'മറ്റുള്ളവരെ' പാപികളെന്നു വിധിക്കുന്ന 'പരിശുദ്ധർ' ദൈവരാജ്യത്തിൽ പ്രവേശിക്കുക ദുഷ്‌കരമാണ്. അവർ സ്വന്തമായൊരു ദൈവരാജ്യം അവർ തീർക്കുന്ന പരിശുദ്ധിവലയത്തിൽ കെട്ടിയുയർത്തിയിരിക്കുന്നു.
ഓഗസ്റ്റ് 31, 2021
ഓഗസ്റ്റ് 28, 2021
ദൈവത്തിന്റെ ഹൃദയവ്യഥ
മതത്തെ സംബന്ധിച്ച് അപരനെ ദൂരെ നിർത്തുവാൻ മനുഷ്യൻ മുറിവുകളെ തേടുമ്പോൾ, മതം മനുഷ്യനെ അന്ധനാക്കുന്നതിനെക്കുറിച്ചാണ് ദൈവത്തിന്റെ മുറിവ്. അത് എങ്ങനെ മനുഷ്യനെ കപടതയും ദുഷ്ടതയും കൊണ്ട് നിറക്കുന്നു എന്നതാണ് ദൈവത്തിന്റെ ഹൃദയവ്യഥ. വ്യര്ഥമായി അവർ എന്നെ ആരാധിക്കുന്നു,അവരുടെ ഹൃദയം തന്നിൽനിന്നും അകലെയാണ് എന്ന് അവിടുന്ന് പറയുന്നു.
ദൈവത്തെ മാറ്റിനിർത്തുന്ന മതം അതിന്റേതായ കാര്യങ്ങളുടെ പ്രാപ്തിക്കായി ദൈവത്തെയും മനുഷ്യന് ദൈവത്തോടുള്ള ബന്ധത്തെയും വികൃതമാക്കും. മതത്തിലെ സത്യം എന്ന് പറഞ്ഞാൽ അവ പാലിക്കപ്പെടുന്നതാകും.
മനഃശാസ്ത്രം അനാരോഗ്യകരമായി പരിഗണിക്കുന്ന ഭയം, അവമാനം, കുറ്റബോധം എന്നിവ ഈ ദൈവമനുഷ്യബന്ധത്തെ നിർവചിക്കുന്നതിൽ പ്രധാന ഘടകങ്ങളായി പ്രവർത്തിക്കാറുണ്ട്. സുരക്ഷാ ഉറപ്പാക്കാനായി, പ്രീതിപ്പെടുത്തുന്ന മാർഗങ്ങളെ നിരന്തരം അന്വേഷിച്ചു കൊണ്ട് തീർത്തും 'ആത്മീയ' മനുഷ്യരായവർ സത്യത്തിൽ സേവിക്കുന്നത് അവരുടെ ഭയത്തെത്തന്നെയാണ്. തെറ്റുകളോ പരാജയങ്ങളോ നമ്മെ അപമാനിതരാക്കുമ്പോൾ സ്വയം ഒളിക്കാനുള്ള പ്രവണതകൾ ഉണ്ടായേക്കാം. അവയെ എളിമ വിധേയത്വം ലാളിത്യം തുടങ്ങിയവയായി അവതരിപ്പിക്കുവാനും നമുക്ക് കഴിയും. കുറ്റബോധം വലിയ ഭാരമാണ്. അത് ദൈവകൃപയിൽ സമർപ്പിക്കപ്പെടുന്നില്ലെങ്കിൽ നമ്മെ തീർത്തും ഞെരുക്കിക്കളയും. അപ്പോൾ സ്വയം ശിക്ഷിക്കുന്ന പ്രവണത സ്വന്തം താല്പര്യമായി വളർത്തപ്പെട്ടേക്കാം. വേദന, പരിഹാരം, പ്രായശ്ചിത്തം എന്നിവയാകും ദൈവബന്ധത്തിന്റെ ഏകമാനം.മേല്പറഞ്ഞവയെ പ്രോത്സാഹിപ്പിക്കുന്ന മതപരമായ വർണ്ണനകൾ ഇവക്കു ഏറ്റവും നല്ല വൈകാരിക ആകർഷണം നൽകുകയും ചെയ്യും. പാലിക്കുന്നവർക്ക് ധനനഷ്ടവും, ചൂഷണസംവിധാനത്തിന്റെ ബലപ്പെടലും കൂടി അവിടെയുണ്ടാകും.
ദൈവം ഭാരങ്ങളേല്പിയ്ക്കില്ല. ദൈവബന്ധത്തിൽ സ്വാതന്ത്ര്യമാണുള്ളത്. അവിടെ കപടതകൾക്കു സ്ഥാനമില്ല, അലങ്കാരങ്ങളുടെ ആവശ്യവുമില്ല. ഹൃദയത്തിന്റെ ആത്മാർത്ഥതയാണ് ആവശ്യം. ഏതവസ്ഥയിലും ദൈവം നമ്മെ സ്വീകരിക്കുന്നതിനാൽ ഒരിക്കലും മാറി നിൽക്കേണ്ടതില്ല, എന്തൊക്കെയോ ചെയ്തു കൊണ്ട് പ്രീതി സമ്പാദിക്കേണ്ടതില്ല. ഭക്തികളെ ആരാധിക്കുന്ന ഭ്രമിത വിശ്വാസത്തിലേക്ക് നമ്മൾ വീണുപോകാതിരിക്കട്ടെ. ദൈവം ആഗ്രഹിക്കുന്നത് പരിഹാരമല്ല സ്നേഹമാണ്. അപ്പോൾ മാത്രമാണ് ദൈവം നമ്മുടെ സ്നേഹത്തിനു യോഗ്യനെന്നു നമ്മൾ ഹൃദയം കൊണ്ട് ഏറ്റു പറയുന്നത്. അതാണ് ആരാധനയുടെ അർത്ഥം (weorthscipe - worth-ship).
മുൻനിരയിൽ സഭയുണ്ടാകണം
ആർക്കൊക്കെ അപ്രീതിയുണ്ടാക്കിയാലും സഭക്ക് അതിനിർണ്ണായകമായ ഒരു ചുവടുവയ്‌പിനുള്ള സമയമാണിത്. സാധ്യമായേക്കാവുന്നതും അർത്ഥപൂര്ണവും കരുണാർദ്രവുമായ ഒരു സമീപനം രൂപപ്പെടുത്തിയെടുക്കാൻ, എല്ലാ തലങ്ങളിലും വിട്ടുവീഴ്ചയില്ലാതെ പ്രകൃതിക്കും മനുഷ്യനും സാമൂഹികനീതിക്കായുള്ള സഭയുടേതായ ഇടം പൂർണമായി ഉറപ്പാക്കുക എന്നതാണ് ആ ചുവട്. ആത്മീയവും പാരിസ്ഥിതികവും സാമ്പത്തികവും രാഷ്ട്രീയവുമായ തലങ്ങളിലെ മാറ്റങ്ങളിലേക്ക് നയിക്കാൻ മുൻനിരയിൽ സഭ കാണപ്പെടണം. ഈ നവീകരണശ്രമങ്ങൾക്ക് പുതിയ ഇടങ്ങൾ സൃഷ്ടിക്കുന്നതിൽ ബൗദ്ധികമായും ധാർമികമായും സഭയുടെ മുൻകൈയിൽ ലോകത്തിന് പ്രതീക്ഷ വയ്കാനാവും വിധം മാറ്റങ്ങൾ സഭയിൽ ഉണ്ടാവണം.
സംഹിതകളിൽ കാണപ്പെടുന്ന സഹാനുഭൂതിയും കാരുണ്യവും സ്നേഹവും, എന്നാൽ പൊതുരംഗത്ത് അവയിൽ നിന്ന് വ്യത്യസ്തമായി സ്വീകരിച്ചുപോന്ന കൗശലം നിറഞ്ഞ രാഷ്ട്രീയസൂത്രങ്ങളും സഭയെ അതിന്റെ ആന്തരിക സത്തയിൽ തന്നെ മുറിവേൽപ്പിച്ചു കീറിമുറിച്ചിട്ടുണ്ടെന്നു ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. ആധുനിക കാലത്തും, സ്റ്റേഡിയം ആരാധനകളിൽ ദൈവത്തിലുള്ള ഏറ്റുപറച്ചിൽ സാമൂഹികമായ തനിമയും രാഷ്ട്രീയമായ പ്രതിബദ്ധതയും കൂടിയായിരുന്നു. അതിനൊത്ത 'യേശുക്രിസ്തുവിനെ' രാഷ്ട്രീയക്കാരും തീവ്രചിന്താഗതിയുള്ള മതവിശ്വാസികളും രൂപപ്പെടുത്തുകയും ചെയ്തു. മറ്റു സംസ്കാരങ്ങളോടും മതങ്ങളോടുമുള്ള അസഹിഷ്ണുത വ്യക്തി-യേശു ബന്ധത്തിന്റെ അടിസ്ഥാന സ്വഭാവമാക്കി അവതരിപ്പിക്കപ്പെട്ടു. അവയുടെ പ്രചാരകർ ഏകദൈവത്തിന്റെ വിശ്വസ്തരായ പ്രവാചകരായി. അത്തരം വിശ്വാസവും ആരാധനയും നമ്മൾ കൂടാരങ്ങളിലേക്കു കൊണ്ട് വന്നപ്പോഴും അതിലെ പോരായ്മകളെ വിവേചിക്കാതെ അനുകരിക്കപ്പെട്ടു. (അമേരിക്കൻ) ക്രിസ്ത്യൻ zionism, prosperity gospel, religious market തുടങ്ങിയവ വേരിറങ്ങിയത് അറിഞ്ഞും അംഗീകരിച്ചു കൊടുത്തു. വിശ്വാസി എന്നാൽ ആത്മീയ ഉപഭോക്താവ് എന്ന അവസ്ഥയായി. അവയെയെല്ലാം കരിസ്മാറ്റിക് എന്ന ലേബലിൽ ആളുകളെ വഞ്ചിച്ചു. യഥാർത്ഥ കരിസ്മാറ്റിക് നവീകരണത്തെ പാടെ അപ്രസക്തമാക്കി.
രാഷ്ട്രീയ കൊലപാതകങ്ങൾ, സാമ്പത്തികരംഗത്തെ സമകാലീന പ്രവർത്തനശൈലികൾ, ക്രിസ്തീയ-മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ പരസ്പര വിദ്വേഷവും പരിഹാസവും വളർത്തുന്ന പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും ദിനം പ്രതിയുള്ള വർദ്ധന , പാശ്ചാത്യലോകത്തും മധ്യപൂര്വേഷ്യയിലും തീവ്രമായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക സ്പർദ്ധ, ആഫ്രിക്കയിലെ വംശീയ കലഹങ്ങൾ എന്നിവ നമ്മൾ നേരിട്ട് കാണുന്ന യാഥാർത്ഥ്യമാണ്. അവയോടുകൂടെ, ലോകത്താകമാനം രൂപമെടുക്കുന്ന പുതിയ യാഥാസ്ഥിതിക / പാരമ്പര്യവാദരൂപങ്ങൾ നേടിയിട്ടുള്ള ആധിപത്യവും അവ വിശ്വാസമാക്കിത്തീർത്ത് അവതരിപ്പിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളും വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യമാണ് ഇന്ന് (ഇവയോരോന്നും വിശദമായ പരിഗണന അർഹിക്കുന്നവയാണ്). അധികാരം, മേൽക്കോയ്മ, അധിനിവേശം, അക്രമം എന്നിവ എങ്ങനെ സമൂഹത്തെയും സംസ്കാരത്തെയും വിശ്വാസങ്ങളെയും വികലമാക്കുന്നെന്നു വിശദമായ നിരൂപണം നമുക്ക് ആവശ്യമാണ്. അതുകൊണ്ട് വിശ്വാസം, ഭക്തി, സഭാ സംവിധാനം തുടങ്ങിയവയിലെ മാറ്റുനോക്കി ശുദ്ധീകരിക്കേണ്ടത് സഭക്ക് തന്നെ ജീവിക്കേണ്ടതിനുള്ള ആത്മാർത്ഥമായ ചുവടുവയ്പാണ്.
ആഗോളതലത്തിലുള്ള സമകാലീന സംഭവങ്ങളെക്കുറിച്ച് സൗഖ്യപ്പെടുത്തുന്നതും ജീവൻ പകരുന്നതുമായ ഒരു സാമൂഹികരാഷ്ട്രീയ വിശകലനത്തിനായി ശാന്തിപൂർണ്ണവും സഹാനുഭൂതിയുടേതുമായ പുതിയ പദ്ധതിക്രമം രൂപപ്പെടുത്തിയെടുക്കാൻ സഭക്ക് കഴിയണം. വെറുപ്പും അക്രമവും കലഹവും യുദ്ധവും ചെറുക്കാനും സമൂഹങ്ങൾക്കിടയിൽ സഹവർത്തിത്തവും ഐക്യവും വളർത്തുവാനുമുള്ള സമഗ്രമായ പ്രയത്നങ്ങളാണ് വേണ്ടത്. മുൻനിരയിൽ സഭയുണ്ടാകണം.
Ref. Guido Giacomo Preparata (eds.) New Directions for Catholic Social and Political Research: Humanity vs. Hyper-Modernity Palgrave Macmillan, 2016
ഓഗസ്റ്റ് 27, 2021
നല്ല മനുഷ്യനും ക്രിസ്ത്യാനിയും
അതെ. ക്രിസ്തു ചൈതന്യം ജീവിക്കുന്നവരിൽ ക്രിസ്തുവുണ്ട്.
നല്ല സമരായൻ നല്ല മനുഷ്യനായിരുന്നോ?
അതെ. ക്രിസ്തു ചൈതന്യത്തിന് അത് മതിയായ തുറവിയാണ്.
നല്ല ക്രിസ്ത്യാനി നല്ല സമരയക്കാരനാകണോ?
നല്ല ക്രിസ്ത്യാനി നല്ല മനുഷ്യനാകണോ?
നല്ല ക്രിസ്ത്യാനി നല്ല അയൽക്കാരനാകണോ?
നല്ല ക്രിസ്ത്യാനി ക്രിസ്തു അനുയായിയാകണോ?
പരിശുദ്ധാത്മ ദാനങ്ങൾ അടുത്തറിയുമ്പോൾ മനസിലാക്കാം, അത് നമ്മെ നല്ല മനുഷ്യരാക്കാൻ തന്നെയാണ്. ആ മനുഷ്യനിൽ നിന്നാണ് ക്രിസ്തുസമാനമായ ഫലങ്ങൾ ഉണ്ടാകുന്നത്.
ഓഗസ്റ്റ് 26, 2021
സഭക്ക് ആവശ്യമായ സൗഖ്യശുശ്രൂഷ
സ്നേഹിക്കണമെങ്കിൽ അതിനു പറ്റിയ സാഹചര്യം വേണം, സ്നേഹിക്കാൻ അതിനു യോഗ്യരായവർ വേണം, സ്വന്തം നിലനില്പില്ലാതെ സ്നേഹം സാധ്യമല്ല തുടങ്ങിയവ നമ്മുടെ ചിന്തകളിലേക്ക് കടന്നു വരുന്നെങ്കിൽ അത് ക്രിസ്തു നൽകിയ എല്ലാ ധാർമ്മികമൂല്യങ്ങളെയും പുച്ഛിക്കുന്നതാണ്. അത് ക്രിസ്തുവിനു തന്നെ പുതിയ വാർപ്പുരൂപങ്ങൾ സൃഷ്ടിക്കുകയാണ്.
കുതിരപ്പുറത്തു പോയി പടനയിക്കുന്നതല്ല വീര്യവും ധീരതയും. ഒറ്റയായാലും, വിഷമഘട്ടമായാലും ക്രിസ്തു ചൈതന്യം നഷ്ടമാകാതിരിക്കാനാണ് ധീരത എന്ന വരദാനം. അതുകൊണ്ട്, ധൈര്യം പകർന്നു നൽകുന്ന ആദ്യ ഫലം സ്ഥൈര്യമാണ്; 'ക്രിസ്തുവിൽ ആയിരിക്കുക'യാണ് ജീവൻ എന്ന ഉറച്ച ബോധ്യം. ക്രിസ്തുവിന്റെ സമീപനങ്ങളൊക്കെയും ജീവദായകമായിരുന്നു എന്നതാണ് ഓരോ പ്രതികരണത്തിലും സമീപനത്തിലും നമ്മൾ ആദ്യം നമ്മോടുതന്നെ പറയേണ്ടത്. ഈ ദാനങ്ങളൊക്കെയും ഫലദായകമായിത്തീരുന്നത് ക്രിസ്തു എന്ന വ്യക്തിയോട് താദാത്മ്യപ്പെടുവാനുള്ള ആത്മാർത്ഥമായ ആഗ്രഹവും പ്രയത്നവും ഉണ്ടാകുമ്പോഴാണ്. നമ്മൾ നമ്മളല്ലാതായിത്തീർന്നു മരിക്കുന്നതാണ് ഏറ്റവും ദയനീയം. ക്രിസ്തു പരിപൂര്ണസ്നേഹത്തോടെയും ജീവദായകമായും മരിച്ചത് ക്രിസ്തു ക്രിസ്തുവായിത്തന്നെ അവസാനം വരെ ജീവിച്ചു മരിച്ചതുകൊണ്ടാണ്. സഭയെക്കുറിച്ചും, ക്രിസ്തുവിനെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നിലനില്പും മരണവും സ്വയം നഷ്ടപ്പെടുത്തലാണ്.
നമ്മിലാരും തന്നെ പരിപൂർണ്ണമായ സ്നേഹം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നവരല്ല. അതുകൊണ്ടുതന്നെയാണ് നമ്മൾ കൃപയിലാശ്രയിക്കുന്നതും, വളർച്ചയുടെ പ്രക്രിയയിൽ, മേല്പറഞ്ഞ ധീരതയോടെയും ക്ഷമയോടെയും മുന്നോട്ടു പോകുന്നതും. എന്നാൽ വെറുപ്പും സംശയവും പകയും മനഃപൂർവം സൃഷ്ടിച്ചു താലോലിക്കുന്നതും അതിനെ ആത്മീയവത്കരിക്കുന്നവിധം നിർവചനം നൽകുന്നതും സത്താപരമായിത്തന്നെ ക്രിസ്തുവിന്റെ സ്വഭാവത്തിന് എതിരാണ്. ക്രിസ്തുവിന്റെ വിളിയെന്നത് ക്രിസ്തുവിനെപ്പോലെയാകുവാനാണ്; ആ വിളിയോടുള്ള വിശ്വസ്തത എന്നത് ക്രിസ്ത്വാനുകരണമാണ്. ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കാത്ത സമീപനരീതികളെ എന്തിന്റെ പേരിലാണ് ക്രിസ്തുവിനോടുള്ള വിശ്വസ്തതയായി നമുക്ക് കാണാൻ കഴിയുന്നത്? ക്രിസ്തീയ പൗരോഹിത്യത്തിന്റെ വിളിയും അപരതക്കു കാരണമാകുന്ന മതരൂപീകരണത്തിനും സംരക്ഷണത്തിനുമല്ല, തന്നിലും സമൂഹത്തിലുമുള്ള ക്രിസ്തുരൂപീകരണത്തിനുള്ളതാണ് ആ വിളി.
ദൈവത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള മതരൂപീകരണങ്ങൾ അത് സംവിധാനം ചെയ്യുന്ന നിര്മാതാക്കൾക്കേ ലാഭമുണ്ടാക്കൂ. ക്രിസ്തു ആഗ്രഹിച്ച സഭയാകുവാനും അങ്ങനെ ലോകത്തിനു സാക്ഷ്യമാകുവാനുമാണ് സഭയുടെ വിളി. നമ്മുടെ താല്പര്യങ്ങൾക്കനുസരിച്ചു ഭാവന ചെയ്യാവുന്ന സഭയിൽ ക്രിസ്തു ആഗ്രഹിച്ചതെന്തോ അത് പൂർത്തീകരിക്കപ്പെടുന്നില്ലെങ്കിൽ അത് സഭയേ അല്ല. അതിനേൽക്കുന്ന മുറിവുകൾ ജീവദായകമാകില്ല, അത് വിഷം വമിപ്പിക്കുന്ന വൃണങ്ങൾ സൃഷ്ടിക്കും. ക്രിസ്തുസ്വഭാവമില്ലാത്ത സഭയെ സ്നേഹിക്കുകയെന്നോ അതിനോട് വിശ്വസ്തത കാണിക്കുകയെന്നോ പറയുന്നതിൽ അർത്ഥശൂന്യത മാത്രമല്ല ജീവശൂന്യതയാണ്.
സമരായക്കാരൻ വഴിയിൽ കണ്ട മൃതപ്രായനായവനേപ്പോലെ ഇന്ന് സഭക്ക് ആവശ്യമായ സൗഖ്യശുശ്രൂഷക്ക് സ്വയം നൽകുകയെന്നത് കൃപയോടുള്ള സഹകരണമാണ്. അതിന് നമ്മളോരോരുത്തരുമാണ് ക്രിസ്തുവിന്റെ മനോഭാവങ്ങൾ ധരിക്കുവാൻ ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടത്. അപ്പോഴേ അത് യഥാർത്ഥ സഭാസ്നേഹമാകൂ.
വീണ്ടുമൊരു കുരിശുയുദ്ധം
2000 ക്രിസ്തുജയന്തി മഹാജൂബിലിയുടെ പശ്ചാത്തലത്തിലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭയുടെ തെറ്റുകളെക്കുറിച്ചു ലോകത്തിനു മുമ്പിൽ മാപ്പു പറഞ്ഞത്. കുരിശുയുദ്ധത്തിനിടെ നടന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളെയും ആ തെറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. മധ്യയുഗത്തിലെ യൂറോപ്പിന്റേയും മധ്യപൂർവ്വേഷ്യയുടേയും സാമൂഹികവും സാംസ്കാരികവും, സാമ്പത്തികവുമായ പശ്ചാത്തലങ്ങളോടുകൂടെ യഹൂദ-മുസ്ലിം-ക്രിസ്ത്യൻ കാഴ്ചപ്പാടുകൾ കൂടി വെച്ച് പരിശോധിക്കുമ്പോഴേ കുരിശുയുദ്ധത്തിൽ പ്രവർത്തിച്ചിട്ടുള്ള ഘടകങ്ങളെ യഥാർത്ഥത്തിൽ മനസിലാക്കാനാകൂ.
വീണ്ടുമൊരു കുരിശുയുദ്ധത്തിന്റെ കൂടി അനിവാര്യതയെക്കുറിച്ചു വാചാലരാകുന്നവർ അത് പ്രകടമാക്കിയ അക്രിസ്തീയതയെ ആവർത്തനയോഗ്യമാക്കുകയാണ്. നിയമപരമായ നിർവചനങ്ങളും, ദൈവശാസ്ത്രപരമായ നീതീകരണവും സാധ്യമാക്കാൻ തുടരെയുള്ള പ്രസംഗങ്ങളും, വളർത്തിയെടുത്ത നുണകൾ സൃഷ്ടിച്ച ഭയവും ആദ്യ കുരിശു യുദ്ധങ്ങളുടെ സാധൂകരണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. വിശ്വാസത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും സഭയോടുള്ള ബന്ധത്തിന്റെ നിർവ്വചനങ്ങളും, സ്വർഗ്ഗവാഗ്ദാനവും, സംഘർഷങ്ങളിൽ മരിച്ചവർക്കു നൽകപ്പെട്ട ആദരവും വളരെപ്പേരെ ആകർഷിച്ചു.മറ്റു വർഗ്ഗങ്ങളോടും മതങ്ങളോടും സംസ്കാരങ്ങളോടുമുള്ള അസഹിഷ്ണുത ഒന്നാം പ്രമാണത്തിന്റെ പേരിലും ഏകദൈവത്തിന്റെ പേരിലും ജീവിതശൈലിയാക്കിയത് അമേരിക്കൻ ഇവാൻജെലികൾ സമൂഹങ്ങളായിരുന്നു. നിർഭാഗ്യവശാൽ അവരെ അനുകരിച്ചു പോരുന്ന കാത്തോലിക് ഇവാൻജെലികൽ ഗ്രൂപ്പുകളുമുണ്ട്. നമ്മുടെ പല വേദികളിലും വി കുർബാനയുടെയും, ജപമാലയുടെയും കാതോലികതയുടെ മറവിൽ ഇത്തരം സമീപനങ്ങൾ പ്രഘോഷിക്കപ്പെട്ടപ്പോൾ എത്രയോ പണ്ടേ തിരിച്ചറിയേണ്ടതായിരുന്നു. യാഥാസ്ഥിതികത വിശ്വാസത്തേക്കാളേറെ രാഷ്ട്രീയമാണ്. ആ അവസരം മുതലെടുപ്പിനുള്ള അവസരമായിക്കണ്ട കുറുക്കന്റെ കൗശലവും സർപ്പത്തിന്റെ വിഷവുമുള്ളവരാണ് വിശ്വാസികൾക്ക് പാനപാത്രങ്ങളിൽ വിഷം കലർത്തി നൽകിയത്.
മാർപാപ്പ മാപ്പു പറഞ്ഞത് കൊണ്ട് ഒരു സൗഖ്യവും ഉണ്ടാകുന്നില്ല. ആ മാപ്പുപറച്ചിലിൽ ക്രിസ്തീയമനഃസാക്ഷിയിൽ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്ന തെറ്റുകളിലെ ഘടകങ്ങൾ ആവർത്തിക്കപ്പെടുകയില്ല എന്ന് ഓരോ വിശ്വാസിയും സ്വന്തം സമീപനങ്ങളിൽ ഉറപ്പാക്കുന്നെങ്കിലെ അത് സഭയുടെ ഏറ്റുപറച്ചിലാകൂ. മിലിറ്റന്റ് ആശയങ്ങളും, അതുപോലുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളും വളരുന്നെന്നു കാണുമ്പോൾ അതിലെ ലാഭങ്ങൾ അവഗണിച്ചുകൊണ്ട് സമൂഹത്തിനു താക്കീതു നൽകാനും തിരുത്തുവാനും സഭാനേതൃത്വത്തിനു കഴിയേണ്ടതാണ്.
ഓഗസ്റ്റ് 24, 2021
കപടത
നാബോത്തിനെ കല്ലെറിയാനും ദൈവപുത്രനെ ദൈവദോഷിയാക്കാനും മാത്രം സമർത്ഥമായിരുന്നു ദൈവവചനത്തെയും നിയമത്തെയും വളച്ചൊടിക്കാനുള്ള അധികാരം. പുരോഹിതരുടെയും ജനപ്രമാണികളുടെയും നിയമജ്ഞരുടെയും ഫരിസേയരുടെയും കപടത അവരുടെ മാത്രം സ്വകാര്യതയാക്കാമായിരുന്നു. എന്നാൽ അവരുടെ തന്നെ സ്ഥാനങ്ങളെയും ബഹുമതിയെയും താങ്ങിനിർത്തുന്ന വിധം നിയമവും തിരുഗ്രന്ഥം വ്യാഖ്യാനിച്ച്, നിയമത്തെ തങ്ങൾക്കനുകൂലമാക്കിത്തീർത്തു ജനത്തെ ചൂഷണം ചെയ്തതാണ് ആ കപടത സാമൂഹിക നീതിയുടെ കൂടെ അർത്ഥമുണ്ടാകാൻ കാരണം. അത് ചൂണ്ടിക്കാണിക്കുന്നവർ ഇല്ലാതായേ തീരൂ.
വിശ്വാസവും, ദൈവാരാധനയും, നിയമങ്ങളും ആത്മാർത്ഥമായ ബന്ധത്തെക്കുറിച്ചാണ്. സ്വാർത്ഥലക്ഷ്യങ്ങൾ വച്ചലങ്കരിക്കുമ്പോൾ ഈ ബന്ധം മാറ്റിനിർത്തപ്പെടുകയും കപടത കടന്നു വരികയും ചെയ്യും. രണ്ടു വഴിത്താരകൾ രൂപപ്പെട്ടേക്കാം. വിശ്വാസവും, ദൈവാരാധനയും, സാന്മാര്ഗികതയും ആദർശമാക്കപ്പെടുമ്പോൾ മേലാളന്മാർ ധർമ്മികളായി മാനിക്കപ്പെടുകയും സാധാരണക്കാർ പാപികളും അജ്ഞരുമായി വിധിക്കപ്പെടുകയും ചെയ്യും. രണ്ടാമത് വിശ്വാസവും, ദൈവാരാധനയും, നിയമാനുഷ്ഠാനങ്ങളും അറിയാതെയെങ്കിലും മനോരഞ്ജന സാധ്യതകളാകും. കപട സംവിധാനങ്ങൾ നിയന്ത്രിക്കുന്നവരുടെ കുഴലൂത്തിനു നൃത്തം ചെയ്യുന്നവരായി 'പാവങ്ങൾ' മാറ്റപ്പെടും. അതാണ് വിശ്വാസമെന്നും, ദൈവാരാധനയെന്നും നിയമപാലനമെന്നും അവർ പൂർണ്ണമായും ധരിക്കുകയും ചെയ്യും.
ക്രിസ്തുവിനെപ്പോലെയുള്ള ഹൃദയബന്ധവും (വിശ്വാസം) അവന്റേതുപോലെയുള്ള സമർപ്പണവും (ദൈവാരാധന) ക്രിസ്തുവിന്റെ ജീവിതക്രമവും (നിയമം) പാപികളെന്നു വിധിക്കപ്പെട്ടവർക്ക് ആശ്വാസമാണ്, എന്നാൽ നീതിമാന്മാരെന്നു സ്വയം ധരിച്ചവർക്ക് വെല്ലുവിളിയുമാണ്.
ഓഗസ്റ്റ് 23, 2021
പൂർണ്ണതയിലേക്കുള്ള തുറവി
സാർവ്വത്രികത എന്നത് പൂർണ്ണതയിലേക്കുള്ള തുറവിയാണ്. 'പുറത്ത്' എന്ന് കാണപ്പെടുന്നവയിൽ പ്രകാശിക്കുന്ന കൃപയുടെ വെളിച്ചത്തിൽ ആനന്ദിക്കാനുള്ള എളിമയുണ്ടെങ്കിലേ അവയെ സ്വീകരിക്കാനാകൂ. ആ സാർവ്വത്രിക മാനം (catholicity) ഹൃദ്യമാക്കിയാൽ മനുഷ്യത്വരഹിതമായ സമീപനങ്ങൾ ഒഴിച്ച് മറ്റെല്ലാം സ്വീകാര്യമായി കാണുവാൻ കഴിയും; സംസ്കാരങ്ങളും വിശ്വാസങ്ങളും എല്ലാം. അന്യതാവത്കരണത്തിന് അർഹമാകുന്നത് 'അവിശ്വാസികൾ' എന്ന ഗണമല്ല, ജീവനും നന്മക്കും വിഘാതമാകുന്ന സമീപനങ്ങളാണ്.
തികച്ചും സാധാരണക്കാരായവരുടെ ഹൃദയസ്പന്ദനങ്ങളിലാണ് ഒരു സമൂഹമനഃസാക്ഷിയുടെ യഥാർത്ഥ ശബ്ദം. സാർവത്രികതയുടെ അടിസ്ഥാനം ഈ ശബ്ദത്തോട് സമൂഹം മൊത്തത്തിൽ എങ്ങനെ ചെവികൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാവും. അപൂർണ്ണതതകളെക്കുറിച്ച് ഏറ്റവും നിഷ്കളങ്കമായി പ്രതികരിക്കാനാവുന്നതും അവർക്കാണ്. അതുകൊണ്ട് ശക്തമായ കോട്ട എന്ന് സ്വയം പറയുമ്പോഴും എവിടെയൊക്കെ പൊളിച്ചുപണി വേണമെന്ന് വിശദമായല്ലെങ്കിലും തിരിച്ചറിയാൻ കഴിയുന്നതും അവർക്കാണ്.
ആധുനികത ഞെക്കിഞെരുക്കിയ മനുഷ്യാവസ്ഥയെ തുറന്നു കാട്ടിയ താത്വികവും സാമൂഹികവുമായ വിലാപങ്ങൾക്കുനേരെ പുറംതിരിച്ചുനിന്ന ഏതാനം വർഷങ്ങളാണ് സഭയെ ഒരു കാലഘട്ടത്തിലേക്കെങ്കിലും കാലഹരണപ്പെട്ടതാക്കിയത്. മാറിയ മനുഷ്യാവസ്ഥയിലും സാമൂഹികക്രമത്തിലും റോമൻ ചക്രവർത്തിയും, ഭരണരീതിയും, നിയമങ്ങളും അസ്പർശനീയമായിരിക്കുമെന്നു കരുതിയ സമീപനങ്ങളെയാണ് ബിഷപ്പ് ക്രിസ്റ്റഫർ ബട്ട്ലർ ശാശ്വതമായ/സ്മരണീയമായ അസംബന്ധം (Monumental Irrelevance) എന്ന് വിളിച്ചത്.
തറവാട് പ്രൗഢിയും, കാരണവരുടെ വാഴ്ചയും, നിശ്ശബ്ദരാവേണ്ട അടിയാനുമാണ് പൈതൃകമായ സഭാസംവിധാനമായി നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ അതിലേർപ്പെട്ടിരിക്കുന്നവർ ഈ കാലഘട്ടത്തെ വീണ്ടും സ്മരണീയമായ അസംബന്ധമാക്കുകയാണ്. ഉത്തരങ്ങളില്ലാത്ത സങ്കീര്ണതകളിൽ കാലം മനുഷ്യന് കുരുക്കിടുമ്പോൾ മതം അവർക്ക് അർത്ഥമായെങ്കിലേ മതത്തിൽ സത്യവും ജീവനും കാണപ്പെടൂ. പകരം, 'ഞങ്ങളുടെ ശരി'കളാണ് എല്ലാവര്ക്കും എക്കാലവും ശരികളാവേണ്ടത് എന്ന് നിർബന്ധിച്ചു പറയുമ്പോൾ അത് ബലപ്രയോഗമാണ്, സത്യത്തോടുള്ള കൂറല്ല. വിദഗ്‌ദരായവർ പുറത്തും അകത്തുമുള്ളപ്പോഴും കേഴ്വിയാണ് അന്യമാകുന്നത്. സ്തുതിപാഠകരും കുഴലൂത്തുകാരും തങ്ങൾക്കു വേണ്ടി കുറച്ചു ആൾബലമുണ്ടാക്കുന്നതിനാൽ അവർ കേൾക്കപ്പെടുകയും ചെയ്യുന്നു.
തകർന്ന കോട്ടഭിത്തികൾ പുനർനിർമ്മിക്കുകയല്ല ആവശ്യം, കോട്ട വിട്ട് പുറത്തിറങ്ങുകയാണ്. കേൾക്കാനും പഠിക്കാനും. സ്വയം തീർത്ത സുരക്ഷയിലുള്ള ശൂന്യതയുടെ ശാശ്വതമായ ഓർമ്മയാവട്ടെ നിലവിലുള്ള കോട്ടകൾ. ഒരു കാലത്ത് സാമൂഹികവും താത്വികവുമായ വെല്ലുവിളികളായിരുന്നെങ്കിൽ ഇന്ന് പാരിസ്ഥിതികവും സംഘർഷപൂർണവുമായ വെല്ലുവിളികളുണ്ട്. പാർപ്പിടം, ഭക്ഷണം തൊഴിൽ എന്നിവ പറയപ്പെടാതെയാണെങ്കിലും മനുഷ്യാവസ്ഥയിലെ ദയനീയഭാവമായിത്തീർന്നു കഴിഞ്ഞു. അസ്പർശനീയമാകുവാൻ നമുക്കാവില്ല. വ്യത്യസ്തമായി പറയുന്നവർ ശത്രുക്കളാവണമെന്നില്ല എന്നത് അറിയേണ്ടതുണ്ട്. വ്യക്തമായ ധാരണയില്ലെങ്കിലും പലതലങ്ങളിൽ നിന്ന് വിദഗ്ദമായ പഠനങ്ങളെ കേൾക്കാൻ നമുക്കാവണം. അവരിലൂടെ സത്യം നമ്മുടെ കാതുകളിലേക്കു വരട്ടെ. സത്യം നമ്മെ സ്വതന്ത്രരാക്കുകയും കൃപ നയിക്കുകയും ചെയ്യുമ്പോൾ ഗതിയില്ലാതെ അലയുന്നവരാവില്ല നമ്മൾ. ഗതികെട്ട (directionless) ഒരു കാലത്തിനു ദിശ നൽകാൻ കഴിയുന്നവരാണ് ഒരു കാലഘട്ടത്തിനുള്ള വെളിച്ചം കണ്ടു മുന്നോട്ടു നയിക്കുന്നത്. പൂർണ്ണതയിലേക്ക് വളരുന്നത് ഒരു പ്രക്രിയയാണ്. ആ പ്രക്രിയയിൽ നിറവ് നൽകുന്നതിൽ 'അപരർ'ക്കു വലിയ പങ്കാണുള്ളത്.
ഓഗസ്റ്റ് 20, 2021
ആരാണ് എനിക്ക് പരദേശി?
'ആരാണ് എന്റെ അയൽക്കാരൻ?' എന്നതുപോലെതന്നെ അർത്ഥവത്തായ ഒരു ധ്യാനമാണ് 'ആരാണ് എനിക്ക് പരദേശി?' എന്നതും. ദൈവജനമെന്നെ നിലയിൽ എങ്ങനെ പരദേശിയെ സമീപിക്കുന്നു എന്നതും പ്രധാനമാണ്.
പരദേശികളുമായുള്ള സമ്പർക്കം ദൈവജനത്തെ അശുദ്ധമാക്കിയെന്ന 'വിശുദ്ധവിശ്വാസ'ത്തിന്റെ പശ്ചാത്തലത്തിൽ ഏതാനം സാധാരണവിശ്വാസികളുടെ ധ്യാനഫലമാണ് എസ്തേർ, റൂത്ത്, തോബിത് തുടങ്ങിയ ഗ്രന്ഥങ്ങൾ. വിദേശരാജ്യത്തു രാജ്ഞിയായ എസ്തേറും, ഇസ്രയേലിന്റെ മഹാനായ രാജാവായ ദാവീദിന്റെ മുത്തശ്ശിയായ റൂത്തും, വിദേശരാജ്യത്തു രാജ്യസേവ ചെയ്ത തോബിത്തും ദൈവതിരുമുമ്പിൽ വിശ്വസ്തരും ദൈവപദ്ധതിയുടെ ഭാഗവുമായിരുന്നു. ദൈവം അതിരുകൾ വച്ച് വേർതിരിക്കുന്നില്ലെന്നും അവിടുത്തെ കാരുണ്യം സകലരെയും ആലിംഗനം ചെയ്യുന്നെന്നും ഈ ഗ്രന്ഥങ്ങൾ പറഞ്ഞു വയ്ക്കുന്നു.
മൊവാബ്യദേശത്തുനിന്ന് ഭാര്യമാരെ സ്വീകരിച്ച കുടുംബത്തെ ദൈവം അശുദ്ധമായി കണ്ടില്ല. റൂത്ത് അമ്മയോട് കാണിച്ച ദയാലുത ബോവാസ് വിലമതിക്കുന്നു, ബോവാസ് അവളോട് അലിവ് കാണിക്കുന്നു. ദൈവം അവരുടെ മേൽ വലിയ കൃപ ചൊരിയുന്നു.
ദൈവം വലിയ കൃപ ചൊരിഞ്ഞിരിക്കുന്നു എന്ന അവബോധമാണ് നല്ലൊരു ആത്മീയജീവിതത്തിന് വഴിയാകുന്നത്. അതിൽ നിന്ന് കൃതജ്ഞതയും മറ്റു മനോഭാവങ്ങളും വളർന്നുകൊള്ളും. അശുദ്ധമെന്നു വിധിക്കപ്പെടുന്ന ലോകത്തിൽനിന്നു സ്വയം മാറ്റിനിർത്തുന്ന നിഷ്ഠകളല്ല ആത്മീയജീവിതത്തിന്റെ അടയാളം.
കരുണയില്ലാതെ പോയ അത്തരം വിധിയാണ് യേശുവിനെ ഏറ്റവുമധികം വേദനിപ്പിച്ചത്. മോശയുടെ സ്ഥാനത്തിരിക്കുന്ന അവർ പ്രബോധകരാണ്. എന്നാൽ, ദൈവവചനത്തിന്റെ കാവൽക്കാരെന്നു ധരിച്ച അവരുടെ വസ്ത്രങ്ങളിലും അധികാര ചിഹ്നങ്ങളിലുമായിരുന്നു അവരുടെ മൂല്യം. അവർ വായിച്ച നിയമാവലികൾ മറ്റുള്ളവരെ പാപത്തിൽ പിറന്നവരായി കാണാനാണ് പഠിപ്പിച്ചത്. ആ വ്യാഖ്യാനം അവരുടെതന്നെ സ്ഥാനങ്ങളെ നിലനിർത്തുന്നവയും അലങ്കരിക്കുന്നവയുമായിരുന്നു. സാധാരണക്കാരുടെ മേൽ ഭാരങ്ങൾ ഏല്പിച്ചുകൊണ്ട് അവർ ശ്രേഷ്ഠരും ധര്മിഷ്ഠരും വിശുദ്ധരുമായി.
അശുദ്ധരായി വിധിക്കപ്പെട്ടവർ ദൈവകൃപ സ്വീകരിക്കുന്നത് കണ്ട യേശു ആനന്ദത്താൽ നിറയുന്നതും നമ്മൾ കാണുന്നു. അവർ എളിയവരും, ശിശുക്കളും, തളർന്നവരുമാണ്. എങ്കിലും അവരുടെ വ്യഥകളിൽ അവർ ദൈവത്തെ അറിയുമ്പോൾ ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഓരോരുത്തർക്കുമായി വെളിപ്പെടുകയാണ്. അതിലെ ഓരോ അംശത്തിലും വലിയ സമൃദ്ധിയുണ്ട്.
ദൈവരാജ്യത്തിലെ സദ്യ
വിരുന്നിനു വിളിക്കപ്പെട്ടവരെല്ലാം വന്നുചേർന്നു, ഭോജനശാല നിറഞ്ഞു. പ്രധാനസ്ഥാനങ്ങളും പ്രത്യേക വിഭവങ്ങളും പ്രതീക്ഷിച്ചവർ നെറ്റി ചുളിച്ചു. കറിക്കൂട്ടുകളുണ്ടായിരുന്നെങ്കിലും എല്ലാം സാധാരണ വിഭവങ്ങൾ; മാത്രമല്ല 'സാധാരണക്കാരുടെ' ഒപ്പം ഒരു ഊണ്. ഞങ്ങൾ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. പ്രധാനികളായ കുറേപ്പേർ ഇറങ്ങിപ്പോയി. ഹോട്ടലിൽ ഇരുന്നു മുന്തിയ ഭക്ഷണം കഴിക്കുമ്പോൾ അവർ തീരുമാനിച്ചു, സദ്യ എന്താണെന്നു കാണിച്ചു കൊടുക്കണം. ഒരു സ്റ്റേഡിയം തന്നെ ഒരുങ്ങി, സദ്യമാത്രമല്ല ആട്ടവും പാട്ടും മേളവും. ഉഗ്രൻ പ്രകടനം.
ഓഗസ്റ്റ് 17, 2021
പട വെട്ടുന്നത്
ടുംബത്തിനുള്ളിലേതോ രാഷ്ട്രങ്ങളുടേതോ ആവട്ടെ, സംഘർഷങ്ങളിലൂടെ സ്ഥാപിച്ചെടുക്കുന്ന എന്തും ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത് കുഞ്ഞുങ്ങളെയാണ്. ഭീതി നിറഞ്ഞ ആ കുഞ്ഞു മുഖങ്ങളെ കാണാൻ കഴിയാതെ പട വെട്ടുന്നത് എന്തിന് വേണ്ടിയാണ്?
കൊള്ള ചെയ്യുന്ന മാന്യന്മാരുടെ കള്ളച്ചൂതുകളാണ് യുദ്ധമുണ്ടാക്കുന്നത്. വേദനകൾ പോലും നിശബ്ദമാക്കപ്പെടുന്നത് മനുഷ്യരായുള്ളവരെ ഉലക്കണം. ഒരു വിശ്വാസവും ദൈവവും അക്രമത്തിലും ആയുധവിപണിയിലും സംതൃപ്തമാവില്ല. സംഘർഷങ്ങലും യുദ്ധവും തുടർക്കാഴ്ച്ചയായേക്കാം, എന്തിന്റെ പേരിലും അതിനു ന്യായീകരണമില്ല.
യുദ്ധം തുടങ്ങുന്നത് ഹൃദയത്തിലാണെന്നത് സ്വയം ഓരോരുത്തരും താക്കീത് ചെയ്യണ്ട സത്യം.
ഓഗസ്റ്റ് 15, 2021
പുതുക്രിസ്തു
ക്രിസ്തുവിന്റെ ശരീരം തങ്ങൾ മോഷ്ടിച്ച് കൊണ്ട് പോയി എന്ന് കാവൽക്കാർ പ്രചരിപ്പിച്ചിരുന്നല്ലോ. ഒളിപ്പിച്ചു വച്ചിരുന്നിടത്തു നിന്നും അവൻ ഉയിർത്തു വന്നു എന്ന പുതിയൊരു കഥ അവർ പ്രചരിപ്പിച്ചു. ഒത്ത ശരീരമുള്ള ഒരു 'ക്രിസ്തുവിനെ' കയ്യപ്പാസും കൂട്ടരും ഏർപ്പെടുത്തുകയും ചെയ്തു. "നമുക്കിടയിൽ ഒരുമയുണ്ടാകേണ്ടതിന് നമുക്കെല്ലാവർക്കും ഒരേപോലെ ഞാൻ പറയുന്നതുപോലെ ഈ ക്രിസ്തുവിനെ വണങ്ങാം." ഇടക്കിടക്ക് അവർ ആ ക്രിസ്തുവിനെ രഹസ്യങ്ങളുടെ പുകച്ചുരുളിൽ മറക്കുകയും മഹത്വത്തിന്റെ മേഘങ്ങളിലേക്കുയർത്തുകയും ചെയ്തു. ഓശാനപാടി കൈ കൊട്ടി ആർത്തു പാടിയവർക്ക്, മിശിഹാ ഒരു ശത്രുവാണെന്നു മനസിലാക്കാൻ ഒരു ഇരുളിന്റെ സമയം പോലും വേണ്ടിയിരുന്നില്ലല്ലോ. ഈ ക്രിസ്തുവിന്മേൽ മിശിഹായുടെ സേനയുടെ അടിസ്ഥാനം ഇടപെടും.
എങ്ങനെ ആരാധിക്കണം എന്ന് കയ്യാപ്പാസ് പറഞ്ഞത് 'ക്രിസ്തു' പോലും അനുസരിച്ചു. നമ്മൾ രൂപപ്പെടുത്തിയ മിശിഹാസേനയെ അംഗീകരിക്കാത്ത എല്ലാവരും ദൈവദോഷികളാണ്. അവരെ വിശ്വസിക്കരുത്. അവരുമുഴുവൻ നശിക്കാൻ നമുക്ക് ഉപവസിച്ചു ബലിയർപ്പിച്ചു പ്രാർത്ഥിക്കണം. സകല ഭാഷകളിലും ലഭ്യമായ അസഭ്യങ്ങൾ പഠിച്ചെടുത്ത് ക്രിസ്തുവിനെയും മിശിഹാസേനയെയും പ്രതിരോധിക്കണം. അല്ലെങ്കിൽ നമ്മുടെ ദൈവം മരിച്ചു പോകും. ആക്രോശം, വെല്ലുവിളി, പക, പ്രതികാരചിന്ത, വെറുപ്പ് എന്നിവ പുതുക്രിസ്തുവിന്റെ സാധാരണ ഭാഷയായി. മൂർച്ചയേറിയ ആയുധങ്ങൾ തട്ടി ഉള്ളിൽ തന്നെ മുറിവ് വന്നു തുടങ്ങി.
ചിലർ മിശിഹാസേന വിട്ടകന്നു. ചിലർ പുതുക്രിസ്തുവിന്റെ അടുത്ത് വന്നു ചോദിച്ചു: ഞങ്ങൾക്ക് വേണ്ടി നിന്നിലുണ്ടാവേണ്ട ജീവദായകമായ മുറിവുകളെവിടെ?" "എന്റെ അടുത്ത് വരരുത്, സ്പർശിക്കരുത്." അയാൾ പറഞ്ഞു. കയ്യാപ്പാസ് ഇടപെട്ടു. "നിങ്ങളും അവിശ്വാസികളുടെ ഗണത്തിലുള്ളവരാണ്, റോമാക്കാരുടെ എച്ചിൽ തിന്നുന്നവരാണ്. ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കും, ഞാൻ പറയുന്നത് പോലെ നിങ്ങൾ വണങ്ങും, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് നിങ്ങളും പറയും."
അധികാരചിഹ്നങ്ങൾ കൊണ്ട് അണിയിച്ചൊരുക്കിയ ക്രിസ്തുരൂപം അതണിഞ്ഞയാൾക്കു പോലും ഭാരമായിരുന്നു. എങ്കിലും അയാൾക്ക് വേണ്ടി പ്രവാചകരുണ്ടായി. പ്രവാചകർ ചെറുദൈവങ്ങളായി. കലഹത്തിന്റെ ഭാഷ ആരാധനയാക്കി അനേകം പുകക്കുഴലുകളിലൂടെ വായുവിൽ കലർത്തി. ധൂപത്തിലെ വിഷം ശ്വസിച്ച് അനേകർ പിടഞ്ഞു വീണു. പെസഹാതിരുനാളും, കൂടാരത്തിരുനാളും മുറപോലെ നടന്നു. ചിലർ അവരുടെ ആത്മാവിൽ വിലപിച്ചു തുടങ്ങി: "ഞങ്ങൾക്ക് വേണ്ടി ക്രിസ്തുവിലുണ്ടാവേണ്ട ജീവദായകമായ മുറിവുകളെവിടെ, അതിലെ സ്നേഹമെവിടെ?" കയ്യാപ്പാസിന്റെ ശബ്ദഘോഷങ്ങളിലെ ഓശാനകളിൽ അവ കേൾക്കപ്പെടില്ല.
----------------------------------------------------------------------
"അവനെ സ്നേഹിച്ചവർക്ക് അവൻ ദൈവമക്കളാകുവാൻ വരം നൽകി." ഗലീലിയിലെ സാധാരണക്കാർക്കിടയിൽ അവർ ക്രിസ്തുവിനെപ്പോലെ ജീവിച്ചു. അധികാരമല്ല സ്നേഹത്തിന്റെ ആധികാരികതയാണ് അവരെ പരസ്പരം ചേർത്ത് നിർത്തിയത്. ക്രിസ്തുവിന്റെ കൃപ അവരോടുകൂടെയുണ്ടായിരുന്നു. സാന്ത്വനിപ്പിക്കുന്ന, സ്വീകരിക്കുന്ന സ്നേഹം അവന്റെ ഹൃദയത്തിലുണ്ടായിരുന്നു.
ഓഗസ്റ്റ് 14, 2021
ഹൃദയബന്ധമാണ് വചനം
ദൈവമെന്തെന്നോ ആരെന്നോ അതിന്റെ പൂർണതയിൽ ഒരു സൃഷ്ടിക്കും മനസിലാക്കാനാവില്ല. ഏതെങ്കിലും പേരിലേക്ക് ചുരുക്കാനുമാവില്ല. അതുകൊണ്ടാവണം ദൈവത്തിന്റെ പേരായി "ഞാനെന്താണോ അതാണ് ഞാൻ" എന്ന് ദൈവം പറഞ്ഞത്. ആയിരം പേരുകൾ പോലും മതിയാവാതെ വരുന്നതുകൊണ്ടാവണം സഹസ്രനാമ വർണ്ണനകൾ പല പാരമ്പര്യങ്ങളിലുമുള്ളത്. അക്ഷരങ്ങളിലല്ല, ഹൃദയനൈര്മല്യത്തിന്റെ ആഴത്തിലേ (trust and intimacy) ദൈവത്തെ അറിയാനാകൂ. ആ അറിവിലേ ദൈവത്തിന്റെ പേരറിയാനാകൂ.
ദൈവത്തെക്കുറിച്ച് മനുഷ്യൻ അറിയേണ്ടതും, സ്വന്തം ജീവിതത്തെ എങ്ങനെ സമ്പൂര്ണമാക്കണമെന്നുമുള്ളത് യേശുവിൽ നിന്നറിയാം. വചനം മാംസം ധരിച്ചു നമുക്കിടയിൽ വസിച്ചതാണ്. ദൈവം ഉച്ചരിച്ച വാക്കല്ല വചനം, ദൈവം പ്രവർത്തിക്കുന്നതും സകലതും ദൈവത്തിലേക്ക് ചരിക്കുന്നതുമായ വഴിയാണ് വചനം.സകലനാമരൂപങ്ങളും, ജനിമൃതികളും, ബോധോദയവും, സംസ്കാരങ്ങളും, പ്രപഞ്ചഗതികളും ഉൾക്കൊള്ളുന്നതാണ് ആ വചനം. മതപാരമ്പര്യങ്ങളുടെ നിർവചനങ്ങളിൽ ഒതുക്കാനാവുന്നതല്ല വചനം. പതിയെ രുചിച്ചറിയേണ്ട ഹൃദയബന്ധമാണ് വചനം.
ഓഗസ്റ്റ് 13, 2021
അവസാനകാലം: അഭിഷേകവും ഒരുക്കവും
ഓരോ ദുരന്തകാലവും അവസാന നിമിഷങ്ങളാവണം. പരിചിതമായിത്തീർന്ന തിന്മകളെ ഉപേക്ഷിക്കുവാൻ അനിഷ്ടസംഭവങ്ങൾ ചിലപ്പോൾ നമ്മെ നിർബന്ധിച്ചേക്കാം. എന്നാൽ ആ കടന്നു പോകൽ അനിവാര്യമാണ്. പ്രതിസന്ധിഘട്ടങ്ങൾ തന്നെ തുറക്കപ്പെടേണ്ടതായ വഴികൾ കാട്ടിത്തരും. ആ ഒരുക്കങ്ങളെ വിവേചിച്ചറിയാനും സ്വയം നവീകരിക്കുവാനുമാണ് അഭിഷേകം ആവശ്യമായുള്ളത്. മതവും വിശ്വാസവും വഴികാട്ടിയാകാം, നവീകരണത്തിൽ അവ ലക്ഷ്യമാവരുത്.
ജീവശ്വാസമേ ...
ശിഥിലമായ അസ്ഥികൂടങ്ങൾക്ക് സ്ഥായിയായ നിലനിൽപ്പ് നൽകാനാവില്ല. ക്ഷയിച്ചതു പരിഹരിക്കാൻ തടസ്സമായത് അഹന്തയാണ്.
"ജീവശ്വാസമേ ആഞ്ഞുവീശുക..." ജീവൻ ഇനിയും വളർന്നു പടരും.
ശവകുടീരങ്ങളിലെ ക്ഷുദ്രജീവികളുടെ സഹവാസം ഉപേക്ഷിച്ചു പുറത്തു വരൂ ...
കെട്ടുകൾ അഴിച്ചു മാറ്റൂ.
ഓഗസ്റ്റ് 12, 2021
ജീവിതത്തിന്റെ ശ്രേഷ്ഠത
വെറുപ്പും അഹന്തയുമില്ലാത്ത ഒരു ജീവിതത്തെയാണ് വിശുദ്ധിയുള്ളതായി കാണേണ്ടത്. അത്തരം ജീവിതത്തിലേ ആന്തരിക സമാധാനം ഉണ്ടാവുകയും ജീവന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യൂ. ജീവിതത്തിന്റെ ശ്രേഷ്ഠതയെ വിചിത്രമായ രീതിയിൽ വരച്ചു കാണിക്കുന്ന പ്രവണതകൾ നമുക്കിടയിലുണ്ട്. സന്യാസിനിയോ വൈദികനോ നൃത്തം ചെയ്യുകയോ പാട്ടുപാടുകയോ ഫുട്ബോൾ കളിക്കുകയോ ചെയ്യുമ്പോൾ അത് വലിയ കാര്യമാണ്, ദൈവത്തിനു മഹത്വമാണ്, എന്നാൽ അത് മറ്റുള്ളവർ ചെയ്‌താൽ ലോകത്തിന്റെ വ്യാപാരങ്ങളാണ്. അത് ദൈവികമാകണമെങ്കിൽ അവർ ഒന്നുകിൽ വൈദികരോ സന്യസ്ഥരോ ആകണം, അല്ലെങ്കിൽ അവർ കൈയിൽ ഒരു ബൈബിളോ മാതാവിന്റെയോ മറ്റോ പടമോ പിടിക്കണം. അപ്പോൾ അത് സാക്ഷ്യമായി.
ക്രിസ്തുവിന്റെ മൂല്യങ്ങൾ ജീവിക്കുന്നത് സാധ്യമാണ് എന്നത് ജീവിതത്തിൽ കാണപ്പെടുമ്പോഴാണ് അത് സാക്ഷ്യമാകുന്നത്. ഒരു പക്ഷേ ഒരാൾ ജീവിതത്തിൽ പാലിക്കുന്ന ക്രിസ്തീയ മൂല്യങ്ങൾ സ്വാധീനിക്കുന്നത് ആ വ്യക്തിയുടെ കുടുംബത്തെ മാത്രമാകാം, എങ്കിലും ക്രിസ്തീയവും ഫലദായകവുമാണത്. ശാന്തതയും സ്നേഹവും പാലിക്കുന്ന ഒരു നേഴ്സ് രോഗിയിൽ ക്രിസ്തുവിനെത്തന്നെ കാണുന്നുണ്ട്. ഡോക്ടറായ പുരോഹിതൻ രോഗിയുടെ അടുത്തെത്തുമ്പോൾ മാത്രം സംഭവിക്കുന്ന കാര്യമല്ല അത്.
പരിഹാരം
ഉത്ഥിതനായ ക്രിസ്തു നൽകുന്ന പ്രത്യാശയിലേക്കു കടക്കുവാൻ, കരുണയുള്ള ആ ഹൃദയത്തിലേക്ക് നോക്കുവാൻ, ക്രിസ്തു നമുക്ക് നൽകിയ കൃപയെ അതിന്റെ നിറവിൽ സ്വീകരിക്കുവാൻ പ്രേരിപ്പിക്കേണ്ടിയിരുന്ന 'ദൈവകരുണയുടെ യേശു' പരിഹാരങ്ങളിൽ സംതൃപ്‍തനാകുന്ന ഒരു പുതിയ ദൈവത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
ത്യാഗം, പശ്ചാത്താപം, പരിഹാരം എന്നിവയൊക്കെ പരസ്പരമുള്ള ബന്ധങ്ങളിൽ നമുക്ക് നവീകരണം നൽകണം, ക്രിസ്തുവിനൊത്തതല്ലാത്തതൊക്കെ ഇല്ലാതാക്കുവാൻ നമ്മെ സഹായിക്കണം. അതാഗ്രഹിക്കാത്ത ത്യാഗങ്ങളിൽ ആന്തരിക ചൈതന്യമില്ല. വേദന കണ്ടു തൃപ്തിപ്പെടുന്ന ദൈവം ക്രിസ്തുവിനു അന്യനാണ്. ക്രിസ്തുവിന്റെ സഹനം സ്നേഹത്തിന്റെ ഭാഗമാണ്, വിശ്വസ്തതയുടെ പൂര്ണതയാണ്. ആ സ്നേഹവും വിശ്വസ്തതയും അനുകരിക്കാനുള്ള കൃപയാണ് നമ്മൾ തേടേണ്ടത്. അതാണ് ദൈവകാരുണ്യ ഈശോയോടുള്ള ഭക്തി.
.......................
എഴുപതു പടികളുള്ള പള്ളിയുടെ നടകൾ അമ്പത് പ്രാവശ്യം കയറിയിറങ്ങാൻ 'ഈശോ' പറഞ്ഞുവത്രേ! ആ ഈശോയും ബൈബിളിൽ നിന്നോ സ്വർഗ്ഗത്തിൽ നിന്നോ അല്ല.
ഓഗസ്റ്റ് 10, 2021
'ഇതിന്റെ' സുവിശേഷം
കറിയിൽ ഉപ്പു കൂടി പോയെങ്കിൽ, പല്ല് മഞ്ഞച്ചിരിക്കുന്നെങ്കിൽ, ടോയ്‌ലെറ്റിൽ ദുർഗന്ധമുണ്ടെങ്കിൽ, മുറിയിൽ പാറ്റാശല്യം ഉണ്ടെങ്കിൽ 'ഇത്' ചെയ്തു നോക്കൂ... വീഡിയോ ആയും മറ്റു ലിങ്കുകളായുംപതിവായി കാണുന്ന ഒന്നാണിത്. ഈ 'ഇതിനെ' അനുകരിച്ച് ആത്മീയതയിലും ഇത് കടന്നു വന്നിരിക്കുന്നു.
ഗോതമ്പിൽ നിന്നും
ശേഖരിച്ചു വെച്ച ഗോതമ്പിൽ നിന്നും ഓരോരുത്തർക്കായി അയാൾ വേണ്ടുവോളം കൊടുത്തു. ചിലർ അത് ഭക്ഷിച്ചു. ചിലർ ഭക്ഷണത്തിനാവശ്യമായതു മാറ്റിവെച്ചു ബാക്കി വിതച്ചു. ചിലർ അത് കുട്ടയിൽ അടച്ചു വെച്ചു. ഗോതമ്പ് വിതരണം നടന്ന ആ ദിവസം ഓരോ വർഷവും കുട്ട അലങ്കാരവും ആഘോഷവും നടന്നു. കഴിക്കാൻ ആവശ്യമുള്ളത് നിശബ്ദനായി കൊടുത്തു തുടർന്നത് വിതച്ചവനായിരുന്നു.
ഗോതമ്പു മണി അഴുകുന്നില്ലെങ്കിൽ അത് ഫലം പുറപ്പെടുവിക്കില്ല. ഓരോ ദാനവും സ്വന്തം അകക്കാമ്പ് കാണും വരെ അഴുകേണ്ടിയിരിക്കുന്നു. കുട്ടയിൽ അടച്ചു സംരക്ഷിക്കപ്പെടുന്ന ഒന്നും ആർക്കും ഒരു നന്മയും ചെയ്യുന്നില്ല.
പരസ്പരം പരിപോഷിപ്പിക്കാനാകും വിധം സമൂഹങ്ങൾക്കിടയിലും മറ്റു ജീവിവര്ഗങ്ങൾക്കിടയിലും ഒരു ജീവനപരിസ്ഥിതി കാത്തുസൂക്ഷിക്കുകയും, മാറ്റങ്ങൾക്കനുസരിച്ച് ക്രമാനുഗതമായി സ്വയം രൂപാന്തരപ്പെടുകയുമാണ് ആരോഗ്യപരമായ നിലനിൽപിന് ഉചിതം. ഭൂമിയിൽ നിന്ന് മനുഷ്യൻ എങ്ങനെ രൂപപ്പെട്ടുവോ ആ ക്രമങ്ങളാണ് നമ്മുടെ സാംസ്‌കാരിക നിർമ്മിതികൾക്കു പാഠമാകേണ്ടത്. അതിൽ അഴുകുക എന്നത് നാശമല്ല, ജീവദായകമാണ്. സ്വയം സംരക്ഷിക്കുകയും അടച്ചു വയ്ക്കുകയും ചെയ്യുന്നവ സ്വയം നശിക്കുകയാണ്. പരിണാമദശയിലും ഏറ്റവും ഉചിതമായിത്തീരുന്നത് ഏറ്റവും നന്നായി രൂപാന്തരപ്പെട്ടുകൊണ്ടാണ്. ആ രൂപാന്തരത്തിൽ മറ്റു വർഗ്ഗങ്ങളുമായുള്ള സൗഹൃദം വളരെ പ്രധാനമാണ്. ശക്തികൊണ്ട് സ്വയം നിലനിന്നവക്ക് നാശമാണുണ്ടായത്.
കുട്ടകളിൽ അടക്കപ്പെട്ടു സംരക്ഷിക്കുന്നവ സൃഷ്ടിക്കുന്നത് ശൂന്യതയാണ്, അതുകൊണ്ടുതന്നെ പകരുന്നത് ദുഷ്ടതയും.
ഓഗസ്റ്റ് 09, 2021
കാലത്തിനു വിളക്കാവുന്ന മതം
ജീവിക്കുന്ന മതം ഒരു കാലത്തിനു ഉൾകാഴ്ചയാവേണ്ടതാണ്. ഇന്നുകളെ രൂപപ്പെടുത്തുന്ന ഇന്നലെകളും നാളെകളെ രൂപപ്പെടുത്തുന്ന ഇന്നുകളും ഈ ഉൾകാഴ്ചയാൽ ധന്യമാകേണ്ടതാണ്. മനുഷ്യൻ ചരിത്രനിർമ്മാതാവാണെങ്കിലും ഇന്നുകളെ നിർമിക്കുന്നതിൽ നമ്മെക്കാൾ വലിയ പ്രവർത്തനമാണ് പ്രപഞ്ചം നടത്തുന്നത്. സംസ്കാരവും ജീവപ്രകൃതിയുമുൾക്കൊള്ളുന്ന ആ കാഴ്ച ദീർഘദർശനം കൂടിയാകുമ്പോഴേ ഒരു മതമെന്നത് ഈശ്വരചൈതന്യത്താൽ നയിക്കപ്പെടുന്നതാണെന്ന് കരുതാനാകൂ. സകലവിശദാംശങ്ങളും മനസ്സിലാക്കിക്കൊണ്ട് ഭാവിയിലേക്ക് നടക്കുകയെന്നല്ല ഇതിനർത്ഥം. മുൻകൂട്ടി കാണാൻ കഴിയുന്ന പ്രവണതകളെ കണ്ടുകൊണ്ട് നന്മയിലേക്ക് നയിക്കേണ്ട വഴിയൊരുക്കുക എന്നതാണ് പ്രധാനം. അത്തരം പ്രവണതകളെ സംബന്ധിച്ചുണ്ടായേക്കാവുന്ന പ്രതികരണങ്ങളും സംഘർഷങ്ങളും ഇന്ന് രൂപം നൽകുന്ന സാംസ്കാരികഘടകങ്ങൾക്ക് ആ കാലത്തിലേക്ക് ജീവനോടെ നടക്കുവാൻ വേണ്ട ഉൾകാഴ്‌ച/ഉൾസ്വരം പകർന്നു കൊടുക്കുവാൻ കഴിയുന്നു എന്നതാണ് ആ ഒരുക്കത്തിന്റെ അർത്ഥം.
സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ തകർച്ച മാനവികവും സാംസ്കാരികവുമായ തകർച്ചയിലേക്കും സംഘർഷങ്ങളിലേക്കും നയിച്ചേക്കാവുന്ന ഒരു കാലത്തേക്ക് പതിയെ നമ്മൾ നടന്നടുക്കുകയാണ്. സമൂഹത്തെ ബാധിച്ചു തുടങ്ങിയെങ്കിലും മതം അതിന്റെ നിലവിലുള്ള നിഷ്ഠകളിൽ ഉറപ്പു കാണുകയാണ്. സമൂഹത്തിന്റെ യഥാർത്ഥ അവസ്‌ഥയെ കാണാൻ കണ്ണില്ലാത്ത മതങ്ങളെ സമയം തൂത്തെറിയും. പരസ്യകലയിലൂടെ ലാഭമുറപ്പാക്കുന്ന വ്യാപാരമേഖലപോലെ മതങ്ങളും വ്യാപാരത്തിലേർപ്പെട്ടിരിക്കുകയാണ്. ജനപ്രിയമേറുന്ന പ്രവണതകൾക്കനുസരിച്ചു മതവിഭവങ്ങൾ വിളമ്പുന്ന പുതിയ തന്ത്രങ്ങൾ നാളേക്ക് വിളക്കാവുന്നവയല്ല. പ്രേക്ഷകരെ/ശ്രോതാക്കളെ ആസ്വദിപ്പിക്കുന്ന/രസിപ്പിക്കുന്നവയാണ് മതഉത്പന്നങ്ങളും. ചിരിപ്പിക്കുക എന്നതല്ല രസിപ്പിക്കുന്നതിലെ കാര്യം, പങ്കെടുപ്പിക്കുക എന്നതാണ്. അത് ചെയ്യപ്പെടുന്ന വഴികളെ വേണ്ടവിധം ഓരോ കാലവും വിശകലനം ചെയ്യേണ്ടത് കാഴ്ചയുടെ തെളിമക്ക് ആവശ്യമാണ്.
സാങ്കേതികവിദ്യകളുടെ വികാസം, ആഗോളതലത്തിൽ നടക്കപ്പെടുന്ന ആശയവിനിമയം, താരാരാധന, ഫാഷൻ, സിനിമ, ചെറുതും വലുതുമായ കൃതികൾ, TV, മ്യൂസിക് എന്നിവയൊക്കെ ദൈവങ്ങളെ വാഴ്ത്തുക മാത്രമല്ല രൂപപ്പെടുത്തുകയും ചെയ്തു. പ്രബലമായ മതങ്ങൾ എന്ന് സ്വയം വിളിക്കുന്ന സംവിധാനങ്ങൾ ഈ ദൈവങ്ങൾക്ക് പിന്നിലെ മനുഷ്യാവസ്ഥകളോട് സംഭാഷണത്തിലേർപ്പെടുന്നത് എപ്രകാരമാണ്? ആ ദൈവങ്ങൾക്ക് മതത്തിനുള്ളിൽ ഇടം ലഭിക്കുമ്പോൾ സംഭവിക്കുന്നതെന്താണ്? അതിന് ഇടം കൊടുക്കുന്നത് ആരാണ്?
"What to do when nothing to do?" വളരെ ഗൗരവമുള്ള ഒരു മനുഷ്യാവസ്ഥയായി വളരുകയാണ്. ചെയ്യാൻ കഴിയുന്ന ഒരേ ഒരു പ്രവൃത്തി സ്വയം പ്രതിരോധിക്കുകയും അർത്ഥം തേടുകയുമെന്നതാണ്. അതിന് മതത്തിന്റെയോ വിശ്വാസങ്ങളുടെയോയൊക്കെ ഭാഷ പകരാം. വിശ്വസ്തതയെന്നും പാരമ്പര്യമെന്നും വിളിക്കപ്പെടുന്ന യാഥാസ്ഥിതികത യഥാർത്ഥത്തിൽ വിശ്വാസത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ പോലുമല്ല രാഷ്ട്രീയമായ ചെറുത്തുനിൽപ്പാണത്. ഓരോരുത്തരുടെയും ദൈവങ്ങളും മതങ്ങളും ശരികളായി പല്ലിളിച്ചു കാണിക്കും, ക്രൂരമായി വേട്ടയാടും. അത് കണ്ടിട്ടും തുച്ഛമായ ലാഭത്തിനു വേണ്ടി മൗനമായിരിക്കുന്ന മതനേതാക്കളെ ഒരു കാലഘട്ടത്തിന്റെ നോക്കുകുത്തികളായി സമയം വിലയിരുത്തും.
കാലത്തിനു വിളക്കാവുന്ന മതം ജീവിക്കുന്നത് അടയാളങ്ങളിലല്ല, ഭൂതകാലത്തിന്റെ ഏതെങ്കിലും ക്രമരീതികളിലുമല്ല, മനുഷ്യവംശത്തെയും ജീവസമൂഹത്തെയും ഒന്നായി മുന്നോട്ടു നയിക്കാനാവുന്ന ജീവിതശൈലികളിലേക്കു നയിച്ചുകൊണ്ടാണ്.
ഓഗസ്റ്റ് 03, 2021
ഒരുക്കത്തിന്റെ സമയമാവേണ്ട ഈ കാലം ...
അനുരഞ്ജനത്തിലേക്കു വിളിക്കുന്ന ഇടയരെയോ പ്രവാചകരെയോ കാണാനില്ല. ഏതൊക്കെയോ ചീത്തവിളികൾ അവരെ താങ്ങിനിർത്തുന്നതുകൊണ്ടാവാം അവരുടെ മൗനാനുവാദവും പ്രോത്സാഹനവും! ക്രൂശിതനെ കുരിശിനോട് ചേർത്ത് നിർത്തിയത് ധൂപത്തിന്റെ സുഗന്ധവും ആരാധനാഗീതികളുമായിരുന്നില്ല, അന്ത്യത്താഴസമയത്ത് അവൻ പറഞ്ഞത് ജീവിതശൈലിയെക്കുറിച്ചായിരുന്നു ആരാധനാരീതിയെക്കുറിച്ചായിരുന്നില്ല.
ഓഗസ്റ്റ് 01, 2021
ബലിമേശയിൽ
ദൈവത്തിന്റെ ഹൃദയത്തിലേക്ക് ഉയർത്തേണ്ട ഹൃദയങ്ങളിൽ നിറയുന്ന വികാരം അസഭ്യവും ആക്രോശവുമാണെങ്കിൽ അർപ്പിക്കപ്പെടുന്ന ബലികൾ ദൈവജീവനെ നിരസിക്കുന്നവയാണ്, മരണത്തെ സ്വയം പുൽകുന്നതാണ്. നമ്മിൽ മരണം വസിക്കുന്നതിന്റെയും ജീർണതയുടെ അവസ്ഥകൾ കൂടുന്നതിന്റെയും കാരണം ഇതാവാം. അപ്പത്തിൽ വസിക്കുന്ന ക്രിസ്തുവിനെ ആരാധിക്കുന്നെന്നു നടിക്കുകയും പരസ്പരം ദ്വേഷിക്കുകയും ചെയ്യുന്നതിൽ ക്രിസ്തുവിനോട് കാണിക്കുന്ന ആക്ഷേപം കൂടിയുണ്ട്.
സ്വയം വിവേചിച്ചു നോക്കാതെ അപ്പം ഭക്ഷിക്കുന്നവർക്ക് ക്രിസ്തുവിൽ ഭാഗഭാഗിത്തമില്ല. ബലിമേശക്കു ചുറ്റും, ജീവൻ നൽകുന്ന അപ്പത്തിനു ചുറ്റും തിങ്ങിക്കൂടുന്ന അണികളും സ്തുതിപാഠകരുമല്ല ക്രിസ്തീയത വെളിപ്പെടുത്തുന്നത്, മറിച്ച്, ക്രിസ്തുവിന്റെ കൂടെ ബലിമേശയിൽ സന്നിഹിതരാകാൻ ഒരുക്കമുള്ളവരാണ്. അനീതിയാൽ വിശപ്പും ദാഹവും സഹിക്കുന്നവരുടെ ഒട്ടിയ വയറുകൾ ദിവ്യകാരുണ്യത്തിന്റെ മേശയും സക്രാരിയുമാവേണ്ടതാണ്. ആ ബലിമേശ വിശാലവും അരികില്ലാത്തതുമാണ്, എന്നാൽ അവിടേക്കു വരാനുള്ള വാതിൽ ഇടുങ്ങിയതാണ്. മാംസളഹൃദയമുള്ളവർക്കേ അകത്തുകടക്കാനാകൂ.
ബലിവേദി അഹന്തയുടെ സ്ഥാപനത്തിനുള്ള ഇടമാക്കപ്പെടുമ്പോൾ, വിഭജിക്കപ്പെടുന്ന അപ്പത്തിന്റെ സാന്നിധ്യമായി തെരുവീഥികളിലും രോഗിക്കിടക്കക്കരികിലും സ്നേഹപ്രകാശനവുമായി സ്വയം കൂദാശയാകുന്ന ആളുകൾ കൂടി വരുന്നുണ്ട്.