വിവിധങ്ങളായ മതങ്ങൾ ഇടകലർന്നു ജീവിക്കുന്ന ഒരു സമൂഹത്തിൽ, മതങ്ങൾ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് സാംസ്കാരികമായ വ്യത്യസ്തതകളിലെ ചേരായ്മകളെച്ചൊല്ലിയാണ്. ഭൂപ്രകൃതിയും, ജീവിതരീതിയുമെല്ലാം ഒരുമിച്ചു ചേർന്നാണ് ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ലോകത്തെക്കുറിച്ചും ധാരണകളുണ്ടാക്കുന്നത്. അപ്പോൾ മൂല്യങ്ങളും സമ്പ്രദായങ്ങളും വ്യത്യസ്തമാകും. വ്യത്യസ്തസമൂഹങ്ങൾ ഒരുമിച്ചു വസിക്കുമ്പോൾ, വ്യത്യസ്‍തമായ മൂല്യങ്ങളും സമ്പ്രദായങ്ങളും പരസ്പരം അംഗീകരിക്കുവാൻ കഴിയുന്നില്ലെങ്കിൽ അവ സംഘർഷങ്ങളുണ്ടാക്കും. വ്യത്യസ്തതകളിൽ ഒരുപക്ഷേ ഉണ്ടായേക്കാവുന്ന വൈരുദ്ധ്യങ്ങളെ സംഘർഷങ്ങളും അകൽച്ചകളുമാക്കാതെ പൊതുസമൂഹത്തിലെ ഭാഗമെന്ന നിലയിൽ എപ്രകാരം പരസ്പരം ബലപ്പെടുത്താനും നന്മകളെ അംഗീകരിക്കാനും കഴിയുമെന്നതാണ് ഇന്ന് പ്രധാനം.
വ്യക്തിയായോ കുടുംബമായോ ജീവിതാവസ്ഥകളിൽ അഭിമുഖീകരിക്കേണ്ടി വരുന്നത് മനുഷ്യനെന്ന സത്യത്തെയാണ്. ഒരു മനുഷ്യനെ പിടിച്ചുലക്കുന്ന നിരവധി സാഹചര്യങ്ങളിലൂടെ നമ്മൾ നടക്കുമ്പോൾ അത്തരം പ്രശ്നങ്ങൾക്ക് സമൂഹനിർമ്മിതി നൽകുന്ന സംവിധാനങ്ങളെ ചെറുക്കേണ്ടത് സമൂഹത്തിന്റെ നിലവിലുള്ള ആരോഗ്യത്തിനും ഭാവിതലമുറയുടെ ഭാവിക്കും ആവശ്യമാണ്. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ മാത്രമായി കാണാവുന്ന പ്രശ്നമല്ല നമുക്ക് അഭിമുഖീകരിക്കാനുള്ളത്. മാനുഷികമായ വളർച്ച ഓരോ അംഗത്തിനും ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ചുമതലയാണ്. ആ ചുമതലയുടെ സഹകാരിതയാണ് മതങ്ങളായും മറ്റു സംവിധാനങ്ങളായും ഏറ്റെടുക്കേണ്ടത്. പൊതുവായ സമൂഹത്തിൽ നിന്ന് അകന്നു മാറുന്ന പ്രത്യേക വിഭാഗങ്ങൾ സമൂഹവളർച്ചക്കായി സംഭാവന നൽകുന്നില്ലെന്ന് മാത്രമല്ല, സ്വന്തം സമൂഹത്തിന്റെയും അതിലെ വ്യക്തികളുടെയും മുരടിപ്പാണ് സാധിച്ചെടുക്കുന്നത്.
മാനുഷികമായ വളർച്ച, വ്യക്തിത്വം ജീവിതദർശനം വൈകാരികപക്വത, വ്യത്യസ്തതകളെ മനസിലാക്കാനും അംഗീകരിക്കാനും ആദരിക്കാനുമുള്ള ആർജ്ജവം, പരസ്പരമുള്ള തുറവി ഇവയൊക്കെ ഉൾക്കൊള്ളുന്നു. ബാല്യകാലം മുതൽ പരിശീലിച്ചു തുടങ്ങേണ്ട 'കഴിവുകൾ' ആണിവ. എങ്കിലേ ഉത്തരവാദിത്തത്തോടെയുള്ള ഒരു കുടുംബരൂപീകരണത്തിലേക്കു വഴിതെളിക്കുന്ന വളർച്ച വ്യക്തികൾക്കുണ്ടാകൂ. കുടുംബങ്ങളിൽ അത്തരം വേദികൾ ഇന്ന് ലഭ്യമല്ലെങ്കിൽ പൊതുവായ തലങ്ങൾ അത് ഉറപ്പാക്കണം. ഇത്തരം അടിസ്ഥാന മൂല്യങ്ങളിൽ മതങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നത് മതങ്ങളും മതനേതാക്കളും ആത്മാർത്ഥമായി ആത്മശോധന ചെയ്യേണ്ടതാണ്. ഇവയുടെ അഭാവം മൂലം കുടുംബങ്ങളിലുണ്ടാകുന്ന വിള്ളലുകൾ, അവയെ വേണ്ടവിധം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളുടെ അഭാവം എന്നിവ സാമൂഹികമായ ന്യൂന്യതകളാണ്. അതേ അഭാവം രൂപപ്പെടുത്തുന്ന പലതരത്തിലുള്ള തെറ്റിദ്ധാരണകൾ അപക്വമായ വ്യക്തിബന്ധങ്ങളെയും ശാരീരിക ബന്ധങ്ങളെയും 'സാധാരണ'മാക്കുകയും ചൂഷണങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുകയാണ്. അത് ആഘോഷമാക്കുന്നവർക്കും ഇരകളാക്കപ്പെടുന്നവർക്കും പ്രേരകഘടകങ്ങളാകുന്നത് എന്തൊക്കെയാണ്? ചിലർക്ക് അത് സാഹസികതയാണോ? ചിലർക്ക് സ്വയം തെളിയിക്കാനുള്ള മാർഗമാണോ? ചിലർക്ക് അത് മത്സരമാകുന്നുണ്ടോ? ചിലർക്ക് പ്രതികാരം ചെയ്യലാണോ? ഏറ്റവും എളുപ്പമുള്ള ആസ്വാദ്യതയാണോ? ഇവയ്ക്ക് സാമൂഹികമായ 'അംഗീകാരം' ലഭിച്ച് സാധാരണമാകുന്നത് എങ്ങനെ? എല്ലാം നന്നായി പോകുന്നെന്ന് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും കരുതുമ്പോഴും തനിയെ വഹിക്കുന്ന അസ്വസ്ഥതകൾ കൂടുന്നുണ്ടോ? അവയെ അവസരമാക്കുന്ന ആളുകൾ അങ്ങനെ അത് കൈകാര്യം ചെയ്യുന്നു?
സുസ്ഥിരമാണെന്നു കരുതപ്പെടുന്ന കുടുംബങ്ങൾക്കുള്ളിൽത്തന്നെ ദുരുപയോഗിക്കപ്പെടുന്ന കുഞ്ഞുങ്ങൾ ആ ഭാരം വഹിക്കേണ്ടത് ജീവിതകാലം മുഴുവനുമാണ്. സൗഖ്യാന്തരീക്ഷം സൃഷ്ടിക്കേണ്ട സമൂഹം വിഘടിച്ചു കഴിയുന്ന പല സംവിധാനങ്ങളാകുമ്പോൾ ഇത്തരം ഭാരങ്ങൾ ഏറ്റെടുക്കുവാൻ സമൂഹത്തിനു കഴിയില്ല. മതങ്ങൾക്ക് മാത്രം പരിഹരിക്കാനാവുന്ന സങ്കീര്ണതകളല്ല ഇന്ന് സമൂഹത്തിലുള്ളത്. എന്നാൽ സമൂഹം ഒത്തൊരുമിച്ചു നേരിടേണ്ടതായ ഒരുപാടു പ്രശ്നങ്ങൾ നമുക്ക് മുൻപിലുണ്ട്. പോലീസ്, ആശുപത്രികൾ, സാമൂഹ്യപ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസസ്ഥാപങ്ങൾ എന്നിവയൊക്കെ ഒരുമിച്ചു നിന്നെങ്കിലേ മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ ഫലപ്രദമായി നേരിടുവാനാകൂ. വരും തലമുറകളെക്കുറിച്ചു നമ്മൾ യഥാർത്ഥതയിൽ താല്പര്യമുള്ളവരാണെങ്കിൽ വേർതിരിക്കുന്ന ഘടകങ്ങളെ വ്യക്തിപരമായി കണ്ടുകൊണ്ട് പൊതുരംഗങ്ങളിൽ ഒരുമിച്ചു പ്രവർത്തിയ്ക്കുവാനുള്ള ആത്മാർത്ഥ പരിശ്രമങ്ങൾ ഉറപ്പാക്കാനാവണം. വ്യവസായങ്ങളും അതിന്റെ യന്ത്രവത്കരണവും സമൂഹവ്യവസ്ഥിതിയെ എങ്ങനെ ബാധിച്ചുവോ അതിലും വളരെ അധികം മടങ്ങ് ഇന്ന് കോർപ്പറേറ്റ് രംഗങ്ങളും വിവരസാങ്കേതികരംഗങ്ങളും മനുഷ്യരെ സ്വാധീനിക്കുന്നുണ്ട്. സ്വഭാവത്തിലും കാഴ്ചപ്പാടുകളിലും പെരുമാറ്റങ്ങളിലും ബന്ധങ്ങളിലും നേട്ടമായും കോട്ടമായും അത് മൂല്യവും സംസ്കാരവുമായിമാറിക്കഴിഞ്ഞു. കാലത്തിന്റെ ഈ സമ്മർദ്ദത്തിലേക്കാണ് ഇന്ന് മതങ്ങൾക്ക് വിശ്വാസത്തെ പരിഭാഷ ചെയ്യേണ്ടത്. എന്നാൽ മതങ്ങളുടെ ഇടപെടലുകൾ രാഷ്ട്രീയവും സാമ്പത്തികവുമായ സംഘർഷങ്ങളെ പരിലാളിക്കും വിധമാണെങ്കിൽ മതമെന്ന നിലയിൽ വലിയ പരാജയമാണ്.
ഒരുമിച്ചു നില്കുവാനുള്ള അവസരങ്ങളെ ത്വരിതപ്പെടുത്തുകയും സാമൂഹിക വിപത്തുകളെ ഒരുമിച്ചു ചെറുക്കുവാൻ പ്രതിജ്ഞാബദ്ധമാവുകയും ചെയ്യുകയാണ് മതങ്ങൾ ചെയ്യേണ്ടത്. ആരെയെങ്കിലും മാറ്റി നിർത്തിക്കൊണ്ട് പക്വമായ ഒരു സ്വയാവബോധം വളർത്താനാവില്ല. പൊതുസമൂഹത്തിനുള്ളിലാണ് ഒരു വ്യക്തിസമൂഹം എന്നതുതന്നെ കാരണം. വേണ്ടവിധം സാംസ്കാരികഘടകങ്ങളെ വിലയിരുത്താനുള്ള കഴിവില്ലായ്മ, പുനർനിർമ്മിതിക്കായുള്ള അടയാളങ്ങളെ കാണാനും കേൾക്കാനുമുള്ള മനസില്ലായ്മ എന്നിവയൊക്കെയാണ് ഇന്നുള്ള നിരവധി പ്രശ്നങ്ങൾക്ക് യഥാർത്ഥ കാരണമായുള്ളത്.
എല്ലാം ആഴമായി അറിയുവാനും പഠിക്കുവാനും ആർക്കും കഴിയില്ല. എങ്കിലും വ്യത്യസ്തമായ മതങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും ലോകചരിത്രത്തെക്കുറിച്ചും പൊതുവായ അറിവിനായി താല്പര്യം ജനിപ്പിക്കുക എന്നത് നേതാക്കളും അധ്യാപകരമായവർ വരും തലമുറയ്ക്ക് നൽകുന്ന വലിയ കാഴ്ചയാണ്. സ്വന്തം തനിമയെക്കുറിച്ചുള്ള ബോധ്യം പക്വമാകുവാൻ അത് പ്രധാനവുമാണ്. എന്നാൽ, അതിനു വിപരീതമായി അത്തരം വായനകൾ തെറ്റാണെന്നു പഠിപ്പിക്കുന്ന മതം സമൂഹം മുഴുവനോടും ചെയ്യുന്ന അനീതിയാണത്. ബോധ്യങ്ങളുടെ കുറവുകൊണ്ടോ വേണ്ട അറിവില്ലാത്തതുകൊണ്ടോ മാത്രമല്ല പലപ്പോഴും വിശ്വാസത്തിൽ ചഞ്ചലചിത്തരാകുന്നത്. ദിവ്യഗ്രന്ഥ പാരായണരീതി പരിശീലിക്കാത്തതുകൊണ്ടാണ്. ഉദാഹരണത്തിന് ബൈബിൾ സംബന്ധമായി സ്വന്തം മനസ്സിൽ ഉയരുന്നതോ ആരെങ്കിലും ഉന്നയിക്കുന്നതോ ആയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ഇല്ലാതെ പോകുന്നത്, അത് ചരിത്രപരവും സാംസ്കാരികവും സാഹിത്യപരവുമായ പശ്ചാത്തലങ്ങളെ പരിഗണിച്ചുകൊണ്ട് എങ്ങനെ വായിക്കണമെന്ന് സഭ പഠിപ്പിക്കുന്നത് പരിശീലിക്കാതെ അക്ഷരാർത്ഥത്തിലെടുക്കാനും വ്യാഖ്യാനിക്കാനും പരിശീലിച്ചെടുത്തതുകൊണ്ടാണ്. സഭയുടെ മാർഗ്ഗനിര്ദേശങ്ങളെ പാടെ അവഗണിക്കുന്ന സ്വയംപ്രേരിത വെളിപാടുകൾ സ്വതാല്പര്യപ്രകാരം വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നതും വിശ്വാസത്തിന്റെ വ്യക്തമായ ധാരണകൾക്കു സഹായകമല്ല. ഗ്രന്ഥം, പാരമ്പര്യം ഇവ തമ്മിലുള്ള ബന്ധം, അവയിലുള്ള തുടർച്ചയും പുതുമയും എന്നിവ മനസിലാക്കാൻ നമുക്ക് കഴിയണം. മതപഠനവും വേദഗ്രന്ഥവായനയും തത്തയുടെ പാരായണമല്ല. സാംസ്കാരികസാമൂഹിക പശ്ചാത്തലത്തിൽ വെച്ചുകൊണ്ട് അവയിലെ ആന്തരിക പ്രചോദനങ്ങളെ കണ്ടെത്താൻ കഴിയുന്നെങ്കിലേ അവിടെ ദൈവികമായ അനുഭവമുണ്ടാകൂ. നന്മയിലേക്കുള്ള അനുധാവനമുണ്ടാകൂ.
സംഘർഷങ്ങളുടെ കാലത്ത് നിന്ന് മാറി സ്വയം ഉണർവ് തേടേണ്ട സമയത്താണ് നമ്മൾ ഇന്ന്. പ്രചോദനങ്ങൾക്ക് ഉറവിടമായുള്ളത് ഭൂമി തന്നെയാണ്. ഭൂമിയെ അറിഞ്ഞുകൊണ്ട് മാത്രമേ മനുഷ്യനെയും മനുഷ്യൻ്റെ ചരിത്രത്തെയും സംസ്കാരത്തെയും അറിയാനാകൂ. മനുഷ്യൻ്റെ ഹൃദയസ്പന്ദനം അറിഞ്ഞെങ്കിലെ ഭാവിയിലേക്കുള്ള മനസാക്ഷിയെ ഒരുമിച്ച് തിരിച്ചറിയാനാകൂ. അല്ലെങ്കിൽ, നമ്മൾ വെട്ടി മരിക്കും, ദൈവത്തെക്കുറിച്ച് എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് വിഷമുള്ള ഭ്രാന്ത് പിടിച്ചു ബാക്കിയുള്ളവരും.
സന്മനസ്സുള്ളവർക്ക് സമാധാനം!
സന്മനസ് നിർമിക്കാൻ കഴിയാത്ത മതവും സമൂഹവും എങ്ങനെ മനുഷ്യന് പ്രത്യാശ പകരും?