാൽ, ആ അസുഖങ്ങളുടെ കാരണങ്ങളെക്കുറിച്ചോ പകരുന്ന സാധ്യതകളെക്കുറിച്ചോ സൂക്ഷ്മാണുസ്വഭാവത്തെക്കുറിച്ചോ ധാരണയില്ലാതിരുന്ന ഒരു സമയമായിരുന്നെന്നും മനസിലാക്കേണ്ടതുണ്ട്. അണുവ്യാപനസാധ്യതകളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അത് ഒഴിവാക്കുവാൻ നിർദ്ദേശിക്കപ്പെടുന്ന പ്രതിവിധികൾ പാലിക്കുകയെന്നതു തന്നെയാണ് ദൈവവും ആഗ്രഹിക്കുക.

സ്വീകരിക്കേണ്ട പ്രതിവിധികൾ എടുക്കാതെ 'പ്രാർത്ഥിക്കുന്നതും' 'ഭക്തി' പ്രകടിപ്പിക്കുന്നതും ദൈവത്തെ പരിഹസിക്കുന്നതിനും പരീക്ഷിക്കുന്നതിനും തുല്യമാണ്. അതിഭക്തിയും തീവ്രഉത്സാഹവും വിശ്വാസത്തിന്റെ അടയാളങ്ങളല്ല, സ്വന്തം ചില ധാരണകളെ ധാർഷ്ട്യത്തോടെ ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങളായിരിക്കാം അവ. അത് നേതാക്കളാണെങ്കിൽ അവരുടെ സാഹസം വിശ്വാസികളുടെ ജീവനെ അപകടത്തിലേക്ക് നയിക്കുന്നതാണ്‌. അത്തരം ഉദ്യമങ്ങൾ ഭക്തിക്രിയകളെയും വിശ്വാസത്തെത്തന്നെയും ദൈവമാക്കിത്തീർക്കുന്ന സമീപനമാണ്. അജപാലനശുശ്രൂഷകൾ വിശ്വാസത്തിനു നൽകേണ്ട വിശദീകരണങ്ങളെയും വിശ്വാസപ്രബോധനങ്ങളെയും ബോധപൂർവം നിരാകരിക്കുന്നവരാണവർ. അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ വിശ്വാസത്തിനു ധീരസാക്ഷ്യമായി അതിനെ ഒരിക്കലും കരുതാനാവില്ല. രക്തസാക്ഷികളെ അനുകരിച്ച് ജീവൻ പണയം വെച്ചും സാഹസികമായ വിശ്വാസം പ്രകടമാക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് മറ്റുള്ളവരുടെ ജീവനെ അപകടപ്പെടുത്തിക്കൊണ്ടാകരുത് എന്ന് കൂടി ഓർക്കണം. 'വിശ്വാസം' ഉയർത്തിപ്പിടിക്കുന്ന ധൈര്യമാണ് കാണിക്കുന്നതെങ്കിൽ അതിന്റെ പേരിൽ സമൂഹത്തെ മുഴുവനായി വലിച്ചിഴക്കാതിരിക്കാനുള്ള വലിയ ഉത്തരവാദിത്തവും വിശ്വാസിസമൂഹത്തിനുണ്ട്.

സമൂഹം ഒരേ ഹൃദയത്തോടെ പ്രാർത്ഥിക്കട്ടെ, വിശ്വാസത്തോടെ, ദൈവാശ്രയത്തോടെ, സമൂഹപ്രതിബദ്ധതയിൽ. സൗഖ്യവും ദൈവപ്രവൃത്തികളും മാന്ത്രികശൈലിയിലല്ല പ്രാർത്ഥനകളിലൂടെ കൈവരുന്നത്, മറിച്ച് തികച്ചും സ്വാഭാവികമായ മാർഗങ്ങളിലൂടെത്തന്നെ അത്തരം പ്രവൃത്തികൾക്ക് വഴിതുറക്കുകയാണ് ചെയ്യപ്പെടുന്നത്. ഒരുപക്ഷെ അഗ്രാഹ്യമായ പ്രക്രിയകൾ അവയിൽ ഉൾച്ചേർന്നിരിക്കാം. വിശ്വാസവും ഭക്തിയും അവയുടെ ശീലങ്ങളും ദൈവതുല്യമല്ല. അങ്ങനെ ആവുകയുമരുത്. പ്രാർത്ഥനകളുടെ മന്ത്രശ്ലോകസ്വഭാവവും ആവർത്തിക്കപ്പെടേണ്ട എണ്ണവും വഴിമാറിയേ മതിയാകൂ. ഇനിയെങ്കിലും പ്രാർത്ഥനയുടെ ഹൃദയഭാഷ സ്വന്തമാക്കേണ്ടത് അനിവാര്യമാണ്. [added on April 09, 2020 from General Audience Pope Francis April 08, 2020: പ്രത്യേകിച്ച് വിശുദ്ധ ആഴ്ചയിലേക്കു മാർപാപ്പ നിർദ്ദേശിക്കുന്നത് ഇങ്ങനെയാണ്. ഈ വിശുദ്ധ ദിവസങ്ങളിൽ രണ്ടു കാര്യങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കാം; ക്രൂശിതനെ നോക്കി നിശബ്ദമായി ധ്യാനിക്കാം, വിശ്വാസത്തോടെ സുവിശേഷം വായിക്കാം. ദേവാലയങ്ങളിലേക്കു പോകാനാവാതെ ഈ സമയം, തീർത്തും ഗൃഹാന്തരീക്ഷത്തിൽ, വലിയ ദൈവാനുഗ്രഹങ്ങളുടെ ആരാധനാരീതിയായിത്തീരും."

ദേവാലയവും ശുശ്രൂഷാപൗരോഹിത്യവുമെല്ലാം നമുക്കാവശ്യമാണ്, എന്നാൽ അവയാൽ നിയന്ത്രിതമായിത്തീരുന്നതാകരുത് ക്രിസ്തീയവിശ്വാസം. ശീലിച്ചുപോന്ന വിശ്വാസചര്യകളുടെ ദൗർലഭ്യം നമ്മെ അസ്വസ്ഥരാക്കുന്നത് സ്വാഭാവികമാണ്. ദൈവത്തിനു അഭിലഷണീയമായത് എന്താണെന്ന് മനസിലാക്കാനും നമ്മൾ ശീലിക്കേണ്ടതുണ്ട്. മുറിക്കപ്പെട്ട അപ്പത്തിലെ ജീവത്യാഗം, ഇന്ന് ജീവൻ പ്രാപിക്കുന്നത് അനേകരുടെ ദയനീയമായ മുഖങ്ങളെ ഹൃദയത്തിൽ ഉൾക്കൊണ്ട് നമുക്ക് അർപ്പിക്കാൻ കഴിയുന്ന പ്രാർത്ഥനകളിലാണ്; അത് വാക്കുകളിലല്ല, ഉൾക്കാഴ്ചയിലും അവരോടുള്ള ഏകതയിലുമാണ്. ഒറ്റപ്പെടുന്ന, ഉപേക്ഷിക്കപ്പെടുന്ന, തള്ളിക്കളയപ്പെടുന്ന, ശുശ്രൂഷകരുടെ നിസ്സഹായാവസ്ഥയെ മനസിലാക്കി നിശ്ശബ്ദതയോടെ മരണത്തിലേക്ക് പോകുന്ന രോഗികളും, മനസ് മരവിച്ചു പോകുന്ന ശുശ്രൂഷകരും, പദ്ധതിയൊരുക്കുന്ന ഭരണാധികാരികളും ജോലി നഷ്ടപ്പെടുന്നവരും, വരുമാനമില്ലാത്തവരും തെരുവിൽ അലഞ്ഞിരുന്നവരും, വാർത്താവിതരണക്കാരും ക്രിസ്തുശരീരത്തിന്റെ കൂദാശാമാനം പ്രതിഫലിപ്പിക്കുന്നവരാണ്. അവരെയും ഹൃദയത്തിലേറ്റി നമ്മുടെ തന്നെയും ഹൃദയവികാരങ്ങളെയും ചേർത്ത് ദൈവത്തിങ്കലേക്ക് ഉയർത്തുകയാണ് "അവന്റെ ഓർമ്മക്കായി" അർപ്പിക്കപ്പെടുന്ന ബലി. അത് ഭക്തിചര്യകൾക്കപ്പുറത്തുള്ള ഒരു ആന്തരികസമീപനമാണ്.

മാർച്ച് 22, 2020

ഹൃദയം തേങ്ങുമ്പോൾ അടുത്തുവേണ്ടത് ...

അകലെയെന്നു തോന്നുന്നെങ്കിലും അടുത്തുതന്നെയുണ്ടെന്ന ഉറപ്പാണ് ദൈവത്തിലാശ്രയിക്കാൻ ഉൾക്കരുത്ത് നൽകുന്നത്.

പാലിച്ചുപോന്നിരുന്ന ഭക്താനുഷ്ഠാനങ്ങളൊന്നുംതന്നെ ഈ വർഷം നമുക്കില്ല. അവയൊക്കെ ചെയ്തു എന്ന സംതൃപ്തിയുമില്ല.  വരൾച്ചയും തളർച്ചയും നിറഞ്ഞ ഒരു പീഡാനുഭവയാത്ര! അത്തരം ശൂന്യതയിൽനിന്നും, രോഗബാധയുണ്ടാക്കുന്ന ആന്തരികവ്യഥകളിൽനിന്നും വലിയ ഒരു തേങ്ങൽ നമുക്കുണ്ട്. അവ കേൾക്കപ്പെടുന്നുണ്ട് എന്ന ബോധ്യമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ഏറ്റവും ആത്മാർത്ഥമായ ദൈവാശ്രയത്തിൽനിന്നേ അത് സാധ്യമാകൂ. നമ്മൾ ഒരുങ്ങേണ്ടതും അതിനുവേണ്ടിയാണ്.

ദൈവവുമായുള്ള വ്യക്തിബന്ധവും, ഈ ബന്ധത്തിന് പ്രാധാന്യം നൽകാത്ത ഭക്തക്രിയകളിലുള്ള ആത്മനിർവൃതിയും  തമ്മിലുള്ള ദൂരം, സ്‌നേഹപൂർണമായ ഭാര്യാ-ഭർതൃ ബന്ധവും, നേരിട്ടറിയാത്ത ഒരാളുമായുള്ള facebook സൗഹൃദവും പോലെയാണ്. വ്യക്തിബന്ധം നിലനിൽക്കുന്നതാണ്, എന്നാൽ അതിന്റെ ആഴം പ്രകടിപ്പിക്കാനുള്ള നമ്മുടെ രീതി, ഭാഷ തുടങ്ങിയവ മാറിയേക്കാം. ഒരുമിച്ചു ജോലി ചെയ്യുമ്പോഴോ, പാർക്കിലോ സിനിമയ്‌ക്കോ പോകുമ്പോഴോ ഉള്ള രീതികളല്ലല്ലോ ഒരാൾ രോഗിയായിരിക്കുമ്പോൾ നമ്മൾ തുടരുന്നത്. ശുശ്രൂഷയുടെയും സാമീപ്യത്തിന്റെയും പുതിയ ഭാഷ നമ്മൾ ഉപയോഗിക്കാറില്ല? യൗവനത്തിലെ ശൃംഗാരമാധുര്യം പതിയെ അകന്നേക്കാം, പരസ്പര സാന്നിധ്യം കൂടുതൽ ആഴമുള്ളതാകാം.  ഒരാളുടെ മരണശേഷവും ആ സാന്നിധ്യം ഹൃദയത്തിൽ തുടരുന്നതിനുകാരണം വ്യക്തിബന്ധത്തിന്റെ ആഴങ്ങളാണ്. ഓർമകളുടെ ചിത്രങ്ങളും മറ്റും ആഴങ്ങളുണ്ടാക്കുന്നത് വ്യക്തിബന്ധം ഉണ്ടായിരുന്നാൽ മാത്രമാണ്.

നിഷ്ഠകളുടെ നിർവൃതികളിലുള്ള തുടർച്ചയാണ് Livestream ആവേശങ്ങൾ ഇന്ന് സാധ്യമാക്കിക്കൊടുത്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷെ, കൂദാശകളും ശുശ്രൂഷകളും Screen ൽ ലഭ്യമാക്കുവാനും, കാണുവാനും പോലുമുള്ള  ഒരു സാധ്യത വരുംനാളുകളിൽ ഇല്ലാതായേക്കാം. ഭീതിയുള്ള മനസിലും, ക്ഷീണമുള്ള ശരീരത്തിലും കുറയുന്ന ഭക്ഷണശേഖരത്തിലും ദൈവസാന്നിധ്യത്തിലെ പ്രത്യാശ കണ്ടുകൊണ്ട് മുന്നോട്ടു പോകുവാൻ നമുക്ക് കഴിയണം. ഇന്ന് അത് ശീലിക്കുന്നില്ലെങ്കിൽ കൂടുതൽ ആപത്കരമായ ഒരു അവസ്ഥ വന്നാൽ അന്ന് ഒരു പക്ഷെ ഹൃദയം സന്നദ്ധമായെന്നിരിക്കില്ല.  അടുത്തുള്ള ദൈവത്തെ ഹൃദയത്തോടെ പുൽകാൻ മനസും ശരീരവും കൃപയ്ക്കുനേരെ തുറന്ന് ഒരുക്കുകയാണ് വേണ്ടത്. എങ്കിലേ ഉത്തരം ലഭിക്കാത്തപ്പോഴും "അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു" എന്ന് പറഞ്ഞ ക്രിസ്തുവിനെപ്പോലെ നമുക്കും അവിടുത്തെ സ്നേഹത്തിൽ പ്രത്യാശ  വയ്ക്കാനാകൂ.

രോഗവും മരണവും വേദനയാണ്; കടന്നു പോകുന്നവർക്കും, അത് കണ്ടു നിൽക്കുന്നവർക്കും. രോഗബാധിതരാകുമോ ഒറ്റപ്പെടുമോ എന്നൊക്കെയുള്ള ഭീതി ശുശ്രൂഷിക്കുന്നവർക്കുപോലുമുണ്ട്. മരിക്കുന്നവരുടെ ദയനീയമായ നോട്ടത്തിനു മുമ്പിൽ  നിസഹായരായി നിൽകേണ്ടി വരുന്ന  അവസ്ഥകളും.  പരസ്പരം ബലപ്പെടുത്തുവാനാണ് നമ്മൾ ഒരു സമൂഹമായി പ്രാർത്ഥിക്കുന്നത്. മരണപ്പെട്ടവർക്ക് സമാധാനത്തിൽ ലയിക്കാൻ, രോഗികളായവർക്കു പ്രത്യാശ ലഭിക്കാൻ, കരുതുന്നവർക്ക് കരുത്ത് ലഭിക്കാൻ, മരിക്കുന്നവരെ  അവസാനനിമിഷത്തെ സ്നേഹം നൽകി യാത്രയാക്കാൻ, അകൽച്ചയുടെ അതിർവരമ്പുകൾ മാറ്റിവെച്ച് മനുഷ്യസമൂഹമാകാൻ, പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ വലിയ സാന്നിധ്യം നമ്മെ നയിക്കട്ടെ.

കോവിഡ്-19 നു മുമ്പിൽ ഉത്തരമില്ലാതെ നിൽകുമ്പോൾ അതിന്റെ വ്യാപ്തിയിൽ ഒരുപക്ഷേ എന്റെ ജീവനും അവസാനിച്ചേക്കാം. തെറ്റുകളും കുറവുകളും, വിഷമങ്ങളും അറിയുന്ന ദൈവം കൂടെയുണ്ടായിരുന്നത് അത്യസാധാരണപ്രവൃത്തികളിലൂടെയല്ല. എന്നും കൂടെയുള്ള ആ സാന്നിധ്യം ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് വിശ്വാസമല്ല, അറിഞ്ഞ കനിവും ധന്യതയുമാണ്. ഇന്നത്തെപ്പോലെ അന്നും ദൈവം മാറോടുചേർത്തുനിർത്തും എന്ന ഉറപ്പാണ് ആ ദിവസത്തേക്ക് കരുതിവയ്‌ക്കേണ്ട പ്രത്യാശ. അതിലേക്കുള്ള ഒരു ആത്മാർത്ഥപ്രയത്നം ഉണ്ടായേ മതിയാകൂ. ഹൃദയം ദുർബലമാകുമ്പോൾ ഹൃദയത്തിനുള്ളിലെ മൃദുസ്വരം കേൾക്കാൻ ഇന്ന് ആ ബന്ധത്തെ അറിയുക എന്നതാണ് പ്രധാനം. ഹൃദയം തേങ്ങുമ്പോൾ  അടുത്തുവേണ്ടത് Livestreaming അല്ല. മതത്തിന്റെയും ഭക്താനുഷ്ഠാനങ്ങളുടെയും ആനന്ദം ഇനിയുമൊരിക്കൽ നമുക്കാകാം.  എന്നാൽ ജീവിതത്തിന്റെ സാധാരണ അവസ്ഥകളിലുള്ള   അത്തരം സൗകര്യങ്ങളുടെ തനിയാവർത്തനം അല്ല Telecasting ലൂടെയാണെങ്കിലും ഇന്ന് നമ്മുടെ വിശ്വാസജീവിതത്തിന് ആവശ്യം. അസാധാരണമായ അവസ്ഥകളിൽ കൂടുതൽ ആഴങ്ങളാണ് നമുക്ക് വേണ്ടത്. ഇന്ന് കൂടെയുള്ള ദൈവത്തെ അറിയുക എന്നതാണ് പ്രധാനം.

facebook ഉം Youtube ഉം ഇന്റർനെറ്റും ഇല്ലാത്തവർക്ക് ദൈവകൃപയുടെ അനുഭവവേദ്യമായ അടയാളങ്ങൾ അവരുടെ തന്നെ രോഗഗ്രസ്ഥമായ ശരീരവും, കുറെ ഓർമ്മകളും, ഏകാന്തതയിലെ ചിന്തകളുമായിരിക്കാം. ക്രിസ്തു അവയുമായി സംവദിക്കുന്നുണ്ട് എന്നത് ഉറപ്പാണ്. എന്നാൽ
നമ്മുടെ ഹൃദയങ്ങൾക്ക് അത്തരം സംഭാഷണങ്ങൾ സാധ്യമാവേണ്ടതുണ്ട് എന്നത് പ്രധാനമാണ്; പ്രത്യാശയോടെ, ക്ഷമയോടെ ...

നമ്മൾ തന്നെയും, ഇന്ന് അടച്ചിടപ്പെട്ട (locked down) അവസ്ഥയിലാണ്. എന്നാൽ മുറിക്കപ്പെടുന്ന (cut off) ഒരു അവസ്ഥ വന്നു ചേർന്നാലോ? Livestreaming ഉം Telecasting ഉം ഒരു ദിവസം അസാധ്യമായി വന്നാൽ ശൂന്യതയിൽ അന്ന് പരിഭ്രാന്തരാവാതിരിക്കേണ്ടതിന്, നമ്മിലെ ഏകാന്തതയോടും ഭയത്തോടും രോഗത്തോടും സ്നേഹത്തോടെ സംവദിക്കുന്ന ദൈവസ്വരം കേൾക്കാൻ കാതുതുറന്നുകൊടുക്കേണ്ട സമയം കൂടിയാണിത്.

എന്തോ അങ്ങനെയാണ്, എന്റെ ഉൾപ്രേരണ.
___________________________
novelCorona Virus ഉണ്ടാക്കുന്ന രോഗബാധയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് മനുഷ്യൻ പ്രാർത്ഥിക്കുകയാണ്.

മനുഷ്യൻ എന്ന വംശം ഉണ്ടാക്കുന്ന ഇടപെടലുകൾ ഞങ്ങളുടെ ജീവിതം അസാധ്യമാക്കുന്നു എന്ന് മനുഷ്യരല്ലാത്ത സകല വംശങ്ങളും ഒരു നൂറ്റാണ്ടോളമായി സൃഷ്ടികർത്താവിന്റെ മുമ്പിൽ നിലവിളിക്കുന്നുണ്ട്. അവരും കേൾക്കപ്പെടണമല്ലോ.

സാധിക്കുമെങ്കിൽ അവയുടെയൊക്കെ അടുത്തുചെന്ന്  ചോദിക്കാം. സൃഷ്ടിജാലങ്ങളേ, മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കേണമേ.

വിശുദ്ധരുടെ ഐക്യം അവരിലേക്കും വ്യാപ്യമാണ് എന്നുതന്നെ കരുതണം.

മാർച്ച് 19, 2020

നവമായ കരുണ vs novelCorona

കരുണ
രോഗികളായവരോട്,
വയോധികരോട്, കുഞ്ഞുങ്ങളോട്,
മരണഭീതിയുള്ളവരോട്,
വേതനമില്ലാതെ പട്ടിണിയിലാവുന്നവരോട്,
ഉപേക്ഷിക്കപ്പെടുന്നവരോട്,
അകലം കാക്കുമ്പോഴും കരുതലുണ്ടാകാൻ,
സ്വന്തം ശക്തികളെ മൃദുവാക്കാൻ,
കരുണ

നവമായ കരുണ vs novelCorona