Gentle Dew Drop

ഡിസംബർ 30, 2022

കൂട്ടായ്മയില്ലാത്ത ബലി

ദേവാലയത്തിലോ ബലിപീഠത്തിലോ കേന്ദ്രീകൃതമായതല്ല ക്രിസ്തീയജീവിതം. ക്രിസ്തുവിൽ ഒന്നായിരുന്ന സമൂഹമാണ് ക്രിസ്തീയ ജീവിതത്തിന്റെ സത്തയും ആസ്വാദനവും. ക്രിസ്തുവാണ് അതിന്റെ രൂപവും ആത്മാവും ആകാരവും. പ്രാർത്ഥനകളും കൂദാശകളും ദേവാലയവും ബലിപീഠവും അർത്ഥം സ്വീകരിക്കുന്നത് ഈ ക്രിസ്‌തുശരീരത്തിൽ നിന്നാണ്. യഹൂദരുടെ ദൈവചിന്തയിൽ നിന്നും ആരാധനയിൽ നിന്നും ക്രിസ്തീയതയെ വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. ബലി കണ്ട് സംപ്രീതനാകുന്ന ദൈവമല്ല ക്രിസ്തുവിലൂടെ നമ്മൾ ആരാധിക്കുന്ന ദൈവം. അനുഗ്രഹം ചൊരിയാനും പാപം ക്ഷമിക്കാനും കരുണ വർഷിക്കാനും ബലികൾ ആവശ്യപ്പെടുന്നവനുമല്ല ദൈവം. പഴയനിയമത്തിൽ ബലി-കാഴ്ചകൾ ദൈവബന്ധത്തിലെ ഒരു കടമയായിരുന്നെങ്കിൽ, ക്രിസ്തുശരീരത്തിൽ, പരസ്പരം ചേർത്തു നിർത്തുന്ന സ്നേഹമഭ്യസിക്കുക എന്നതാണ് കടമ. പ്രാർത്ഥനയിലും മറ്റും സമ്പുഷ്ടമാക്കപ്പെടുന്നതും വളർത്തപ്പെടുന്നതും പൂർണ്ണമാക്കപ്പെടുന്നതും ഈ ശരീരത്തിലേക്കുള്ള ഒരുമയുടെ ആഴമാണ്. ഒരുമിച്ചു ചേരുമ്പോൾ ഇടയിൽ സന്നിഹിതനായി അനുഭവവേദ്യനാകുന്ന ദൈവമാണ്, ദേവാലയത്തിലെ ഒരുമിച്ചു ചേരലിനെ പവിത്രമാക്കുന്നത്. ക്രിസ്തുശരീരത്തിന്റെ വേദനകളും പവിത്രതയും ത്യാഗവും പുണ്യങ്ങളും ക്രിസ്തു കുരിശിലർപ്പിച്ച ബലിയോട് ചേർക്കപ്പെടുമ്പോൾ ബലികൾക്കും സത്യമുണ്ടാകും.  "എന്റെ നാമത്തിൽ ഒരുമിച്ചു ചേരുമ്പോൾ" നിങ്ങൾ അർപ്പിക്കുവിൻ എന്ന് പറഞ്ഞതിന് വലിയ ആഴമുണ്ട്. "വിവേചിച്ചറിയാതെ അപ്പം ഭക്ഷിക്കരുത്" എന്ന പൗലോശ്ലീഹായുടെ വാക്കുകളിലും, കലഹിക്കുകയും അന്യായം കാണിക്കുകയും ദുരാഗ്രഹം വെച്ചുപുലർത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിനു ക്രിസ്‌തുശാരീരമാണെന്നു അവകാശപ്പെടാനാവില്ലെന്നും, അതിലുള്ള അപ്പം മുറിക്കലുകൾ ക്രിസ്തുവിന്റെ ശരീരത്തിന്റെ ബലിയർപ്പണവും വിരുന്നുമല്ല എന്നത് ഓർമ്മിപ്പിക്കുന്നു.

സഭയുടെ ഐക്യമെന്നു പറയുന്നത് ക്രിസ്തുവിന്റെ മനസ്സോടെ ക്രിസ്തുശരീരത്തിൽ ഒന്നാവുന്നതാണ്. അതില്ലാത്ത ദേവാലയ ചട്ടക്രമങ്ങളോ ആരാധനാശൈലികളോ ക്രിസ്തുവിനെ ഉൾക്കൊള്ളുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നില്ല. അതിവിശുദ്ധസ്ഥലമെന്ന യാഥാർത്ഥ്യം നമ്മുടെ ഹൃദയത്തിന്റെ തുറന്നിടലാണ്. 

സഭയുടെ വ്യക്തിത്വം എന്നത് ക്രിസ്തുചൈതന്യമാണ്‌. ആ ചൈതന്യത്തിലേക്കു രൂപപ്പെടാന് വളരാനും ശ്രമിക്കാത്ത സമൂഹം ക്രിസ്തുവിന്റെ സഭയല്ല. ആരാധന മാത്രമല്ല ക്രിസ്തീയ ജീവിതം. ജീവിതത്തിന്റെ സമസ്തമേഖലകളും ക്രിസ്തുസമാനമാക്കാനുള്ള ആത്മാർത്ഥ പരിശ്രമമാണ് ക്രിസ്തീയ ജീവിതം. ദൈവാരാധന ഒരു മനോഭാവമായി എല്ലാ നിമിഷത്തിലും നടക്കുന്നതായാണ് കാണുന്നതെങ്കിൽ, ആയ ആരാധനയെ ഏതെങ്കിലും ഒരു ആരാധനാക്രമത്തിലേക്കു ചുരുക്കാനുമാകില്ല. ആ ആരാധന, മനോഭാവങ്ങളിലും നിലപാടുകളിലും വാക്കുകളിലും പ്രവൃത്തിയിലും ദൈവസ്വഭാവമുണ്ടായിരിക്കുക എന്നതാണ്. സത്യത്തിന്റെ വെളിപാടിന് തുറവി കാണിക്കുകയും അങ്ങനെ യാഥാർത്ഥ്യങ്ങളെ മനസിലാക്കി അരൂപിയുടെ പ്രചോദനങ്ങൾക്കനുസരിച്ച് സമീപിക്കുകയും ചെയ്യുന്നതാണ് ആ സ്വഭാവം. നമ്മുടെ ആരാധനാക്രമങ്ങൾ എത്രമാത്രം ഈ സമ്പർക്കത്തെ സുഗമമാക്കുന്നു എന്ന് സംശയമാണ്. ആരാധനാക്രമങ്ങൾ വിശ്വാസത്തെയും ജീവിതത്തെയും സ്വാതന്ത്രമാക്കുന്നെങ്കിലേ ഹൃദയത്തിൽ നിന്നുള്ള ആരാധനയുണ്ടാകൂ. അതില്ലാതെ ആരാധനാക്രമമാണ് വ്യക്തിത്വമെന്നും അതാണ് ഐക്യം പകരുന്നതെന്നുമുള്ളവ വെറും അവകാശവാദങ്ങൾ മാത്രമാവും.

ആരാധനക്രമം ആരാധനായോഗ്യമാകുമ്പോൾ ആരാധിക്കപ്പെടുന്നത് ദൈവമല്ല. മതത്തെയും, സമ്പ്രദായങ്ങളെയും നിലനിർത്തുകയും എന്നാൽ സമൂഹത്തെ ശിഥിലമാക്കുകയും ചെയ്യുന്ന സമീപനങ്ങളിൽ ദൈവാത്മാവിന് സ്ഥാനം നൽകിയിട്ടില്ല. ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തിന് മതഘടനകൾ തടസ്സമാകുന്നെങ്കിൽ ആ ഘടനകൾ ക്രിസ്തു പറഞ്ഞ സ്വയം പരിത്യാഗത്തിൽ ഉൾപ്പെടെണ്ടവയാണ്.

ഡിസംബർ 29, 2022

സഭയുടെ മനസാക്ഷി

 "എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖ പൂർണമായ ക്രിസ്മസ് ആയിരുന്നുവിത്. ഈ സംഭവങ്ങൾ കൊണ്ടു മാത്രം. ഇത്രയും നിരാശ രോഗാവസ്ഥയിൽ പോലും തോന്നിയിട്ടില്ല." ഒരു 'സാധാരണക്കാരന്റെ' വാക്കുകളാണിവ.  

ബലിപീഠത്തിനു മുകളിൽ ചാടിക്കയറിയതും, തള്ളിമാറ്റിയതും  അൾത്താര വിരിപ്പുകൾ വലിച്ചു മാറ്റിയതും  തിരുശരീരരക്തങ്ങൾ അവഹേളിച്ചതും മൗനത്തോടെ അംഗീകരിക്കപ്പെടുന്നെങ്കിൽ, അത് കണ്ടു വേദനിച്ച ലോകം മുഴുവനുമുള്ള വിശ്വാസികളുടെ ഹൃദയത്തിനു നേരെ സിനഡ് മുഖം തിരിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഏകീകൃതകുർബാനയുടെ പ്രാബല്യത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ബസലിക്കയിൽ അർപ്പിച്ച കുർബാനയ്ക്ക് illicit, inappropriate എന്ന രീതിയിൽ ആരോപണം ഉയർത്താമെങ്കിലും അത് കുർബാനയെ 'അസാധു'വാക്കുന്നില്ല. സാത്താൻ കുർബാനയെന്ന ആവർത്തിച്ചുള്ള പരാമർശങ്ങൾ വീണ്ടും വീണ്ടുമുള്ള അവഹേളനമാണ്. സഭയെ മുറിപ്പെടുത്തലാണ്. 

അസഭ്യവർഷം സാധാരണ ഭാഷയാക്കിയ ഏതാനം സഭാശബ്ദ യൂട്യൂബ് ചാനലുകളും സമൂഹമാധ്യമ ഗ്രൂപ്പുകളും വി തോമാശ്ലീഹായുടെയും സീറോമലബാർ സഭയുടെയും ഔദ്യോഗിക ശബ്ദമെന്ന നിലയിൽ പ്രവർത്തിക്കുന്നവയാണ്. അവക്കു സിനഡ് അംഗീകാരം നൽകുന്നുണ്ടോ? ഇല്ലെങ്കിൽ അവയെക്കുറിച്ചുള്ള മൗനം സഭയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ വഴിവയ്ക്കുന്നവയാണ്. ഇനി അവക്ക് അംഗീകാരം ഉണ്ടെങ്കിൽ ആ ഭാഷ നേതൃത്വത്തിന്റെ പുതിയ ഭാഷയാണെന്നതിൽ സഭയുടെ മനസാക്ഷി ദുഃഖിക്കുന്നുണ്ടാവും.

പ്രാർത്ഥിക്കാനും ഉപവാസമെടുക്കാനും ആഹ്വാനം ചെയ്യണ്ടത്

ആത്മാർത്ഥമായ ഒരു വീണ്ടുവിചാരത്തിനു തയ്യാറാവാതെ, ക്രിസ്തുവിന്റെ മനോഭാവത്തിന് യോജിക്കാത്തതെന്തും ഉപേക്ഷിക്കുവാൻ മനസ്സാകാതെ പ്രാർത്ഥനായജ്ഞങ്ങളും ഉപവാസങ്ങളും നടത്തിയതു  കൊണ്ട് ഭക്തി ഒരു മായയാകുന്നേയുള്ളു. സത്യത്തെ ഉൾപ്പെടുത്തുന്ന പ്രാർത്ഥനയല്ല അത്. ഇടയന്റെ മർദ്ദനമുറകളിൽ ഐക്യം പ്രതീക്ഷിക്കുന്ന പുത്തൻ സഭാശാസ്ത്രം അനുസരിച്ചു ഇടപെടൽ നടത്തുന്നവനല്ല ദൈവം. സഭയിൽ പരിശുദ്ധാത്മാവിനു സ്ഥാനമുണ്ടോ എന്ന് ഗൗരവമായി  ധ്യാനിക്കാൻ ഒരുക്കമാണോ എന്നാണ് ഇന്ന്  ധ്യാനിക്കേണ്ടത്. ഹൃദയകാഠിന്യം മാറ്റാൻ തയ്യാറാകാതെ എത്ര ഉപവസിച്ചാലും ദൈവം ഇടപെടുമെന്ന് കരുതരുത്. ആത്മാർത്ഥവും കൃപാപൂർണ്ണവുമായ വിചിന്തനമാണ് പ്രാർത്ഥനകളെയും ഉപവാസങ്ങളെയും നയിക്കേണ്ടത്. ആ സുതാര്യതയും വിവേചനവും ഉണ്ടാകുന്നില്ലെങ്കിൽ ഭക്തി ഫലശൂന്യമായ ഒരു മായയായി ചുരുങ്ങും. പ്രാർത്ഥിക്കാനും ഉപവാസമെടുക്കാനും ആഹ്വാനം ചെയ്യണ്ടത്, മാനസാന്തരത്തിനായിട്ടാണ്. അഹന്ത, അധികാരമോഹം, മർക്കടമുഷ്ടി, ഹൃദയകാഠിന്യം ഇവയൊക്കെയാണ് അകന്നുപോകേണ്ടത്. അത് നമ്മൾ വിഗ്രഹമാക്കി വെച്ചിരിക്കുന്നവരിലാണെങ്കിൽക്കൂടി അത് സംഭവിക്കേണ്ടതിനായി ആഗ്രഹിക്കണം. അതില്ലാതെ ഐക്യത്തിന്റെ പ്രക്രിയ ഉണ്ടാവില്ല. 

രാജദണ്ഡും പടക്കോപ്പുകളും

 "ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല" എന്നത് തീർത്തും ശരിയല്ല. അവർ ചെയ്യുന്നത് എന്താണെന്നു അവർ വ്യക്തമായി അറിഞ്ഞിരുന്നു. പക്ഷേ, അത് അവർക്കു ശരിയും വിശുദ്ധവുമായിരുന്നു എന്നതാണ് കാര്യം. ബലിപീഠത്തിനു മുകളിൽ ചാടിക്കയറുകയും, തള്ളിമാറ്റുകയും, അൾത്താര വിരിപ്പുകൾ വലിച്ചു മാറ്റുകയും ചെയ്തവർ, ബലിപീഠത്തിൽ വിജാതീയ ബലിയർപ്പിച്ച ആളെ മക്കബായരിലെ മത്തയാസും മക്കളും വധിച്ച കർമ്മത്തെപ്പോലെ ഒരു വിശുദ്ധീകരണ കർമ്മം ചെയ്തു എന്നാവാം വിശ്വസിക്കുന്നത് (ആരുടെയെങ്കിലും നിർദ്ദേശപ്രകാരം ചെയ്തെങ്കിൽ അത് വേറെ കഥയാണ്). അത് കൊണ്ടാവണം അവിടെ പരികർമ്മം ചെയ്യപ്പെട്ടു കൊണ്ടിരുന്ന കുർബാന ക്രിസ്തുവിനെ അപമാനിക്കലാണെന്നും, സാത്താൻ കുർബാനയാണെന്നും അവർ പറഞ്ഞത്. 

നാലഞ്ചു ദിവസങ്ങളിൽ വികസിച്ചു വന്ന ചിന്തയല്ല, ജനാഭിമുഖ കുർബാനകൾ അസാധുവാണെന്നും അത് അർപ്പിക്കുന്ന പുരോഹിതർ പരികർമ്മം ചെയ്യുന്ന കൂദാശകളിൽ കൃപയില്ലെന്നുമുള്ള വ്യാഖ്യാനം. സഭയോട് അനുസരണത്തോടെ ചേർന്നു നില്കാത്തവർ അർപ്പിക്കുന്ന ബലികളും പരികർമ്മം ചെയ്യുന്ന കൂദാശകളും വിലയുള്ളതല്ല എന്നതായിരുന്നു കാരണം. ഇതൊന്നും ഒരു ഔദ്യോഗിക രേഖകളിൽ പ്രസ്താവിച്ചിട്ടുള്ളതല്ല. പക്ഷേ പല വിധേന ആളുകളുടെ മനസ്സിൽ രൂപപ്പെട്ടിട്ടുള്ള ധാരണകളാണ്. നാട്ടിൽ നടത്താൻ ആഗ്രഹിച്ച മാമോദീസകൾ ഇത്തരം അസാധുത ഒഴിവാക്കാനായി പുറത്തുള്ള തങ്ങളുടെ രൂപതകളിൽ നടത്തിയ ഒത്തിരിയേറെ പേരുണ്ട്. കുമ്പസാരത്തിനു വേണ്ടി വിഷമിച്ചവരുണ്ട്. 

കുർബാനയെക്കുറിച്ചും കൂദാശകളെക്കുറിച്ചും മാത്രമല്ല, മറ്റു പല കാര്യങ്ങളെക്കുറിച്ചും സ്വയം പ്രഖ്യാപിത സഭാവാക്താക്കളും ചില ചാനലുകളും സമൂഹമാധ്യമ ഗ്രൂപ്പുകളും വിശ്വാസികൾക്ക് രൂപപ്പെടുത്തി കൊടുത്ത ദൈവശാസ്ത്രം ഉണ്ട്. അതാവട്ടെ, അപരവൽക്കരണവും സംശയവും പകയും വെറുപ്പും, പ്രതികാരവും ന്യായീകരിക്കുന്ന പുതിയ സുവിശേഷത്തെ അവതരിപ്പിച്ചു കൊണ്ടുമായിരുന്നു. അതിക്രമങ്ങൾക്ക് വിശുദ്ധമുഖം നൽകിയ അത്തരം വ്യാഖ്യാനങ്ങൾ രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തവരിൽ ബൈബിൾ പണ്ഡിതരും വിശ്വാസപ്രഘോഷണത്തിനു വേണ്ടിമാത്രം  തുടക്കം കുറിച്ച അഭിഷേകം നിറഞ്ഞ ചാനലുകളും ധ്യാനഗുരുക്കളും വിശ്വാസവും പാരമ്പര്യങ്ങളും നഷ്ടപ്പെടാതിരിക്കാൻ ഉണ്ടാക്കിയ സമൂഹ മാധ്യമ ഗ്രൂപ്പുകളും ഉണ്ട്. ക്രിസ്തുവിനു അന്യമായ മനോഭാവങ്ങളെ വിശുദ്ധീകരിച്ചു നൽകിയത് അവരാണ്. അവർ പറഞ്ഞതും പ്രചരിപ്പിച്ചതും വിശ്വാസത്തോട് ചേർന്നതല്ലെന്നും സഭയുടെ നിലപാടല്ലെന്നും ഉറച്ചു പറയാൻ ആരും ഉണ്ടായിരുന്നില്ല. വിശ്വാസികൾ പോരടിക്കുന്നതും, അസഭ്യം ചൊരിയുന്നതും, സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്നതും നേർക്കാഴ്ചയായിരുന്നിട്ടും പലതും വിശുദ്ധീകരിക്കപ്പെട്ടു. 

നാലഞ്ചു വർഷങ്ങളായി താലോലിച്ചു വളർത്തിയ അപരവിദ്വേഷവും അതിനു നൽകപ്പെട്ട ന്യായീകരണങ്ങളും മറ്റൊരുതരത്തിൽ വിശുദ്ധി-അശുദ്ധിയെക്കുറിച്ചും പുതു ധാരണകൾ സൃഷ്ടിച്ചു. വിശ്വാസം, തീക്ഷ്ണത, പ്രഘോഷണം എന്നിവയെല്ലാം പുനഃനിർവചിക്കപ്പെട്ടു. ആ പുതിയസുവിശേഷത്തിന്റെ സാക്ഷികളായവർക്ക് തങ്ങൾ ചെയ്യുന്ന പ്രവൃത്തികളൊക്കെയും വിശുദ്ധമാണ്.

ബലിപീഠത്തിൽ അക്രമം കാട്ടിയവരുടെ പ്രവൃത്തികൾ അപലപനീയമാണ്. എന്നാൽ അവരേക്കാൾ വലിയ തെറ്റുകാർ, അവരെ അത്തരം പ്രവൃത്തിയിലേക്കു നയിച്ചവരും, അവരുടെ പ്രവൃത്തികളെ ന്യായീകരിച്ചവരും, അവരെ തെറ്റിദ്ധരിപ്പിച്ചവരുമാണ്. അവർ ചെയ്തത് സഭക്ക് വേണ്ടി എന്ന് അവർ കരുതുന്നു. എന്നിരുന്നാലും, സ്വന്തം സമീപനങ്ങളെ സുവിശേഷമൂല്യങ്ങളോട് തട്ടിച്ചു നോക്കേണ്ടത് അവരുടെ തന്നെ കടമയായിരുന്നു. ഒരു പക്ഷത്തോടുള്ള പകയും വാശിയും, അധികാരികളോടുള്ള അധാർമ്മികമായ പ്രതിപത്തതയും സുവിശേഷ വിരുദ്ധമായവയെ ന്യായീകരിക്കുകയില്ല.

ഈ പ്രവൃത്തികൾ ഏതാനം ചിലരിലൊഴികെ കണ്ടവർ ആരിലും വലിയ വിഷമം ഉണ്ടാക്കി  എന്നത് സത്യമാണ്. സാധാരണക്കാരെ സംബന്ധിച്ച് വ്യസനം, അസ്വീകാര്യമായ ഒരു വേദനയെക്കുറിച്ചാകുമ്പോൾ പരിതപിക്കാനേ വഴിയുള്ളൂ. ഈ വേദന സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നുള്ള പ്രതികരണം തേടുന്നതാണെങ്കിൽ വെറുതെ പരിതപിക്കുന്നതും മാപ്പുപറയുന്നതും പരാജയമാണ്. ഈ വ്യസനം സ്വന്തം ഉത്തരവാദിത്വത്തെ  മറച്ചുവെച്ചുകൊണ്ട് മറ്റുള്ളവർക്ക് നേരെ മുനകൊള്ളിക്കുന്നതാണെങ്കിൽ അത് കപടതയുംആണ്. പശ്ചാത്താപവും മാനസാന്തരവും ഉണ്ടെങ്കിലേ വ്യസനത്തിന് ഹൃദയമുള്ളൂ. പശ്ചാത്താപവും മാനസാന്തരവും ചില തിരുത്തലുകളെ മുൻപിൽ കാണുന്നു. പുനഃസൃഷ്ടിക്കായുള്ള ആത്മാർത്ഥമായ പ്രയത്നം. സുവിശേഷത്തിനോ സഭാപ്രബോധനങ്ങൾക്കോ ചേർന്നതല്ലാത്ത ആധുനിക സുവിശേഷ വക്താക്കളിൽ നിന്നുള്ള പ്രചാരണങ്ങൾ തള്ളിപ്പറയാനുള്ള ധീരത ഇടയന്മാർക്ക് ഉണ്ടാകുമോ? ഞാനല്ല സംസാരിക്കേണ്ടതെന്ന ന്യായം പറയുന്നത് കാലഘട്ടത്തോടുള്ള വലിയ ഒരു വഞ്ചനയാണ്. പ്രബോധനത്തിന്റെ അധികാരമുള്ളവർ മൗനമായിരുന്നു കൊണ്ട് മാത്രമാണ് ഈ സംഘർഷങ്ങൾ ഇത്രത്തോളം വൈകാരികവും ജീർണ്ണവുമായത്. മാത്രമല്ല, അടി കൊഴുക്കുന്നത് സ്വന്തം വിജയമായി കണ്ടു രസിച്ചവരാണ് പലരും. ക്രിസ്തു പീഢിപ്പിക്കപ്പെടുമ്പോൾ അവന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിരുന്നു കൊണ്ട് ഉത്ഥാനസാധ്യത ധ്യാനിക്കേണ്ടവർ, വികലമാക്കപ്പെട്ട സുവിശേഷം ക്രിസ്തുവിന്റെ മുഖം വികൃതമാക്കുന്ന കണ്ടിട്ടും മൗനമായിരുന്ന സമയങ്ങളെകുറിച്ചാണ് വ്യസനിക്കേണ്ടത്. 

ഇനിയും ആധിപത്യവും കല്പനകളും ധാർഷ്ട്യവും പാലിക്കപ്പെടുന്ന സുവിശേഷത്തിന്റെ മൂല്യങ്ങളാകുമ്പോൾ സുവിശേഷത്തിന്റെ മരുഭൂശബ്ദം ഉയരേണ്ടതു അനിവാര്യമാണ്. രാജദണ്ഡും പടക്കോപ്പുകളും അനുവദിക്കപ്പെടുവോളം ക്രിസ്തു കൂടുതൽ ദൂഷിക്കപ്പെടാൻ വിട്ടു കൊടുക്കപ്പെടുകയാണെന്ന് ഇടയർ തിരിച്ചറിയാത്തതെന്തേ? 

................................ 

നേതൃത്വത്തിലുള്ള ഓരോരുത്തർക്കും, പരസ്പരം കേൾക്കുമ്പോൾ ഒരു പടി ആഴത്തിൽ ചോദിക്കാവുന്ന  ചോദ്യമാണ് "വരാനിരുന്നവൻ നീ തന്നെയോ അതോ വേറൊരുവനെ കാത്തിരിക്കണമോ" എന്നത്. നീ എന്ത് കാണുന്നോ അത് ചെന്ന് പറയുക എന്ന് പറയാൻ തക്ക വിധം ജീവന്റെ സമൃദ്ധിയുണ്ടായിരുന്നു കാണപ്പെട്ടവയിൽ. നിങ്ങൾ കേൾക്കുന്ന ശബ്ദങ്ങളോട് പക്ഷം ചേരുന്നതിനും മുമ്പേ  അവരുടെ നിലപാടുകൾ "അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിയും ദരിദ്രന് സുവിശേഷവും" നൽകുന്നോ എന്ന് ആലോചിച്ചു നോക്കൂ. വിലാപവും പല്ലുകടിയും സൃഷ്ടിക്കുന്ന യാഥാസ്ഥിതിക വാദങ്ങളിൽ സുവിശേഷത്തിന്റെ ലാവണ്യമല്ല കാളിയ വിഷമാണ്.

ഡിസംബർ 28, 2022

സിനഡ്

ആവർത്തിച്ചു കേൾക്കുന്ന, പറയപ്പെടുന്ന ഒരു വാക്കാണ് 'സിനഡ്.' എന്നാൽ ഈ സിനഡ് എന്താണ്? "A synodal Church is a Church which listens" - ഒരു സിനഡാത്മക സഭയെന്നാൽ കേൾക്കുന്ന സഭയെന്നാണ്. ഒരു പ്രത്യേക കാലയളവിൽ ചർച്ച ചെയ്യാനായി ഒരുമിച്ചു കൂടുന്ന മെത്രാൻ സമ്മേളനമല്ല സിനഡ്. സിനഡ് ഒരു പ്രക്രിയയാണ്. എല്ലാവരും പരസ്പരം കേൾക്കുകയും എല്ലാവരും ഒരുമിച്ച് പരിശുദ്ധാത്മാവിനെ കേൾക്കുകയും ചെയ്യുന്ന പ്രക്രിയ. അത് ക്രിസ്തീയ ജീവിതത്തിൽ ഒരു ജീവിതശൈലിയാവേണ്ടതിനാണ് Communion, participation and co-responsibility (of mission) എന്ന പാതയിൽ  സിനഡാലിറ്റിയെക്കുറിച്ചു തന്നെ ഒരു സിനഡ് ആഗോളതലത്തിൽ നടത്തപ്പെടുന്നത്. 

ധാർമിക അധികാരമുള്ള ഒരു സിനഡിന് ഉണ്ടാവേണ്ട ചില സ്വഭാവങ്ങളുണ്ട്. എല്ലാ ജീവിതരംഗങ്ങളിലുമുള്ളവർക്കു സംസാരിക്കാനുള്ള ഒരു വേദി/ അവസരം ലഭ്യമാവണം. അവർ തുറവിയോടെ സംസാരിക്കണം, തുറവിയോടെ കേൾക്കപ്പെടണം. കേൾവി സ്വീകാര്യത കൂടിയാണ്. ഈ സിനഡൽ കേൾവി സാംസ്‌കാരിക സാമൂഹിക സാമ്പത്തിക യാഥാർത്ഥ്യങ്ങളോട് കൂടി കേൾവി ഉള്ളപ്പോഴെ വിശ്വാസത്തെ ഒരു സഭയായി മനസിലാക്കാനും കാലത്തിലേക്ക് വ്യാഖ്യാനിക്കാനുമാകൂ. തീരുമാനങ്ങളിലേക്കു വരുന്നത് ഭൂരിപക്ഷാഭിപ്രായത്തിന്റെ വോട്ടിനനുസരിച്ചല്ല, വീണ്ടും വീണ്ടും കേട്ടും സംസാരിച്ചും വിവേചിച്ചറിയുന്ന സത്യത്തെ പിഞ്ചെല്ലുവാനുള്ള പൊതുവായ ആഗഹത്തിൽ നിന്നാണ്. 

ചെറുതും വലുതുമായ തലങ്ങളിൽ ഒരു ഇടയന്റെ ചുറ്റും ഒരുമിച്ചു ചേരുന്ന വിശ്വാസികൾ ഒരേ ശരീരത്തിൽ  അംഗങ്ങളായിരിക്കുന്നവർ എന്ന നിലയിലാണ് ഈ പ്രക്രിയയിൽ പങ്കു ചേരുന്നത്. മറ്റൊരാളുടെ മനസ്സറിയാൻ ശ്രമിക്കാത്ത ഒരാൾ സിനഡിന്റെ ഭാഗമാകുന്നില്ല.


അധികാരത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് ഒരിക്കലും സിനഡ് യാഥാർത്ഥ്യമാവില്ല. ദൈവജനം ഒരുമിച്ചു കേൾക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോർക്കുവാൻ സമിതികൾക്കും സമ്മേളനങ്ങൾക്കും ചർച്ചകൾക്കും കഴിയണം. അധികാരസ്ഥാനത്തുള്ളവർ സ്വതാല്പര്യപ്രകാരം എടുക്കുന്ന തീരുമാനങ്ങളെ ദൈവനിവേശിതം എന്ന് കല്പിച്ചു കൊണ്ട് അനുസരണം ആവശ്യപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ വഴിയല്ല. അനുസരണം ധാർമ്മികമാകുന്നത് അധികാരത്തിലും കല്പനയിലും ധാർമ്മികത ഉൾക്കൊണ്ടിരിക്കുമ്പോഴാണ്. 


സിനഡിനെ അനുസരിക്കുക എന്നാൽ അത് സിനഡായിരിക്കുമ്പോഴും അത് ഒരു ക്രിസ്തു ശരീരത്തിന്റെ പരിപോഷണം ഉറപ്പാക്കുമ്പോഴുമാണ്. ഒരു സിനഡാകുവാനുള്ള ആത്മാർത്ഥ പരിശ്രമം നടത്തുമ്പോഴല്ലേ സിനഡിനെ അനുസരിക്കാനുള്ള അധ്വാനത്തിന് ധാർമ്മികതയുള്ളു. 


സിനഡൽ പ്രക്രിയ നമ്മുടെ ജീവിത ശൈലിക്ക് ഒരു വഴികാട്ടിയാകുമ്പോൾ, ഒരു ഔദ്യോഗിക സിനഡിന്റെ സ്വഭാവമെന്താവണം എന്ന് കൂടി കാണിച്ചു തരുന്നു.


https://www.synod.va/content/dam/synod/common/phases/continental-stage/dcs/Documento-Tappa-Continentale-EN.pdf

https://www.vatican.va/roman_curia/congregations/cfaith/cti_documents/rc_cti_20180302_sinodalita_en.html

https://www.synod.va/en/news/the-preparatory-document.html

https://www.synod.va/en/news/the-vademecum-for-the-synod-on-synodality.html

https://www.synod.va/content/dam/synod/common/phases/en/EN_Step_3_Discerning.pdf

https://www.synod.va/content/dam/synod/common/phases/en/EN_Step_4_Planning.pdf

https://www.synod.va/content/dam/synod/common/phases/en/EN_Step_6_Suggested-tools-for-reflecting-sharing.pdf


 

ഡിസംബർ 27, 2022

ഹേറോദേസ്

അനർഹമായ അധികാരം, ദുരാഗ്രഹിയും തന്ത്രശാലിയുമായ മറ്റൊരാളാൽ നിയന്ത്രിക്കപ്പെടുന്ന അധികാരം, അരക്ഷിതാവസ്ഥ അസ്വസ്ഥപ്പെടുത്തുന്ന അധികാരം, ജനത്തിന്റെയോ നാടിന്റെയോ നന്മ ആഗ്രഹിക്കാത്ത അധികാരം നിഷ്കളങ്കരുടെ വധത്തിന് കാരണമാകും. പ്രീണന ഫലമായി ഹേറോദേസിനു ലഭിച്ച അധികാരം അയാൾക്ക്‌ സുരക്ഷാ നൽകിയില്ല. ജനത്തെ പ്രീണിപ്പിക്കാൻ അയാൾ ദൈവത്തിന് സുന്ദരമായ ദേവാലയം ഉണ്ടാക്കി. ദൈവത്തിൽ ആശ്രയിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. 

ഹേറോദേസ് നമ്മിലുണ്ട്, നമുക്കിടയിലുണ്ട്.

മാനസാന്തരം അകലെയാണ്

അച്ചടക്കനടപടികൾ വരാൻപോകുന്നെന്നു കേൾക്കുന്നു. എന്ത് അച്ചടക്ക നടപടികളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്? അടിച്ചേൽപ്പിക്കുന്ന മനോഭാവങ്ങൾ ഏതു ക്രിസ്തീയതയുടെ ഭാഗമാണ്, ഏതു വിശ്വാസത്തിന്റെ സമീപനമാണ്? അധികാരരാഷ്ട്രീയത്തിന്റെ ലഹരിയിൽ എന്ത് ക്രമങ്ങളാണ് കൊണ്ട് വരുന്നത്?

ഇന്നലെതുടങ്ങിയ മാർപാപ്പ സ്നേഹത്തിനു മുമ്പ് നാളേറെയായി മാർപാപ്പയെ പറങ്കിതൊപ്പിയെന്നു വിളിച്ചു പോന്നവർക്ക്‌ അച്ചടക്ക നടപടികൾക്ക് വിധേയമാകേണ്ടതുണ്ടോ? സ്വയം സഭാവക്താക്കളായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും, സമൂഹത്തെ വിഭാഗീയതയിലേക്കു നയിക്കുകയും ചെയ്തവർ അച്ചടക്ക നടപടികൾക്കു വിധേയരായിട്ടില്ല. ധ്യാനങ്ങളെന്ന പേരിൽ തോന്നിയതെല്ലാം പഠിപ്പിച്ച പ്രഘോഷകർക്ക് അച്ചടക്കത്തിന്റെ ആവശ്യമില്ലാതിരുന്നത് എന്തുകൊണ്ടാണ്? ഒരു കൂട്ടരെ താണജാതിക്കാരെന്നും മറ്റും വിളിച്ചു അപമാനിച്ചു പോന്നവർക്ക് തിരുത്തൽ ആവശ്യമായിരുന്നില്ലേ.

സഭയിൽ ആവശ്യമായിരിക്കുന്നത് അച്ചടക്കമല്ല, മാനസാന്തരമാണ്. രാഷ്ട്രീയ അധികാരത്തിന്റെ ശക്തിയെ മുൻനിർത്തി പീലാത്തോസ് ചോദിച്ച ചോദ്യമാവാം അധികാരമുള്ള ഓരോരുത്തരും ധ്യാനിക്കേണ്ടത്. " നീ ഒരു രാജാവാണോ?" അല്ല എന്ന ഉത്തരമുള്ളപ്പോൾ, പിന്നെയെങ്ങനെ ഞാൻ ഒരു രാജാവിനെപ്പോലെ പെരുമാറുന്നു എന്ന മറുചോദ്യമുണ്ട്. ആണ് എന്ന ഉത്തരമുള്ളപ്പോൾ ഏതു തരത്തിലുള്ള രാജാവാണെന്ന മറുചോദ്യമുണ്ട്. പീലാത്തോസിനെയും ഹേറോദേസിനെയും പോലെ ഒരു അധികാരിയോ അതോ പടുത്തുയർത്താനും, ജീവൻ നൽകാനും നല്കപ്പെട്ടിട്ടുള്ള അധികാരമോ? അധികാരം ഉപയോഗിക്കപ്പെട്ടത്, കൈമാറ്റം ചെയ്യപ്പെട്ടത്, നിരസിക്കപ്പെട്ടത്, നീക്കം ചെയ്യപ്പെട്ടത്, അപമാനിക്കപ്പെട്ടത്, എല്ലാം കൂടിയ ചരിത്രത്തോട് കൂടിയാണ് സംഭാഷണങ്ങളിലൂടെ മനസാന്തരത്തിനു വഴി തുറക്കേണ്ടത്. അത് പ്രധാനമല്ലെങ്കിൽ, മൗനാനുവാദം നൽകപ്പെട്ടു വിശ്വാസത്തിന്റെ ഭാഗമാക്കി തീർത്ത പൂര്വികപാപങ്ങളും ശാപങ്ങളും വെച്ചെങ്കിലും മനസിലാക്കാൻ ശ്രമിക്കൂ. ഹൃദയകാഠിന്യത്തിന്റെയും പകയുടെയും മാത്സര്യത്തിന്റെയും കയ്പ്പ് പേറുന്നത് തലമുറകളാണ്. എന്തിനും പോന്ന വീര്യത്തിൽ നിൽക്കുന്ന ഇളം തലമുറയുടെ പിൻബലം കൊണ്ട് സന്തോഷിക്കരുത്. അവന്റെ രക്തം ഞങ്ങളുടെ മക്കളുടെ മേൽ പതിക്കട്ടെ എന്ന് ഏറ്റെടുക്കാൻ കയ്യപ്പാസിന് എളുപ്പമായിരുന്നു.

അധികാരവും, തീരുമാനങ്ങളും, നിലപാടുകളും ക്രിസ്തുവിനും മീതെ ഇടം പിടിക്കുമ്പോൾ ക്രിസ്തുവോ സുവിശേഷ മൂല്യങ്ങളോ കാര്യമായെടുക്കപ്പെടേണ്ടതില്ല. ക്രിസ്തു സഭക്ക് പ്രധാനമാകും വരെ മാനസാന്തരം അകലെയാണ്.

ഡിസംബർ 25, 2022

ഐക്യം എന്നത്

സഭയിൽ പിശാചുണ്ടോ എന്ന ആശങ്കയല്ല നമ്മെ നയിക്കേണ്ടത്, മറിച്ച് സഭയിൽ പരിശുദ്ധാത്മാവിനു സ്ഥാനമുണ്ടോ എന്ന് ഗൗരവമായി  ധ്യാനിക്കാൻ ഒരുക്കമാണോ എന്നാണ്. 

......................................

ഐക്യം എന്നത് പ്രതീക്ഷിക്കുന്ന ഒരു ഫലമാണ്. ഐക്യം എന്നതിനെ ഏകാധിപത്യത്തിനോടുള്ള മൗനവിധേയത്വമാക്കി മാറ്റുമ്പോൾ അതിൽ പുണ്യമോ സ്വാതന്ത്ര്യമോ ഇല്ല. പണ്ട്, രാജാവിന്റെ ദൈവം ദേശത്തിന്റെ ദൈവമാകേണ്ടിയിരുന്നു. അങ്ങനെ തന്നെ, ഒരേ മതവും സംസ്കാരവും  ഭാഷയും വരെ ഒന്നാവണമെന്ന് കല്പിച്ചവർ നിവർത്തിക്കാൻ ഉദ്ദേശിച്ചത് തങ്ങളുടെ അധികാരവും ദേശം മുഴുവനുമുള്ള ആധിപത്യവുമാണ്. മാത്രമല്ല, വ്യത്യസ്തമായ ഒന്നിനെ ഗ്രഹിക്കാനോ സ്വീകരിക്കാനോ ഉള്ള കഴിവില്ലായ്‍മയും മനസില്ലായ്മയും അതിലുണ്ട്. 

ഒരു സമൂഹത്തിന്റെ ഐക്യം എന്നത് ചക്രവർത്തിയുടെ കര്ശനനിയമങ്ങളുടെ പാലനം മൂലം കൈവരിക്കാവുന്നതല്ല. ഓരോരുത്തർക്കും സമൂഹത്തിൽ സ്വതന്ത്രമായി ഉൾപ്പെടാൻ കഴിയുന്ന ഒരു പങ്കെടുക്കൽ പ്രക്രിയ ഐക്യത്തിനായുള്ള ഒരു പ്രധാന ഘടകമാണ്. ഈ പ്രക്രിയ ഒരാൾ തന്നിഷ്ടം നോക്കുന്നത് അല്ലാത്തതുപോലെ, സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതുമാവരുത്. മാത്രമല്ല, അത് മറ്റുള്ളവരുടെയും സമൂഹത്തിന്റെ മുഴുവന്റെയും നന്മ ആഗ്രഹിക്കുന്നതുമാകണം. ഒരു ഏകാധിപതിയുടെ ചട്ടങ്ങൾക്ക് എല്ലാവരും ഒരേപോലെ വിധേയമാകുന്നത് കൊണ്ട് ഉണ്ടാകുന്നത് ഐക്യമല്ല. അത് ഒരു പെരുമാറ്റ ചട്ടത്തിന്റെ പാലനം മാത്രമാണ്.

സഭയിൽ ഇന്നുള്ള പ്രശ്നങ്ങളിൽ ആത്മാർത്ഥമായ ഒരു വിചിന്തനം ആവശ്യമായിരിക്കുന്നതും ഇതേ മേഖലകളിലാണ്. വിശ്വാസികളായ ഓരോരുത്തർക്കും സഭാസമൂഹത്തിലുള്ള പങ്കെടുക്കൽ പ്രക്രിയ എത്രമാത്രം സ്വതന്ത്രമായി നടക്കുന്നുണ്ട്? തന്നിഷ്ടം നടപ്പിലാക്കാൻ വാശി പിടിക്കുന്നത് ആരാണ്? സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുവാൻ അധികാര ധാർഷ്ട്യവും പ്രതികാരചിന്തയും പ്രേരകങ്ങളാക്കുന്നതു ആരാണ്?  ഐക്യം എന്ന പേരിൽ മുന്നോട്ടു വയ്ക്കുന്നവയിൽ പൊതുവായ നന്മ ഉരിത്തിരിയേണ്ടതിനായി സ്വീകരിക്കേണ്ട മനോഭാവങ്ങൾ എന്തൊക്കെയാണ്, അതോടൊപ്പം വേണ്ട പ്രവൃത്തികളുടെ രൂപം എങ്ങനെയാണ്? 

ഇതോടൊപ്പം ഇന്ന് ഓരോ വിശ്വാസിയും സ്വയവും പരസ്പരവും, തങ്ങളുടെ മതാധ്യാപകരോടും സന്യസ്തരോടും വൈദികരോടും മെത്രാന്മാരോടും നേരിട്ട് ചോദിച്ചു ധ്യാനമാക്കേണ്ട കൂടുതൽ അടിസ്ഥാനപരമായ കാര്യങ്ങളുണ്ട്. അവ ആവർത്തിച്ചാവർത്തിച്ചു ചോദിക്കണം, കൂടുതൽ പേരെ കണ്ട് ചോദിക്കണം. ന്യായീകരണങ്ങൾക്കും സ്ഥിരീകരണങ്ങൾക്കുമായല്ല, വിചിന്തനവും, ആത്മനിരൂപണവും ധ്യാനവുമാകാൻ, കഠിനതകൾ പ്രഹരിക്കപ്പെടാൻ, മുറിവുകൾക്കു ആശ്വാസം ലഭിക്കാൻ. വ്യക്തവും ശക്തവും ആത്മാർത്ഥവുമായ മുഖാഭിമുഖങ്ങൾ സംഭാഷണങ്ങൾ ഉണ്ടാവണം.

സ്വതന്ത്ര സഭയെന്നും തനതായ പാരമ്പര്യമെന്നുമൊക്കെ പറയുമ്പോൾ എന്താണ് സീറോമലബാർ സഭ അർത്ഥമാക്കേണ്ടത്? തികച്ചും വ്യത്യസ്തമായ ആരാധനാക്രമവും സമൂഹവുമായി മറ്റാരോടും ചേരാത്ത ഒരു കൂട്ടമായി കാണപ്പെടുവാനോ? ഒരു സഭയായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്? തനിമയായി കാണപ്പെടുന്ന, ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പാരമ്പര്യങ്ങളുടെ അർത്ഥസത്തയെ കണ്ടെത്താൻ ആത്മാർത്ഥമായ പരിശ്രമം നടത്തിയിട്ടാണോ സ്വയം  വ്യത്യസ്തമാക്കാനുള്ള അടയാളങ്ങളായി അവയെ ഉറപ്പിക്കുന്നത്? സഭയിൽ അസ്വസ്ഥതകൾ കാണപ്പെടുന്നെങ്കിൽ അവയുടെ യഥാർത്ഥ കാരണങ്ങൾ എന്താണ്? സമൂഹവുമായി അർത്ഥപൂര്ണവും യാഥാർത്ഥ്യബോധമുള്ളതുമായ സംഭാഷണങ്ങൾ നടത്താൻ അവരെ കേൾക്കാൻ നേതൃത്വത്തിന് കഴിയുന്നുണ്ടോ? ആരാധനാക്രമം-ഐക്യം-അനുസരണം എന്നിവയിലേക്ക് ചുരുങ്ങി നില്കുന്നതാണോ സീറോമലബാർ സഭയിലെ പ്രശ്നങ്ങൾ?  സ്വയം ഒരു വരേണ്യ വർഗ്ഗവും മറ്റുള്ളവരെ  (ഉള്ളിൽത്തന്നെയും പുറത്തുള്ളവരോടും) രണ്ടാം തരക്കാരുമായി കാണുന്ന പ്രവണത ക്രിസ്തീയമല്ലല്ലോ. പ്രാദേശിക തലത്തിലും, ഭാഷയുടെ പേരിലും സംസ്കാരത്തിന്റെ പേരിലും ഈ ഹുങ്കും തരം താഴ്ത്തലും നമ്മുടെ ഒരു സ്വഭാവ ശൈലി ആയിരുന്നിട്ടും തീർത്തും അക്രിസ്തീയവും മനുഷ്യത്വരഹിതവുമായ ഈ തിന്മക്കെതിരെ ഏതെങ്കിലും ധ്യാനഗുരു താക്കീത് നൽകുന്നത് കേട്ടിട്ടുണ്ടോ? ആരാധനക്കുള്ള ക്രമത്തെക്കുറിച്ചു ഐക്യം ആഗ്രഹിക്കുന്നതിനു മുമ്പേ ഉണ്ടാവേണ്ടത് എല്ലാവരെയും മനുഷ്യരായി കാണാൻ  കഴിയുക എന്നതാണ്. 

തുറവി കാണിക്കാതെ, പിശാചിന്റെ മേൽ കലഹങ്ങളുടെ കാരണം ആരോപിക്കുന്നത് നമ്മളുടെ ഉത്തരവാദിത്തങ്ങളെ ലഘൂകരിക്കുകയേയുള്ളു എന്ന് മാത്രമല്ല നമ്മുടെ കപടതയെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. നമ്മിലെ മാത്സര്യം, മർക്കടമുഷ്ടി അധികാരധാർഷ്ട്യം എന്നിവയൊക്കെയാണ് യഥാർത്ഥ കാരണം. സഭയെ തകർക്കുവാൻ ആരൊക്കെയോ പൂജ ചെയ്യുന്നു എന്ന് പ്രഘോഷിച്ച പ്രവാചകനുണ്ട്, ഇല്ലുമിനാന്റി, ഫ്രീ മേസൺറി, സാത്താൻ ആരാധകർ, നിരീശ്വരവാദികൾ തുടങ്ങിയവരെക്കുറിച്ചു നിർത്താതെ ലേഖനങ്ങളും വീഡിയോകളും പുറത്തിറക്കുന്നവരുണ്ട്. അവർ പ്രാർത്ഥിക്കാനും ഉപവാസമെടുക്കാനും ആഹ്വാനം ചെയ്യണ്ടത് വിടുതലിനായിട്ടല്ല, മാനസാന്തരത്തിനായിട്ടാണ്. അഹന്ത, അധികാരമോഹം, മർക്കടമുഷ്ടി, ഹൃദയകാഠിന്യം ഇവയൊക്കെയാണ് അകന്നുപോകേണ്ടത്. അത് നമ്മൾ വിഗ്രഹമാക്കി വെച്ചിരിക്കുന്നവരിലാണെങ്കിൽക്കൂടി അത് സംഭവിക്കേണ്ടതിനായി ആഗ്രഹിക്കണം. അതില്ലാതെ ഐക്യത്തിന്റെ പ്രക്രിയ ഉണ്ടാവില്ല. 

മേല്പറഞ്ഞവ കൂടാതെ അനേകം കാര്യങ്ങൾ പരസ്പര സംഭാഷണങ്ങൾക്ക് വിധേയമാകണം. അധികാരം ഒരു ആധിപത്യമല്ല, അത് ഒരു ഉത്തരവാദിത്തമാണ്. ആത്മാർത്ഥമായി ദൈവസ്വരം കേൾക്കാനും, സ്വന്തം തനിമക്കും സ്വാർത്ഥതാല്പര്യങ്ങൾക്കും പ്രീണനലാഭങ്ങൾക്കും മീതേ ദൈവേഷ്ടത്തിനായി നിലകൊള്ളുവാനുമുള്ള ഉത്തരവാദിത്തം.  സഭയെന്നത് ഒരു മെത്രാൻ സംഘമോ, ഒരു സമ്മേളനവേദിയോ അല്ല, ദൈവജനത്തിന്റെ കൂട്ടായ്മയാണ് സഭ. 'വിശ്വാസികൾ' എന്ന് വിളിക്കപ്പെടുന്നവർ വിധേയപ്പെടാൻ മാത്രം ഉള്ളവരല്ല,  അവർ സംസാരിക്കേണ്ടവരും കേൾക്കപ്പെടേണ്ടവരുമാണ്. പരിശുദ്ധാത്മാവ് സംസാരിക്കുന്നത് സഭയിലാണ്. അപ്പോൾ, ഇന്ന് സംഭവിച്ചിട്ടുള്ള ആഘാതങ്ങൾ അടക്കം കാണപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യേണ്ടത് പരിശുദ്ധാത്മാവിന്റെ സാന്ത്വനവും സൗഖ്യവും നേടാൻ ആവശ്യമാണ്.

ഡിസംബർ 23, 2022

ആരാധനക്കെന്ന വണ്ണം

നിങ്ങൾ ആരാധനക്കെന്ന വണ്ണം അനുഷ്ഠാനങ്ങൾ വർത്തിക്കുമ്പോൾ എനിക്ക് ഭയമാണ് എന്ന് ദൈവം പറഞ്ഞേക്കും. രക്ഷകനായി പിറന്നവനെ കൊന്നു കളയാനുള്ള ഉത്തരവ് പോലെ മൂർച്ചയേറിയതായി ആരാധനാക്രമത്തിൽ ചാലിച്ചു ചേർക്കുന്ന അധികാരകാഠിന്യം.

നിങ്ങളുടെ കാഴ്ചകളോട് ഞാൻ മുഖം തിരിച്ചു കളയും എന്ന് ഏശയ്യയിലൂടെ പറഞ്ഞത് നീതിയുടെ ഒരു ഹൃദയത്തിൽ പ്രതീക്ഷ വച്ച് കൊണ്ടാണ്. ഏതൊക്കെ തരത്തിൽ വളയത്തിലൂടെ ദൈവത്തെ ചാടിക്കാനാണ് ദൈവത്തിനു സ്വീകാര്യവും യോഗ്യവുമായ ആരാധന എന്ന വണ്ണം 'ക്രമങ്ങൾ' നിർമ്മിക്കുന്നത്? ദൈവത്തിനു പേടിയാണ് ഇന്ന് ആരാധനാക്രമങ്ങളെ. പരിശുദ്ധിയുടേയും സമാധാനത്തിന്റെയും വാതിലാവേണ്ട അവ മുറിപ്പെടുത്തുന്ന ദംഷ്ട്രകളായിരിക്കുന്നു.
തിരുപ്പിറവിക്കെങ്കിലും സമാധാനത്തിന്റെ ഒരു ബലിയെങ്കിലുമുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു.

ഒരു പീഠത്തിന്മേൽ തൈലാഭിഷേകം നടത്തിയത് കൊണ്ട് രൂപപ്പെടുത്താവുന്നതല്ല ക്രിസ്തുവിന്റെ ബലിപീഠം. അത് ഹൃദയത്തിന്റെ ബലിയിൽ നിന്നാണ്. ബലിപീഠത്തിന്റെ പരിശുദ്ധിയും നിലകൊള്ളുന്നത് ഹൃദയത്തിന്റെ ത്യാഗത്തിലും കൂട്ടായ്മയിലുമാണ്. അതില്ലാതെ കാണപ്പെടുന്ന വിശുദ്ധ സ്ഥലമോ വിശുദ്ധ പീഠമോ കപടതയാണ്. തകർന്ന ബലിപീഠങ്ങളെ വീണ്ടും ഉയർത്തേണ്ടത് മതത്തിന്റെ പുനഃസൃഷ്ടിയുടെ ആവശ്യമായി കരുതുകയും എന്നാൽ കലഹവും പോർവിളിയുമായി സമരസപ്പെട്ടു കഴിയുകയും ചെയ്യുന്നത് തുടർന്ന് കൊണ്ട് പോകുന്ന വിഗ്രഹാരാധനയാണ്. യഥാർത്ഥത്തിൽ ഇല്ലാത്തതിനെയാണ് പ്രതീകങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നത്.

ആധിപത്യത്തിന്റെയും ജയത്തിന്റെയും അടയാളമായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ ക്രിസ്തുവിന്റെ ബലിയായി കരുതാൻ കഴിയില്ല. ഏതു അധികാരിയുടെ അംഗീകാരപത്രം അതിനുണ്ടായിരുന്നാലും. ഏതു വിശുദ്ധകർമ്മത്തിന്റെ നിർവൃതിയാണ് ആ അനുഷ്ഠാനങ്ങളിൽ ഉള്ളത്. അത് ആവർത്തിക്കുന്ന ഓരോരുത്തരും ശൂന്യമായ അനുഷ്ഠാനത്തെ പ്രകീർത്തിക്കുകയാണ്. സ്വയം ശൂന്യനാക്കിയ ക്രിസ്തുവിന്റെ ജീവദായകമായ ബലിയുടെ കുരിശിൽ നിന്നും ക്രിസ്തുവിനെ നീക്കിക്കളഞ്ഞ്, ശുശ്രൂഷക്കു പകരം ആധിപത്യം ഉറപ്പാക്കുന്നവർ, ആ കഠിനതയെ മൗനം കൊണ്ട് പുതപ്പിക്കുന്നവർ, നീതിയുടെ വസ്ത്രത്തിനു പകരം അവന്റെ അങ്കിക്കു വേണ്ടി കുറിയിടുന്നവരാണ്. വിശുദ്ധ സ്ഥലത്തിന് പകരം അവർ അനുസ്മരിക്കുന്നതും ആഘോഷമാക്കുന്നതും 'തലയോട്ടിയുടെ സ്ഥല'ത്തിന്റെ ജീര്ണതയാണ്.

ഡിസംബർ 21, 2022

ഈ തിരുപ്പിറവി നഷ്ടമാക്കരുത്

 ക്രിസ്മസിനു മുമ്പ് ഇനിയുള്ള മൂന്നു ദിവസങ്ങൾ ഹൃദയത്തിൽ സമാധാനമുള്ള, നിഷ്കളങ്ക മനസിന്റേതായുള്ള ഒരുക്കമാകാൻ നമുക്ക് കൃപയുണ്ടാകട്ടെ. ആവർത്തിച്ചു പോന്ന ചീത്തവിളികളും പിടിവാശികളും ധാർഷ്ട്യവും ദൈവപുത്രന്റെ ജനനത്തിനായി നമ്മെയോ സഭയെയോ സമൂഹത്തെയോ ഒരുക്കിയിട്ടില്ല. പരസ്പരം പടുത്തുയർത്താതെ നമുക്ക് അരമനകളും കൊട്ടാരങ്ങളും സിംഹാസനങ്ങളും കെട്ടിയുയർത്താനാകും. പരസ്പരം പടുത്തുയർത്താത്തതൊന്നും ഒരു പുൽക്കൂടൊരുക്കില്ലല്ലോ.


അരുമയായ ഒരു ഉണ്ണി, അമ്മയുടെ വാത്സല്യം, ആശ്വാസത്തിന്റെ താരാട്ട്, നിഷ്കളങ്കമായ പുഞ്ചിരി, ഹൃദ്യമായ പകൽരാത്രികൾ ഒക്കെ ഒരു രണ്ടാം ജനനമല്ലേ? ഒരു പക്ഷേ ഈ തിരുപ്പിറവിയിൽ അറിഞ്ഞുകൊണ്ട് അതിന് ഒരുങ്ങിയില്ലെങ്കിൽ നീറുന്ന ഇരുളിലേക്ക് അരുമക്കുഞ്ഞുങ്ങളെ എറിഞ്ഞുകളയുന്ന ഹേറോദേസുമാരായിരിക്കും കുറേക്കാലത്തേക്ക് വാഴുക.

ഈ തിരുപ്പിറവി നഷ്ടമാക്കരുത്.

ഉഗ്രകോപിയായ ആ ചക്രവർത്തി ദൈവം എന്നേ മരിച്ചു കഴിഞ്ഞു. എങ്കിലും ആ ദൈവത്തിന്റെ അധികാരശീലങ്ങൾ പകർത്തുന്ന നാട്ടുരാജാക്കന്മാർ ക്രിസ്തുവെന്ന ഇടയന്റെ ശിഷ്യരാകുമോ. ദൈവജനത്തിലൂടെ ദൈവം സംസാരിക്കുന്നെന്ന ധ്യാനങ്ങൾ അവർക്ക് പൈശാചികമാണ്, സഭാപാരമ്പര്യങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയാണ്. പരസ്പര സംഭാഷണങ്ങൾ അവർക്കു മ്ലേച്ഛതയാണ്. ദൈവസ്വരം അവർക്കു മാത്രമേ കേൾക്കാൻ കഴിയൂ. ഉഗ്രകോപി ദൈവം അടുത്തിടെ അധികാരതേക്കുറിച്ചു മാത്രമല്ല ശിക്ഷ നടത്താനിരിക്കുന്ന പദ്ധതികളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നുണ്ട്. കരുണയുടെ മുഖമുള്ള ദൈവം അവർക്കു തെറ്റായ പ്രബോധനമാണ്. ഈ ചക്രവർത്തിദൈവത്തിന്റെ കീഴിൽ വളരെ സംതൃപ്തരായി നിസ്സംഗത സൂക്ഷിക്കാൻ നമുക്ക് കഴിയുന്നു എന്നതാണ് ഈ ദൈവം നമ്മിൽ നൽകിയ മരണത്തെ മനസിലാക്കാൻ നമ്മെ വെല്ലുവിളിക്കേണ്ടത്. യഥാർത്ഥ പ്രബോധനങ്ങളും ദൈവനീതി ഉൾകൊള്ളുന്ന നിലപാടുകളും പ്രകടമാക്കാൻ മൗനം വെടിഞ്ഞു സംസാരിച്ചു തുടങ്ങണമെന്ന് അപേക്ഷയായും വിലാപമായും അരമന വാതിലുകളിൽ ചെന്ന് വീണ ശബ്ദങ്ങൾ വൃഥാവിലായി. അന്ന് കൽച്ചീളുകൾ പരസ്പരം എറിഞ്ഞു കളിച്ചു മുറിപ്പെടുത്തിയപ്പോൾ കണ്ടു നിന്നവർ ഇന്ന് വിശുദ്ധവസ്തുക്കൾ വലിച്ചെറിയപ്പെടുമ്പോഴും മൗനമാകുന്നത് ശരിയല്ല. തീർത്തും അസ്വസ്ഥമായ സംഭവങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് ഏതോ ഒരിടത്തെ സംഭവമാണോ? എത്ര അസ്പര്ശനീയമാം വിധമാണ് നമ്മൾ ക്രിസ്മസ് ആഘോഷിക്കുകയും, സന്ദേശം നൽകുകയും ബലിയർപ്പിക്കുകയും ചെയ്യുന്നത്. എങ്ങനെ ഇതിനു കഴിയുന്നു? നിസ്സംഗത കപടതയല്ലേ? ഈ നിസ്സംഗത സ്വന്തം മനഃസാക്ഷിയെ ചോദ്യം ചെയ്യേണ്ടതല്ലേ? സംസാരിച്ചിട്ടും കേൾക്കപ്പെടാത്തതാണോ? മരുഭൂവിൽ മുഴങ്ങുന്ന ശബ്ദമാവേണ്ട സമയമാണിത്. അല്ലെങ്കിൽ ക്രിസ്തുവിനെ തലമുറകളിലേക്കായി നമുക്ക് നഷ്ടപ്പെടും.

ഡിസംബർ 20, 2022

അവിയൽ കിച്ചടി ആത്മീയത

അവിയൽ കിച്ചടി ആത്മീയതയാണ് ഇപ്പോൾ കൂടുതൽ പ്രിയങ്കരം. ചിലതു ചിലപ്പോൾ ശരിയാകും ചിലപ്പോൾ ആവരുത്  എന്നതാണ് സൗകര്യപൂർവം ഉപയോഗിക്കാവുന്ന ലോജിക്.

ദൈവത്തിനു വേണ്ടി പരസ്യം നൽകേണ്ട ഗതിയിലേക്കാണ് ഭക്തികളും ഭക്തി കേന്ദ്രങ്ങളും കാര്യങ്ങൾ എത്തിക്കുന്നത്. ഉഗ്രൻ പരസ്യങ്ങൾ അവയുടെ അതിശയോക്തി കൊണ്ട് തന്നെ  സ്വയം പരിഹസിക്കുകയും ദൈവത്തെ അപഹാസ്യമാക്കുകയുമാണ്.

ഭരതനാട്യം ഒന്നാം പ്രമാണത്തിന് എതിരാണ്. അച്ചനോ സിസ്റ്ററോ ഭരതനാട്യം കളിച്ചാൽ അത് അപൂർവ്വമായ നേട്ടമാണ്. ബാങ്ക് ജോലിക്കാരോ ശാസ്ത്രജ്ഞരോ എൻജിനീയറോ ഒക്കെ ധനമോഹികളും ലൗകികരുമാണ്. അവർ അത് ഉപേക്ഷിച്ച് വൈദികരോ സന്യസ്ഥരോ ആയാൽ അവർ ദൈവത്തെ എല്ലാറ്റിനുമുപരി സ്വീകരിച്ചവരായി. ഇനി ഇതേ ആളുകൾ ഒരു റോബോട്ട് ഡിസൈൻ ചെയ്യുകയോ ഡോക്ടറാവുകയോ ചെയ്‌താൽ അത് മാതൃകയും ദൈവമഹത്വവുമാണ്.

പാപവും പിശാചുമാണ് വിശ്വാസത്തിന്റെ ഏറ്റവും പ്രധാന കാര്യങ്ങളെന്ന് ബോധ്യപ്പെട്ടിട്ടുള്ളവരുണ്ട്. സകലയിടത്തും പാപവും ശാപവും പിശാചുമാണവർക്ക്. ടാറ്റൂ ഇടുന്നതു തന്നെ പിശാചുമായിട്ടുള്ള പരിപാടിയാണ്. അത് മാതാവിന്റെ ടാറ്റൂ ഇടുന്നത് ഒരു ഹീറോ ആണെങ്കിൽ അത് വിശ്വാസത്തിനു സാക്ഷ്യമാണ്. കറുത്ത വസ്ത്രം, ചരട് എല്ലാം പിശാചുമായുള്ള ബന്ധമോ ലൈംഗിക തൃഷ്ണയെ കാണിക്കാനോ ആണ്. ജീവിതശൈലികളെ അറിയാൻ ശ്രമിക്കാതെ പിശാച് പ്രേമം കൊണ്ട് വിശ്വാസത്തിനു പരിഭാഷ നല്കപ്പെടുകയാണ്. പലയിടങ്ങളിലും കറുത്ത ചരട് കാലിൽ കെട്ടുന്നത് സുരക്ഷിതത്തെ സൂചിപ്പിച്ചുകൊണ്ടാണ്. ഞങ്ങളുടേതല്ലാത്ത എല്ലാ പ്രാദേശിക ആചാരങ്ങളും ഏതെങ്കിലും തരത്തിൽ പിശാചുമായി ബന്ധപ്പെട്ടതാണ്. ആഫ്രിക്കക്കാർ നൃത്തം ചെയ്യരുത്, ലാറ്റിൻ അമേരിക്കക്കാർ ദേഹത്തു ടാറ്റൂ പോലെ ചായം തൂക്കരുത്, അവയൊന്നും ദൈവത്തിനു ഇഷ്ടമല്ല. 'പ്രാകൃതമാണ്' അവ. പ്രാകൃതമായതെല്ലാം പൈശാചികമാണെന്ന് ആരു പറഞ്ഞു? പ്രാകൃതമായതെല്ലാം അശുദ്ധമാണെന്നു ആരു പറഞ്ഞു? ഞങ്ങളുടെ രീതികൾ 'പരിഷ്കൃതമായതു കൊണ്ട് അവർ പ്രകൃതരാകേണ്ടത് ഞങ്ങളുടെ വിശുദ്ധ സമ്പ്രദായങ്ങളുടെ മേൽക്കോയ്മക്ക് അനിവാര്യമാണ്. അതുകൊണ്ട് ദൈവം മ്ലേച്ഛമായിക്കരുതുന്നെന്ന വിഭാഗത്തിലേക്ക് അവരുടെ ജീവിതശൈലിയെ ചേർത്ത് വയ്ക്കാം. 'ശുദ്ധമായ' ആരാധനാക്രമങ്ങളുണ്ടാക്കാം.  'പൂർവ്വപിതാക്കന്മാർ' ബലിപീഠം സ്ഥാപിക്കുന്നതും, കല്ല് സ്ഥാപിക്കുന്നതും, എണ്ണ ഒഴിക്കുന്നതും, സ്വകാര്യഭാഗങ്ങളിൽ കൈവച്ചു ആണയിടുന്നതുമൊക്കെ വളരെ നാടകീയമായി വിവരിച്ചിരിക്കുന്നതിനാൽ അവയൊക്കെ ഭയങ്കരമാം വിധം പരിശുദ്ധമാണ്. 

ചിലപ്പോൾ സമാധാനപ്രിയരായ ഞങ്ങൾ ചിലപ്പോൾ പീലാത്തോസിനെ കണ്ണിൽ നോക്കി വെല്ലുവിളിച്ച ക്രിസ്തുവിന്റെ അനുയായികളാണ്. ചിലപ്പോൾ ഞങ്ങൾ സഹനത്തിലേക്കു വിളിക്കപ്പെട്ടവരാണ്, എന്നാൽ ചിലപ്പോൾ ഇരകളാക്കപ്പെട്ട വെല്ലുവിളിക്കേണ്ട പ്രതികരിക്കേണ്ട ആളുകളാണ്. ചിലർ (അവർ) നമ്മുടെ ദേവാലയങ്ങളിലേക്കു വരുന്നതുതന്നെ അത് അശുദ്ധമാക്കാനാണ്, എന്നാൽ ചിലർ വന്ന് എന്ത് കാണിച്ചു പോയാലും നമ്മുടെ കാര്യം ചെയ്യുന്നത് കൊണ്ട് അവർ നല്ലവരാണ്.

ഞങ്ങൾ പറയുന്നത് കേൾക്കാത്തവർ എല്ലാം അവിശ്വാസികളും ലൗകികരുമാണ്; ദൈവരഹിതരാണവരൊക്കെ. യഥാർത്ഥ ലൗകികത മനോഹരരൂപത്തിൽ ചാലിച്ച് തരുന്ന ഉപഭോഗജീവിതശൈലി ഏതൊക്കെ തരത്തിൽ ഭക്തിയിലും ആഘോഷങ്ങളിലും വന്നു ചേരുന്നു എന്നതിനെക്കുറിച്ച് ഒരു അസ്വസ്ഥതയുമില്ല. ഇവന്റ് കളാകുന്ന തിരുനാളുകളും, ദേശീയവും അന്തർദേശീയവുമായ പാക്കേജുകളുമായി ആത്മീയ വിനോദയാത്രകൾ, ഫ്ളക്സുകൾ സ്പോന്സര്ഷിപ്സ് അങ്ങനെ ... ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും മാത്രമാണ് സത്യവിശ്വാസം. ഞങ്ങളുടെ ആരാധനയിലാണ് പ്രത്യേക അഭിഷേകമുള്ളത്, ഞങ്ങളുടെ എണ്ണയും തിരിയും മാത്രമാണ് ശുദ്ധമായത് . ഭക്തിയും വസ്തുക്കളുടെയും ഉപയോഗം പ്രചരിപ്പിക്കേണ്ടത് അതിന്റെ മാർക്കറ്റിന് ആവശ്യമാണ്, എന്നാൽ അതിനുള്ളിലെ അശുദ്ധമായവ എടുത്തു പറയേണ്ടത് ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് ശുദ്ധത കല്പിക്കേണ്ടത് ഞങ്ങൾക്ക് മാർക്കറ്റ് ഉറപ്പാക്കാനുമാണ്. 

തേച്ചൊടിക്കുന്ന, കണ്ടം വഴി ഓടിക്കുന്ന ആത്മീയ പ്രഭാഷണങ്ങളാണ് നമ്മൾ കാത്തിരിക്കുന്നത്. അവർ മാത്രമാണ് സത്യം പറയുകയും കാലത്തിന്റെ പ്രവാചകരാകുന്നതും. പ്രാർത്ഥനകളുടെ എണ്ണങ്ങൾ അളവുകൾ ഇവയൊക്കെ കൃത്യമായി പറഞ്ഞു തരാൻ പറ്റിയ ആളുകളാണ് ദൈവത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയും ഹൃദയവും കൃത്യമായി അറിയാവുന്നവർ. ഭൂമിയിലെ ഏറ്റവും നികൃഷ്ടനായ ജീവിയാണ് ഞാൻ എന്ന് ഏറെക്കുറെ ബോധ്യപ്പെടുത്താൻ കഴിയുന്ന ആളാണ് ഏറ്റവു നല്ല ആത്മീയ പ്രഘോഷകൻ. നിത്യത അനന്തത എന്നി വയെക്കുറിച്ചൊക്കെ മാത്രം ഓർത്ത് പരമാവധി ശരീരത്തെ അപമാനിച്ച്  പീഡിപ്പിച്ച് ജീവിക്കുന്നവരെയാണ് ദൈവത്തിന്  ഏറെയിഷ്ടം.

ഈ അവിയൽ കിച്ചടിയിൽ ദൈവം വിശ്വാസം ഒക്കെ വെറുതെ ഉപ്പും കായവും പോലെ ആവശ്യം പോലെ വിതറിയിട്ടിട്ടേയുള്ളു. എന്നാൽ ആത്മീയനും വിശ്വാസിയും വിശ്വാസസംരക്ഷകനുമായ എനിക്ക് അവ മാത്രമാണ് സത്യം. 

ഡിസംബർ 17, 2022

അമ്മയും കുഞ്ഞും - പ്രത്യാശയുടെ അടയാളം

വരണ്ട ഭൂമിയിൽ പുതിയൊരു മുള പൊട്ടി ഉയരുന്നത് പ്രത്യാശക്ക് കാരണമാണ്. പ്രാവ് കൊണ്ട് വന്ന ഒലിവിന്റെ തളിരില നോഹക്ക്‌ പ്രത്യാശയുടെ ഉണർവ് നൽകി. ഒരു അമ്മയും കുഞ്ഞും എങ്ങനെയാണ് പ്രത്യാശയുടെ അടയാളമാകുന്നത്? 

ഉണ്ണിയേശുവിനെയും മാതാവിനെയും മനോഹരമായി ചിത്രീകരിച്ച അനേകം ചിത്രങ്ങൾ ഉണ്ട്. അമ്മയും കുഞ്ഞും പല ഭാവങ്ങളിൽ അവതരിപ്പിക്കപ്പെട്ടു കാണാം. സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു അവസ്ഥ ആ ചിത്രത്തെ ആകർഷകമാക്കുന്നു. യുദ്ധവും, കലാപവും, വംശഹത്യകളും വിരൂപമാക്കുന്ന അമ്മകുഞ്ഞു ചിത്രങ്ങൾ ചരിത്രത്തിലുടനീളം ആവർത്തിക്കുന്നു. പ്രകമ്പനം കൊള്ളിക്കുന്ന ബോംബറുകളും, കൊലവിളി നടത്തുന്ന ജനവും അമ്മയെയും കുഞ്ഞിനേയും നടുക്കുന്നു. അതുകൊണ്ടുതന്നെ ശാന്തമായിരിക്കുന്ന ഒരു അമ്മ-കുഞ്ഞു ചിത്രം പ്രത്യാശയുടെ അടയാളമാണ്.

ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു ലോകം മുഴുവൻ ആ കുഞ്ഞിന് വേണ്ടി അമ്മയാകേണ്ടതുണ്ട്. എത്രമാത്രം കരുതൽ നൽകിയാലാണ് ഒരു കുഞ്ഞിന് പിറക്കാനും ജീവിക്കാനും വളരാനും  കഴിയുന്ന സുരക്ഷിതമായിരിക്കുന്ന ലോകം നമുക്ക് ഒരുക്കാൻ കഴിയുക! അതു കൊണ്ട് അമ്മയും കുഞ്ഞും പ്രത്യാശയുടെ അടയാളം മാത്രമല്ല, ഒരു വെല്ലുവിളികൂടിയാണ്. യൗസേപ്പിന്റെ നീതിയുടെ ആഴവും അതിലാണ്. 'നീതിമാനാകയാൽ' യൗസേപ്പ് മറിയത്തെ രഹസ്യത്തിൽ  ഉപേക്ഷിച്ചിരുന്നെങ്കിൽ മറിയം കല്ലെറിയപ്പെടുമായിരുന്നു. നിയമം അനുശാസിക്കുന്ന നീതി ഉറപ്പാക്കാൻ മറിയത്തെ നിയമത്തിനു വിട്ടു കൊടുക്കുകയായിരുന്നു വേണ്ടത്. നിയമ വിരുദ്ധമായാണ് യൗസേപ്പിന്റെ പ്രവൃത്തി. അപ്പോൾ യൗസേപ്പിന്റെ നീതി ബോധം നിയമത്തെക്കാൾ ജീവന്റെ ഫലങ്ങളെ തുറക്കുന്ന സജീവതയാണ്. വിശ്വാസിയും പാപിയും വിശ്വസ്തരും വിമതരും സ്വാഭാവികവും പ്രകൃതിവിരുദ്ധവും എന്നൊക്കെയുള്ള വിധികളിലെ നീതിബോധം ഏതു തരത്തിലാണ് ജീവന്റെ ഫലങ്ങളെ തുറന്നു നൽകുന്ന സജീവതയായി പ്രവർത്തിക്കുന്നത്? 

ഒരു അമ്മയ്ക്കും കുഞ്ഞിനും ആശങ്കപ്പെടാതെ ആയിരിക്കാൻ കഴിയുന്ന അവസ്ഥ വന്നു ചേർന്നെങ്കിൽ പലായനത്തിന്റെ നടുവിൽ പോലും പ്രത്യാശയുണ്ട്. അത് ഉറപ്പാക്കുക എന്നത് കൃപ മനുഷ്യനിൽ ഏല്പിക്കുന്ന ഉത്തരവാദിത്തമാണ്.

അങ്ങനെയല്ല ലോകം എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ മനുഷ്യപുത്രൻ ജനിച്ചപ്പോൾ തിരസ്കരണവും ഭീഷണിയും ഭയവും അവന്റെയും ഭാഗമായി. തെരുവിലലഞ്ഞു നടന്നു ചെറുമറക്കു പിറകിൽ പിറവിയെടുക്കുന്ന അമ്മയും കുഞ്ഞും, രക്ഷയും ദൈവരാജ്യവും പ്രത്യേക അവകാശമായവർക്കു വെല്ലുവിളിയാകേണ്ടതാണ്. 

ദൈവരാജ്യം ഒരു മനോഹരസങ്കല്പം മാത്രമല്ല, സ്വീകരിച്ചിട്ടുള്ള ദൈവിക ജീവനോട് കാണിക്കുന്ന ഉത്തരവാദിത്തപൂര്ണമായ പ്രതികരണം കൂടിയാണത്. അതുകൊണ്ട് പ്രത്യാശയുടെ അടയാളം നമ്മിൽ തന്നെയാണ് പൊട്ടിമുളക്കേണ്ടത്. പാതാളം പോലെ ആഴത്തിലോ ആകാശം പോലെ ഉയരത്തിലോ എന്നതല്ല ഓരോരുത്തരും താനായിരിക്കുന്ന മാംസരക്തങ്ങളിൽ പ്രത്യാശയുടെ അടയാളമാവുക എന്നത് പ്രധാനമാണ്. 

ചിതറിക്കപ്പെട്ടു പോയ ഒരു കുഞ്ഞ് നമ്മിലോരോരുത്തരിലും സഭയിലും നമ്മുടെ സമൂഹങ്ങളിലുമുണ്ട്. കരുതലിന്റെ പൂർണമായ ഒരു അമ്മ ഭാവം നമ്മിൽ വളരാത്തതിന്റെ കാരണം അതാവാം. എങ്കിലും പരിശുദ്ധാത്മാവ് നൽകുന്ന പുതുജനനം ഒരിക്കൽക്കൂടി ഒരു കുഞ്ഞായി  നമ്മിൽ നാമായി പിറക്കാനുള്ള സ്വാതന്ത്ര്യം തുറന്നു തരും. ആ ജീവന്റെ ഉറപ്പിലാണ് നമ്മുടെ പ്രത്യാശ വളരേണ്ടത്.

ഡിസംബർ 10, 2022

കൂട്ടായ്മയില്ലാതെ ക്രിസ്തുവിന്റെ ബലിയില്ല

ബലിയും വിരുന്നുമായ കുർബാന ഓർമ്മിക്കുന്നത് (“എന്റെ ഓർമ്മക്കായി ചെയ്യുവിൻ”) കുരിശു മരണത്തിന്റെയോ അന്ത്യത്താഴത്തിന്റെയോ ഒരു ഓർമ്മച്ചിത്രം ആയിട്ടല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുള്ള സഭയെന്ന ശരീരത്തിൽ ആവർത്തിക്കപ്പെടേണ്ട ബലിക്കും പരസ്പരമുള്ള പങ്കുവയ്പ്പിന്റെ വിരുന്നിനുമുള്ള മാതൃകയും ഉറവിടവുമായാണ്. ആ അർപ്പണത്തിന്റെ കൗദാശിക പരികർമ്മങ്ങളിലെ ശുശ്രൂഷകൻ മാത്രമാണ് പുരോഹിതൻ. സമൂഹമാണ് (അങ്ങനെ ക്രിസ്‌തുതന്നെയാണ്) ബലിയർപ്പിക്കുന്നത്. അത് വിദൂരതയിലെങ്ങോ അപ്രാപ്യമായ ഒരു ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ബലിയുമല്ല. തന്റെ ജനത്തിനിടയിൽ വസിക്കുന്ന ദൈവത്തിനു സമൂഹം ക്രിസ്തുഹൃദയത്തിലൂടെ നൽകുന്ന ആരാധനയാണത് (കിഴക്കോ പടിഞ്ഞാറോ ഗിരിശൃംഗങ്ങളിലോ അല്ല ദൈവം). അവിടെ ഉയർത്തപ്പെടുന്ന/മുറിക്കപ്പെടുന്ന/ പങ്കുവയ്ക്കപ്പെടുന്ന അപ്പത്തിന് ദേവാലയത്തിന്റെയോ ബലിപീഠത്തിന്റെയോ പോലും ആവശ്യമില്ല എന്നതാണ് സത്യം. "ക്രിസ്തു തന്നെയും കൂടാരത്തിനു പുറത്തു വെച്ച് സഹിച്ചു."

സകലർക്കും ജീവനുണ്ടാവുക എന്ന ദൈവഹിതം ദൈവരാജ്യ അനുഭവമാക്കി പകർന്നു നൽകിയ ക്രിസ്തു ജീവിച്ച സുവിശേഷത്തിനു നൽകിയ വില കൂടിയായിരുന്നു കുരിശുമരണം. അനുഷ്‌ഠാനപരമായ ബലിയായിട്ടല്ല പിതാവുമായുള്ള ഹൃദയൈക്യത്തിന്റെ അടയാളമായും ത്യാഗമെന്ന മൂല്യമായും ആ മരണം ക്രിസ്തു സ്വീകരിച്ചു. പിതാവുമായുള്ള കൂട്ടായ്മയിലേക്ക് നമ്മളോരോരുത്തരെയും ചേർത്തുവയ്ക്കുകകൂടി ചെയ്തു. ഈ കൂട്ടായ്മ (communion) അൾത്താരക്ക് ചുറ്റും ഒരുമിച്ചു കൂടൽ മാത്രമല്ല, പരസ്പര ബന്ധത്തിലും, ക്രിസ്തുവിലുള്ള ഒന്നിച്ചു ചേരലിലും, അങ്ങനെ പിതാവുമായുള്ള ഐക്യത്തിലും അനുദിന ജീവിതക്രമങ്ങളിൽ ഉണ്ടാവേണ്ടതാണ്. തീർച്ചയായും അത് സ്വയം മുറിയലും ശൂന്യവൽക്കരണവും ഉൾക്കൊള്ളുന്നു. അതില്ലാത്ത അപ്പം മുറിക്കൽ ക്രിസ്തുവിനെ വഞ്ചിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു. അവന്റെ പേരിൽ ഒരുമിച്ചു ചേർന്നിട്ട് അവന് ഇടം നൽകാതെ അപ്പം മുറിക്കുന്നവരായി മാറുകയാണ് നമ്മൾ. വി കുർബാനയെ അതിൻ്റെ അർത്ഥവ്യാപ്തിക്കപ്പുറം ഉദാത്തവൽക്കരിക്കുകയും ഭക്തിവൽക്കരിക്കുകയും ചെയ്തുകൊണ്ട് അതിനെ വിഗ്രഹവൽക്കരിക്കുകയും കപടതകളെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മൾ.

വി കുർബാനയിൽ അനുസ്മരണവും ജീവിതവുമാകേണ്ടത് കൂട്ടായ്മയാണ് (communion). കൂട്ടായ്മ മുൻകാണുന്ന കാര്യങ്ങളാണ്, ഹൃദയൈക്യം, സ്നേഹം സമാധാനം, അനുരഞ്ജനം, ക്ഷമ, തുറവി, കേൾവി, ത്യാഗം തുടങ്ങിയവ. ക്രിസ്തുവിന്റെ ശരീരമെന്ന യാഥാർത്ഥ്യം അർത്ഥവത്താകണമെങ്കിൽ ഇവ അത്യാവശ്യമാണ്. ഈ കൂട്ടായ്മ തന്നെയാണ് കാത്തലിക്ക്/സാർവ്വത്രികത എന്നത് യാഥാർത്ഥ്യമാക്കുന്ന ചൈതന്യവും; ‘പരസ്പരം ഓരോരുത്തരോടും ദൈവസ്നേഹത്തോടും കാണിക്കുന്ന സുതാര്യത’യാണത്. കുറേപ്പേർ ഒരുമിച്ചു കൂടുന്നത് കൂട്ടായ്മയല്ല അത് സമ്മേളനം മാത്രമാണ്. ഏകശരീരമായിക്കൊണ്ട്, ഏതു ദൈവാരാധനയും അർപ്പിക്കുന്നത് ക്രിസ്തുവാണ്. ക്രിസ്തു അർപ്പിക്കുന്ന ബലി ക്രിസ്തുശരീരത്തിന്റെ സത്യത്തിലുള്ള ആരാധനയാകുന്നതും കൂട്ടായ്മയുള്ളപ്പോളാണ്. കൂട്ടായ്മയില്ലാത്ത ബലി ക്രിസ്തുവിനു കൂടുതൽ ആഴമുള്ള മുറിവുകൾ നൽകുന്നു.

അനുദിന ജീവിതത്തിൽ സംഭവ്യമാകേണ്ട അനുരഞ്ജനം, സമാധാനം, ത്യാഗം എന്നിവ സൗകര്യപൂർവം മാറ്റിനിർത്തപ്പെടുന്നു. ദൈവത്തിന്റെയും ഭക്തിയുടെയും പേരിൽ വി കുർബാനയെക്കുറിച്ച് നടത്തുന്ന ഏറ്റവും വലിയ കപടതയാണത്. അതുകൊണ്ടാണ് ആരാധനകളിൽ അത്ഭുതം വിളയിക്കുന്ന വി കുർബാനക്ക് കൂട്ടായ്മയായും സൗഖ്യമായും നീതിബോധമായും നമ്മുടെ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ഇടം ലഭിക്കാത്തത്. അപ്പത്തിൽ കാണാൻ കഴിയുന്ന ക്രിസ്തുരൂപം ഭക്തിയായി പ്രകീർത്തിക്കപ്പെടുമ്പോൾ, അത് സൃഷ്ടിക്കേണ്ട നീതിബോധവും സാമൂഹികമായ തുറവിയും വിശ്വാസ്യതയും 'ക്രിസ്തുശരീരമായ സമൂഹത്തിൽ' ദൃശ്യമാവേണ്ടതിന്റെ അനിവാര്യതയെ അവഗണിച്ചു കളയുന്ന നമ്മൾ ഏതു ക്രിസ്തുവിനെക്കുറിച്ചാണ് സ്തുതിഗീതമുണർത്തുന്നത്?

ക്രിസ്തു വഴിയായി ദൈവം ലോകത്തെ തന്നോട് അനുരഞ്ജനപ്പെടുത്തി. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ സകലതും അവൻ്റെ ശരീരത്തിൻ്റെ ഭാഗമാണ്. ഭാഷയുടെയും സാംസ്കാരിക അടയാളങ്ങളുടെയും പേരിൽ വിഭാഗീയത സൃഷ്ടിച്ച് ആ മുറിവുകളെ സ്വന്തം തനിമകളാക്കിത്തീർത്തത് നമ്മിലെ സങ്കുചിത മനോഭവങ്ങളാണ്. അപ്പോൾ സ്വയം എന്നതിലപ്പുറം സഭയോ ക്രിസ്തുവോ ദൈവമോ ഇല്ല. അതുകൊണ്ടാണ് ബലിപീഠം തകർക്കപ്പെടുന്നതിനായും ബലിക്കല്ലുകൾക്കു ചങ്ങലകളിടുവിക്കാനുമായി ബലിയർപ്പണത്തിനു തുനിഞ്ഞിറങ്ങാൻ പോലും നമുക്ക് കഴിയുന്നത്.

അധികാരരാഷ്ട്രീയ സംഘർഷങ്ങളല്ലേ പലപ്പോഴും വിഭജനങ്ങൾക്ക് വഴി വെച്ചത്? വിയോജിപ്പുകളിലും എതിർസ്വരങ്ങളിലും സത്യങ്ങളുണ്ടായിരുന്നില്ലെ? യഥാർത്ഥമായും ഉണ്ടായിരുന്ന ജീർണ്ണതകളെക്കുറിച്ച് അവ താക്കീത് നൽകിയിരുന്നില്ലേ ? ഓരോരുത്തരുടെയും അകൽച്ചകളെ പ്രതിരോധിക്കേണ്ടതിനായി പതിയെപ്പതിയെ രൂപപ്പെടുത്തിയ ദൈവശാസ്ത്രങ്ങളും വചനവ്യാഖ്യാനങ്ങളും തന്നെയല്ലേ ഇന്നും കൂട്ടായ്മയ്ക്ക് തടസമാകുന്നത്? രക്ഷയുടെ സമഗ്രമായ മാനത്തെ ജീവിത പശ്ചാത്തലങ്ങളിൽ സുവിശേഷമായി നൽകുന്ന, മനുഷ്യന്റെ അന്തസ്സിനെ വികലമാക്കി ചൂഷണവിധേയമാക്കാത്ത കാഴ്ചപ്പാടുകൾ വിശ്വാസസത്യങ്ങളുടെ അടിസ്ഥാന ധാരണയാണ്. പ്രതിരോധിച്ചു പ്രതിരോധിച്ചു അകൽച്ച സൃഷ്ടിക്കുന്നവ സത്യങ്ങളിൽ നിന്നകലുകയാണ്. ലോകത്തെ ദൈവവുമായി രമ്യതപ്പെടുതുന്ന ക്രിസ്തുശരീരത്തിലെ ജീവദായകമായ മുറിവുകൾക്കു പകരം ജീർണതയേറ്റുന്ന മുറിവുകളാണ് നമ്മൾ സൃഷ്ടിക്കുന്നത്.

അധികാര ദുരാഗ്രഹങ്ങളെ സംബന്ധിച്ച ആദർശങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും പ്രബലമായിരുന്നിടത്ത് സമ്പത്തികമാനം കൂടി പ്രധാന പങ്ക് വഹിച്ചിട്ടുള്ളതായി കാണാം. ആരാധനയോ വിശ്വാസരാഹിത്യമോ അല്ല കാര്യം. സാമ്പത്തിക രാഷ്ട്രീയ സ്ഥിതികളിലെ ജീർണ്ണതയാണ് കാര്യം. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി ഗൂഢോദ്ദേശ്യത്തോടെ ആടുന്ന ഈ നാടകത്തിന്റെ ഓരോ രംഗത്തിനും വിശ്വാസപ്പട്ടം അണിയിക്കുന്ന നേതൃത്വവും അതേറ്റെടുക്കുന്ന വിശ്വാസികളും ഉണ്ടായിട്ടുണ്ട്. ഈ നാടകം വഴി വഞ്ചന ചെയ്യുന്നവരുടെ ഉത്തരവാദിത്തം എന്താണ്? എന്താണ് ഇവർ നില നിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത്?

ഏകാധിപത്യസ്വഭാവമുള്ള രാജവാഴ്ചകൾ ഇല്ലാതാവുകയും മതേതര ജനാധിപത്യ പ്രക്രിയ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിൽ സഭ തന്നെത്തന്നേയും ആധുനിക ലോകത്ത്‌ തന്റെ ദൗത്യത്തെയും എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് വത്തിക്കാൻ II ധ്യാനിക്കാൻ ശ്രമിച്ചത്. പരമ്പരാഗതവും യാഥാർത്ഥവുമായ വ്യവസ്ഥിതികൾ അതേപോലെ നിലനിർത്തിപ്പോരേണ്ടതാണെന്ന നിലപാടിനോടൊപ്പം, ആധുനിക ശാസ്ത്രത്തിലെയും സാമൂഹിക പരിണാമങ്ങളിലെയും, മനഃശാസ്ത്രത്തിലെയും മറ്റും അടയാളങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം ആധുനിക കാലത്തെ മനുഷ്യന് അർത്ഥപൂര്ണമാകും വിധം നല്കപ്പെടണമെന്ന പ്രബലമായ നിലപാടും ഉണ്ടായിരുന്നു. ഈ രണ്ടു നിലപാടുകളിൽ കാണാവുന്ന മൂല്യങ്ങൾ, ഒരു വശത്ത് മൂലതത്വങ്ങളെ അവയുടെ സമഗ്രതയിൽ നിലനിർത്തുകയെന്നതും, മറുവശത്ത് നവീനമായവയെ തിന്മയെന്നു ശപിച്ചു മാറ്റിനിർത്താതെ സജീവമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു എന്നതുമാണ്. സത്താപരമായവയെ അവഗണിച്ചു കളയുന്നതും, ആശയങ്ങളും വിശ്വാസങ്ങളും പുതിയ സാമൂഹികക്രമങ്ങളുമായുള്ള സമ്പർക്ക സാധ്യതകളെ തൃണവൽക്കരിക്കുകയും ചെയ്യുന്നത് ഉചിതമല്ല. ഇവ രണ്ടും സഭാദർശനത്തിലും പ്രാർത്ഥനാരീതികളിലും ആത്മീയതയിലും കൂദാശയുടെ പരികർമ്മത്തിലും നേതൃത്വത്തെക്കുറിച്ചുള്ള നിർവചനങ്ങളിലും പ്രകടമായിരിക്കുകയും വേണം. അതിനെ ഭയക്കുന്നവർ സ്വയം അടക്കുകയും വിശ്വാസത്തെ മ്യൂസിയമാക്കുകയുമാണ്.

Ecumenism, collegiality, religious liberty എന്നിവ രണ്ടാം വത്തിക്കാൻ കൗൺസിൽ രൂപപ്പെടുത്തിയ മൂന്ന് അബദ്ധപ്രബോധനങ്ങളാണെന്നത് ഈ അടുത്ത കാലത്ത് പല അവസരങ്ങളിലായി ആവർത്തിച്ചുകേട്ട ആരോപണമാണ്. എന്നാൽ, ആധുനികലോകത്തെ സഭയുടെ തുറവിയുടെയും കൂട്ടായ്മക്കായുള്ള ആഗ്രഹത്തിന്റെയും പ്രയത്നങ്ങളുടെയും ഭാഗമായി അവയെ കാണാൻ പരാജയപ്പെടുന്നത് അജപാലനപരമായും പ്രബോധനപരമായും വരുന്ന വലിയ വീഴ്ചയാണ്. മനസ്സിലാക്കിയോ അല്ലാതെയോ Vatican II അബദ്ധമായിരുന്നെന്നു ഏറ്റുചൊല്ലുന്ന അനേകർ നമുക്കിടയിലും കൂടി വരുന്നു. Tridentine mass (Old Latin Mass) ആണ് യഥാർത്ഥ കുർബാനയെന്നും Vatican II നവീകരിച്ച കുർബാന കാരണമാണ് യൂറോപ്പിൽ വിശ്വാസം നശിക്കുന്നതെന്നും, കുടുംബങ്ങൾ ശിഥിലമാകുന്നതെന്നും അനേകൾ സഭ വിട്ടകലുന്നതെന്നും യുവാക്കൾ കുർബാന ഉപേക്ഷിക്കുന്നതെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് Vatican II നു വിരുദ്ധരായ പാരമ്പര്യ വാദികൾ ആദർശപരമായും രാഷ്ട്രീയപരമായും തീർത്തും വിഭാഗീയമായ തരത്തിൽ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു (ഒരു സമൂഹത്തെയോ സംസ്കാരത്തെയോ നേടേണ്ടതിന് അതിൽ പ്രബലമായിരിക്കുന്ന ബൗദ്ധിക-ആദർശ സംഘർഷങ്ങളെ വേണ്ടവിധം കാണാനും പരിഹരിക്കുവാനും കഴിയണമെന്ന യാഥാർത്ഥ്യം സൗകര്യപൂർവ്വം മറച്ചു വയ്ക്കുകയും ചെയ്യുന്നു). കുർബാനയെ സംബന്ധിച്ച നമുക്കിടയിലെ സംഘർഷങ്ങൾ ആഭ്യന്തരമായ ഒരു ആരാധനാക്രമ പ്രശ്നമെന്നതിനേക്കാൾ യാഥാസ്ഥിതിക പാരമ്പര്യവാദ രാഷ്ട്രീയത്തിന്റെ പ്രവണതയാണ് ശക്തമായി കാണിക്കുന്നത്.

ക്രിസ്തുവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് ക്രിസ്തുശരീരമായ സഭയിലാണ്. സഭയും വിശ്വാസികളുമെന്ന വേർതിരിച്ച വ്യാഖ്യാനങ്ങളും അനുസരണം മാത്രം കൽപിച്ചിട്ടുള്ള വിശ്വാസികളും ജീവിക്കാൻ ശ്രമിക്കുന്നത് കൂട്ടായ്മയുടെ ചൈതന്യമോ ക്രിസ്തുശരീരമോ അല്ല. ക്രിസ്തു ശിരസാകുന്നത് ക്രിസ്തുവിൻ്റെ ചൈതന്യം സഭ മുഴുവന്റെയും ഹൃദയമാകുമ്പോഴാണ്. നേതൃനിരയിലേക്ക് സഭയെ ചുരുക്കാൻ ശ്രമിക്കുമ്പോൾ ക്രിസ്തുവിൻ്റെ മനസ്സിൻ്റെ കുത്തക ഏതാനം പേരിലേക്ക് ചുരുങ്ങുകയാണ്. അത് ക്രിസ്തുശരീരത്തിൻ്റെ അപൂർണതയാണ്. ബലിയിലെ ശൂന്യതയും.

ക്രിസ്തുശരീരത്തിൻ്റെ ഏകതയും, അതിലെ വിവിധ അവയവങ്ങളിൽ നിന്നുള്ള ബഹുസ്വരങ്ങളിൽ നിന്ന് തിരിച്ചറിയപ്പെടുന്ന ദൈവസ്വരം നൽകുന്ന ദിശ പ്രധാനമാണ്. അതിൽ എല്ലാ സ്വരങ്ങളുടെയും അംശമുണ്ടാവും എന്നതാണ് ദൈവം ഓരോരുത്തരിലും പ്രചോദനങ്ങൾ നൽകുന്നു എന്നതിന്റെ അടയാളം. ഒരു സ്വരം ഒരേയൊരു സ്വരമാകുന്നതും, ഭൂരിപക്ഷ സ്വരം ശരീരത്തിന്റെ മുഴുവൻ സ്വരമാകുന്നതും ദൈവികമല്ല. അതുകൊണ്ടാണ് സിനഡൽ കൂട്ടായ്മയിലെ സംസാരിക്കുക, കേൾക്കുക, ദൈവസ്വരം വിവേചിച്ചറിയുക എന്ന പ്രക്രിയ വളരെ പ്രാധാന്യമുള്ളതാകുന്നത്. ചക്രവർത്തി ദൈവത്തിൻ്റെ അവതാരമോ ദൈവത്തിൻ്റെ മകനോ ആയി കാണപ്പെടുമ്പോൾ ദൈവഹിതം അയാളുടെ ഹിതം മാത്രമാണ്. അത്തരം ദൈവഹിതപ്രഖ്യാപനം സഭയിൽ സ്വയം രാജാക്കന്മാർ ആകാൻ തുനിഞ്ഞവരിൽ നിന്നും ഉണ്ടായിട്ടുണ്ട്, പ്രബോധനങ്ങൾ സൃഷ്ടിച്ച് ന്യായീകരിച്ചിട്ടുണ്ട്. വിശ്വാസിക്ക് വേണ്ടി ദൈവഹിതം തീരുമാനിക്കുന്ന സമ്പ്രദായത്തിൻ്റെ കാരണവും പശ്ചാത്തലവും അതാണ്. collegiality ഇത്തരം ദൈവഹിത തീരുമാന കുത്തക നൽകുന്ന പ്രത്യേക നേട്ടങ്ങൾ നഷ്ടപ്പെടുത്തുന്നതു കൊണ്ടാണ് collegiality അബദ്ധ പ്രബോധനമാക്കപ്പെടുന്നത്. മറ്റ് ക്രൈസ്തവ വിഭാഗങ്ങളോടും മതങ്ങളോടും സഭ കാണിക്കുന്ന തുറവിയെ മാത്രമല്ല, കൂടുതൽ കാറ്റും വെളിച്ചവും കടക്കേണ്ടത്തിനായി സഭയിലോരോരുത്തരുടെയും ആന്തരിക വാതായനങ്ങൾ തുറക്കുന്നതിനായി ആരംഭിച്ച സിനഡൽ പ്രക്രിയക്ക് (Synod on synodality) യാഥാസ്ഥിതികർ നൽകിയ എതിർപ്പിൻ്റെ അതേ പതിപ്പ് നമുക്കിടയിലെ പ്രഘോഷണങ്ങളിലും തണുപ്പൻ മനോഭാവങ്ങളിലും വളരെ പ്രകടമാണ്.

സഭ സ്വയം എങ്ങനെ കാണുന്നെന്നതും, സഭയിലെ അംഗങ്ങൾ ഓരോരുത്തരും പരസ്പരവും സഭയെയും എങ്ങനെ കാണുന്നെന്നതും സഭയിലെ കൂട്ടായ്മയെയും തുറവിയെയും അതിന്റെ വിശ്വാസത്തെയും കാലത്തോടും സംസ്കാരത്തോടുമുള്ള ബന്ധത്തെയും, അങ്ങനെ ഇതെല്ലാം ഉൾക്കൊള്ളുള്ള വി കുർബാനയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സ്വാധീനിക്കുന്നു. പങ്കുവയ്ക്കലും ബലിയും അപ്പത്തിന്റേത്‌ മാത്രമാവുകയും, കൂട്ടായ്മയുള്ള ജനത്തിൻ്റെ പരസ്പരം നൽകലിലും സ്വീകരിക്കുന്നതിലുമാവാതിരിക്കുകയും ചെയ്യുമ്പോൾ ബലിയോ വിരുന്നോ സത്യമാകുന്നില്ല. വേദനകളും ജീവിതവും പരസ്പരം അറിയുന്നതു പോലെതന്നെ ആശയങ്ങളും വിചിന്തനങ്ങളുടെ ധ്യാനങ്ങളും പങ്കുവയ്ക്കപ്പെടുകയും കേൾക്കപ്പെടുകയും വേണം. പരസ്പരം എല്ലാവരെയും ഒരുമിച്ചു പരിശുദ്ധാത്മാവിനെയും കേൾക്കാം എന്നതാണ് സിനഡൽ കേൾവിയുടെ ശൈലിയായി സ്വീകരിക്കുന്നത്. വിവിധങ്ങളായ അഭിപ്രായങ്ങൾ സ്വരൂപിക്കുകയല്ല, സഭയുടെ ജീവനായുള്ള പരിശുദ്ധാത്മാവിൻ്റെ സ്വരം കേൾക്കുവാൻ ശ്രമിക്കുകയാണ് സിനഡൽ പാത.

ക്രിസ്‌തുശരീരമായി സഭയെ മനസിലാക്കാതെ വി കുർബാനയെ ആഘോഷമായോ അനുസ്മരണമായോ മനസിലാക്കാനാവില്ല. ഈ കൂട്ടായ്മയെ കാര്യമായെടുക്കാതെ, വി കുർബാനയാണ് ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും പാരമ്യവും എന്ന് പറയുന്നതിലും അർത്ഥമില്ല. കാരണം വി കുർബാന അപ്പത്തിൽ സംഭവിച്ച ഒരു അത്ഭുതത്തെക്കുറിച്ചല്ല, ക്രിസ്തുവഴിയായി നമുക്ക് ദൈവവുമായും പരസ്പരവും സത്യമായിത്തീർന്ന കൂട്ടായ്മയെക്കുറിച്ചാണ്. ഒരുമിച്ചു ചേരുമ്പോഴെല്ലാം അവന്റെ മരണം ഏറ്റു പറയുന്നത് അവനെപ്പോലെയുള്ള ഒരു ശൂന്യവൽക്കരണം ഈ കൂട്ടായ്മയിൽ സത്യമായി പങ്കു ചേരാൻ അത്യാവശ്യമായതുകൊണ്ടാണ്.

ബലിയുടെ നന്മയും അർത്ഥവും ഗ്രഹിക്കേണ്ടതിന്, അതിനെ കാഴ്ചയർപ്പണമായി കാണുന്നതിന് പകരം ക്രിസ്തുവിന്റെ ആരാധനയിലുള്ള പങ്കുചേരലായി കണ്ടു പരിശീലിക്കേണ്ടിയിരിക്കുന്നു. നമ്മൾ തുടങ്ങി വച്ചിരിക്കുന്ന സിനഡൽ പ്രക്രിയ ആ പരിശീലനത്തിന്റെ ഭാഗമാണ്. ഇത് മാനസാന്തരത്തിന്റെയും, ബന്ധങ്ങളുടെയും  (കുടുംബങ്ങളിലും, സമൂഹങ്ങളിലും, ക്രിസ്തീയവിഭാഗങ്ങൾക്കിടയിലെയും, വിവിധ മതങ്ങൾക്കിടയിലെയും) സമ്പർക്കപ്രക്രിയകളുടെയും നവീകരണത്തിന്റെയും പ്രക്രിയയാണ്. അതുകൊണ്ട്, സിനഡൽ പ്രക്രിയയിലെ സംസാരിക്കുക, കേൾക്കുക, വിവേചിച്ചറിയുക തുടങ്ങിയ ഘടകങ്ങൾക്ക് സാമൂഹികമായ ഒരു അഴിച്ചുപണിയുടെ മാനം മാത്രമല്ല, ആത്മീയതയുടെയും ആരാധനയുടെയും ധാർമികതയുടെയും മാനങ്ങളുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമം നവീകരണം മനസ്സിലാക്കാൻ ആദ്യമേ, ഈ ചൈതന്യം സഭയുടെ യഥാർത്ഥ ചൈതന്യമാവേണ്ടതുണ്ട് എന്ന് മനസിലാക്കുകയാണ് വേണ്ടത്. ശുശ്രൂഷകനായ വൈദികന്റെ പൗരോഹിത്യം സത്യമായും ഒരു കൂദാശയാകുന്നതും അപ്പോഴാണ്.

Read in Sathyadeepam

ഡിസംബർ 08, 2022

ദൈവജീവനില്ലാത്ത 'നിത്യത'

ദൈവരാജ്യത്തെ അതിഭൗതികവും അതിന്ദ്രീയവുമായ ഒരു സങ്കല്പമാക്കി അതിന്റെ പാരമ്യതയിലേക്കുയർത്തുമ്പോൾ, മനുഷ്യാവതാരത്തെപ്പോലും വെല്ലുവിളിച്ച 'ആത്മീയതയുടെ' ചരിത്രം ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ ആവർത്തിക്കപ്പെടുകയാണ്.


നിത്യത, അനന്തത, തുടങ്ങിയ metaphysical പദങ്ങളുടെ പ്രയോഗം സമയത്തെയോ മാറ്റങ്ങളെയോ എതിർഭാഗത്തു നിർത്തിക്കൊണ്ടാണ്. എങ്കിലും നിത്യജീവൻ എന്ന് പറയുമ്പോൾ അനന്തമായി തിരശ്ചീനമായി നീണ്ടുകിടക്കുന്ന സമയത്തെക്കുറിച്ചാണ് സങ്കല്പിച്ചു വിവരിക്കാൻ ശ്രമിക്കുന്നത്. വിദൂരതയിലേക്കെത്തി നിൽക്കുന്ന ഒരു ഭാവികാലം ബൈബിൾ ചിന്തകളിൽ പോലും കാണപ്പെടുന്നത് messianism പ്രബലമായതിനു ശേഷമാണ്. പഴയനിയമ യഹൂദ കാലഘട്ടത്തിന് ഭാവി അവ്യക്തമാം വിധം പിറകിലാണ്. മുന്നിലുള്ളത് ഭൂതകാലമാണ്. അതിലെ ദൈവാനുഭവങ്ങളാണ് 'ഇന്നി'നെ നയിച്ചുകൊണ്ടിരിക്കുന്നത്.

ദൈവകൃപ നമ്മിലും നമ്മുടെ ജീവിത പശ്ചാത്തലങ്ങളിലും പ്രവർത്തിക്കുന്നത് 'ഇന്ന്' കളിലാണെന്ന് സുവിശേഷം വ്യക്തമാക്കുന്നു.രക്ഷയെയും, ദൈവകൃപയുടെയും പരിശുദ്ധാത്മാവിന്റെയും പ്രവൃത്തിയെയും സൂചിപ്പിച്ചു കൊണ്ട് പൗലോശ്ലീഹായുടെ ലേഖനങ്ങളും ഹെബ്രായലേഖനവും സഭാപ്രബോധനങ്ങളും ഇന്ന് എന്നതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. രക്ഷയുടെ 'അനുഭവത്തിൽ' മാത്രമല്ല, ഉത്തരവാദിത്തങ്ങളിലേക്കും അത് ചൂണ്ടിക്കാണിക്കുന്നു. ദൈവരാജ്യം വിദൂരതയിൽ അനുഭവിക്കേണ്ടതല്ല, ഇന്ന് 'തുടങ്ങേണ്ടതാണ്.' അത് ദൈവം സൃഷ്ടിച്ചു മനുഷ്യനെ അകത്തേക്ക് 'പ്രവേശിപ്പിക്കുന്ന' സ്ഥലമല്ല, ദൈവകൃപയിലും പരിശുദ്ധാത്മ പ്രവൃത്തികളിലും ഓരോ മനുഷ്യനും ഏറ്റെടുത്തു പൂർത്തിയാക്കേണ്ട ഉത്തരവാദിത്തം കൂടിയാണ്. അത് കൊണ്ട്, ദൈവരാജ്യം എന്നത്, സാമൂഹിക സാമ്പത്തിക രംഗങ്ങളും രാഷ്ട്രീയ നിലപാടുകളൂം സാമൂഹികവും മതപരവുമായ പലവിധത്തിലുള്ള പരസ്പര സമ്പർക്കങ്ങളിലും തീർച്ചയായും ഉൾപ്പെടുന്നതാണ്. നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള ആനന്ദവും യാഥാർത്ഥ്യമാകുന്നതും അങ്ങനെയാണ്.

ദൈവരാജ്യത്തെ അതിഭൗതികവും അതിന്ദ്രീയവുമായ ഒരു സങ്കല്പമാക്കി അതിന്റെ പാരമ്യതയിലേക്കുയർത്തുമ്പോൾ, മനുഷ്യാവതാരത്തെപ്പോലും വെല്ലുവിളിച്ച 'ആത്മീയതയുടെ' ചരിത്രം ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ ആവർത്തിക്കപ്പെടുകയാണ്. ചികിത്സ ആവശ്യമില്ലെന്നും ആശുപത്രികൾ ദൈവരാജ്യത്തിന്റെ ഭാഗമല്ലെന്നും, വിദ്യാഭ്യാസം ലൗകികമാണെന്നും വീടുകളിൽ അവർക്കു അറിവ് കൊടുത്താൽ മതിയെന്നും, ശാസ്ത്രം ദൈവവിരുദ്ധമാണെന്നും ഒക്കെ പഠിപ്പിക്കുന്നവർ കൂടെ പഠിപ്പിക്കുന്ന അനന്തത, നിത്യജീവിതത്തിലേക്കു മാത്രം നോക്കി ജീവിക്കുക എന്നൊക്കെയുള്ളത് നിത്യജീവിതത്തെ ദൈവികജീവനിൽ നിന്നും ഒരു പാട് അകറ്റിയിട്ടുണ്ട്.

കൂടെ, വളരെ പ്രാധാന്യത്തോടെ പഠിക്കേണ്ട, ധ്യാനിക്കേണ്ട ചില വിശ്വാസസത്യങ്ങളുണ്ട്: ദൈവപ്രവൃത്തികളും ഇടപെടലുകളും എപ്രകാരമാണ്? പുറമെനിന്നുള്ള ഒരു പ്രവൃത്തിയല്ല അത്, സ്വാഭാവികതയിൽ പൂർണതയിലേക്ക് നയിക്കുകയാണ് ദൈവപ്രവൃത്തി. അത് തന്നെയാണ് കൃപയുടെ പ്രവൃത്തിയും. സ്തുതികൾ പ്രകമ്പനം കൊള്ളുന്ന ഒരിടത്തു ആവിർഭവിച്ചു ചുറ്റിക്കറങ്ങുന്ന ഒരു ശക്തിയല്ല പരിശുദ്ധാത്മാവ്, ദൈവികജീവനാണ് പരിശുദ്ധാത്മാവ്. ആത്മാർത്ഥതയും തുറവിയുമുള്ള ഏതൊരുവന്റെ ഉള്ളിലും പ്രവർത്തിക്കുന്ന ദൈവികജീവൻ. അതിന്റെ ആഴപ്പെടലിൽ പ്രത്യേക വരദാനങ്ങളിൽ പുഷ്ടിപ്പെടാൻ കഴിയും. അതും മാസ്മരികതയിലല്ല, വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവന്റെ നിറവാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെ അടയാളം. ദൈവവചനത്തിന്റെ ഫലദായകത്വം എപ്രകാരമാണ്? ഒരാളുടെ ജീവിതത്തിലും മനോഭാവങ്ങളിലും ഉത്തരവാദിത്തബോധത്തിലും സാമൂഹികസമ്പർക്കങ്ങളിലും വചനം എങ്ങനെ ഒരാളെ സുവിശേഷ മൂല്യങ്ങൾക്കൊത്ത വിധം രൂപപ്പെടുത്തുന്നു എന്നതാണ് അത്. അത് ബൈബിളിലെ വാക്കുകൾ ആവർത്തിച്ചു വായിക്കുകയോ എഴുതുകയോ മൈക്കുകളിലൂടെ വായുവിൽ പടർത്തുകയോ ചെയ്തത് കൊണ്ട് ഉണ്ടാവില്ല. വായനയും എഴുത്തും മേല്പറഞ്ഞ രൂപീകരണത്തിന് സഹായിക്കുന്നെങ്കിൽ അത് നല്ലതാണ്. വചനം മാന്ത്രികമല്ല.
കൂടെചേർത്തു പറയാവുന്ന മറ്റൊന്നാണ് വ്യക്തിപരമായ ആത്മീയ അനുഭവങ്ങളും ബോധ്യങ്ങളും. തീർച്ചയായും ഒരാൾക്ക് ആത്മാവിന്റെ പ്രേരണകളും മാർഗ്ഗദര്ശനങ്ങളും ലഭിക്കാം. എന്നാൽ സ്വയം ലയിച്ചു പോകാൻ താൽപര്യപ്പെടുന്ന ഒരു വൈകാരിക അനുഭൂതിയെ സാധൂകരിക്കുന്ന ഒരു ആന്തരികനിർദ്ദേശവുമാകാം അത്. ഇവയെ വേർതിരിക്കുന്നതിൽ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് ഈ കാഴ്ചപ്പാടുകളും പ്രചോദനങ്ങളും മാനുഷിക അന്തസ്സിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. ഏതെങ്കിലും തരത്തിൽ അത് സ്വന്തമോ മറ്റുള്ളവരുടെയോ മനുഷ്യാന്തസ്സിനെ തമസ്കരിക്കുകയോ ദുഷിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നെങ്കിൽ അത് ക്രൈസ്തവികമല്ല, ദൈവികവുമല്ല. ദൈവത്തിനു വേണ്ടി പട്ടിണി കിടക്കുന്ന ഒരാൾ ആത്മാവിനെ പരിപോഷിപ്പിക്കുന്നെന്നു പറയുന്നത് ആത്മപ്രേരിതമല്ല. ഉപവാസം, നീതിയും കാരുണ്യപ്രവൃത്തികളും മുൻകാണുന്നു. സുവിശേഷം അതിഭൗതികമായ നിത്യജീവിതത്തെക്കുറിച്ചല്ല, ദൈവരാജ്യത്തിന്റെ ഗുണങ്ങളെ സ്വജീവിതത്തിൽ പകർത്തിയും സുവിശേഷം തുറന്നു തരുന്ന പാതയിൽ നിത്യേന നടക്കാനും പ്രേരണ നൽകുന്ന ആന്തരിക ജീവനെക്കുറിച്ചാണ്. അത് തെളിമ നൽകുന്ന സാമൂഹിക യാഥാർഥ്യങ്ങളിൽ സുവിശേഷം നൽകുന്ന നീതി ബോധത്തോടെ ഇടപെടുന്നതാണ് സുവിശേഷമനുസരിച്ചുള്ള ആത്മീയ ജീവിതം. അശരീരികവും അലൗകികവുമായ 'ആത്മീയത' ദൈവരാജ്യത്തിന്റെ കർത്തവ്യങ്ങളിൽ നിന്നും ഓടിയൊളിക്കലാണ്.

ദുഷ്ടനായ ഭൃത്യാ, ഞാൻ നിനക്ക് ദൈവരാജ്യം സ്വന്തമായി നൽകി. പ്രവേശിക്കുക പോലും ചെയ്യാതെ ഭയപ്പെട്ടു നീ അത് കുഴിച്ചിട്ടു. എന്നിട്ട് അതിനെക്കുറിച്ചു അതിനെ അസ്പർശ്യമാക്കും വിധം കൂടുതൽ പരലോക പ്രയോഗങ്ങളുള്ള വിവരണങ്ങളുണ്ടാക്കി. 'ആത്മീയത'യിൽ രമിച്ച് കൊട്ടിപ്പാടി, സ്വയം വേദനിപ്പിച്ചു സുഖിപ്പിക്കേണ്ട ഒരു വഷളനാക്കി ദൈവത്തെ; ശരീരത്തിനും സൃഷ്ടലോകത്തിനും അയിത്തം കല്പിക്കുന്ന ദൈവം.

സന്മനസുള്ളവർക്കു സമാധാനം.