ഒരു കലാകാരനിൽ കല ഒരു ഗുണം മാത്രമാകാതെ ഒരു ധ്യാനമാകാറുണ്ട്. അടയാളങ്ങളിൽ അതിന്റെ അർത്ഥം അതിനു ജീവൻ പകരുന്നതാണ്. ഒരു അനുഷ്ഠാനം വെറുതെ ക്രിയകളാവാതെ ജീവന്റെ ഫലം പുറപ്പെടുവിക്കുന്നതും അതിന്റെ അർത്ഥങ്ങൾ നൽകുന്ന ധ്യാനാത്മകതയിൽ നിന്നാണ്. എന്നാൽ ആന്തരികമായ ഈ സത്തയുടെ പരിമളം നഷ്ടപ്പെടുമ്പോൾ അവയെല്ലാം ജീവനറ്റവയാണ്, ജീർണ്ണിച്ചവയാണ്. ജീവൻ പകരാൻ അതിനു കഴിയാതാവുന്നു. തിരുഗ്രന്ഥത്തെ മാന്ത്രിക ശക്തിയുള്ള വാക്കുകളുടെ സംഗ്രഹമെന്ന വണ്ണം ഉപയോഗിച്ച് ബൈബിൾപൂജകരും, വാക്യം പൂജകരും ആയിക്കഴിഞ്ഞു അനേകർ. അത്ഭുതസിദ്ധികളുള്ള പ്രാർത്ഥനകൾ ശക്തി തെളിയിച്ചു കൊണ്ടിരിക്കുന്നു. അവക്കിടയിലേക്ക് കുർബാനയും ഒരു അനുഷ്ടാനവും ആചാരവുമായി തീർക്കപ്പെട്ടിരിക്കുന്നു. എന്ത് നിവർത്തിക്കപ്പെടേണ്ടതുണ്ടോ അതില്ലാതാവുമ്പോൾ ജീവൻ നഷ്ടപ്പെട്ട അടയാളമോ അനുഷ്ടാനമായ ആയിത്തീരുന്നതുപോലെ ക്രിസ്തുവിന്റെ പേര് ഇടയ്ക്കിടെ ആവർത്തിക്കുമ്പോഴും ക്രിസ്തുവില്ലാത്ത ബലികളായി കുർബാനയെ മാറ്റിക്കളഞ്ഞു.
ക്രിസ്തു നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥകളുണ്ട്. എന്നാൽ അവന്റെ രണ്ടാം വരവുകൾക്കായുള്ള ആത്മാർത്ഥ ദാഹമാണ് ഒരാളെ യഥാർത്ഥ ക്രിസ്തുശിഷ്യനാക്കുന്നത്. നഷ്ടപ്പെട്ടതിലും പതിന്മടങ്ങായി ജീവന്റെ സകല തന്തുക്കളിലും ക്രിസ്തു നിറയുന്ന ആ യാഥാർത്ഥ്യം തികഞ്ഞ ഒരു ക്രിസ്തുദർശനത്തിൽ നിന്നേ സാധ്യമാകൂ. ക്രിസ്തുവിൽ നിന്നും ജീവൻ പ്രാപിച്ച ഓരോരുത്തരും അവനിൽ എന്താണോ കണ്ടത്, ആ കരുണ സ്വീകാര്യത, സഹാനുഭൂതി, ആർദ്രത ഇവയൊക്കെ നിറഞ്ഞ ക്രിസ്തുരൂപം. സാമ്രാട്ടുകൾ രൂപപ്പെടുത്തിയ ക്രിസ്തുരാജനിൽ നിന്നും വ്യത്യസ്തമാണ് ആ മുഖം.
വന്നു നിറയേണ്ട, എല്ലാവരിൽ നിന്നുമായി ഉണർന്നുയരേണ്ട ക്രിസ്തുരൂപം സുവിശേഷ ഭാഗ്യങ്ങളിലെന്നപോലെ ഒരേ സമയം ക്ഷതങ്ങളും നൊമ്പരങ്ങളും എന്നാൽ അതോടൊപ്പം തന്നെ ആശ്വാസവും ജീവനും പകരുന്നതാണ്. ദുഃഖിക്കുന്നവന് ആശ്വാസം, ദരിദ്രന് സംതൃപ്തി, കരുണ ലഭിക്കാത്തവർക്കു കരുണ, നീതി ലഭിക്കാത്തവന് നീതി തുടങ്ങിയവ നമ്മിൽ നിന്നും ഉണർന്നുയരുന്ന ക്രിസ്തു ഉറപ്പാക്കുന്നതാണ്. അതിലേക്കാണ് രണ്ടാം വരവിനായുള്ള ആ ആത്മാർത്ഥ ദാഹം.
ഈ ദാഹവും ദർശനവും സ്വപ്നവും അക്ഷമമാവുന്നതും ആശ്വസിപ്പിക്കപ്പെടുന്നതുമായ സംഭാഷണങ്ങളാവണം ഒരു ക്രിസ്തീയന് പ്രാർത്ഥന. സുവിശേഷം തനിയാവർത്തനമാകുന്നതാണ് ഒരാൾക്ക് ക്രിസ്തീയജീവിതം. അവിടെ മഹനീയമായ അത്ഭുതങ്ങളല്ല മുന്നിട്ടു നിൽക്കുന്നത്, മറിച്ച്, ക്രിസ്തുവിന്റെ സമീപനങ്ങൾ യാഥാർത്ഥ്യമാകുന്നോ എന്നതാണ് പ്രധാനം. കുർബാനയർപ്പണത്തിൽ അർപ്പിക്കേണ്ടതും ഏറ്റെടുക്കേണ്ടതുമായ ഹൃദയമൂല്യവും അതുതന്നെ. അനുഗ്രഹലബ്ധിക്കായുള്ള ഒരു കാഴ്ചയായി, ജയഭേരിയുടെ ഒരു അടയാളമായി കുർബാന മാറിയിട്ടുണ്ടെങ്കിൽ, ആ ബലികളിൽ ക്രിസ്തു അറിയപ്പെട്ടിട്ടില്ല. അവൻ അനുസ്മരിക്കപ്പെട്ടിട്ടുമില്ല.
പ്രാർത്ഥിക്കുന്ന ഒരാൾ, ബലിയർപ്പിക്കുന്ന ഒരാൾ എപ്രകാരമാണ് സുവിശേഷത്തിന്റെ യാഥാർത്ഥ്യവത്കരണം തന്നിലേക്കുതന്നെ നോക്കിക്കാണുന്നതും ആഗ്രഹിക്കുന്നതും അതിന്റെ വെല്ലുവിളികളെ കണ്ട് ദൈവകൃപ ആഗ്രഹിക്കുകയും അപ്പം മുറിക്കലിലും സ്വീകരണത്തിലും സ്പർശ്യമാക്കുകയും ചെയ്യുന്നത്? ഇതല്ലേ ക്രിസ്തീയത ആഗ്രഹിക്കേണ്ടത്? ഇതില്ലാതെ എങ്ങനെ 'ഈശോയെ കൊടുക്കാം' എന്ന തീക്ഷ്ണത സത്യമാകും?
പ്രഘോഷണവേദികളിലെ ഈശോ ഇതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല, എങ്കിലും സുവിശേഷങ്ങളിലെ ഈശോ ആഗ്രഹിക്കുന്നുണ്ട്.