Gentle Dew Drop

ഡിസംബർ 31, 2018

സ്വീകാര്യമായ മുറിപ്പെടുത്താത്ത സംവത്സരം

നല്ല നാളെ ഇന്നലെകളുടെ മുറിവുകളെ മായിച്ചു കളയട്ടെ. സൗഖ്യം  സ്വീകരിക്കുന്ന നമ്മൾ പലപ്പോഴും പുതിയ മുറിവുകളെ തേടുകയാണ്. എന്തുകൊണ്ടാണ് നമ്മുടെ കണ്ണുകളും കാതുകളും അടഞ്ഞുപോകുന്നത്? സ്വതാല്പര്യങ്ങൾ നന്മകളെ മുറിപ്പെടുത്തിക്കളയുന്നതുകൊണ്ടു തന്നെ. അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിയും ലഭിക്കുന്നത് സംവത്സരത്തിലേക്ക് സ്വജീവിതത്തെ തുറക്കാനാണ്. ബന്ധിതർ മോചിതരാവുകയും അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്രരാവുകയും ചെയ്യും. പുതുസൃഷ്ടിയുടെ നിർമ്മലത ആഗ്രഹിച്ചു പുതിയ വർഷം വന്നുചേരട്ടെ. സ്വീകാര്യമായ മുറിപ്പെടുത്താത്ത സംവത്സരം.

ഡിസംബർ 30, 2018

കാണാതായ തിരുക്കുടുംബം

സന്മനസുണ്ടാക്കുന്ന സമാധാനം ദൈവകൃപയോട് ആത്മാർത്ഥമായ പ്രതികരണങ്ങൾ നല്കാൻ നമ്മെ പ്രാപ്തരാക്കും, അങ്ങനെ ദൈവത്തിനു ഏറ്റം പരമമായ മഹത്വവും.
അത്തരം വലിയ ആത്മാർത്ഥതയാണ് ബെത്‌ലെഹെമിലെ  സാധാരണ കുടുംബത്തെ തിരുക്കുടുംബമാക്കിയത്. ദൈവാശ്രയബോധവും, കാത്തിരിക്കാനുള്ള ക്ഷമയും, നിർമല സ്നേഹവും അത്തരം സന്മനസുകളുടെ അടയാളങ്ങളാണ്.

വിശുദ്ധി ജനിക്കുന്നതും, വളരുന്നതും കുടുംബപശ്ചാത്തലത്തിലാണ്. ജനിച്ചുവളർന്ന അന്തരീക്ഷം ജീവിതവിശുദ്ധിക്ക് തനതായ മാനങ്ങൾ നൽകുന്നുണ്ട്. ഗൃഹാന്തരീക്ഷം ദേവാലയത്തിൽ നിന്നും തീർത്ഥസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമാണ്. ഭക്തിയുടെ മറകളില്ലാതെ തീർത്തും പച്ചമനുഷ്യരായാണ് നമ്മൾ വീട്ടിൽ ഇടപെടുന്നത്. അവിടെ നീരസവും, പൊട്ടിത്തെറികളും, അകൽച്ചയും, ഒരുമയും, കോപവും അനുരാഗവും ഉണ്ട്. കാരണം, സ്വഭവനങ്ങളിൽ നമ്മളെല്ലാവരും ശിശുക്കളാണ്. ഇവയൊക്കെയും ഏതു തരത്തിൽ സ്വാഗതം ചെയ്യപ്പെടുന്നു എന്നതാണ് പ്രധാനം. സ്വന്തമെന്ന ഭാവം, ആത്മാർത്ഥമായ തുറവി, ദൈവസാന്നിധ്യത്തിലുള്ള വിശ്വാസം എന്നിവ നമ്മുടെ സമീപനങ്ങളെ മൃദുലതയണിയിക്കും. കാണാതെ പോയ വെളിപാടുകൾ  പരസ്പരം കണ്ടെത്തുമ്പോളാണ് കുടുംബത്തിലെ ഓരോ ശിശുവും ജ്ഞാനത്തിലും പ്രായത്തിലും ദൈവമനുഷ്യ സംപ്രീതിയിലും വളരുന്നത്.

കുടുംബത്തിൽ വിശുദ്ധി പിറക്കുന്നെന്ന് മാത്രമല്ല, കുടുംബാന്തരീക്ഷത്തിൽ മാത്രമേ വിശുദ്ധി വളരുകയുള്ളു. കൃപയ്ക്കെതിരെ നിൽക്കുന്ന കയ്പുകളെ അലിയിച്ചു കളയേണ്ടത് കുടുംബബന്ധങ്ങളാണ്.  നൽകപ്പെട്ടിരിക്കുന്ന ഓരോരുത്തരുടെയും ജീവിതരഹസ്യങ്ങൾ അത്ഭുതങ്ങളാണ്. ഹൃദയത്തിൽ സംഗ്രഹിക്കാൻമാത്രം വിലയുള്ളവയാണവ. അവരുടെ നീറ്റലിലും ദേഷ്യത്തിലും രോഗത്തിലും ഏകാന്തതയിലും പോലും ഒരു വചനാംശമുണ്ട്. ഈ വെളിപാടുകൾ ദൂരെനിർത്തുന്നതുകൊണ്ടാണ് ഒറ്റക്കുനടന്നു തളരുന്നതും, നിരാശരാകുന്നതും, വിശുദ്ധസ്നേഹങ്ങളെ അകറ്റിക്കളയുന്നതും. ഇത്തരം അകൽച്ച നമുക്ക് നൽകുന്ന നീറ്റലുകളെക്കുറിച്ചുള്ള തിരിച്ചറിവിലേക്കാണ് നമ്മൾ മടങ്ങേണ്ടത്. സ്വന്തമെന്ന ആഴം, അവിശ്വസ്തതയുടെ കയ്പുകൾപോലും അലിയിച്ചുകളയും.

ഭക്തിയുടെ ചിഹ്നങ്ങളും പ്രവൃത്തികളും ചിലപ്പോഴെങ്കിലും ഉള്ളിലെ കാപട്യങ്ങൾക്കു മറയാകുന്നുണ്ട്. ഭക്തിയെന്ന കാരണം കൊണ്ട് പരസ്പരം അകന്നുപോയ കുടുംബങ്ങളില്ലേ? ദൈവാശ്രയമില്ലാത്ത ഭക്തിപ്രകടനങ്ങൾ കുടുബങ്ങളെ ശൂന്യമാക്കുകയേയുള്ളു. ആത്മാർത്ഥമായ കരുതലാണ് ജീവനുള്ള ഭക്തി. ഹൃദയവിശുദ്ധിയാണത്, ജപക്രമങ്ങളല്ല. അപ്പോൾ ധൂപാർച്ചനയിലല്ല, പരസ്പരമുള്ള തെളിമയിലാണ് വിശ്വസ്തത; സ്വീകാര്യതയിലും, അലിവിലും, വിട്ടുവീഴ്ചയിലും ആരാധന തിളങ്ങുന്നുണ്ട്. പരിപാലനയിലും, കനിവിലും, പുഞ്ചിരിയിലും, രതിഭാവങ്ങളിലും ദൈവമുഖം വെളിപ്പെടുന്നുമുണ്ട്. അങ്ങനെയേ നമ്മുടെ പ്രാർത്ഥനകൾ ജീവിതസ്പർശമുള്ളവയും ആത്മാർത്ഥവും ആകുന്നുള്ളു. അതുകൊണ്ട്, എത്രയോ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടെ കുടുംബത്തിന്റെ പച്ചയായ ഭാവങ്ങളെ നാം സമീപിക്കേണ്ടിയിരിക്കുന്നു. അതിൽ സാധ്യമാകുന്ന കൃപാസ്പർശം നമ്മളെ ദൈവത്തിനു മുമ്പിൽ തുറന്നു വയ്ക്കും.
ലാസറിന്റെ കല്ലറക്കു മുമ്പിൽ  ദൈവമഹത്വത്തിനുവേണ്ടി കരയുന്നത് പെങ്ങളെന്ന ഒരു കുടുംബബന്ധമാണ്.  കുരിശിലെ മരണത്തിനുള്ള കരുത്തായത്, അരികെ നിന്ന അമ്മയുടെ സമർപ്പണത്തിലെ ആത്മാർത്ഥതയും. മോശയുടെ വാക്കുകൾക്ക് ബലം നൽകിയത് അഹറോനിലെ സഹോദരൻ, ദൈവം തരും മകനേ എന്ന് അബ്രാഹത്തെ വിങ്ങലോടെ പറയിച്ചത് ആ പിതൃത്വം. എലിസിബെത്തിനടുത്തേക്ക് ഓടിയെത്തുവാൻ മറിയത്തെ നയിക്കുന്നതും കുടുംബബന്ധം, മറിയത്തെ കേട്ടു മനസിലാക്കാൻ എലിസബെത്തിനു കഴിയുന്നതും അങ്ങനെതന്നെ.

നമ്മുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഒരു തിരുക്കുടുംബ സാധ്യത ഉണ്ട്. കുറവുകളുണ്ടെങ്കിലും, വേദനകളും രോഗങ്ങളുമുണ്ടെങ്കിലും സന്മനസ്സുകളുടെ ഉടമയാവട്ടെ നമ്മൾ. അങ്ങനെ നമ്മിൽ ദൈവത്തിനു മഹത്വമുണ്ടാകട്ടെ.

ഡിസംബർ 27, 2018

കരുതൽ: വചനത്തിന്റെ കാതൽ


നന്ദി അർഹിക്കുന്ന എത്രയോ കരങ്ങളും മിഴികളും....
ഏറെയും അദൃശ്യവും, തിരിച്ചറിയപ്പെടാത്തവയും, പരിഗണിക്കപ്പെടാത്തവയും

കരുതലുകൾ എത്രയോ മരണം ഉൾക്കൊള്ളുന്നുണ്ട്!
അവതന്നെയാണ് ജീവൻ പകരുന്നതും.


വചനത്തിന്റെ കാതലാണ് കരുതൽ
കരുതൽ തന്നെയാണ് വചനത്തിന്റെ ആന്തരികജ്ഞാനം.
കരുതലുകളുടെ, പരിപാലനയുടെ രഹസ്യമാണ് വചനം.

പൂമ്പൊടി തൊട്ട് പറന്നിരിക്കുന്ന വണ്ടുകളുടെ മൃദുലകരങ്ങൾ
അപ്പം നൽകുന്ന ദൈവത്തിന്റെ കൈകളാണ്.
ദൈവകരങ്ങൾ...
സൃഷ്ടിക്കുന്ന, രൂപപ്പെടുത്തുന്ന,
സൗഖ്യപ്പെടുത്തുന്ന, പരിപോഷിപ്പിക്കുന്ന
സ്വയം ശൂന്യമാകുന്ന കരുതൽ
പ്രപഞ്ചത്തിൽ എവിടെയും അതുണ്ട്
പുതുസൃഷ്ടി ഉള്ള സകലയിടങ്ങളിലും ...
സകലത്തെയും രൂപപ്പെടുത്തുന്ന,
സകലത്തെയും ഏകോപിപ്പിക്കുന്ന
സകലത്തെയും പരസ്പരം ബന്ധപ്പെടുത്തുന്ന
കരുതലിന്റെ വലിയ ജ്ഞാനം...

കരുതലിലെ ജ്ഞാനം!
കുഞ്ഞുങ്ങൾ മാത്രം അവ തിരിച്ചറിയുന്നു.

ഡിസംബർ 20, 2018

ബെത്‌ലെഹെം: പുഞ്ചിരിക്കാൻ ഒരു ധൈര്യം

പുഞ്ചിരിക്കാൻ ഒരു ധൈര്യമുണ്ടോ? ബെത്‌ലെഹെം  അത് നൽകുന്നുണ്ട്.

അവിടെ തിരക്ക് കൂട്ടുന്നവരോ മത്സരിക്കുന്നവരോ ഇല്ല,
ബാനറുകൾ ഉയർത്തിയിട്ടുമില്ല.
ജെറുസലേമിന്റെയോ ജെറിക്കോയുടെയോ അഹന്തകളില്ല

കുഞ്ഞിന് നൽകേണ്ടിയിരുന്നവയുടെ കുറവുകൾ അമ്മ കാണുന്നുണ്ട്
ഭാര്യക്ക് ലഭിക്കേണ്ടിയിരുന്ന ശുശ്രൂഷകളെക്കുറിച്ച് യൗസേപ്പിനും അറിയാം.
എങ്കിലും, അവിടെ എല്ലാവരും കൃതാർത്ഥരാണ്
സങ്കല്പങ്ങളിൽ മെനയപ്പെട്ട ഒരു മിശിഹാരൂപവും അവിടെയില്ല, കുറവുകളിലെ അലിവാണ് അവിടെ ധന്യത.
സുരക്ഷയുടെ കൊട്ടാരങ്ങളെന്നല്ല, മറവിന്റേതായ ഭിത്തി പോലും അവിടെ ഇല്ല.
സത്രത്തിൽ അവർക്ക്  ഇടം ലഭിച്ചില്ല, ഭൂമിയുടെ മാറിടമാണ് അവനെ സ്വീകരിച്ചത്. കുളിരിൽ എത്തിനോക്കുന്ന കുഞ്ഞുനക്ഷത്രവും, പാൽനിലാവിൽ  വിടർന്നു നിൽക്കുന്ന പൂക്കളും, പരസ്പരം മിന്നിച്ചിരിക്കുന്ന മിന്നാമിന്നികളും, ഇടയരും, മന്നരും, ആടുകളും, പശുക്കളും ... അവിടെ സകലതും പരസ്പരം അയൽക്കാരാണ്.


സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത.
 _____________________

നാളുകളായി നമ്മൾ  ദൂരത്ത്, എവിടെയോ അകലെ ആയിരുന്നു.
ഒളിഞ്ഞിരിക്കുകയായിരുന്നോ?
കുരുങ്ങിക്കിടക്കുകയായിരുന്നോ?
ലക്ഷ്യമില്ലാത്ത അങ്ങുമിങ്ങും ഓടിനടക്കുകയോ?

ഭയപ്പെടേണ്ട!
കാലം കീറിമുറിച്ച മനുഷ്യനും,
മനുഷ്യൻ കാർന്നെടുത്ത ശ്യാമളതയും ധന്യമാകട്ടെ
അനുഗ്രഹീതമായ ഫലം ഇനിയും ഉണ്ടാകും
അത്യുന്നതന്റെ ശക്തി ആവാസം തുടരുകതന്നെ ചെയ്യും

പുഞ്ചിരിക്കാം, നിറയുന്ന മിഴിയോടെയും
____________________

ദുഃഖമറിഞ്ഞവരാണ് നമ്മളെല്ലാവരും
എങ്കിലും ദുഃഖവും വേദനയും അല്ലല്ലോ പൂർണ്ണസത്യം
മരണത്തിന്റെ നടുക്കവും, മുറിവുകളുടെ നീറ്റലും, ചലത്തിന്റെ ഗന്ധവും
ചരിത്രത്തിലൊരു സമയത്ത് മനുഷ്യനെ ഉത്തരമില്ലാതെ നിർത്തിയ യാഥാർത്ഥ്യങ്ങൾ തന്നെ. വേദനയാണ് മനുഷ്യജീവിത യാഥാർത്ഥ്യം എന്ന ചിന്ത പോലും വിശ്വാസത്തിനുള്ളിൽ കയറിക്കൂടിയതും ആ ചരിത്രപശ്ചാത്തലത്തിൽനിന്ന് തന്നെ.
ദുഃഖത്തിന്റെ ഇടുങ്ങിയ താഴ്വാരങ്ങളാണ് ജീവിതമെന്ന് സ്വയം പഠിപ്പിച്ചും മറ്റുള്ളവരെ പഠിപ്പിച്ചും വേദനയെ കാമിക്കുന്നവർ,
മംഗളവാർത്തയുടെ സാരമറിഞ്ഞിട്ടില്ല
സുവിശേഷ ഭാഗ്യങ്ങൾ കേട്ടിട്ടില്ല
അവരാണ് ബെത്‌ലെഹെമിനെതിരെ മതിൽ തീർക്കുന്നവർ.
ഹേറോദേസിനേക്കാൾ അപകടകാരികളാണവർ
മാലാഖമാർ സമാധാനഗീതം പാടുമ്പോൾ,
അവർ ബെത്‌ലെഹെമിനെ നോക്കി വിലാപഗാനം പാടും.

പുഞ്ചിരിക്കാൻ ഒരു ധൈര്യമുണ്ടോ? ബെത്‌ലെഹെം  അത് നൽകുന്നുണ്ട്. 

ഡിസംബർ 04, 2018

മതത്തിന്റെ ആത്മീയദിശാബോധം

സ്വന്തം മതവിശ്വാസങ്ങളെക്കുറിച്ച് ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ ചില കാര്യങ്ങൾ വിചിന്തനത്തിനു വയ്ക്കുന്നത് നല്ലതാണ്.
മതത്തിന്റെ ചട്ടവട്ടങ്ങളെക്കുറിച്ചും, ആചാരരീതികളെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ഉറപ്പായ അറിവും ബോധ്യവും പലർക്കുമുണ്ട്. എന്നാൽ മതത്തിന്റെ യഥാർത്ഥ ആത്മീയ ദിശാബോധം, ഉത്ഭവപ്രചോദനം, ആരംഭം മുതൽ ഇന്ന് വരെ ഒരു മതം കടന്നുവന്നതിനെക്കുറിച്ചുള്ള ചരിത്രബോധം, പല സാമൂഹികസാംസ്കാരിക പശ്ചാത്തലങ്ങളും എങ്ങനെ മതത്തെ വളർത്തി എന്നതിനെക്കുറിച്ചുള്ള കൃതജ്ഞതാബോധം, ചരിത്രത്തിന്റെ ഏടുകളിൽ മതം നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള അറിവും അതിലുള്ള ആത്മാഭിമാനവും, സ്വന്തം മതത്തിന്റെ ജീർണതയുടെ അധ്യായങ്ങൾ തുടങ്ങിയവ കൂടി ഉൾപ്പെട്ടെങ്കിലേ സ്വന്തം മതത്തിന്റെ സ്വത്വബോധം ഒരാൾക്ക് ലഭിക്കൂ.
അതേപോലെയുള്ള ചരിത്രവും വികാസവും സംഭാവനകളും മറ്റു മതങ്ങൾക്കും ഉണ്ടെന്ന തിരിച്ചറിവാണ് സ്വന്തം മതത്തിന്റെ ഉത്ഭവപ്രചോദനത്തിലേക്കുള്ള തുറവി. തെളിഞ്ഞ ബോധതലത്തിൽ ആ ദർശനം ലഭിക്കുന്നില്ലെങ്കിൽ ആശ്രയിക്കപ്പെടുന്ന മതം എത്രയോ പണ്ടേ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പറയേണ്ടിവരും.

ചരിത്രം മുഴുവൻ തിരഞ്ഞില്ലെങ്കിലും ഒരുകാര്യം സ്വയം ചോദിക്കുന്നത് നല്ലതാണ്: എന്താണ് എന്റെ മതത്തിന്റെ ആത്മീയദിശാബോധം? 

ഡിസംബർ 02, 2018

ഒരുക്കം: രൂപീകരണം രൂപാന്തരണവും

കൂടിക്കാഴ്ചയുടെയും കാത്തിരിപ്പിന്റെയും സമയമാണിത്
തിരിച്ചറിവിന്റെയും ഒരുക്കത്തിന്റെയും സമയമാണിത്

ഓരോ കൊച്ചു കുരുന്നിലും, പൂവിലും സകലത്തിലും ഒരു ക്രിസ്തുസന്ദേശമുണ്ട്
വെളിപ്പെടുത്തലിന്റെയും, എന്നാൽ ഇനിയും പൂർത്തിയാവേണ്ടതിന്റെയും

തന്നിൽ വെളിപ്പെടുത്തപ്പെട്ടതിനെ അറിയാൻ ഉള്ളിലേക്കും
മറ്റുള്ളവയിൽ വെളിപ്പെട്ടതിനെ അറിയാൻ മറ്റു സകലത്തിലേക്കും

ആ ഉൾകാഴ്ചയിലെ  തുറവിയാണ് വചനദർശനം.

രാജാക്കന്മാർ, പ്രവാചകന്മാർ, ജ്ഞാനികളും പരിശുദ്ധരുമായിരുന്ന സ്ത്രീപുരുഷന്മാർ
അവരിലും വെളിപ്പെട്ടു ജ്ഞാനം, കാലത്തിലും കാത്തിരിപ്പിലും

തന്നിൽ വെളിപ്പെടുത്തപ്പെട്ടതിനെ അറിയാൻ ഉള്ളിലേക്കും
മറ്റുള്ളവയിൽ വെളിപ്പെട്ടതിനെ അറിയാൻ മറ്റുള്ളവരിലേക്കും ...

നിശബ്ദനെടുവീർപ്പുകളിൽ സകലരിലും ഒരേ ദാഹം, രണ്ടു മാനം
maran atha നമ്മുടെ നാഥൻ വന്നുകഴിഞ്ഞു
marana tha നാഥാ വരേണമേ

രണ്ടു തലങ്ങളും ഒരുമിച്ചു നമ്മെ കൃപയിലേക്കുയർത്തുന്നു
എന്നിലുള്ള ക്രിസ്തുസാന്നിധ്യം അറിഞ്ഞിരിക്കുന്നു
അറിയാനുള്ളതിനായി ഞാൻ കാത്തിരിക്കുന്നു
എന്നിൽ പൂർത്തിയാകേണ്ടതോ, അതോ മറ്റുള്ളവരിൽ പ്രകടമായതോ ആവട്ടെ

ആനന്ദിക്കുന്നു, എന്നാൽ ഇനിയും ഒരുങ്ങാനുണ്ട്
ആഘോഷിക്കുന്നു,എന്നാൽ ഇനിയും അകതാരിൽ മാറേണ്ടതുണ്ട്

കൃപയില്ലാതെ, മാറ്റങ്ങളെ നേരിട്ടാൽ അത് നമ്മെ നടുക്കും ഭീതി നിറയ്ക്കും
ദുരന്തമാണെന്നു കരുതും, എല്ലാം അവസാനിക്കുന്നെന്നും
മാറ്റം, അറിയപ്പെടാനുള്ള ക്രിസ്തുസാന്നിധ്യം തുറന്നു തരുന്നുണ്ട്

ഒരുങ്ങിയിരിക്കുക, വചനസാന്നിധ്യം തിരിച്ചറിയാൻ
ഉള്ളിൽ, അപരനിൽ
പരിചിതമായതിൽ, പുറമെയുള്ളതിൽ (മതം, സംസ്കാരം, ചരിത്രം ...)
ഒരുക്കം രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യും

See also Advent: Rejoicing, yet still Preparing 

നവംബർ 24, 2018

കവർച്ചക്കാരുടെ ഗുഹ

കവർച്ചക്കാരുടെ ഗുഹ ...
ക്രിസ്തു ഒരു ആരാധനാലയത്തെക്കുറിച്ച്  പൊട്ടിത്തെറിച്ചത് ഇങ്ങനെയാണ്.
അവിടുത്തെ വില്പനകൾ മാത്രമാണോ അതിനെ ഒരു കവർച്ചക്കാരുടെ ഗുഹയ്ക്കുന്നത് ?

യഥാർത്ഥ ദേവാലയം അവന്റെ ശരീരം ആയതുകൊണ്ടും,
അവന്റെ ശരീരം സമൂഹമായതുകൊണ്ടും,
ഏതൊരു ചൂഷിത സമീപനവും അതിനെ കവർച്ചക്കാരുടെ ഗുഹയാക്കും!

ഉപയോഗിക്കപ്പെടാവുന്ന 'വസ്തുക്കളുടെ' ഒരു ശേഖരമായി മാറാം സമൂഹം,
ഉപയോഗത്തിനപ്പുറം അംഗങ്ങൾ വിലകെട്ട പാഴ്വസ്തുക്കളും...
അവിടെ അവർ പരസ്പരം ഉപയോഗിക്കും, മോഷ്ടിക്കും, പാഴാക്കുകയും ചെയ്യും.

ദൈവത്തിനുവേണ്ടി എന്ന പേരിൽ സ്ഥാപിത താല്പര്യങ്ങൾ....
ചൂഷിതമാകുന്ന നിഷ്കളങ്കഭക്തി...

ദൈവചിന്തയോ ആരാധനയോ ആയിരുന്നില്ല ക്രിസ്തുവിനെ കുരിശിലേറ്റിയത്
അവൻ പരിചയപ്പെടുത്തിയ ദൈവം,
ദൈവനാമത്തിലുള്ള വിലപേശലുകൾക്കും, ആത്മീയതയുടെയും ബലികാഴ്ചകളുടെയും പേരിലുള്ള ചൂഷണത്തിനും വിലനൽകിയില്ല

ആ ദൈവസങ്കല്പത്തിന്റെ വിലയായിരുന്നു ക്രിസ്തുവിനു കുരിശ്. 

നവംബർ 18, 2018

എന്റെ സ്വന്തം ...... സ്വന്തം ഞാനും

സ്വന്തമെന്ന അനുഭവം വലിയ സ്വാതന്ത്ര്യം നൽകുന്നുണ്ട്
ദൈവത്തോടാണെങ്കിലും, ആളുകളോടാണെങ്കിലും,
സമൂഹത്തോടാണെങ്കിലും, വസ്തുക്കളോടാണെങ്കിലും.

എനിക്ക് സ്വന്തം എന്നതുപൊലെ തന്നെ
ഞാൻ ആർക്കോ സ്വന്തം എന്നതും ആഴങ്ങളുടേതു തന്നെ
ബന്ധങ്ങളുടെയും പ്രതിബദ്ധതയുടെയും തോതുകൾ ഈ ആഴങ്ങളാണ്.
നിയമിതമായ കടമകൾക്കപ്പുറം, അവിടെ പരസ്പരം നൽകപ്പെടുന്നുണ്ട്,
ഞാൻ അവർക്കു സ്വന്തവും, അവർ എനിക്ക് സ്വന്തവും എന്നത് കൊണ്ട് തന്നെ.

ആശ്വാസമോ സ്വാസ്ഥ്യമോ തേടി മാത്രമല്ല സ്വന്തമെന്ന ആഴമുണ്ടെങ്കിൽ നാം ബന്ധങ്ങൾ തേടുന്നത്
പ്രീതിപ്പെടുത്തലിന്റെ സുഖേച്ഛയോ, പിണങ്ങുമോ എന്ന പേടിയോ അവിടെയില്ല
നന്മ മുൻനിർത്തി ശകാരിക്കാനും, മുറിപ്പെടാതെ ശകാരം കേൾക്കാനും സ്വന്തം എന്ന ആഴം കൂടിയേ തീരൂ.
വിശ്വാസവും വിശ്വസ്തതയും എന്റെ സ്വന്തം എന്ന ബോധ്യത്തിൽ നിന്ന് തന്നെ.
ആശ്രയബോധവും, സഹവർത്തിത്വവും എന്റെ സ്വന്തം ആവാതെ ഉണ്ടാവില്ല.

"നീ ഇങ്ങനെ ചെയ്താൽ നീ എന്റെ സ്വന്തം"
സ്വന്തമെന്നതിൽ അങ്ങനെ വ്യവസ്ഥകളില്ല

സ്നേഹബന്ധത്തിന് നിയമക്കുരുക്കുകൾ മുറുകുമ്പോൾ നഷ്ടമാകുന്ന ആഴമാണ് സ്വന്തം എന്ന വികാരം
വിവാഹിതരായതുകൊണ്ടു ഭാര്യാഭർത്താക്കന്മാരോ
ഒരേ ഭവനത്തിൽ ജനിച്ചതുകൊണ്ടു സഹോദരീസഹോദരന്മാരോ  ആകുന്നില്ല
ഔപചാരികതയിൽ നശിപ്പിക്കപ്പെടുകയാണ് നമ്മുടെ ചൈതന്യം
സ്വന്തമെന്ന കാഴ്ച തെളിയുമ്പോൾ
താൻ അവർക്കും അവർ തനിക്കും സ്വന്തമെന്ന് ഗ്രഹിക്കുമ്പോൾ
എത്രയോ അമൂല്യമാണ് ബന്ധങ്ങളെന്നും നമ്മൾ അറിയും
ദൈവമെന്ന സത്യം പോലും ഈ ബന്ധത്തിലേ നമ്മൾ തിരിച്ചറിയൂ

പ്രതിഫലത്തിനായോ, ശിക്ഷ ഭയന്നോ ഉള്ള നിലപാടുകളിൽ സ്വന്തം എന്ന ആഴം ഇല്ല
സ്വർഗ്ഗമോ നരകമോ മാത്രം മുൻനിർത്തി
(സ്വർഗ്ഗം  പ്രാപിക്കാനോ നരകം ഒഴിവാക്കാനോ മാത്രം) ദൈവത്തെ തേടുമ്പോൾ
സാങ്കല്പിക സ്വർഗ്ഗമാണു അന്വേഷിക്കുന്നത്

ദൈവത്തിനു സ്വന്തം എന്ന അനുഭവം തന്നെയാണ് സ്വർഗ്ഗം.
അപ്പോൾ അനുനിമിഷം സ്വർഗ്ഗം യാഥാർത്ഥ്യമാകും
എന്റെ സ്വന്തം ഭാര്യ/ ഭർത്താവ്, മക്കൾ .. .. അവർക്കു സ്വന്തമായ ഞാൻ
എന്റെ സഹോദരൻ/ സഹോദരി .... അവർക്കു സ്വന്തമായ ഞാൻ
എന്റെ നാട് അതിന്റെ സ്വത്ത് ..... ആ നാടിനു സ്വന്തമായ ഞാൻ

നവംബർ 15, 2018

ഭക്തിയും, വഴിയറിയാത്ത വിളക്കും: വെളിച്ചമേ, നയിച്ചാലും...

വിശ്വാസം പ്രകടമാക്കാനും അനുദിനസാഹചര്യങ്ങളിൽ ആ വിശ്വാസം ജീവിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന പ്രവൃത്തികളെയാണ് നമ്മൾ ഭക്തകൃത്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ അനുഷ്ഠാനങ്ങൾ നമ്മുടെ നിമിഷങ്ങളെ പ്രാർത്ഥനാമയമാക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെയാണ് നമുക്ക് പരിചിതമായ തീർത്ഥാടനങ്ങൾ, നൊവേനപ്രാർത്ഥനകൾ, പ്രദക്ഷിണങ്ങൾ, മാതാവിന്റെയും മറ്റുവിശുദ്ധരുടെയും ആദരവിലുള്ള തിരുനാളുകൾ, ജപമാല, കുരിശിന്റെ വഴി, തിരുശേഷിപ്പുകളോടുള്ള വണക്കം, വെഞ്ചരിച്ച വസ്തുക്കളുടെ ഉപയോഗം എന്നിവയൊക്കെ നമ്മൾ കൊണ്ടാടുന്നത്.

സ്പർശനീയം
സ്പർശനീയവും അനുഭവവേദ്യവുമായ സാഹചര്യങ്ങളിൽ, ദൈവസാന്നിധ്യം കൂടുതൽ ആഴത്തിൽ അനുഭവിച്ചറിയുകയും, ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്വഭാവത്തെ നമ്മുടെ ജീവിതത്തിൽ ഉൾച്ചേർക്കുകയും ചെയ്യാൻ ഭക്താനുഷ്‌ഠാനങ്ങളിലൂടെ നമ്മൾ ആഗ്രഹിക്കേണ്ടതുണ്ട്. വിശുദ്ധരുടെ മാതൃകകളെ ആദരിച്ചുകൊണ്ടും അവരുടെ പുണ്യങ്ങളെ അനുകരിച്ചുകൊണ്ടുമാണ് സാധാരണയായി നമ്മൾ ഇവ അനുഭവവേദ്യമാക്കിത്തീർക്കുന്നത്. ഇവയിലൂടെ നമ്മുടെ മാനുഷികയാഥാർത്ഥ്യങ്ങൾക്കൂടി യേശുവിന്റെ ജീവസാന്നിധ്യത്തോടു നമ്മൾ ചേർത്തുവയ്ക്കുന്നുണ്ട്. ഓരോ വണക്കത്തിനും കാരണഭൂതരായിരിക്കുന്നവരുടെ ജീവിത മാതൃകകളെ പിൻചെല്ലുവാൻ അവ നമ്മളെ ക്ഷണിക്കുന്നുണ്ട്. ദൈവത്തിന് ഉചിതമായ സ്തുതിയും കൃതജ്ഞതയും അർപ്പിക്കാൻ ഇത്തരം ഭക്തിരീതികൾ പല വിധത്തിൽ നമ്മെ സഹായിക്കുന്നുണ്ട്. ഇവയിലൂടെയുള്ള അനുഗ്രഹങ്ങൾ നമ്മെ ആനന്ദത്തിലേക്കു നയിക്കുന്നു (അതുകൊണ്ടു നമ്മൾ സ്തുതിക്കുന്നു), അവ നമ്മെ ആന്തരിക സമാധാനത്തിലേക്കും നയിക്കുന്നു (അതുകൊണ്ട് നമ്മൾക്ക് ആരാധനമനോഭാവം നിലനിർത്താൻ കഴിയുന്നു).

ദൈവമനുഷ്യബന്ധം - ഭക്തിയുടെ കാതൽ
ഏതു രീതിയിലുള്ള ഭക്തിയാണെങ്കിലും അവയുടെ ഫലങ്ങൾ പൂർണ്ണമായനുഭവിക്കാൻ, സുവിശേഷങ്ങൾ ചൂണ്ടിക്കാണിക്കുന്ന ദൈവികബന്ധത്തിലേക്ക് അവ നമ്മെ ആഴപ്പെടുത്തണം; ദൈവത്തിന്റെ സ്വന്തമാണെന്ന അനുഭവം, ദൈവത്തിന്റെ മക്കളാണെന്നതിലെ സ്വാതന്ത്ര്യം ഇവയൊക്കെ നമുക്ക് അനുഭവവേദ്യമായിത്തീരണം. ഇത്തരം ഒരു അർത്ഥത്തിലെടുക്കുമ്പോൾ, നമുക്ക് പ്രിയങ്കരമായിരിക്കുന്ന പല ഭക്ത്യാഭ്യാസങ്ങളുടെയും ഹൃദയം ഇനിയും നമ്മൾ തേടേണ്ടിയിരിക്കുന്നു എന്ന് വേണം കരുതാൻ. ഓരോ ഭക്തിയുടെയും സ്വഭാവത്തിനും അതിന്റെ ആചാരങ്ങൾക്കുമനുസരിച്ച് ദൈവത്തിന്റെതന്നെ പല ഗുണങ്ങളാണ് പ്രത്യേകമാം വിധം നമ്മൾ അനുഭവിക്കുന്നത്. അവിടുത്തെ നിരന്തരസാന്നിധ്യം, കരുതൽ, അളവില്ലാത്ത സ്നേഹം, സംരക്ഷണം തുടങ്ങിയവയെല്ലാം നമ്മൾ തേടുന്നുണ്ട്. അവയുടെ അനുഭവങ്ങളുടെ ഫലമെന്നോണം നമുക്കുള്ളിൽ കൃതജ്ഞത, സ്വന്തമെന്ന ബോധ്യം, പ്രതിബദ്ധത, ആദരവ് തുടങ്ങിയവയും പ്രകടമാകുന്നു. കാത്തിരിക്കാനുള്ള ക്ഷമ, ദൈവപരിപാലനയിലുള്ള ആശ്രയബോധം, അനുദിനജീവിതത്തിലെ കുരിശുകളുടെയും ആത്മസമർപ്പണത്തിന്റെയും ഉൾബലം, പരിത്യാഗമനോഭാവം, മറ്റുള്ളവരോടുള്ള തുറവി തുടങ്ങിയവ ആന്തരികഫലങ്ങളായി ജനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ക്രിസ്തുവിലുള്ള ദൈവത്തിന്റെ സജീവസാന്നിധ്യം ഇവ നമുക്കുമുമ്പിൽ പ്രകടമാക്കിത്തരികയും, നമുക്കുള്ളിൽ ഫലദായകമാക്കുകയും ചെയ്യുന്നു.

തീർത്തും അതിന്ദ്രീയവും നിർവികാരപരവുമായ രീതിയിൽ തീർച്ചയായും നമുക്ക് വിശ്വാസത്തെ കാണാനാവില്ല, കാരണം നമ്മൾ മനുഷ്യരാണ്. വിശ്വാസതലത്തിലുള്ളവ അനുഭവതലത്തിൽ കൊണ്ടുവരുവാനും, നമ്മുടെ വികാരങ്ങളെ വിശ്വാസത്തിന്റെ തലത്തിൽ പ്രകടിപ്പിക്കുവാനും, നമുക്ക് അടയാളങ്ങളുടെയും, പ്രതീകങ്ങളുടെയും ആവശ്യമുണ്ട്.  പ്രതീകാത്മകമായ പ്രവൃത്തികളെയാണ് ആചാരങ്ങളായി അനുഷ്ഠിക്കപ്പെടുന്നത്. ദൈവമനുഷ്യസമ്പർക്കത്തിനുതകുന്ന ഒരു ചാലകമായി ഇവ തുടരുന്നുണ്ടോ എന്നത് കാലാകാലങ്ങളിൽ വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. നമ്മുടെ വിശ്വാസജീവിതത്തിൽ നമ്മൾ പാലിക്കുന്ന പ്രവൃത്തികളിലൂടെയും, ഉപയോഗിക്കുന്ന വിശുദ്ധവസ്തുക്കളിലൂടെയും തന്നെ, സകലതും നല്കാൻ കഴിവുള്ള ദൈവവുമായുള്ള ബന്ധത്തിൽ വളരാനാൻ ഭക്താനുഷ്ടാനങ്ങൾ നമ്മെ സഹായിക്കുന്നുണ്ടോ? അതോ ഇവ വെറും ഉദ്ധേശ്യസിദ്ധിക്കായി ഉപയോഗിക്കപ്പെടുകയാണോ? യാഥാർത്ഥഭക്തി ദൈവത്തിലുള്ള ആശ്രയത്തിലേക്ക് നയിക്കുന്നു. ഈ ആശ്രയബോധം നല്കാനാവാതെ വരുമ്പോൾ ഇതേ ഭക്താനുഷ്‌ഠാനങ്ങൾ അവയിൽത്തന്നെ കേന്ദ്രീകൃതമാവുകയും ( ഉപ്പ് വിതറിയതുകൊണ്ട്, തിരി തെളിച്ചതു കൊണ്ട്, ഈ പ്രത്യേക പ്രാർത്ഥന ഇത്ര തവണ ചൊല്ലിയതുകൊണ്ട്  ......) വിഗ്രഹതുല്യമായിത്തീരുകയും ചെയ്യുന്നു.

വൈകാരികതലം: ആഴങ്ങളും, അപകടവും
ഉപയോഗിക്കപ്പെടുന്ന വസ്തുക്കളിലൂടെയും, നമ്മുടെ തന്നെ ശരീരത്തിലും, ഭൗതികമായി സ്പർശ്യവും സാമീപ്യവുമാണെന്നതുപോലെതന്നെ വൈകാരികതലത്തിലും നമ്മെ സ്പർശിക്കുന്നവയാണ് ഭക്ത്യാചാരങ്ങൾ. ഈ വൈകാരികമാനം ഉള്ളതുകൊണ്ട് ഭക്ത്യാനുഷ്‌ഠാങ്ങളെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള ആഗ്രഹപൂർത്തീകരണത്തിനായി ഉപയോഗിക്കപ്പെടാം എന്നതാണ് നിർഭാഗ്യകരം. നിഷ്ഠകൾക്കപ്പുറത്ത്, ദൈവാശ്രയബോധം ഉണ്ടാകുന്നുണ്ടോ, ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധവും അതിൽനിന്നുള്ള ആത്മധൈര്യവും ആഴപ്പെടുന്നുണ്ടോ, ജീവിതത്തിന്റെ സങ്കീർണതകളെ അഭിമുഖീകരിക്കുവാനുള്ള കരുത്തു ലഭിക്കുന്നുണ്ടോ എന്നൊക്കെയാണ് ആത്മശോധന ചെയ്യപ്പെടേണ്ടത്. ഭക്തികൃത്യങ്ങളിൽ ആവേശം കാണിക്കുന്ന നമ്മുടെ വിശ്വാസം ഏതാനം ധ്യാനകേന്ദ്ര ശൈലികളിലും, അനുഷ്‌ഠാനങ്ങളിലേക്കുമായി ഒതുക്കപ്പെടുന്നതിന്റെ കാരണം പാറമേലുള്ള മണ്ണിനപ്പുറം ആഴങ്ങൾ നൽകുവാൻ നമുക്ക് കഴിയാതെപോകുന്നു എന്ന് തന്നെയാണ്. രൂപത്തിന്റെയോ, ചിത്രത്തിന്റെയോ, പ്രാർത്ഥനയുടെയോ ഉപയോഗിച്ച വിശുദ്ധവസ്തുക്കളിലോ അല്ല അത്ഭുതശക്തി; അവ നമുക്ക് ദൈവശക്തി അനുഭവവേദ്യമാക്കുന്നതേയുള്ളു. ചൊല്ലുന്ന പ്രാർത്ഥനകളും, എണ്ണയും വെള്ളവും രൂപങ്ങളുമൊക്കെയാണ് അനുഗ്രഹങ്ങളുടെയും ശക്തിയുടെയും സുരക്ഷയുടെയും കാരണമെന്ന് വിചാരിച്ചുതുടങ്ങുന്നതിലൂടെ ജീവസ്രോതസ്സായ ദൈവത്തിൽനിന്നു നാം അകലുകയാണ് ചെയ്യുന്നത്.

അങ്ങനെ അറിയാതെതന്നെ അവയിൽ അന്ധവിശ്വാസത്തിന്റേതായ സമീപനങ്ങൾ കടന്നുവരാറുണ്ട്. കാരണം, ഇവയിലൊക്കെയും ദൈവനാമം വിളിച്ചപേക്ഷിക്കുന്നുണ്ടെങ്കിലും നമ്മുടെ ആശ്രയം നമ്മൾ എന്ത് ചെയ്യുന്നു, എന്തുപയോഗിക്കുന്നു, എന്ത് ചൊല്ലുന്നു എന്നതിലായിപ്പോകുന്നു എന്നതാണ് സത്യം. പേടിയുടേതായ ഒരു ഘടകം അവിടെ മറഞ്ഞു കിടക്കുന്നതിനാൽ, ഉള്ളിലുള്ള അരക്ഷിതാവസ്ഥയിൽ നിന്നും അനിശ്ചിതാവസ്ഥയിൽനിന്നുമൊക്കെ ഓടിയൊളിക്കാനുള്ള മാർഗ്ഗമായി ഭക്ത്യാചാരങ്ങളെ എളുപ്പത്തിൽ ദുരുപയോഗിക്കാനാകും. സംരക്ഷണപ്രാർത്ഥനകളും അവയുടെ പ്രചാരണശൈലികളും ദൈവപരിപാലനയെക്കാളും പലപ്പോഴും മറഞ്ഞിരിക്കുന്ന കെണികളെയും അപകടസാധ്യതയേയും എവിടെയും പിശാചിന്റെ പ്രവൃത്തികളെയുമൊക്കെയല്ലേ ഫലത്തിൽ ഉയർത്തിക്കാണിക്കുന്നത്? വിശുദ്ധരോടുള്ള വണക്കവും തിരുവചനങ്ങളുടെ ഉപയോഗവും മാന്ത്രികപ്രഭാവമുളവാക്കുന്ന ഉപകരണങ്ങളാണെന്നവിധം സമീപിക്കപ്പെടുമ്പോഴും അവിടെ അവിശ്വാസത്തിന്റെ മാനങ്ങളുണ്ട്. പലപ്പോഴും അവയ്ക്ക് മുടക്കം വരുത്തിയാൽ വന്നേക്കാവുന്ന ദുർനിമിത്തങ്ങളെക്കുറിച്ചുള്ള ഭീതിയാണ് ഇവ തുടർന്നുകൊണ്ടുപോകാൻ പലരെയും പ്രേരിപ്പിക്കുന്നത്. അപ്പോൾ തീർത്തും അത് ശരിയായ പ്രചോദനത്തിൽ നിന്നല്ല. നമ്മുടെ നിസ്സഹായാവസ്ഥകളിൽ ഇങ്ങനെ ഒരു മനോഭാവം ആദ്യപടിയാകുന്നതിൽ തെറ്റില്ല. പക്ഷെ അതിൽത്തന്നെ നമ്മളെ അടച്ചു കളയുന്നതുകൊണ്ടാണ് വിശ്വാസം വേണ്ടവിധം വളരാത്തത്. ജറെമിയാ പ്രവാചകൻ പറഞ്ഞ പൊട്ടക്കിണറുകളുടെ ഫലമുണ്ടാക്കുന്നവയാണവ (ജറെ 2: 13). ഭക്തിയുടെ പുറംമോടികളുള്ളപ്പോഴും ജീവജലം ഉൾക്കൊള്ളാനോ പകർന്നുനൽകാനോ അവയ്ക്കാകുന്നില്ല. ആളുകൾ പിൻചെന്നുപോരുന്ന ആചാരങ്ങളും, ഭക്തിക്രമങ്ങളും ദൈവികശക്തിയെ നിയന്ത്രിതമാക്കാമെന്നവണ്ണം ആണെങ്കിൽ (ഇത് ചെയ്താൽ, ഇത് പ്രാർത്ഥിച്ചാൽ തീർച്ചയായും ഇന്നത് സാധ്യമാകണം) അത്തരത്തിലുള്ള ഭക്തിരൂപങ്ങളെ യഥാർത്ഥ വിശ്വാസം ആഗ്രഹിക്കുന്ന ഉദ്ദേശ്യങ്ങൾക്കു വിരുദ്ധമായേ കരുതാനാകൂ. വിശ്വാസത്തിന്റെ യഥാർത്ഥമാനങ്ങളില്ലാതെ എത്ര തീവ്രമായ ഭക്തിയും ക്രിസ്തീയ സ്വഭാവം ഉൾക്കൊള്ളുന്നില്ല എന്നു വേണം കരുതാൻ.

മതാവബോധത്തിന്റെയും അതു നിഷ്കർഷിക്കുന്ന ആചാരങ്ങളുടെയും അപഭ്രംശത്തെ അന്ധവിശ്വാസമെന്നാണ് വിളിക്കേണ്ടത്. നിയമപരമോ അത്യാവശ്യമോ തന്നെയായ ആചാരങ്ങൾക്ക് ഏതാണ്ട് ഒരുതരം മന്ത്രികമായ പ്രാധാന്യം ആരോപിച്ചുനൽകുമ്പോഴും അത് അന്ധവിശ്വാസം തന്നെയാണ്. "പ്രാർത്ഥനകളുടെയോ കൗദാശിക അടയാളങ്ങളുടെയോ ഫലദായകത്വം, അവ ആവശ്യപ്പെടുന്ന ആന്തരികമനോഭാവങ്ങളെ അവഗണിച്ച് , കേവലം ബാഹ്യമായ അനുഷ്ഠാനത്തിൽ ആരോപിക്കുന്നത് വിശ്വാസത്തിൽ നിപതിക്കലാണ്" എന്ന് സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (CCC 2111).

വിരൂപപ്പെടുന്ന ഭക്തരൂപങ്ങൾ
പ്രത്യേക നിയോഗങ്ങളോടെ നിശ്ചിത എണ്ണം പ്രാർത്ഥനകൾ chain letters പോലെ പ്രചരിപ്പിക്കുന്ന പ്രവണതകളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് സഭതന്നെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അർത്ഥപൂർണ്ണമായ ഒരു പ്രാർത്ഥന മറ്റൊരാൾക്ക് കൊടുക്കുന്നതിലോ, ഒരു തിരുനാളിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിലോ, മറ്റുള്ളവരുടെ പ്രാർത്ഥന ചോദിക്കുന്നതിലോ തെറ്റൊന്നുമില്ല. എന്നാൽ ഒരു പ്രാർത്ഥനയോ ചിത്രമോ നിബന്ധനകളും അതിലേറെ വാഗ്ദാനങ്ങളും ശിക്ഷകളും കൂട്ടിച്ചേർത്തു നല്കപ്പെടുമ്പോൾ അവയുടെ സ്വഭാവത്തിന് മാറ്റം വരുന്നുണ്ട്. നിങ്ങൾ ഇത് ഇത്ര പ്രാവശ്യം ചൊല്ലുക, ഇത്രപേർക്ക് അയച്ചുകൊടുക്കുക; ഒരു campaign ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്, എത്രയും വേഗം ഇത് ഇത്ര ആളുകളിലേക്ക്‌ എത്തിക്കേണ്ടതുണ്ട് എന്നൊക്കെയുള്ള സന്ദേശങ്ങൾ നമ്മുടെ സൂക്ഷ്മവികാരങ്ങളെ ചൂഷണം ചെയ്യുന്ന നുണപ്രചരണങ്ങളാണ്. അത്തരം പ്രവൃത്തികളിൽ, യഥാർത്ഥ ഭക്തിയെയും, വിശുദ്ധരും പ്രാർത്ഥനകളും അർത്ഥമാക്കുന്ന സത്യത്തെയും തരംതാഴ്ത്തിക്കളയുകയും വിശ്വാസത്തെ തെറ്റായ രീതിയിൽ പ്രതിഫലിപ്പിക്കുകയുമാണ് നമ്മൾ ചെയ്യുന്നത്. സ്വകാര്യ താല്പര്യങ്ങളും ഓരോരുത്തരുടേതായ ഭക്തിസങ്കല്പങ്ങൾക്കുമുപരി അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. മാത്രവുമല്ല പ്രതീക്ഷകളർപ്പിച്ചുകൊണ്ട് അനേകർ ഇത്തരം പ്രവണതകളിൽ കുടുങ്ങിപ്പോകാറുമുണ്ട്. ഉത്ഥിതൻ കൂടെ നിൽക്കുമ്പോൾ ഉത്ഥിതനെ കാണാതെ, ശൂന്യമായ കല്ലറക്കു കീർത്തനം പാടുന്ന ഭക്തി കല്ലറയേപ്പോലെതന്നെ ശൂന്യമാണ്. അടുത്തകാലത്തെ ചില പ്രവണതകൾ, കത്തോലിക്കാ പാരമ്പര്യങ്ങളുടെ പുറംചട്ടക്കുള്ളിൽ പ്രവർത്തികമാക്കപ്പെടുന്ന കച്ചവടതന്ത്രങ്ങളെന്നപോലെ രൂപമാറ്റം സംഭവിച്ചവയാണ്. ആളുകളുടെ പരിഭ്രാന്തിയെയും, നിസ്സഹായവസ്ഥയെയും ചൂഷണം ചെയ്യുന്നവ അനീതി തന്നെയാണ്. തന്നെ വിളിച്ചു  ദൈവം കേൾക്കും, എന്നാൽ നിർഭാഗ്യവശാൽ അതിൽ പേരെടുക്കുന്നത് 'ഞങ്ങളുടെ കേന്ദ്രവും,' 'ഞങ്ങളുടെ പ്രാർത്ഥനയും,' ഒക്കെയാണ്.
 
നമ്മുടെ നിസഹായാവസ്ഥയിൽ, എന്തൊക്കെ ചെയ്താൽ ദൈവം കനിയുമെന്നതിലുപരി, ദൈവത്തിലാശ്രയിക്കാനുള്ള ഹൃദയത്തിന്റെ കരുത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുക എന്നതാണ് പ്രധാനം, എന്നാൽ പ്രാർത്ഥനാമനോഭാവത്തിനും ദൈവാശ്രയബോധത്തിനുമുപരി അഖണ്ഡത, ഫലപ്രാപ്തി, നിശ്ചിത എണ്ണം, പ്രത്യേക സമയം തുടങ്ങിയവയൊക്കെ കൂടുതൽ പ്രാധാന്യം നേടുമ്പോൾ അവ നമ്മെ ബന്ധിതമാക്കുകയാണ്. പ്രത്യേകിച്ചും ഇവ chain rosary, chain adorations തുടങ്ങിയ രൂപങ്ങൾ ശ്രേഷ്ഠമായ ഈ ഭക്തകൃത്യങ്ങളുടെ മൂല്യം ഇടിക്കുന്നുണ്ട്. പ്രാർത്ഥനയേക്കാൾ പൂർത്തീകരിച്ച സമയത്തിനും, എണ്ണത്തിനും പ്രാധാന്യമേറുന്നതുകൊണ്ടാണിത്. ഇടവിടാതെ പ്രാർത്ഥിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇവിടെ അർത്ഥമാക്കേണ്ടത് ക്ഷമയോടെ കാത്തിരിക്കേണ്ട വിശ്വാസതലത്തെക്കുറിച്ചാണ്, മറിച്ച് ഇടവേളകളുടെ അകൽച്ചയില്ലാതെ സമയത്തിലുള്ള തുടർച്ചയെയല്ല. ക്ഷമയോടെ കാത്തിരിക്കുന്ന വിശ്വാസത്തിൽ ഉൾച്ചേർന്നിരിക്കുന്ന ചില ഗുണങ്ങളാണ്, സമർപ്പണമനോഭാവം, അപേക്ഷകൾ, കൃതജ്ഞത എന്നിവ. പ്രാർത്ഥനയിലെ ആത്മാർത്ഥതയാണ് ഏറ്റവും പ്രധാനം.

കല്പനകളുടെ പാലനവും ഭക്താചാരങ്ങളുമൊക്കെ, ചെയ്തതിനു പ്രതിഫലം നൽകുന്ന ശമ്പളവ്യവസ്ഥ പോലെ മാറിപ്പോകുമ്പോൾ വേദനിക്കുന്നത് ദൈവത്തിനാണ്. വേണ്ടത്, ആ ദൈവത്തിലർപ്പിക്കുന്ന വിശ്വാസമാണ്, "ഞാൻ നിന്നോട് കൂടെയുണ്ട്" എന്നുള്ള വാഗ്ദാനത്തിലുള്ള പ്രതീക്ഷയാണ്. ഈ ഗുണങ്ങൾ ഉൾച്ചേർന്നിട്ടില്ലെങ്കിൽ പാലിച്ചുപോരുന്ന ഓരോ ഭക്താനുഷ്ടാനങ്ങളും മദ്യലഹരിപോലെ നമ്മെ മയക്കിക്കളയുന്ന പ്രതിവിധികൾ മാത്രമാണ്. അറിയാതെതന്നെ വിശ്വാസശൂന്യമായ ഭക്തിരൂപങ്ങളിൽ കെട്ടപ്പെട്ടിട്ടുള്ള ആളുകളായി നമ്മൾ തീർന്നേക്കാം. ദൈവമക്കളുടെ സ്വാതന്ത്ര്യം നമ്മുടെ അനുഷ്ടാനങ്ങൾ ഉറപ്പാക്കുന്നുണ്ടോ എന്നതാണ് ധ്യാനിക്കേണ്ടത്.

ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ തേടുകയും കാത്തിരിക്കുകയും ചെയ്യുന്നവർക്ക് തീർച്ചയായും ആ ദിവ്യസാന്നിധ്യത്തിന്റെ അനുഭവം ഉണ്ടാവും. കരുതലായും, സൗഖ്യമായും, സുരക്ഷയായും ആ സാന്നിധ്യത്തെ അറിയാം. അതൊരു ഹൃദയബന്ധമാണ്.

..........................................

Please see this note in English Devotions: Well springs or/and Broken Jars
See also  .... എന്നിട്ടും എനിക്ക് വിശക്കുന്നു
N.B. 'Pyramid schemes,' 'Chain letters' എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിച്ചാൽ പ്രചരിപ്പിക്കപ്പെടുന്ന ചില ആത്മീയ ആചാരങ്ങളുടെ സമാന മാതൃകകൾ കാണുവാൻ കഴിഞ്ഞേക്കും.

നവംബർ 14, 2018

പുഞ്ചിരി മറയ്ക്കുന്നവ

പൊയ്മുഖങ്ങൾ അഴിയുമ്പോൾ
പുഞ്ചിരിച്ചു നൃത്തം ചെയ്തവർക്കും
ചിരിച്ചു കഥ പറഞ്ഞവർക്കും
ഉള്ളിൽ വിതുമ്പലുകൾ ബാക്കി.

കഥാപാത്രങ്ങൾ ജീവിക്കുന്നതിനാൽ,
കാഥികന്റെ മുഖയാഥാർത്ഥ്യമോ
കഥയുടെ സത്യമോ
കാണികൾ അന്വേഷിക്കാറുമില്ല. 

അരങ്ങിലും അണിയറയിലും മൈതാനത്തുമായി
കാഥികനും, കാണികളും എന്നും സ്വസ്ഥം...

പുഞ്ചിരി  നാട്യമെന്ന് പറഞ്ഞത് വഴിപോക്കർ. 
സഞ്ചാരികൾ - മിഴികൾ തേടുന്നവർ,  മുഖങ്ങൾ കാണുന്നവർ

പുഞ്ചിരി തേങ്ങലുകൾക്കു മറവാണെങ്കിൽ,
അധരങ്ങൾ പറഞ്ഞ വാക്കുകളെ
അവയിലെ സത്യം സ്വയം പൊഴിച്ച് കളയും.

നവംബർ 10, 2018

ഇനി നമുക്ക് പ്രാർത്ഥിക്കാം ...

"ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ പഠിക്കണം"

"നമുക്ക് പ്രാർത്ഥിക്കാം,
ആദ്യം ഒന്ന് ചുറ്റി നടക്കൂ ...
പറവകളെ നോക്കൂ ...പൂക്കളെ നോക്കൂ ...
അവയിലൊന്നായി നിങ്ങളെത്തന്നെയും നോക്കൂ ...
ഇനി നമുക്ക് പ്രാർത്ഥിക്കാം ...

നന്ദി, നന്ദി, നന്ദി
എത്രയോ കരുതലുകളുടെ ഫലമാണ് ഓരോ കാഴ്ചയും
മാതാപിതാ, ഗുരു, ബന്ധു ...
ഊട്ടിയും ഉറക്കിയും ഭൂമിയും വാനവും

ഈ കൃതജ്ഞത, കരുതൽ ഞാനും നൽകട്ടെ
ഈ ബോധ്യത്തിൽനിന്നു ഞാൻ അകലാതിരിക്കട്ടെ
സ്നേഹതന്തുക്കൾ മുറിയാതിരിക്കട്ടെ

എന്തെന്നാൽ ശക്തിയും, ബലവും, മഹത്വവും
പൂക്കളെയും പറവകളെയും കരുതുന്ന മഹാനന്മയുടേതാകുന്നു
ഈ മണ്ണിൽ ഈ കൊച്ചുഹൃദയവും ആ നന്മ തേടട്ടെ."

കുന്തുരുക്കം പുകയും മുമ്പേ, തിരി തെളിയും മുമ്പേ
ആ വിശുദ്ധസ്ഥലത്തു പ്രവേശിക്കും മുമ്പേ
ശ്രദ്ധയോടെ, ഭക്തിയോടെ നടക്കാം
"നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ് "

പൂക്കളുടെ നറുമണവും, പക്ഷികളുടെ നാദവും
മുളകളുടെ താളവും ... ആരാധനക്രമം
ഭക്തിയുടെ ഭാവം ഹൃദയത്തിൽ ജനിപ്പിക്കുന്നത് അവയാണ്
കുന്തുരുക്കത്തിന്റെ സുഗന്ധവും, തിരികളുടെ ബലിയും
ഗായകരുടെ ഈണവും അടുത്ത പടിയേ ആകുന്നുള്ളു.

കൃതജ്ഞത, സ്തുതി, ആശ്രയബോധം, ശുഭേച്ഛ,
നന്മ, സമർപ്പണം, സുരക്ഷബലം, ധൈര്യം...
ഇവയെല്ലാം ജനിക്കുന്നത് കരുതപ്പെടുന്നു എന്ന ബോധ്യത്തിൽ നിന്ന്.

ഇവയുണ്ടെങ്കിലേ പ്രാർത്ഥനയാകൂ ...
കാതലില്ലാത്ത വാക്കുകളിൽ,
അനുരാഗമില്ലാത്ത പരിത്യാഗത്തിൽ പ്രാർത്ഥനയില്ല 

ഒക്‌ടോബർ 31, 2018

കല്ലറ, സ്വർഗ്ഗവാതിൽ, പിന്നെ നമ്മുടെ ഹൃദയം: ഏതാണ് തുറക്കേണ്ടത്?

മരിച്ചവരെ പ്രത്യേകം കൃതജ്ഞതയോടെ ഓർക്കുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മാസമാണ് നവംബർ. മറന്നുപോയ സ്നേഹം ഒരിക്കൽകൂടി ഓർമ്മിച്ചെടുക്കാനും അവർക്കായി സ്നേഹമുണർത്താനുമുള്ള സമയം.

രോഗിയായിരിക്കുമ്പോൾ നമുക്ക് പരിചരണവും വിശ്രമവും ആവശ്യമാണ്. അത് ശുദ്ധീകരണത്തിന്റെയും ബലപ്പെടുത്തലിന്റെയും സമയമാണ്. അത് ഒരു ആവശ്യമാണ് യാതനാജനകമായ ശിക്ഷയല്ല. അത്തരം ശുദ്ധീകരണം നമ്മിൽ സംഭവിക്കുന്നുണ്ട്, ജീവിച്ചിരിക്കുന്നവരിലും മരിച്ചവരിലും. ക്രിസ്തുവിന്റെ സഹനത്തിന്റെ സ്നേഹാഗ്നിയിലാണ് ഈ ശുദ്ധീകരണം. ഇത് നമ്മെ നമ്മിൽത്തന്നെ പരിപൂർണ്ണരാക്കുകയും, പൂർണമായും ദൈവത്തിന്റേതാക്കുകയും ചെയ്യുന്നു. നമുക്ക് പരിചിതമായ സമയത്തിന്റെ അളവുകോലുകൾകൊണ്ടല്ല (ദിവസം, മാസം, വർഷം) നമ്മെ രൂപാന്തരപ്പെടുത്തുന്ന ഈ അഗ്നിയുടെ കാലദൈർഘ്യം  മനസിലാക്കേണ്ടത്. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായി അനുഭവിക്കുന്ന ദൈവൈക്യത്തിലേക്കുള്ള കടന്നുപോകലിന്റെ സമയമാണിത്. ജീവിതത്തിൽ നമ്മൾ ഈ രൂപാന്തരണത്തിലൂടെ കടന്നുപോകുന്നുണ്ട്. രോഗികൾക്ക് പരിചരണം നല്കുന്നതുപോലെതന്നെ നമുക്ക് ചെയ്യാവുന്ന പരിചരണവും സഹായവുമാണ് ശുദ്ധീകരണാവസ്ഥയിലുള്ളവർക്കായുള്ള നമ്മുടെ പ്രാർത്ഥനകളും നന്മപ്രവൃത്തികളും. സൗഖ്യം നൽകുന്നത് ക്രിസ്തു തന്നെയാണ്. എന്തുചെയ്താൽ എത്ര ആത്മാക്കൾ രക്ഷിക്കപ്പെടുന്നു, എത്രദിവസങ്ങൾ മാറ്റപ്പെടുന്നു തുടങ്ങിയവയല്ല നവംബറിലെ നമ്മുടെ പ്രധാനചിന്ത. നമ്മിലെ കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും മാറ്റുരച്ചുനോക്കാനുള്ള സമയമാണിത്, അങ്ങനെ ക്രിസ്തുശരീരത്തിലുള്ള നമ്മുടെ പങ്കുചേരലിന്റെ ആഴത്തെക്കുറിച്ചു ധ്യാനിക്കാനും. കടമയായോ, പേടിമൂലമോ, ദണ്ഡവിമോചനസാധ്യത കണ്ടതുകൊണ്ടോ മാത്രമായി സിമിത്തേരി സന്ദർശനവും ആത്മാക്കൾക്കായുള്ള പ്രാർത്ഥനയും നടത്തുമ്പോൾ അവ ഉചിതമായ താല്പര്യങ്ങളിൽനിന്നുള്ളതല്ല.

ഏകശരീരമായാണ് നമ്മൾ പ്രാർത്ഥിക്കുന്നത്, വിശുദ്ധരും പാപികളും, മരിച്ചവരും ജീവിച്ചിരിക്കുന്നവരും...അങ്ങനെ വിധിയുടെ ദിവസം, നമ്മിലെയും ലോകം മുഴുവനിലെയും സകല തിന്മകളെയും നീക്കിക്കളയുന്ന സ്നേഹപാരമ്യത നമ്മൾ അനുഭവിക്കും, സ്വയം നമ്മിലും, ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ട ശരീരമായും.

(ഇത് വ്യക്തമാക്കാൻ താഴെയുള്ളവകൂടി വായിക്കുന്നത് നന്നായിരിക്കും.)
ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ടിരിക്കുന്ന മനുഷ്യസമൂഹത്തെ ഒരുമിച്ചുകാണാൻ കഴിഞ്ഞെങ്കിലേ ഇത്തരം ഒരു അനുസ്മരണത്തിന്റെയും, പരസ്പരമുള്ള പ്രാർത്ഥനയുടെയും അർത്ഥം മനസിലാക്കാനാകൂ. ക്രിസ്തുവിന്റെ ശരീരത്തിൽ അംഗങ്ങളായിരിക്കുന്ന സകലരും (ജീവിച്ചിരിക്കുന്നവരും മരിച്ചവരും) തമ്മിലുള്ള പരസ്പരബന്ധത്തെക്കൂടി ഈ മാസം ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ ബന്ധമാണ് പരസ്പരം പ്രാർത്ഥിക്കുവാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്. ഇതേ ബോധ്യമാണ് വിശുദ്ധർ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഉറപ്പ്. ക്രിസ്തു തന്റെ ജീവൻ നമുക്ക് പകർന്നു നൽകി, ആ ജീവനിലേക്കു തങ്ങളെത്തന്നെ തുറന്നവരിൽ ജീവിക്കുകയും ചെയ്യുന്നു. ജീവന്റെ പൂർണതയിലേക്ക് അതേ  ജീവൻ അവരെ നയിക്കുകയും ചെയ്യുന്നു.
അതുകൊണ്ട്, വിശുദ്ധരെ ആദരിച്ചുകൊണ്ടും, അവരുടെ പ്രാർത്ഥന ചോദിച്ചുകൊണ്ടുമാണ് ഈ മാസം നമ്മൾ ആരംഭിക്കുന്നത്. സ്നേഹം ഉൾക്കൊണ്ടവരാണവർ, ദൈവത്താൽ നിറയപ്പെട്ടവർ, അതുകൊണ്ടുതന്നെ മറ്റുള്ളവർക്കായി തങ്ങളെത്തന്നെ നൽകിയവർ. അവർ എന്തായിരുന്നുവോ അതിനൊക്കെയും മാർഗദർശനം നൽകുന്നത് ദൈവവുമായുള്ള അവരുടെ ഐക്യം തന്നെയാണ്. മറ്റൊരുതരത്തിൽ അവർ ഇന്നായിരിക്കുന്നതിന്റെ പൂർത്തീകരണമാണ് അവരുടെ ജീവിതയാത്രയിലെ ആത്മാർത്ഥ ദാഹത്തിലൂടെ  അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സ്വർഗീയാനന്ദത്തിന്റെ പൂർത്തീകരണം, സകലരും ക്രിസ്തുവിലുള്ള ജീവന്റെ പൂർണതയിൽ ഒന്നാകുമ്പോഴാണെന്നു നമ്മൾ വിശ്വസിക്കുന്നത്. ഒരേ ശരീരത്തിലെ അംഗമായിരിക്കുന്ന നമ്മൾ ഓരോരുത്തരും, മറ്റുള്ളവരിലെ കൃപാപൂർണ്ണത നമ്മുടെതന്നെ സ്വർഗീയ ആനന്ദത്തിന്റെ ഭാഗമായി അനുഭവിക്കുമ്പോൾ നമ്മിലെ പരസ്പരബന്ധം കൂടുതൽ ആഴപ്പെടും.
ആരെങ്കിലും ഈ ഐക്യത്തിന്റെ ഭാഗമല്ല എങ്കിൽ അത് നമുക്കുതന്നെ വേദനയുമാണ്. അത്തരം സാധ്യത മാറ്റിനിർത്താനാകില്ല, സത്യത്തിനെതിരെ തങ്ങളെത്തന്നെ അടച്ചുകളഞ്ഞവർ, സ്നേഹിക്കുവാൻ മടികാണിക്കുന്നവർ, വെറുപ്പുകൊണ്ട് തങ്ങളെക്കൊണ്ട് നിറക്കുകയും, സ്നേഹത്തെ അമർച്ചചെയ്യുകയും ചെയ്തവർ. അവർക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ല. സ്വയം നിരസിച്ചു കളഞ്ഞ ദൈവികാനന്ദം അവരിലുണ്ടാക്കുന്ന സ്നേഹശൂന്യതയാണ് "നരകം."

ഓരോ ചുവടുവയ്‌പിലും നമ്മൾ തീരുമാനിക്കുന്നുണ്ട്, സ്വർഗ്ഗമോ, നരകമോ; ക്രിസ്തുവിന്റെ ഭാഗമാകുന്നോ അതോ സ്വയം വെട്ടിമാറ്റുന്നോ;ജീവനിലേക്കു പ്രവേശിക്കുന്നോ, അതോ ജീവനില്ലായ്‌മ  പുല്കണോ? വളർച്ച, നവീകരണം, പശ്ചാത്താപം ... ഇവയെല്ലാം ക്രിസ്തുവിലേക്കുള്ള ഈ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്.

You can read it in English at We pray together, saints and sinners, and the living and the dead

ഒക്‌ടോബർ 09, 2018

ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?

തീവ്രമായ വേദന, കഠോരമായ മൗനം 
"ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?"

മൗനം, പൊട്ടിയൊഴുകുന്ന ഹൃദയം, കണ്ണുനീർ 
സാന്ത്വന വാക്കുകളില്ല, 
മറിയം, 
അമ്മ,
സ്ത്രീ....
ഉപേക്ഷിച്ചതുകൊണ്ടല്ല, പറയാനാവാത്തതുകൊണ്ടാണാ മൗനം 
മൗനം ആശ്വാസമാണ്..
ആ മുഖത്തു ഞാൻ കാണുന്നു ദൈവഹൃദയവും 

ഇല്ല, ഉപേക്ഷിച്ചിട്ടില്ല 
ശബ്ദം ആവാത്തതാണ് 
ഇതാ എന്റെ ആത്മാവ്, അങ്ങയുടെ കരങ്ങളിലേക്ക് 
--------------------------------

ദൈവത്തിന്റെ നിശബ്ദതയിൽ, അവിടുത്തെ വാക്കുകൾ പ്രതിഫലിക്കുന്നത് 
മനുഷ്യമുഖങ്ങളിൽത്തന്നെയാണ്.
മാംസരൂപമായ വചനത്തെ ഉദരത്തിൽ വഹിക്കുമ്പോഴും,
മറിയം ആ വചനം വായിച്ചെടുക്കുന്നതു
എലിസബത്തിന്റെ സാന്നിധ്യത്തിൽനിന്നാണ്. 

ഒക്‌ടോബർ 04, 2018

കൂടുവിട്ടകലുന്ന ദൈവം: ദൈവങ്ങൾ ചേക്കേറുന്നതെവിടെ?

ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ (2017 മലയാളം സിനിമ) യിൽ രണ്ട് മാലാഖമാർ virtual screen ഉപയോഗിച്ച് ഭൂമിയിലെ മനുഷ്യരുടെ bio-data തിരയുന്നുണ്ട്. പുതുലോകത്തിന്റെ ഒരു സങ്കല്പം ആണെങ്കിലും ജീവന്റെ പുസ്തകത്തിലെ വിശദാംശങ്ങളും ഒരുപക്ഷെ ആധുനിക മനസ്സുകളിൽ  ഇത്തരത്തിൽ ആവാം. ചിത്രകഥകളിൽ കണ്ടുവായിച്ചതും, കഥകേട്ടു സങ്കല്പിച്ചതുമായ രൂപങ്ങളാണ് നമ്മുടെ മനസ്സിൽ. Monster machines, space travel മുതലായവ സൃഷ്ടിക്കുന്ന യാഥാർത്ഥ്യ സങ്കല്പമാവും പുതുതലമുറയിൽ. അതിനിടയിൽ ദൈവത്തിന്റെ മുഖം എങ്ങനെയാണ്?

പ്രകൃതിയുടെ ഭാഗമായി നടന്ന മനുഷ്യന് അവരുടെ ജീവിതക്രമങ്ങളുടെ ഭാഗമായിരുന്നു ദൈവം. പ്രാചീന സങ്കല്പങ്ങളനുസരിച്ച്,  കൃഷിപ്പണിക്കാരും, വേട്ടക്കാരും, കല്പണിക്കാരും, മരപ്പണിക്കാരും, ലോഹപ്പണിക്കാരും അവരുടെ ജോലി ചെയ്യുകയായിരുന്നില്ല, ദൈവങ്ങളുടെ കർമ്മങ്ങൾ കല്പിക്കപ്പെട്ട വിധിപ്രകാരം അവർ ആവർത്തിക്കുക മാത്രമായിരുന്നു. ദൈവങ്ങൾ കൈമാറിയ മാതൃകകളായിരുന്നു അവർക്കു അറിവും ശാസ്ത്രവും. മനുഷ്യർ അപൂർണരാകയാൽ കുറവുകൾക്കുള്ള പരിഹാരമാണ് യഥാവിധിയുള്ള പൂജകൾ.
ഇന്ന് ലോകം പാടേ മാറിയിട്ടുണ്ട്, ജോലികളിലും, ഭാവനകളിലും, ലക്ഷ്യങ്ങളിലും മാറ്റങ്ങളുണ്ട്. പുരോഗമന വാദം, സ്വാതന്ത്രചിന്ത, individualism, communism, ദേശീയവാദം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനികത ഉരുത്തിരിഞ്ഞത്. ഭരണകൂടങ്ങൾ മതേതരസംവിധാനങ്ങളാകാൻ കഴിയുമെന്ന് ഫ്രഞ്ച് വിപ്ലവവും, റഷ്യൻ വിപ്ലവവും ചരിത്രത്തിനു കാണിച്ചുകൊടുത്തു. മതം വ്യക്തിപരമായ താല്പര്യം മാത്രമായി.

ലോകം ഇന്ന് കാണുന്ന വികസനവേഗതയിൽ എത്തുന്നതിനും മുമ്പേ Henri Bergson (French-Jewish philosopher 1859 -1941) ഇങ്ങനെ എഴുതി: മനുഷ്യൻ നേടിയ വികസനങ്ങളുടെ ഭാരത്തിനടിയിൽ മനുഷ്യൻ ഞരങ്ങുന്നു. തുടർന്ന് മനുഷ്യരായി ജീവിക്കണമോ എന്ന തീരുമാനമെടുക്കാൻ അവർ നഷ്ടപ്പെടുത്തിയ ചൈതന്യം കണ്ടെത്തുകയാണ് ഒരേ ഒരു പോംവഴി. പഴമക്കാർ സംസ്കാരത്തിലേക്ക് വളർന്നതും, ആധുനികർ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും കുറിച്ച് ചിന്തിക്കാൻ പ്രേരിതരായതും ഒരേ ചേതനയിൽനിന്നാണെന്നു  Bergson ചൂണ്ടിക്കാണിക്കുന്നു.

പഴമക്കാരുടെ ജീവിതക്രമങ്ങളിൽത്തന്നെ അവർ ഒരു വിശുദ്ധകർമമായി കണ്ടിരുന്നു. തങ്ങളിലും, തങ്ങളുടെ ചുറ്റുപാടുകളിലും ദിവ്യചൈതന്യത്തിന്റെ അടയാളങ്ങൾ അവർ തിരിച്ചറിഞ്ഞു. എന്നാൽ ശാസ്ത്രചിന്തകളും അത്ഭുതാവഹമായ കണ്ടുപിടുത്തങ്ങളൂം  ദൈവികചിന്തകളെ ചോർത്തിക്കളയുന്ന ഫലം കൊണ്ടുവന്നു. എന്നിരുന്നാലും ആധുനികതയിൽ ദൈവം മരിക്കുകയായിരുന്നില്ല, ദൈവമെന്ന യാഥാർത്ഥ്യത്തിലേക്കുള്ള സൂചകകങ്ങളിൽ ചിലയവയെ നമ്മൾത്തന്നെ അവഗണിക്കുകയും ചിലവ കലഹരണപ്പെട്ടുപോവുകയും ചെയ്തു എന്നതാണ് സത്യം. കല്ലും, മരങ്ങളും, മലകളും നദികളും പ്രാപ്യവും സ്പർശ്യവുമായ അടയാളങ്ങളായിരുന്നെങ്കിൽ, സാങ്കേതികവിദ്യയുടെ നടുവിൽ നമുക്ക് ഇല്ലാതായത് ഇത്തരം അടയാളങ്ങളാണ്. ചിന്തിക്കുകയും, വിശക്കുകയും, വിയർക്കുകയും ചെയ്യുന്ന മനുഷ്യർക്ക്  നീലാകാശത്തെയും, ജീവിക്കുന്ന വീടിനേയുംകാൾ കൂടുതൽ Cyber Space ആണ് ഇന്ന് അടുത്തുള്ളത്. കേൾക്കുന്ന കഥകൾക്കും, പങ്കുചേരുന്ന കളികൾക്കും മനുഷ്യന്റെ ആഴങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശേഷിയില്ലാതായി. അനുകരിക്കാവുന്ന മാതൃകകളല്ല vampires, zombies etc നമുക്ക് തരുന്നത്. തിന്മയും പിശാചുമല്ല അവയിൽ കാണപ്പെടുന്നത്, മനുഷ്യചേതന നഷ്ടപ്പെടുന്ന ഒരു തലമുറയുടെ വേദനയാണ് ആ പ്രതിഫലനം. എന്നിരുന്നാലും, പുതുതലമുറയുടെ ജീവിതാവസ്ഥകളും പ്രവണതകളും (അനാഥത്വം, nostalgia, crazy games, adventures, puzzles, night clubs etc) ആന്തരികമായ അവരുടെ അന്വേഷണത്തെയും കാണിക്കുന്നുണ്ട്. നമുക്ക് നിത്യേന പരിചിതമായ അതിനൂതനസാങ്കേതികവിദ്യയുടെ ഉല്പന്നങ്ങൾക്ക്, നമ്മുടെ ജീവിതപശ്ചാത്തലങ്ങളുടെയും ദൈവസാന്നിധ്യത്തിന്റെയും സമാഗമബിന്ദു ആകാൻ കഴിയുന്നുണ്ടോ എന്നതാണ് നമുക്ക് മുമ്പിലുള്ള പ്രശ്നം. അത്തരമൊരു കൂടിക്കാഴ്ചയാണ് നമുക്ക് അന്യമായിരിക്കുന്നത്.

സമൂഹം പിൻചെല്ലുന്ന അധുനിക മാതൃകകളെ അവയുടെ മൂല്യബോധത്തിനനുസരിച്ചു തിരിച്ചറിയാനും ആവശ്യമെങ്കിൽ വെല്ലുവിളിക്കാനും സമൂഹമനഃസാക്ഷിക്ക്  കടമയുണ്ട്. മതങ്ങളും, ഭരണസംവിധാനങ്ങളും മനുഷ്യനെ ചൂഷണം ചെയ്യുന്നെന്ന് കണ്ട് മുൻപോട്ടു  വയ്കപെട്ട പുരോഗമന ചിന്തകൾ, അവയുടെ ആദർശങ്ങൾ മനുഷ്യരുടെ സമഗ്രവ്യക്തിവികസനത്തിനും സുസ്ഥിതിയും ഉറപ്പുവരുത്തുന്നുണ്ടെന്ന് തീർച്ചയാക്കണം. അല്ലെങ്കിൽ അവ അവയിൽത്തന്നെ ലക്ഷ്യങ്ങളാകുകയും മനുഷ്യനെ മറക്കുകയും ചെയ്തേക്കാം. ഇത്തരം ലക്ഷ്യങ്ങളിലേക്കു സ്വയം ഉത്തരവാദിത്തത്തോടെ വളരാൻ ഓരോരുത്തരെയും പ്രാപ്തരാക്കുകയാണ് മതങ്ങൾ അടക്കമുള്ള ഓരോ സാമൂഹികഘടനയും ശ്രമിക്കേണ്ടത്. മതങ്ങളും അടയാളങ്ങളാകേണ്ടതിനു പകരം, തങ്ങളുടെ ചട്ടങ്ങൾക്കുള്ളിൽ മനുഷ്യനെ അടച്ചുകളയുന്ന മതിലുകളായി മാറുകയാണ്.

ലോകം പുരോഗമിച്ചപ്പോൾ സ്ഥലമില്ലാതായതു ദൈവത്തിനാണ്, മതങ്ങൾക്കല്ല. മതം അതിന്റെ രൂക്ഷഭാവങ്ങളിൽ പുതുതലമുറയിൽ കൂടുകൂട്ടിയിട്ടുണ്ട്. പാരമ്പര്യങ്ങളിലും സമ്പ്രദായങ്ങളിലും സ്വയം തനിമ കണ്ടെത്തുകയാണവർ. ഇന്നിന്റെ ചോദ്യങ്ങൾക്ക്  ഉത്തരം നല്കാനില്ലാതെ വരുമ്പോൾ ചരിത്രത്തിലെന്നോ ഉണ്ടായിരുന്ന മതാചാരങ്ങളിൽ ആ വിശ്വാസത്തിന്റെ വേരുകൾ തിരയുകയാണവർ. മതതീക്ഷ്ണതയെ ദൈവസ്നേഹമായി തെറ്റിദ്ധരിപ്പിക്കുന്നത് പുതുതലമുറയിലെ പൈതങ്ങളോടുകാണിക്കുന്ന വഞ്ചനയാണ്. മതനിയമങ്ങളുടെയും ആചാരങ്ങളുടെയും മൗലികതക്കാണ് സ്വയംപ്രവാചകവേഷമണിയുന്നവർ ഊന്നൽ കൊടുക്കുന്നത്. തങ്ങളിഷ്ടപ്പെടുന്ന, പാലിച്ചുപോരുന്ന കീഴ്വഴക്കങ്ങളാണ് വിശ്വാസങ്ങളുടെ അധികാരികതയെന്ന് ഉറപ്പിക്കുന്നവർ, തീവ്രഭക്തിപ്രകടനങ്ങളാണ് ആത്മീയത എന്ന് കരുതുന്നവർ, അനുഷ്ടാനങ്ങളെ പ്രാർത്ഥനയായി തെറ്റിദ്ധരിക്കുന്നവർ, മറ്റു സമൂഹങ്ങളിൽ നിന്ന് തങ്ങളെത്തന്നെ മാറ്റിനിർത്തുന്നതാണ് തങ്ങളുടെ മതപരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും ആധികാരികതയും എന്ന് കരുതുന്നവർ, അതിലുമുപരി മറ്റുള്ളവർ തങ്ങളുടെ പീഡകരും ശത്രുക്കളുമാണെന്ന് ഉറപ്പിച്ചവർ ... ചരിത്രത്തിലെന്നത്തെയുംകാൾ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നു എന്നത് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. കൂട്ടിയിണക്കേണ്ട സങ്കല്പരൂപങ്ങൾക്കു പകരം, ആദര്ശങ്ങളിലും വിശ്വാസങ്ങളിലും കെട്ടിയിടുന്ന മതിലുകളും താക്കീതുകളുമാണ് നമ്മൾ തേടുന്നതെങ്കിൽ ദൈവമനുഷ്യ സമാഗമബിന്ദു നമുക്ക് അന്യമായി നില്കും.

ദൈവം അകന്നുപോയിട്ടില്ല, മനുഷ്യന്റെ ആത്മബോധത്തിന്റെ ആഴങ്ങളിൽ എവിടേക്കോ അത് ആഴ്ന്നുപോയിട്ടുണ്ട്. പാലിക്കപ്പെടേണ്ട പുതിയ മാതൃകകൾ രൂപപ്പെടേണ്ടത് മനുഷ്യന്റെ ആഴങ്ങളിൽനിന്നാണ്. മനുഷ്യമനഃസാക്ഷിക്ക് അതിനു ശേഷിയുമുണ്ട്. അനുകരണീയമായ മാതൃകകളും നന്മക്കുള്ള അവസരങ്ങളും തുറന്നുകിട്ടുക എന്നതാണ് അവർക്ക് ആവശ്യമായിട്ടുള്ളത്.

സെപ്റ്റംബർ 16, 2018

അന്ത്യങ്ങൾക്ക് ഒരു അന്തമുണ്ടാവുമോ? ലോകാവസാനചിന്തകളുടെ പശ്ചാത്തലവും ലക്ഷ്യങ്ങളും

ലോകാവസാനത്തെക്കുറിച്ച്  വിഷമിക്കുന്നവരും, അതിനായി ഒരുങ്ങുന്നവരും ഉണ്ട്. ഒരുങ്ങുന്നത് നല്ലതാണ്, അന്ത്യം അടുത്ത നിമിഷത്തിലാണെങ്കിൽ അങ്ങനെയാവട്ടെ.

അവസാനകാല പ്രവചനങ്ങൾ ഇതാദ്യമായല്ല ചരിത്രത്തിൽ ഉണ്ടാകുന്നത്. അവസാനകാലത്തിന്റെ അടയാളങ്ങൾ കണ്ടവരും, സ്വയം മിശിഹാ ആയി ആളുകളെ വിശ്വസിപ്പിച്ചവരും ഉണ്ട്. അവരുടെയും, അവരെ വിശ്വസിച്ചവരുടെയും സ്ഥിതി പരിതാപകരമായിരുന്നു എന്നതാണ് വസ്തുത.

വിശ്വാസത്തകർച്ച, മൂല്യച്യുതികൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയാണ് അന്ത്യകാല പ്രവചനങ്ങളുടെ പശ്ചാത്തലം. ഒരുതരത്തിൽ, നവീകരണം തന്നെയാണ് താക്കീതിന്റെ രൂപത്തിലാണെങ്കിലും ലക്ഷ്യമിടുന്നത്. പലവിധത്തിലുള്ള രൂപകങ്ങളും ഉപമകളും അതിന്റെ ഭാഷാശൈലിയിൽ ഉപയോഗിക്കപ്പെടാറുണ്ട്. അവയെ അക്ഷരാർത്ഥത്തിലെടുക്കുകയല്ല അവയുടെ ഉപയോഗത്തിന്റെ ഉദ്ദേശ്യം. ഇവിടെ, വരാനിരിക്കുന്നു എന്ന് അവതരിപ്പിക്കപ്പെടുന്ന സംഭവങ്ങളോ പ്രത്യേക പ്രതിഭാസങ്ങളോ, സത്യത്തിൽ നേർക്കുനേർ അഭീമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങൾ തന്നെയാണ്. വരിക, പോവുക, കാണുക തുടങ്ങിയ വാക്കുകൾ, വെളിപ്പെടുക, ഗ്രാഹ്യമാവുക എന്നുവേണം മനസിലാക്കാൻ. കൂടാതെ ഇത്തരം പ്രവചനങ്ങൾ നടത്തുന്ന ആളുകളുടെ വ്യക്‌തിസ്വഭാവവും കാഴ്ചപ്പാടുകളുംകൂടി കണക്കിലെടുത്തുകൊണ്ടുവേണം അവയെ മനസ്സിലാക്കാൻ.

നമ്മുടെ ഇന്നത്തെ സാഹചര്യത്തിൽ, ഗോളാന്തരതലത്തിൽ പലസംസ്കാരങ്ങളുടെ സമാഗമം നമുക്ക് നേർക്കാഴ്ചയാണ്. അവിടെ വിശ്വാസങ്ങളും, സാംസ്‌കാരികമൂല്യങ്ങളും, മതപാരമ്പര്യങ്ങളും, സാമൂഹികഘടനകളും കണ്ടുമുട്ടുമ്പോൾ, പരസ്പരം ഇഴചേരുന്നതുപോലെതന്നെ പലതലങ്ങളിൽ വൈരുധ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. യാഥാസ്ഥിതികമായ ചട്ടക്കൂടുകൾക്കു രൂപമാറ്റം (രൂപഭംഗം എന്ന് വിളിക്കാതിരിക്കുന്നതാണ് ഭംഗി) ഉണ്ടാകുമ്പോൾ എല്ലാം തകരുന്നു എന്ന ചിന്ത വരുന്നത് സ്വാഭാവികം. വ്യാഖ്യാനങ്ങൾ അവയെ സാമാന്യവല്കരിക്കുമ്പോൾ കൂടുതൽ 'അടയാളങ്ങൾ' കാണാനാകും, അന്ത്യം അടുത്തെത്തിയെന്നു ഉറപ്പാക്കാനുമാകും.

ചരിത്രസംഭവങ്ങളെ ആലങ്കാരികമായി എടുത്തുകൊണ്ട് ആത്മീയപാഠം സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ  ഇവയിൽ ആലങ്കാരികമായാണ് അർത്ഥം നല്കിയിരിക്കുന്നതെന്നും, അവയെ അങ്ങനെയേ കാണാവൂ എന്നും നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ട വിവേകം നമുക്കാവശ്യമാണ്. എല്ലാറ്റിനും ആത്മീയകാരണങ്ങൾ കാണുന്നത് ശരിയല്ല. സാമൂഹിക രാഷ്ട്രീയ ഘടകങ്ങളെ മാറ്റിനിർത്തികൊണ്ടു, സമൂഹത്തിലെ മാറ്റങ്ങൾ, പ്രസ്ഥാനങ്ങളുടെ കടന്നുവരവ് തുടങ്ങിയവയെ വിലയിരുത്തുന്നതിന്  ആത്മീയമായ അളവുകോലുകൾ ഉപയോഗിക്കുന്നത് വിവേകരഹിതമാണ്. സങ്കീർണതകൾക്കു  നടുവിൽ അർത്ഥം തേടുക മാനുഷികമാണ്, ഉത്തരം കിട്ടാതെ വരുമ്പോൾ യുഗാന്ത്യ പ്രവചനശൈലി ഉപയോഗിക്കപ്പെടുകയും ചെയ്തേക്കാം, അതിനിടയിൽ സ്വീകാര്യമായ ഉത്തരമായി പിശാചും.

പ്രകൃതിയുടെ പ്രതിഭാസങ്ങളെ പ്രകൃതിയിലെ മാറ്റക്രമങ്ങളുടെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. ഭൂചലനങ്ങളും, അഗ്നിപർവ്വതസ്ഫോടനങ്ങളും കൊടുങ്കാറ്റും വെള്ളപ്പൊക്കവും, പ്രകൃതിയുടെ ഭാഗമാണ്. എത്രയോ ലക്ഷം വർഷങ്ങളായി  ഭൂമിയുടെ രൂപഘടന മാറിക്കൊണ്ടിരിക്കുന്നു! ഭൂപ്രകൃതിയുടെ മാറ്റം, വിള്ളലുകൾ, തെളിഞ്ഞുവരുന്ന കര, കടൽ വിഴുങ്ങുന്ന കരഭാഗങ്ങൾ, ഒന്നും പുതുതല്ല. നമ്മുടെ കാലത്തു സംഭവിക്കുമ്പോൾ നമുക്ക് ആശങ്കയുണർത്തുമെന്നു തീർച്ച.

അപക്വമായ വ്യാഖാനങ്ങളിലേക്കു പോകുന്നതിനു മുമ്പ്, ആദ്യപടിയായി പ്രപഞ്ചം, സംസ്കാരം, മതം എന്നിവയിലെ ചരിത്രപരമായ മാറ്റങ്ങളെ നിരീക്ഷിക്കുക എന്നതാണ് ഉചിതം. വിശ്വാസത്തോടെയും പ്രാർത്ഥനയോടെയുമുള്ള  സമീപനം നമുക്ക് പ്രതീക്ഷ നൽകും, അതിജീവനത്തിനു കരുത്തേകും. എന്നിരുന്നാലും ബുദ്ധിയും പഠനവും പൈശാചികമാണെന്നും, എല്ലാം ആത്മീയമായി വ്യാഖ്യാനിക്കണമെന്നും കരുതുന്ന ശൈലി വികലമായ വിശ്വാസസമീപനമായേ കരുതാനാകൂ.

അന്ത്യകാല പ്രവചനങ്ങൾക്കും ചരിത്രമുണ്ട്, മാത്രമല്ല അത്തരം പ്രവചനകൾക്ക് ഉദ്ദേശ്യങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ആത്മീയ ഉദ്ദേശ്യങ്ങളേക്കാൾ രാഷ്ട്രീയപരമായിരുന്നു അവ എന്നതാണ് സത്യം. അവയെക്കുറിച്ചു വിശദീകരിക്കാൻ ഈ കുറിപ്പിൽ ഇടമില്ല. താഴെപ്പറയുന്ന പുസ്തകങ്ങൾ അതിനു സഹായിച്ചേക്കും:
Paula Clifford, A Brief History of End Time: Prophecy and Apocalypse, Then and Now
Arthur H. Williamson, Apocalypse Then: Prophecy and the Making of the Modern World
Martha Himmelfarb, The Apocalypse: A Brief History

വിശ്വാസപരമായി കാണുമ്പോൾ, ക്രിസ്തു എല്ലാവരിലും എല്ലാറ്റിലും വെളിപ്പെടുമ്പോൾ സൃഷ്ടിയുടെ ലക്‌ഷ്യം പൂർത്തിയാകും. അതുകൊണ്ട് തീർച്ചയായും നമ്മിലെ ക്രിസ്തുരൂപത്തെക്കുറിച്ചും, സമൂഹത്തിന്റെ മൂല്യബോധത്തെക്കുറിച്ചും കൂടെക്കൂടെ വിലയിരുത്തലും കാലത്തിനൊത്ത നവീകരണവും ഉണ്ടാകണം. സ്വന്തം ഭാവനകളോ, സ്ഥാപിതതാല്പര്യങ്ങളോ, മതസംരക്ഷണം പോലുമോ ആകരുത് അത്തരം മാറ്റങ്ങളുടെ ലക്‌ഷ്യം.

വ്യക്തിയുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും മൂല്യബോധവുമാണ് ഒരു സാംസ്കാരികശൈലിയായി പതിയെ രൂപപ്പെടുന്നത്. കാലത്തിന്റെ യഥാർത്ഥ സൂചകങ്ങൾ അവയാണ്. പരമ്പരാഗത രീതികളിൽനിന്ന്  അവ മാറിയിട്ടുണ്ടെങ്കിൽ അതിനനർത്ഥം അതിനു പിറകിൽ പിശാചാണ് എന്നല്ല. അവയിൽ ചേർത്തുവയ്ക്കുന്ന വചനാംശം  കാണാൻ നമുക്ക് കഴിയണം. ഇത്തരം വെളിപാടുകളിലേക്കുള്ള കടന്നുപോകലാണ് യഥാർത്ഥ നവീകരണം. നവീകരണം എന്നത് തിരിഞ്ഞുനടക്കലാണെന്നത്  തെറ്റിദ്ധാരണയാണ്. പഴമയിലെവിടെയോ ഒളിച്ചുവച്ചിരിക്കുന്നതല്ല വിശ്വാസവും വചനവും പാരമ്പര്യവും. ഇന്നിന്റെ അടയാളങ്ങളിൽ അവയെ തിരിച്ചറിയുകയും കൂടെനടക്കുകയും ആണ് പ്രധാനം.

എത്രമാത്രം ക്രിസ്തുസ്വരൂപമായി മാറാൻ കഴിയുന്നു എന്നതാണ് യഥാർത്ഥ ഒരുക്കം. ദുരന്തങ്ങൾ കാണുന്നതുകൊണ്ടല്ല ഈ അവബോധമുണ്ടാകേണ്ടത്, ക്രിസ്തുവുമായി ബന്ധമുള്ള ഏതൊരുവരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണത്. ജീവിതക്രമങ്ങളിൽനിന്നു ഓടിയൊളിക്കുന്നതല്ല ആത്മീയതയും, ഒരുക്കവും. ഭക്തിപാരവശ്യവുമല്ല ഈ ഒരുക്കം. പ്രതിബദ്ധതയോടെയും സമർപ്പണബോധത്തോടെയും ചെയ്യുന്ന ദിനചര്യകളിലും തൊഴിലുകളിലും, മതാനുഷ്ഠാനങ്ങൾ നൽകുന്നതിനേക്കാൾ ദൈവസംപ്രീതിയും വിശുദ്ധിയും ഉണ്ടെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം. ശാരീരികാധ്വാനവും വേദനകളും, (ഓഫീസുകളിലെയും കമ്പ്യൂട്ടർ ജോലികളിലെയും മാനസിക അധ്വാനം ഉൾപ്പെടെ), സ്വീകാര്യമായ പ്രാർത്ഥനയാണെന്നറിഞ്ഞെങ്കിലെ ആത്മീയതക്ക് സൗന്ദര്യമുണ്ടാകൂ. നിഷ്ഠാചര്യയോടെ ചെയ്യുന്ന പ്രായശ്ചിത്തം, പരിഹാരപ്രവൃത്തികൾ, തുടങ്ങിയവയെക്കാൾ അവക്ക് ആഴങ്ങളുണ്ട്. കാരണം, ലോകവും ശരീരവും നമ്മിൽ പറ്റിപ്പിടിച്ച അഴുക്കുകളല്ല, കൗദാശികമായ അടയാളങ്ങളാണ്,  ദൈവപ്രവൃത്തികളുടെ കാണപ്പെടുന്ന സാന്നിധ്യമാണ്

English version of this note is at Is the End near?

സെപ്റ്റംബർ 14, 2018

ശത്രുവുണ്ടെങ്കിൽ.....

ഏറ്റ മുറിവുകൾ അകലാതിരിക്കെയാണ് അവയിൽ വേദനയേറുന്നത്.
അപമാനമോ വഞ്ചനയോ ഉൾച്ചേർന്ന വേദനയാകുമ്പോൾ വെറുപ്പായും ശത്രുതയായും മാറാം.
അറിയാതെയാണെങ്കിലും, അപ്പോഴേക്കും വേദനകളോടുതന്നെ അകലാനാവാത്ത അടുപ്പം മനസ്സ് കോർത്തിണക്കും.
പകയും കൊലയും പോലും ഉൾത്തളങ്ങളിൽ ന്യായീകരിക്കപ്പെട്ടേക്കാം.

സ്വീകരിക്കാനാവാത്ത സ്വഭാവമുള്ളവരെ നമ്മൾ മാറ്റിനിർത്തിയേക്കാം, നമ്മൾ അസ്സൂയപ്പെടുന്നവരെയൊക്കെയും  അപകർഷതയും  അസുരക്ഷാവബോധവും ചേർത്ത് ശത്രുക്കളായി കണ്ടുതുടങ്ങിയേക്കാം.

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആരുടെയൊക്കെ തകർച്ചയും വീഴ്ചയും നമ്മൾ ആഗ്രഹിക്കുന്നോ അവരെയും നമ്മൾ ശത്രുക്കളായി കണ്ടേക്കാം.

നമുക്കുമേൽ സമ്മർദ്ദമേൽപ്പിക്കുന്ന ശക്തിയോ അധികാരമോ ശത്രുവായി തോന്നിയേക്കാം.

വിലയില്ലാത്തവരായി നമ്മൾ പുച്ഛിക്കുന്നവരെയും ശത്രുക്കളായി നമ്മൾ കണ്ടെന്നിരിക്കാം.

തെറ്റ് തിരുത്താൻ എളിമയില്ലെങ്കിൽ, ഉള്ളിലെ കുറവ് കാണാനുള്ള ധൈര്യം ഇല്ലെങ്കിൽ, തെറ്റ് ചൂണ്ടിക്കാണിക്കുന്നവർ ശത്രുക്കളായേക്കാം.

ശത്രുക്കളില്ല എന്നതുകൊണ്ടായില്ല, സ്വയം ഒരു അനുഗ്രഹവും പ്രാർത്ഥനയും ആയിത്തീരുന്നുണ്ടോ എന്നതാണ് പ്രധാനം.

ഒത്തിരി പ്രാർത്ഥിച്ചതുകൊണ്ട്  സ്വയം പ്രാർത്ഥനയാകുന്നില്ല, സാരമറിയാതെ പ്രാർത്ഥിക്കുമ്പോൾ അത് ഭക്തിപ്രവർത്തനമായിമാറുകയും ഭക്തികുറഞ്ഞവനെ ശത്രുവായി കാണാൻ വഴിയാകുകയും ചെയ്തേക്കാം.

ശത്രു നമ്മൾ തന്നെയോ ദൈവം തന്നെയോ ആണെങ്കിലും മേല്പറഞ്ഞവ തന്നെ നമ്മൾ ചെയ്യും.

ശത്രു അപകടപ്പെടുത്തേണ്ടതില്ല, ശത്രു ഉണ്ടെന്ന തോന്നൽ തന്നെ സ്വയം അപകടപ്പെടുത്തലാണ്.

ഒരു ശത്രുത ഇരുഭാഗവും അർഹിക്കുന്നുണ്ടോ എന്നതാണ് അർത്ഥവത്തായ ഒരു കാര്യം.
നീതിയെന്നത് ഒരുഭാഗത്തിന്റെ തകർച്ചയല്ല, ഇരുഭാഗത്തിന്റെയും വളർച്ചയാണ്. ശിക്ഷയും ശകാരവും, സാമൂഹികനീതി മാത്രമേ സാധ്യമാക്കുന്നുള്ളു.

ക്ഷമയെന്നത്, വെറുതെ വിട്ടുകളയുക എന്നതല്ല.അങ്ങനെ അവയൊന്നും തള്ളിക്കളയാനാകില്ല എന്നതാണ് സത്യം.
മുറിവുകൾ സുഖപ്പെടണം, വേദനകൾക്ക് ആശ്വാസമുണ്ടാകണം. അതിനായി ആത്മാർത്ഥമായ ആഗ്രഹമുണ്ടാകണം എന്നതാണ് പ്രധാനം. ആഗ്രഹം പതിയെ പ്രാർത്ഥനയാകുകയും  വേണം.

ഓഗസ്റ്റ് 19, 2018

അഴുകാതിരിക്കാൻ

ഇനി വെള്ളമിറങ്ങും
അടിഞ്ഞുകൂടിയവയൊക്കെ അഴുകാൻ തുടങ്ങും.

കിനിഞ്ഞുതുടങ്ങിയ ഹൃദയനന്മകൾ ആ ഒഴുക്ക് തുടരട്ടെ

മനുഷ്യമനഃസാക്ഷിക്കുള്ളിൽ നന്മയുടെ ജലസ്രോതസ്സുണ്ട്

ആ ഉറവകളിലേക്കുതന്നെയാണ്
ഹൃത്തിലെ ദൈവസങ്കല്പങ്ങളും
മതസംഹിതകളും കൈചൂണ്ടിയത്

ഹൃദയങ്ങൾ വീണ്ടും അഴുകാതിരിക്കട്ടെ.

ഓഗസ്റ്റ് 17, 2018

എവിടെയാണെന്റെ ദൈവം?

ഉണങ്ങിവരണ്ട നീർച്ചാലുകൾ തുറന്നു,
അടഞ്ഞുപോയ ഉറവകളും

വെള്ളം കുതിച്ചൊഴുകുമ്പോൾ
മലകൾ ഇടിഞ്ഞു താഴുമ്പോൾ
നിസ്സഹായനെന്ന പോലെ
നമ്മുടെ കൂടെ നോക്കിനിൽക്കുന്ന ദൈവം.
എനിക്ക് പരാതിയില്ല,
എന്നെ അവൻ സഹയാത്രികനാക്കി
കാരണം സർവ്വശക്തനായി കരുതാൻ എനിക്കിഷ്ടമില്ലായിരുന്നു.

ഉത്തരങ്ങളും അത്ഭുതങ്ങളും കാണിക്കാൻ
മനസ്സില്ലെന്ന് ദൈവം പറഞ്ഞു.

പിന്നെ ഈശ്വരനെ ഞാൻ  കണ്ടില്ല

മറ്റൊന്ന് ഞാൻ കണ്ടു
ഉണങ്ങിവരണ്ട നീർച്ചാലുകൾ തുറന്നു,
അടഞ്ഞുപോയ ഉറവകളും
രാഷ്ട്രീയവും മതവും
ഹൃദയനന്മയെ അടച്ചുകളഞ്ഞ കല്ലുകൾ
ഉറവകളുടെ നനവിൽ ഇളകിയടർന്നു
ഒരുമയായി നന്മയായി കരുണയായി അതൊഴുകി

അപേക്ഷകളുണ്ടായിരുന്നു,
വിതുമ്പലുകളുണ്ടായിരുന്നു
എങ്കിലും പരാതിപ്പെട്ടില്ലാരും
ആശയോടെ ഹൃദയങ്ങൾ പരസ്പരം നോക്കി.

ഉണങ്ങിവരണ്ട നീർച്ചാലുകൾ തുറന്നു,
അടഞ്ഞുപോയ ഉറവകളും
കണ്ണീരിന്റെ മറയിലും,
സഹായവുമായി നീണ്ട വിറങ്ങലിച്ച കൈയിലും
എവിടെയോ അവർ അറിഞ്ഞു
അകലാത്ത ഈശ്വര ചൈതന്യം.

ഓഗസ്റ്റ് 10, 2018

ആത്മീയത ഒരു പാപമാകുമോ?

മുള്ളുകൾക്കിടയിൽ വീണു ഞെരുക്കപ്പെടുന്ന വിത്തിനെക്കുറിച്ചു പറയുമ്പോൾ സൂചിപ്പിക്കപ്പെടുന്ന ഒന്നാണ് ലൗകിക വ്യഗ്രത (Mk 4: 19). മുള്ളുകൾക്കിടയിൽ വചനം ഞെരുക്കപ്പെടുകയും ഫലശൂന്യമാക്കപ്പെടുകയും ചെയ്യുന്നു എന്നാണ് വചനസാരം.

ചിലർ ലൗകിക കാര്യങ്ങളിലെന്നപോലെ തന്നെ ആത്മീയകാര്യങ്ങളിൽ വ്യഗ്രത കൊണ്ടുനടക്കുന്നവരാണ്. യാഥാർത്ഥ  താല്പര്യത്തിലും വളർച്ചയിലുമുപരി അവരുടെ ശ്രദ്ധാകേന്ദ്രം മുഴുവൻ ചെയ്തുകൂട്ടുന്ന എന്തൊക്കെയോ പ്രവൃത്തികളാകാറുണ്ട്. എന്ത് പ്രാർത്ഥന ചൊല്ലണം, എത്ര തവണ ചൊല്ലണം, 'ഇതിനു വേണ്ടി ഏതു പ്രാർത്ഥന' ചൊല്ലണം, ഈ പ്രാർത്ഥന ഏതു സമയത്തു ചൊല്ലിയാൽ 'കൂടുതൽ ശക്തി ഉണ്ടാകും' തുടങ്ങിയവ  ക്രിസ്തുവിന്റെ ആത്മീയതയുമായി യാതൊരുബന്ധവും ഇല്ലാത്തതാണ്. ദൈവികബന്ധവും ആന്തരികസമാധാനവും അവിടെ കണക്കാക്കപ്പെടുന്നില്ല, പകരം പ്രവൃത്തികളുടെയും പ്രാർത്ഥനയുടെയും എണ്ണം സ്വയം ആത്മീയരാണെന്നു കരുതാനുള്ള  ഒരു മിഥ്യാബോധം  രൂപപ്പെടുത്തുന്നു. ഈ ആത്മീയവ്യഗ്രത മൂലം 'ചെയ്യപ്പെടേണ്ട' ആത്മീയ പ്രവൃത്തികൾ  മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കപ്പെടുകയും ചെയ്യുന്നു. അത് അവരുടെ അവസ്ഥകൾ മനസ്സിലാക്കാതെ കൂടിയുമാകുമ്പോൾ അത് അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. എല്ലാം ആത്മീയതയുടെയും ഭക്തിയുടെയും പേരിൽത്തന്നെ. നിർദ്ദേശിക്കപ്പെടുകയും, നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന പുത്തൻ പ്രാർത്ഥനാശൈലികളും ആത്മീയതയും സ്വകാര്യഗ്രൂപ്പുകളിലും മറ്റും സുലഭമാണ്. 

സ്വന്തം സംതൃപ്തിക്ക് വേണ്ടി ചെയ്യപ്പെടുന്ന കാര്യങ്ങളിലെ അമിതതാല്പര്യം, ആത്മീയതീക്ഷ്ണതയായി തെറ്റിദ്ധരിക്കുന്നത്  വലിയ തെറ്റുതന്നെയാണ്. അത് സ്വയം ഉപയോഗിക്കപ്പെടാനും, മറ്റുള്ളവരെ വഞ്ചിക്കാനും കാരണമായേക്കാം.
ഇവിടെ, വളരുന്നതിന് പകരം ഞെരുക്കപ്പെടുകയാണ്. അവിടെയൊക്കെ ഉള്ളിൽ വിതക്കപ്പെട്ട വചനം ഫലശൂന്യമായിത്തീരുന്നുമുണ്ട്.  ദൈവകൃപയെ തടസപ്പെടുത്തുന്ന എന്തും പാപമായി കരുതാമെങ്കിൽ  ഇവയും പാപങ്ങൾ തന്നെയാണ്, ആത്മീയതയുടെ എത്രയോതന്നെ പരിവേഷങ്ങൾ അവയ്ക്കുണ്ടായിരുന്നാലും. വിശ്വാസം, ഭക്തി, പ്രാർത്ഥന തുടങ്ങിയവ ഏതാനം 'പ്രകടനപരത'യിലേക്ക് ചുരുക്കപ്പെടുമ്പോൾ ദൈവകൃപയെ നഷ്ടപ്പെടുത്തുകയും എന്നാൽ കപടമായ പുറംമോടിയുടെ കട്ടികൂടുകയും വർണങ്ങൾ ഏറുകയും ചെയ്യും. വിശ്വാസത്തിന്റെ പ്രതീകങ്ങളും, ഭക്തിപ്രവൃത്തികളും പ്രദര്ശനങ്ങളാക്കപ്പെടുകയും അത് സാക്ഷ്യമായും പ്രാർത്ഥനയായും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാറുണ്ട്. ലോലമായ ചില ആദർശവാക്യങ്ങൾ അവയിലെ ശുഷ്കത മനസിലാക്കപ്പെടാതെ 'വിശ്വാസത്തിന്റെ' അടിസ്ഥാനതത്വങ്ങളാകുന്നതിനു കാരണവും ഇതുതന്നെയാണ്. 

ആശങ്കകൾ, പരാതികൾ, പ്രലോഭനങ്ങൾ, ഭീതികൾ കുറ്റബോധം നിരാശകൾ അങ്ങനെ പലതും കൂടെക്കൂടെ നമ്മുടെ ശ്രദ്ധ നേടുന്നവയാണ്. അവയേക്കാളേറെ കൃപ നമ്മിൽ സന്നിഹിതമാണെങ്കിലും തിരിച്ചറിയാതെ പോകുന്നു. നമ്മിലെ ഉണർവിനെക്കാൾ തളർച്ചയെക്കുറിച്ച് പരാതിപ്പെട്ട് വളർച്ച മുരടിപ്പിക്കുന്നു. ഉള്ളിൽ ഭീതി നിറയുന്നതുകൊണ്ടാണ് പലവഴികൾ തേടി പരക്കം പായുന്നത്, ഇനങ്ങളനുസരിച്ചുള്ള പ്രാർത്ഥനകൾ കണ്ടെത്തുന്നത്. 

ഫലത്തിൽ സംഭവിക്കുന്നത് കൃപയുടെ അഭാവമാണ്. വ്യക്തിയായും  സമൂഹമായും നമ്മിലുണ്ടാവേണ്ടിയിരുന്ന കൃപ ഇല്ലെന്നു തന്നെയാണ് യാഥാർത്ഥ്യം. കൃപയുടെ അഭാവമേതും പാപത്തിന്റെ അവസ്ഥയാണ്. "പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല" എന്ന് അന്ധനോട് പറയുന്ന യഹൂദപ്രമാണി നിഷ്ഠകളിൽ കണിശക്കാരനായിരുന്നെങ്കിലും ഉള്ളിൽ കൃപയുണ്ടായിരുന്നില്ല. യേശുവിന്റെ കാലുകഴുകി തുടച്ചവളുടെ വിശുദ്ധിയെ വിധിക്കുന്ന ശിമയോനും പാപത്തിലായിരുന്നു എന്ന് പറയാം.

രണ്ടുപേർ പ്രാർത്ഥിക്കുവാൻ ദേവാലയത്തിൽ വന്നു. ഒരാൾ പ്രാർത്ഥിച്ചു: "ഓടിനടന്നു പ്രാർത്ഥിക്കുകയും മറ്റുള്ളവരെ പ്രാർത്ഥിപ്പിക്കുകയും ചെയ്യുന്നവനാണ് ഞാൻ. ജോലിത്തിരക്കിന്റെയും ഉത്തരവാദിത്തങ്ങളുടെയും കണക്കുപറഞ്ഞു ഒഴിയാൻ ശ്രമിക്കുമ്പോൾ ലൗകികരായ അവരെ ഞാൻ നിർബന്ധിച്ചു പ്രാർത്ഥിപ്പിക്കാറുമുണ്ട്. ദൈവമേ, എന്നെ അറിയാമല്ലോ അക്കൗണ്ടിൽ ശമ്പളം വരുമ്പോഴേ ദശാംശം transfer ചെയ്യുന്നവനാണ് ഞാൻ. ഈ നിൽക്കുന്ന ഭൗതികനായ മനുഷ്യനെപ്പോലെയും അല്ല ഞാൻ." രണ്ടാമൻ പ്രാർത്ഥിച്ചു: "നല്ല ദൈവമേ, അങ്ങേ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും എന്റെ ജോലികളെയും നീ നയിക്കണമേ." ഈ രണ്ടുപേരിൽ ആരാണ് സമാധാനത്തോടെ ജീവിക്കുന്നത്?
ആദ്യത്തെ ആൾക്കു പ്രാർത്ഥനയും മതവും ആണ് ദൈവം. അവന്റെ ചെയ്തികൾ മുഴുവൻ പ്രാർത്ഥന എന്ന 'ജോലി' ചെയ്യാനും അതിൽ മറ്റുള്ളവരെ ഉൾപ്പെടുത്താനുമാണ്. രണ്ടാമൻ ജീവിതത്തിലെപ്പോഴോ ഒരു നിമിഷം ദൈവത്തിലാശ്രയിക്കാൻ പഠിച്ചിരിക്കുന്നു. പിന്നീട്, അവൻ തകരുന്നതിലും നേടുന്നതിലുമെല്ലാം അവൻ കണ്ടത് ഒരു കരുതലാണ്. അവൻ സമാധാനത്തോടെ ജീവിക്കുന്നു.

പ്രാർത്ഥിക്കുന്നവരെല്ലാം ആത്മീയരാവണമെന്നില്ല. 'ചെയ്തുകൂട്ടുന്ന' പ്രാർത്ഥനകളും ആത്മീയമല്ല.

ആത്മീയത വെറും മതപരമായ കാര്യങ്ങളിൽ മാത്രമല്ല. തിരുനാളുകൾ, ഉത്സവങ്ങൾ, പൂജകൾ, നേർച്ചകാഴ്ചകൾ വഴിപാടുകൾ ഉപവാസം തുടങ്ങിയവയിൽ ആത്മീയതയെ ഒതുക്കിനിർത്തുമ്പോൾ അത് ഫലദായകമോ അർത്ഥപൂർണ്ണമോ ആകുന്നില്ല. മതകാര്യങ്ങൾ നിഷ്ഠാപൂർവ്വം ചെയ്യുന്നതുകൊണ്ട് ആരെങ്കിലും ആത്മീയരാവണമെന്നും ഇല്ല. ഗാർഹികവും സാമൂഹികവും കലാപരവും രാഷ്ട്രീയവും സാങ്കേതികവുമായ മേഖലകളും ആത്മീയതയിൽ ഉൾച്ചേരണം (ആത്മീയതയുടെ ആന്തരികഭാവം രാഷ്ട്രീയഇടപെടലുകളിൽ അടിസ്ഥാനബോധ്യമായി കൊണ്ടുവരുന്നതും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി വിശ്വാസവും മതവും വളച്ചൊടിച്ച് ഉപയോഗിക്കുന്നതും രണ്ടാണ്).  ഇത്തരത്തിലുള്ള എല്ലാ തലങ്ങളും ഒരുമിച്ചാണ് ആന്തരിക രൂപവത്‌കരണം നടക്കുന്നത്. നിരാശകളും ദുഃഖങ്ങളും സന്തോഷങ്ങളും പരാജയങ്ങളും തകർച്ചകളും ആത്മാർത്ഥതയോടെ തുറന്നു വെയ്ക്കാൻ കഴിയുന്നുണ്ടോ എന്നതാണ് വലിയകാര്യം.
ആത്മീയതയുടെയും വിശുദ്ധിയുടെയും അടയാളം ഈ തുറവിയാണ്. അമ്മ കുഞ്ഞിനെ പാടിയുറക്കുന്നതിലും പുരോഹിതൻ ബലിയർപ്പിക്കുന്നതിലും ഒരേ വിശുദ്ധി ബോധ്യപ്പെടുമ്പോഴേ ആത്മീയതയുടെ പിരമിഡ് സങ്കൽപ്പങ്ങൾ വഴിമാറുകയുള്ളു.

ജൂലൈ 28, 2018

ദൈവനാമത്തിൽ ....

പ്രസ്ഥാനങ്ങളുടെ പെരുമയ്ക്കും ആരുടെയൊക്കെയോ സ്ഥാപിതതാല്പര്യങ്ങൾക്കും ഉപകരിക്കുന്നതിലുപരി, ദൈവത്തിനുവേണ്ടി എന്ന് കരുതി ചെയ്യുന്ന ത്യാഗങ്ങൾ എത്രമാത്രമാണ് ദൈവത്തിനു മഹത്വമേകിയത് എന്ന് ചിലപ്പോഴെങ്കിലും ഒരു വിചിന്തനം ആവശ്യമായില്ലേ?
ദൈവപ്രേരിതമായി ലാളിത്യത്തിൽ കുരുത്ത പുറപ്പാടുകൾ എന്നൊക്കെ ഗോപുരമുയർത്താൻ കല്ലുകൾ തിരഞ്ഞുവോ, അന്നൊക്കെ അവശേഷിച്ചത് വീണുപോയ കല്ലുകളും ചിതറിക്കപ്പെട്ട ആളുകളും മാത്രം. ചിലരത് പറയുകയും ചെയ്തു, വിനീതമായ ഹൃദയം - അത് മാത്രമാണ് ഞങ്ങൾക്ക് സാധിക്കുന്ന ആരാധന. അതല്ലേ ദൈവം തേടിയിരുന്നത്?

ജൂലൈ 08, 2018

പാരമ്പര്യത്തിന്റെ രൂപീകൃതമാനം














പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കണമെന്നു നമ്മൾ പറയുമ്പോൾ, അതിൽത്തന്നെ, നിലനിൽക്കേണ്ടതും മാറുന്നതുമായ ഘടകങ്ങൾ കാണേണ്ടതില്ലെ? ഒരു പ്രത്യേക കാലഘട്ടത്തിൽ ബന്ധിതമായതല്ല പാരമ്പര്യം. സ്ഥായിഭാവം കല്പിച്ചുനൽകപ്പെടുന്നുണ്ടെങ്കിൽക്കൂടി, പാരമ്പര്യം ആത്മാവിനാൽ നയിക്കപ്പെട്ട്  കാലങ്ങളിലൂടെ ഉരുത്തിരിയുന്നതുകൂടിയാണ്. സഭാപിതാക്കന്മാരുടെ കാലവും, മധ്യയുഗവും, നാവോത്ഥാന കാലഘട്ടവും, ആധുനികയുഗവും, വിശ്വാസത്തെക്കുറിച്ചും സഭയെക്കുറിച്ചും കാലോചിതമായി ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിച്ചിട്ടുണ്ട്. അവിടെ തുടർച്ചയോടൊപ്പം മാറ്റവുമുണ്ട്. പാരമ്പര്യം പാലിക്കപ്പെടുമ്പോൾതന്നെ രൂപപ്പെടുന്നുമുണ്ട്. വിശ്വാസം, ആചാരക്രമങ്ങൾ, ചിന്താധാരകൾ, സംസ്കാരം എന്നിവയെല്ലാം ഓരോകാലഘട്ടത്തിലും പലവിധേന പാരമ്പര്യത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. ഇവയെ പരസ്പരം മാറ്റിനിർത്താനാകില്ലെങ്കിലും അവ വ്യത്യസ്തമാണെന്ന് തിരിച്ചറിയണം.  ഇവയിലേതിനെയാണ് പാരമ്പര്യമായി നമ്മൾ കണക്കാക്കുന്നത്? "ഇതാണ് പരമ്പരാഗതശൈലി" എന്ന് നമ്മൾ ചൂണ്ടിക്കാണിക്കുന്നത് നമ്മൾത്തന്നെ ഊന്നൽ കൊടുക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന ചില ഘടകങ്ങൾ മാത്രമായി ചുരുങ്ങാറുണ്ട്.

ജൂലൈ 03, 2018

തോമസ്, എന്റെ മുറിവുകൾ നീ കാണുക

ദൈവികവെളിപാടിന്റെയും മനുഷ്യന്റെ തിരിച്ചറിവിന്റെയും ഒരു യാത്രയാണ് വിശ്വാസം. വിശ്വാസത്തിന്റെ വഴിയേ ബോധ്യപ്പെടുന്ന സത്യമാണ് "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു" എന്നത്. മറ്റു സുവിശേഷങ്ങളിൽ കാലിത്തൊഴുത്തിൽ നമ്മൾ കാണുന്ന മിശിഹാ, യോഹന്നാന്റെ സുവിശേഷത്തിൽ ദൈവകുഞ്ഞാടായി അവതരിപ്പിക്കപ്പെട്ടശേഷം തന്റെ അമ്മയോടും ശിഷ്യന്മാരുമൊപ്പം  അയൽക്കാരന്റെ വീട്ടിലെ വിവാഹാഘോഷത്തിനിടയിലാണ് കാണപ്പെടുന്നത്.
ആ യാത്രയിൽ അവനോടൊത്തു നടക്കാൻ കൂടെ കൂടുന്നവരുണ്ട്, അവരിൽ ചിലർ മറ്റാളുകളെ  അവന്റെ അടുത്തേക്കു ചേർത്തുനിർത്തുന്നവരും ഉണ്ട്. 
ആത്മാവിലും സത്യത്തിലും ആരാധിക്കാൻ പ്രാപ്തമാക്കുന്ന സ്നേഹഉടമ്പടിയുടെ അടയാളമെന്നവണ്ണം ദേവാലയശുദ്ധീകരണത്തോടെയാണ് ഈ യാത്രക്ക് വഴി തുറക്കുന്നത്. "നമുക്കും അവനോടുകൂടി പോകാം, അവനോടൊപ്പം മരിക്കാൻ" (11: 16) എന്ന തോമസിന്റെ വാക്കുകൾ ജീവദായകമായ ഈ യാത്രക്കു ജീവന്റെ വില ഉണ്ട് എന്ന് കൂടി അർത്ഥം നൽകുന്നു. നമുക്ക് പോകാം എന്ന് പറഞ്ഞ തോമസ് തന്നെ പിന്നീട് ചോദിക്കുന്നു, "നീ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും?" (14:5). യേശു അവനോടു പറഞ്ഞു, "വഴിയും, സത്യവും, ജീവനും ഞാനാകുന്നു" (v. 6). 
യാത്രയിലെ അന്വേഷണങ്ങളുടെയും, സന്ദേഹങ്ങളുടെയും, പരിവേദനങ്ങളുടെയും അർത്ഥവും പൂർണതയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ഈ വചനം. സത്യത്തിൽ ജീവനിലേക്കു നടക്കുന്ന ഈ വഴിയുടെ പര്യവസാനം എവിടെയെന്നു തോമസിന്റെ അനുഭവം നമ്മെ കാണിക്കുന്നു.
യേശു വന്നപ്പോൾ തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാർ അവനോടു പറഞ്ഞു, ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ അവൻ പറഞ്ഞു, അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല (20: 25). എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും യേശു വന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു.യേശു അവനോടു പറഞ്ഞു, "നിന്റെ വിരൽ ഇവിടെ കൊണ്ട് വരിക എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക, അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക" (v. 27). തോമസ് പറഞ്ഞു, "എന്റെ കർത്താവെ, എന്റെ ദൈവമേ!"
വചനം മാംസമായി, മനുഷ്യന്റെ വേദനകൾ അവൻ സ്വന്തമാക്കി.സത്യത്തിൽ നമ്മിൽത്തന്നെയുള്ള ശൂന്യതകളാണവ, സ്നേഹത്തിന്റെയും, നന്മയുടെയും, ജീവന്റെയും ശൂന്യത. അവന്റെ മുറിവുകളിൽ കൈവച്ച് അവനെ അറിയാൻ അവൻ വിളിക്കുമ്പോൾ അത് നമ്മുടെ തന്നെ ക്ഷതങ്ങളും മുറിവികളുമല്ലാതെ മറ്റെന്താണ്?
മിശിഹാ തൻ്റെ മുറിവുകളിലേക്കു നമ്മെ ക്ഷണിക്കുമ്പോൾ നമ്മുടെ വിങ്ങലുകൾ മടിയില്ലാതെ തുറക്കാൻ നമുക്കാകും. ആ തിരിച്ചറിവിലാണ് നമ്മൾ പറയുന്നത്, "എന്റെ കർത്താവെ എന്റെ ദൈവമേ."
അപമാനവും കണ്ണുനീരും ബാക്കിവച്ച കാനായിലെ ശൂന്യമായ കൽഭരണികളും, മിശിഹായെക്കുറിച്ചു സംശയങ്ങൾ ബാക്കിവച്ച നഥാനയേലും നിക്കോദേമോസും, തിരസ്കരണം സഹിച്ച, നീ എന്റെ സ്വന്തമെന്നു പറയാൻ ആരുമില്ലാതിരുന്ന സമരിയക്കാരി സ്ത്രീയും, കുളത്തിലെ വെള്ളമിളക്കുന്ന മാലാഖയുടെ സമയവും ആരുടെയോ കരുണയും കാത്തിരുന്ന  തളർവാതരോഗിയും, പൂർവ്വജരുടെ പാപഭാരമെന്ന സാമൂഹികവിധി സഹിച്ചു ജന്മം മുതൽ അന്ധതയിൽ തപ്പിത്തടഞ്ഞവനും ഇടറിയും എഴുന്നേറ്റും  ഇതേ വഴിയേ നടക്കുകയാണ്. അവരെല്ലാം ഈ വിളി കേൾക്കുന്നുണ്ട്, "നിന്റെ ഭാരങ്ങൾ ഇവിടെ കൊണ്ടുവരിക." ക്രിസ്തുസാന്നിധ്യം പുറമെയെവിടെയോ അല്ല, അത് നമ്മിലും നമുക്കിടയിലുമാണ്, അവിടുത്തെ ശരീരം രൂപീകരിച്ചുകൊണ്ട്. അവിടെ ക്രിസ്തുവിന്റെ മുറിവുകൾ എവിടെയാണ്? യേശുസാന്നിധ്യം ശിഷ്യസമൂഹത്തിൽ അനുഭവവേദ്യമായപ്പോൾ തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല എന്നതുതന്നെ ഒരു മുറിവാണ്. മുറിവുകൾ നമ്മുടേതുതന്നെ ആകാം, സഭയുടേതാകാം, മനുഷ്യവംശം മുഴുവന്റെയുമാകാം, പ്രകൃതിയുടേത് തന്നെയാകാം. മുറിവുകളെ എളുപ്പത്തിൽ നമുക്ക് വിധിക്കാനാകും, എന്നാൽ അവിടെയൊക്കെയും ക്രിസ്തുവിന്റെ വിളിയുണ്ട്, നിന്റെ കരങ്ങൾ ഇവിടെ വയ്ക്കുക.  നമ്മുടെ പ്രത്യുത്തരം നമ്മുടെതന്നെ സൗഖ്യത്തിനു കാരണമാണ്, സാന്ത്വനത്തിന്റെയും, സ്നേഹിക്കപ്പെടുന്നതിന്റെയും വിലമതിക്കപ്പെടുന്നതിന്റെയും.

ജൂൺ 14, 2018

അപരിചിതനായ ക്രിസ്തുവിലേക്ക്















എന്റെ സ്നേഹവും, ജീവനും, സത്യവും, അർത്ഥവുമായ ക്രിസ്തു
എങ്കിലും ക്രിസ്തു രഹസ്യമായി നില്കുന്നു, അപരിചിത്വം ബാക്കിയാകുന്നു.
ഏതു യഥാർത്ഥ സൗഹൃദത്തിലും ഇത് സത്യമാണ്.
എത്ര അറിഞ്ഞാലും പരിചിതമല്ലാത്ത രഹസ്യങ്ങൾ നമുക്കിടയിൽ ബാക്കിയാകുന്നു.

ഇനിയുമറിയാത്ത ക്രിസ്തുവിനെ എങ്ങനെ അറിയാം?
നമ്മുടെ രഹസ്യങ്ങളിൽത്തന്നെ ആവാം അത്! നമുക്ക് പോലും അന്യമായ നമ്മിലെ രഹസ്യങ്ങളിൽ
ക്രിസ്തുവിന്റെ ആഴങ്ങൾ അറിയുന്തോറും നമ്മളെയും നമ്മൾ അറിയുന്നുണ്ട്
നമ്മുടെ ജീവിതാന്തരീക്ഷങ്ങളിൽ നമ്മളുടെ അർത്ഥങ്ങൾ മനസ്സിലാക്കപ്പെടുന്നും ഉണ്ട്.
അപ്പോൾ ക്രിസ്തുവിന്റെ ചെയ്തികളെയും അല്പം കൂടി ആഴങ്ങളിൽ നമ്മൾ മനസിലാക്കും.

പരിചിതമായതിനെ സംരക്ഷിക്കാനും, അപരിചിതമായതിനെ മാറ്റിനിർത്താനുമാണ് നമ്മുടെ ശ്രമം.
പരിചിതമായവയിൽ തങ്ങളെത്തന്നെ അടച്ചുകളഞ്ഞതാണ് ഫരിസേയർക്കു പറ്റിയ തെറ്റ്.

നിങ്ങളുടെ നീതി ഫരിസേയരുടെ നീതിയെ അതിലംഘിക്കുന്നില്ലെങ്കിൽ നിങ്ങൾ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല

ഏപ്രിൽ 03, 2018

നരകമില്ലെങ്കിൽ ...

ഇറ്റലിയിലെ 'ലാ റിപ്പബ്ലിക്ക' പത്രത്തിന് വേണ്ടി നൽകിയ സംഭാഷണമധ്യേ ഫ്രാൻസിസ് മാർപാപ്പ നരകമില്ലെന്നു പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിൽ, മാർപാപ്പയുടെ യഥാർത്ഥ വാക്കുകളല്ല അവയെന്ന് വത്തിക്കാൻ പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയെ വിശദീകരിച്ചും, പ്രമാണീകരിച്ചും മറ്റുപലരും മുമ്പോട്ട് വരികയും ചെയ്തു. അവയ്ക്കിടയിൽ ചില ആശയക്കുഴപ്പങ്ങളുടെ സാധ്യത മാറ്റിനിർത്താനാകില്ല. നരകമെന്നത് ഒരിടത്തു ഒരു സ്ഥലമായി സ്ഥിതി ചെയ്യുന്നുണ്ടോ, അതോ മനുഷ്യാവസ്ഥയുടെ ഒരു സാധ്യതയായാണോ ഈ വിഷയം നമ്മൾ കാണാൻ ശ്രമിക്കുന്നത്? ഈ സാഹചര്യം ഉയർത്തുന്ന ചോദ്യങ്ങൾ വിശ്വാസത്തിൽ നമ്മൾ ഉപയോഗിക്കുന്ന മറ്റു പല സംജ്ഞകളുടെയും അർത്ഥത്തിൽ വ്യക്തത തേടുന്നുണ്ട്, ആത്മാവ്, കൃപ, പാപം, നരകം, സ്വർഗം, തുടങ്ങിയവയും 'വ്യക്തി' തന്നെയും ഇത്തരത്തിൽ വ്യക്തത ആവശ്യപ്പെടുന്ന വാക്കുകളാണ്. നമ്മൾ ചിന്തിച്ചുപോന്ന രീതികളിൽത്തന്നെ നമുക്ക് തുടരാം (അതിൽ നമ്മൾ സന്തുഷ്ടരുമായിരിക്കും), എന്നാൽ ഇവയൊന്നും തിരസ്കരിക്കാതെ തന്നെ, വ്യത്യസ്തമായി ചിന്തിക്കണമെങ്കിൽ കുറേക്കൂടി തുറവിയുള്ള അർത്ഥതലങ്ങൾ കൂടിയേതീരൂ.

മേല്പറഞ്ഞവയുടെ യാഥാർത്ഥ്യത്തെക്കുറിച്ചോ അസ്തിത്വത്തെക്കുറിച്ചോ അന്വേഷിക്കുന്നതിന് പകരം നമുക്ക് വേണ്ടത് ഇത്തരം സംജ്ഞകളിലൂടെ നമ്മൾ എന്താണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്നാണ്. അമാനുഷികമോ, പ്രകൃത്യാതീതമോ ആയ കാര്യങ്ങളെക്കുറിച്ചാണ്‌ നമ്മൾ സംസാരിക്കുന്നതെങ്കിലും, തീർച്ചയായും അവ മാനുഷികവും ലൗകികവുമായ അവസ്ഥകളെക്കൂടി ഉൾപ്പെടുത്തുന്നതുകൊണ്ടാണ് നമ്മൾ അവയെക്കുറിച്ചു ധ്യാനിക്കുകയും വിചാരവിമർശനം ചെയ്യുകയും ചെയ്യുന്നത്. വിഭിന്നമായ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഈ ആശയങ്ങൾ രൂപപ്പെട്ട് വളർന്നു വരികയും പുതിയ അർത്ഥങ്ങൾ സ്വീകരിക്കുകയും ചെയ്തത് പരിശോധിച്ചാൽ തന്നെ ഇവ എന്തിനുവേണ്ടിയാണ് സ്വീകരിക്കപ്പെട്ടതെന്നും, എങ്ങനെ ഇവ മനുഷ്യജീവിതത്തിനും സംസ്കാരത്തിനും സ്വാധീനശക്തിയായി നിലകൊണ്ടു എന്നും മനസ്സിലാക്കുവാൻ കഴിയും. ഇത്തരത്തിലുള്ള ഭാവനകളിലും, ആശയങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വ്യാഖ്യാനശൈലികളും, ഉപയോഗിക്കപ്പെട്ടിട്ടുള്ള രൂപകങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ അവയിലൂടെ കാലാകാലങ്ങളായി നമ്മൾ എന്താണ് പ്രകടമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്നു ഗ്രഹിക്കുവാനായേക്കും.

തടിക്കഷണത്തെ മേശയോ,കസേരയോ, അതോ വെറും വിറകുകഷണമോ ആക്കി മാറ്റുന്നത് അതിൽ ചേർക്കപ്പെടുന്ന അകാരഘടനയാണെന്നതുപോലെ, ജീവനുള്ളവയുടെ ജീവതത്വമായി ആത്മാവ് കാണപ്പെട്ടു. (സസ്യ, ജന്തു, മനുഷ്യ ലോകത്തെ അവയുടെ വ്യത്യാസത്തെക്കുറിച്ചും, അവയുടെ ഉത്പത്തിയെക്കുറിച്ചും പ്രതിപാദിക്കുക ഈ കൊച്ചുകുറിപ്പിന്റെ ഉദ്ദേശ്യവ്യാപ്തിക്കു മീതെയാണ്) മണ്ണായതിനാൽ, ഭൗതികവും,ജഡികവുമായ ശരീരത്തിൽ ചിന്തിക്കുക, ഓർമിക്കുക, തീരുമാനിക്കുക തുടങ്ങിയ ജീവപ്രക്രിയകൾക്കു പിറകിലെ മൂലകാരണത്തെയാണ് ആത്മാവ് എന്ന് വിളിച്ചത്. തലച്ചോറിനെക്കുറിച്ചും നാഡീസംബന്ധമായ അവസ്ഥകളെക്കുറിച്ചും നടന്നു വരുന്ന ഗവേഷണങ്ങൾ, അടുത്തുവരെ ആത്മാവിന്റേതെന്നു കരുതിയിരുന്ന പല ജീവപ്രക്രിയകൾക്കും വിശദീകരണം നൽകിയിട്ടുണ്ട്. യവനചിന്തയിലും മധ്യകാലതത്വചിന്തയിലും വേരൂന്നിയ ആശയങ്ങളിൽ തളച്ചിടാതെ ഇത്തരത്തിലുള്ള ഗവേഷണഫലങ്ങൾ നൽകുന്ന ഉൾകാഴ്ചകൾക്കൂടി വിശ്വാസസംബന്ധമായ ആശയങ്ങൾക്ക് വ്യക്തത നൽകുവാൻ ഉപയോഗിക്കുന്നതാണ് വിവേകം.

മനുഷ്യനെ സമഗ്രമായരീതിയിൽ കാണുന്നതിന്, അവരുടെ പോരായ്മകളെക്കുറിച്ചു മനസ്സിലാക്കുന്നതിനു, ഇന്ന് മനഃശാസ്ത്രപരവും, ജനിതകപരവും, ശരീരശാസ്ത്രപരവുമായ ഒട്ടേറെ മാനദണ്ഡങ്ങൾ നമുക്ക് ലഭ്യമാണ്. സാമൂഹികാവസ്ഥയും അവഗണിക്കാനാവുന്നതല്ല. ഈ പരിതഃസ്ഥിതികൾ, പാപം ഇരുളണിയിച്ച ആത്മാവ് മൂലം അന്ധമായ ബുദ്ധി, ഇച്ഛാശക്തി, അഭിനിവേശങ്ങൾ എന്നിവ കൃപയ്ക്കെതിരെ സ്വയം അടച്ചു കളയുന്നു എന്ന് പറയുന്നതിനേക്കാൾ, ആഴത്തിലുള്ള സ്വയാവബോധം നമുക്ക് നൽകിയേക്കാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ 'പാപം ഇരുളണിയിക്കുന്ന ആത്മാവ് മൂലം അന്ധമാക്കപ്പെടുന്ന മനുഷ്യയഥാർത്ഥ്യങ്ങൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? നമ്മൾ ഉപയോഗിച്ചിരുന്ന ആത്മീയ രൂപകങ്ങളെക്കാൾ മെച്ചമുള്ള അവലോകനസാധ്യത നമുക്കുണ്ട് എന്നാണ് പറഞ്ഞുവന്നത്.

ദൈവം നമുക്ക് പകർന്നു നൽകിയിട്ടുള്ള ജീവനാണ് കൃപ. ഓരോരുത്തരുടെയും തുറവിയനുസരിച്ചു ഈ കൃപ സ്വീകരിക്കപ്പെടുകയും, വളർത്തപ്പെടുകയും ചെയ്യുന്നു. നവോത്ഥാന സൃഷ്ടിയായ തീർത്തും ഒറ്റക്കുനിൽക്കുന്ന വ്യക്തിരൂപം ദൈവമനുഷ്യബന്ധം ലംബമാനമുള്ളതാക്കിയപ്പോൾ, കൃപയുടെ സ്വീകരണവും തീർത്തും വ്യക്തിപരമായ ഉത്തരവാദിത്തമായി ഒതുങ്ങിപ്പോയി. കൃപസ്വീകരണത്തെക്കുറിച്ചും, അതിനു തടസ്സമാകുന്ന മുറിവുകളെക്കുറിച്ചും അല്പംകൂടി മെച്ചമായി മനസ്സിലാക്കാൻ സഞ്ചയനരൂപത്തിലുള്ള ഒരു സത്തയാണ് (collective form of self) അഭിലഷണീയം. ഈ വ്യക്തിരൂപം സമൂഹസൃഷ്ടിയായി വ്യക്തിയെ കാണുന്നതിനേക്കാൾ സമഗ്രവും, വിശാലവുമാണ്. കൃപ ഏറ്റവും അധികം ആവശ്യമുള്ള നമ്മിലെ ജീവാവസ്ഥകളെയാണ് പാപം നമുക്ക് കാണിച്ചു തരുന്നത്. അവിടെ നമ്മിലെ ശൂന്യാവസ്ഥകളെ മനസ്സിലാക്കാൻ, ഇത്തരമൊരു വ്യക്തിരൂപം അത്യാവശ്യമായി വരും.

എത്രത്തോളം കൃപ സ്വീകരിക്കപ്പെടുന്നുവോ അത്രത്തോളം ദൈവികജീവൻ അനുഭവവേദ്യമാകുന്നു, എത്രത്തോളം കൃപ തിരസ്കരിക്കപ്പെടുന്നോ അത്രത്തോളം ജീവന്റെ അഭാവവും അങ്ങനെ 'മരണാവസ്ഥയും,' അന്ധകാരവും. ദൈവികജീവന്റെ സാന്നിധ്യത്തെയാണ് നമ്മൾ സ്വർഗ്ഗമെന്നു വിളിച്ചത്, അതില്ലാത്തതിനെ നരകമെന്നും. കൃപ സ്വീകരിക്കുന്നു തിരസ്കരിക്കുന്നോ എന്നതനുസരിച്ചു നമ്മിൽത്തന്നെയുള്ള സാധ്യതകളാണവ.

ചരിത്രത്തിന്റെ പലഘട്ടങ്ങളിലും യുഗാന്ത്യപ്രചാരണശൈലി ഉപയോഗിക്കപ്പെട്ടിട്ടുള്ളതായിക്കാണാം. ആസന്നമായിരിക്കുന്ന ദുരന്തത്തെക്കുറിച്ചും, മനുഷ്യന്റെ സമൂലമാറ്റത്തിന്റെ ആവശ്യകതെയെക്കുറിച്ചും, പ്രവചങ്ങളുടെ പൂർത്തീകരണത്തെക്കുറിച്ചുമായിക്കും പ്രതിപാദ്യവിഷയം. ഇവയൊക്കെയും ചില പ്രതിസന്ധിഘട്ടങ്ങളിലായിരുന്നു (ദയനീയമായ മനുഷ്യാവസ്ഥയോ വിശ്വാസതകർച്ചയോ) എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സ്വർഗം പുല്കാനുള്ള ആഗ്രഹവും, നരകത്തോടുള്ള പേടിയും അവരുടെ ഓരോ നിലപാടുകളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. Dante, Milton തുടങ്ങിയ എഴുത്തുകാരുടെയും, ദർശകരുടെയും സ്വർഗ്ഗനരകപരാമര്ശങ്ങൾ അക്ഷരർത്ഥത്തിലെടുക്കുന്നതു തെറ്റുതന്നെയാണ്. അവർ പറയാനാഗ്രഹിക്കുന്നത് പ്രതീകാത്മകരൂപത്തിൽ അവർ വിവരിക്കുകയാണ്.

ജീവന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിൽനിന്നു തങ്ങളെത്തന്നെ സ്വയം അകറ്റിമാറ്റുന്ന അവസ്ഥയാണ് നരകമെന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിരുന്നു. മരണാനന്തരം മാത്രം നമ്മൾ പ്രവേശിക്കുന്ന അവസ്ഥയാണോ സ്വർഗ്ഗനരകങ്ങൾ? നമ്മുടെ ഓരോ നിലപാടുകളിലും സ്വീകരിക്കാനോ, എതിർക്കാനോ, ക്രിസ്തുവിനെ സ്വീകരിക്കാനോ തിരസ്‌കരിക്കണോ നമ്മൾ തീരുമാനമെടുക്കുന്നുണ്ട്. കൃപയിലുള്ള ജീവിതത്തിൽ നമ്മൾ നടക്കുന്നു എങ്കിൽ നമ്മൾ പ്രവേശിച്ചുകഴിഞ്ഞ സ്വർഗാവസ്ഥയും നമുക്കുള്ളിലുണ്ട്. പരിപൂർണമായി കൃപയാൽ നിറയപ്പെട്ടിട്ടില്ലാത്തതിനാൽ അതിന്റെതായ ശൂന്യതയും (ദൈവത്തിന്റെ അസാന്നിധ്യം) അനുഭവപ്പെട്ടേക്കാം. ക്രിസ്തു നമ്മുടെ പാപങ്ങൾ വഹിച്ചുഎന്നു പറയുമ്പോൾ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സകല ശൂന്യതകളും അവൻ കൃപ കൊണ്ട് നിറക്കുകയാണ്. ബോധപൂർവ്വവും, സ്വന്തം പോരായ്മകൾ മൂലവും കൃപയിൽനിന്നുള്ള അകൽച്ച സാധ്യമാകാമെന്നതിനാൽ, കൃപയോടുള്ള തുറവിയും, സ്വർഗാനുഭവവും കൂട്ടായ്മയുടെ ഒരു തലത്തിലേക്ക് കടക്കുന്നുണ്ട്. പരസ്പരം ബലപ്പെടുത്തുന്നതും, ഒന്നായിനിന്നുകൊണ്ടു കൃപയിൽ വളരുന്നതും. വേണമെങ്കിൽ പ്രപഞ്ചം മുഴുവനെയും ഈ കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ചുചേർക്കാം.

നരകമുണ്ടോ? കൃപ തിരസ്കരിക്കാൻ മനുഷ്യന് സ്വാതന്ത്ര്യം ഉള്ളതിനാൽ, ദൈവിക ജീവനെ മാറ്റിനിർത്താൻ തത്വത്തിലെങ്കിലും സാധ്യമാണ്. അങ്ങനെ മാനുഷികസാധ്യതയായി കൃപയുടെ, ദൈവികജീവന്റെ അഭാവം എന്ന നിലയിൽ നരകവും ഉണ്ടാകാം. നരകം പ്രപഞ്ചത്തിലെവിടെയോ ഉള്ള, ശിക്ഷയുടെ ഒരു സ്ഥലമായുള്ള കാഴ്ചപ്പാട് തീർത്തും ഉപേക്ഷിക്കേണ്ടതായുണ്ട്. ക്രിസ്തുവിലേക്കുള്ള വളർച്ചയാണ് സൃഷ്ടിയുടെ ലക്ഷ്യമെങ്കിൽ പാരമ്യമായി ക്രിസ്തു എല്ലാറ്റിലും എല്ലാമാകും, കൃപയാൽ എല്ലാം ഏകീകരിക്കപ്പെടുകയും ചെയ്യും. ദൈവത്തെക്കുറിച്ചും, കൃപയെക്കുറിച്ചും, മനുഷ്യനെക്കുറിച്ചും നല്ളൊരു അവബോധം നമുക്കുണ്ടെങ്കിൽ സുവിശേഷസത്യങ്ങളെ തീർത്തും മനസ്സിലാക്കുവാൻ നമുക്ക് കഴിയും. നരകമില്ല എന്ന് പറഞ്ഞാൽ അത് മനുഷ്യനെ അരാജകത്വത്തിലേക്ക് തള്ളിയിടുമോ? സ്വർഗ്ഗമെന്ന സൗഭാഗ്യമോ, നരകമെന്ന ശിക്ഷയോ കാരണമാക്കാതെ ദൈവമനുഷ്യബന്ധത്തിന്റെ ഉത്തരവാദിത്തത്തിലേക്കു വളരാൻ കഴിയുന്നെങ്കിൽ അത് കൂടുതൽ ശ്രേഷ്ഠം തന്നെയാണ്. അപ്പോൾ എത്രമാത്രം ദൈവത്തിനും ക്രിസ്തുവിനും വേണ്ടി ജീവിക്കുന്നവരാണ് നമ്മൾ എന്ന് നമുക്ക് മനസ്സിലാകും.

Please have some extra reading to understand better the above:
J. Edward Wright, The Early History of Heaven
Alister E. McGrath, A Brief History of Heaven
Alice K. Turner, The History of Hell
Jeffrey Reid, Great Philosophers: A Brief History of the Self and Its World
John Barresi and Martin Raymond, The Rise and Fall of Soul and Self : An Intellectual History of Personal
Identity 

Jean Delumeau, Sin and Fear: The Emergence of a Western Guilt Culture, 13th-18th Centuries
Benedict XVI, Spe Salvi 
Joseph Ratzinger, Eschatology: Death and Eternal Life

The same note is available in English at What if there is no Hell? 

ഏപ്രിൽ 02, 2018

ഉയിർത്തെഴുന്നേറ്റവൻ എവിടെ?

അതിരാവിലെ യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകളുടെ മനസ്സിൽ ജീവനറ്റ ഒരു ശരീരമായിരുന്നു. വിലേപനത്തിനായിക്കരുതിയ  സുഗന്ധക്കൂട്ടുകൾക്ക്  അർത്ഥം നൽകിയത് അത് തങ്ങൾ ആത്മതുല്യം സ്നേഹിക്കുന്നവന്റെ ശരീരമാണെന്നതാണ്. അസാന്നിധ്യം ഒരു ശൂന്യതയായി തെളിഞ്ഞപ്പോൾ അത് ഉള്ളിന്റെ ആധിയായി, തകരുന്ന സ്വപ്നങ്ങളുടെയും, സ്വരുക്കൂട്ടിവച്ചിരുന്ന സ്നേഹപ്രതീകങ്ങൾ പാഴാകുന്നതിന്റെയും  ഉൾക്കിടിലത്തോടെയാണ് അവർ കല്ലറക്കുള്ളിലേക്കു എത്തിനോക്കിയത്.

കല്ലറക്കുള്ളിൽനിന്നും അവർ കേട്ട സ്വരം നമുക്കും അർത്ഥപൂർണ്ണമാണ്: "ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിനാണ്?, അവൻ ഇവിടെയില്ല, അവൻ അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു." മരിച്ചവർക്കാണ് ശവക്കല്ലറ വേണ്ടത്. ജീവനുള്ളവർ മൃതരെ സംസ്കരിക്കാനാണ് അവിടെ വരുന്നത്. ജീവിക്കുന്നവർ അവരുടെ ജീവിതാവസ്ഥകളുടെ നടുവിലാണ്, ഇണങ്ങിയും പിണങ്ങിയും,ആഘോഷങ്ങളിലും, ദുഃഖങ്ങളിലും, വിലാപങ്ങളിലും, സന്തോഷങ്ങളിലും വേർപാടിലും അവർ പങ്കുചേരുന്നു. ജീവിച്ചിരിക്കുന്നവനെ അന്വേഷിക്കേണ്ടത് ജീവിക്കുന്നവർ അവരുടെ ജീവിതങ്ങളെ ചേർത്തുവച്ചിരിക്കുന്ന ഇടങ്ങളിലാണ്. വിളനിലവും കൊയ്ത്തുപാട്ടും, ഊൺമേശയും ഓഫീസ് കസേരയും, മരുന്നുമുറിയും ഓപ്പറേഷൻ തീയേറ്ററും, അനുരാഗത്തിന്റെ പുൽമെത്തയും, ഉപവാസത്തിന്റെ ചാക്കുവസ്ത്രവും ഉത്ഥിതൻ തിരിച്ചറിയപ്പെടുന്ന സന്ദർഭങ്ങളാണ്. എവിടെ നമ്മൾ ജീവിക്കുന്നു, എങ്ങനെ  നമ്മൾ ജീവിക്കുന്നു അതിന്റെ ഭാഗമാകാൻ ക്രിസ്തു ആഗ്രഹിക്കുന്നു.

സ്ത്രീകൾക്ക് ക്രിസ്തു നൽകിയ സന്ദേശം തീർത്തും അർത്ഥവത്താണ്, "നിങ്ങൾ പോയി അവരോടു പറയുക, ഗലീലിയിലേക്കു പോകുവിൻ, അവിടെ അവർ എന്നെ കാണും." ഗലീലി മനുഷ്യജീവിതത്തിന്റെ സാധാരണത്തം ജീവിക്കപ്പെടുന്ന സ്ഥലങ്ങളാണ്. ജെറുസലേമിലാകട്ടെ മതഘടനകൾ അനുശാസിക്കുന്ന പാവനതക്കു വേണ്ടി സ്ഥാനങ്ങളിലും, ചര്യകളിലും പൊയ്മുഖമണിയുന്നവരാണ് നമ്മൾ. ഗലീലിയിൽ വെറും പച്ചമനുഷ്യരായി നടക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. യേശു പറയുന്നു," അവിടെ അവർ എന്നെ കാണും."

"ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്" എന്ന ചോദ്യത്തിലേക്ക് ഒന്നുകൂടി ശ്രദ്ധ നൽകിയാൽ അല്പം കൂടി ആഴമുള്ള മറ്റൊരു ആത്മവിചിന്തനം സാധ്യമായേക്കും: "നിങ്ങൾ തേടുന്ന ജീവൻ നിങ്ങളിലും നിങ്ങൾക്കിടയിലും സമീപസ്ഥമായിരിക്കുമ്പോൾ, അസാന്നിധ്യത്തെക്കുറിച്ചു നിങ്ങൾ ഭയപ്പെടുന്നതെന്തിനാണ്?"

ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് യേശു തന്റെ ജീവൻ വെടിഞ്ഞു എന്ന് നമ്മൾ വായിക്കുന്നു. ശൂന്യവൽക്കരണത്തിലെന്നതു പോലെ ഉത്ഥാനത്തിലും ഈ നിലവിളി ഒരു വലിയ ദാഹമാണ്, നമ്മിലായിരിക്കുവാനും, നമ്മുടെയിടയിലായിരിക്കുവാനും .... സാന്നിധ്യമേകാനായുള്ള ആഴമേറിയ ദാഹം. ശൂന്യവത്കരണം ഒരു വിസ്തരണം കൂടിയാണ്. സ്വയം ശൂന്യമാക്കിയ ജീവൻ ഇല്ലാതാവുകയല്ല, പകരപ്പെടുകയാണ് നമ്മിലേക്ക്‌. അങ്ങനെ ഉത്ഥിതന്  നമ്മിൽ ഒരു പുതിയ ശരീരരൂപം ലഭിക്കുന്നുണ്ട്. ആ ക്രിസ്തുവിനെ നമ്മിൽത്തന്നെയും നമുക്കിടയിലും തിരിച്ചറിയാൻ കഴിയുക എന്നതാണ് ഉത്ഥിതനെ കണ്ടുമുട്ടുന്ന യാഥാർത്ഥ്യം.

പരിശുദ്ധിയുടെ അലങ്കാരങ്ങളുള്ളിടത്താണ് ഒരുപക്ഷെ നമ്മൾ അവനെ പ്രതീക്ഷിക്കുന്നത്. ജെറുസലേമിന്റെ പരിവട്ടങ്ങളിൽ ചുറ്റിത്തിരിയുന്ന നമ്മളെ ഗലീലിയിലേക്കു പറഞ്ഞയക്കാൻ യേശു തിടുക്കം കാണിക്കുന്നു. അവിടെ എന്നും നമ്മൾ നടക്കുന്ന പാതയോരത്തു നമ്മൾ അവിടുത്തെ കാണും. അങ്ങനെയെങ്കിൽ സമ്മർദ്ദം നൽകുന്ന working projects, sites പോലും ഉത്ഥിതന്റെ സാന്നിധ്യം നമ്മളെ അറിയിക്കും. ഈ സാന്നിധ്യത്തെ തിരിച്ചറിയാനാണ് നമ്മൾ പരാജയപ്പെടുന്നത്. അങ്ങനെ, ഇല്ലാത്ത ശൂന്യതയെക്കുറിച്ചാണ് നമ്മൾ ഭയപ്പെടുന്നത്. ഇടിമുഴക്കത്തിലും, ഭയാനകതയിലും, രഹസ്യങ്ങളിലുമാണ് നമ്മൾ അവനെ തേടുന്നത്. എന്നാൽ ഏറ്റവും സാധാരണമായ നമ്മുടെ ചുറ്റുപാടുകളിലുമാണ് ക്രിസ്തു കാത്തിരിക്കുന്നത്. അതുകൊണ്ട്, ഏതൊരു അനുഭവത്തിലും ഒരു പുനരുത്ഥാന അനുഭൂതി ഉണ്ട്. നമ്മിലെ ശവക്കല്ലറകളിലെ ശൂന്യതകളിലേക്കായിരിക്കാം നമ്മൾ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്, ഒരു പക്ഷെ കല്ലുകളാൽ അവ മറക്കപ്പെട്ടിട്ടുമുണ്ടാകാം. ആ ശബ്ദം നമ്മൾ വീണ്ടും കേൾക്കണം,"അവൻ ഇവിടെയില്ല, അവൻ ഉയിർത്തെഴുന്നേറ്റു. അവൻ നിങ്ങളുടെ ഉള്ളിലും,നിങ്ങളുടെ ഇടയിലുമാണ്." 

അവിടുത്തെ തേടിയവർക്കാണ് അവനെ കാണാനായത് എന്നത് ധ്യാനാർഹമാണ്. ജീവിതത്തിൽ അതിവിലയേറിയ സ്ഥാനമായുണ്ടായിരുന്ന ക്രിസ്തു അകന്നുപോയപ്പോൾ വലിയ ശൂന്യതയാണ് അവർക്കുള്ളിൽ. എന്നാൽ അവൻ പറഞ്ഞിരുന്ന വാക്കുകൾ അവരെ പ്രതീക്ഷ കൊണ്ട് നിറക്കുന്നുണ്ട്. അടക്കപ്പെട്ട കല്ലറയിൽ അവൻ ഇല്ല എങ്കിൽ തീർച്ചയായും അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. വ്യക്തിപരമായ ഒരു മാനസികഭാവനയല്ല അത്. അവിശ്വസനീയമാണെങ്കിലും തിരിച്ചറിയപ്പെടുന്ന ജീവസാന്നിധ്യമാണത്. തളർച്ചയുടെയും ശൂന്യതയുടെയും സകല അവസ്ഥയിലും ജീവൻ പകർന്നുനൽകുന്ന ജീവസാന്നിധ്യം. പീഢിപ്പിക്കപ്പെട്ടാലും, ശക്തി ക്ഷയിച്ചാലും, എണ്ണം കുറഞ്ഞാലും ആ സാന്നിധ്യം ജീവനുള്ളതാണെന്ന് തിരിച്ചറിയപ്പെടാത്തപ്പോളാണ് നമ്മൾ നമ്മെത്തന്നെ അനിശ്ചിതത്തിലേക്കു വലിച്ചെറിയുകയും സുരക്ഷക്കായുള്ള സ്വന്തം വഴികൾ തേടുകയും ചെയ്യുന്നത്. പകരം ആ ജീവനിൽ നമുക്ക് ഉറപ്പുണ്ടെങ്കിൽ, ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാകാനും പുതുജീവനിലേക്കു കടക്കുവാൻ നമ്മെത്തന്നെ അനുവദിക്കുവാനും നമുക്ക് കഴിയും.

വചനമായി ക്രിസ്തുവിനെ കാണുമ്പോൾ അതിലും വലിയൊരു ക്രിസ്തുസാന്നിധ്യം നമുക്ക് സാധ്യമാകും. അവനിലൂടെ എല്ലാം സൃഷ്ടിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യരക്ഷക്കായി മനുഷ്യരൂപം സ്വീകരിച്ച ക്രിസ്തു ഉയിർക്കുമ്പോൾ സകലസൃഷ്ടവസ്തുക്കളിലേക്കും തന്റെ സാന്നിധ്യം പകർന്നു നൽകുന്നുണ്ട്. അവൻ നമുക്കുള്ളിലും, നമുക്കിടയിലും, നമുക്കുചുറ്റും സന്നിഹിതനായിരിക്കുമ്പോൾ എന്തിനാണ് നമ്മൾ ഭയക്കുന്നത്? നമ്മിലെ ശൂന്യതകളെ അവഗണിക്കാനാവില്ല, പക്ഷെ അവിടെ സാധ്യമാകുന്ന ക്രിസ്തുസാന്നിധ്യത്തെ കാണാതെ പോകരുത്. ശൂന്യമായ കല്ലറ ഉത്ഥാനത്തിന്റെ തെളിവാകണമെന്നില്ല, എന്നാൽ അവന്റെ സാന്നിധ്യം തീർച്ചയായും തെളിവാണ്.

അത്ഭുതങ്ങൾ കാണിക്കാനായി ചാടിയിറങ്ങുന്ന ഒരു വീരകഥാപാത്രമല്ല ഉത്ഥിതനായ ക്രിസ്തു. ഉയിർത്തെഴുന്നേറ്റവൻ എവിടെ എന്ന അന്വേഷണം, വി പൗലോസിന്റെ  'ക്രിസ്തുവിൽ ആയിരിക്കുക' എന്ന സത്യാർത്ഥം കൂടി ചേർത്ത് ധ്യാനിക്കുന്നത് നല്ലതാണ്. ഉത്ഥിതന്റെ മഹിമയുടെ പ്രകാശം ലോകം അറിയുന്നത് ആ പ്രകാശം നമ്മിലും സഭയിലും ഉണ്ടെങ്കിൽ മാത്രമാണ്. ഉത്ഥാനത്തിന്റെ ശോഭ, പുറമേ നിന്ന് പ്രകാശിപ്പിക്കുന്ന സൂര്യകിരണം പോലെയല്ല, അകത്തു നിന്ന് പ്രകാശിക്കുന്ന ശോഭയായാണ്. 'ക്രിസ്തുവിൽ ആയിരിക്കുന്ന' സകലരും തങ്ങളിൽ പുഷ്പിച്ചു വിളയിക്കുന്ന പുണ്യങ്ങളിലാണ് ഉത്ഥിതനും ജീവിക്കുന്നവനുമായ ക്രിസ്തുവിന്റെ മഹിമയുടെ പ്രകാശം. 


മാർച്ച് 16, 2018

ആത്മീയത കുമ്പസാരിക്കുമ്പോൾ

ആരുടേയും വളർച്ചയിൽ വിലയിരുത്തലുകൾ അത്യാവശ്യമാണ്. ശാസ്ത്രീയസിദ്ധാന്തങ്ങൾ പരീക്ഷണവിധേയമാക്കപ്പെടാറുണ്ട്. പ്രായോഗികത, ഉപയോഗിക്കപ്പെടുന്ന രീതി, ഉണ്ടാക്കിയേക്കാവുന്ന ഫലം തുടങ്ങിയവയാണ് അതിലെ മാനദണ്ഡം. നമ്മൾ സ്വീകരിക്കുന്ന ആത്മീയത നമ്മുടേതായ സാഹചര്യങ്ങളിൽ  അർത്ഥപൂർണ്ണമായ ജീവിതം നയിക്കാൻ നമ്മെ ശക്തിപ്പെടുത്തേണ്ടതാണ്.  ശാസ്ത്രസാങ്കേതികരംഗങ്ങളിലും, സാമൂഹികസാംസ്കാരിക രംഗങ്ങളിലും ത്വരിതഗതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ മൂല്യബോധങ്ങളെയും ലോകസങ്കല്പങ്ങളെയും വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അതിൽത്തന്നെ സമൂഹബോധത്തിനും, സാംസ്കാരികകെട്ടുറപ്പിനും ക്ഷയം സംഭവിക്കുന്നുമുണ്ട്. പുതുരൂപങ്ങൾ പതിയെ സ്ഥായിയായ ഘടനകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷവയ്ക്കാമെങ്കിലും, മനുഷ്യബുദ്ധിക്കോടിയെത്താൻ  കഴിയാത്ത വേഗത്തിൽ സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നെന്നു വേണം കരുതാൻ. മാനവിക ഭാവങ്ങളിൽ വന്നുചേർന്ന മൂല്യശോഷണം നമ്മെ ഒരു വിലയിരുത്തലിന് ക്ഷണിക്കുന്നുണ്ട്.

നമ്മുടെ പള്ളികളിലും, ധ്യാനകേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും, അവയുടെ ചുവരുകൾക്കുള്ളിൽ നമ്മൾ വളരെ സംതൃപ്തരാണ്. മതപരമായും, ദൈവശാസ്ത്രപരമായും, ശുശ്രൂഷാപരമായും നമ്മൾ സന്തുഷ്ടരാണ്.  എന്നിരുന്നാലും ഇവയുടെ കാലികവും ഉചിതവുമായ സഫലത ഈ സന്തുഷ്ടി ഉൾകൊള്ളുന്നുണ്ടോ എന്നത് സംശയമാണ്.

സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ വികലതകൾ, അവയുടേതായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കേണ്ടതിനു പകരം മതങ്ങൾ ആത്മീയ വ്യാഖ്യാനങ്ങൾ നൽകിയത് മുരടിപ്പ് വരുത്തിവച്ചിട്ടില്ലേ?  ജീവിതത്തിലെ അവസ്ഥകൾക്ക് അമിതമായി നൽകപ്പെടുന്ന  ആത്മീയവ്യാഖ്യാനങ്ങൾ യാഥാർത്ഥ്യങ്ങളിൽ നിന്ന് നമ്മെ അകറ്റുന്നില്ലേ എന്നൊരു സംശയം! അഭ്യസ്തവിദ്യരും നിരൂപണശേഷിയുമുള്ള  അധ്യാപകരും, സമൂഹത്തെ പഠിക്കാൻ വിദഗ്ദ്ധരുമായ പലരും നമ്മുടെ ഇടയിൽ ഉണ്ടായിരുന്നിട്ടും  അവരുടെ കഴിവുകൾ, നല്ലൊരു വിലയിരുത്തലിനുവേണ്ടി ഉപയോഗിക്കപ്പെട്ടില്ല. കുടുംബവും, ജോലിസ്ഥലവും മൂല്യവൈരുദ്ധ്യങ്ങൾക്കുമിടയിൽ കഴിവതും ആത്മാർത്ഥത പുലർത്താൻ  ആഗ്രഹിക്കുന്ന തലമുറയെ മനസ്സിലാക്കാനോ കൂടെനടക്കുവാനോ ഉള്ള ബുദ്ധിയോ താല്പര്യമോ മതങ്ങളൊന്നും തന്നെ കാണിച്ചിട്ടില്ല എന്നത് ഓർക്കണം. ആത്മീയഭാഷണങ്ങൾ മതപ്രീണിതമായ രൂപകങ്ങളും ശൈലികളും തുടർന്നുപോന്നു.  ബുദ്ധി ഉപയോഗിക്കുന്നത് തിന്മയാണെന്നു പോലും  ആത്മീയപ്രബോധനം  ഈയടുത്തു നൽകപ്പെട്ടു. പലപ്പോഴും  ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ ഉത്തരം തേടുന്ന ജനം, അല്പനേരത്തേക്കു ഇത്തരം ആത്മീയകാഴ്ചപ്പാടിൽ വിശ്വസിക്കുകയും ആശ്വാസമടയുകയും ചെയ്യും. നിർഭാഗ്യവശാൽ അവർ വിധിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്‌തു എന്നത് സത്യം. വിശ്വാസത്തിന്റെ സമകാലികമൂല്യം അന്വേഷിക്കുന്ന അവരെ ഉപരിപ്ലവമായ ആചാരങ്ങളിലും, മൗലികതയിലും കുരുക്കിയിട്ടു. യഥാർത്ഥ ആത്മീയത തുറവിയും ഉൾക്കാഴ്ചയും നൽകുമെന്നിരിക്കെ, വികലമായ ആത്മീയത ഏറ്റവും എളുപ്പം സ്വീകരിക്കപ്പെടാവുന്ന പ്രതിവിധിയായും  മാറും.

സാഹചര്യങ്ങളുടെ യഥാർത്ഥ സ്വഭാവം മറച്ചുവയ്ക്കാനും ഈ ആത്മീയഭാഷ ഉപയോഗിക്കപ്പെടാറുണ്ട്. സകല സാഹചര്യങ്ങൾക്കും ആത്മീയ കാരണങ്ങൾ കാണുന്നതും, ആത്മീയ പരിഹാരങ്ങൾ തേടുന്നതും ഉചിതമല്ല. അങ്ങനെയാകുമ്പോളാണ് അഹിതമായതെല്ലാം (പ്രകൃതിപരമോ, സാമൂഹികമോ, മനഃശാസ്ത്രപരമോ ആയ കാരണങ്ങൾ ഉണ്ടായേക്കാമെങ്കിൽക്കൂടി) പിശാചുമൂലമെന്നും, സ്വീകാര്യമായതെല്ലാം അനുഗ്രഹപൂർണമാണെന്നും നമ്മൾ വ്യാഖ്യാനിച്ചെടുക്കുന്നത്.  സമൂഹത്തിലും വ്യക്തിയിലും ഉണ്ടാകുന്ന വികലതകൾ മനഃശാസ്ത്രപരമായും, സാംസ്കാരികമായും, സാമൂഹികമായുമുള്ള ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് വേണം അപഗ്രഥനവിഷയമാക്കാൻ.  സമൂഹത്തിനോ  അസഹ്യമായ, എന്നാൽ പേര് നൽകാനാകാത്ത, ചരിത്രയാഥാർത്ഥ്യങ്ങൾ (പ്രതിഭാസങ്ങൾ, സാംസ്‌കാരിക സംഘർഷങ്ങൾ ...) അസുരക്ഷിതാവസ്ഥ രൂപപ്പെടുത്തുന്നുണ്ട്. മന്ത്രതന്ത്രവിദ്യകൾ ഇത്തരം അസുരക്ഷകൾക്കു നടുവിൽ എളുപ്പം തേടാവുന്ന .സുരക്ഷാമാർഗങ്ങളാണ്. പ്രശ്നത്തിനുള്ള പരിഹാരം എന്നതിലുപരി പ്രശ്നത്തെക്കുറിച്ചുള്ള വ്യാഖ്യാനമാണ് അവർക്ക് ലഭിക്കുന്നത്, അത് എത്രമാത്രം അടിസ്ഥാനപരമല്ല എന്നിരുന്നാൽ കൂടി. അടയാളങ്ങളിലും പ്രതീകങ്ങളിലുമാണ് നമ്മൾ ഗ്രഹിക്കുന്നതെന്നും പറയുന്നതെന്നുമാണ് വിശ്വാസിയുടെ യാഥാർത്ഥ്യബോധം ആദ്യം  മനസിലാക്കേണ്ടത്. Dante മുതൽ കാല്പനികതാരമായ വ്യക്തിത്വത്തിനുടമയാണ് സാത്താൻ. സമൂഹം   തിരിച്ചറിയാതെ പോകുന്ന ആന്തരിക സംഘർഷങ്ങൾക്കും  അരക്ഷിതാവസ്ഥയ്ക്കും ഇടയിൽ കാലത്തിനനുസരിച്ച് പലരൂപങ്ങളിൽ അത് പുനർജ്ജനിച്ചുകൊണ്ടിരിക്കും. നവോത്ഥാനം ദൈവത്തെ കൊന്നുകളഞ്ഞിട്ടില്ല, മറിച്ച് അതിനു ശേഷം വന്ന ശാസ്ത്രയുഗം മറ്റനേകം കുട്ടിദൈവങ്ങളെ ഉണ്ടാക്കുകയാണ് ചെയ്തത്. 

യഥാർത്ഥ ആത്മീയത നമ്മുടെതന്നെ ഉള്ളിനെ നമുക്കുമുമ്പിൽ തുറന്നുനല്കും. മതങ്ങളുടെ കാര്യകാരണവ്യാഖ്യാനങ്ങളിൽ നിന്ന്  വ്യത്യസ്തമാണെങ്കിൽക്കൂടി തുറവിയോടെ  അത് സ്വീകരിക്കാനും, അതിനനുസരിച്ചു കുറച്ചുകൂടി ആഴത്തിൽ സ്വന്തം ജീവിതം നോക്കിക്കാണാനും ആത്മീയത കരുത്തു നൽകും.   ഈ ഉൾക്കരുത്തും അതിൽതന്നെയുള്ള എളിമയും ദൈവാശ്രയബോധത്തിൽ നിന്നേ ഉണ്ടാകൂ. ദൈവാശ്രയബോധം നമ്മെ പരസ്പരാശ്രയത്വവും പഠിപ്പിക്കുന്നു. പരിപാലനയിലുള്ള ഉറപ്പാണ് ഈ ആശ്രയബോധം; നമ്മെയും നമ്മളുടെ ഭാരങ്ങളെയും വഹിക്കുന്നത് ദൈവമാണെന്ന ഉറപ്പ്. അവിടെ സ്വാതന്ത്ര്യവും  ശാന്തതയും അതുകൊണ്ടുള്ള ആനന്ദവുമുണ്ട്. വൃഗ്രത ഉണ്ടാക്കുന്ന എന്തും ഭാരങ്ങളാണ്. ദൈവാശ്രയബോധമുണർത്തുന്നതിനു പകരം, ചിട്ടകളും  ഭക്തക്രിയകളും ആചരണങ്ങളും സന്ദേഹമുണ്ടാക്കുന്നവയാകുമ്പോൾ   അവ വിഗ്രഹതുല്യമായിത്തീരുന്നുണ്ട്. വഹിച്ചുകൊണ്ട് നടക്കേണ്ടി വരുന്ന ഭാരങ്ങളാവുകയാണവ. അവ ഫലരഹിതമാണെന്നു മാത്രമല്ല, കൃപയുടെ സ്വീകാര്യതയെ തടസപ്പെടുത്തുന്നുമുണ്ട്.

വ്യക്തിയെയോ സമൂഹത്തെയോ അതിന്റെ ഉൾബോധത്തിലേക്കു നയിക്കാൻ, അവരുടെ നിലപാടുകളെ കാണുവാൻ കഴിയുന്ന ദർപ്പണങ്ങൾ അത്യാവശ്യമാണ്. ആത്മീയത പുറത്തുനിന്നു വരുന്ന കരുത്തല്ല, ഉള്ളിൽനിന്നുള്ള  കാഴ്ചയാണ്. ഞാനെന്ന വ്യക്തിയോടും, സമൂഹത്തോടും അതിന്റെ സങ്കീർണ്ണതകളോടും നമ്മിലെ ശൂന്യതയോടും പോലും ശാന്തതയോടെ സംവദിക്കുന്ന ക്രിസ്തുചൈതന്യം ഉള്ളിൽ കാണാൻ കഴിയുക എന്നാണ് അതിന്റെ അർത്ഥം. വിശ്വാസം ജീവിക്കുന്ന ഒരു യാഥാർത്ഥ്യമായി തെളിയണം, നമ്മുടെ നിത്യജീവിതത്തിലേക്കു പരിഭാഷ ചെയ്യപ്പെടണം. ഇതേ സങ്കീർണ്ണതകൾക്കുള്ളിൽത്തന്നെ നമ്മുടെ ആന്തരികവിലാപങ്ങൾക്കുള്ള ഉത്തരമായി ദൈവസ്വരം പതിയെ മന്ത്രിക്കുന്നുണ്ട്.  ഉത്തരവും പരിഹാരവും നിർദേശിക്കാനില്ലാതെ  വന്നാലും ആത്മാർത്ഥതയും എളിമയും ഉണ്ടെങ്കിൽ, അവയോടൊത്തു നടക്കുവാനാകും. ആത്മീയത കുമ്പസാരിക്കുമ്പോൾ വിളിച്ചു പറയും, "ഒന്നുമറിയാതെ ഞാൻ  ഈ തലമുറയെ വിധിച്ചു, ഗ്രഹിക്കുക പോലും ചെയ്യാതെ ഞാൻ അവർക്കുവേണ്ടി പരിഹാരം നിർദേശിച്ചു, ഞാൻ തന്നെ എല്ലാറ്റിനും മതിയെന്ന് ഞാൻ കരുതി, വിനീതമായി അവരെയും, അവരുടെ പശ്ചാത്തലങ്ങളേയും പഠിക്കാൻ ഞാൻ ശ്രമിച്ചുമില്ല."

പരിശുദ്ധാത്മാവിന്റെ വരദാനങ്ങളിലൂടെ ക്രിസ്‌തുവ്യക്തിത്വത്തിലുള്ള ഒരാളുടെ വളർച്ചയാണ് ലക്ഷ്യവും മാനദണ്ഡവും ആകേണ്ടത്, പകരം കെട്ടലുകൾ ബന്ധനങ്ങൾ തുടങ്ങിയ ആശയങ്ങളുടെ പ്രചരണം ആർക്കാണ് വളർച്ച നൽകിയത്. ഇത്തരത്തിലുള്ള വാക്കുകൾ സൂചിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ വേണ്ടവിധം മനസിലാക്കാൻ കൃപയിലുള്ള ആശ്രയത്തോടൊപ്പം, മേല്പറഞ്ഞതുപോലുള്ള മാനദണ്ഡങ്ങളും പരിഗണിക്കേണ്ടതുണ്ട്. അപക്വവും വിവേകരഹിതവുമായ ഉപദേശങ്ങളും വ്യാഖ്യാനങ്ങളും നൽകുന്ന pseudo charismatics വിശ്വാസികളുടെ  social psyche യെത്തന്നെ വിരൂപമാക്കുന്നുണ്ട് എന്നതുകൊണ്ട് ഇത് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ആവുംവിധം തെളിമയുള്ള മനസ്സോടെ, ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ ശ്രമിക്കണം. നമ്മിലെ തന്നെയും, സമൂഹത്തിലെയും പുതുനിർമിതിയിലെ ഘടകങ്ങളെ തിരിച്ചറിയാൻ, ഈ ഘടകങ്ങൾ സൃഷ്ടിക്കുന്ന രൂപങ്ങളെ മുൻകൂട്ടിക്കാണാൻ, വേണ്ട തിരുത്തലുകൾ എടുക്കാൻ, നമ്മുടെ ഇടയിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ വിലയായിട്ടെടുക്കാൻ  കഴിഞ്ഞെങ്കിൽ യാഥാർത്ഥ്യബോധമുള്ള ഒരു ആത്മീയത രൂപപ്പെടുത്താൻ നമുക്ക് കഴിഞ്ഞേക്കും.

മാർച്ച് 15, 2018

ശൂന്യമാകേണ്ട ബലിക്കല്ലുകൾ

സ്നേഹിക്കുവാനും ക്ഷമിക്കുവാനും ആയിരുന്നു ക്രിസ്തുവിന്റെ ഉപദേശം. സ്നേഹിക്കുവാൻ നിനക്ക് കഴിയുമെന്ന് നിന്നോട് ക്രിസ്തു പറയുന്ന സുവിശേഷം, സ്നേഹിക്കാൻ നീ യോഗ്യനാണെന്നു അപരനോട് നീ പറയുന്ന സുവിശേഷം. തീർത്തും ലളിതമായ ഇത് അത്രയുംതന്നെ അപകടകരവുമാണ്. കുറെയേറെ നിർവചനങ്ങളും അതിർവരമ്പുകളും നമുക്കു ഉപേക്ഷിക്കേണ്ടതായി വരും, അധികാരങ്ങൾ വിട്ടിറങ്ങേണ്ടതായി വരും. ശുശ്രൂഷചെയ്യാൻ നൽകപ്പെട്ട ആന്തരികശക്തി ഭരിക്കാനുള്ള അധികാരമായി വായിച്ചെടുത്തത് നമ്മിലെ സ്വാർത്ഥതയും അധികാരപ്രവണതയും. ലോകങ്ങൾ കീഴടക്കുന്ന ശൈലി സുവിശേഷവൽക്കരണത്തിനു നൽകിയതു സാമ്രാജ്യത്തമേല്കോയ്മയുടെ അധികാരദർശനം നമ്മുടെ ഉള്ളിനെ  മത്തുപിടിപ്പിച്ചതുകൊണ്ടാണ്. സകലരും മുട്ടുമടക്കുന്ന രാജരൂപം ക്രിസ്തുവിനു നൽകിയതും ഇതേ സാമ്രാജ്യത്വ ഭാഷ. വിശ്വാസപ്രബോധനങ്ങളുടെ പേരിൽ ഉണ്ടായ ഭിന്നതകൾ പോലും അധികാരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നതാണ് ചരിത്ര വസ്തുത. ആത്മീയതയുടെ മൂടുപടം നൽകിയ അധികാര ദുർവിനിയോഗമാണ് മതങ്ങളുടെ വിശുദ്ധവിശ്വാസങ്ങൾക്കു കളങ്കം നൽകിയത്. ജറുസലേമിലെ അതിവിശുദ്ധസ്ഥലം പോലും ദൈവാരാധന എന്ന ആത്മീയകർമത്തിൽ മറച്ച അധികാരമുറപ്പിക്കൽ തന്നെ. അതിവിശുദ്ധസ്ഥലം ജറുസലേമിൽ കല്പിക്കപ്പെട്ടതിനു ശേഷം നോഹയോ, അബ്രാഹമോ  അർപ്പിച്ചതുപോലെ അവരുടേതായ ബലി അർപ്പിക്കാനോ, യാക്കോബ് ചെയ്തതുപോലെ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങൾ ഉയർത്താനോ ആർക്കുമാവില്ല. ഏകദൈവം, വെല്ലുവിളിക്കപ്പെടരുതാത്ത രാജത്വത്തിന്റെ പ്രതീകമാകാറുണ്ട്. ഇനി മുതൽ പാപപരിഹാരബലിയും കൃതജ്ഞതാബലിയുമെല്ലാം ജറുസലേമിൽ മാത്രം, അതും അർപ്പിക്കുന്നത് നീ അല്ല, നീ അശുദ്ധനും, തിന്മകളുടെ ലോകത്തു ജീവിക്കുന്നവനുമാണ്. നിനക്കുവേണ്ടി 'ദൈവികത്വമുള്ള' പുരോഹിതൻ  ബലി അർപ്പിക്കും. പാപം, ശിക്ഷ, ശാപം, വിധേയത്വം, യോജിപ്പ്, പ്രാർത്ഥന, സഹനം, തുടങ്ങിയ മതഭാഷകളിൽ സമ്പത്തിനെയും, ജീവിതക്രമത്തെയും നിയന്ത്രണവിധേയമാക്കുകയും ചെയ്യും. ദൈവത്തോടും, ദൈവജനത്തോടും കൂടെയെങ്കിൽ  നീ തീർത്തും ഇവയൊക്കെ പാലിക്കും എന്ന് പറഞ്ഞാൽ, മേല്പറഞ്ഞവയെ ചോദ്യം ചെയ്യരുത് എന്നാണർത്ഥം.   

ജീവിതബലിയിലെ ആത്മാർത്ഥതയിൽ പ്രാപ്തമാകാത്തത് ബലിക്കല്ലിലെ ഹോമങ്ങളിൽ പ്രതീക്ഷിക്കുന്നത് ദൈവചൈതന്യമല്ല. ഹൃദയത്തിൽ ആഗ്രഹിക്കാത്തത് ബലിപീഠത്തിന്റെ പ്രതിഷ്ഠകളിൽ ഉണ്ടാവില്ല.  പൗരോഹിത്യം സഭയിലെ ഒരു ശുശ്രൂഷ ആണെന്നിരിക്കെ പുരോഹിതർക്ക് ദൈവപുരുഷസ്വഭാവം കല്പിച്ചുനൽകിയത്  ആരാണ്? ക്രിസ്തുവിന്റെ ശരീരത്തിലായിരിക്കുന്ന ആരും ദൈവപുരുഷരാണ്. പൗരോഹിത്യവും അതിന്റെ ശുശ്രൂഷകളും സഭക്ക് ലഭ്യമാക്കുന്ന കൃപകൾ പോലെതന്നെ, വിവാഹവും അതിന്റെ ശുശ്രൂഷകളും സഭയിലേക്ക് കൃപകൾ ലഭ്യമാക്കുന്നുണ്ട്. സാത്വികവും  താപസപൂർണവുമായ ജീവിതം  പൗരോഹിത്യത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ, ധാർമികമായ ഒരു അധികാരം അവർക്കുണ്ടായേക്കാം. അത് ജനങ്ങൾക്ക് ബോധ്യം നൽകാനാണ്, മാത്രവുമല്ല അത് ഒരു കടമയാണ്, അവകാശമോ ഭരണാധികാരമോ അല്ല. അതേ ശുശ്രൂഷ ക്രിസ്തീയമാതൃകയിൽ, സാമൂഹികമായ അനീതികൾക്കെതിരെ നിലകൊള്ളുവാനും അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദമാകുവാനുമുള്ള ഭാരിച്ച പ്രവാചക ചുമതലയും അവർക്ക് ഏല്പിച്ചുനല്കുന്നുണ്ട്. റോമൻസാമ്രാജ്യഭരണാധികാരത്തിനുള്ള വിധേയത്വത്തിന്റെ  പ്രതീകങ്ങളായി നടത്തപ്പെട്ടിരുന്ന ആചാരങ്ങളുടെ നടത്തിപ്പുകാരായി (officials of the imperial cult) വ്യക്തികൾ നിയമിതരായിരുന്നു. മതപരമായി, ദൈവപുരുഷപരിവേഷം ചോദ്യംചെയ്യപ്പെടാനാകാത്ത അധികാരമായി വ്യാഖ്യാനിക്കപ്പെടുകയും, ദൈവകോപം ശിക്ഷയായി ചേർക്കപ്പെടുകയും ചെയ്തപ്പോൾ അവരോടുള്ള വിധേയത്വം, ബഹുമാനവും ഭക്തിയും, ആത്മീയരൂപമുള്ള ദാസതയുമായി.

അധികാരവും അംഗീകാരവുമില്ലാതെ, ഒരു മതരൂപം പോലുമില്ലാതെ ക്രിസ്തുചൈതന്യം നമ്മുടെ സമൂഹത്തിൽ ജീവിക്കുവാൻ നമുക്ക് കഴിയുമോ. മലമുകളിൽ തെളിഞ്ഞ ദീപവും, കടുകുമണിയും അധികാരമേൽക്കോയ്മയുടെ അടയാളങ്ങളല്ല എന്നതും ഓർക്കണം. ക്രിസ്തു തന്റെ  ചൈതന്യത്തെ വിഭാവന ചെയ്തത്, പക്ഷേ ഈ അടയാളങ്ങളിലാണ്.