Gentle Dew Drop

മേയ് 27, 2021

സത്യത്തിന്റെ സൗമ്യനായ പ്രവാചകാ അങ്ങ് ജീവിക്കുക

ശാന്തനെങ്കിലും തികഞ്ഞ ബോധ്യവും ഉറച്ച വീക്ഷണവും ഉണ്ടായിരുന്ന വ്യക്തിത്വം. സമീപിക്കുന്നവർക്ക് ഹൃദ്യമായി ഒരുമിച്ചു നടക്കാവുന്ന ക്രിസ്തുരൂപം.


തീക്ഷ്ണമതിയായിരുന്നോ? തികച്ചും തീക്ഷ്ണമതിയായിരുന്നു, എന്നാൽ തീക്ഷ്ണതയെ സ്നേഹരാഹിത്യം കീഴടക്കാൻ അനുവദിക്കാതെ ക്രിസ്തുവിന്റെ വഴിത്താരയിൽ ആണ് ശരി എന്ന് കണ്ടുകൊണ്ട് മുന്നോട്ടു നടന്ന മനുഷ്യരൂപം.

ദൈവമനുഷ്യന്റെ കണ്ടുമുട്ടലിൽ മനുഷ്യന് വെളിച്ചം ലഭിക്കുന്ന ചില നിമിത്തങ്ങളിൽ, അത്തരം പകർച്ചയെ സത്യമാക്കിയ ഒരു കൂദാശ തന്നെയായിരുന്നു അങ്ങിലെ മനുഷ്യൻ. ഉള്ളിൽ വെളിച്ചമുണ്ടായിരുന്ന പ്രവാചകനാണ് ചെറിയാച്ചൻ, വെളിച്ചത്തിലേയ്ക്കു ചൂണ്ടിക്കാണിക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ട്.

ഇങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നു എന്നതുതന്നെ ഒരു ഉൾക്കരുത്തായിരുന്നു. ചെറിയാച്ചനെക്കുറിച്ച് "നല്ല മനുഷ്യൻ" എന്നാണ് എല്ലാവരും ഓർമ്മിച്ചു നന്ദി പറയുന്നത്, അപ്പോളുള്ള വിതുമ്പലിൽ ആശ്വാസമാകുന്നതും ആ മനുഷ്യഹൃദയം തന്നെ. ക്രിസ്തുവാണ് ശരിയെന്ന് ഇനിയും അനേകർ പഠിക്കേണ്ടതിനും ചെറിയാച്ചന്റെ ജീവിതം സാക്ഷ്യം.

ഏതാനം നിമിഷങ്ങൾ കൊണ്ട് ഒത്തിരി നൽകി കടന്നു പോകുന്നവരാന് ചിലർ. ഒരാൾ ചുരുക്കം വാക്കുകളിൽ ഇത്ര മാത്രം ചെറിയാച്ചനോട് എഴുതിയിട്ടുണ്ട്: "Thank you for your Life." ഒരു ജീവിതത്തെക്കുറിച്ച്, മനുഷ്യനായും പുരോഹിതനായും അതില്പരം എന്താണ് കേൾക്കേണ്ടത്! ധന്യമായിരുന്നു ആ ജീവിതം.

നമുക്ക് പരസ്പരം ആശ്വസിപ്പിക്കാം ...

ധാർമ്മികതയുടെ ധീരതയുള്ള, സത്യസന്ധനായ ഒരു പച്ചമനുഷ്യൻ, ശാന്തനായ ഒരു പ്രവാചകൻ. സത്യത്തിന്റെ സൗമ്യനായ പ്രവാചകാ അങ്ങ് ജീവിക്കുക.

ചെറിയാച്ചനിലെ 'അച്ചനെ' കൂടെ നടന്നവർ സ്വന്തം അഭിഷേകമാക്കിയത് ആ പച്ചമനുഷ്യനിലൂടെ തന്നെയാണെന്ന് തോന്നുന്നു. ആർക്കും കൂടെ നടക്കാനാകുമായിരുന്നു എന്നത് തന്നെ അച്ചൻ ജീവിച്ച ബലിജീവിതതിന്റെ ആഴം. ശാന്തതയും തീക്ഷ്ണതയും ഒരുമിച്ചു കൊണ്ടുപോകാൻ ആന്തരിക ശക്തിയുള്ള അപൂർവ്വം പേർക്കേ സാധിക്കൂ.

അച്ചൻ എന്നും നടന്നത് ദൈവത്തിനെ കൂടെത്തന്നെയായിരുന്നല്ലോ, ദൈവത്തിന്റെ അടുത്തേക്ക് പോയി എന്നത് ശരിയാവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ കൂടെ ഇനിയും ഞങ്ങൾക്കിടയിൽ നടക്കുക.  

ചെറിയാച്ചൻ വിശുദ്ധനായിരുന്നു എന്നതിൽ ഒരു സംശയവുമില്ല; എന്നാൽ അച്ചൻ സൗമ്യനായി ജീവിച്ച പ്രവാചകത്വം കൂടുതൽ പേരിൽ ഇന്നത്തെ കാലത്തിനു വേണ്ടി നിറയട്ടെ എന്നതാണ് വീണ്ടും വീണ്ടും ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നത്‌. അനർഹമായി ആ പദം അലങ്കാരമാക്കിക്കൊണ്ട് ചിലരൊക്കെ സമൂഹത്തെ ക്രിസ്തുശൂന്യതയിലേക്കു നയിക്കുമ്പോൾ, ക്രിസ്തുവിനെപ്പോലെ ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത അച്ചൻ ഉറച്ച കാൽവയ്പുകളോടെ നടന്ന പ്രവാചകനാണ്. ഒരുപക്ഷേ ആ പ്രവാചകന്റെ സ്വർഗ്ഗീയ ഇടപെടലുകളാകാം പ്രേരണകളായും, വെല്ലുവിളികളായും മാനസാന്തരമായും ഈ കാലത്ത് നമുക്ക് ക്രിസ്തുവിന്റെ മനഃസാക്ഷിയെ ഒരിക്കൽ കൂടി ആത്മാർത്ഥമായി അന്വേഷിക്കുവാൻ ഉൾവെളിച്ചമേകുന്നത്. നന്മയെ അവഗണിക്കുകയും തിന്മയെ മുറുകെപ്പിടിക്കുകയും ചെയ്യുന്നത് പുതുസുവിശേഷമാകുന്ന കാലത്ത് അച്ചന്റെ പുഞ്ചിരിയും തുറന്ന ഹൃദയവും ഉത്ഥാനപ്പുലരിയുടെ ധൈര്യം ചിലർക്കെങ്കിലും നൽകിയേക്കും. ക്രിസ്തുവാണ് ശരി. അച്ചൻ ആ സത്യത്തിനു സാക്ഷ്യമേകിയ പ്രവാചകനാണ്.

മേയ് 25, 2021

മധ്യസ്ഥപ്രാർത്ഥനയുടെ കാതൽ

മധ്യസ്ഥപ്രാർത്ഥനയുടെ കാതൽ കൃതജ്ഞതയും സ്നേഹവുമാണ്. സ്വീകരിച്ചിട്ടുള്ള നന്മകൾക്കായും, നിരന്തരമായ സാന്നിധ്യത്തിനായും ദൈവത്തോടുള്ള കൃതജ്ഞതയും സ്നേഹവും; നല്ല കാലത്തും ദുരിതകാലത്തും. അതേപോലെ തന്നെ മറ്റുള്ളവർക്കായി പ്രാർത്ഥിക്കുമ്പോഴും (ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകട്ടെ) അവരോടുള്ള കൃതജ്ഞതയും സ്നേഹവും തന്നെയാണ് പ്രാർത്ഥിക്കുവാനുള്ള പ്രേരണ.  നമ്മൾ സ്വീകരിച്ചിട്ടുള്ളവ നേരിട്ടറിയാവുന്നവരുടെ പരിധിക്കുമപ്പുറം അനേകരുടെ ത്യാഗത്തിന്റെ ഫലമാണെന്ന തിരിച്ചറിവ് കൃതജ്ഞതയോടെ ഹൃദയത്തെ വളരെയധികം വളർത്തും. അതേ ഹൃദയത്തിൽ സ്നേഹവും അതിരുകൾ ലംഘിച്ചുകൊണ്ട് അനേകരെ സ്വീകരിക്കും. എങ്കിലേ നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കുവാനാകൂ. വേദനിക്കുകയും, ഇല്ലായ്മകളിൽ കഷ്ടപ്പെടുകയും യുദ്ധത്തിനും അനീതിക്കും ഇരയാക്കിയവരെയും സ്വന്തമെന്നു കണ്ടു കൊണ്ട് പ്രാർത്ഥിക്കണമെങ്കിൽ ഈ സ്നേഹം ഉള്ളിലുണ്ടാവണം. 

ഇതേ സ്നേഹമാണ് പ്രാർത്ഥനയുടെ ഭാഗമായി അനുഷ്ഠിക്കുന്ന ത്യാഗപ്രവൃത്തികളുടെയും അടിസ്ഥാന പ്രേരണ. ഉപവാസം പാലിക്കപ്പെടുന്ന അതേ വഴിയിൽ വിശക്കുന്നവരെ കാണുവാനും ഭക്ഷണം പങ്കുവച്ചു നൽകുവാനും പറയുന്നതിന്റെ അർത്ഥവും അതാണ്. ഒരാൾ വിശന്നിരിക്കുന്നതു ദൈവത്തിനു പ്രിയങ്കരമാണെന്നതല്ല ഉപവാസത്തിന്റെ മൂല്യം. അനേകരുടെ നിർധനതയിലും സഹനത്തിലും, അവരോടുള്ള സ്നേഹത്തെപ്രതി താദാത്മ്യപ്പെടാനുള്ള ഇച്ഛയാണ് ഉപവാസത്തിലൂടെ നമ്മൾ പ്രകടമാക്കുന്നത്. അങ്ങനെ യഥാർത്ഥ ഉപവാസം സഹാനുഭൂതിയും സേവനവും ഉൾച്ചേർന്നതാണ്. ശരീരം തിന്മയാണെന്നും അതിനെ ഏതൊക്കെ തരത്തിൽ അവഗണിക്കാമോ അതൊക്കെ ചെയ്യുക എന്ന രീതിയിൽ ഉപവാസത്തെ അതിനൊരു വഴിയായി കണ്ട ഒരു സമയമുണ്ടായിരുന്നു. ക്രിസ്തീയത അതിലെ തെറ്റിനെ തിരിച്ചറിഞ്ഞു തിരുത്തിയിട്ടുണ്ട്; അത്തരം സമീപനങ്ങൾ ഇന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.

ദൈവാനുഗ്രഹങ്ങൾക്കുള്ള ഉപാധിയായി ഉപവാസത്തെ കാണുന്നത്, ദൈവത്തെ പ്രതിഫലദൈവശാസ്ത്രവുമായി  കെട്ടിയിടുകയാണ്. വ്യവസ്ഥ വച്ചുകൊണ്ടല്ല  ദൈവം അനുഗ്രഹം നൽകുന്നത്, മാത്രമല്ല നമ്മുടെ വിശപ്പും വേദനയും കണ്ടാൽ മാത്രം കനിയുന്ന ദൈവം, ഏറ്റെടുക്കുന്ന വേദനകൾ അനുസരിച്ചു കൂടുതൽ അനുഗ്രഹിക്കുന്ന ദൈവം ഒക്കെയും  ദൈവത്തെക്കുറിച്ചുള്ള സത്യമല്ല പറയുന്നതും. ദൈവാനുഗ്രഹങ്ങൾ സ്വീകരിക്കുവാനായി നമുക്ക് വേണ്ടത് ആത്മാർത്ഥമായ ഹൃദയമാണ്. എത്രയൊക്കെ അനുഷ്ഠാനങ്ങളുണ്ടായാലും അടച്ചു കളഞ്ഞ ഹൃദയത്തിൽ കൃപ സ്വീകരിക്കാനാവില്ല. 

പരിഹാരപ്രവൃത്തികളെ ഊന്നിപ്പറയുന്നു പല ഭക്തിരൂപങ്ങളും വിശ്വാസങ്ങളും ദൈവസ്നേഹത്തെയും പരിപാലനയേയുംകാൾ ഊന്നൽ നൽകുന്നത് ശിക്ഷ, പരിഹാരം, പാപം, തീർത്തും നാശത്തിലായ ലോകം എന്നിവയൊക്കെയാണ്. എന്തിലും ഏതിലും  പാപം കാണുന്ന പ്രവണതകൾ വളരെ ശക്തമായി പരിശീലിക്കപ്പെട്ടിട്ടുണ്ട്. ജീവിതം  എന്നതു തന്നെ പരിഹാരം ചെയ്യാൻ മാത്രമുള്ളതാണെന്നു തെറ്റിദ്ധരിച്ച് ക്രിസ്തു നൽകിയ രക്ഷയെത്തന്നെ സ്വയം അപ്രാപ്യമാക്കിയവരും ഉണ്ട്. റൊട്ടിയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ദിവസം മുഴുവൻ കഴിയുന്നതാണ് ദൈവത്തിനും മാതാവിനും ഏറ്റവും പ്രിയകരമായ നല്ല ഉപവാസം എന്ന് പറഞ്ഞു പഠിപ്പിക്കുന്നവർ വരെയുണ്ട്. പരിഹാരത്തിനുള്ള ഊന്നലും മേല്പറഞ്ഞതുപോലെ പ്രതിഫലദൈവശാസ്ത്രത്തിന്റെ ഇടുങ്ങിയ കാഴ്ചപ്പാടാണ്. 

അനുഗ്രഹത്തിന് വ്യവസ്ഥയായി ദൈവം നമ്മിൽ നിന്ന് 'ആവശ്യപ്പെടുന്നതല്ല' ഉപവാസവും ത്യാഗപ്രവൃത്തികളും. ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹവും വിശ്വസ്തതയുമാണ്. ആ സ്നേഹം പരസ്നേഹവും, മറ്റുള്ളവരോടുള്ള കടമകളും കൂടി ഉൾച്ചേർക്കുന്നതിനാൽ,  രോഗികളുടെയും യുദ്ധത്തിനിരയാവുന്നവരുടെയും അനീതി സഹിക്കുന്നവരുടെയും വിശക്കുന്നവരുടെയും വേദനകളിൽ ആരെയും ഒഴിവാക്കാതെ ഒന്നു ചേരുന്നതിനായി ഉപവാസവും ത്യാഗപ്രവൃത്തികളും പ്രാർത്ഥനയുടെ ഭാഗമായി കൊണ്ട് വരാം. സ്നേഹമില്ലാത്ത മധ്യസ്ഥപ്രാർത്ഥന ശുഷ്ക്കമാണ്. നിലവിളിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചാലും സ്നേഹരാഹിത്യം അതിനെ ഒരു ആചാരം മാത്രമാക്കും. 

ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നോ അവരുടെ നന്മയാവട്ടെ പ്രാർത്ഥനയുടെ ആത്മാവ്. അല്ലാതെ, മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതുകൊണ്ടു ദൈവം നമുക്ക് എന്ത് നൽകും എന്ന് കരുതിയാകുമ്പോൾ അവിടെ ആത്മാർത്ഥതയും സ്നേഹവും കുറവാണ്. നമ്മുടെ ആഗ്രഹങ്ങൾ പ്രാർത്ഥനയിൽ തുറന്നു പ്രകടിപ്പിക്കാമല്ലോ! ആത്മാർത്ഥമായ മധ്യസ്ഥപ്രാർത്ഥന ചെയ്യണമെന്നുണ്ടെങ്കിൽ വെറുപ്പ് പൂർണമായും അകറ്റി നിർത്തണം. സകലർക്കും നന്മയുണ്ടാവട്ടെ.

മേയ് 24, 2021

മുന്നോട്ടുള്ള വഴികൾക്കായി

എണ്ണമറ്റ സമൂഹമാധ്യമ പ്രാർത്ഥനാ (ആത്മീയ) ഗ്രൂപ്പുകളിൽ പ്രാർത്ഥനാചൈതന്യമില്ലാത്ത 'പ്രാർത്ഥനകളും' ക്രിസ്തുചൈതന്യമില്ലാത്ത പോസ്റ്റുകളും വർദ്ധിക്കുന്നതിന് കാരണമെന്താണ്?

ദൈവത്തേക്കാളേറെ മാലാഖാമാർക്കും മറ്റും പ്രാധാന്യം നൽകുന്ന, പുതിയതരം സംരക്ഷണ ഉപാധികളാകുന്ന, വർഷങ്ങളിലേക്കു കൃപയുടെ 'ഉറപ്പ്' നൽകുന്ന കരാർ പ്രാത്ഥനകളുടെ ഉറവിടങ്ങൾ എവിടെയാണ്?

പ്രാർത്ഥനകളും ദൈവം തന്നെയും ഉപയോഗിക്കാവുന്ന സൂത്രവാക്യങ്ങളാകുന്നതിലെ ആത്മീയ ശൂന്യത എത്രമാത്രമാണ്?

സ്‌ക്രീനുകളിൽ പ്രത്യക്ഷനാക്കപ്പെടുന്ന ദൈവം വ്യക്തികൾക്കും സഭക്കും സമൂഹത്തിനും ജീവൻ പകരുന്നവയാണോ അതോ entertainment industry ആയി ചുരുങ്ങുന്നോ?

ശരീരത്തെ പീഢിപ്പിക്കുന്ന സമീപനങ്ങൾ ആത്മീയതയല്ല എന്ന് സഭ പഠിപ്പിക്കുമ്പോഴും, ഒരു കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന അത്തരം തെറ്റായ അനുഷ്ഠാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർ 'മനുഷ്യനെ'ക്കുറിച്ചും ദൈവത്തെക്കുറിച്ചും എന്ത് ധാരണകളാണ് സൂക്ഷിക്കുന്നത്?

സമൂഹം വിശ്വസിക്കുന്നതെന്ത്? പ്രാർത്ഥിക്കുന്നതെന്ത്? എന്നതുപോലെ തന്നെ പ്രധാനമാണ് എന്തുകൊണ്ട് അത്തരത്തിൽ വിശ്വസിക്കുന്നു അല്ലെങ്കിൽ അത്തരം പ്രാർത്ഥനകളെ ആശ്രയിക്കുന്നു എന്നത്. ആ യാഥാർത്ഥ്യങ്ങളിലേക്കുള്ള ആത്മാർത്ഥമായ തുറവിയുണ്ടെങ്കിൽ, മുന്നോട്ടുള്ള ശരിയായ വഴികൾക്കായി ആത്മാവിന്റെ പ്രചോദനങ്ങൾ ലഭിക്കും. എങ്കിലേ, ജീര്ണതകളിൽ നിന്ന് മുക്തമായി, വൈകാരിക ചൂഷണങ്ങളെ ചെറുത്തുകൊണ്ട്  ഇന്ന് ആവശ്യമായ ആത്മീയത കണ്ടെത്തുവാനും പരിശീലിപ്പിക്കുവാനും കഴിയൂ.   

മേയ് 22, 2021

പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്

ദൈവമോ മാലാഖമാരോ ആകുവാനല്ല, മനുഷ്യരായി ഫലദായകരാകുവാനാണ് ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നത്. സ്വയം തുറക്കാനുള്ള മനഃസ്ഥിതി മാത്രമാണ് ആത്മാവ് പ്രവർത്തിച്ചു തുടങ്ങുവാനായി നമുക്ക് വേണ്ടത്. നമ്മിലുള്ള പരിശുദ്ധാത്മാവ് ജീവിതത്തിന്റെ പരിപൂര്ണതയിലേക്കു നമ്മെ നയിക്കട്ടെ.

വരദാനങ്ങൾ നമ്മെ അതിമാനുഷരാക്കുന്നവയല്ല, തികഞ്ഞ മനുഷ്യരാക്കുന്നവയാണ്. മനുഷ്യരായി വളരാനും മനുഷ്യരായി പരസ്പരം ഇടപെടാനുമുള്ള ഗുണങ്ങളാണ് അവയൊക്കെയും. അവയിൽ വളർന്നു ഫലം നൽകാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ ദൈവരാജ്യത്തിന്റെ യഥാർത്ഥ അനുഭവം എന്നേ നമുക്കുണ്ടാകുമായിരുന്നു. ജീവിതത്തിന്റെ സമഗ്രതക്കായി പരിശ്രമിക്കാതെ ആത്മാവിന്റെ പ്രവർത്തനങ്ങളെ പ്രതീക്ഷിക്കരുത്. വ്യക്തിപരവും, വൈകാരികവും ബൗദ്ധികവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങളെ ചേർത്തു പിടിക്കാൻ ആയെങ്കിലേ ആത്മാവിന്റെ യഥാർത്ഥ ഫലങ്ങൾ നമ്മിൽ കണ്ടു തുടങ്ങൂ.

അതുപോലെ തന്നെ, സഭയെന്ന ശരീരം ഈ ആത്മാവിനാൽ പരസ്പരം പരിപോഷിപ്പിക്കേണ്ടതാണ്. പരിശുദ്ധാത്മാവ് നൽകപ്പെടുന്നത് ആ സമൂഹത്തിലേക്കാണ്. നൽകപ്പെട്ടിരിക്കുന്ന പ്രത്യേക വരങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഓരോരുത്തർക്കുമുള്ള സ്വകാര്യവസ്തുവായി ആർക്കും പരിശുദ്ധാത്മാവിനെ സ്വീകരിക്കാനാവില്ല. പരസ്പരം ഐക്യപ്പെട്ടിരിക്കുന്നിടത്തേ ക്രിസ്തുവിലുള്ള വളർച്ചയുണ്ടാകൂ. ഓരോ ജീവിതാന്തസിനും ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങൾക്കും തൊഴിലിനും വേണ്ട ആന്തരിക ചൈതന്യം പരിശുദ്ധാത്മാവ് പകർന്നു നൽകും. കൂടുതൽ മേന്മയുള്ള വരങ്ങൾ എന്ന് ഒന്നിനെയും കരുതാനാവില്ല. ഓരോരുത്തരിലുമുള്ള ആത്മദാനങ്ങൾ പരസ്പരം പരിപോഷിപ്പിക്കുവാനുള്ളതാണ്. "പരസ്പരം ഓരോരുത്തരെയും, എല്ലാവരും ആത്മാവിനെയും കേൾക്കുമ്പോൾ" മാത്രം ആത്മാവ് രൂപപ്പെടുത്തുന്ന ക്രിസ്തുസാന്നിധ്യം സഭയിൽ ദൃശ്യമാകും.

പരിശുദ്ധാത്മാവിന്റെ അടയാളങ്ങളായ വെള്ളവും, കാറ്റും, തീയുമൊക്കെ നമ്മിലെ ജീവന്റെ സമൃദ്ധിയും, പ്രപഞ്ചത്തിന്റെ സൃഷ്ടിവൈഭവം നമ്മിൽ തുടരേണ്ട മനുഷ്യധർമ്മവും ഓർമ്മിപ്പിക്കുന്നു.

ആത്മാവിന്റെ പ്രവർത്തനത്താൽ അനുഭവവേദ്യമാകുന്ന കമനീയത/ രമണീയത 'പ്രാവിൽ' കാണപ്പെടുന്നു. ദൈവത്താൽ ആഗ്രഹിക്കപ്പെടുന്നവൻ/ൾ ആണ് ഓരോരുത്തരും; അനന്തമായ വാത്സല്യത്തിന് അർഹർ, ദൈവഹൃദയത്തിനു കമനീയമായവർ. അതാണ് രണ്ടാം ജനനവും ആത്മാവിലുള്ള വളർച്ചയുടെ ആരംഭവും. പിതൃ/മാതൃസഹജമായ വാത്സല്യവും, പുത്ര/പുത്രീ സഹജമായ പരിപൂർണ്ണ വിശ്വാസവും അവിടെയുണ്ട്.

പരാജയവും, തിരുത്തലും പാഠങ്ങളും വളർച്ചയിലെ ഏതു ഘട്ടത്തിലുമുണ്ടാകും. കാലുറപ്പോടെ നടന്നു ശീലിക്കുമ്പോഴേ ആന്തരികമായി പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവ് വരദാനങ്ങളിൽ നമ്മെ പുഷ്ടിപ്പെടുത്തുകയും മനുഷ്യന്റെ തികവിലേക്കു നമ്മൾ വളരുകയും ചെയ്യൂ. നമുക്കുള്ള ദൈവാശ്രയബോധമെന്നത് ഈ ഉറപ്പാണ്. നിരന്തരം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു മായികശക്തിയെക്കുറിച്ചുള്ള സങ്കൽപ്പമല്ല ദൈവാശ്രയബോധമെന്നത്. ക്രിസ്തുവിനെപ്പോലെയുള്ള മനുഷ്യരാക്കാനാണ് നമുക്ക് ദൈവം ആത്മാവിനെ നൽകിയിരിക്കുന്നത്.

തീയോ, കാറ്റോ, വെള്ളമോ, എണ്ണയോ നമുക്ക് അപരിചിതമല്ല. എന്നാൽ അവ സ്പർശനീയമാകുന്ന സാധാരണ നിമിഷങ്ങളിൽ ഈ അടയാളങ്ങളുടെ അനുഭവങ്ങളിലേക്ക് നമ്മുടെ ചിന്തകളെയോ ഓർമ്മകളെയോ നമ്മൾ തുറന്നു നൽകാറില്ല. ആചാരങ്ങളിലേക്കും അസ്വാഭാവികമായ സങ്കല്പങ്ങളിലേക്കും ചുരുക്കുന്നതുകൊണ്ട് ദിവ്യാരൂപിയുടെ ദൃശ്യമായ അടയാളങ്ങളെ, ചുറ്റുമുള്ളപ്പോൾ നമ്മൾ കാര്യമായെടുക്കാറുമില്ല. ഉള്ളിലും ചുറ്റിലും എപ്പോഴുമുള്ള ആത്മചൈതന്യം നമ്മെ നയിക്കട്ടെ.
.................................
ചില വീഡിയോ ഗെയിമുകളിൽ താക്കോലുകൾ ലഭിക്കാറുണ്ട്. ചില ഷോപ്പിംഗ് മാളുകളിലും ഓൺലൈൻ പർച്ചേസിലും പ്രത്യേക കൂപ്പണുകളോ വൗച്ചറുകളോ ലഭിക്കാറുണ്ട്. ഈ താക്കോലുകൾ/ കൂപ്പണുകൾ പോലെ തിരുഗ്രന്ഥഭാഗങ്ങളോ പ്രത്യേകസിദ്ധിയുള്ള പ്രാത്ഥനകളോ ഉപയോഗിച്ച് പരിശുദ്ധാത്മാവിനെ ബാഗിലാക്കാനാവില്ല.

മേയ് 20, 2021

ആരാണ് ഭൂമിയുടെ അവകാശികൾ?

പ്രധാനമെന്ന് കരുതപ്പെടുന്ന ഏതെങ്കിലുമൊരു ചരിത്രബിന്ദുവിലാണ് 'ചരിത്രം' തുടങ്ങുന്നത്. അതുവരെയുള്ള കാലവും സംഭവങ്ങളും തീർത്തും അപ്രധാനമാകും. ഉത്പത്തിയിൽ 'പ്രപഞ്ചസൃഷ്ടി'ക്കു മുമ്പ് ലോകം ക്രമരഹിതവും ശൂന്യവുമായിരുന്നു എന്ന നിലയിൽത്തന്നെ ആ സമയവും തീർത്തും നിർബന്ധിതമായി അവ്യക്തമാക്കപ്പെടുന്നു. 


അധിനിവേശം, കടന്നുകയറ്റം, കുടിയേറ്റം എന്നിവയെക്കുറിച്ചൊക്കെ  തിരഞ്ഞെടുക്കപ്പെടുന്ന ചരിത്രസൃഷ്ടികളുണ്ട്. ചരിത്രം 'തുടങ്ങുന്ന' സമയത്തിനുമപ്പുറത്തേക്കുള്ളത് അറിഞ്ഞുകൊണ്ടുതന്നെ മറന്നുകളയുവാനാണ് സ്വതേഷ്ടപ്രകാരം ചരിത്രനിർമ്മിതി ചെയ്യുന്നവർ  ശ്രമിക്കാറ്. ആ തുടക്കത്തിനപ്പുറത്തേക്കു ശ്രദ്ധ ക്ഷണിക്കപ്പെടുന്നത് അവരുടെ സങ്കുചിതമായ ലക്ഷ്യങ്ങളെ മാറ്റി നിർത്തുവാനും മാനവികതയോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുവാനും അവർക്ക്  വെല്ലുവിളിയാകും. മാത്രമല്ല വേരുകളിലേക്കു ആഴത്തിൽ കടക്കും തോറും സൃഷ്ടിക്കപ്പെടുന്ന ചരിത്രത്തിനുമപ്പുറം എങ്ങനെ ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനുഷ്യർ മനസിലാക്കുകയും ചെയ്യും. 

ആരാണ് ഭൂമിയുടെ അവകാശികൾ? ചരിത്രത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണ്? സ്വന്തം ഭൂമിയെന്ന ആശയം പോലും വന്നത് എന്ന് മുതലാണ്? ഭൂമിക്കു തന്നെയോ, വായുവിനോ, ജലത്തിനോ അതിരുകളില്ല. അതിരുകൾ നിർമിച്ച നമുക്കാണ് ചരിത്രം ആവശ്യമായിത്തീരുന്നത്. കുറച്ചു നേരത്തെ ഒരിടത്തു എത്തിച്ചേർന്നവർ എന്ന സത്യം മാത്രമേ ഓരോരുത്തരെയുംകുറിച്ചുള്ളു. 

മേയ് 18, 2021

ശത്രുക്കൾ ഇല്ലാതാകുന്നത്

രമ്യതയും സമാധാനവും സാധ്യമാക്കാനുള്ള കൃപ നൽകിക്കൊണ്ടാണ് ക്രിസ്തുവിന്റെ പിതാവായ ദൈവം ശത്രുത ഇല്ലാതാക്കുന്നത്. അങ്ങനെ ആണ് ശത്രുക്കൾ ഇല്ലാതാകുന്നത്.

അയലത്തേക്കു കല്ലെറിയുകയും, അവരുടെ കുഞ്ഞുങ്ങളെ ചുട്ടെരിക്കുകയും ചെയ്യുന്ന കൂലിത്തല്ലുകാരനല്ല ദൈവം. ദൈവത്തെ കൂലിത്തല്ലുകാരനാക്കി സ്വന്തം ദുർപ്രവൃത്തികൾ ന്യായീകരിക്കുവാൻ നമുക്കായേക്കും. എന്നാൽ ദൈവം കൂടെയുണ്ടെന്ന് കരുതരുത്. കൂലിത്തല്ലുകാരൻ-ദൈവം അവിവേകം വളർത്തുന്നു എന്നതാണ്  അപകടകരമായ കാര്യം. വെകിളി പിടിച്ച ആരുടെയെങ്കിലും ഒരു അവിവേകപ്രവൃത്തിക്ക് ആര് ഉത്തരവാദിയാകും. അത് വിശ്വാസിസമൂഹത്തിനുമേൽ കെട്ടിവയ്ക്കപ്പെടരുത്.

അപ്പോൾ രക്ഷ പ്രാപിക്കുവാൻ ഞാൻ എന്ത് ചെയ്യണം?

ക്രിസ്തുവിൽ വിശ്വസിക്കുക, അവൻ നടന്ന വഴിയേ നടക്കുക 

പ്രാർത്ഥനാ-സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ നടക്കുന്ന പ്രാർത്ഥനകളുടെ സ്വഭാവം സ്വയം വിവേചനാശക്തിയോടെ പരിശോധിക്കുക. വെറുപ്പിന്റെയും പകയുടെയും പ്രേരണ നൽകുന്ന പ്രബോധനങ്ങൾ വിശ്വാസമോ പ്രാത്ഥനയോ അല്ല എന്നറിയുക.

കുടുംബ സാമൂഹ്യമാധ്യമഗ്രൂപ്പുകളിൽ കുടുംബത്തിന്റെ വിശേഷങ്ങളും കുടുംബത്തിന്റെ ഐക്യം വളർത്തുന്ന കാര്യങ്ങൾ മാത്രം പങ്കു വയ്ക്കുക.  

വിശേഷ സിദ്ധികളുള്ള മാന്ത്രികപ്രാർത്ഥനകൾ പ്രാർത്ഥനകൾ അല്ല എന്നറിയുക.

ദൈവത്തിൽ ആശ്രയിക്കുക, മൃദുലഹൃദയത്തോടെ ആത്മാർഥമായി സ്നേഹിക്കുക, നീതിയോടെ വ്യാപരിക്കുക, വിനീതമായി പെരുമാറുക.


കെട്ടുകഥയിലെ ക്രിസ്തു

ഏതോ കെട്ടുകഥയിലെ കഥാപാത്രം മാത്രമായി ക്രിസ്തു. അത് കൊണ്ടാണ് പ്രസക്തിയില്ലെന്ന് തോന്നുമ്പോൾ ആ കഥാപാത്രത്തെ അനായാസേന മാറ്റി നിർത്തുവാൻ കഴിയുന്നത്. ഉയിർപ്പും പന്തക്കുസ്തായുമൊക്കെ ആ കഥയുടെ ഭാഗങ്ങളായി വന്നും പോയുമിരിക്കും. ആഘോഷ ആചാര അനുഭൂതികൾ നമുക്കുണ്ടാക്കികിട്ടിയാൽ മതി, അത് എത്ര 'നല്ല ഉല്പന്ന'മാക്കാമോ അത്രയും നന്ന്. അവൻ ജീവിക്കുന്നവനാവേണ്ട എന്ന് നമ്മൾ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. എങ്ങനെ പോകണമെന്ന് നമുക്കറിയാമല്ലോ പിന്നെന്തിന് ഒരു കാല്പനികഭ്രാന്തന്റെ സ്വരം കേൾക്കണം?

നീ വെറും ചെക്കനാണ്; ഒന്നുമറിയാത്ത ആശാരിച്ചെറുക്കൻ.
ക്രിസ്തുവിനെ മൂലക്കിരുത്തുന്ന ഒരു വിശ്വാസിസമൂഹം എങ്ങനെ ക്രിസ്തുവിന്റെ വാക്കുകൾ സംസാരിക്കും? പേര് കൊണ്ട് പ്രഘോഷിക്കുകയും എന്നാൽ ഹൃദയം കൊണ്ട് മാറ്റി നിർത്തുകയും ചെയ്യുന്ന അവരിൽ എങ്ങനെ ക്രിസ്തുവിന്റെ മനോഭാവങ്ങളുണ്ടാകും? ലോകം മുഴുവനും ക്രിസ്തുവിനെ അറിയണമെന്ന് പറയുമ്പോഴും, ക്രിസ്തുവിനെ മൗനിയാക്കുന്നവർ എങ്ങനെ ക്രിസ്തുവിനെ വെളിപ്പെടുത്തും?

'വിശ്വാസികളുടെ കൂട്ടായ്മയെ' പ്രേക്ഷകരും ശ്രോതാക്കളുമാക്കി മാറ്റി പുതിയ തരം ഭക്തി അഭ്യസിപ്പിച്ചു. മാസികയിലും പത്രക്കടലാസിലും ടെലിവിഷൻ സ്‌ക്രീനിലും ദൈവത്തിന്റെ വിരൽസ്പർശം എത്തിച്ചു കൊടുത്തു ദൈവത്തെ കൂട്ടിലടച്ചു. ലൗകികമെന്നു വിധിക്കപ്പെട്ടിരുന്ന പ്രവണതകളെത്തന്നെ വാണിജ്യ തന്ത്രങ്ങളായി ഉപയോഗിച്ചു, മതസ്പർദ്ധയും കപടമതാത്മകതയും മാമോദീസ നൽകി വിശുദ്ധീകരിച്ചു. തങ്ങൾ തന്നെ രൂപപ്പെടുത്തിയ വികലവും വിഭാഗീയവുമായ ചിന്തകൾ ചാനൽ ചർച്ചകളിലൂടെയും മറ്റു പരിപാടികളിലൂടെയും ന്യായീകരിച്ചു. അങ്ങനെ തീർത്ഥജലത്തിൽത്തന്നെ അവർ വിഷം ചാലിച്ചു നൽകി.
അപ്പോഴേക്കും, കുടിയിരുത്തിയ ഘോരസത്വങ്ങളെ അറിയാതെയെങ്കിലും പൂവിട്ടുപൂജിച്ചു തുടങ്ങിയിരുന്നു.

സത്യത്തിനു സാക്ഷ്യം നൽകാൻ വന്ന ക്രിസ്തുവിനെ അവർ നിശ്ശബ്ദനാക്കി മൂലയിലിരുത്തി.
ക്രിസ്തുവിനെ മാറ്റി നിർത്തി സ്വയം സംരക്ഷിക്കുന്നവർ സ്വന്തം ഇരുമ്പുനുകം തീർക്കുകയാണ്.

മേയ് 15, 2021

ശത്രുസംഹാരം പരസ്പരം കൊല്ലിക്കും

 എന്റെ ദൈവം എന്റെ ശത്രുക്കളെ നശിപ്പിക്കുമ്പോൾ ദൈവം ആരുടെ കൂടെ നില്കും?

എത്ര പൂജ്യമായ പ്രാർത്ഥനാശ്ലോകവും, തിന്മയാഗ്രഹിച്ചു ചൊല്ലുമ്പോൾ ഉള്ളിൽ പതിയിരിക്കുന്ന പകയും വെറുപ്പും തന്നെയാകും മൂർത്തീഭവിക്കുക. ശത്രുസംഹാരം മന്ത്രവിദ്യയിൽ ആദ്യം ആകർഷകമാണ്, എന്നാൽ അത് ശത്രുവിനേക്കാൾ സ്വന്തം പാളയത്തെ പരസ്പരം കൊല്ലിക്കും.

മേയ് 14, 2021

വെറുപ്പിന്റെ ഉപാസന

ദൈവവചനം ചൊല്ലി ശത്രു സംഹാരം ആഗ്രഹിക്കുന്നവർ, സ്നേഹമായ ദൈവത്തിനു പകരം വെറുപ്പിന്റെയും പ്രതികാരത്തിന്റെയും ദൈവത്തെ കുടിയിരുത്തി ഉപാസന ചെയ്യുന്നുണ്ട്. അത് ഒന്നാം പ്രമാണ ലംഘനമാകാത്തതെന്തേ എന്ന് ഞാൻ ഓർത്തുപോകുന്നു. 

യുദ്ധവും കൊലയും ഭീകരാന്തരീക്ഷവും തലമുറകളുടെ മനസാക്ഷി രൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ സമാധാനത്തിന്റെ വക്താക്കളാകുവാനാണ് ക്രിസ്തുചൈതന്യം ക്ഷണിക്കുന്നത്. പകരം ചേരിതിരിഞ്ഞ് പോർ വിളിച്ചുകൊണ്ട് മനുഷ്യരല്ലാതായിത്തീരുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത്. യുദ്ധത്തിന്റെയും കൊലകളുടെയും വാർത്തകൾ ചിലരെയൊക്കെ ആഹ്ലാദിപ്പിക്കുന്നുണ്ട്, പകയുടെയും വിദ്വേഷത്തിന്റെയും കെട്ടടങ്ങാത്ത കനലുകൾ ഉള്ളിലുണ്ടെങ്കിൽ ഒന്നുകൂടെ ആളിക്കത്തിക്കാനുള്ള ഒരു അവസരം  അവർക്ക്‌ ലഭിക്കുന്നു. 

ഇറാഖിലോ സിറിയയിലോ പാലസ്തീനിലോ ഇസ്രായേലിലോ ആവട്ടെ, ഇരയാക്കപ്പെടുന്നത് മനുഷ്യരാണ്, പേടിച്ചരണ്ടു ഹൃദയം മരവിച്ചു പോകുന്ന കുഞ്ഞുങ്ങളാണ്. മുറിവേറ്റ ഏങ്ങലുകൾക്ക് യഹൂദന്റെയോ ക്രിസ്ത്യാനിയുടെയോ മുസ്ലിമിന്റെയോ സ്തുതിഗീതങ്ങളുടെ ഈണങ്ങളല്ല. വേദനയുടെയും ഭീതിയുടെയും ഭാവങ്ങളാണ്. അവയിൽനിന്ന് ലാഭമുണ്ടാക്കുന്നവർ മാലാഖയുടെ ചിറകുകൾ അണിഞ്ഞ കഴുകന്മാരാണ്. 

സമാധാനമാഗ്രഹിക്കാത്ത നീതി മറുതലിപ്പിനുള്ള മുറവിളി മാത്രമാണ്.

മേയ് 13, 2021

മനുഷ്യരെക്കുറിച്ച്

ഭൂമിയിൽ മനുഷ്യരുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു.

ദേശവും ഭാഷയും മതവും അതിരുകൾ തീർക്കുമ്പോൾ മനുഷ്യരെക്കുറിച്ചു സഹതപിക്കാനും കരുണയുണ്ടാകുവാനും മനുഷ്യർക്കേ കഴിയൂ. 

ശരിക്കും, മനുഷ്യരെക്കുറിച്ച് ആർക്കാണ് ആത്മാർത്ഥമായ വ്യഥ ? അതിൽ ലാഭമൊന്നുമില്ലല്ലോ!

ആ യേശുവും ഈ യേശുവും

വേളാങ്കണ്ണി മാതാവ്, ലൂർദ് മാതാവ്, ഫാത്തിമ മാതാവ് റോസാ മിസ്റ്റിക്ക, സർവ ജനപദങ്ങളുടെയും നാഥ, കൃപാസനം മാതാവ് എന്നിങ്ങനെയുള്ള മാതാവ് പല മാതാവാണോ ഒരു മാതാവാണോ? പല ഭക്തികളും വ്യത്യസ്തമായ ആവിഷ്കാരങ്ങളുമാണെങ്കിലും ദൈവമാതാവെന്ന അടിസ്ഥാന സ്ഥാനം അവിടെയുണ്ടെന്ന് പറഞ്ഞേക്കാം. എന്നാൽ ചില കാര്യങ്ങൾക്കു വേണ്ടി 'ഈ മാതാവിനോട്' പ്രാർത്ഥിച്ചാലേ ശരിയാകൂ എന്നും ചില മാതാവിന് മറ്റു മാതാവിനേക്കാൾ ശക്തി കൂടുതലാണ് എന്നൊക്കെ പറയുമ്പോൾ അവ പല മാതാവ് ആകുവാനല്ലേ വഴി?

കത്തോലിക്കരുടെ മറിയവും പ്രൊട്ടസ്റ്റന്റ് കാരുടെ മറിയവും ഒരാളാണോ രണ്ടു പേരാണോ? യേശുവിന്റെ അമ്മ എന്ന് രണ്ടു കൂട്ടരും പറയുന്നെങ്കിലും ദൈവമാതാവ്, അമലോത്ഭവ, നിത്യകന്യക തുടങ്ങിയ വിശ്വാസങ്ങളിൽ തികച്ചും വ്യത്യസ്തത പുലർത്തുകയാണ് ഇരു കൂട്ടരും. അപ്പോൾ അവർ പറയുന്നത് രണ്ടു പേരേക്കുറിച്ചല്ലേ?

നെസ്തോറിയസ്, ആരിയൂസ് തുടങ്ങിയവർ യേശുവിനെക്കുറിച്ചു പറഞ്ഞത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളായിരുന്നു. Docetism, adoptionism തുടങ്ങിയവയും വ്യത്യസ്തമായ സമീപനമാണ് യേശുവിനെക്കുറിച്ച് സ്വീകരിക്കുന്നത്. അത് ഒരേ യേശുവിനെക്കുറിച്ചാണോ പല യേശുമാരാണോ?

ബൈബിളിലെ നാല് സുവിശേഷങ്ങൾ കൂടാതെ അപ്പോക്രിഫൽ ഗ്രന്ഥങ്ങളായി മറ്റു പല 'സുവിശേഷങ്ങളു'മുണ്ട്.  മേരി മഗ്ദലീന്റേയും, പത്രോസിന്റെയും, ഫിലിപ്പിന്റെയും, യൂദാസിന്റെയും, ബാർണബാസിന്റെയും, പീലാത്തോസിന്റെയും, നിക്കദേമോസിന്റെയും, പേരിലൊക്കെ സുവിശേഷങ്ങളുണ്ട്. ഒക്കെ വ്യത്യസ്തമായ വിവരങ്ങളാണ്. അവ പറയുന്നത് ഒരേ യേശുവിനെക്കുറിച്ചോ പല യേശുമാരെക്കുറിച്ചോ?

'പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന' പരിശുദ്ധാത്മാവും, 'പിതാവിൽ നിന്ന് പുറപ്പെടുന്ന' പരിശുദ്ധാത്മാവും രണ്ടാണോ അതോ ഒരേ ആത്മാവാണോ?

പല സംസ്കാരങ്ങളും പ്രപഞ്ചോത്പത്തിയെക്കുറിച്ചു പലതരത്തിൽ പറയുന്നു. അവ പറയുന്നത് പല പ്രപഞ്ചത്തെക്കുറിച്ചാവണം, മാത്രമല്ല ഓരോരുത്തർക്കുമായി പല ആദ്യമനുഷ്യനും ഉണ്ടായിരുന്നിരിക്കണം. 

...................... 

കൊല്ലപ്പെട്ട  ലിഖിതങ്ങളിൽ തളക്കപ്പെട്ട ദൈവം മനുഷ്യരെ തിരയുന്നു ...  

മേയ് 12, 2021

കൂട്ടായ്മ എന്നത്

 സഭയുടെയും വിശ്വാസത്തിന്റെയും സാർവത്രികത വിശ്വാസം കൊണ്ടോ ധാർമികചിന്ത  കൊണ്ടോ അടക്കി ഭരിച്ചു കൊണ്ടല്ല, മറിച്ച് അതുൾക്കൊള്ളുന്ന എല്ലാറ്റിനെയും തുറവിയോടെ സ്വീകരിച്ചുകൊണ്ടാണ്. അങ്ങനെയാണ് കത്തോലിക മാനം സഭക്കുള്ളത്; പൂർണതയിലേക്ക് തുറവിയുള്ളത്!

വിശ്വാസം, സംസ്കാരം, പാരമ്പര്യം തുടങ്ങിയവയിലെ വ്യത്യസ്തതകൾ ആരെയെങ്കിലും മാറ്റി നിർത്തുവാൻ ഉള്ള കാരണമായി ഊന്നിപ്പറയപ്പെടുമ്പോൾ, കൂട്ടായ്മ ആഗ്രഹിക്കുന്ന സ്വീകാര്യതയിലെ  തുറവിയെക്കാൾ, ഒരുമിച്ചു നടക്കാനും, ഒരുമിച്ചു പ്രവർത്തിക്കാനും ഒരിക്കലും നമ്മൾ ശ്രമിക്കരുത് എന്ന് എടുത്തു പറയുകയാണ്. കൂട്ടായ്മ എന്നത് കൂട്ടിക്കെട്ടിയിടപ്പെടുന്ന ഒരു സമൂഹമല്ല, പരസ്പരം സ്വീകരിക്കുന്ന, കൂടുതൽ സ്വീകരിക്കാൻ തുറവിയുള്ള സമൂഹമാണ്. കൂട്ടായ്മയെ മാറ്റി നിർത്തുന്ന സഭ സഭയല്ലാതാകുന്നു, സഭയല്ലാതെ സഭ പറയുന്ന കാര്യങ്ങൾക്ക് ഒരു ക്ലബ് യോഗത്തിലെ പ്രസ്താവനയുടെ വിലയേയുള്ളു. 

മേയ് 08, 2021

ഇടപെടലിനായി

ദൈവത്തിന്റെ ഇടപെടലിനായി നമ്മൾ പ്രാർത്ഥിച്ചു.
ദൈവം എന്നേ ഇടപെട്ടു കഴിഞ്ഞു!

ആ ഇടപെടലിനെ തടഞ്ഞുവയ്ക്കുന്ന മനുഷ്യർ വേണ്ട ഇടപെടലുകൾ നടത്താൻ ഇനി പ്രാർത്ഥിക്കാം

മേയ് 06, 2021

എപ്പോഴേ നമ്മൾ സ്വർഗ്ഗത്തിലാണ് !

സ്വർഗ്ഗം ഹൃദയത്തിൽ സ്വീകരിച്ചവരും, അനേകർക്ക്‌ പകർന്നു കൊടുക്കുകയും ചെയ്തവർ എത്രയോ പേരുണ്ട്! കുഞ്ഞു നൊമ്പരങ്ങളും പരിഭവങ്ങളും ഉണ്ടെങ്കിലും അവക്കും മീതെ സ്നേഹം നൽകാനും അനേകരെ ചേർത്ത് പിടിക്കാനും കഴിഞ്ഞവർ!

നരകം ഓരോരുത്തരും സൃഷ്ടിക്കുന്നതാണ്; സ്വർഗ്ഗം ദൈവത്തിന്റെ കനിവിന്റെ അനുഭവവും. മരണശേഷം മാത്രം തുറന്നു കിട്ടുന്ന സ്വർഗ്ഗത്തെ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു ജീവരൂപമായിത്തീരാൻ  ദൈവം മനസായ നിമിഷം മുതൽ അവിടുത്തെ കൃപയും എന്നെ വലയം ചെയ്യുന്നു എന്നാണ് എന്റെ വിശ്വാസം. ആ നിമിഷം മുതൽ നമ്മൾ ദൈവരാജ്യത്തിലാണ്. സങ്കീർത്തകൻ പറയും പോലെ ആകാശങ്ങൾക്കു മീതെ ഞാൻ കൂടു വെച്ചാലും ആഴിയുടെ അഗാധങ്ങളിൽ പോയി ഒളിക്കാൻ ശ്രമിച്ചാലും അവിടെ ദൈവം എന്നെ കാണുന്നു എന്നത് നമ്മൾ ആയിരിക്കുന്ന സ്വർഗ്ഗം തന്നെയല്ലേ? സ്വർഗം ഒരു പ്രതിഫലമായികാണുന്നത് ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും അത്ര നല്ല വീക്ഷണം അല്ല നമുക്ക് നൽകുന്നത്. ഭൂമി ദൈവം നമുക്ക് നൽകിയ ഭവനമാണ്, വെറും സന്ദർശനസ്ഥലമല്ല. ഈ ഭൂമിയിൽ നമുക്ക് രൂപം നൽകിയ ദൈവം, അതേ ഭൗമപ്രക്രിയകളിലൂടെ തന്നെ പരിപാലനവും സാന്നിധ്യവും കനിവും പകർന്നു നൽകുന്നുമുണ്ട്. ദൈവം മനുഷ്യനു വേണ്ടി ഒരുക്കിയ സ്വർഗ്ഗം സൗഭാഗ്യങ്ങളുടെ മറ്റൊരു ദേശമായി മാറിയത് ഭൂമിയെ നിഷ്കൃഷ്ടമായി അകറ്റി നിർത്തിയത് കൊണ്ടാണ്. 

എന്നാൽ എപ്പോഴുമുള്ള ആ ദൈവസാന്നിധ്യം ദൈവികമായ, സ്വർഗ്ഗീയമായ, ദൈവരാജ്യത്തിന്റേതായ മനോഭാവങ്ങൾ നമ്മിലുണ്ടാക്കും. വ്യക്തിപരമോ സാമൂഹികമോ ആയ നമ്മിലെ രൂപഘടനകൾ ഒരു പക്ഷെ ഈ സ്വർഗ്ഗീയാനുഭവത്തെ തടസപ്പെടുത്തിയേക്കാം. അവയെ മാറ്റി നിർത്തി കൃപയിലേക്കു നമ്മെത്തന്നെ തുറക്കുവാൻ നമുക്ക് കഴിയേണ്ടതാണ്. ദൈവം നമ്മെ സഹായിക്കുകയും ചെയ്യും. അതിനു തയ്യാറാകുന്നില്ലെങ്കിൽ നമുക്ക് വേണ്ടി നമ്മൾ തീർക്കുന്നത് നരകം തന്നെയാണ്. കാരണം, അത്തരം സമീപനങ്ങളിലൂടെ ദൈവിക ജീവനെ നമ്മൾ നിരാകരിക്കുകയാണ്. എന്നാൽ സ്നേഹിക്കാൻ പരിശ്രമിക്കുന്നവർ ദൈവഹൃദയത്തെ തന്നിലേക്ക് സന്നിവേശിപ്പിക്കാൻ സ്വയം തുറന്നു കൊടുക്കുന്നു. ഓരോ നിമിഷത്തിന്റെയും വിളിയിൽ നമ്മൾ തുറക്കാത്ത സ്വർഗം മരണശേഷം പ്രതീക്ഷിക്കരുത്.

മരണം എന്താണെന്നു നമുക്കറിയില്ല, നമ്മെ രൂപപ്പെടുത്തിയ ദൈവം തീർച്ചയായും നമ്മെ ഉപേക്ഷിക്കില്ല.  മരണശേഷം എന്തെന്നും നമുക്കറിയില്ല, എന്നാൽ മനുഷ്യസമൂഹത്തിന്റെയും പ്രപഞ്ചസമൂഹത്തിന്റെയും  അംഗങ്ങളായിരിക്കും നമ്മൾ എന്നത് തീർച്ചയാണ്. ആ പരസ്പര കൂട്ടായ്മയിലാണ് നമ്മൾ ഉള്ളത്. ആ കൂട്ടായ്മയാണ് ക്രിസ്തു, ഇപ്പോഴും അന്നേരവും.

മേയ് 04, 2021

നാളേക്കായുള്ള ഒരു ഒരുക്കം

സമൂഹനന്മക്കായും ജീവനോപാധികളുടെ നീതിപൂർവ്വമായ വിതരണത്തിനായും ഉത്തരവാദിത്തപ്പെട്ടവർക്ക് ശുഭേച്ഛയുണ്ടാവട്ടെ എന്നതിനാവാം ദൈവം ഇപ്പോൾ ഏറ്റവുമധികം കൃപ ചൊരിയുന്നത്. ആ ശുഭേച്ഛയാണ് പ്രതീക്ഷിക്കേണ്ട അത്ഭുതം. അതുണ്ടാകുവോളം സമൂഹം കഷ്ടതയിൽ വിഷമിക്കേണ്ടതായി വരും. 

ഉദ്ദേശ്യപൂർവ്വം സൃഷ്ടിക്കപ്പെടുന്ന ക്രമരാഹിത്യം, ദുരഭിമാനങ്ങളെ സംരക്ഷിക്കുവാൻ കാണിക്കുന്ന അമിതതാല്പര്യത്തിന്റെ ഫലം കൂടിയാണ്. സമൂഹത്തിനു മേലും സാമൂഹ്യ-ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ മേലും അത് കൊണ്ടുവയ്ക്കുന്ന ഭാരം വളരെ വലുതാണ്. വെയിലുകൊണ്ട് തളരുകയും ചിലപ്പോൾ അക്ഷമരാവുകയും ചെയ്യുന്ന പോലീസുകാർ, ഓടിത്തളരുകയും കിതക്കുകയും ചെയ്യുന്ന നഴ്‌സുമാർ, ഓരോ ജീവനും നഷ്ടപ്പെടുമ്പോൾ നിസ്സഹായതയിൽ വാവിട്ടു കരയുന്നവർ... അവരുടെ നിസ്സഹായതയിൽ, ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവഹൃദയമുണ്ട്. ആശുപത്രികളിൽ ഇടം കിട്ടാതെ എവിടെയൊക്കെയോ ആയി കിടക്കുന്ന രോഗികൾക്കും അടുത്ത് കാത്തിരിക്കുന്നവർക്കും സാധിക്കുന്ന സഹായങ്ങളും ഭക്ഷണവുമായി വരുന്നവരിൽ ദൈവപ്രവൃത്തിയുണ്ട്. രോഗികളുടെ എണ്ണത്തിൽ പോലും പെടാതെ, ചികിത്സ നിഷേധിക്കപ്പെടുന്ന ഹതഭാഗ്യരിൽ തളരുന്ന ദൈവവുമുണ്ട്. പകർച്ചവ്യാധിയെ ചെറുക്കും വിധം ആരോഗ്യപരമായ ഒരു സംവിധാനം നിലവിൽ വരുത്തുകയാണ് നൽകപ്പെടുന്ന കൃപയോട് ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള വഴി. 

ഓടിച്ചു വിടാവുന്ന ഒന്നല്ല വൈറസ് എന്നതുകൊണ്ട്, ആരോഗ്യപരമായ അവസ്ഥ ഉറപ്പാക്കുക എന്നതാണ് ആവശ്യം. ഈ ആരോഗ്യം ശാരീരികവും വൈകാരികവും ആത്മീയവുമാവണം. ഒറ്റയ്ക്ക് ആർക്കും ഇത് സാധ്യവുമല്ല. ദൈവത്തിന്റെ കൃപ കരുണയായും, ഉത്സാഹമായും, ധൈര്യമായും സാന്ത്വനമായും  പ്രോത്സാഹനമായും പരസ്പരം ബലപ്പെടുത്തട്ടെ.  ഒരു കല്യാണവീട്ടിൽ സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ അപ്രതീക്ഷിതമായി വരുന്ന മഴ ... അയൽക്കാരും അതിഥികളും കേട്ടവരും ഒക്കെ സാധിക്കുന്നതുപോലെ പരിശ്രമിച്ച് സദ്യയുടെ ഒരുക്കങ്ങളെ സുരക്ഷിതമാക്കുന്നു. ദൈവപ്രവൃത്തികളും ഇടപെടലുകളും സമാനമാണ്. സാമൂഹിക-മാനുഷിക സംവിധാനക്രമങ്ങളെത്തന്നെയാണ് ദൈവം എന്നൊക്കെ വിളിക്കുന്നത് എന്നല്ല, ഈ ക്രമങ്ങളിലെ മനുഷ്യനന്മകളിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത് എന്നതാണ് മനസിലാക്കേണ്ടത്. 

അനുഷ്ഠാനകേന്ദ്രീകൃതമായ വിശ്വസശൈലി പരിചിതമായതുകൊണ്ട് ദൈവകേന്ദ്രീയമായതിനെ ശ്രമിക്കാൻ പോലും പലരും മടിക്കുന്നു. അവയുടെ ഒഴിച്ചുകൂടായ്മക്ക് ഊന്നൽ നൽകി അസ്വസ്ഥത സൃഷ്ടിക്കപ്പെടുമ്പോൾ പ്രതീകാത്മകമാവേണ്ടവ യാഥാർത്ഥ്യവത്കരിക്കപ്പെടുകയാണ്. അനുഷ്ഠാനങ്ങളുടെ അഭാവത്തിലും,  ജീവിക്കുന്നവനും സന്നിഹിതനും പ്രവർത്തിക്കുന്നവനുമായ ദൈവത്തെ അടുത്ത് കാണാൻ മാനുഷികഹൃദയത്തോടെ ദൈവത്തെ കാണാൻ ശ്രമിക്കുക എന്നതാണ് വഴി. അല്ലായെങ്കിൽ, ദൈവം ആരോടുകൂടെ ബുദ്ധിമുട്ടുകളിൽ നിതാന്ത പരിശ്രമം നടത്തുന്നുവോ അവ കാണാതെ പോവുകയും, ആരിലൊക്കെ പ്രവൃത്തിക്കുന്നുവോ അവരുടെ ആത്മാർത്ഥതയെ പുച്ഛിക്കുകയും, ആരൊക്കെ ദൈവപ്രവൃത്തികൾക്ക് എതിര് നിൽക്കുന്നുവോ അവർ പാലിക്കുന്ന സ്വാർത്ഥമോഹങ്ങൾക്കും അനീതിക്കും പരോക്ഷമായി പിന്തുണ നൽകുകയും ചെയ്യുകയാണ് നമ്മൾ ചെയ്യുന്നത്. ഇത്രമാത്രം ദൈർഘ്യതയും തീവ്രതയും കണക്കുകൂട്ടലുകളിൽ ഇല്ലാതിരുന്നതുകൊണ്ടാകാം പരിചിതമായവയിൽത്തന്നെയുള്ള തുടച്ചക്കായുള്ള പരിശ്രമങ്ങളായിരുന്നു ഏറെയും. പുതിയൊരു സാഹചര്യം ക്ഷണിക്കുന്ന ദൈവാനുഭവത്തിലേക്ക് നമ്മെത്തന്നേയും മറ്റുള്ളവരെയും നയിക്കുവാൻ നമുക്ക് കഴിയണം. നിയമിതമായ ചട്ടങ്ങളുടെ തുടർച്ചയിലേ ദൈവത്തിനു തുടർച്ചയുണ്ടാകൂ എന്ന് കരുതരുത്. ആളുകളുടെ കാഴ്ചപ്പാടുകളിൽ വരുന്ന ചോദ്യങ്ങളും, ചിന്തകളും അകൽച്ചയും പോലും പരിശുദ്ധാത്മ പ്രേരിതമായിത്തീരാൻ വേണ്ട മാർഗ്ഗദർശനം ഇന്ന് ആവശ്യമായുണ്ട്. ആത്മാവ് നൽകുന്ന നവീനതയിൽ ഈ അപ്രതീക്ഷിതഘട്ടത്തിലൂടെ കടന്നു പോകുവാനും, അവിടുന്നു നമ്മിൽ നൽകുന്ന പുതുരൂപത്തെ സ്വീകരിക്കുവാനും അപ്പോൾ കഴിയും.

സ്വാർത്ഥതാല്പര്യങ്ങളും, മായിക പ്രതീക്ഷകളുടെ ആസ്വാദ്യതയും നമ്മെ തകർക്കുകയേയുള്ളു. നിത്യസഹായമാതാവിന്റെ നൊവേനയിൽ, ഞങ്ങളുടെ രാജ്യത്തെ എല്ലാ നേതാക്കൾക്കും ജനങ്ങൾക്കും വിജ്ഞാനവും വിവേകവും നൽകേണമേ എന്നു പ്രാർത്ഥനയുണ്ട്. അത്തരത്തിലുള്ള പ്രവൃത്തികളിലേ നമ്മുടെ ലക്ഷ്യങ്ങൾ ഫലം കാണൂ. നമ്മുടെ പ്രാർത്ഥനകളുടെ ലക്‌ഷ്യം പ്രാഥമികമായി കോവിഡ് നിർമ്മാർജ്ജനമല്ല; ദൈവഹിതം യാഥാർത്ഥ്യമാകുവാൻ ആഗ്രഹിക്കുന്ന ഒരു സമൂഹനിര്മിതിയാണ്. അങ്ങനെയേ മഹാമാരികളെ നേരിടുവാൻ നമുക്കാകൂ. ഇത് നാളേക്കായുള്ള ഒരു ഒരുക്കമാണ്, പരിശീലനമാണ്. 

മേയ് 02, 2021

മെയ് മാസത്തിലെ ജപമാല

"സ്നേഹനിധിയായ അമ്മേ, ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു ചേർക്കുന്ന സ്നേഹബന്ധത്തിൽ ഞങ്ങളെല്ലാവരും ഒരു വലിയ കുടുംബത്തിലേതാണെന്ന ബോധ്യം ഞങ്ങൾക്ക് നൽകേണമേ. അങ്ങനെ, സഹോദര്യത്തിലും ഒത്തൊരുമയിലും പാവങ്ങൾക്കും വിവിധദുരിതങ്ങൾക്കിരയായവർക്കും സഹായമാകുവാൻ ഞങ്ങൾക്കാവട്ടെ. വിശ്വാസത്തിൽ ഉറപ്പും, സേവനങ്ങളിൽ സ്ഥിരോത്സാഹവും, നിരന്തരമായി പ്രാർത്ഥിക്കുവാനുള്ള കൃപയും ഞങ്ങളിൽ വളർത്തേണമേ."

മെയ് മാസത്തിലെ ജപമാലക്കു തുടക്കം കുറിച്ച് കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനയാണിത്. നമ്മുടെ പരസ്പര ബന്ധം, അത് പ്രേരിപ്പിക്കുന്ന പരസ്പരമുള്ള കടമകൾ, ജീവിതത്തിന്റെ പ്രതിബദ്ധത എന്നിവ ഭക്തിയുടെ ഭാഗം തന്നെയാണെന്ന് ഈ പ്രാർത്ഥന ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനയിൽ ഈ ദൃഢത നഷ്ടപ്പെടുമ്പോളാണ് എളുപ്പം അത് അനുഷ്‌ഠാനങ്ങളിലുള്ള സംതൃപ്തിയാകുന്നത്. ജപമാല പ്രാർത്ഥിച്ചു ധ്യാനിക്കുമ്പോൾ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിലെ രക്ഷാകര നിമിഷങ്ങളും ധ്യാനിക്കപ്പെടട്ടെ.

മേയ് 01, 2021

സത്യത്തിന്റെയും ജീവന്റെയും സ്പർശമുള്ള പ്രാർത്ഥനകൾ

ജീവന്റെ നാഥനായ ദൈവത്തെ, Deus ex machina യുമായി വച്ചുമാറിയതു മുതൽ ക്രിസ്തീയ വിശ്വാസത്തിന്റെയും ധാർമികതയുടെയും സന്മാർഗബോധത്തിന്റെയും അപചയം സംഭവിച്ചു. ദൈവപരിപാലനയെക്കുറിച്ചും, ദൈവികജീവനെക്കുറിച്ചും ദൈവപ്രവൃത്തിയെക്കുറിച്ചും കേൾക്കുന്നത് വിരളമാണ്. പകരം പ്രതീക്ഷകൾ  മുഴുവൻ അത്ഭുതങ്ങളെക്കുറിച്ചാണ്.

ദൈവപ്രവൃത്തികൾ അത്ഭുതാവഹമാം വിധം നമുക്ക് അനുഭവമാകാറുണ്ട്. അവ പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങൾക്കു അതീതമാണെന്ന പ്രതീതിയുണ്ടായേക്കാം, എന്നാൽ പ്രകൃതിനിയമങ്ങൾക്കു വിരുദ്ധമായവയല്ല അത്ഭുതങ്ങൾ. അത്ഭുതങ്ങളെ മാജിക്കിന് സമാനമായി കാണുന്നതാണ് ദൈവപ്രവൃത്തികളെ ശരിയായ വിധത്തിൽ മനസിലാക്കാൻ ഏറ്റവും വലിയ തടസം ഉണ്ടാക്കുന്നത്.  അവസാനനിമിഷം കടന്നു വന്നു എല്ലാം ശരിയാക്കുന്ന പ്രത്യേകവേഷക്കാരനല്ല ദൈവം. മനുഷ്യനും ശാസ്ത്രവും പരാജപ്പെട്ടു നിൽക്കുമ്പോൾ Deus ex machina യുടെ റോൾ വരുന്നു. ആശ്ചര്യം സൃഷ്ടിച്ചു കടന്നു പോവുകയും ചെയ്യുന്നു. ആ സ്റ്റേജിൽ നിന്നിറങ്ങി ജീവിതങ്ങളിലേക്ക് Deus ex machina വരാറില്ല. 

ദൈവത്തിന്റെ പ്രസക്തി ശാസ്ത്രത്തിന്റെ പരാജയത്തിൽ മാത്രം കാണുന്നതും വലിയൊരു വീഴ്ചയാണ്. ശാസ്ത്രം മുട്ട് മടക്കുന്നു, ഞെട്ടുന്നു തുടങ്ങിയ പ്രയോഗങ്ങൾ യഥാർത്ഥത്തിൽ ദൈവത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. മനുഷ്യന്റെ ആത്മാർത്ഥമായ സത്യാന്വേഷണത്തെ ലജ്ജിപ്പിക്കാനോ പുച്ഛിക്കാനോ ദൈവം തുനിയാറുമില്ല. എന്നുമാത്രമല്ല അവ ദൈവത്തിന്റെ തന്നെ വെളിപാടിന്റെയും സർഗാത്മകതയുടെയും വഴിയുമാണ്. ശാസ്ത്രത്തെയും മതത്തെയും യുദ്ധരംഗത്തെന്നപോലെ സ്ഥാപിച്ചിരിക്കുന്ന കാഴ്ചപ്പാടുകളാണ് 'ദൈവത്തിനു വിജയമുണ്ടാകണമെന്നത്' ആവശ്യമായി കാണുന്നത്. യുക്തി, ബുദ്ധി തുടങ്ങിയവയെ തനിക്കു വിരുദ്ധമായി ദൈവം കാണുന്നുമില്ല. 

ദൈവപരിപാലനയെക്കുറിച്ചും, ദൈവികജീവനെക്കുറിച്ചും ദൈവപ്രവൃത്തിയെക്കുറിച്ചും കൂടുതൽ ആഴമായ ധ്യാനം നമുക്ക് ആവശ്യമാണ്. ദൈവം മാജിക്കുകാരനല്ല, ജീവന്റെ സ്രോതസ്സാണ്. ഒരുപക്ഷേ, ദൈവത്തെ മനസിലാക്കാൻ ജീവന്റെ പ്രക്രിയകളെ ധ്യാനിക്കുകയാകും കൂടുതൽ ഉചിതം. പ്രാർത്ഥനകളിൽ ആ ജീവന്റെ അനുഭവമാണ് നമുക്കുണ്ടാവേണ്ടത്, മറിച്ച് അത്ഭുതങ്ങളുടെ പ്രതീക്ഷകൾ പ്രത്യാശക്കും ആന്തരിക ജീവനും പകരം പെട്ടെന്നുള്ള ഇടപെടലുകളെക്കുറിച്ചുള്ള മായികലോകത്തു നമ്മെ അടച്ചു കളയും. പ്രാർത്ഥനകൾ സൂത്രവാക്യങ്ങളും, ദൈവത്തെ നിർബന്ധിക്കലുമല്ല, ദൈവാശ്രയത്തിന്റെ അടയാളമാവണം പ്രാർത്ഥന. എങ്ങോ പോയ്മറഞ്ഞ ദൈവത്തെ സമന്വയിപ്പിച്ചു തിരികെകൊണ്ടുവരുന്ന പ്രക്രിയയുമല്ല പ്രാർത്ഥന, ഏതു ജീവിത ഘട്ടത്തിലും ദൈവം കൂടെയുണ്ടെന്നതിന്റെ ഉറപ്പാണ് പ്രാർത്ഥനയുടെ അടിസ്ഥാനം. 

ദൈവം പ്രവർത്തിക്കണമെന്ന ആഗ്രഹം, അത്ഭുതങ്ങളിലുള്ള  പ്രതീക്ഷ സ്വന്തം മതവും നിലപാടുകളും ശരിയാണെന്നുറപ്പിക്കാനുള്ള അവസരമായി കാണുന്ന ഹൃദയാഭിലാഷങ്ങൾ വിശ്വാസമല്ലെന്നു മാത്രമല്ല ദൈവികമായ സമീപനവുമല്ല. അറിവും, ഭക്തിയും, വിശ്വാസവും ഭരണക്രമങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളും നേരിട്ടെങ്കിലേ അത് മനുഷ്യരെന്ന നിലയിൽ ദൈവികമായ പാത തീർക്കൂ. ദൈവത്തിന്റെ പ്രവൃത്തികൾ അപ്പോഴേ കണ്ടുതുടങ്ങൂ. മുൻവിധികളും അജണ്ടകളുമില്ലാത്ത ശാസ്ത്രാന്വേഷണവും മനുഷ്യന്റെ കൂട്ടായ വിചിന്തനങ്ങളുമേ സത്യം തുറന്നു തരൂ. പൊതുനന്മ ലക്ഷ്യമാക്കുന്ന നിലപാടുകളിലേ ജീവൻ പ്രതിഫലിക്കൂ. സത്യത്തിന്റെയും ജീവന്റെയും സ്പർശമുള്ള പ്രാർത്ഥനകളും അത്തരത്തിലേ ജനിക്കൂ. 

വലിയ കാഴ്ച

കൃതജ്ഞതയിലും, നിറവിലും, എളിമയിലും ജീവിതവും അതിന്റെ കർമ്മങ്ങളും ഉറപ്പിക്കാൻ യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. 

ഹൃദയത്തിന്റെ നിറവിൽ നിന്ന് നൽകുമ്പോൾ നൽകപ്പെടുന്നത് ജീവിതത്തിന്റെ സത്തയാണ്. നീണ്ട ആയുസ്സും, ജനാവലികൾക്കു മുമ്പിലെ പ്രസംഗങ്ങളും, അസംഖ്യം എഴുത്തുകളും നല്കുന്നവയെക്കാളും  ചെറുതോ വലുതോ ആയ പ്രവൃത്തികളും, കൊച്ചു വാക്കുകളോ, പരിഗണിക്കപ്പെടുക  പോലുമില്ലെങ്കിലും നീതിക്കുവേണ്ടിയുയർത്തുന്ന ചെറുശബ്ദവും ജീവനിൽ ഫലം കണ്ടതാകുമ്പോൾ വലിയ കാഴ്ചയാണ്. 

യൗസേപ്പ് നീതിമാനായിരുന്നു.

ചെയ്യുന്നതിലെല്ലാം, സ്നേഹവും, നന്മയും, ജീവസ്പര്ശവും ഉണ്ടാവട്ടെ. അത് നമുക്കും മറ്റുള്ളവർക്കും രക്ഷയുടെ അനുഭവമാകും, രക്ഷകന്റെ രൂപം നമുക്കും കൈവരികയും ചെയ്യും.