ജൂലൈ 31, 2021
ദൈവമഹത്വം
ജൂലൈ 29, 2021
ജീവനെ സ്നേഹിക്കുന്നവർ
മനുഷ്യൻമാത്രം ജീവിക്കുന്ന ഒരു ഭൂമി സങ്കൽപം മാത്രമാണ് എന്ന് വ്യക്തമാണ്. ഭക്ഷിക്കാൻ ധാന്യവും പഴങ്ങളും മനുഷ്യന് ആവശ്യമായുണ്ട്. അതിനാവശ്യമായ ജീവവ്യവസ്ഥയില്ലാതെ മനുഷ്യനോ മറ്റു ജീവജാലങ്ങൾക്കോ നിലനില്പില്ല. വാ കീറിയ ദൈവം ഭക്ഷിക്കാൻ നൽകുന്നത് വായുവിൽ അപ്പം സൃഷ്ടിച്ചുകൊണ്ടല്ലല്ലോ.
ജൂലൈ 28, 2021
സുവിശേഷത്തിന്റെ ആഘോഷം
പതിയെ വളർന്നുതുടങ്ങുമ്പോൾത്തന്നെ അതിൽ നിർവൃതിയുണ്ട്, അതുകൊണ്ടുതന്നെ സുവിശേഷത്തിലുള്ള വളർച്ച ആനന്ദമുള്ളതാണ്. ഫലം പുറപ്പെടുവിച്ചുതുടങ്ങുമ്പോൾ അത് പൂർണ്ണവുമാകും. അങ്ങനെ സുവിശേഷം ജീവിതത്തിന്റെ ആഘോഷവും സായൂജ്യവുമാണ്. യഹൂദരുടെ പ്രധാനത്തിരുനാളുകളായ പെസഹാ, പന്തക്കുസ്താ, കൂടാരത്തിരുനാൾ എന്നിവയെ ബന്ധപ്പെടുത്തി സുവിശേഷത്തിന്റെ ആഘോഷത്തെ ധ്യാനിക്കാൻ ശ്രമിക്കാം. പെസഹാ കടന്നുപോകലായതുകൊണ്ട് പഴയതിനെയൊക്കെ വിട്ടുകളഞ്ഞുകൊണ്ട് പുതിയ ഒരു സമയത്തേക്ക് പ്രവേശിക്കുകയാണ്. പിന്നീട് പന്തക്കുസ്തായും കൂടാരത്തിരുനാളുമുണ്ട്, വിളവിനുള്ള കൃതജ്ഞതയും, ശേഖരിച്ച ശേഷമുള്ള ആഘോഷവുമാണവ. അങ്ങനെ അവിടെ സ്വീകരിച്ചിട്ടുള്ള കനിവുകൾ ഓർമ്മിക്കപ്പെടുന്നു, വിളവുകൾ ശേഖരിക്കപ്പെടുന്നു, അവ കൈകളിലേന്തി നന്ദി പ്രകാശിപ്പിക്കുന്നു, പരസ്പരം പങ്കു വയ്ക്കുന്നു, ആനന്ദിക്കുന്നു.
ഓരോ നിമിഷവും നമ്മിൽ പതിയെ പതിയെ സുവിശേഷം വളരുന്നത് കാണാൻ കഴിയുന്നുണ്ടോ? നമ്മുടെ ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളും സാധാരണ വീട്ടുജോലികളിലും കൃപയുടെ പ്രവർത്തനങ്ങൾ കാണാൻ കഴിയുന്നുണ്ടോ? നമ്മുടെ വാക്കുകളിലും സമീപനങ്ങളിലും മനോഭാവങ്ങളിലും ക്രിസ്തുസ്വഭാവം അല്പമെങ്കിലും ഓരോ ദിവസവും വളരുന്നുണ്ടോ? ആനന്ദിക്കാം! പ്രലോഭനങ്ങളും പരീക്ഷണങ്ങളും തളർത്തുന്നുണ്ടെങ്കിലും ആത്മാർത്ഥഹൃദയത്തിൽ വളർന്നുതുടങ്ങിയ ദൈവരാജ്യം ആന്തരികമായ പ്രോത്സാഹനം നൽകിക്കൊള്ളും. ദൈവത്തിലർപ്പിക്കുന്ന വിശ്വാസത്തിലാണ് നമ്മിൽ വളരുന്ന ക്രിസ്തു പരിപോഷണം സ്വീകരിക്കുന്നത്. ആ വിശ്വാസം ഇല്ലായെങ്കിൽ, ദൈവത്തെ പ്രീതിപ്പെടുത്താനുള്ള തത്രപ്പാടിൽ നമ്മൾ പരിഭ്രാന്തരാകും. ദൈവരാജ്യത്തിന്റെ സമാധാനമോ ആനന്ദമോ അറിയാൻ നമുക്കാവില്ല. നമ്മിലെ വിളവുകൾ കൃതജ്ഞതയോടെ ഉയർത്തി വാഴ്ത്താനും നമുക്കാവില്ല.
സുവിശേഷത്തിന്റെ ആനന്ദവും ആഘോഷവും ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും അതുൾക്കൊള്ളുന്ന സത്യമാണ്. നമ്മെ പരിപാലിക്കുന്ന ദൈവത്തിന്റെ മക്കളാണ് നമ്മൾ. ക്രിസ്തുവെന്ന ഭവനത്തിൽ ഒരുമിച്ചു ചേരുന്ന സഹോദരരാണ് നമ്മൾ. ഇത് ഒരുപക്ഷെ സുഖകരമായ ഒരു സത്യമാവില്ല.
മുൻവിധികളിൽ നിന്നും ഭയത്തിൽ നിന്നും സ്വതന്ത്രരായി, ദൈവത്തിനു നമ്മൾ നിർമ്മിച്ച് കൊടുക്കുന്ന മുഖംമൂടികളിൽ നിന്നും സ്വതന്ത്രരായി, ആദര്ശവല്ക്കരിക്കപ്പെടുന്ന വിശ്വാസത്തിൽ നിന്നും സാന്മാര്ഗികതയിൽ നിന്നും സ്വതന്ത്രരായി ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന പുതിയ സമയത്തേക്ക് കടന്നുപോകുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. നമ്മിൽ വളരുന്ന സുവിശേഷം വലിയ കൃതജ്ഞത നമ്മിൽ സൃഷ്ടിക്കുന്നു. നമ്മുടെ പ്രവൃത്തികളെയും ബന്ധങ്ങളെയും കാഴ്ചപ്പാടുകളെയും ബോധ്യങ്ങളെയും സുവിശേഷം നയിച്ചു തുടങ്ങുമ്പോൾ നമ്മുടെ വിളകൾ ആനന്ദത്തോടെ നമുക്ക് ശേഖരിച്ചു തുടങ്ങാം. സുവിശേഷം ഒരു ആഘോഷമാണ്, അതിന്റെ വിളവിനു പിന്നിൽ ഉൾച്ചേർന്നിട്ടുള്ള എല്ലാ സഹനങ്ങളോടും ത്യാഗങ്ങളോടും കൂടിത്തന്നെ. ആ സുവിശേഷഫലങ്ങൾ നമുക്ക് പങ്കു വയ്ക്കാനുമാകും.
ജൂലൈ 25, 2021
നിങ്ങൾതന്നെ അവർക്ക് ഭക്ഷിക്കാൻ നൽകുക
ഒറ്റ നിമിഷം കൊണ്ട് കല്ലുകളിൽ നിന്നും ദൈവം അപ്പം ഉണ്ടാക്കാറില്ല. ആകാശത്തിൽ നിന്ന് അപ്പം വർഷിക്കാറുമില്ല. ദൈവം മണ്ണിൽ ചെയ്യുന്ന മനോഹരമായ അത്ഭുതമാണ് അപ്പം. "നിങ്ങൾതന്നെ അവർക്ക് ഭക്ഷിക്കാൻ നൽകുക" എന്നത് "എന്തുകൊണ്ടാണ് വിശക്കുന്നവർ അങ്ങനെയായത്" എന്ന യാഥാർത്ഥ്യം കൂടി മനസിലാക്കി പ്രതികരിക്കേണ്ട കാര്യമാണ്. അതിന്റെ ശരിയുത്തരം കണ്ടെത്തി കഴിയും വിധം അതിൽ ഭാഗഭാഗിത്വം വഹിക്കാനാകുന്നില്ലെങ്കിൽ ക്രിസ്തുവിന്റെ ബലിമേശയിൽ നമുക്ക് പങ്കില്ല.
2019 - 2020 നുള്ളിൽ മാത്രം പോഷകാഹാരക്കുറവുള്ളവരുടെ എണ്ണത്തിൽ 161 മില്യൻ ആളുകളുടെ വർദ്ധനവുണ്ടായി. 811 മില്യൻ ആളുകൾ വിശക്കുന്നവരായി അന്തിയുറങ്ങുന്ന ലോകത്ത് അവർക്കെല്ലാം ഭക്ഷണം നൽകാൻ നമ്മുടെ കൈയിൽ എന്തിരിക്കുന്നു?
ലോകത്തിലുള്ള ആളുകൾക്ക് മുഴുവൻ മതിയാകുന്ന ഭക്ഷണം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഭക്ഷണം ലാഭമുണ്ടാക്കുന്ന വസ്തുവായി മാറിയപ്പോൾ, ഭക്ഷണം ശേഖരിച്ചു വയ്ക്കാനും, കൂടുതൽ ലാഭത്തിനായി കൂടുതൽ ഭക്ഷിക്കൽ പ്രോത്സാഹിപ്പിക്കാനും, ഭക്ഷിക്കപ്പെടാത്തത് എറിയപ്പെടുന്നതാകാനും വഴിയായി. വാങ്ങാനുള്ള ത്രാണിയില്ലാത്തവർക്ക് ഭക്ഷണം അന്യമായി.
ദൈവത്തിൽനിന്നും ജാലവിദ്യ പ്രതീക്ഷിച്ചുകൊണ്ട്, ബലിപീഠത്തിന്റെ ആഡംബരത്തിൽ നമ്മൾ സ്വയം വിഡ്ഢിയാക്കുകയാണ്. ദൈവം അപ്പം കൊടുക്കുന്നു, യുദ്ധം ഒഴിവാക്കുന്നു, സംഘര്ഷങ്ങൾ അവസാനിപ്പിക്കുന്നു... നമ്മൾ ഈ മായാജാലങ്ങളൊക്കെ കണ്ടു രസിച്ച് നടന്നു പോകുന്നു. അങ്ങനെ, ദൈവം നമ്മിലൂടെ പ്രവർത്തിക്കാനാഗ്രഹിക്കുന്ന രീതികൾ നമ്മിൽ നൽകുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയകലുകയും ചെയ്യുന്നു. കല്ലിനെ അപ്പമാക്കാനുള്ള മോഹം പ്രലോഭനമാണ്. കൃതജ്ഞതയുടെയും ത്യാഗത്തിന്റെയും നീണ്ടപ്രക്രിയയുടെ ഫലമാണ് ഭോജനം. മണ്ണിൽതുടങ്ങി, മണ്ണിര, കർഷകർ, പാചകക്കാർ വരെ വലിയ ഒരു കനിവിന്റെ ഫലമാണത്. വിശക്കുന്നവരെ മുഴുവൻ തൃപ്തരാക്കാൻ നമുക്ക് ഒന്നും ചെയ്യാനാവില്ല എന്ന പ്രതികരണം സാധാരണയാണ്. നമ്മുടെ കൈയിലുള്ളത് മുഴുവൻ നമുക്ക് ആവശ്യമുണ്ടോ എന്നത് പലപ്പോഴും ചിന്തിക്കാറുമില്ല (2 Kings 4:43, Jn 6:7).
ക്രിസ്തുവിനു അലിവ് തോന്നിയതുപോലെ, ചുറ്റും വിശക്കുന്നവരുണ്ട് എന്നറിയുക എന്നതാണ് ആദ്യത്തെ സമീപനം. പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തിൽ, യോഹന്നാൻ അവതരിപ്പിക്കുന്ന ദൈവശാസ്ത്ര സമീപനം സ്വീകരിച്ചാലും അത് നമ്മെ കൂടുതൽ വിശപ്പറിയുന്നവരാക്കുകയാണ്. ക്രിസ്തു തന്നെത്തന്നെ ജീവന്റെ അപ്പമായി ചൂണ്ടിക്കാട്ടുന്നു. അത് ഒരു കടന്നുപോകലിന്റെ കൂടി അടയാളമാണ്. ക്രിസ്തുവിൽ വസിക്കുന്നവരായ നമ്മൾ എങ്ങനെയാണ് ആ ശരീരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ജീവന്റെ അപ്പമായി മാറുന്നത്. വിശക്കുന്നവന് ആഹാരം നൽകുന്നത് ജീവൻ പകരുന്ന പ്രക്രിയയാണ്. അത് ത്യാഗവും മരണവും ഉൾകൊള്ളുന്നു. വിശപ്പ് മറ്റു പല ഘടകങ്ങളുടെ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെക്കൂടി കാര്യമായെടുക്കാതെ വിശക്കുന്നവർക്ക് ആഹാരം ഉറപ്പാക്കാനാവില്ല; പൊതുവായ ആരോഗ്യം, സുരക്ഷിതമായ വാസസ്ഥലം, ജലം, ശുചിമുറി തുടങ്ങിയവ ... ദൈവരാജ്യത്തെക്കുറിച്ചൊക്കെ ആത്മാർത്ഥതയോടെ ധ്യാനിക്കുന്നവരാണെങ്കിൽ വാതിലുകൾ ഇവയൊക്കെയാണ്. ഹൃദയം തകർന്നവർക്ക് നല്ല വാർത്തയും, അന്ധർക്കു കാഴ്ചയും, ബധിരർക്കു കേൾവിയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും ദൈവാനുഗ്രഹത്തിന്റെ ഉറപ്പും അപ്പത്തിന് ക്രിസ്തു നൽകിയ മറ്റു ഭാഷ്യങ്ങൾ തന്നെയാണ്.
_________________
അപ്പോൾ ദൈവമായ കർത്താവ് അരുളിച്ചെയ്തു: "നമുക്ക് അവർക്കു ആഹാരം നൽകാം." ഭൂമി സമൂഹം ഒത്തുചേർന്നു, മണ്ണ്, വെള്ളം, കാറ്റ്, മണ്ണിരകൾ, പഴുത്തുവീണ ഇലകൾ, ചാരം ... "ഈ ആളുകൾക്കു മുഴുവൻ നമ്മൾ എങ്ങനെ ഭക്ഷിക്കാൻ നൽകും? ഒരു വിത്തിന് ഒരായിരം അളവ്! ജീവന്റെ ആഘോഷമായിരുന്നു അവർ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ. ധാന്യങ്ങളുടെ സമൃദ്ധിയും, ധാരാളം പഴങ്ങളും.
________________
ധനവാന്റെ വീട്ടിലായിരുന്നു പ്രാർത്ഥനായോഗം.വിശക്കുന്നവരെ ആശ്വസിപ്പിക്കാൻ പ്രത്യേക ബലിയും പ്രാർത്ഥനയും സംഘടിപ്പിക്കാൻ അവർ അവിടെ വച്ച് തീരുമാനിച്ചു.
അടഞ്ഞ പത്തായപ്പുരക്ക് മുൻപിൽ ദൈവം നിസ്സഹായനായി നിന്നു,
ലാസർ ധനവാന്റെ വാതില്പടിയിലും...
ജൂലൈ 23, 2021
സ്നേഹമാണ് പുതിയ നിയമം
വിവാഹത്തിലേക്ക് പ്രവേശിക്കുന്നവർ, ഇനി മേൽ ജീവിക്കേണ്ട ഒരു നിയമപ്പട്ടിക പരസ്പരം അംഗീകരിച്ചു ഒപ്പുവെച്ചുകൊണ്ടല്ല തങ്ങളുടെ ജീവിതം ആരംഭിക്കുന്നത്. പരസ്പരം അറിഞ്ഞുകൊണ്ട് ഒരു ജീവിതക്രമം രൂപപ്പെടുകയാണ്. ആ ഹൃദയബന്ധമില്ലാതെ എന്തൊക്കെ ചെയ്താലും അവ ജീവിതത്തിന് ലാവണ്യം പകരില്ല.
ഞാൻ നിങ്ങളുടെ ദൈവമായ കർത്താവാണ് എന്നതാണ് നിയമത്തിനുള്ള അടിസ്ഥാനം. മറ്റൊരു ദൈവം നിങ്ങൾക്കുണ്ടാകരുത് എന്ന് പറയുന്നതിന്റെ കാരണവും "നിങ്ങളുടെ ദൈവവും നാഥനും സൃഷ്ടാവും ഭർത്താവും ആയവനാണ് ഞാൻ" എന്നതുകൊണ്ടാണ് (Is 54: 5). നിയമത്തിന്റെ കണിശമായ പാലനയോ, അനുഷ്ഠാനങ്ങളിലെ നിഷ്ഠയോ, നേർച്ചകാഴ്ചകളോ, ഏതെങ്കിലും രൂപങ്ങളോ നിർവചനങ്ങളോ ആ ഹൃദയബന്ധത്തിനു പകരമാകില്ല. സങ്കല്പങ്ങളെ നമുക്ക് ആരാധിക്കാനാവില്ല, ബോധ്യങ്ങൾക്കോ നിയമപാലനകൾക്കോ കൃപ പകരാനുമാകില്ല.
സ്നേഹമാണ് പുതിയ നിയമം. അത് മറ്റെല്ലാ മൂല്യങ്ങളെയും നിയമസംവിധാനങ്ങളെയും ഉൾകൊള്ളുന്നു. മോശയുടെ നിയമം നല്കപ്പെടുന്നതിനു മുമ്പേ മോശ ജനത്തെ ഒരുക്കി വിശുദ്ധീകരിച്ചിരുന്നു. വലിയ മേഘാവലിയും, ഇടിമുഴക്കത്തിന്റെയും, ഇടിമിന്നലിന്റെയും അകമ്പടിയും നിയമം നൽകപ്പെട്ട പശ്ചാത്തലത്തിലുണ്ട്. ദൈവം നിയമം അരുളിചെയ്യുന്നതിനെക്കുറിച്ച് പുറപ്പാട് ഗ്രന്ഥകാരൻ ഇരുപതാം അധ്യായം മുതൽ മുപ്പത്തൊന്നാം അധ്യായം വരെ ദീർഘമായ അവതരണമാണ് നൽകുന്നത്. എന്നിരുന്നാലും മോശ മലയിലേക്ക് കയറിപ്പോകുമ്പോഴേക്കും താഴ്വാരത്തിൽ കാളക്കുട്ടിയെ ആരാധിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു എന്നത് തള്ളിക്കളയപ്പെടുന്ന ഒരു ഹൃദയബന്ധത്തിന്റെ വേദന നമ്മിലുമുണ്ടാക്കണം. നിയമാവർത്തനപ്പുസ്തകത്തിന്റെ രചന നടക്കുമ്പോഴേക്കും, നിയമം ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ ഹൃദയത്തിന്റെ പരിച്ഛേദനമാണ് ആവശ്യമായുള്ളത് എന്ന് അവർ ധ്യാനിച്ചു തുടങ്ങിയിരുന്നു (Dt 10: 16). പശ്ചാത്താപത്തിന്റെ അടയാളമായി വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടത് എന്ന് ജോയേലും (Joel 2:13) ഉപവാസവും ബലികളും ഹൃദയത്തിന്റെ ഭാഷയിൽ കൂടുതൽ ആഴത്തിലുള്ള ഒരു പുനർവിചിന്തനത്തിനു വിധേയമാക്കണമെന്ന് മറ്റു പ്രവാചകരും പറയുന്നു .
നിയമം ദൈവമായാലുള്ള അപകടം നമ്മൾ തിരിച്ചറിയണം. വിശ്വസിക്കുകയാണെന്നു ധരിച്ചു കൊണ്ട് ഏതാനം വിശ്വാസസംവിധാനങ്ങളെ പൂജിക്കുന്നവരായി നമ്മൾ മാറിയേക്കാം. ശാഠ്യവും കടുംപിടുത്തവും വഴി 'നമ്മുടെ സത്യങ്ങൾ' കൊണ്ട് അനേകരെ പ്രഹരിക്കുവാനും, വിശ്വാസധാരണകളുടെ വിജയം ഉറപ്പിക്കുവാനും പരിശ്രമിക്കുകയാണ് നമ്മൾ. അങ്ങനെ വിശ്വാസവും സാന്മാര്ഗികതയും ആദര്ശവത്കരിക്കപ്പെടുമ്പോൾ നമ്മൾ നമ്മെത്തന്നെ നഷ്ടപ്പെടുത്തുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്തേക്കാം. നിയമം ദൈവമാകുമ്പോൾ, നിർഭാഗ്യവശാൽ അത് സേവിക്കുന്നത് ആ നിയമത്തെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുവാനും വളച്ചൊടിക്കുവാനും കഴിയുന്നവരെയാണ്.
പുതിയനിയമം, സ്നേഹപ്രമാണം ഒരു നിയമാവലിയല്ല, ക്രിസ്തുവെന്ന വ്യക്തിയാണ്. ക്രിസ്തുവിൽ നമുക്ക് കൃതിമത്വം കാണിക്കാനാവില്ല. നിയമം സൃഷ്ടിക്കുന്ന മതിലുകളല്ല ദൈവാത്മാവിന്റെ സ്വാതന്ത്ര്യമാണ് ക്രിസ്തുവെന്ന നിയമം. ക്രിസ്തുവിന്റെ മനോഭാവങ്ങളെയും സമീപനങ്ങളെയും സ്വന്തമാക്കുകയെന്നതാണ് പുതിയ നിയമം.
നല്ല മണ്ണ്
ജീവദായകമായ വചനം അക്ഷരങ്ങളിൽ എഴുതപ്പെട്ടതല്ല, അത് സ്നേഹത്താൽ നല്കപ്പെട്ടതാണ്. ദൈവത്തിന്റെ സ്നേഹം പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു (Rom 5:5). അക്ഷരങ്ങളിലേക്കൊതുക്കപ്പെടുന്ന വചനം ഫലരഹിതമാക്കപ്പെടുന്നു. ജീവിക്കുന്ന വചനം, നമ്മുടെ ഹൃദയങ്ങളിൽ വസിക്കുക മാത്രമല്ല, ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു (2 Cor 3:18). ക്രിസ്തു തന്നെയാണ് നമ്മുടെ ഹൃദയങ്ങളിലേക്ക് വിതക്കപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ, വചനമെന്നത്, വായിക്കേണ്ട വാക്കുകളും അക്ഷരങ്ങളുമായി മനസിലാക്കപ്പെട്ടതുകൊണ്ടാവാം വിളവു നൽകാത്ത മണ്ണായി നമ്മൾ മാറിയിട്ടുള്ളത്.
വിതക്കാരന്റെ ഉപമ വിശദീകരിച്ചപ്പോൾ, മനസ്സിലാക്കാതെ ശ്രവിച്ചതുമൂലം അപഹരിക്കപ്പെടുന്ന അവസ്ഥയെ ക്രിസ്തു ചൂണ്ടിക്കാണിക്കുന്നു (Mt 13: 18). അത്തരക്കാർക്ക് ദൈവത്തിൽ വിശ്വാസമർപ്പിച്ച് വളരുന്നതിനും ജീവിക്കുന്നതിനും പകരം വചനം അവരുടെ ഭയത്തിലും അരക്ഷിതാവസ്ഥയിലും ഉപയോഗിക്കപ്പെടാനുള്ളതാണ്. ചില വാക്യങ്ങളിൽ അവർ പ്രത്യേക ശക്തി കാണുകയും അത്ഭുതങ്ങൾക്കും ആഗ്രഹനിവർത്തിക്കുമായി ഉപയോഗിക്കുകയും ചെയ്യുന്നു. ചില പ്രത്യേക ഭാഗങ്ങളെ അടർത്തിയെടുത്ത് സ്വന്തം വ്യാഖ്യാനങ്ങൾ നൽകി ചിലർ രാഷ്ട്രീയപരമായും ഉപയോഗിക്കുന്നു. സ്വാഭാവികമായും വചനം ചിതറിക്കപ്പെടുന്നു, അവരിൽ നിന്ന് നഷ്ടമാവുകയും ചെയ്യുന്നു.
രണ്ടാമത്തെ വിഭാഗം (Mt 13: 20, 21) പ്രഭാഷണങ്ങളിലെയും പരിപാടികളിലെയും വാക്‌ചാതുരിയിലും നാടകീയതയിലും വിവരണ ശൈലികളിലും മതിമറന്ന് പോകുന്നു. വചനം അവരുടെ ഹൃദയങ്ങളിൽ പ്രവേശിക്കുന്നില്ല, കാരണം മുളപൊട്ടി വേരുപിടിക്കുവാൻ അവർ അനുവദിക്കാറില്ല. മാസ്മരികത തേടി ചുറ്റിത്തിരിയുകയാണവർ. ജീവിക്കുന്ന വചനം അതിന്റെ സമഗ്രതയിൽ വ്യക്തിപരമായ ജീവിതത്തിലേക്ക് എടുക്കുവാൻ അവർക്കു കഴിയാതെ വരുന്നു. ആത്മീയ പരിപോഷണവും ആത്മീയ ഉല്ലാസവും വേർതിരിച്ചെടുക്കാൻ നമുക്കാവുന്നില്ലെന്നത് വലിയ അപകടമാണ്. ആ പ്രകടനപരതത്തിലെ ആസ്വാദ്യതയിൽനിന്നുണ്ടാകുന്ന ഉത്സാഹത്തിനപ്പുറത്തേക്ക് അവർക്ക് കടക്കാനാവുന്നില്ല.
യേശുവിന്റെ പരാമർശത്തിലെ മൂന്നാമത്തെ വിഭാഗം, പലവിധ വ്യഗ്രതകളാൽ ഞെരുക്കപ്പെടുന്നതുമൂലം ഫലം പുറപ്പെടുവിക്കാൻ കഴിയാത്തവരാണ് (Mt 13: 22). ജീവിതവ്യഗ്രതയും ലോകത്തിന്റെ വശ്യതയും ലൗകികം എന്ന് വിളിക്കപ്പെടുന്നവയിൽ മാത്രമല്ല. വ്യഗ്രത പ്രേരകമാവുകയും, അനുഗ്രഹങ്ങളെന്നു വിളിക്കപ്പെടുന്ന നേട്ടങ്ങൾ ലക്ഷ്യങ്ങളാക്കപ്പെടുകയും ചെയ്യുമ്പോൾ ആത്മീയം എന്ന് കരുതപ്പെടുന്നവയിലും ജീവിതവ്യഗ്രതയും ലോകത്തിന്റെ വശ്യതയുമുണ്ട്. പലപ്പോഴും ഏതു പ്രാർത്ഥന എത്ര തവണ ചൊല്ലിയാലാണ് ഈ അനുഗ്രഹം കിട്ടുക എന്ന രീതിയിലാണ് നമ്മുടെ ആത്മീയ വേവലാതികൾ. കൂടാതെ പ്രത്യേക ശക്തിയുള്ള പ്രാർത്ഥനകളും ബൈബിൾ വാക്യങ്ങളും കണ്ടെത്തിയിട്ടുമുണ്ട്. അങ്ങനെ, പ്രാത്ഥനാനിർഭരതയുടെയും ആത്മീയജീവിതത്തിന്റെയും പുറംമോടിയിൽ വിശ്വാസം, ഭക്തി, പ്രാർത്ഥന എന്നിവ ഏതാനം പ്രകടനപരതയിലേക്കു ചുരുക്കപ്പെടുന്നു. പതിയെ ഈ കവചം കടുപ്പമുള്ളതും മൂർച്ചയേറിയതുമായി കണിശതയും കുറ്റാരോപണവും വഴി മറ്റുള്ളവരെ മുറിപ്പെടുത്താൻ തുടങ്ങുന്നു. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളയെപ്പോലെ തന്നെ മുൾച്ചെടിക്കും ആ മണ്ണ് വളർച്ച നൽകി എന്നതാണ്, ഒരു പക്ഷേ കൂടുതൽ സന്തോഷത്തോടെയും. നമ്മുടെ ഉള്ളിൽ വളരുന്ന വെറുപ്പിന്റെയും അസൂയയുടെയും പ്രതികാരചിന്തയുടെയും മുൾച്ചെടികൾ കൃപക്ക് പ്രവർത്തിക്കാനാവാതെ വളരുന്നത് അറിഞ്ഞിട്ടും അവഗണിച്ചിട്ടില്ലേ? നമ്മൾ തികഞ്ഞ ഭക്തരും വിശ്വാസികളുമാണല്ലോ അല്ലേ?
നല്ല മണ്ണ് (Mt 13: 23) തങ്ങളെ ദൈവമക്കളായി രൂപാന്തരപ്പെടുത്തുന്ന ജീവിക്കുന്ന വചനത്തെ മനസിലാക്കി സ്വീകരിക്കുന്നവരാണ്. ദൈവസ്നേഹവും, പരിശുദ്ധാത്മ ശക്തിയും തങ്ങളുടെ ജീവിതങ്ങളിലേക്കു അവർ സ്വീകരിക്കുന്നു. ജീവിതത്തിന്റെ ഞെരുക്കങ്ങളിലും, പ്രലോഭനങ്ങളിലും, സന്തോഷങ്ങളിലും ബന്ധങ്ങളിലും സാമൂഹിക ഉത്തരവാദിത്തങ്ങളിലും ദൈവം നൽകുന്ന സമാധാനവും സംതൃപ്തിയും അറിയുവാൻ അവർക്കു കഴിയുന്നു. ഹൃദയപരമാർത്ഥതയോടെ ദൈവത്തെ തേടുന്നവരും പരിപൂര്ണഹൃദയത്തോടെ ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നവരുമാണവർ.
ജൂലൈ 18, 2021
നീതിമാനായ ഇടയൻ
നമ്മൾ ജീവന്റെ നിറവിൽത്തന്നെ ജീവിക്കുകയെന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ ജീവന്റെ പ്രവൃത്തികളെ സുഗമമാക്കേണ്ടതായ സംവിധാനങ്ങൾ അവയെ തടഞ്ഞു നിർത്തിയിരിക്കയാണെങ്കിലോ?
ഇടയനില്ലാത്ത ആടുകളെപ്പോലെ പരിക്ഷീണരും പരിഭ്രാന്തരുമായ ജനത്തെക്കുറിച്ച് ദൈവം അനുകമ്പ പ്രകടിപ്പിക്കുന്ന പല അവസരങ്ങളുണ്ട്. ഇടയന്മാർ അവർക്കുവേണ്ടി കരുതിയില്ല എന്ന ഒരു വിലാപവും അതിന്റെ കൂടെയുണ്ട്.
ഇസ്രയേലിനെ നയിക്കാൻ രാജാക്കന്മാരുണ്ടായിരുന്നു. ചിലർ ദൈവത്തിന്റെ ഹിതപ്രകാരം ജനക്ഷേമത്തിനായി പ്രവർത്തിച്ചു. ചിലർ അതിശക്തരായിരുന്നെങ്കിലും ദൈവമായ കർത്താവിന്റെ കണ്ണുകളിൽ ദുഷ്ടത പ്രവർത്തിക്കുന്നവരായിരുന്നു. അവർക്കു സ്തുതിപാഠകരായിരുന്ന തൊഴിലാളി പ്രവാചകർ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി കൊട്ടാരങ്ങളിൽ സുഖകരമായവ പ്രവചിച്ചുപോന്നു. ദൈവം അയച്ച പ്രവാചകരെ അവർ കേട്ടില്ല. പുരോഹിതരാവട്ടെ എണ്ണയൊഴിക്കുക, തിരിതെളിക്കുക, ധൂപമർപ്പിക്കുക, കാഴ്ചയർപ്പിക്കുക, ശുദ്ധത കാക്കുക എന്നിങ്ങനെ 'തങ്ങളോട് കല്പിക്കപ്പെട്ടതു മാത്രം' അന്വേഷിക്കുന്ന ദേവാലയപൂജകരായി കഴിഞ്ഞു. കമനീയമായ ദേവാലയം നിർമ്മിക്കപ്പെട്ടെങ്കിലും അതും വേഗം തന്നെ സാമ്പത്തികരാഷ്ട്രീയ ചൂഷണങ്ങൾ മതവൽക്കരിക്കപ്പെടാവുന്ന താവളമായി. നീതിയും സമാധാനവും അന്യമായ പാവങ്ങൾക്കിടയിൽ ദൈവവും പരിക്ഷീണനായി ചുറ്റിത്തിരിഞ്ഞു. ചില പ്രവാചക സന്ദേശങ്ങളിൽ ദൈവം ദേവാലയം വിട്ട് ഇറങ്ങിപ്പോകുന്നതായ അനുഭവം വരെയുണ്ട് . വംശശുദ്ധിക്ക് പ്രാധാന്യം നൽകി നവീകരണത്തിനു ശ്രമിച്ചവരും, തീവ്രവാദികളും ദൈവത്തിന്റെ ഹൃദയം തേടിയ ഇടയരായിരുന്നില്ല.
ജീവിതത്തിന്റെ നിർവൃതിയെന്നത് സ്വയംപര്യാപ്തത കൊണ്ട് നേടാവുന്നതല്ല. "കർത്താവേ ഞാൻ അങ്ങയെ തേടുന്നു" എന്നത് സങ്കീർത്തനങ്ങളുടെ ഹൃദയമെന്നു പറയാവുന്നതാണ്. ആ ഹൃദയാഭിലാഷമാണ് ജീവിക്കുന്ന പ്രാർത്ഥനയായി നമ്മിൽ ജീവൻ നിറക്കേണ്ടത്.
നിങ്ങളിന്നതൊക്കെ ചെയ്യാൻ ബാധ്യസ്ഥരാണ് എന്ന് വ്യവസ്ഥ വയ്ക്കുന്ന ഒരു നിയമകരാർ ആയിരുന്നില്ല ദൈവത്തിന്റെ ഉടമ്പടി. അതൊരു ഹൃദയബന്ധത്തിനായുള്ള ആഗ്രഹമായിരുന്നു. ജ്ഞാനി തന്റെ ജ്ഞാനത്തിലോ ബലവാൻ തന്റെ ബലത്തിലോ സമ്പന്നൻ തന്റെ സമ്പത്തിലോ അല്ല 'കരുണയും ന്യായവും നീതിയും പുലർത്തുന്ന കർത്താവാണ് ഞാൻ' എന്ന അറിവിലാണ് ഒരുവൻ ജീവിതത്തിന്റെ നിറവ് കണ്ടെത്തേണ്ടത് (Jer 9:23). ദൈവത്തെക്കുറിച്ചുള്ള ആ അറിവ് ഹൃദയത്തിനു വികാസവും, പ്രവൃത്തികളിൽ നീതിയും ഭക്തിക്ക് നൈർമല്യവും നൽകും. അപ്പോൾ ദൈവസാന്നിധ്യവും പ്രവൃത്തികളും ദേവാലയത്തിൽ മാത്രമോ മതപരമായ ചട്ടങ്ങളിലോ അല്ല. മതാനുഷ്ഠാനങ്ങൾ ചില ചിട്ടകളോടെ നിർദ്ദേശിക്കുന്നവയിൽ മാത്രം ഈ ദൈവാന്വേഷണത്തെ തളച്ചിടുകയെന്നതാണ് എക്കാലത്തെയും ദുരന്തം. വലിയ ചൂഷണത്തിന് അത് പശ്ചാത്തലമൊരുക്കുന്നു. മതത്തെ സേവിക്കുവാനും ആചാരങ്ങൾ സംരക്ഷിക്കുവാനും എളുപ്പമാണ്. എന്നാൽ "കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമായ" (Ex 34:6; Ps 86:5,15, 103: 8, 145:8; Jonah 4:2) ദൈവത്തെ ജീവിതത്തിലെ അനുദിന ആചരണങ്ങളിൽ അനുഭവവേദ്യമാക്കാൻ ശ്രമിക്കാറില്ലെന്നതല്ല, അവ പ്രാധാന്യം നല്കപ്പെടാതെ മാറ്റിനിർത്തപ്പെടുന്നു എന്നതാണ് സത്യം.
ക്രിസ്തു ജീവിച്ച സമൂഹവും ഈ നിസ്സഹായതയിൽ ജീവിക്കുന്നവരായിരുന്നു. റോമിന്റെ നിയമങ്ങളും ഫരിസേയരുടെ നിയമം അവരുടെ മേൽ വെച്ചുകെട്ടിയ പാപികൾ എന്ന വിധിയുടെയും ഭാരം ചെറുതായിരുന്നില്ല. അവർക്കു ഇടയനായിരിക്കുക എന്നാൽ എന്തെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തുറന്നു കാട്ടുന്നു: ദരിദ്രർക്ക് ശുഭവാർത്ത, അന്ധർക്കു കാഴ്ച, ബന്ധിതർക്കു മോചനം, അങ്ങനെ കർത്താവിനു സ്വീകാര്യമായ സമയം ഒരുക്കിക്കൊടുക്കുക (Luke 4:14-22). അവരുടെ ഹൃദയങ്ങളെ ദൈവത്തിന്റെ ജീവനിലേക്കു തുറക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. ആ ജീവന്റെ അനുഭവത്തെത്തന്നെയാണ് ക്രിസ്തു ദൈവരാജ്യമെന്നു വിശേഷിപ്പിച്ചത്. ക്രിസ്തുവിന് അതൊരു സാധ്യത മാത്രമായിരുന്നില്ല, ദൈവജീവന്റെ ഉറപ്പായിരുന്നു. അതു കൊണ്ടാണ് 'നിങ്ങളെ ഞാൻ ആശ്വസിപ്പിക്കാം' എന്ന് അവൻ പറഞ്ഞത്. കൂടെ, 'നിങ്ങൾതന്നെ അവർക്കു അപ്പം നൽകുവിൻ' എന്ന് അവൻ പറഞ്ഞത് കൂടി നമുക്ക് ഓർക്കാം.
നമുക്ക് വേണ്ടിത്തന്നെയും സമൂഹത്തിനുവേണ്ടിയും, കണ്ണുകളും ഹൃദയവും ശബ്ദവും നമുക്ക് നൽകപ്പെട്ടിരിക്കുന്നു. സമൂഹത്തിലും സംസ്കാരത്തിലും ചരിത്രത്തിലും ഈ ദൈവസ്വഭാവം തിരിച്ചറിയാനും ഉറപ്പാക്കാനും പരസ്പരം പരിപോഷിപ്പിക്കുന്ന സമൂഹമാകാൻ നമുക്കാകും. അതാണ് ക്രിസ്തുസ്വഭാവമുള്ള സമൂഹം. നീതിയും സമാധാനവും ജീവിതശൈലിയാകുമ്പോൾ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാകും, സകലരും ഭക്ഷിച്ചു തൃപ്തരാകും (Ps 22:26). അപ്പോഴേ, കർത്താവാണ് ഞങ്ങളുടെ നീതി എന്ന് ആത്മാർഥതയോടെയും ധൈര്യത്തോടെയും നമുക്ക് പറയാനാകൂ (Jer 23:6).
ജൂലൈ 15, 2021
ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്
ബലികളും കാഴ്ചകളും ഭക്തിക്രിയകളും നിവർത്തിച്ചുകൊണ്ടു നമ്മിൽ രൂപാന്തരമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് നമ്മൾ സൗകര്യപൂർവം രക്ഷപ്പെടുകയാണ്.
ദൈവവുമായുള്ള ബന്ധത്തെ ഒരു പ്രതിഫലസംവിധാനത്തിലേക്കു ചേർത്തുവയ്ക്കുമ്പോൾ അതിന്റെ സ്വഭാവം തെന്നെ അടിമുടി മാറുന്നതായി കാണാം. അളവുകളും എണ്ണങ്ങളുമാണ് അതിൽ പ്രധാനം.
നിശ്ചിത അളവും എണ്ണവും നമ്മൾ പൂർത്തിയാക്കുന്നു, അപ്പോൾ ദൈവം നമ്മൾ ആവശ്യപ്പെടുന്നു നടത്തിത്തരാൻ ബാധ്യസ്ഥനാണ്. ഒരു ശമ്പളവ്യവസ്ഥയിലാണ് ദൈവം അനുഗ്രഹം തരുന്നതെന്നു കരുതരുത്. ഞാനിതൊക്കെ ചെയ്‌താൽ ദൈവം ഇതൊക്കെ തരും എന്ന് ആരൊക്കെയോ പറഞ്ഞത് വിശ്വസിച്ചു ചെയ്തുകൊണ്ടിരിക്കുന്നതിൽ നിന്നും ദൈവത്തിന്റെ ഹൃദയം സത്യത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാൻ ശ്രമിക്കണം.
കാഴ്ചകളും, ആചാരനിഷ്ഠയും, നേർച്ചകളും നിവർത്തിച്ചുകൊണ്ടു നമ്മൾ ദൈവത്തിനുമുമ്പിൽ വളരെയധികം ഭക്തിയും വിശ്വസ്തതയുമുള്ളവരായി അവതരിപ്പിക്കുന്നു, അസ്വാഭാവികമായ ഇടപെടലുകളും അത്ഭുതങ്ങളും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ കൂടെയുള്ള ദൈവത്തെ അറിയാതെ ചുറ്റിത്തിരിഞ്ഞു അവശരായി മാറുന്നു. ഒരുക്കത്തിന്റേതായും പരിഹാരത്തിന്റേതായും നടത്തപ്പെടുന്ന ഏതു പ്രാർത്ഥനായജ്ഞമാണ് നാടകീയമായ പ്രതീക്ഷകളുടെ അവതരണമില്ലാതെ നടത്തപ്പെടുന്നത്? അത്ഭുതം നടത്താത്ത ദൈവത്തെ ആർക്കു വേണം?
ദൈവത്തെ തേടാത്ത കാഴ്ചകളും ഭക്തി നിഷ്ഠകളും ദൈവത്തിനു മുൻപിൽ മ്ലേച്ഛതയാണ്, അത് ദൈവത്തെ ഭാരപ്പെടുത്തുന്നു എന്ന് ഏശയ്യാ പറയുന്നു. കാഴ്ചകൾക്ക് പ്രസക്തിയില്ലാത്തതുകൊണ്ടല്ല, മറിച്ച് ഹൃദയരാഹിത്യം ബലികളെ ശൂന്യമാക്കുന്നു.
ആരാധനയെക്കുറിച്ചുള്ള ക്രമങ്ങളും കണിശതയും ദൈവത്തെത്തന്നെ ഭാരപ്പെടുത്തുമ്പോൾ യഥാർത്ഥ കാണിക്കയും ബലിയും എന്താവണമെന്ന് ദൈവം പറഞ്ഞു തരുന്നു. തിന്മയുപേക്ഷിച്ചു നന്മ പ്രവർത്തിക്കുക, നീതിയന്വേഷിക്കുക, മർദ്ദനങ്ങൾ ഇല്ലാതാക്കുക, അനാഥരെയും വിധവകളെയും സംരക്ഷിക്കുക.
Is 1: 13, 14, 17 ഇരകളാക്കപ്പെടുന്നവരൊക്കെ പാപികളാണെന്ന വിശ്വാസങ്ങൾ ഉറപ്പിച്ചു നിർത്തുന്ന സംവിധാനത്തിൽ നിന്ന് കൊണ്ടാണ് യഥാർത്ഥ ബലിയെക്കുറിച്ച് ഇപ്രകാരം ധ്യാനിക്കപ്പെടുന്നത് എന്ന് കൂടി ഓർക്കണം. എന്താവണം ഉപവാസം എന്ന് പറയുന്നതും ഇതിനു സമാനമാണ്. അനീതിയുടെ ചങ്ങലകൾ അഴിച്ചു കളയുന്നതും, മർദ്ദിതരെ മോചിപ്പിക്കുന്നതും, വിശക്കുന്നവർക്ക് ആഹാരം നൽകുന്നതും, ഭാവനരഹിതർക്കിടം കൊടുക്കുന്നതും, നഗ്നരെ ഉടുപ്പിക്കുന്നതുമാണ് ഉപവാസം. Is 58: 6, 7 ആര് ഇതിനൊക്കെ മെനക്കെടാൻ പോണു? മതാനുഷ്ഠാനങ്ങൾ നിർദ്ദേശിക്കുന്നവയൊക്കെ സന്തോഷത്തോടെ ചെയ്യാൻ നമ്മൾ ഒരുക്കമാണ്. ബാക്കിയൊക്കെ ദൈവത്തിന്റെ പണിയാണ്. കൃതജ്ഞതയാവട്ടെ ദൈവത്തിനുള്ള നിങ്ങളുടെ ബലി സങ്കീർത്തനം പറയുന്നു Ps 50: 14 നുറുങ്ങിയതും വിനീതവുമായ ഹൃദയം ബലികളെക്കാൾ ദൈവത്തിനു സ്വീകാര്യമാണ്. Ps 51:17 Daniel 3:39-42
എല്ലാ സ്നേഹത്തിനും യോഗ്യനാണ് ദൈവം എന്ന ബോധ്യത്തിൽ നിന്നാണ് ആരാധന പിറക്കേണ്ടത്, ദൈവത്തെക്കൊണ്ട് ഉപകാരമുണ്ട് എന്ന് കണ്ടുകൊണ്ടല്ല. ദൈവത്തിന്റെ സ്നേഹത്തിലും അവിടുത്തെ ഒരിക്കലും അകലാത്ത സാന്നിധ്യത്തിലുമുള്ള ഉറപ്പാണ് നമ്മുടെ ഭക്തിക്കും വിശ്വസ്തതക്കും ആധാരമാകേണ്ടത്. പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ബന്ധം അവിടെയുണ്ട്. ഇത് നമ്മുടെ ആഴങ്ങളിൽ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതേ വിശ്വസ്തമായ ഭക്തി നമ്മുടെ പരസ്പരമുള്ള ഇടപെടലുകളിലെ വാക്കുകളിലും മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും ഉണ്ടാകും. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കരുണയോടും ദയയോടും കൂടി കാണുവാനും കഴിയും. അവരോടുള്ള കൃതജ്ഞതയും സ്നേഹവുമാവണം അവർക്കുവേണ്ടി കരുതലുള്ളവരാകാൻ നമ്മെ പ്രേരിപ്പിക്കുന്നത്, നമുക്ക് എന്തെങ്കിലും ആപത്തു വന്നാലോ എന്ന ഭയമല്ല. അപ്പോൾ ദൈവത്തിന്റെ കരുണയും ദയയും അനുഭവിക്കാനും പ്രകടിപ്പിക്കാനും നമുക്ക് കഴിയും എന്നു മാത്രമല്ല ദൈവത്തിന്റെ യഥാർത്ഥ ശക്തി നമുക്കിടയിൽ പ്രവർത്തിക്കുന്നതും നമുക്ക് കാണാം.
ദൈവം ആഗ്രഹിക്കുന്ന കരുണ യഥാർത്ഥ ബലിയായി ജീവിക്കപ്പെട്ടിരുന്നെങ്കിൽ നമ്മൾ നിഷ്കളങ്കരെ കരുണയില്ലാതെ വിധിക്കുകയില്ലായിരുന്നു, ദൈവപ്രവൃത്തികൾക്കു തടസം നില്കുകയുമില്ലായിരുന്നു.
__________________
1 ആവർത്തനവും എണ്ണവുമല്ല ഇവിടെ പ്രശ്നം, കൃപ 'ഉത്പാദിപ്പിക്കാവുന്ന' ഭക്തിരൂപങ്ങളായി അവ മാറ്റപ്പെട്ടതാണ് പ്രശ്നം. "ഇത്ര എണ്ണം ചൊല്ലിയാൽ ഈ അനുഗ്രഹം," "ഇത് ചെയ്തു നോക്കൂ എന്ത് സംഭവിക്കുമെന്ന് കാണാം"... യൂട്യൂബ് ഭക്തിയും ആരാധനാക്രമവുമാണ്. ചിത്രങ്ങളുടെ ഷെയർ, ലൈക്, ബൈബിൾ ഭാഗങ്ങളുടെ ആവർത്തനം, പകർത്തിയെഴുത്ത് അങ്ങനെ പലതും.
2 ഭക്തിയിൽ ഒളിത്താവളങ്ങൾ തേടുന്നവർ അവർ എന്തിൽ നിന്ന് ഒളിക്കുന്നു എന്നത് പലപ്പോഴും മനസിലാക്കാൻ കഴിയുന്നില്ല എന്നതാണ് മാനസികമായും, ജീവിതക്രമത്തിലെയും, വിശ്വാസത്തേയും പരാജയമായി മാറുന്ന അവസ്ഥ.
3 അനുദിനജീവിതത്തിൽ ആവശ്യമായിട്ടുള്ള ചില രൂപാന്തരങ്ങൾക്ക് മനസാവാത്തത് അനാരോഗ്യകരവും അപകടവുമാണ്. ആശീർവദിച്ചു വിട്ടാൽ എല്ലാം ശരിയാകും എന്ന് കരുതിന്നടത്തു ഒരു പക്ഷെ കൂടുതൽ മോശമാവുകയാവും ചെയ്യുക. അച്ചടക്കം, ഉത്സാഹം, ക്ഷമ, വിവേകം തുടങ്ങിയവ പരിശീലിക്കുക ശ്രമകരമാണ്, എങ്കിലും ഇവയൊക്കെ കൂടാതെ മാന്ത്രികമായി മാനസാന്തരവും സ്ഥായിയായ നവീകരണവും പ്രതീക്ഷിക്കുന്നത് ഉചിതമല്ല.
ജൂലൈ 12, 2021
അനുരഞ്ജനപ്രക്രിയ നിർമിക്കുന്ന ബലിപീഠക്കല്ലുകൾ
ഐക്യരൂപ്യം നടപ്പിലാകുമ്പോഴേക്കും ഒരു അനുരഞ്ജനപ്രക്രിയ കൂടി നടപ്പിലായിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.
നിഷ്ഠയുടെയും കണിശതയുടെയും പേരിൽ വ്യക്തികൾക്കും സമൂഹത്തിനുമേറ്റ മുറിവുകൾ നിസാരമല്ല. അവയെ അവഗണിച്ചുകൊണ്ട് ഒരു നിശ്ചിതരൂപം നടപ്പിലാക്കപ്പെടുമ്പോൾ അത് നിർബന്ധിതമാക്കപ്പെടുകയല്ലേ? പരിശുദ്ധാത്മാവിലുള്ള ഐക്യവും വളർച്ചയും സാധ്യമാകേണ്ട നമ്മുടെ സമൂഹങ്ങളെ കടുംപിടുത്തങ്ങളും ഈഗോ പ്രശ്നങ്ങളും എങ്ങനെ തളർത്തിക്കളയുന്നു എന്നത് നമുക്ക് തന്നെ അറിവുള്ളതാണ്. ആത്മശോധന ചെയ്യണ്ട ഇത്തരം അവസ്ഥകളിൽ വേണ്ടത്ര ആഹ്വാനവും മാർഗ്ഗനിർദ്ദേശങ്ങളും 'പ്രവാചക' പരിവേഷമുള്ളവരിൽനിന്നു പോലും സമൂഹത്തിനു ലഭിക്കുന്നില്ലെന്നത് നിർഭാഗ്യകരമാണ്.
അനുരഞ്ജിതരാവാതെയും, തകർത്തു കളഞ്ഞ ബലിപീഠങ്ങളെ പുനരുദ്ധരിക്കാതെയും എങ്ങനെയാണു ഏകഹൃദയത്തോടെ ആരാധിക്കുക. ആദ്യം പോയി രമ്യതപ്പെടുക എന്ന് പറഞ്ഞയാളെ പിടിച്ചു പുറത്തുനിർത്തി, നമ്മുടെ രീതികളിലും പ്രതീകങ്ങളിലും ആരാധന നടത്താനായേക്കാം. പക്ഷെ ഒരു ശരീരമാവാതെ ക്രിസ്തുവിന്റെ ബലിമേശയിലെ അപ്പം ഭക്ഷിക്കുവാൻ നമ്മൾ യോഗ്യരാണോ?
മർക്കടമുഷ്ടിയോടെ നിർമിക്കുന്ന ബലിപീഠക്കല്ലുകൾ ചിതറിക്കപ്പെടും.
ക്രിസ്തുവിന്റെ കാഴ്ചപ്പാടുള്ളതുകൊണ്ട്
ഈ സാധാരണ സമീപനത്തിന്, വസ്തുനിഷ്ഠമായ ഒരു വിശകലനം നടത്തിക്കൊണ്ട് പക്ഷം ചേരാതെ സത്യം നീതി തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാണിക്കുവാൻ ആരെങ്കിലും ശ്രമിച്ചെങ്കിലോ? അയാൾ തീർച്ചയായും വെറുക്കപ്പെടും. ക്രിസ്തു പറഞ്ഞ വാളിന്റെ സ്വഭാവമാണത് (മത്താ 10: 34).
യേശുവിനെക്കുറിച്ചും അങ്ങനെയൊക്കെയായിരുന്നു ആരോപണവിധേയനാക്കിയത്. സ്വഭാവദൂഷ്യം ആരോപിച്ചു, വിശ്വാസ്യതയെ ചോദ്യം ചെയ്തു, മത നിയമങ്ങൾക്കും രാഷ്ട്രസംവിധാനങ്ങൾക്കും എതിരാണെന്ന് ആരോപിച്ചു ... ക്രിസ്തുവിനെപ്പോലെ കാണാനും പ്രതികരിക്കാനും നിങ്ങൾ ശ്രമിച്ചാൽ നിങ്ങൾ മുറിച്ചു മാറ്റപ്പെടും. സുവിശേഷത്തിന്റെ ഉൾക്കരുത് നിശ്ചയമായും കൊണ്ടുവരുന്ന വാളാണത്. എല്ലാവരുടെയും നന്മ ആഗ്രഹിക്കാനും അവർക്കായി പ്രവർത്തിക്കാനും നമുക്കാകും, എന്നാൽ അത് എല്ലാവർക്കും സന്തോഷമാവണമെന്നില്ല. എല്ലാവരെയും പ്രീണിപ്പിച്ചുകൊണ്ടു ദൈവരാജ്യത്തിനു വേണ്ടി നിലനിൽക്കാനാവില്ല.
അനേകം വിഭവങ്ങളുള്ള വിരുന്നു മേശയിൽ പാവപ്പെട്ടവന്റെ വിശപ്പിനെക്കുറിച്ചു പറഞ്ഞാൽ ഒന്നുകിൽ നമ്മൾ ഭ്രാന്തൻ എന്ന് വിളിക്കപ്പെടും അല്ലെങ്കിൽ തീവ്രവാദിയായി കരുതപ്പെടും. ക്രിസ്തുവിന്റെ കാഴ്ചപ്പാടുള്ളതുകൊണ്ട് നമ്മെത്തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥക്ക് നമ്മൾ ഒരുക്കമാണോ എന്നത് വളരെ പ്രസക്തമാണ്. പെസഹായുടെ മേശയിൽ ക്രിസ്തു പറഞ്ഞത് കുറെ 'നല്ല വാക്കു'കളായിരുന്നില്ല. ജീവന്റെ ഗൗരവമുള്ള വാക്കുകളായിരുന്നു അവ. പരസ്പരം സ്നേഹിക്കുവിൻ, പാദങ്ങൾ കഴുകുവിൻ, എന്റെ സമാധാനം നിങ്ങൾക്ക് ഞാൻ തരുന്നു, നിങ്ങൾ അസ്വസ്ഥരാവേണ്ട, എന്റെ ശരീരവും രക്തവും നിങ്ങൾക്കു ഞാൻ തരുന്നു, എന്നിവയിലെല്ലാം സ്വയം നഷ്ടപ്പെടുന്നതിന്റെയും നീതിയിലും സത്യത്തിലും ജീവൻ ഉറപ്പാക്കുന്നതിന്റെയും ചൈതന്യമുണ്ട്.
കർത്താവരുളിയ കല്പനപോൽ
ഒരുമയൊടീ ബലിയർപ്പിക്കാം.
ജൂലൈ 10, 2021
Sara'S ഒരു കഥയായല്ല, ഒരു സംസ്കാരത്തിന്റെ നിഴൽചിത്രമായാണ് ഞാൻ കാണാൻ ശ്രമിക്കുന്നത്. ചില സാംസ്‌കാരിക പ്രവണതകളെ പരിചയപ്പെടുത്താനോ ശരിവയ്ക്കാനോ ഉദാത്തവൽക്കരിക്കാനോ അത് ശ്രമിക്കുകയാണോ? ആവശ്യകത, സ്വീകാര്യത, അവ തുറന്നു കൊടുക്കുന്ന സാധ്യതകൾ തുടങ്ങിയവ കണ്ടുകൊണ്ടേ അത് പറയാനാകൂ.
ജൂലൈ 07, 2021
ക്രിസ്തീയ ചെറുത്തുനിൽപ്പ്
ദേശദ്രോഹമായിരുന്നു സ്റ്റാൻ സ്വാമിയിൽ രാജ്യം ആരോപിച്ച കുറ്റം. വിമോചന ദൈവശാസ്ത്രത്തിന്റെ സഭാവിരുദ്ധതയാണ് സഭയെ സംരക്ഷിക്കുന്ന ചിലർ സ്റ്റാൻ സ്വാമിയിൽ വച്ചുകൊടുക്കുന്നത്.
ഒരു ബൗദ്ധികമായ ഘടന വന്നു ചേരുന്നതിനും മുമ്പേ നിലനില്പിനായുള്ള ചെറുത്തു നിൽപ്പായാണ് വിമോചനദൈവശാസ്ത്രം രൂപപ്പെട്ടത്. വിമോചന ദൈവശാസ്ത്രത്തിനു ആധാരം മനുഷ്യാന്തസ്സും സുവിശേഷ മൂല്യങ്ങളുമായിരുന്നു. അവരിൽ ചിലർ കമ്യൂണിസ്റ് ചായ്‌വുള്ളവരായിരുന്നെങ്കിൽ, അത് ആ ചരിത്ര പശ്ചാത്തലത്തിൽ അവരുടെ നിലപാടുകളെ എന്തുകൊണ്ട് ആകർഷിച്ചു എന്നും ചിന്തിക്കുന്നത് നല്ലതാണ്.കോളനിവത്കരണം തദ്ദേശീയവാസികളെ നശിപ്പിച്ചത് അവരുടെ സമ്പത്തു ചൂഷണം ചെയ്തത് കൊണ്ടുമാത്രമല്ല. അവരെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് ഇറക്കി വിട്ടു. പറിച്ചു നടൽ എന്നത് അവരെ അവർ അല്ലാതാക്കുന്ന പ്രക്രിയയാണ്. കാരണം അവരെ അവർ ആക്കി തീർക്കുന്നത് അവരുടെ വാസസ്ഥലം തന്നെയാണ്. സഭാധികാരികളിൽ ചിലരും കോളനിശക്തികളെ പിന്താങ്ങിയിരുന്നു കൊണ്ടാണ് തദ്ദേശീയരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയവരെ സഭക്കെതിരായും കമ്മ്യൂണിസ്റുകാരായും മുദ്രകുത്തപ്പെട്ടത്. തദ്ദേശീയരിൽ മാമോദീസ സ്വീകരിച്ചവരിൽ പോലും സഭാതനയരെ കാണാൻ സംസ്കാരികളായ കോളനി ക്രിസ്ത്യാനികൾക്ക് കഴിഞ്ഞില്ല.
തദ്ദേശീയരുടെ ജീവനും അന്തസ്സിനും വേണ്ടി ഒന്നും ചെയ്യേണ്ടതില്ല, സ്ഥാപനപരമായ ഘടനകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കാം എന്ന് കരുതി കണ്ണടച്ച വിഭാഗമുണ്ട്. ക്രിസ്തു മാർഗത്തിൽനിന്നകന്ന്, അക്രമസ്വഭാവത്തിലേക്കു കടന്നവരുമുണ്ട്. ഇവ രണ്ടും, സഭയുടെ ആത്മാവിന്റേതായിരുന്നില്ല. ഔദ്യോഗികം എന്നത് എപ്പോഴും അധികാരം കൈയിലുള്ളവരുടേതായതുകൊണ്ട് കോളനിശക്തികളുടെ പ്രതിനിധികളുടെ നിലപാടുകളായി ഔദ്യോഗിക സഭയുടെ നിലപാടുകൾ. പാടെയുണ്ടായിരുന്ന കമ്യൂണിസ്റ് വിരുദ്ധത വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചും സ്വീകരിക്കപ്പെട്ടു.
കോളനിവൽക്കരണം ഒരു നാശവും തദ്ദേശവാസികൾക്കു വരുത്തിയിട്ടില്ലെന്നു വാദിക്കുന്നവർ ഇന്നുമുണ്ട്. അവർ തേടുന്ന ലാഭങ്ങളെ അവർക്ക് ഉപേക്ഷിക്കാനാവില്ലല്ലോ.
വിമോചനദൈവശാസ്ത്രമെന്നു പറയുന്നത് എല്ലാവരെയും മനുഷ്യരായി കാണാനും, ഓരോരുത്തർക്കും അർഹമായ അന്തസ് ഉറപ്പു വരുത്താനായി പ്രവർത്തിക്കുകയെന്നുമാണ്. അത് സുവിശേഷത്തിൽ അധിഷ്ഠിതമാണ്. അത് സഭയുടെ താൽപര്യങ്ങൾക്കു വെല്ലുവിളിയാകുന്നുണ്ടെങ്കിൽ മാറേണ്ടത് സഭയും അതിന്റെ കാഴ്ചപ്പാടുകളുമാണ്. ലോകമാകമാനം ഇരയാക്കപ്പെടുന്നവരാണ് തദ്ദേശവാസികൾ. പീഡനങ്ങളും കുടിയൊഴിപ്പിക്കലും അവകാശങ്ങളുടെ നിഷേധവും അവർ നിസ്സഹായരാക്കപ്പെടുന്ന സാഹചര്യങ്ങളാണ്. പാവങ്ങൾക്ക് വേണ്ടി നിലപാടെടുക്കാൻ സഭ പഠിച്ചത് സുവിശേഷത്തിൽ നിന്നാണ്. സുവിശേഷത്തെയും പാവങ്ങളുടെ അന്തസിനു വേണ്ടിയുള്ള പ്രവൃത്തികളെയും സഭയുടെ ഔദ്യോഗിക സ്ഥാപനഘടനയിൽ നിന്ന് മാറ്റി നിർത്തുന്ന സഭാസംരക്ഷകർ സഭയെ സത്യത്തിൽ നിർജ്ജീവമാക്കുകയാണ്. ക്രിസ്തീയത ചെറുത്തുനിൽപ്പ് പ്രോത്സാഹിപ്പിക്കുന്നത് ഭരണകൂടങ്ങൾക്കെതിരായല്ല, അനീതിക്കെതിരായാണ്. സഭയുടെ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയ നിലപാടും അധികാരം പിടിച്ചെടുക്കാനായല്ല, മനുഷ്യരുടെ നന്മക്കും അവരുടെ ന്യായമായ അവകാശങ്ങൾക്കും വേണ്ടിയാണ്. അത് സ്വയം ബോധ്യപ്പെടുത്തേണ്ടത് സഭ തന്നെയാണ്. അവിടെയാണ് വിമോചന ദൈവശാസ്ത്രം വെല്ലുവിളിയാകുന്നതും, കാരണം അത് നമ്മുടെ തന്നെ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ആണ് ആദ്യം തുടക്കമിടേണ്ടത്.
ദൈവരാജ്യവും സാമ്പത്തികനയവും
ജൂലൈ 06, 2021
പുതിയ വെളിച്ചത്തിന്റെ അനുഗ്രഹം
അനേകം പ്രയാസങ്ങളിലൂടെ കടന്നു പോയെങ്കിലും, ദൈവം നൽകുന്ന ആശ്വാസവും യാക്കോബിന്റെ കൂടെയുണ്ടായിരുന്നു. വെല്ലുവിളികളുടെ നടുവിലും 'ദൈവത്തിന്റെ ഭവനം' അനുഭവാവസ്ഥയിലേക്കു ലഭിക്കുവാനും സംഘർഷങ്ങളുടെ നിമിഷങ്ങളിലും 'ദൈവമുഖം' കാണുവാനും യാക്കോബിന് കഴിഞ്ഞത് അങ്ങനെയാണ്.
കൂടെനടക്കുന്ന ദൈവത്തിന്റെ നിരന്തര സാന്നിധ്യമാണ് ഇന്ന് നമുക്കും അനുഭവമാക്കേണ്ടത്. അതുവഴി ശാരീരികമോ മാനസികമോ ആയ വേദനകളെ ന്യായീകരിക്കാനോ വെറുക്കാനോ അല്ല, ആ ഞെരുക്കങ്ങളിലും ദൈവം കൂടെയുണ്ടെന്നുള്ള ബോധ്യം ധ്യാനാത്മകമായ പ്രാർത്ഥനയിലേക്കു നമ്മെത്തന്നെ നയിക്കുവാൻ നമുക്ക് കഴിയും. ബുദ്ധിമുട്ടുകളുടെ സമയവും ദൈവവുമായി ഹൃദയം തുറന്നു സംസാരിക്കാനും, വഴക്കിടാനും, പരിതപിക്കാനും ദൈവത്തിലർപ്പിക്കുന്ന വലിയ വിശ്വാസവും സ്വയം തുറക്കാനുള്ള ധൈര്യവും നമുക്കുണ്ടാവണം. പുറത്തുനിന്നുള്ള അത്ഭുതപ്രവൃത്തിയായല്ല, ആന്തരികമായ പുതുജീവന്റെ ഊർജ്ജമായി ദൈവസാന്നിധ്യം ജീവിതത്തിൽ നിറയുന്നത് നമുക്കറിയാം.തകർച്ചയിലും, സംഘർഷങ്ങളിലും, രോഗത്തിലും, പ്രലോഭനങ്ങളിലും, ഭാരപ്പെടുത്തുന്ന ശീലങ്ങളിലും, പാപങ്ങളിലും ദൈവകൃപ നൽകുന്ന മാർഗ്ഗദർശനം നമുക്ക് കേൾക്കാൻ കഴിയട്ടെ. എന്നാൽ ഭയവും കുറ്റബോധവും നമ്മുടെ പ്രയാസങ്ങളെ വ്യാഖ്യാനിച്ചുതുടങ്ങിയാൽ അവ നമ്മെ ഭാരപ്പെടുത്തും. അന്ധമായ വിശ്വാസങ്ങളും, ദൈവമില്ലാത്ത ഭക്തരൂപങ്ങളും ജീവിതത്തിൽ ഇടം പിടിക്കും. ദൈവത്തെപ്രതിയാണെന്നു കരുതി, അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് പലതും ചെയ്തും ചൊല്ലിയും ക്ഷീണിതരായിത്തീർന്നേക്കാം, ഭയവും കുറ്റബോധവും അപമാനഭാരവും ധൈര്യം ചോർത്തിക്കളയുന്നതുകൊണ്ട് മുന്നോട്ട് നോക്കാൻ പോലും കഴിയാതായേക്കാം, കൂടെ നടക്കുന്ന ദൈവത്തിന്റെ സാന്നിധ്യം ജീവിതത്തിന്റെ കേന്ദ്രമാകാത്തതിനാൽ പല ദിശകളിലേക്ക് വലിക്കപ്പെട്ടു സമ്മർദ്ദങ്ങളിലും തളർന്നേക്കാം. ഇടയനില്ലാത്ത ആടുകളെപ്പോലെ ആരും കരുതാനില്ലാതെ പരിഭ്രാന്തരും നിസ്സഹായരുമായിത്തീരും.
നമ്മോടൊത്തു നടക്കുന്നത് എന്നോ നിർത്തി കഴിഞ്ഞകാലത്തെന്നോ നിശ്ചലനായി നിന്നുകളഞ്ഞ ദൈവത്തെ കൂടെക്കൂട്ടുവാൻ ഇനി തിരികെ നടക്കണമെന്ന ധാരണയല്ല നമുക്ക് വേണ്ടത്. ഒറ്റക്കായിപ്പോയെന്ന തോന്നലുകളിൽ നിന്നും അകന്ന് കൂടെത്തന്നെയുള്ള ദൈവസാന്നിധ്യത്തെ വീണ്ടും കരുത്താക്കുകയാണ് വേണ്ടത്. പ്രയാസങ്ങളുടെ ഓരോ നിമിഷത്തിലും ദൈവവുമായുള്ള സംഭാഷണത്തിനും മല്പിടുത്തതിനും ശേഷം പ്രത്യാശയും ധൈര്യവും നിറക്കുന്ന പുതിയ വെളിച്ചത്തിന്റെ അനുഗ്രഹം നൽകാൻ ദൈവത്തോട് പറയാം.
ജൂലൈ 03, 2021
പ്രവാചകന്റെ അടയാളം
നീതിയുടെ പ്രവർത്തികളിലേക്കു നയിക്കുകയും സത്യത്തെ ആധാരമാക്കുകയും ചെയ്യുന്ന നിർമല മനഃസാക്ഷിയാണ് പ്രവാചകന്റെ അടയാളം.